പിണങ്ങോട്: സംസ്ഥാനതലത്തിൽ പുരസ്കാരങ്ങൾനേടിയ വെങ്ങപ്പള്ളി ഗ്രാമപ്പഞ്ചായത്തിന്റെ ചോലപ്പുറം പച്ചത്തുരുത്ത് ഉപയോഗശൂന്യമാകുന്നു. കൃത്യമായ പരിപാലനമില്ലാത്തതാണ് മികച്ച മുളന്തുരുത്തിനുള്ള അംഗീകാരംനേടിയ പച്ചത്തുരുത്തിന്റെ തകർച്ചയ്ക്കു കാരണമായത്. മുൻപ് നിരവധി സഞ്ചാരികൾ എത്തിയിരുന്നിടം ഇപ്പോൾ കാടുകയറിത്തുടങ്ങിയിട്ടുണ്ട്. പച്ചത്തുരുത്ത് കാണാനും ആസ്വദിക്കാനും സഞ്ചാരികൾ എത്തുന്നതു കുറഞ്ഞു. സമൂഹവിരുദ്ധരുടെ ശല്യം വർധിക്കുന്നതായും പരാതിയുയർന്നിട്ടുണ്ട്. സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ ഉൾപ്പെടെയൊരുക്കി ശ്രദ്ധനേടിയ പച്ചത്തുരുത്ത് ഇപ്പോൾ വേണ്ടത്ര പ്രയോജനപ്പെടുന്നില്ല. സുരക്ഷാവേലിയുടെയും കൃത്യമായ പരിപാലനത്തിന്റെയും അഭാവമാണ് നാശത്തിനു വഴിയൊരുക്കിയത്.

To advertise here,

തൊഴിലുറപ്പു തൊഴിലാളികൾ ചെറിയരീതിയിൽ പരിപാലനപ്രവൃത്തി നടത്തുന്നുണ്ടെങ്കിലും പദ്ധതിയെ പഴയ പ്രതാപത്തിലേക്കു തിരിച്ചെത്തിക്കാൻ ഇതുമതിയാവില്ല. കൂടുതൽ ഇടപെടൽ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുഴയോരം ഇടിയുന്നത് തടയുന്നതിനായി വെങ്ങപ്പള്ളി ഗ്രാമപ്പഞ്ചായത്ത് നടത്തിയ ശ്രമമായിരുന്നു പച്ചത്തുരുത്ത്. ആറു വർഷം കൊണ്ട് മികച്ച ജൈവവൈവിധ്യ സംരക്ഷണ മാതൃകയായി വളരുകയായിരുന്നു. ഹരിതകേരള മിഷന്റെ നൂതന ആശയമായ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി തുടങ്ങിയ ചോലപ്പുറം പിന്നീട് പൊതുജനങ്ങളെ ആകർഷിക്കുന്ന ജൈവ പാർക്കായി മാറുകയായിരുന്നു.

വെങ്ങപ്പള്ളി ഗ്രാമപ്പഞ്ചായത്തിനു കീഴിലുള്ള ഒന്നരയേക്കർ സ്ഥലത്ത് 774-ലധികം ചെടികളാണ് ഇവിടെയുള്ളത്. ഇതിൽ 354 എണ്ണവും മുളകളാണ്. തദ്ദേശീയവും വംശനാശ ഭീഷണി നേരിടുന്നതുമായവ ഉൾപ്പെടെ 47 ഇനം സസ്യങ്ങളുമുണ്ട്. ഗ്രാമപ്പഞ്ചായത്ത്, ഹരിത കേരള മിഷൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഡോ. എം.എസ്. സ്വാമിനാഥൻ ഗവേഷണനിലയം എന്നിവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത് സ്ഥാപിച്ച് സംരക്ഷിച്ചിരുന്നത്. മികച്ച പച്ചത്തുരുത്തുകൾക്ക് ഹരിതകേരള മിഷൻ വർഷംതോറും പുരസ്കാരങ്ങൾ നൽകിവരുന്നുണ്ട്. ഈ വർഷം സംസ്ഥാനതലത്തിൽ മികച്ച മുളന്തുരുത്തായി ചോലപ്പുറം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്രയും ശ്രദ്ധനേടിയ സ്ഥലം നശിക്കുന്നതു തടയാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.