വീട് ജപ്തിയായതോടെ കണ്ണീരുകുടിച്ച് മുൻ ദേശീയ ത്രോബോൾ താരവും കുടുംബവും

To advertise here,

കേരളത്തിനുവേണ്ടി ത്രോബോളിൽ ഏഴുവർഷത്തോളം ദേശീയമത്സരങ്ങളിൽ തിളങ്ങിയ അശ്വതി, ഒരുകൈ സഹായത്തിനുവേണ്ടി ജനപ്രതിനിധികൾ ഉൾപ്പെടെ എല്ലാവരുടെയും മുന്നിൽ സങ്കടം പറഞ്ഞെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല

തളിപ്പറമ്പ് :‘‘ഒന്നു കുളിക്കാൻപോലും പറ്റുന്നില്ല, ചുറ്റുവട്ടത്തൊക്കെ ലൈറ്റണച്ചിട്ടുവേണം കുളിക്കാൻ’’ -ബാങ്ക് ജപ്തിചെയ്ത വീടിനോടുചേർന്നുള്ള ഒറ്റമുറി ഷെഡിന് പുറത്തുനിന്ന് നിർവികാരയായി അശ്വതി പറയുന്നു. ‘‘ആറുമാസമായി ഇങ്ങനെ ജീവിക്കാൻ തുടങ്ങിയിട്ട്’’. ഭർത്താവ് നിതിന്റെ അമ്മ സുനില കേരളബാങ്കിൽനിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനാകാതെ വന്നപ്പോൾ വീട് ജപ്തി ചെയ്തതോടെയാണ് മൂന്നു രോഗികളും രണ്ടുകുഞ്ഞുങ്ങളുമായി അശ്വതി അടച്ചുറപ്പില്ലാത്ത ഒറ്റമുറിയിൽ മല്ലടിക്കാൻ തുടങ്ങിയത്.

കേരളത്തിനുവേണ്ടി ത്രോബോളിൽ ഏഴുവർഷത്തോളം ദേശീയമത്സരങ്ങളിൽ തിളങ്ങിയ അശ്വതി, ഒരുകൈ സഹായത്തിനുവേണ്ടി ജനപ്രതിനിധികൾ ഉൾപ്പെടെ എല്ലാവരുടെയും മുന്നിൽ സങ്കടം പറഞ്ഞെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.

അശ്വതിയുടെ ഭർത്താവിന്റെ അമ്മ പുളിമ്പറമ്പ് തോട്ടാറമ്പിലെ ആരംഭൻ സുനില ജില്ലാബാങ്ക് തളിപ്പറമ്പ് സായാഹ്നശാഖയിൽനിന്ന് 15 ലക്ഷം രൂപ വായ്പയെടുത്താണ് വീട്‌ പണിതത്. ഭാഗികമായി പണി പൂർത്തിയാക്കി താമസം തുടങ്ങിയശേഷം അപകടങ്ങളും രോഗങ്ങളും കുടുംബത്തെ വിടാതെ പിടികൂടി. നിതിന്റെ അച്ഛൻ തോമസ് വിഷംതീണ്ടി അബോധാവസ്ഥയിലായതോടെ ബാങ്കിൽ തിരിച്ചടവ് മുടങ്ങി. വൃക്കരോഗിയായ സുനിലയ്ക്കും ജോലിക്ക്‌ പോകാൻ പറ്റാതായി. പലിശ പെരുകി 34,53,387 രൂപ കുടിശ്ശികയായതോടെ കഴിഞ്ഞ ജൂൺ 12-ന് ബാങ്ക് വീട് ജപ്തിചെയ്തു. 40 ലക്ഷം രൂപ വില നിശ്ചയിച്ച് വീടിന്റെയും 35 സെന്റിന്റെയും ലേല നടപടികളിലേക്ക്‌ ബാങ്ക് കടന്നിട്ടുണ്ട്. സുനിലയുടെയും സഹോദരങ്ങളുടെയും കൂട്ടുസ്വത്താണ് ഭൂമി.

ഒരാഴ്ചയ്ക്കുള്ളിൽ നടപടി പൂർത്തീകരിച്ചാൽ ഇപ്പോഴത്തെ ഒറ്റമുറിയും നഷ്ടമാകുമെന്നാണ് അശ്വതിയുടെ ഭയം. പിന്നെ എങ്ങോട്ടുപോകുമെന്ന് അവർക്കറിയില്ല. ജപ്തിനോട്ടീസ് വന്ന ദിവസമാണ് അശ്വതിയുടെ ഭർത്താവ് നിതിൻ ജോലിസ്ഥലത്ത് വീണ് കാലുപൊട്ടിയത്.

അതോടെ കുടുംബത്തിന്റെ കഞ്ഞികുടി മുട്ടി. ആറുവയസ്സുള്ള മകൾ ആകൃതയെയും രണ്ടുവയസ്സുള്ള ആമിയയെയും ഇനിയുള്ള കാലം എങ്ങനെ വളർത്തുമെന്നും അശ്വതിക്കറിയില്ല. ജപ്തിചെയ്ത് ബാങ്കുകാർ വീടുപൂട്ടി പോയപ്പോൾ ആമിയയ്ക്ക്‌ അങ്കണവാടിയിൽനിന്ന്‌ കിട്ടിയ അമൃതംപൊടി വരെ അതിനകത്തായി.

ഒരു കട്ടിൽ മാത്രമാണ് ആറുപേരും പാർക്കുന്ന ഷെഡിലുള്ളത്. ഷെഡിനോട് ചേർന്ന് പായ വലിച്ചുകെട്ടിയാണ് പാചകം. മാറിമാറി കാവൽനിന്നാണ് രാത്രിയിൽ ഉറങ്ങുന്നതുപോലും. മട്ടന്നൂർ കോളേജിൽ ത്രോബോൾ പരിശീലകയായിരുന്ന അശ്വതിക്ക്‌ പ്രസവത്തിനായി അവധിയെടുത്തപ്പോഴാണ് ജോലി നഷ്ടമായത്.

അതിനുശേഷം കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ സെക്യൂരിറ്റി ജോലി കിട്ടിയെങ്കിലും വീട് ജപ്തിചെയ്ത ശേഷം ജോലിക്ക്‌ പോകാനായില്ല. “ഇവിടന്ന് എങ്ങനെ സമയത്തിന് പുറത്തിറങ്ങി ജോലിക്കുപോകാനാകും?’’-ചോദ്യത്തിന് വീട്ടുകാർക്കും ഉത്തരമില്ല.