
ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവ ചര്‍ച്ചകളില്‍ ഇടം പിടിച്ചിരിക്കുകയാണ് ഏക സിവില്‍ കോഡ്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമെന്ന നിലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഒരിക്കല്‍ കൂടെ തീ കൊളുത്തിയിരിക്കുന്നതും. വ്യക്തിനിയമങ്ങള്‍ ഏകീകരിക്കുക വഴി വിവിധ വിഭാഗങ്ങള്‍ നിലവില്‍ അനുഭവിച്ച് പോരുന്ന വിവേചനങ്ങളെ ഇല്ലാതാക്കുകയാണ് സിവില്‍ കോഡിന്റെ ഉദ്ദേശ്യമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നതെങ്കിലും ഇത് മുസ്ലീം വിഭാഗങ്ങളെ മാത്രം ലക്ഷ്യമിട്ടാണെന്ന പൊതുധാരണ വളര്‍ത്തിയെടുക്കുന്നതിലേക്കാണ് സി.പി.എം. അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ചര്‍ച്ചകളും സെമിനാറുകളും പുരോഗമിക്കുന്നത്.
സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടു നടന്ന സെമിനാർ തന്നെ ഇതിന്റെ ഉദാഹരണമായിരുന്നു. പരിപാടിയിലേക്ക് ക്ഷണം ലഭിച്ച മുസ്ലീം ലീഗ് അത് നിരസിക്കുകയും മുസ്ലീം ലീഗിന് ഒപ്പം നിന്നിരുന്ന സമസ്തയടക്കമുള്ളവര്‍ അതില്‍ പങ്കെടുക്കുകയും ചെയ്തതോടെ സെമിനാർ വലിയ ചർച്ചയായി. എന്നാല്‍, ഇത് മുസ്ലീം വിവേചന വിഷയമായി മാത്രം മനഃപൂര്‍വം ഒതുക്കപ്പെടുകയും ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള ആദിവാസി-ഗോത്രവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ കാണാതിരിക്കുകയും ചെയ്യുന്നു എന്ന യാഥാര്‍ഥ്യത്തെ മറക്കുകയാണെന്ന് ആരോപിക്കുകയാണ് ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ. ആദിവാസി ഗോത്രവിഭാഗങ്ങളെ ഏക സിവില്‍ കോഡില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപിക്കുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തിൽ ഗീതാനന്ദന്‍ മാതൃഭൂമി ഡോട്കോമിനോട് സംസാരിക്കുന്നു.
ഏക സിവില്‍ കോഡ് എങ്ങനെയാണ് ആദിവാസി ഗോത്രവിഭാഗത്തെ ബാധിക്കുന്നത്?
രാജ്യത്തെ ആദിവാസി ദളിത് വിഭാഗങ്ങളാണ് ബി.ജെ.പി. മുന്നോട്ടുവെക്കുന്ന ഏക സിവില്‍ കോഡിന്റെ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വരിക. കാരണം ഇവരുടെ വ്യക്തിനിയമങ്ങളെല്ലാം അവരുടെ പ്രകൃതിയും സംസ്‌കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇവര്‍ക്കിടയില്‍ തന്നെ കാലങ്ങളായി നിലനിന്ന് പോരുന്ന പ്രത്യേക അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് അവരുടെ വിവാഹം, സ്വത്തവകാശം, വിവാഹമോചനം എന്നിവയെല്ലാം നടന്നുപോവുന്നത്. ഇത് ബ്രിട്ടീഷ് കാലം മുതല്‍ക്ക് തന്നെയുള്ള കാര്യമാണ്. നൂറ് കണക്കിന് ഗോത്രവിഭാഗങ്ങളുള്ള രാജ്യത്ത് ഓരോ വിഭാഗത്തിനും പ്രത്യേകം വിശ്വാസങ്ങളും ആചാരങ്ങളും നിയമങ്ങളും അവര്‍ക്കിടയില്‍ തന്നെയുണ്ട്. ഒരു നിലയിലും ഭരണഘടന മുന്നോട്ട് വെക്കുന്ന മറ്റ് പൊതുസമൂഹത്തിന് ബാധമായ വ്യക്തിനിയമങ്ങള്‍ ഈ മേഖലകളില്‍ നടപ്പിലാക്കാനാവില്ല. അതുകൊണ്ടാണ് ഇത്തരക്കാര്‍ക്ക് പ്രത്യേക ഭരണഘടനാ പ്രാതിനിധ്യം തന്നെ നല്‍കിയിരിക്കുന്നത്. ഭരണഘടനയിലെ 244-ാം വകുപ്പ് അനുസരിച്ച് പ്രത്യേക സംരക്ഷണ വിഭാഗമെന്ന നിലയില്‍ ആറാം പട്ടിക പ്രദേശം, അഞ്ചാം പട്ടിക പ്രദേശം എന്നിങ്ങനെ വേര്‍തിരിച്ചാണ് ഈ വിഭാഗങ്ങളുടെ വ്യക്തി-മതസ്വാതന്ത്ര്യത്തെ സംരക്ഷിച്ച് പോരുന്നത്. ഇവര്‍ക്കിടയിലേക്ക് എങ്ങനെയാണ് ഏകസിവില്‍കോഡ് എന്ന ബിജെപി ആശയം നടപ്പിലാക്കാനാവുക. സാധിക്കില്ലെന്ന് സര്‍ക്കാരിന് തന്നെ അറിയാവുന്ന ഒരു കാര്യത്തെ വീണ്ടും വീണ്ടും പറഞ്ഞ് വിവാദമാക്കുന്നതില്‍ ഗൂഢലക്ഷ്യം തന്നയുണ്ട്.

ഏതെങ്കിലുമൊരു എഴുതപ്പെട്ട നിയമത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ജീവിച്ച് പോരുന്ന ഒരു വിഭാഗത്തെ ഒരു നിയമത്തിന് കീഴില്‍ കൊണ്ടുവരികയെന്നത് ഇത്തരം വൈവിധ്യങ്ങളെ നശിപ്പിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ പോവുക. ഗോത്രവര്‍ഗ ജനസംഖ്യ കൂടുതലുള്ള വടക്ക് കിഴക്കന്‍ മേഖലയാണ് ആറാം പട്ടിക പ്രദേശങ്ങളില്‍ പെടുന്നത്. ഇവിടെ ആഭ്യന്തരം പോലുള്ള പൊതുസമൂഹത്തെ ബാധിക്കുന്ന ചില കാര്യങ്ങള്‍ ഒഴികെ മറ്റെല്ലാം കൈകാര്യം ചെയ്യുന്നത് പ്രാദേശികമായി തന്നെയുള്ള കമ്യൂണിറ്റികളാണ്. ഇതെല്ലാം സ്റ്റേറ്റ് കൗണ്‍സിലിലൂടെയാണ് മാനേജ് ചെയ്യുന്നത്. അഞ്ചാം പട്ടികയിലാണ് കേരളമടക്കമുള്ളവ. ഇവര്‍ക്കിടയിലും അവരുടെ കമ്യുണിറ്റികളാണ് തീരുമാനമെടുക്കുന്നത്. ഇത്തരം പ്രാദേശിക നിയമങ്ങള്‍ക്ക് ഭരണഘടനയുടെ മറ്റ് നിയമങ്ങളോടൊപ്പം നിലനില്‍ക്കാനുള്ള അംഗീകാരവുമുണ്ട്. അതായത് ഭരണഘടനയ്ക്ക് പുറത്ത് അവരുടെ ജീവിതരീതികള്‍ നിയന്ത്രിക്കുന്ന നിയമങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്ന രാജ്യം. അത് ക്രോഡീകരിക്കാന്‍ എളുപ്പമല്ല. കേരളത്തെ സംബന്ധിച്ച് കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ നോക്കുമ്പോഴേക്കും അവര്‍ക്കിടയില്‍ തന്നെ വ്യത്യസ്ത ഭാഷകളും ആചാരങ്ങളും വിശ്വാസങ്ങളും കാണാം. ഇതിനെയെല്ലാം മറികടക്കാന്‍ ഒരു നിയമത്തിനും കഴിയില്ല. അതല്ല, അടിച്ചേല്‍പിച്ചാല്‍ അത് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാകും.
ഏക സിവില്‍ കോഡ് എന്നത് മുസ്ലീം വിഷയമായി മാത്രം ചുരുക്കപ്പെട്ടുപോവുന്നതിലേക്കാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്?
ബി.ജെ.പിയുടെ കൃത്യമായ അജണ്ടയാണത്. മുത്തലാഖ് പോലുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി അവര്‍ക്കിടയില്‍ മാത്രമാണ് വലിയ പ്രശ്നമുള്ളതെന്നും ബാക്കിയുള്ളതെല്ലാം പെര്‍ഫെക്ടാണെന്നും അവരെ ശരിയാക്കിയാല്‍ എല്ലാമായി എന്ന തരത്തിലേക്ക് ചര്‍ച്ചകൾ വഴി തിരിച്ചുവിടാന്‍ കൃത്യമായി ശ്രമിക്കുന്നുണ്ട്. ഇത് വോട്ടുബാങ്ക് ഉറപ്പിക്കാനും അത് വഴി ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിന്റേയും ഭാഗമായിട്ടാണ്. ഹിന്ദു-മുസ്ലീം ധ്രുവീകരണമുണ്ടാക്കി വിവാദങ്ങള്‍ സൃഷ്ടിച്ച് അവര്‍ക്കാവശ്യമുള്ള നിയമങ്ങള്‍ നടപ്പാക്കാനാണ് നോക്കുന്നത്. നിര്‍ഭാഗ്യവശാല്‍ യഥാര്‍ഥ പ്രശ്നത്തെ കാണാതെ സി.പി.എമ്മും ബി.ജെ.പിയുടെ അജണ്ടയ്ക്ക് പുറകെ പോവുകയാണ്. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന മുന്‍ നിലപാടില്‍നിന്നു മാറി ഇപ്പോള്‍ അതിനെതിരേ സി.പി.എം. രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഇത് മുസ്ലീം വിഷയം എന്നതിലേക്കാണ് പ്രധാന്യം കൊടുക്കുന്നത്. ഇതാണ് ബി.ജെ.പിയും ആഗ്രഹിക്കുന്നത്. ഹിന്ദു-മുസ്ലീം ധ്രുവീകരണം.
വിഷയത്തില്‍ കഴിഞ്ഞയാഴ്ച കോഴിക്കോട്ടു നടന്ന ദേശീയ സെമിനാറടക്കം നടന്നത് ഹിന്ദു-മുസ്ലീം പ്രശ്‌നം എന്ന കാര്യത്തില്‍ ഊന്നയിട്ട് തന്നെയാണ്. ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വരുമെന്ന് കണക്ക് കൂട്ടുന്ന ആദിവാസി-ഗോത്രവിഭാഗങ്ങള്‍ക്കടക്കമുള്ളവരുടെ സെമിനാറിലെ പങ്കാളിത്തം എത്രയായിരുന്നു? മുസ്ലീം സാമുദായിക നേതാക്കള്‍ക്ക് പുറമെ ആദിവാസി-ഗോത്ര സമൂഹത്തിലെ സ്ത്രീകളടക്കമുള്ളവരെ സെമിനാറില്‍ പങ്കെടുപ്പിക്കേണ്ടിയിരുന്നു. അങ്ങനെയുണ്ടാവാത്തത് വലിയ വീഴ്ചയാണ്.

ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ടാണ്. ഇതിനെ നവീകരിക്കാതെ എന്ത് കോഡ് കൊണ്ടുവന്നിട്ടും കാര്യമില്ല. ഹിന്ദുമതത്തെ നവീകരിക്കുക ലക്ഷ്യിട്ട് ഹിന്ദു കോഡ് അടക്കം പലരും കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഇതൊന്നും ഇതുവരെ നടപ്പായിട്ടില്ല. ഇതൊന്നും കാണാതെ ഏക സിവില്‍ കോഡുമായി മുന്നോട്ടുവരുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്. ഹിന്ദുരാഷ്ട്രം ലക്ഷ്യമാക്കി ഭരിക്കുന്നവര്‍ ഒരിക്കലും ഒരു സെക്കുലര്‍ സിവില്‍കോഡ് കൊണ്ടുവരില്ല എന്നത് ഊഹിക്കാവുന്ന കാര്യമാണ്. അല്ലെങ്കില്‍, അങ്ങനെ ചിന്തിക്കുന്നവര്‍ ഈ ലോകത്ത് നടക്കുന്നതൊന്നും അറിയാത്തവരാണ്. ഇന്ത്യയില്‍ ഏക സിവില്‍ കോഡിന് പകരം എല്ലാ സമുദായങ്ങളുടെയും ആഭ്യന്തര പരിഷ്‌കാരങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. നിയമവ്യവഹാരങ്ങളില്‍ പലപ്പോഴായി പ്രതിഫലിക്കാറുള്ള വ്യക്തികളുടെ അവകാശങ്ങളും സമുദായത്തിന്റെ താല്‍പര്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളും നല്‍കുന്ന സൂചന ഇതുതന്നെയാണ്. സമുദായങ്ങളുടെ ആഭ്യന്തരമായ പരിഷ്‌കരണങ്ങളുടെ പ്രതിഫലനമായി മാത്രമെ ഏക സിവില്‍ കോഡിലെത്തിച്ചേരാന്‍ കഴിയൂ.
സിവില്‍ നിയമങ്ങളുടെ ഏകീകരണത്തിലെ പ്രധാന വെല്ലുവിളി എന്താണ്?
സിവില്‍ നിയമങ്ങളുടെ ഏകീകരണത്തിലെ മുഖ്യവെല്ലുവിളിയായി ഭരണഘടനാ നിര്‍മാണവേളയില്‍ പരിഗണിക്കപ്പെട്ടിരുന്നത് ഭൂരിപക്ഷ സമുദായമായ ഹിന്ദുമതത്തിലെ വിവാഹം, പിന്‍തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍, വിവാഹമോചനം തുടങ്ങിയവയിലെ സ്ത്രീവിരുദ്ധവും കീഴാളവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ വശങ്ങളെയാണ്. തുല്ല്യതയും സാഹോദര്യവും പുലരുന്ന ഒരു രാഷ്ട്രമായി ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്താന്‍ ഹിന്ദുസമൂഹത്തിന്റെ നവീകരണത്തിനാണ് ഡോ. ബി.ആര്‍. അംബേദ്കര്‍ ഊന്നല്‍ നല്‍കിയിരുന്നത്. ഭരണഘടനാ നിര്‍മാണ അസംബ്ലിയില്‍ സമഗ്രമായ ഒരു ഹിന്ദുകോഡ് ബില്‍ അവതരിപ്പിക്കുന്നത് അതിന്റെ ഭാഗമായിട്ടാണ്. ഇന്ത്യന്‍ ഭരണഘടനയ്ക്ക് പ്രാധാന്യം നല്‍കിയതോടൊപ്പം ഹിന്ദു കോഡ് ബില്ലിനും ഡോ. ബി.ആര്‍. അംബേദ്കര്‍ ഏറെ പരിഗണന നല്‍കിയിരുന്നു. ഹിന്ദുസമൂഹത്തിലെ സ്ത്രീകളുടെ അവകാശത്തിനും ജനാധിപത്യവ്യവസ്ഥയ്ക്കും വിഘാതമായി നില്‍ക്കുന്ന ജാതിവ്യവസ്ഥയെ ദുര്‍ബലപ്പെടുത്താന്‍ പര്യാപ്തമായ ഒന്നെന്ന നിലയിലാണ് ഹിന്ദു കോഡ് ബില്ലിലെ വ്യവസ്ഥകളെ അദ്ദേഹം കണ്ടിരുന്നത്. എന്നാല്‍, ഹിന്ദുമഹാസഭയും യാഥാസ്ഥിതികരും സമുന്നതരായ കോണ്‍ഗ്രസ് നേതാക്കളും ഹിന്ദു കോഡ് ബില്ലിനെതിരെ ശക്തമായി എതിര്‍ത്ത് രംഗത്തുവരികയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് ഡോ. അംബേദ്കാര്‍ നിയമമന്ത്രി സ്ഥാനത്തുനിന്നു രാജിവെക്കുന്നത്.
ഇന്ത്യയില്‍ പിന്നീട് പാസ്സാക്കപ്പെട്ട ഹിന്ദു കോഡ് നിയമം ഡോ. അംബേദ്കര്‍ അവതരിപ്പിച്ച ഹിന്ദു കോഡ് ബില്ലിനെ വെട്ടിമുറിച്ചതും അതിന്റെ കാതലായ ഭാഗങ്ങള്‍ മാറ്റിയതുമാണ്. ഇന്ത്യന്‍ ദേശീയ നേതൃത്വങ്ങള്‍ക്ക് പറ്റിയ ഗുരുതരമായ വീഴ്ചയുടെ ഫലമാണ് ഇന്ന് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സവര്‍ണ ഹിന്ദുമേധാവിത്തവും പുരുഷാധിപത്യത്തിലധിഷ്ഠിതമായ ഹിന്ദുരാഷ്ട്രവാദവും. ഭരണഘടന വിഭാവനം ചെയ്യുന്ന ഏക സിവില്‍ കോഡ് എന്ന പ്രഖ്യാപനത്തിലെത്താന്‍ ഡോ. അംബേദ്കര്‍ മുന്നോട്ടുവച്ച ഹിന്ദു കോഡ് ബില്‍ വീണ്ടും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. പരിഷ്‌കരണം നടക്കേണ്ടത് ഭൂരിപക്ഷസമുദായമായ ഹിന്ദുമതത്തിനുള്ളിലാണ്. ഇപ്പോള്‍ നടക്കുന്ന ഏക സിവില്‍ കോഡ് ചര്‍ച്ചകള്‍ ഈ വസ്തുത മറച്ചുവെക്കാനും, ന്യൂനപസക്ഷവികാരം ആളിക്കത്തിക്കാനുമാണ്.

ആദിവാസി ഗോത്ര വിഭാഗങ്ങളെ മാറ്റം മാറ്റി നിര്‍ത്തി എങ്ങനെ ഏകസിവില്‍ കോഡ് നടപ്പിലാക്കും?
ഗോത്രവിഭാഗങ്ങളെ ഒഴിവാക്കിയാവണം ഏക സിവില്‍കോഡ് എന്ന ആവശ്യം ബി.ജെ.പിക്കുള്ളില്‍നിന്ന് തന്നെ ഉയര്‍ന്ന് കഴിഞ്ഞു. ആറ് പ്രബല വംശീയ വിഭാഗങ്ങള്‍, 55 മുഖ്യ ഗോത്രങ്ങള്‍, ആറ് പ്രമുഖ മതങ്ങള്‍, 6400 ജാതികളും അവയുടെ ഉപജാതികളും, പിന്നെ 18 പ്രധാന ഭാഷകള്‍ ഇതിനുള്ളില്‍ 1600 ഉപഭാഷകള്‍. ഇതെല്ലാം ഉള്‍ക്കൊള്ളുന്നതാണ് വൈവിധ്യങ്ങളുടെ നാടായ ഇന്ത്യ. ഒരു കേന്ദ്രീകൃത ഭരണ സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ഇങ്ങനെ ഇത്രമാത്രം വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് ഇപ്പോള്‍ നിലനില്‍ക്കുന്ന വ്യക്തിനിയമങ്ങള്‍ കൊണ്ടു തന്നെയാണ്. ഇതിനെയൊക്കെ എങ്ങനെ ഏകീകൃത ചട്ടക്കൂടില്‍ കൊണ്ടുവരും. ചുരുക്കിപറഞ്ഞാല്‍ ഹിന്ദുരാഷ്ട്രം ലക്ഷ്യമിട്ട് മുന്നോട്ട് പോവുന്ന ബി.ജെ.പിയുടെ ശ്രമം ഹിന്ദു സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കലാണ്. ഇതാണ് ആശങ്കയുളവാക്കുന്നതും.
ഭരണഘടന രൂപീകരണ കാലഘട്ടത്തില്‍ ദേശീയ നേതാക്കള്‍ ആഗ്രഹിച്ചതും ഭരണഘടനയുടെ നിര്‍ദേശകതത്വത്തില്‍ പ്രഖ്യാപിച്ചതുമായ ലക്ഷ്യമല്ല ബി.ജെ.പി. സര്‍ക്കാരിനുള്ളതെന്ന് വ്യക്തം. രാജ്യമെമ്പാടും അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ദളിത് - ആദിവാസി വിരുദ്ധ അതിക്രമങ്ങളുടെയും പൗരത്വനിയമം, സവര്‍ണ സംവരണ നിയമം, ന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍, മണിപ്പൂരിലെ വംശീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയുടെയെല്ലാം പശ്ചാത്തലത്തില്‍ ഹിന്ദുമേധാവിത്തഭരണം സ്ഥാപിക്കുകയാണ് ബി.ജെ.പി. സര്‍ക്കാരിന്റെ ലക്ഷ്യം. ഇവിടെയാണ് കരട് പോലും വരാത്ത സിവില്‍കോഡിനെതിരേ ഒച്ചപ്പാട് ഉണ്ടാക്കണമോ വേണ്ടയോ എന്ന പ്രസക്തമായ ചോദ്യമുയരുന്നത്. ഒച്ചപ്പാട് ഉണ്ടാക്കിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. കരട് നിയമം വരട്ടെ എന്നിട്ടാവാം പ്രതിഷേധം എന്നതാണ് കോണ്‍ഗ്രസ് അടക്കമുള്ളവരുടെ നിലപാട്. ഇതിന് പകരം സിവില്‍കോഡ് വേണ്ട എന്ന് അസന്ദിഗ്ദ്ധമായി ഉറക്കെ പ്രഖ്യാപിക്കുകയാണ് വേണ്ടത്.
ഏക സിവില്‍ കോഡ് പോലുള്ള എന്തെങ്കിലും നിയമം വന്നാല്‍ അത് ആദിവാസി ഗോത്ര വിഭാഗങ്ങളെ ഒരുമിപ്പിക്കാന്‍ കഴിയുന്ന ഒന്നാവുമോ ?
രാജ്യത്തെ ജനസംഖ്യയുടെ പത്ത് ശതമാനത്തോളമാണ് ആദിവാസികളുടെ മൊത്തം എണ്ണം. ഇവരുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ എങ്ങനെയാണ് ഒരുമിപ്പിക്കാന്‍ കഴിയുക? ഇതിന് മുകളിലായി ബി.ജെ.പി. എന്ത് കോഡ് കൊണ്ടുവന്നാലും അത് ആദിവാസി ഗോത്ര വിഭാഗങ്ങളുടെ മേലുള്ള കടന്നുകയറ്റമാവും. നമ്മള്‍ നേരത്തെ വ്യക്തമാക്കിയ പോലെ പ്രധാനമായും ആറാം ഷെഡ്യൂളുകളില്‍ പെടുന്ന സംസ്ഥാനങ്ങള്‍ക്ക് അവരുടെ ഉള്ളില്‍ തന്നെയാണ് വ്യക്തിനിയമങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം നല്‍കിയിരിക്കുന്നത്. ആറാം പട്ടികിയിലല്‍ പെടുന്ന ജില്ലാ കൗണ്‍സിലുകള്‍, റീജ്യണല്‍ കൗണ്‍സിലുകള്‍ എന്നിവയാണ് വിവാഹം, പിന്തുടര്‍ച്ചാവകാശം, വിവാഹമോചനം, നീതി നിര്‍വഹണം എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത്. അഞ്ച് വര്‍ഷക്കാലാവധിയിലുള്ള സ്വയംഭരണാധികാരമുള്ള ഈ കൗണ്‍സിലുകളുടെ അധികാരപരിധിയില്‍ ഭൂമി, വനം, ജലം, കൃഷി, ഗ്രാമസഭകള്‍, ആരോഗ്യം, ശുചിത്വം, ഗ്രാമ- നഗര പോലീസ് സംവിധാനങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെടുന്നു. ഇത്തരം കൗണ്‍സിലുകള്‍ക്ക് സിവില്‍- ക്രിമിനല്‍ കേസുകളുടെ വിചാരണയ്ക്കും ഉത്തരവുകളുടെയും വിധിന്യായങ്ങളുടെയും നിര്‍വഹണത്തിനും അവയ്ക്കുള്ള നടപടിക്രമങ്ങള്‍ രൂപീകരിക്കുന്നതിനുള്ള നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിനും അധികാരമുണ്ട്. പ്രാദേശിക ജില്ലാ കൗണ്‍സിലുകള്‍ക്ക് ഗവര്‍ണറുടെ അനുമതിയോടെ കുടുംബ നിയമങ്ങള്‍ ഇവിടെ നിര്‍മിക്കാം.

മണിപ്പുര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ അവരുടെ ഭരണഘടനാപരമായ അവകാശങ്ങളെക്കൂടി ബാധിക്കുന്ന ഈ നീക്കത്തോട് വലിയ പ്രതിഷേധം തന്നെയാവും ഉയര്‍ത്തുക. ഇത് ഭാവിയില്‍ ഇപ്പോള്‍ മണിപ്പുരില്‍ സംഭവിക്കുന്നതിനേക്കാള്‍ ഭീകരമായ സംഘര്‍ഷത്തിലേക്ക് വരെ കാര്യങ്ങളെയെത്തിക്കാം. മണിപ്പുരിലെ ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പ്രധാന കാരണം തന്നെ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്നതും അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നതുമായിട്ടാണ്. ഇത് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കും. ഗോത്രവിഭാഗങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന ഇത്തരം പ്രത്യേക അവകാശങ്ങള്‍ക്കും ഇളവുകള്‍ക്കുമെല്ലാം വിരുദ്ധമാണ് ഏക സിവില്‍ കോഡ്. ഗോത്രവിഭാഗങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന ഈ പ്രത്യേക അവകാശങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ എതിരാണെന്നാണ് ഏക സിവില്‍ കോഡ് നടപ്പാക്കും എന്ന പ്രസ്താവന നടത്തും വഴി വ്യക്തമാവുന്നത്. ഏക സിവില്‍ കോഡ് വരുമ്പോള്‍ ഇവയെല്ലാം റദ്ദാക്കുമോ? അതോ ഏക സിവില്‍ കോഡ് ഇവര്‍ക്ക് ബാധകമാവില്ലേ? മുസ്ലിങ്ങള്‍ മാത്രമാണോ ലക്ഷ്യം? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്.
ഏതെങ്കിലും തരത്തിലുള്ള സമരങ്ങള്‍ക്ക് പദ്ധതിയുണ്ടോ?
കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുന്ന ഏക സിവില്‍ കോഡിനെതിരെ ലോക ആദിവാസി ദിനമായ ഓഗസ്റ്റ് 9-ന് കൊച്ചിയില്‍ ആദിവാസി - ദളിത് വിഭാഗങ്ങളുടെ സിവില്‍ അവകാശപ്രഖ്യാപന റാലിയും സമ്മേളനവും വിവിധ ആദിവാസി -ദലിത് സംഘടനകള്‍ നടത്തുന്നുണ്ട്. ഓഗസ്റ്റ് 10-ന് ആദിവാസി സ്വയംഭരണം, വനാവകാശം, പെസ നിയമം, ദലിത് അവകാശപത്രിക എന്നിവയെ സംബന്ധിച്ച ഏകദിന ശില്‍പശാലയും നടക്കും. കേന്ദ്രസര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കുന്ന ദലിത് - ആദിവാസി സിവില്‍ അവകാശപ്രഖ്യാപനം ഓഗസ്റ്റ് ഒൻപതിന്റെ റാലിയിലാണ് നടക്കുന്നത്. ഇന്ത്യയിലെമ്പാടും ഗോത്രവര്‍ഗ പ്രദേശങ്ങളിലെ ജനവിഭാഗങ്ങള്‍ ഏക സിവില്‍ കോഡിനെതിരേ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് കൊച്ചിയിലും നടക്കുന്നത്.
Content Highlights: uniform civilcode and tribals
Published: 20 Jul 2023, 03:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented