പരിശീലകനും ഉപകരണങ്ങളുമില്ലാതെ ആർച്ചറി താരങ്ങൾ

To advertise here,

പുല്പള്ളി : എയ്തുവീഴ്ത്താൻ മുന്നിലുള്ള ലക്ഷ്യത്തേക്കാൾ പ്രതിസന്ധികളുടെ ഭാരമാണ് ആർച്ചറിത്താരങ്ങളെ അലട്ടുന്നത്. ഖേലോ ഇന്ത്യ പദ്ധതിയിൽ പുല്പള്ളിയിലെ ആർച്ചറി അക്കാദമിയിൽ അമ്പെയ്ത്തിൽ പരിശീലനത്തിനെത്തുന്ന താരങ്ങൾ പരിമിതികളോട് പടവെട്ടുകയാണ്.

സംസ്ഥാന സ്പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള പുല്പള്ളിയിലെ ആർച്ചറി അക്കാദമിയിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഖേലോ ഇന്ത്യ പദ്ധതിയിൽ രജിസ്റ്റർചെയ്ത 40-ഓളം വിദ്യാർഥികൾക്ക് പരിശീലനംനൽകുന്നത്. കഴിഞ്ഞ ജൂലായിൽ പരിശീലകൻ രാജിവെച്ചുപോയെങ്കിലും ഇതുവരെയായിട്ടും പകരം നിയമനം നടത്തിയിട്ടില്ല. കഴിഞ്ഞ നാലുമാസത്തോളമായി വിദ്യാർഥികൾക്ക് കൃത്യമായ പരിശീലനമോ, പ്രൊഫഷണൽ മാർഗ നിർദേശങ്ങളോ, ആവശ്യമായ പരിശീലന സൗകര്യങ്ങളോ ലഭിക്കാത്ത അവസ്ഥയാണ്. പുതിയ പരിശീലകനെ നിയമിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ നടപടികളൊന്നുമുണ്ടാകുന്നില്ലെന്നാണ് താരങ്ങളും അവരുടെ രക്ഷിതാക്കളും പരാതിപ്പെടുന്നത്.

അമ്പെയ്ത്തിന് ആവശ്യമായ പ്രൊഫഷണൽ ഉപകരണങ്ങൾ ലഭ്യമല്ലാത്തതും മറ്റൊരു പ്രധാനപ്രശ്നമാണ്. ഖേലോ ഇന്ത്യ പദ്ധതിയിൽ പരിശീലനത്തിനുള്ള ഉപകരണങ്ങൾ എത്തിക്കേണ്ടതാണെങ്കിലും അതിനുള്ള നടപടിയുണ്ടായിട്ടില്ല. നിലവിൽ, സ്പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള ആർച്ചറി അക്കാദമിയിലും ആധുനികനിലവാരത്തിലുള്ള ഉപകരണങ്ങളില്ല. പരിശീലനത്തിനും മത്സരങ്ങൾക്കുമായി ആധുനിക ഉപകരണങ്ങൾ വാങ്ങാൻ താരങ്ങൾ സ്വന്തംനിലയിൽ പണം കണ്ടെത്തേണ്ടിവരുന്നു. ആർച്ചറി മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന ആധുനിക നിലവാരത്തിലുള്ള ഉപകരണങ്ങൾക്ക് ലക്ഷങ്ങൾ വിലവരുന്നതാണ്. സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്ക് സ്വന്തം നിലയിൽ ഇത്രയും വലിയ തുകമുടക്കി ഈ ഉപകരണങ്ങൾ വാങ്ങുക സാധ്യമല്ല. ഈ അക്കാദമിയിൽ പരിശീലനം നടത്തുന്ന ഒ​ട്ടേറെ വിദ്യാർഥികൾ സംസ്ഥാന സ്കൂൾ ആർച്ചറി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അടുത്തമാസം നടക്കാനിരിക്കുന്ന ദേശീയ സ്കൂൾ കായിക മത്സരങ്ങളിൽ ഇവർക്ക് പങ്കെടുക്കേണ്ടതുമുണ്ട്. എന്നാൽ പരിശീലകനും ആവശ്യമായ ഉപകരണങ്ങളും ഇല്ലാത്തതിനാൽ കഴിവുറ്റ ഈ വിദ്യാർഥികൾക്ക് മത്സരങ്ങൾക്കായി വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താൻ കഴിയാത്ത അവസ്ഥയാണ്. സർക്കാർ സംവിധാനങ്ങളിൽനിന്ന്‌ കാര്യമായ പിന്തുണ ലഭിക്കാത്തതിനാൽ ഈ കായികമേഖലയോട് വിടപറയണോയെന്ന ആലോചനയിലാണ് ആർച്ചറി താരങ്ങളും അവരുടെ രക്ഷിതാക്കളും.

സ്പോർട്‌സ് കൗൺസിലിന്റെ പരിശീലകന് ഖേലോ ഇന്ത്യ പദ്ധതിയിലെ കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള അധികച്ചുമതല നൽകിയിട്ടുണ്ട്. പ​േക്ഷ, ഈ രണ്ട് പദ്ധതിയി​െലയും കുട്ടികളെ മുഴുവൻ ഒരു പരിശീലകനെ ഉപയോഗിച്ച് കൃത്യമായി പരിശീലനം നൽകാനാവില്ല. മതിയായ സൗകര്യങ്ങളില്ലെങ്കിലും ലക്ഷ്യബോധവും കഠിനാധ്വാനവും കൈമുതലാക്കിയാണ് ഇവിടുത്തെ കുട്ടികൾ അമ്പെയ്ത്ത് കളത്തിൽ മിന്നുംപ്രകടനം കാഴ്ചവെയ്ക്കുന്നത്. ഇവർക്ക് മികച്ച പരിശീലനങ്ങളും സൗകര്യങ്ങളുമൊരുക്കിയാൽ ഇനിയും ഉയരങ്ങൾ കീഴടക്കാനാകും.

ഖേലോ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്

ആർച്ചറി പരിശീലകൻ രാജിവെച്ചുപോയപ്പോൾത്തന്നെ ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തി സ്പോർട്‌സ്‌ കൗൺസിൽ ഖേലോ ഇന്ത്യയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. പരിശീലകനെ നിയമിക്കേണ്ടത് ഖേലോ ഇന്ത്യ അധികൃതരാണ്. ആർച്ചറി താരങ്ങൾക്ക് പരിശീലനംനൽകാൻ സ്പോർട്‌സ്‌ കൗൺസിലിന്റെ കീഴിലുള്ള ആർച്ചറി അക്കാദമിയിലെ സൗകര്യങ്ങൾ സൗജന്യമായി വിട്ടുനൽകുകയാണ് ചെയ്തത്.

കെ.എം. ഫ്രാൻസിസ്

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്