
മോദി ഭരണകൂടത്തിനെതിരെ അതിനിശിതമായ വിമർശമാണ് താങ്കളുടെ പുസ്തകത്തിൽ ഉന്നയിക്കുന്നത്. ഈ ഗ്രന്ഥരചനയ്ക്കുള്ള കാരണങ്ങൾ എന്താണ്?
ഭരണകൂടം നടത്തുന്ന പ്രചാരണങ്ങൾക്കിടയിലും രാജ്യത്തിന്റെ സാമ്പത്തികനില അത്യധികം പരിതാപകരമായ അവസ്ഥയിലാണ്. ഇന്ത്യ 7.2%ശതമാനം വളർച്ച നേടിക്കഴിഞ്ഞെന്നും ലോകത്ത് ഇന്നിപ്പോൾ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നുമാണ് മോദി ഭരണകൂടത്തിന്റെ അവകാശവാദം. ഇതിനെ തുറന്നുകാട്ടുക തന്നെ വേണം. കോവിഡ് മാരിയുടെ കാലത്ത് ഇന്ത്യൻ സമ്പദ് വ്യവസ്ഥ താറുമാറായി. എന്നാൽ, അതിനുമുമ്പേ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി തകരാൻ തുടങ്ങിയിരുന്നു. നോട്ട് നിരോധനമാണ് ഇതിൽ മുഖ്യ പങ്ക് വഹിച്ചത്. ഇന്നിപ്പോൾ ഉയർത്തിക്കാണിക്കുന്ന വളർച്ച നമ്മൾ പരിശോധിക്കേണ്ടത് കോവിഡ് കാലയളവിൽ ഇങ്ങനെ തകർന്നു തരിപ്പണമായ സമ്പ്ദ വ്യവസ്ഥയുമായി തുലനം ചെയ്തുകൊണ്ടല്ല. കോവിഡ് കാലത്തെ സമ്പദ് വ്യവസ്ഥയുമായി താരതമ്യം ചെയ്താൽ ഏത് ചെറിയ വളർച്ചയും വലിയ വളർച്ചയായി തോന്നും. വാസ്തവത്തിൽ അതിനുമുമ്പ് ഇന്ത്യ കൈവരിച്ച സാമ്പത്തിക വളർച്ചയുമായാണ് ഇപ്പോഴത്തെ വളർച്ച നമ്മൾ തട്ടിച്ചുനോക്കേണ്ടത്. ഇപ്പോഴത്തെ ഈ 7.2% ശതമാനം വളർച്ചയിൽ എന്താണുള്ളത്? പൊതുഭരണ ചെലവിൽ മുഖ്യമായും വരുന്നത് ശമ്പളം, പെൻഷൻ, പ്രതിരോധം എന്നിവയിലുള്ള ചെലവുകളാണ്. എന്നാൽ, നിർമ്മാണ മേഖലയിൽ 1.3% മാത്രമാണ് വളർച്ച. ഇതിൽ നിങ്ങൾ സംതൃപ്തരാണെങ്കിൽ ഈ രാജ്യത്തെ ദൈവം രക്ഷിക്കട്ടെ എന്നു മാത്രമേ പറയാനാവുകയുള്ളു. 7.2% ശതമാനം വളർച്ച എന്നൊക്കെ പ്രചരിപ്പിക്കാൻ എളുപ്പമാണ്. നേരത്തെ നാലു വരിപ്പാത ഒരു കിലോമീറ്റർ വികസിപ്പിച്ചാൽ അത് ഒരു കിലോമീറ്ററായിരുന്നു. എന്നാൽ ഇപ്പോൾ നാല് കിലോ മീറ്റർ വികസനമാണെന്നാണ് പ്രചാരണം. എന്നാൽ ഈ പ്രചാരണം അവർ ശരിക്കും വിശ്വസിക്കുന്നുണ്ടെങ്കിൽ അത് പ്രശ്‌നമാണ്.
ഭരണകൂടത്തിന്റെ വലിയ അവകാശവാദങ്ങൾക്കിടയിലും ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിൽനിന്നു സ്വകാര്യ മേഖല പിന്മാറുകയാണ്. ഫോറിൻ ഇൻസ്റ്റിറ്റിയൂഷനൽ നിക്ഷേപകർ ഇന്ത്യയിൽനിന്നു വിട്ടുപോവുന്നതാണ് നമ്മൾ മറക്കരുതാത്ത മറ്റൊരു കാര്യം. ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ 2014-ന് ശേഷം വലിയ വർദ്ധന ഉണ്ടായിട്ടുണ്ടെന്നതും കാണാതിരിക്കാനാവില്ല. 2021-ൽ മാത്രം ഏഴരക്കോടി ജനങ്ങളാണ് ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് കീഴിലേക്ക് പുതുതായി കൂട്ടിച്ചേർക്കപ്പെട്ടത്. 1990-കൾക്ക് ശേഷം ഈ തലത്തിലുണ്ടായ ഏറ്റവും വലിയ വർദ്ധന. ലോകത്തെ ദരിദ്രരുടെ 60 ശതമാനമാണിത്. യുവാക്കളുടെ തൊഴിലില്ലായ്മ ഇപ്പോൾ 23 ശതമാനമാണ്. യെമൻ, സിറിയ, ലെബനൻ, ഇറാൻ എന്നീ രാജ്യങ്ങളുമായാണ് ഇക്കാര്യത്തിൽ നമ്മുടെ കൂട്ടുകെട്ട്. ബംഗ്ളാദേശിൽ യുവാക്കളുടെ തൊഴിലില്ലായ്മ ഇന്ത്യയുടെ പകുതിയോളമേ ഉള്ളു. ഇത് ജനങ്ങൾക്ക് പ്രശ്‌നമല്ലെങ്കിൽ, ഭരണകൂടത്തിന് ഇത് പ്രശ്നമല്ലെങ്കിൽ അടിസ്ഥാനപരമായി എവിടെയോ പിശകുണ്ടെന്നാണർത്ഥം.
രാഷ്ട്രീയതലത്തിലാണെങ്കിൽ ഇന്ത്യയിൽ അനുദിനം ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണ്. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ബി.ജെ.പി. അവിഹിത മാർഗ്ഗങ്ങളിലൂടെ വീഴ്ത്തുന്നു. രാജ്യത്തിന്റെ ഫെഡറൽ ഘടന വലിയ ഭീഷണിയാണ് നേരിടുന്നത്. നേരത്തെ രാജ്യം എന്ന് പറഞ്ഞാൽ പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും ചേർന്നതായിരുന്നു. ഇപ്പോൾ രാജ്യം എന്നു പറഞ്ഞാൽ പ്രധാനമന്ത്രി മാത്രമാണ്. രാജ്യത്തിന്റെ സാമൂഹികഘടന അത്യധികം ദുർബ്ബലമായിരിക്കുന്നു. ജീവിച്ചിരിക്കുന്ന ഭാഷകൾക്ക് ചെലവാക്കുന്നതിനേക്കാൾ എത്രയോ അധികമാണ് മൃതഭാഷയായ സംസ്‌കൃതത്തിനായി ചെലവാക്കുന്നത്. വംശഹത്യയ്ക്കായുള്ള ധർമ്മ സൻസദിന്റെ ആഹ്വാനം, പശുക്കളുടെ പേരിലുള്ള മനുഷ്യഹത്യകൾ എന്നിങ്ങനെ ബഹുമുഖ ആക്രമണമാണ് ഇന്ത്യൻ റിപ്പബ്ലിക്കിന് നേർക്ക് നടക്കുന്നത്.
ശതകോടീശ്വരന്മാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ദാരിദ്ര്യരേഖയുടെ താഴേക്ക് പുതുതായി വന്നവർ ഏഴരക്കോടിയാണ്. ഭക്ഷ്യവസ്തുക്കളുടെ മേലുള്ള പണപ്പെരുപ്പം വളരെക്കൂടുതലാണ്. നിക്ഷേപം ഇറക്കാൻ മടിച്ചുനിൽക്കുന്ന സ്വകാര്യ മേഖല- ഇതെല്ലാം എന്താണ് നമ്മോട് പറയുന്നത്. ഇന്ത്യൻ റിപ്പബ്ലിക്ക് ഒരു തകർച്ചയുടെ മുനമ്പിലാണെന്നാണ് ഇവ വിളിച്ചുപറയുന്നത്. അതുകൊണ്ടാണ് ഞാൻ എന്റെ പുസ്തകത്തിന്റെ ഉപ ശീർഷകം 'Essays on a Republic in Crisis' എന്നാക്കിയത്. ഇതൊന്നും പേടിപ്പിക്കാനായി പറയുന്നതല്ല. നമ്മുടെ മുഖത്ത് തുറിച്ചുനോക്കുന്ന വസ്തുതകളാണിത്. ഇമ്മാനുവൽ കാന്റ് വിശേഷിപ്പിച്ചതുപോലെ (crooked timber) വളഞ്ഞ തടി എന്നാണ് വിളിക്കുന്നത്. കാരണം വളഞ്ഞ തടിയിൽനിന്നു നേരെയുള്ള ഒന്നുമുണ്ടാവില്ല. ഒരു തരത്തിലുള്ള സുദൃഡമായ സാമ്പത്തിക തത്വശാസ്ത്രവും ഈ ഭരണകൂടത്തിനില്ല. ഇക്കാര്യങ്ങൾ തുറന്നുപറയേണ്ടതുണ്ടെന്ന് തോന്നിയതിന്റെ ഫലമാണ് ഈ പുസ്തകം.
മോന്തായം വളഞ്ഞാൽ തടി വളഞ്ഞുപോയിരിക്കുന്നുവെന്ന് പറയുമ്പോൾ അതിന്റെ അർത്ഥം ഈ തടി കൊണ്ട് ഇനി നല്ലതൊന്നും ഉണ്ടാക്കാനാവില്ലെന്നും പകരം പുതിയ തടി കണ്ടെത്തണമെന്നുമാണ്. ശരിക്കും താങ്കൾ ഇതാണോ ഉദ്ദേശിക്കുന്നത്?
പൂർണ്ണമായും അതു തന്നെയാണ് ഉദ്ദേശിക്കുന്നത്. ഈ തടി വെട്ടിക്കളയേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ ഇപ്പോൾ ധർമ്മ സൻസദ് പോലുള്ള സംഘടനകൾ നടത്തുന്ന വശഹത്യകൾക്കായുള്ള ആഹ്വാനം നമ്മൾ ചെങ്കോട്ടയിൽനിന്ന് കേൾക്കുന്ന കാലം വിദൂരമല്ല.
ഭരണകൂടത്തെ മാറ്റുകയെന്നു പറഞ്ഞാൽ അത് തിരഞ്ഞെടുപ്പിലൂടെ സംഭവിക്കുന്ന പ്രക്രിയയാണ്. പൊതുജനം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സമയമായി എന്നാണോ താങ്കൾ പറഞ്ഞു വരുന്നത്?
അതു മാത്രമല്ല എന്റെ പോയിന്റ്. നിലവിലുള്ള ഭരണകൂടത്തെ തിരഞ്ഞെടുപ്പിലൂടെ മാറ്റുന്നതുകൊണ്ടു മാത്രം സമൂഹ മനസ്സിൽ ആഴത്തിൽ പടർന്നിട്ടുള്ള വർഗീയവിഷം ഇല്ലാതാക്കാനാവില്ല. അതൊരു നീണ്ട പോരാട്ടം ആവശ്യപ്പെടുന്നുണ്ട്. കർണാടക തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും. ഭരണം നഷ്ടപ്പെട്ടെങ്കിലും കർണാടകത്തിൽ ബി.ജെ.പിയുടെ ജനപിന്തുണ അതുപോലെ തന്നെ നിലനിൽക്കുകയാണ്. 2018-ൽ കിട്ടിയ 36% ശതമാനം വോട്ട് ഇത്തവണയും അവർക്ക് കിട്ടിയിട്ടുണ്ട്. കർണാടകത്തിന്റെ രാഷ്ട്രീയ ഭൂപടം ഇപ്പോഴും മാറിയിട്ടില്ല. തീരദേശ കർണാടകം ഇപ്പോഴും ബി.ജെ.പിയുടെ കൂടെയാണ്. ബെംഗളൂരു നഗരവും പ്രാന്തപ്രദേശങ്ങളും ഇപ്പോഴും ബി.ജെ.പിക്കൊപ്പമാണ്. അതുകൊണ്ടാണ് വിദ്യാസമ്പന്നരായ മദ്ധ്യവർത്തി സമൂഹത്തിന്റെ മനസ്സിൽ കയറിക്കൂടിയിട്ടുള്ള വിഷം ഇറക്കിക്കളയാനാവുന്നില്ലെങ്കിൽ നമ്മുടെ റിപ്പബ്ലിക്കിന്റെ ഭാവി അപടകത്തിലാണെന്ന് പറയേണ്ടി വരുന്നത്. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെക്കുറിച്ച് ആകാംക്ഷയുള്ള സമൂഹമാണിത്, കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ചും കാശി വിശ്വനാഥ ഇടനാഴിയുടെ പൂർത്തീകരണത്തെക്കുറിച്ചും ആശങ്കപ്പെടുന്ന സമൂഹം. ഇന്ത്യയിലെ ദരിദ്രർ എങ്ങിനെ ജീവിക്കുന്നു എന്നതിനെക്കുറിച്ച് ഇവർക്ക് ഒരാശങ്കയുമില്ല. ഇന്ത്യൻ പാർലമെന്റിൽ ചെങ്കോൽ സ്ഥാപിക്കുന്നതാണ് പ്രധാനപ്പെട്ട വിഷയം എന്നാണിവർ കരുതുന്നത്. ഇതാണപകടം. തിരഞ്ഞെടുപ്പ് വിജയത്തിലൂടെ ഇതിനൊക്കെ പരിഹാരമുണ്ടാവുമെന്നാണ് നമ്മൾ കരുതുന്നതെങ്കിൽ അതൊരു താൽക്കാലിക വിജയം മാത്രമായിരിക്കും. അതുകൊണ്ട് തന്നെ അലസതയും അനവധാനതയും പാടില്ല. നേരെയുള്ള തടിക്കായി അതി ദീർഘമായ പോരാട്ടം തന്നെ വേണ്ടി വരും.
പുസ്തകത്തിൽ താങ്കൾ വിശദമായി പ്രതിപാദിക്കുന്ന ഒരു കാര്യം ഇന്ത്യയിൽ ഹിന്ദുത്വയുടെ വളർച്ചയാണ്. ഇന്ത്യൻ വിഭജനത്തിന്റെ നാളുകളിൽ ഹിന്ദുത്വയ്ക്ക് വളരാൻ ഫലഭൂയിഷ്ടമായ മണ്ണും അന്തരീക്ഷവുമുണ്ടായിരുന്നു. ഗോൾവാൾക്കറെയും ശ്വാമപ്രസാദ് മുഖർജിയെയും ബൽരാജ് മഥോക്കിനെയും കർപാത്രി മഹാരാജിനെയും പോലുള്ള നേതാക്കൾ, വർഗീയകലുഷിതമായ അന്തരീക്ഷം. എന്നിട്ടും ആ ദിനങ്ങളിൽ ഹിന്ദുത്വയ്ക്ക് വേരുകൾ പടർത്താനായില്ല. കാരണം എതിർനിരയിൽ ഗാന്ധിയെയും നെഹ്രുവിനെയും അംബദ്കറെയും പട്ടേലിനെയും പോലുള്ള നേതാക്കളുണ്ടായിരുന്നു. ഇന്നിപ്പോൾ ഇത്തരം നേതാക്കളുടെ അഭാവവും ഹിന്ദുത്വ ശക്തികളുടെ വളർച്ചയ്ക്ക് കാരണമാവുന്നില്ലേ?
തീർച്ചയായും. ഇതൊരു പ്രശ്നമാണ്. ഗാന്ധിജിയുടെ വധവും സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ വർഗീയശക്തികളുടെ വളർച്ചയ്ക്ക് വിഘാതമായി. പക്ഷേ, പിന്നീടങ്ങോട്ട് മതേതര ശക്തികൾ ആലസ്യത്തിലേക്കമരുന്നതാണ് ഇന്ത്യ കണ്ടത്. ഹിന്ദുത്വ ഭീഷണി ഒഴിഞ്ഞുപോയെന്ന കണക്കുകൂട്ടലിലായിരുന്നു മതേതരശക്തികൾ. സുപ്രധാനമായ പ്രത്യയശാസ്ത്ര യുദ്ധത്തിൽനിന്ന് മതേതരശക്തികൾ പിന്മാറി എന്നതാണ് ഇത്തേുടർന്നുണ്ടായ ദുരന്തം.
ഇതിന്റെ ഉത്തരവിദത്വത്തിൽനിന്നു കോൺഗ്രസിന് ഒഴിഞ്ഞുമാറാനാവുമോ? ഇന്ദിര ഗാന്ധിയുടെ കാലം മുതൽ കോൺഗ്രസ് ഹൈക്കമാന്റ് അധികാര കേന്ദ്രീകരണത്തിലാണ് ശ്രദ്ധിച്ചത്. പ്രാദേശിക നേതാക്കൾ ഒന്നടങ്കം പാർശ്വവത്കരിക്കപ്പെട്ടു. ഈ ഏകാധിപത്യ പ്രവണതയുടെ മേലല്ലേ ബി.ജെ.പി. അവരുടെ അജണ്ട കെട്ടിപ്പൊക്കിയത്?
ഈ അപചയത്തിന് വലിയൊരു പരിധി വരെ കോൺഗ്രസിന്റെ നയം കാരണമായിട്ടുണ്ട്. പക്ഷേ, മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്നു കൈ കഴുകാനാവില്ല. ബി.ജെ.പിയുമായി ആരൊക്കെ കൂട്ടുകൂടിയിട്ടുണ്ടോ അവരെല്ലാം തന്നെ ഈ തകർച്ചയ്ക്ക് ഉത്തരവാദികളാണ്. കോൺഗ്രസും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാളും ഒഴികെ ഏതാണ്ടെല്ലാ രാഷ്ട്രീയ പാർട്ടികളും ബി.ജെ.പിയുടെ വിളക്കത്ത് അത്താഴമുണ്ടിട്ടുള്ളവരാണ്. തങ്ങൾ ഏതു തരത്തിലുള്ള മൃഗവുമായാണ് കൂട്ടകൂടുന്നതെന്ന് അവർക്ക് ഒരു പിടിയുമുണ്ടായിരുന്നില്ല. ബി.ജെ.പിയാണെങ്കിലോ അതിസമർത്ഥമായാണ് ഓരോ ചുവടും മുന്നോട്ടുവെച്ചത്. ആദ്യം അവർ പറഞ്ഞിരുന്നത് തങ്ങളും മതേതര പാർട്ടിയാണെന്നാണ്. മറ്റുള്ളവർ വ്യാജ മതേതര പാർട്ടിയും ബി.ജെ.പി. യഥാർത്ഥ മതേതര പാർട്ടിയും എന്നായിരുന്നു വിവക്ഷ. അന്ന് മതേതര ശക്തികളായിരുന്നു രാഷ്ട്രീയ അജണ്ട നിശ്ചയിച്ചിരുന്നത്. രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്ര ബിന്ദു മതേതരത്വമായിരുന്നു. പക്ഷേ, ഇന്നിപ്പോൾ അതെല്ലാം മാറി. ഒരോ പാർട്ടിയും ഇന്ന് മത്സരിക്കുന്നത് തങ്ങളുടെ ഹിന്ദുമുദ്രകൾ തെളിയിക്കാനാണ്. താൻ പൂണൂൽധാരിയായ ബ്രാഹ്ണമനാണെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്.

മോദിയും ആർ.എസ്.എസും
ശശി തരൂരിന് അദ്ദേഹത്തിന്റെ പുസ്തകത്തിന് 'ഞാൻ എന്തുകൊണ്ട് ഹിന്ദുവാണ്?' എന്ന ശീർഷകം കൊടുക്കേണ്ടി വരുന്നു. ദേശീയ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളിലും ഡൽഹി കലാപത്തിലും എ.എ.പി. മൗനിയാവുന്നു. ഏതു പാർട്ടിയായാലും ഹിന്ദുത്വയാണ് അജണ്ട എന്നതാണവസ്ഥ. ആർ.എസ്.എസിനെ ആഹ്‌ളാദിപ്പിക്കുന്ന പരിണാമമല്ലേ ഇത്?

സംശയമുണ്ടോ? ഇവിടെ ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വർഗീയശക്തികൾ നേടിയ ഈ വിജയം നമ്മൾ ഒരിക്കലും ചെറുതാക്കി കാണരുത്. എത്രയോ ദീർഘകാലമായി അവർ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനത്തിന്റെ പരിസമാപ്തിയാണിത്. ആയിരക്കണക്കിന് സ്വയംസേവകരുടെ കഠിനാദ്ധ്വാനം നമ്മൾ കാണാതെ പോവരുത്. ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും കൃത്യവും സൂക്ഷ്മവുമായ പ്രവർത്തനമാണ് അവർ നടത്തിയത്. ഗാന്ധിവധത്തെ തുടർന്നുണ്ടായ തിരസ്‌കാരങ്ങളും വേട്ടയാടലുകളും ഒറ്റപ്പെടലും അവരെ തളർത്തിയില്ല. കാര്യമായ പ്രതിഫലമൊന്നുമില്ലാതെ തീർത്തും ലളിതമായ ആവശ്യങ്ങൾ മാത്രം നിറവേറ്റായാണ് ഈ സ്വയംസേവകർ ഹിന്ദുത്വയെ വളർത്തിയത്. ഇന്നിപ്പോൾ നമ്മുടെ പ്രതിപക്ഷ പാർട്ടികൾക്കാർക്കും തന്നെ ഇത്തരമൊരു പ്രവർത്തന മികവ് അവകാശപ്പെടാനാവില്ല. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് വിജയങ്ങൾ കൊണ്ടു മാത്രം മറികടക്കാനാവുന്ന ശക്തിയല്ല ഹിന്ദുത്വ എന്ന് ആവർത്തിച്ച് പറയേണ്ടി വരുന്നത്.
ഒരു തിരഞ്ഞെടുപ്പിൽനിന്ന് മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് യാന്ത്രികമായി പോകുന്നവരാണ് ബി.ജെ.പി. ഇതര രാഷ്ട്രീയ പാർട്ടികൾ. രാഷ്ട്രീയഫലം ശൂന്യതയിൽനിന്ന് ഉണ്ടാവുന്നതാണെന്ന ധാരണയിലാണ് ഇവർ കഴിഞ്ഞുകൂടുന്നത്. സാമൂഹിക, സാമ്പത്തിക കാരണങ്ങളുടെ ഫലമായാണ് രാഷ്ട്രീയത്തിൽ മാറ്റങ്ങളുണ്ടാവുന്നത്. കുറുക്കുവഴികളിലൂടെ ഇതിനൊക്കെ പരിഹാരമുണ്ടാക്കാനാവും എന്ന് കരുതുകയാണെങ്കിൽ നമ്മുടെ റിപ്പബ്ലിക്കിനെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാണ്.
താങ്കളുടെ നിരീക്ഷണങ്ങൾ എന്നെ ഗുജറാത്ത് മുൻ ഡി.ജി.പി. ആർ.ബി. ശ്രീകുമാറുമായുള്ള ഒരു സംഭാഷണം ഓർമ്മിപ്പിക്കുന്നു. ഗുജറാത്ത് കലാപങ്ങളുടെ ദീർഘകാല ആഘാതം മുൻകൂട്ടിക്കാണാനാവാതെ പോയ കോൺഗ്രസിന്റെ വീഴ്ചയാണ് ദേശീയ നേതാവെന്ന നിലയിലേക്കുള്ള മോദിയുടെ പരിണാമത്തിന് വഴിയൊരുക്കിയതെന്നാണ് ആർ.ബി.എസ്. പറഞ്ഞത്. താങ്കൾ ഇതിനോട് യോജിക്കുന്നുണ്ടോ?
ഗുജറാത്ത് കലാപം കോൺഗ്രസ് ഗൗരവമായി കണ്ടില്ല. ഗോധ്ര തീവണ്ടി അപകടവുമായി ബന്ധപ്പെട്ടുള്ള ദുരൂഹത നീക്കാൻ അവർക്ക് കഴിഞ്ഞില്ല.ആദ്യ യു.പി.എ. മന്ത്രിസഭയിൽ റെയിൽവെ വകുപ്പ് കൈകാര്യം ചെയ്ത ലാലുപ്രസാദ് യാദവ് ഗോധ്ര അപകടം അന്വേഷിക്കാൻ നിയമിച്ച ജസ്റ്റിസ് ബാനർജി കമ്മീഷന്റെ റിപ്പോർട്ട് വെളിയിൽ വന്നില്ല. കീഴടങ്ങുന്നതിന്റെ ആദ്യ സൂചനകളിലൊന്നായിരുന്നു അത്. വാസ്തവത്തിൽ അത് നേരത്തെ തുടങ്ങിയിരുന്നു. 1986-ൽ ബാബറി മസ്ജിദ് ഹിന്ദുത്വവാദികൾക്ക് തുറന്നുകൊടുത്തതും 89-ൽ രാജിവ് ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണം അയോദ്ധ്യയിൽനിന്നു തുടങ്ങിയതും ഓർക്കുന്നില്ലേ.
2001-ൽ ഗുജറാത്തിലേക്ക് മോദി മുഖ്യമന്ത്രിയായി എത്തുന്നത് ആർ.എസ്.എസിന്റെ ഒരു മെഗാ പദ്ധതിയുടെ ഭാഗമായിരുന്നെന്ന് നിരീക്ഷണമുണ്ട്. താങ്കൾക്ക് അങ്ങിനെ തോന്നുന്നുണ്ടോ?
അതിനെക്കുറിച്ച് നേരിട്ടുള്ള വിവരമൊന്നും നമുക്ക് മുന്നിൽ ഇല്ല. എന്നാൽ, പിന്നീടുണ്ടായിട്ടുള്ള സംഭവവികാസങ്ങൾ മൊത്തത്തിൽ പരിശോധിച്ചാൽ അതിലൊരു യുക്തിയുണ്ടെന്ന് കാണാം. ആ നിരീക്ഷണത്തിൽ ഒരു കഴമ്പുള്ളതുപോലെയാണ് തോന്നുക. ആർ.എസ്.എസിന്റെ തന്ത്രങ്ങൾ അത്രയധികം ആസൂത്രിതമാണ്. 2014-ൽ ബി.ജെ.പി. ഹിന്ദുത്വയെക്കുറിച്ച് മിണ്ടിയിരുന്നില്ലെന്ന് മറക്കരുത്. വികസനമായിരുന്നു അന്നവരുടെ മുദ്രാവാക്യം. എല്ലാവരും ഉൾപ്പെടുന്ന വളർച്ചയെക്കുറിച്ചാണ് മോദി അന്ന് സംസാരിച്ചിരുന്നത്. റോക്കറ്റ് വിക്ഷേപണത്തിന്റെ രൂപകമാണ് ഇതെക്കുറിച്ച് പറയാൻ ഞാൻ എന്റെ പുസ്തകത്തിൽ ഉപയോഗിച്ചിട്ടുള്ളത്. അവരുടെ ശരിക്കുള്ള പേടകം ഹിന്ദുത്വ ആയിരുന്നു. അത് വിക്ഷേപിക്കാനുള്ള വാഹനം മാത്രമായിരുന്നു വികസന മുദ്രാവാക്യം. ശരിക്കുള്ള പേടകം ബഹിരാകാശത്തേക്കെത്തുന്നതോടെ വിക്ഷേപണ വാഹനം ചിന്നിച്ചിതറും. അതുതന്നെയാണ് ഇന്ത്യയിലുമുണ്ടായത്. ഹിന്ദുത്വ വിജയകരമായി വിക്ഷേപിക്കപ്പെട്ടതോടെ വികസനം പെരുവഴിയിലായി. ഒഡിഷയിൽ 300 പേരുടെ ജീവൻ തീവണ്ടി അപകടത്തിൽ പൊലിഞ്ഞത് ഇവരെ വിഷമിപ്പിക്കുന്നില്ല. റെയിൽവെ മന്ത്രിക്ക് ഒരു തരത്തിലുള്ള ഉത്തരവാദിത്വവും ഈ അപകടത്തിൽ ഇല്ല. അദ്ദേഹം മിടുക്കനായ ടെക്നൊക്രാറ്റാണെന്നും ജോലിയിൽ തുടരണമെന്നുമാണ് ഭക്തർ പറയുന്നത്. അപ്പോൾ പിന്നെ അപകടത്തിന്റെ ഉത്തരവാദിത്വം ആരാണേറ്റെടുക്കുക? ദുരന്തസ്ഥലത്ത് എത്തുന്ന മന്ത്രി ആദ്യം ചെയ്യുന്നത് ഭാരത് മാതാ കി ജയ് എന്ന് വിളിക്കുകയാണ്. ഒരു വൻ അപകടത്തോട് ബി.ജെ.പി. പ്രതികരിക്കുന്നത് ഇങ്ങനെയൊക്കെയാണ്.

തകരുന്ന സമ്പദ് മേഖല
ഇന്ത്യയിൽ നിക്ഷേപം ഇറക്കുന്നതിന് സ്വകാര്യ മേഖല മടിക്കുകയാണെന്ന് താങ്കൾ പറയുകയുണ്ടായി. എന്നാൽ മോദി ഭരണകൂടം ഇടക്കാലത്ത് പറഞ്ഞത് ചൈനയിൽനിന്നു പല ആഗോള വ്യവസായശാലകളും ഇന്ത്യയിലേക്ക് വരുമെന്നാണ്. പക്ഷേ, ഈ അവകാശവാദം യാഥാർത്ഥ്യമാവുന്നത് കണ്ടില്ല. എന്താവാം ഇതിന്റെ കാരണം?
ഇന്ത്യയിലെ നിലവിലുള്ള വ്യവസ്ഥയിൽ ഫോറിൻ ഇൻസ്റ്റിറ്റിയൂഷനൽ ഇൻവെസ്റ്റേഴ്സ് സംതൃപ്തരല്ല. രണ്ടാമത്തെ കാരണം വിദഗ്ധരായ തൊഴിലാളികളുടെ ക്ഷാമമാണ്. ഇതിനെക്കുറിച്ച് എന്റെ പുസ്തകത്തിൽ ഒരദ്ധ്യായം തന്നെയുണ്ട്. ഇന്ത്യൻ ജനതയിൽ 54% പേരും 25 വയസ്സിൽ താഴെയുള്ളവരാണ്. പക്ഷേ, ഇവരിൽ ഭൂരിപക്ഷവും നൈപുണ്യത്തിൽ(skill) പിന്നാക്കമാണ്. നമ്മുടെ തൊഴിൽസേനയിൽ വെറും അഞ്ച് ശതമാനത്തിന് മാത്രമേ ഏതെങ്കിലും ഒരു തൊഴിലിൽ വൈദഗ്ധ്യമുള്ളു. ഇംഗ്ളണ്ടിൽ ഇത് 65 ശതമാനവും ജർമ്മനിയിൽ 75 ശതമാനവും അമേരിക്കയിൽ 52 ശതമാനവും ജപ്പാനിൽ 80 ശതമാനവും ദക്ഷിണ കൊറിയയിൽ 96 ശതമാനവുമാണ്. അടിസ്ഥാന സൗകര്യ മേഖലയിൽ 2022-നുള്ളിൽ രാജ്യത്ത് വിദഗ്ധരായ 15 കോടി തൊഴിലാളികളുടെ അഭാവം ഉണ്ടായിട്ടുള്ളതായാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നത്. വാഹന നിർമ്മാണ മേഖലയിൽ മൂന്നരക്കോടി വിദഗ്ധ തൊഴിലാളികളുടെ കുറവുണ്ട്. അതായത് നമ്മുടെ തൊഴിലാളികളിൽ യുവാക്കളുടെ എണ്ണം ഏറുമെങ്കിലും അതുകൊണ്ട് വലിയ പ്രയോജനമൊന്നും ഇന്ത്യയ്ക്കുണ്ടാവാൻ പോവുന്നില്ല. അതായത് ജനസംഖ്യാ ശാസത്രപരമായ മെച്ചം വെറുതെയാവുന്നു. ഭരണപരവും രാഷ്ട്രീയപരവുമായ സുസ്ഥിരത വെറുതെയാവുന്നു. തുടർച്ചയായിക്കിട്ടിയ ജനവിധികൾ പാഴാവുന്നു. ഒമ്പത് വർഷം തുടർച്ചയായി ഭരിക്കാനായിട്ടും മോദി സർക്കാരിന് രാജ്യത്തിനായി ഒന്നും ചെയ്യാനാവുന്നില്ല. ചൈനയിൽനിന്നു വ്യവസായങ്ങൾ ഇങ്ങോട്ടേക്കൊഴുകുമെന്ന് വെറുതെ പറഞ്ഞതുകൊണ്ടായില്ല. അതിനുള്ള വിദഗ്ധ തൊഴിലാളികളില്ലാതെ എങ്ങിനെയാണ് ഈ വ്യവസായങ്ങൾ ഇവിടെ അതിജീവിക്കുക.
മോദി ഭരണകൂടം ഏഴരക്കോടി ആളുകളെയാണ് ദാരിദ്ര്യരേഖയ്ക്ക് കീഴിലേക്ക് തള്ളിയിട്ടത്. കോവിഡാണിതിന് കാരണമെന്നാണ് സർക്കാരിന്റെ തലപ്പത്തിരിക്കുന്നവർ പറയുന്നത്. ചൈനയിൽ കോവഡിന്റെ ആക്രമണം ഇതിലും മാരകമായിരുന്നു. അവിടെ ലോക്ക്ഡൗണും കൂടുതൽ കർശനമായിരുന്നു. എന്നിട്ടും ചൈനയിൽ ഒരു കോടി ആളുകൾ മാത്രമാണ് ദാരിദ്ര്യരേഖയ്ക്ക് താഴേക്ക് എത്തപ്പെട്ടത്. 120 ശതകോടീശ്വരന്മാർ ഉണ്ടായില്ലേയെന്നാണ് മോദി ഭരണകൂടം ചോദിക്കുന്നത്. എന്റെ ചോദ്യം ദാരിദ്ര്യരേഖയിലേക്ക് പുതുതായി എത്തിച്ചേർന്ന ഏഴരക്കോടി ജനങ്ങളെക്കുറിച്ചാണ്.
ജി.എസ്.ടി.(ചരക്ക് സേവന നികുതി) നടപ്പാക്കിയതോടെ പരോക്ഷ നികുതി കൊടുക്കേണ്ടി വരുന്ന പാവപ്പെട്ടവരുടെ എണ്ണം കൂടി. അതേസമയം കോർപറേറ്റ് നികുതി മോദി ഭരണകൂടം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ബാൽക്കണിയിൽനിന്ന് ബാൽക്കണിയിലേക്ക് നോക്കി സംസാരിക്കുന്ന, പണക്കാർക്ക് വേണ്ടിയുള്ള ഭരണകൂടമാണിതെന്ന വിമർശത്തെക്കുറിച്ച് എന്ത് പറയുന്നു?
പരോക്ഷ നികുതിയിലുള്ള വർദ്ധന പാവപ്പെട്ടവരെയാണ് കൂടുതൽ ബുദ്ധിമുട്ടിക്കുക. സാധാരണക്കാർ നികുതി അടയ്ക്കുന്നില്ലെന്ന പ്രചാരണം വെറും തട്ടിപ്പാണ്. ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരും നികുതി കൊടുക്കുന്നുണ്ട്. പണക്കാരേക്കാൾ പാവപ്പെട്ടവരാണ് കൂടുതൽ നികുതി അടയ്ക്കുന്നത്. പണക്കാർ കൂടുതൽ പണക്കാരാവട്ടേയെന്നും കൂടുതൽ സമ്പത്ത് സ്വരൂപിക്കപ്പെടട്ടെയെന്നും അതോടെ പാവങ്ങളിലേക്ക് പതുക്കെ സമ്പത്ത് അരിച്ചിറങ്ങുമെന്നുമാണ് നവ ഉദാരവത്കരണ സാമ്പത്തിക ശാസ്ത്രവാദികൾ പറയുന്നത്. വാഷിംഗ്ടണിലുണ്ടാക്കിയ ഈ സമവായം തകർന്നുകഴിഞ്ഞു. നിയോ ലിബറൽ സാമ്പത്തികനയം തീർത്തും അപ്രസക്തമായ കഴിഞ്ഞതായി ഇതിന്റെ പ്രചാരകരോട് നമ്മൾ പറയുക തന്നെ വേണം. അല്ലെങ്കിൽ പിന്നെ സമ്പദ് മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ട്രമ്പ് ഒരു ട്രില്യൺ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചതെന്തിനാണ്. വിപണി വിപണിയെ സംരക്ഷിച്ചുകൊള്ളുമെന്ന മുദ്രാവാക്യം അതിന്റെ പ്രയോക്താക്കൾ തന്നെ വലിച്ചെറിയുന്ന കാഴ്ചയായിരുന്നു അത്. ഈ സാമ്പത്തിക നയത്തിന്റെ രാഷ്ട്രീയ പങ്കാളിയാണ് ഹിന്ദുത്വ. ഹിന്ദു ഭൂരിപക്ഷം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന സിദ്ധാന്തം.

സംസാരിച്ചു കഴിഞ്ഞാലും സ്വാതന്ത്ര്യം വേണം
സാമ്പത്തിക തത്വശാസ്ത്രത്തിന്റെ കാര്യത്തിൽ ബി.ജെ.പിയിലുള്ള ആശയക്കുഴപ്പത്തെക്കുറിച്ച് താങ്കൾ പറയുകയുണ്ടായി. പഷേ, കൂടുതൽ ആഴത്തിൽ പരിശോധിക്കുമ്പോൾ ബി.ജെ.പിക്ക് ഇക്കാര്യത്തിൽ നല്ല വ്യക്തതയുണ്ടെന്നും അവർ ചെയ്യുന്നത് എന്താണെന്ന് അവർക്ക് നന്നായി അറിയാമെന്നുമല്ലേ തെളിയുന്നത്?
സുദൃഡമായ ഒരു സാമ്പത്തിക ശാസ്ത്രപദ്ധതി അവർക്കില്ലെന്നാണ് ഞാൻ പറയുക. 1980-കളിൽ ബി.ജെ.പി. രൂപം കൊണ്ടപ്പോൾ അവർ പറഞ്ഞത് ഗാന്ധിയൻ സോഷ്യലിസമാണ് വഴികാട്ടിയെന്നാണ്. കുറച്ചു കഴിഞ്ഞപ്പോൾ അവർ അത് വിട്ടു. 1990-കളിൽ നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങൾക്ക് എതിരായിരുന്നു ബി.ജെ.പി. ഇന്നിപ്പോൾ പ്രധാനമന്ത്രി മോദി പറയുന്നത് ഭരണകൂടത്തിന് ബിസിനസിൽ പങ്കൊന്നുമില്ലെന്നാണ്. എല്ലാം സ്വകാര്യവത്കരിക്കുക എന്നതാണ് ഇപ്പോഴത്തെ നയം. സ്വകാര്യവത്കരണം സാമ്പത്തിക പരിഷ്‌കാരമല്ല. വൈശാഖ സ്റ്റീൽ നന്നായി പ്രവർത്തിക്കുന്നില്ലെങ്കിൽ അതിനെ പരിഷ്‌കരിക്കാൻ നടപടി എടുക്കണം. അതിന് പകരം അത് വിൽക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുന്നത് പരിഷ്‌കാരമല്ല. സുപ്രധാന വ്യവസായ മേഖലകളിൽനിന്ന് സർക്കാർ പുറത്തു കടക്കുന്നത് സാമ്പത്തിക പരിഷ്‌കാരമാണെന്നാണ് മോദി ഭരണകൂടം പറയുന്നത്. നാളെ അവർ പ്രതിരോധ മേഖലയും സ്വകാര്യവത്കരിച്ചേക്കും. 2024-ലും ഇവർ തന്നെ ഭരണം പിടിച്ചാൽ അത് ഇന്ത്യയ്ക്ക് താങ്ങാനാവില്ല. ഈ പറയുന്നത് അതിശയോക്തിയാണെന്ന് കരുതരുത്. ഇന്നിപ്പോൾ ധർമ്മ സൻസദ് നടത്തുന്ന വംശഹത്യയ്ക്കുള്ള ആഹ്വാനം നാളെ ചെങ്കോട്ടയിൽനിന്ന് കേട്ടാൽ ഞെട്ടരുത്. അതിനുള്ള പരിസരമാണ് ഇവിടെ ഒരുങ്ങുന്നത്.
ബി.ജെ.പിയുടെ കൂടെക്കൂടി ആ പാർട്ടിക്ക് പൊതുസമ്മതി നൽകിയതിന് താങ്കൾ ഇതര രാഷ്ട്രീയ പാർട്ടികളെ വിമർശിക്കുകയുണ്ടായി. പക്ഷേ, താങ്കളും ഇടക്കാലത്ത് ബി.ജെ.പിക്കൊപ്പമുണ്ടായിരുന്നു. എന്തുകൊണ്ടാണ് താങ്കൾ ബി.ജെ.പിയിലേക്ക് പോയത്?
കോൺഗ്രസിൽനിന്ന് എനിക്ക് പുറത്തുപോവേണ്ടി വന്നതാണ് ഒരു കാരണം. അന്ന് ഏതെങ്കിലും ഒരു പ്രാദേശിക പാർട്ടിയിൽ ചേരാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. ഇന്നത്തെ ബി.ജെ.പി. ആയിരുന്നില്ല അന്നത്തെ ബി.ജെ.പിയെന്നും ഓർക്കേണ്ടതുണ്ട്. ഹിന്ദുത്വ ആയിരുന്നില്ല അന്ന് ബി.ജെ.പിയുടെ കൊടിയടയാളം. വാജ്പേയിക്ക് കീഴിൽ ബി.ജെ.പി. നെഹ്രുവിയൻ സോഷ്യലിസമാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു പ്രചാരണം. ഇതിന്റെ അർത്ഥം എനിക്ക് തെറ്റുപറ്റിയിട്ടില്ല എന്നല്ല.
നരിസിംഹ റാവുവുമായി താങ്കൾക്കുണ്ടായിരുന്ന അടുപ്പവും കോൺഗ്രസ് വിട്ടുപോകുന്നതിന് കാരണമായോ?
റാവുവും കോൺഗ്രസ് ഹൈക്കമാന്റും തമ്മിൽ അകന്നതോടെ റാവുവിന്റെ കൂടെയുണ്ടായിരുന്ന ഞങ്ങളും ഹൈക്കമാന്റിന്റെ നോട്ടപ്പുള്ളികളായി. കോൺഗ്രസിനുള്ളിൽ ഞങ്ങൾ ഒറ്റപ്പെടുത്തപ്പെട്ടു. ഇതേത്തുടർന്നാണ് ഞങ്ങൾക്ക് കോൺഗ്രസ് വിട്ടുപോകേണ്ടി വന്നത്. ബി.ജെ.പിയുടെ തനിനിറം മനസ്സിലായതോടെ ഞാൻ അവിടെനിന്നു പുറത്തു കടന്നു. പക്ഷേ, പ്രജാരാജ്യം എന്ന പാർട്ടിയിലൂടെ കോൺഗ്രസിനും ബി.ജെ.പിക്കും ബദലുണ്ടാക്കാനുള്ള ഞങ്ങളുടെ ശ്രമം വിജയിച്ചില്ല.
സംസാര സ്വാതന്ത്ര്യം എന്ന് പറയുന്നത് സംസാരിക്കാനുള്ള സ്വാതന്ത്ര്യം മാത്രമല്ലെന്നും സംസാരിച്ചു കഴിഞ്ഞും നിർഭയം ജീവിക്കാനുള്ള സ്വാതന്ത്ര്യമാണെന്നും താങ്കൾ ചില അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഈ പുസ്തകം പ്രസിദ്ധീകരിച്ചതിനു ശേഷം താങ്കളുടെ ജീവിതം എങ്ങിനെയാണ്?
ഈ പുസ്തകം പ്രസിദ്ധീകരിക്കുക എളുപ്പമായിരുന്നില്ല. പുസ്തകത്തിൽ താൽപര്യം പ്രകടിപ്പിച്ച പ്രസിദ്ധീകരണ ശാലകൾ പുസ്തകത്തിന്റെ ഉള്ളടക്കം എന്താണെന്നറിഞ്ഞപ്പോൾ പിൻമാറി. പ്രസിദ്ധീകരിക്കാൻ പറ്റില്ല എന്ന് അവരാരും പറഞ്ഞില്ല. പകരം, ഇപ്പോൾ പറ്റില്ലെന്നും കുറച്ചു കഴിഞ്ഞാകാം എന്നുമൊക്കെയായിരുന്നു പ്രതികരണം. ഒരു കൂട്ടർ പറഞ്ഞത് 2024 വരെ കാത്തിരിക്കാനാണ്. ഒടുവിലാണ് ഇപ്പോഴത്തെ പ്രസാധകർ സധൈര്യം മുന്നോട്ടു വന്നത്. പ്രസിദ്ധീകരിച്ചതിന് ശേഷം അവിടെനിന്നും ഇവിടെനിന്നുമൊക്കെ ഭീഷണിയുടെ സ്വരത്തിലുള്ള ചില വിളികളും സന്ദേശങ്ങളുമുണ്ടായിരുന്നു. അഭിനന്ദനങ്ങൾ ധാരാളമായി വന്നു. ബി.ജെ.പിക്കുള്ളിൽ നിന്നു പോലും പ്രശംസിക്കാൻ ആളുണ്ടായി എന്നതാണ് വാസ്തവം. ഞങ്ങളുടെയൊക്കെ മനസ്സിലുള്ളതാണ് താങ്കൾ വിളിച്ചു പറയുന്നതെന്നാണ് അവർ പറഞ്ഞത്.

വിമർശനം അവകാശമാണ്
ഇക്കഴിഞ്ഞ ഒമ്പത് വർഷക്കാലം മോദി ഭരണകൂടം ചെയ്തതായി അവർ പ്രചരിപ്പിക്കുന്ന സംഗതികൾ മുഖവിലയ്‌ക്കെടുക്കാൻ തയ്യാറല്ലെന്ന് താങ്കൾ വ്യക്തമാക്കുന്നുണ്ട്. വസ്തുതകളും വിവരങ്ങളും നിരത്തിയാണ് താങ്കൾ മോദി ഭരണകൂടത്തെ പൊളിച്ചടുക്കുന്നത്. പക്ഷേ, താങ്കളുടെ വിമർശങ്ങൾ അവഗണിക്കുക എന്ന സമീപനമാണ് മോദി ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്?
ഇതിന് മുഖ്യമായും കാരണങ്ങൾ രണ്ടാണ്. ഒന്നാമത്തേത്, ഒരു വിമർശവും ബാധിക്കാത്ത വിധം ശക്തരാണ് തങ്ങളെന്ന് അവർ കരുതുന്നുണ്ടാവാം. രണ്ടാമത്തേത് ഞാൻ അവർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയല്ല ചെയ്തിട്ടുള്ളത്. വസ്തുതകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ഇന്ത്യയുടെ യഥാർത്ഥ അവസ്ഥ തുറന്നുകാട്ടുകയാണ് ചെയ്തിട്ടുള്ളത്. യുവാക്കളുടെ തൊഴിലില്ലായ്മ 23 ശതമാനമാണെന്ന് ഞാൻ പറയുന്നത് തെറ്റാണെങ്കിൽ അവർ തെളിയിക്കട്ടെ. വിദഗ്ധരായ തൊഴിലാളികളുടെ ക്ഷാമം എങ്ങിനെയാണ് ഇന്ത്യയുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതെന്ന് ഞാൻ പറയുന്നത് തെറ്റാണെങ്കിൽ അവർ തെളിയിക്കട്ടെ. സ്വകാര്യ മേഖലയിൽ നിക്ഷേപം കുറയുകയാണെന്നതും തെറ്റാണെങ്കിൽ അവർ തെളിയിക്കട്ടെ. ഇതിനൊന്നും അവർക്ക് കഴിയില്ല. വംശഹത്യയ്ക്കായുള്ള ധർമ്മ സൻസദിന്റെ ആഹ്വാനത്തിനെതിരെ ഇതുവരെ ബി.ജെ.പിയുടെ ഒരു ഭാഗത്തുനിന്നും പ്രതികരണമുണ്ടായിട്ടില്ല. അപ്പോൾ പിന്നെ, എന്റെ പുസ്തകത്തിലെ വസ്തുതകളോട് അവർ എങ്ങിനെയാണ് പ്രതികരിക്കുക? ഞാൻ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ അവർ അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണ് അവരുടെ മൗനം. സർക്കാർ വിരുദ്ധ പ്രചാരണമല്ല ഞാൻ നടത്തുന്നത്. രാജ്യത്തെക്കുറിച്ചുള്ള എന്റെ ആശങ്കകളാണ് ഞാൻ മുന്നോട്ടു വെയ്ക്കുന്നത്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന തത്വങ്ങളിൽനിന്ന് ഈ ഭരണകൂടം എത്രമാത്രം അകലേയ്ക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്നാണ് ഞാൻ വ്യക്തമാക്കുന്നത്.
സ്വാതന്ത്ര്യ സമരത്തിൽനിന്ന് രൂപമെടുത്തതാണ് നമ്മുടെ റിപ്പബ്ലിക്കിന്റെ അടിസ്ഥാന തത്വങ്ങൾ. രാജ്യത്തിന്റെ മോചനത്തിനായുള്ള സമരത്തിൽ ഒരു പങ്കുമില്ലാതിരുന്നവരാണ് ഇപ്പോൾ സ്വയം രാജ്യസ്നേഹികളെന്ന് വിശേഷിപ്പിക്കുന്നത്. ഇതിലും വലിയ വിരോധാഭാസം മറ്റെന്താണുള്ളത്! നിങ്ങൾക്ക് ക്വിറ്റ് ഇന്ത്യ മൂവ്മെന്റിൽ ഒരു പങ്കുമുണ്ടായിരുന്നില്ല. ചമ്പാരൻ സമരത്തിൽ ഒരു പങ്കുമുണ്ടായിരുന്നില്ല. വാസ്തവത്തിൽ നിങ്ങൾ നിലയുറപ്പിച്ചത് ബ്രിട്ടീഷുകാർക്കൊപ്പമാണ്. എന്നിട്ട് ഇന്നിപ്പോൾ നിങ്ങൾ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയവരെ ഏറ്റെടുക്കാൻ ശ്രമിക്കുന്നു. സർദാർ പട്ടേലിനെയും നേതാജി സുഭാഷ് ചന്ദ്ര ബോസിനെയും നിങ്ങൾ സ്വന്തമാക്കാൻ നോക്കുന്നു. ഞങ്ങളെക്കുറിച്ച് നല്ലതൊന്നും തന്നെ പറയാനില്ലേ എന്നണവർ ചോദിക്കുന്നത്. ഈ രാജ്യത്ത് ശതകോടീശ്വരന്മാരുടെ എണ്ണം വർദ്ധിക്കുന്നത് കാണുന്നില്ലേ? എത്ര സ്റ്റാർട്ട്അപ്പുകളാണ് തുടങ്ങിയിരിക്കുന്നതെന്ന് കാണുന്നില്ലേ? ഇതെല്ലാം ഞാൻ കാണുന്നുണ്ട്. പക്ഷേ, എനിക്കിവരോട് പറയാനുള്ളത് കേരളത്തിൽനിന്നു ബിഹാർ വരെ നടന്നു പോകുന്ന കുടിയേറ്റ തൊഴാലിളകളേയും ഞാൻ കാണുന്നുണ്ടെന്നാണ്. ദാരിദ്ര്യരേഖയ്ക്കടിയിലേക്ക് തള്ളപ്പെടുന്ന ലക്ഷക്കണക്കിന് മനുഷ്യരേയും ഞാൻ കാണുന്നുണ്ട്. കാർഷിക വരുമാനം ഇരട്ടിയാക്കുമെന്ന മോദി സർക്കാരിന്റെ വീമ്പുപറച്ചിലിനിടയിലും കൃഷി നിർത്തുന്ന പതിനായിരങ്ങളേയും ഞാൻ കാണുന്നുണ്ട്. ഏറ്റവും അവസാനത്തെ മനുഷ്യന്റെയും പുരോഗതി- അന്ത്യോദയ- ആണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ദർശനം. ഓരോ മനുഷ്യന്റെ കണ്ണീരും തുടയ്ക്കുമെന്നാണ് ഗാന്ധിജി പറഞ്ഞത്. ഇതല്ല നിങ്ങളുടെ വിശ്വാസപ്രമാണമെങ്കിൽ ഗാന്ധി സന്ദേശയാത്ര നടത്താൻ നിങ്ങൾക്ക് ധാർമ്മികാവകാശമില്ല. നിങ്ങൾ ഇപ്പോൾ ഇന്ത്യയിൽ അമൃതകാലമാണെന്നു ്പറയുന്നു. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ ഇപ്പോഴും നിങ്ങൾക്കൊരു നിലപാടില്ലെന്നതാണ് സത്യം. ബ്രിട്ടീഷുകാർ നൽകിയ പേരുകളല്ല മുഗളർ ഇട്ട പേരുകളാണ് നിങ്ങൾ മായ്ക്കുന്നത്. ഇതല്ല ഡീകൊളോണിയലിസം.
താങ്കളുടെ വാദങ്ങൾക്കെതിരെ ബി.ജെ.പി. സർക്കാരിന് ഒരു വസ്തുതയും നിരത്താനില്ല. കഴിഞ്ഞ വർഷം മോദി സർക്കാരിനെ വിമർശിച്ച് താങ്കൾ ദ ഹിന്ദുവിൽ ഒരു ലേഖനം എഴുതിയിരുന്നു. എന്നാൽ ആഭ്യന്തരമന്ത്രി അമിത് ഷാ അതിനെ നിസ്സാരവത്കരിച്ചത് ഭാര്യയും ഭർത്താവും എല്ലാ കാര്യങ്ങളിലും യോജിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ്?
തങ്ങൾ ജനാധിപത്യ വിശ്വാസികളാണെന്നുള്ളതിന്റെ മുദ്രയായാണ് ഇക്കൂട്ടർ ഇതൊക്കെ ഉയർത്തിക്കാട്ടുന്നത്. എന്റെ വിമർശം കണ്ടില്ലെന്ന് നടിക്കാനാണ് അവർക്കിഷ്ടം. ഭരണകക്ഷിക്ക് നേരെ മാത്രമല്ല എന്റെ വിമർശം. പ്രത്യയശാസ്ത്രപരമായ പോരാട്ടത്തിൽനിന്നു വിട്ടു നിൽക്കുന്ന എല്ലാ പാർട്ടികളേയും ഞാൻ വിമർശിക്കുന്നുണ്ട്. നല്ലതൊന്നും കാണുന്നില്ലേ എന്ന ചോദ്യത്തിന് എനിക്ക് കൃത്യമായ മറുപടിയുണ്ട്. ഇടയ്ക്കെപ്പോഴെങ്കിലും പുകഴ്ത്തിക്കൊണ്ട് നിങ്ങളെ വിമർശിക്കാനുള്ള അവകാശം നേടുക എന്റെ ലക്ഷ്യമല്ല. ഭരണകൂടം തെറ്റു ചെയ്താൽ അതിനെ ചോദ്യം ചെയ്യുക എന്നത് ഒരു പൗരനെന്ന നിലയിൽ എന്റെ അടിസ്ഥാനപരമായ അവകാശമാണ്. അത് കിട്ടാനായി ആരെയും ഇടയ്ക്കൊന്ന് പുകഴ്ത്തേണ്ട ഒരു കാര്യവുമില്ല. മോദി ഭരണകൂടത്തെ പുകഴ്ത്താനും വാഴ്ത്താനും ഇവിടെ നൂറകണക്കിന് മാദ്ധ്യമങ്ങളുണ്ട്. അവർ അത് തുടരട്ടെ! എന്റെ ദൗത്യം വിമർശമാണ്. അത് ഞാൻ തുടരുക തന്നെ ചെയ്യും.

നമ്മുടെ റിപ്പബ്ലിക്കിനെ നാം രക്ഷിക്കണം
റഷ്യൻ വനിതയായ നിന പെബ്ലോവ്സ്‌കയെ ഉദ്ധരിച്ചുകൊണ്ടാണ് താങ്കൾ കോവിഡ് മഹാമാരിയെക്കുറിച്ചുള്ള ലേഖനം അവസാനിപ്പിക്കുന്നത്: ''അയാൾ ബാൽക്കണിയിൽ നിൽക്കുന്നു. എല്ലാവരും കൈയ്യടിക്കുന്നു, എല്ലാവർക്കുമറിയാം അയാൾ നുണ പറയുകയാണെന്ന്. ഇത് നമ്മൾക്കറിയാമെന്ന് അയാൾക്കുമറിയാം. എന്നിട്ടും അയാൾ നുണകൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു, എല്ലാവരും കൈയ്യടിക്കുന്നത് അയാളെ സന്തുഷ്ടനാക്കുന്നു.'' സ്റ്റാലിനെക്കുറിച്ചുള്ള ഈ നിരീക്ഷണം ഇന്ത്യൻ യാഥാർത്ഥ്യമാവുന്ന കാലം വിദൂരമല്ലെന്നാണ് താങ്കൾ പറയുന്നത്. അതിഭയങ്കരമായ ഇരുട്ടിലേക്കാണ് താങ്കൾ വിരൽ ചൂണ്ടുന്നത്?
ബെംഗളൂരുവിൽ മോദിയുടെ റോഡ്ഷോയിൽ അതല്ലേ നടന്നത്? ഇവരെ വെറുതെ വിട്ടാൽ ഇതെല്ലം വർദ്ധിക്കുകയേ ഉള്ളു. ബി.ജെ.പിക്കും സംഘപരിവാറിനും ഉള്ളിൽ ഇത്തരം പ്രവണതകൾ തടയുന്നതിനുള്ള ഒരു സംവിധാനവും ഞാൻ കാണുന്നില്ല. മോദി ഭരണകൂടത്തിനെതിരെ ഒരു വിമർശം പോലും ഇവിടെയെിരിടത്തും ഞാൻ കാണുന്നില്ല. ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങാതെ ഈ തെറ്റുകൾ തിരുത്താനാവില്ല.
ഹിന്ദുത്വ വാദികളിൽനിന്ന് ഒരു നന്മയും താങ്കൾ പ്രതീക്ഷിക്കുന്നില്ല. സംഘ പരിവാറിൽനിന്ന് വിവേകത്തിന്റെ ഒരു സ്വരവും ഉയരാനിടയില്ലെന്നാണോ താങ്കൾ വ്യക്തമാക്കുന്നത്?
അത്തരത്തിലുള്ള ഒരു നന്മയും ഇവരിൽനിന്ന് പ്രതീക്ഷിക്കരുത്. 1925-ലാണ് ആർ.എസ്.എസ്. സ്ഥാപിതമായത്. രണ്ട് കൊല്ലത്തിനപ്പുറം സംഘത്തിന്റെ ശതാബ്ധിയാണ്. അപ്പോഴേക്കും തങ്ങളുടെ ദൗത്യവും ലക്ഷ്യവും ഫലപ്രാപ്തിയിൽ എത്തിയിരിക്കണമെന്ന് അവർക്ക് നിർബ്ബന്ധമുണ്ട്.
ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനെക്കുറിച്ചാണോ താങ്കൾ സൂചിപ്പിക്കുന്നത്?
അതെ...! രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഇവരെ ഓർമ്മിപ്പിക്കുക തന്നെ വേണം. ചരിത്രത്തിൽ അനിവാര്യമായി ഒന്നുമില്ല. മനുഷ്യരുടെ ഇടപെടലാണ് എല്ലാം മാറ്റിത്തീർക്കുന്നത്. നമ്മുടെ ശക്തി നമ്മൾ കാണാതിരിക്കരുതെന്ന് ഞാൻ പറയുന്നത് അതുകൊണ്ടാണ്. നമ്മുടെ റിപ്പബ്ലിക്കിനെ രക്ഷിക്കേണ്ട ബാദ്ധ്യത നമ്മൾക്കുണ്ട്. തിരഞ്ഞെടുപ്പുകൾ ജയിക്കുന്നതിനെയും തോൽക്കുന്നതിനെയുംകുറിച്ചല്ല ഞാൻ പറയുന്നത്.
എന്റെ ഇപ്പോഴത്തെ ഡ്രൈവർ കുറച്ചു നാൾ മുമ്പാണ് വന്നത്. അദ്ദേഹത്തിന് ഹൈദരാബാദ് നഗരം ശരിക്കും അറിയില്ല. അതുകൊണ്ട് ഗൂഗിൾ മാപ്പിനെ ആശ്രയിച്ചാണ് യാത്ര. ഒരു ദിവസം ഗൂഗിൾ മാപ്പ് ഞങ്ങളെ ഒരു ചെറിയ വഴിയിലേക്കെത്തിച്ചു. കുറുക്കുവഴികളിലൂടെ പോവുക എന്നതാണ് ഗൂഗിൾ മാപ്പിന്റെ പൊതുനയം. അങ്ങിനെയാണ് ഞങ്ങളാ ഇടുങ്ങിയ വഴിയിലെത്തിയത്. ഇത്തരം വഴികളിൽ നടപ്പാതയുണ്ടാവില്ല. അതുകൊണ്ടുതന്നെ ആളുകൾ റോഡിലൂടെ തലങ്ങും വിലങ്ങും നടക്കും. അന്നേരം എന്റെ ഡ്രൈവർ പറഞ്ഞത് എന്നെ ഞെട്ടിച്ചു. ഇതൊരു മുസ്ലിം പ്രദേശമാണെന്നും അതുകൊണ്ടാണ് ആളുകൾ ഇങ്ങനെ പെരുമാറുന്നതെന്നുമാണ് ആ ചെറുപ്പക്കാരനായ ഡ്രൈവർ പറഞ്ഞത്. അയാൾ ബി.ജെ.പിക്കാരനാണെന്നോ ഏതെങ്കിലും ശാഖയിൽ പോകുന്നുണ്ടെന്നോ എനിക്ക് തോന്നുന്നില്ല. പക്ഷേ, അയാളുടെ മനസ്സിന്റെ ഉള്ളിന്റെയുള്ളിൽ വിഷം പടർന്നുകഴിഞ്ഞു. ഇത് നമ്മളെ പേടിപ്പിക്കണം. ഇത്തരത്തിലുള്ള സംഭാഷണങ്ങൾ ഇല്ലാതാക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്. വസ്ത്രം കണ്ടാൽ കലാപകാരികളെ തിരിച്ചറിയാമെന്ന പ്രഖ്യാപനം ഓർക്കുന്നില്ലേ! ഈ ആഹ്വാനങ്ങളോടാണ് നമ്മൾ പോരാടേണ്ടത്.
ഉണർന്നെഴുന്നെൽക്കണമെന്നാണ് താങ്കൾ പറയുന്നത്. രാജ്യത്തെ പൊതിഞ്ഞിരിക്കുന്ന അപകടം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഈ പുസ്തകത്തിലൂടെ താങ്കൾ മുന്നറിയിപ്പ് നൽകുന്നത്?
അതെ...! ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാവി നമ്മുടെ കൈയ്യിലാണ്. ഇപ്പോൾ നമ്മൾ ഉണർന്ന് പ്രവർത്തിക്കുന്നില്ലെങ്കിൽ അതിന് നമ്മൾ കൊടുക്കേണ്ടി വരുന്ന വില വല്ലാതെ വലുതായിരിക്കും.
Content Highlights: Parakala Prabhakar, Narendra Mdoi, BJP Government, RSS, Econocic Crisis, KA Johny
Published: 10 Jul 2023, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented