കണ്ണൂർ : ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ ഇവിടത്തെ ഉദ്ബുദ്ധരായ തൊഴിലാളിവർഗത്തിനും രാജാക്കന്മാർക്കും വലിയ പങ്കുണ്ടെന്ന് കഥാകൃത്ത് ടി. പത്മനാഭൻ പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതി പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. എന്റെ കുട്ടിക്കാലത്ത് കണ്ണൂരിൽ ഒട്ടേറെ ഗ്രന്ഥശാലകളുണ്ടായിരുന്നു. തൊഴിലാളികളായിരുന്നു പ്രധാനമായും അവയുടെ നടത്തിപ്പുകാർ. ആദ്യത്തെ പബ്ലിക് ലൈബ്രറി തിരുവനന്തപുരത്ത് സ്ഥാപിച്ചത് സ്വാതി തിരുനാളാണ്. ഏതാനും വർഷം മുമ്പ് അവിടെ നൽകിയ സ്വീകരണം ഏറെ ഉൾപ്പുളകത്തോടെയാണ് ഇപ്പോഴും ഓർക്കുന്നത്. എന്റെ കുട്ടിക്കാലത്ത് വിശപ്പടക്കിയിരുന്നത് പുസ്തകം വായിച്ചാണ്. പ്രത്യേകിച്ച് നെയ്ത്ത് തൊഴിലാളികളും ബീഡിത്തൊഴിലാളികളും. അവയിൽ ചുരുക്കം ഒഴികെ മറ്റെല്ലാം കാലാന്തരത്തിൽ നാമാവശേഷമായി. നെയ്ത്ത്, ബീഡി തൊഴിലാളികൾ ഏതാണ്ട് ഇല്ലാതായതാണ് ഇതിനുകാരണം -പത്മനാഭൻ പറഞ്ഞു.
വിദ്യകൊണ്ട് പ്രബുദ്ധരാകുകയെന്ന് പറഞ്ഞ മഹാഗുരുവിന്റെ നാടാണിത്. ഉയർന്ന സാക്ഷരതയും വായനാശീലം വളർത്തുന്നതിന് കാരണമായി. റേഷൻ കടയിൽനിന്ന് സാധനങ്ങൾ വാങ്ങി പോകുന്നത് പോലെയാണ് ലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവത്തിൽനിന്ന് ആളുകൾ പുസ്തകങ്ങൾ വാങ്ങിപ്പോകുന്നത്. പ്രായംചെന്നവരാണ് ഏറെയും. ഇങ്ങനെയൊരു കാഴ്ച മറ്റെവിടെയുമുണ്ടാകില്ല. ഏറ്റവും കൂടുതൽ പുസ്തകവിൽപ്പന കണ്ണൂരിലാണ്. സ്കൂളുകളിൽ പോയിവരുന്ന കുട്ടികൾ റോഡുകളിലെ കാഴ്ചയായിരുന്നു. ഇന്ന് അങ്ങനെയൊരു വിദ്യാർഥിസംഘത്തെ കാണാനാകില്ല. ഒരു സ്കൂൾ സ്ഥാപിക്കുമ്പോൾ ആദ്യം ചെയ്യുന്നത് ബസ് വാങ്ങിക്കലാണ്. സ്കൂൾ ബസിൽ പോകുന്നത് കുറച്ചിലായി കാണുന്ന വരേണ്യവർഗം സ്വന്തം കാറിൽ സ്കൂളിൽ കുട്ടികളെ അയക്കും. ഉത്തരേന്ത്യയിൽ കണ്ടിരുന്നത് കാലികളെയുംകൊണ്ട് പാടത്തേക്ക് പോകുന്ന കുട്ടികളെയാണ് -പത്മനാഭൻ പറഞ്ഞു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ അധ്യക്ഷനായി. ഡോ. ജിനേഷ് കുമാർ എരമം പ്രഭാഷണം നടത്തി. സെക്രട്ടറി പി.കെ. വിജയൻ അവലോകനംനടത്തി. പുസ്തകോത്സവ റീൽസ് മത്സര വിജയികൾക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്‌ന സമ്മാനം നൽകി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ എ. പ്രദീപൻ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തൻ, കെ. ശിവകുമാർ, എം. സമജ് എന്നിവർ സംസാരിച്ചു.
Published: 02 Nov 2026, 01:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented