പാപ്പിനിശ്ശേരി : വളപട്ടണം പുഴയിലൂടെയുള്ള നദിയോര വിനോദ സഞ്ചാരമേഖലയുടെ കുതിപ്പിന് പാപ്പിനിശ്ശേരി പാറക്കലിൽ സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് ഉപ്പ് വെള്ളത്തിൽ നശിക്കുന്നു. സമീപം കോടികൾ ചെലവിട്ട് നിർമ്മിച്ച ബോട്ട് ജെട്ടിയും സമാന സ്ഥിതിയിലാണ്.
2024 ജനുവരിയിൽ 1.90 കോടി രൂപ ചെലവിട്ടാണ് ബ്രിഡ്ജ് സ്ഥാപിച്ചത്. കേന്ദ്ര സർക്കാർ വിനോദ സഞ്ചാരമേഖലക്ക് അനുവദിച്ച ഫണ്ടിലൂടെ സംസ്ഥാന വിനോദ സഞ്ചാര വകുപ്പാണ് പദ്ധതി പൂർത്തിയാക്കി ബ്രിഡ്ജ് സ്ഥാപിച്ചത്. പാപ്പിനിശ്ശേരി പാറക്കലിനെ വിനോദസഞ്ചാര ഹബ്ബാക്കി മാറ്റുമെന്ന പ്രഖ്യാപനത്തോടെയാണ് കോടികൾ ചെലവിട്ട് പദ്ധതി നടപ്പാക്കിയത്.
വളപട്ടണം പുഴയുടെ ഭാഗമായ പാറക്കലിൽ 34 മാസം മുൻപ് സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് ഉൾപ്പെടെയുള്ള വിനോദസഞ്ചാര പദ്ധതികളാണ് ഉപ്പുകാറ്റേറ്റ് തുരുമ്പെടുക്കുന്നത്.
പറശ്ശിനിക്കടവ് വിനോദസഞ്ചാര സർക്യൂട്ട് എന്ന പേരിൽ മന്ത്രിമാരും ജനപ്രതിനിധികളും നിരവധി പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും ഒരു പദ്ധതി പോലും യാഥാർഥ്യമാകാത്ത സ്ഥിതിയാണ്. വളപട്ടണം പുഴയിലെ ചെറുദ്വീപുകളെ ബന്ധിപ്പിച്ച് വിനോദസഞ്ചാര സാധ്യതകൾ വികസിപ്പിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല.
വളപട്ടണം ബോട്ട് ജെട്ടിക്ക് സമീപം നാലുവർഷം മുൻപ് സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജാണ് പിന്നീട് പാറക്കലിലേക്ക് മാറ്റിയത്. വളപട്ടണത്ത് ബ്രിഡ്ജിനു ചുറ്റും മാലിന്യം അടിഞ്ഞുകൂടി. ജനവാസമേഖലയിൽ പകർച്ചവ്യാധി ഭീഷണി ഉയർത്തിയതോടെ ബ്രിഡ്ജിന്റെ സാമഗ്രികൾ മാസങ്ങളോളം പുഴയോരത്ത് കൂട്ടിയിട്ടു.
വിനോദ സഞ്ചാര വികസനത്തിന്റെ പേരിൽ പാറക്കലിൽ എത്തിച്ച് സ്ഥാപിച്ചെങ്കിലും രണ്ടുവർഷം പിന്നിട്ടിട്ടും കാര്യമായ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല. വളപട്ടണത്ത് നേരിട്ട അതേ മാലിന്യപ്രശ്നം പാറക്കലിലും ആവർത്തിക്കുകയാണ്.
ബ്രിഡ്ജിൽ ഒരുക്കിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇതിനോടകം ഉപയോഗശൂന്യമായി. ഫാനുകൾ, പ്രതലം, ഇരിപ്പിടം, മാലിന്യം നിക്ഷേപിക്കുന്ന പാത്രങ്ങൾ, വിളക്കു കാലുകൾ, ആഡംബര വിളക്കുകൾ എല്ലാം പൊട്ടിപ്പൊളിഞ്ഞു. ബ്രിഡ്ജിന്റെ കവാടം താഴിട്ട് പൂട്ടിയിട്ടുണ്ടെങ്കിലും സമൂഹ വിരുദ്ധർ ഉള്ളിൽ കയറി വിലസുകയാണ്. അത്തരക്കാർ ചില ഉപകരണങ്ങൾ കടത്തിയതായും നാട്ടുകാർ പറയുന്നു.
സമീപത്തെ ബോട്ട് ജെട്ടിയും കാടുകയറി
:പറക്കൽ ഫ്ളോട്ടിങ്ങ് ബ്രിഡ്ജിന് സമീപം കോടികൾ ചെലവിട്ട് നിർമ്മിച്ച മനോഹരമായ ബോട്ട് ജെട്ടിയുണ്ട്. എന്നാൽ കവാടമാകെ കാടു കയറി യിരിക്കുകയാണ്.
ആകർഷകമാക്കിയ ജെട്ടിയിൽ സർവീസ് നടത്തുന്ന ബോട്ട് പോലും അടുക്കാറില്ല. വിനോദസഞ്ചാരികളുമായി പോകുന്ന സ്വകാര്യ ബോട്ടുകൾ പോലും അതിനെ അവഗണിക്കുന്നു.
Published: 03 Nov 2026, 04:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented