ചാല : ദേശീയപാത 66-ന്റെ ചാലയിലെ സർവീസ് റോഡിൽ ഗതാഗതക്കുരുക്ക് പതിവായി. കണ്ണൂരിൽനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ചാല അമ്പലത്തിന് സമീപത്തെ സർവീസ് റോഡിലാണ് കുരുക്ക് അനുഭവപ്പെടുന്നത്.
ഇവിടെ സർവീസ് റോഡിന് വീതി വളരെ കുറവാണ്. വലിയൊരു വാഹനത്തിന് കഷ്ടിച്ച് പോകാനുള്ള സ്ഥലം മാത്രമേയുള്ളൂ. ഈ റോഡിലൂടെയാണ് കൂത്തുപറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങൾ പോകുന്നത്. എന്നാൽ, കൂത്തുപറമ്പിൽനിന്ന് വരുന്ന വാഹനങ്ങളും ഇതുവഴിതന്നെ കണ്ണൂർ ഭാഗത്തേക്ക് പോകാൻ ശ്രമിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.
നിലവിൽ കൂത്തുപറമ്പിൽനിന്നുള്ള വാഹനങ്ങൾ മിംസ് ആസ്പത്രി വഴി ദേശീയപാതയിൽ പ്രവേശിക്കണമെന്നാണ് നിയമം. എന്നാൽ എളുപ്പത്തിൽ എത്താനായി ചില ഡ്രൈവർമാർ വിലക്ക് ലംഘിച്ച് വൺവേ തെറ്റിച്ച് കണ്ണൂർ ഭാഗത്തേക്ക് വരുന്നു.
എതിർദിശയിൽനിന്ന് വലിയ വാഹനങ്ങൾ വരുമ്പോൾ വശങ്ങളിലേക്ക് ഒതുക്കാൻ സ്ഥലമില്ല. റോഡിന്റെ ഇടതുവശത്ത് നടപ്പാതയുടെ സ്ലാബുകളാണുള്ളത്. ഇതിനുമുകളിലേക്ക് ബസ് പോലെയുള്ള വലിയ വാഹനങ്ങൾ കയറ്റിയാൽ സ്ലാബുകൾ പൊട്ടിപ്പോകും. അതിനാൽ വലിയ വാഹനങ്ങൾ റോഡിന്റെ വലതുവശത്ത് നിർത്തിയിടാൻ നിർബന്ധിതരാകുന്നു.
കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ സ്ലാബുകളിൽ കയറ്റി നിർത്താറാണ് പതിവ്. എന്നാൽ, ഇതുമനസ്സിലാക്കാതെ കൂത്തുപറമ്പ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളിലെ ചില ഡ്രൈവർമാർ റോഡിന്റെ ഇടതുവശം ചേർന്നു നിർത്തുന്നു. സ്ലാബുകളിൽ കയറിയാൽ പൊട്ടിപ്പോകുന്നത് കാരണം ബസുകളും ഇതേവശംതന്നെ നിർത്തുന്നു. ഇത് ഗതാഗതം പൂർണമായി തടസ്സപ്പെടാൻ ഇടയാക്കുന്നു. തിങ്കളാഴ്ച രാവിലെയും ഇവിടെ സമാനമായരീതിയിൽ വലിയ ഗതാഗതക്കുരുക്കുണ്ടായി.
കണ്ണൂർ ഭാഗത്തുനിന്ന് ഒരു വലിയ ലോറി വന്നപ്പോൾ, ചാല ഭാഗത്തുനിന്ന് നിരവധി ചെറിയ വാഹനങ്ങൾ വൺവേ തെറ്റിച്ച് സർവീസ് റോഡിലേക്ക് കയറി. ഇതാണ് തിങ്കളാഴ്ചത്തെ കുരുക്കിന് കാരണമായത്.
കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല.
ഈ റോഡിലൂടെ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Published: 03 Nov 2026, 04:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented