
''ഏയ്... സൂര്യ കൃഷ്ണമൂര്‍ത്തി...'' അച്ഛനെ നോക്കി അന്നാദ്യമായി ആ പേര് വിളിക്കുമ്പോള്‍ അവളുടെ നിഷ്‌കളങ്കമായ മുഖത്ത് സങ്കടവും ദേഷ്യവും ഒരുപോലെ ഇടകലര്‍ന്നു. അരങ്ങിനൊപ്പം സുദീര്‍ഘമായ സമയം പങ്കിട്ട് അര്‍ധരാത്രിയില്‍ വീടിന്റെ പടി കടന്നുവരുന്ന അച്ഛനെ കാത്ത് അമ്മയോടൊപ്പം അവളും അക്ഷമയോടെ ഉറക്കത്തെ പിടിച്ചുകെട്ടുമായിരുന്നു. അധ്യാപകരും കൂട്ടുകാരും പലപ്പോഴും ചോദിച്ചിട്ടുണ്ട്: ''സീതയുടെ അച്ഛന് എന്താണ് ജോലി?'' ആലോചിക്കാന്‍ ഒന്നുമില്ലാതെത്തന്നെ കുസൃതിയോടെ അവള്‍ മറുപടി പറയും: ''ടാഗോര്‍ തിയേറ്ററിലാണ് അച്ഛന് പണി.'' അപ്പോഴെല്ലാം അവളുടെ കാതുകളില്‍ ഒരു മണിയൊച്ച മുഴങ്ങും. ഒപ്പം, ഗാംഭീര്യമുള്ള ശബ്ദത്തില്‍ ഒരു അനൗണ്‍സ്മെന്റും. ''അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുകയായി. നാടക രചന- സംവിധാനം: എന്‍. കൃഷ്ണമൂര്‍ത്തി.'' എന്നും അവള്‍ ഉണരും മുന്‍പേ തുടങ്ങുന്നതാണ് അച്ഛന്റെ യാത്രകള്‍. എത്ര ഇരുട്ടിയാലും വീട്ടിലേക്ക് മടങ്ങിയെത്തുന്ന അച്ഛന്റെ കൈയില്‍ മകള്‍ക്കുവേണ്ടി കരുതിയ സ്‌നേഹം എന്നുമുണ്ടാകും. മിഠായിയോ കളിപ്പാട്ടമോ പുത്തനുടുപ്പോ... എന്തെങ്കിലും. അച്ഛനെ കാത്ത് ഉറങ്ങാതെയിരിക്കുന്ന അവളുടെ കുഞ്ഞുമിഴികളില്‍ അച്ഛന്‍ കൊണ്ടുവരുന്ന വര്‍ണപ്പാവകള്‍ നൃത്തംചെയ്തുതുടങ്ങിയിട്ടുണ്ടാവും. അന്നൊരു രാത്രി അച്ഛന്‍ വളരെ ക്ഷീണിതനായാണ് വീട്ടിലെത്തിയത്: ''അച്ഛാ... എനിക്കെന്താ അച്ഛന്‍ കൊണ്ടുവന്നത്...'' അടുത്തദിവസം പുതിയ നാടകത്തിന്റെ അരങ്ങേറ്റമാണ്. തിരക്കിനിടയില്‍ മകള്‍ക്കുള്ള സമ്മാനം വാങ്ങാന്‍ വിട്ടുപോയി. അന്നാദ്യമായാണ് കൃഷ്ണമൂര്‍ത്തി മകളെ മറന്നുപോയത്. നാടകം ജീവവായുവാക്കിയ ഒരു കലാകാരന്‍ വീട്ടില്‍ അടുപ്പുപുകഞ്ഞിട്ട് മൂന്നുദിവസമായെന്ന് കൃഷ്ണമൂര്‍ത്തിയോട് പറഞ്ഞ ദിവസമായിരുന്നു അത്. ആ കലാകാരന്റെ വിശന്നുകരയുന്ന മകളുടെ മുഖം മനസ്സിലേക്ക് തീമഴപോലെ വര്‍ഷിക്കുമ്പോള്‍ എങ്ങനെയാണ് സ്വന്തം മകള്‍ക്ക് മധുരം വാങ്ങിക്കൊണ്ടുവരുന്നത്. ''അച്ഛന്‍ മറന്നുപോയി മോളേ... നാളെ വാങ്ങിക്കൊണ്ടുവരാം.'' കൃഷ്ണമൂര്‍ത്തിക്ക് നേര്‍ക്കുള്ള അവളുടെ നോട്ടത്തില്‍ സങ്കടത്തിന്റെ കടലിരമ്പിയെത്തി. ''അച്ഛന്‍ നാളെ മറക്കാതെ...'' -മൂര്‍ത്തിയുടെ വാക്കുകളെ മുറിച്ചുകൊണ്ട് അവള്‍ പറഞ്ഞു: ''ഏയ്... സൂര്യ കൃഷ്ണമൂര്‍ത്തി...''
- ''അന്നവള്‍ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. സാധാരണ അച്ഛന്‍ മക്കള്‍ക്കാണ് പേരിടുക, പക്ഷേ, എന്നെ സൂര്യ കൃഷ്ണമൂര്‍ത്തി എന്ന് ആദ്യമായി വിളിച്ചത് അവളായിരുന്നു. എന്റെ സീത.'' അടുത്തദിവസം നാടകത്തിന്റെ അരങ്ങേറ്റത്തിനുമുമ്പ് കൃഷ്ണമൂര്‍ത്തി ടാഗോറിലേക്ക് എത്തിയത് മനോഹരമായ രണ്ട് വര്‍ണപ്പാവകളുമായാണ്. ആദ്യബെല്‍ മുഴങ്ങുമ്പോള്‍ തിയേറ്ററിന്റെ മുന്‍സീറ്റില്‍ ഇരുന്ന രണ്ടു പെണ്‍കുട്ടികള്‍ക്കും അദ്ദേഹം ആ സമ്മാനം നല്‍കി. സ്വന്തം മകള്‍ സീതയ്ക്കും പിന്നെ നാടകത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച, വീട്ടില്‍ കഞ്ഞിവെച്ചിട്ട് മൂന്നുദിവസമായി എന്ന് പറഞ്ഞ ആ നടന്റെ മകള്‍ക്കും. അച്ഛന്‍ സുഹൃത്തിന്റെ മകള്‍ക്ക് ആ സമ്മാനം നല്‍കുമ്പോഴും സീത പറഞ്ഞു: ''സൂര്യ കൃഷ്ണമൂര്‍ത്തി...'' പക്ഷേ, അന്നേരം സീതയുടെ മുഖത്ത് അതിയായ സ്‌നേഹവും സന്തോഷവും നിറയുന്നുണ്ടായിരുന്നു... ആ ആനന്ദത്തില്‍ കൃഷ്ണമൂര്‍ത്തി അരങ്ങിലേക്ക് തിരികെ നടക്കുമ്പോള്‍ സദസ്സ് പറയുന്നുണ്ടായിരുന്നു: ''അതാ...സൂര്യ കൃഷ്ണമൂര്‍ത്തി.'' അപ്പോഴേക്കും നാടകം തുടങ്ങാനുള്ള അടുത്ത ബെല്ലും മുഴങ്ങിയിരുന്നു.
നടരാജന്‍ കൃഷ്ണമൂര്‍ത്തിയില്‍നിന്ന് സൂര്യ കൃഷ്ണമൂര്‍ത്തിയിലേക്കുള്ള പ്രയാണത്തെ എങ്ങനെയാണ് ഓര്‍ക്കുന്നത്
ജീവിച്ചുപോകാന്‍ ഒട്ടും പ്രയാസമില്ലാത്ത കുടുംബത്തിലായിരുന്നു പിറന്നത്. അച്ഛന്‍ നടരാജന്‍ പി.ഡബ്‌ള്യു.ഡി.യില്‍ ചീഫ് എന്‍ജിനിയറായിരുന്നു. അച്ഛന്റെ വാക്കുകള്‍ ശിരസ്സാവഹിക്കുന്ന ആളായിരുന്നു അമ്മ സരസ്വതി. കലാപാരമ്പര്യമൊന്നുമുള്ള കുടുംബമായിരുന്നില്ലെങ്കിലും അച്ഛന്റെയും അമ്മയുടെയും പേരുകള്‍ കലയെ ഓര്‍മപ്പെടുത്തുന്നതായിരുന്നു. കോട്ടയത്ത് ജനിച്ചെങ്കിലും ഏഴാം ദിവസം മുതല്‍ ഞാന്‍ വളര്‍ന്നത് തിരുവനന്തപുരത്തായിരുന്നു. രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ അച്ഛന് സ്ഥലംമാറ്റം പതിവായിരുന്നതിനാല്‍ ഞാനും സഹോദരങ്ങളും പല ജില്ലയില്‍ പിറന്നുവെന്നതാണ് രസകരമായ കാര്യം.
സുഗതകുമാരി ടീച്ചറുടെ തൊട്ടടുത്ത വീടായിരുന്നു ഞങ്ങളുടേത്. എന്റെ അമ്മയുടെ സ്ഥാനമായിരുന്നു അവര്‍ക്ക്. കുഞ്ഞുനാളില്‍ എന്നെ മടിയിലിരുത്തി ഒരുപാട് കഥകള്‍ ടീച്ചര്‍ പറഞ്ഞു തന്നിട്ടുണ്ട്. ടീച്ചറുടെ അനിയത്തി സുജാതയ്ക്കും എന്നെ ജീവനായിരുന്നു. ആ വീട്ടിലിരുന്നാണ് ഞാന്‍ പഠിച്ചത്. എന്നെ ഒക്കത്തുവെച്ച് സ്‌കൂളില്‍ കൊണ്ടുപോയിരുന്നതൊക്കെ സുജാതച്ചേച്ചിയായിരുന്നു. മിക്കസമയവും ടീച്ചറുടെ വീട്ടില്‍ കഴിഞ്ഞതുകൊണ്ട് എന്റെ സംസാരത്തില്‍ പലപ്പോഴും ഒരു സ്വാധീനംപോലെ സുഗതകുമാരി ടീച്ചറുടെ ശൈലി കടന്നുവരാറുണ്ട്.
ഞങ്ങള്‍ നാലുമക്കളാണ്. ഒരു ചേട്ടനും രണ്ടു ചേച്ചിമാരും. ഇളയകുട്ടി ഞാനായതുകൊണ്ട് എല്ലാവരുടെയും വാത്സല്യം എനിക്ക് ലഭിച്ചു. കുടുംബം നന്നായി നോക്കാന്‍ അച്ഛന്റെ വരുമാനം ധാരാളമായിരുന്നു. എന്നാല്‍, ഒട്ടും ആര്‍ഭാടമല്ലാത്ത ഒരു ജീവിതമാണ് അച്ഛനും അമ്മയും ഞങ്ങളെ പഠിപ്പിച്ചത്. സമ്പന്നരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളില്‍ ചേര്‍ക്കാന്‍ കഴിവുണ്ടായിട്ടും സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന തിരുവനന്തപുരം ഗവണ്മെന്റ് മോഡല്‍ സ്‌കൂളിലാണ് അച്ഛന്‍ ഞങ്ങളെ ചേര്‍ത്തത്. അതുകൊണ്ട് ജീവിതത്തില്‍ വലിയ ഗുണമുണ്ടായി. പാഠപുസ്തകങ്ങളെക്കാള്‍ വലിയ ജീവിതപാഠങ്ങള്‍ ആ വിദ്യാലയം എനിക്ക് പകര്‍ന്നുതന്നു. കഷ്ടപ്പാടിന്റെയും പട്ടിണിയുടെയും വഴിയിലൂടെ വന്ന ഒരുപാട് കൂട്ടുകാരെ എനിക്കുകിട്ടി. അവരുമായി അടുത്തിടപഴകിയതുകൊണ്ട് പാവപ്പെട്ട മനസ്സുകളുടെ വേദനകള്‍ നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞു. കാലങ്ങള്‍ക്കുശേഷം എന്റെ മക്കളെയും ഞാന്‍ പഠിക്കാനയച്ചത് മോഡല്‍ സ്‌കൂളില്‍ത്തന്നെയാണ്. എന്നെപ്പോലെ എന്റെ കുട്ടികളും സാധാരണക്കാരുടെ ജീവിതപ്രയാസങ്ങള്‍ കണ്ടു വളരാന്‍വേണ്ടി മാത്രമാണ് ഞാനങ്ങനെ ചെയ്തത്.
എ.പി.ജെ. അബ്ദുല്‍ കലാമിനോടൊപ്പം ഐ.എസ്.ആര്‍.ഒ.യില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം താങ്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. ആ വലിയ വ്യക്തിത്വത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ അറിയണമെന്നുണ്ട്
എന്‍ജിനിയറിങ് കോളേജില്‍ ഫൈനല്‍ ഇയറിന് പഠിക്കുന്ന സമയത്ത് ഐ.എസ്. ആര്‍.ഒ.യിലേക്ക് എന്നെ റിക്രൂട്ട് ചെയ്തത് എ.പി.ജെ.യാണ്. ഇരുപത്തിയേഴുവര്‍ഷം അദ്ദേഹത്തിനൊപ്പം ജോലിചെയ്തതില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. അതെന്റെ സ്വഭാവരൂപവത്കരണത്തില്‍ വലിയ പങ്കുവഹിച്ചു. ലാളിത്യത്തിന്റെ സൗന്ദര്യം ഞാന്‍ മനസ്സിലാക്കിയത് എ.പി. ജെ.യില്‍നിന്നാണ്. വിക്രം സാരാഭായി കഴിഞ്ഞാല്‍ ഐ.എസ്. ആര്‍.ഒ.യിലെ മുതിര്‍ന്ന ഓഫീസര്‍ എ.പി. ജെ.യാണ്. ഞാന്‍ ജോലിയില്‍ പ്രവേശിക്കുമ്പോഴേക്കും വിക്രം സാരാഭായി മരിച്ചിരുന്നു. അതുകൊണ്ട് ഐ.എസ്. ആര്‍.ഒ.യില്‍ ഞാന്‍ കണ്ട ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എ.പി.ജെ. ആയിരുന്നു. ഓഫീസ് കാര്യങ്ങള്‍ സംസാരിക്കാന്‍ തനിക്കുകീഴില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ ആരെയും അദ്ദേഹം തന്റെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നില്ല. ഫയലും കൈയില്‍ പിടിച്ച് ഞങ്ങള്‍ക്കരികിലേക്ക് കടന്നുവരുകയും ഞങ്ങള്‍ക്കുമുന്നിലുള്ള കസേരയില്‍ ഇരുന്ന് നിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് ലാളിത്യത്തിന്റെ ആള്‍രൂപമായിരുന്ന ആ മനുഷ്യന്‍ ചെയ്തത്.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനടുത്തുള്ള ഇന്ദ്രഭവന്‍ എന്നൊരു ലോഡ്ജില്‍ രണ്ടാമത്തെ നിലയിലെ ഏറ്റവും അറ്റത്തുള്ള ഒരു മുറിയിലാണ് എ.പി.ജെ. അക്കാലത്ത് താമസിച്ചിരുന്നത്. തൊട്ടടുത്ത ഗുരുവായൂരപ്പന്‍ ഹോട്ടലില്‍നിന്നാണ് ഭക്ഷണം. അതിനടുത്ത് ചെരിപ്പ് നന്നാക്കുന്ന ഒരു കടയുമുണ്ട്. പുതിയ ചെരിപ്പ് വാങ്ങാതെ പഴയ ചെരുപ്പ് വീണ്ടുംവീണ്ടും തുന്നിച്ച് ഉപയോഗിച്ചിരുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ഒരിക്കല്‍പോലും ഓഫീസ് കാര്‍ എ.പി.ജെ. ഉപയോഗിച്ചിരുന്നില്ല. വൈകീട്ട് അഞ്ചര മണിയോടെ ഓഫീസ് ജോലികഴിഞ്ഞ് ലോഡ്ജിലെത്തിയാല്‍ കുളിച്ച് റെഡിയാവും. അപ്പോഴേക്കും ഞാന്‍ സ്‌കൂട്ടറുമായി ചെല്ലും. എ. പി.ജെ.യെ പിറകിലിരുത്തി കാര്‍ത്തികത്തിരുനാള്‍ ഓഡിറ്റോറിയത്തിലേക്കാണ് പിന്നീടുള്ള യാത്ര. അക്കാലത്ത് അവിടെ പതിവായി സംഗീതക്കച്ചേരിയുണ്ടാകും. മണിക്കൂറുകളോളം അദ്ദേഹത്തിനൊപ്പം കച്ചേരി ആസ്വദിക്കും. വീണ്ടും സ്‌കൂട്ടറില്‍ ലോഡ്ജിലേക്ക് മടങ്ങും.
രാഷ്ട്രപതിയായശേഷം ഒരിക്കല്‍ മാത്രമേ ഞാന്‍ എ.പി.ജെ.യെ കണ്ടിട്ടുള്ളൂ. കേരള ഹൗസിങ് ബോര്‍ഡിനു കീഴിലുള്ള ഒരു സ്ഥാപനമാണ് കവടിയാര്‍ പാലസിനു സമീപമുള്ള ഹെറിറ്റേജ് സെന്റര്‍. അതിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എ.പി.ജെ. വന്നു. അന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ അറുപതോളം വീണ ഉപയോഗിച്ച് ഞാന്‍ ഒരു പ്രോഗ്രാം ചെയ്തു. എ.പി.ജെ.ക്ക് ഏറ്റവും പ്രിയപ്പെട്ട സംഗീതോപകരണം വീണയാണെന്ന് നന്നായി അറിയാവുന്നതുകൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്തത്. പ്രോഗ്രാം കണ്ടശേഷം തന്റെ പ്രസംഗത്തിന് മുന്‍പേ എന്നെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു. ആ വാക്കുകള്‍ക്ക് ദേശീയ അവാര്‍ഡിനെക്കാളും വിലയുണ്ടായിരുന്നു. അതിനുശേഷം ഞാന്‍ എ.പി.ജെ.യെ കണ്ടിട്ടില്ല.
ഐ.എസ്.ആര്‍.ഒ.യിലെ ജോലി രാജിവെച്ച് മുഴുവന്‍സമയ കലാപ്രവര്‍ത്തകനായി മാറാന്‍ തീരുമാനിച്ചപ്പോള്‍ എന്തായിരുന്നു വീട്ടുകാരുടെ പ്രതികരണം
ഞാനിപ്പോഴും ഉറച്ചുവിശ്വസിക്കുന്നു, ശാസ്ത്രജ്ഞനും കലാകാരനും സ്വപ്നംകാണുന്നത് ഒരേ കാര്യമാണ്. ആകാശത്തിലെ സത്യത്തെ കണ്ടെത്താന്‍ ശാസ്ത്രജ്ഞന്‍ ശ്രമിക്കുമ്പോള്‍ ഭൂമിയിലെ സത്യത്തെയാണ് കലാകാരന്‍ തിരയുന്നത്. പക്ഷേ, ഒരു ശാസ്ത്രജ്ഞനായി തുടരേണ്ട ജീവിതമല്ല എന്റേത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. ജോലി രാജിവെക്കുന്നതിന് ഒരു മാസം മുന്‍പേ മാനസികമായി ഞാന്‍ അതിന് തയ്യാറെടുത്തുകഴിഞ്ഞിരുന്നു. ഉയര്‍ന്ന ശമ്പളമുള്ള ഒരു ജോലി കളഞ്ഞ് കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ അമ്മ, അച്ഛന്‍, ഭാര്യ, മക്കള്‍ ഇവരുടെ ജീവിതത്തെക്കുറിച്ചൊന്നും ഞാന്‍ ഓര്‍ത്തില്ല. ഒരു ഉള്‍വിളിപോലെ ഈ ജോലി ഇവിടെ അവസാനിപ്പിക്കാം എന്ന് എന്നെക്കൊണ്ട് തോന്നിപ്പിച്ചത് ദൈവമാണ്. പിന്നെ വൈകിയില്ല. രാജിക്കത്തും കൊടുത്തിറങ്ങി.
വീട്ടില്‍ എല്ലാവരും പരിഭ്രമിച്ചിരിക്കുകയായിരുന്നു. എന്റെ മക്കള്‍ കൊച്ചുകുഞ്ഞുങ്ങളാണ്. ഭാര്യക്ക് ജോലിയില്ല. വേറെ വരുമാനമില്ല. സ്വന്തമായി ഒരു വീടുപോലും ഇല്ല. അച്ഛനും ചേച്ചിയുടെ ഭര്‍ത്താവും എന്റെ ആഗ്രഹത്തിന് എതിരുപറഞ്ഞില്ല. അവര്‍ രണ്ടുപേരും മാത്രമാണ് എന്നെ പിന്തുണച്ചത്. പക്ഷേ, അമ്മയും ഭാര്യയും ഏറെ വിഷമിച്ചു. ജീവിക്കാനറിയാത്ത ഈ മനുഷ്യന്റെ ചിന്തകളില്‍ ജീവിച്ചാല്‍ മക്കളുടെ തലയും തിരിഞ്ഞുപോകും എന്ന് ഭാര്യ കരുതിക്കാണും. അതിലവരെ ഞാന്‍ കുറ്റപ്പെടുത്തില്ല. കാരണം മക്കളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരമ്മയും അങ്ങനെയേ ആലോചിക്കൂ.
ശാസ്ത്രജ്ഞനും കലാകാരനുമായി ജീവിച്ച കാലത്തെ തിരക്കിലും മക്കളെ ഞാന്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചിരുന്നു. മകള്‍ അന്ന് രണ്ടാംക്ലാസിലാണ് പഠിക്കുന്നത്. എന്റെ ഹൃദയമായിരുന്ന അവളെ എന്നില്‍നിന്ന് അകറ്റി. ചെന്നൈയില്‍ ഭാര്യവീട്ടിലേക്ക് അവളെ കൊണ്ടുപോയി. രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മുതല്‍ ഇരുട്ടിന് കനംവെച്ചു തുടങ്ങുംവരെയുള്ള കലാസഞ്ചാരങ്ങള്‍. എല്ലാ ഭാരങ്ങളും ഇറക്കിവെക്കാന്‍ കഴിയുമെന്ന് കരുതിയ വീടുപോലും അന്ന് അഭയമായിത്തോന്നിയില്ല. പരാതികള്‍..., കുറ്റപ്പെടുത്തലുകള്‍... മകളെ കാണാന്‍ കഴിയാത്തതിന്റെ വിഷമം. മാനസികമായി തകര്‍ന്ന ആ അവസ്ഥയിലും അദൃശ്യമായ ഏതോ ഒരു ശക്തി എന്നെ നിയന്ത്രിക്കുന്നുണ്ടായിരുന്നു. എന്നിലെ കലാകാരനെ അത് പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. 'മേല്‍വിലാസം' നാടകത്തിന്റെ പിറവി അവിടെയാണ്. ഒരു ഉള്‍വിളിയാല്‍ ഭൂമിയിലെ സത്യത്തെ രംഗവേദിയില്‍ ആവിഷ്‌കരിക്കാന്‍ യാത്രതിരിച്ചപ്പോള്‍ ദൈവം എന്റെ മക്കളെ നോക്കി. അവരെ പഠിപ്പിച്ചു. വലിയ നിലയിലാക്കി. ഒന്നും ഞാനറിഞ്ഞില്ല. ഞാന്‍ പോലുമറിയാതെ എന്നെയും വളര്‍ത്തി. ഒടുവില്‍ എല്ലാവരും എന്നെ അംഗീകരിക്കുകയും ചെയ്തു.

സ്വീകരിക്കുന്ന സൂര്യ കൃഷ്ണമൂർത്തി | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്
ലോകത്തിലെ ഏറ്റവും വലിയ കലാസംഘടനയായി വളര്‍ന്ന സൂര്യയുടെ പിറവി എങ്ങനെയായിരുന്നു
സൂര്യ തുടങ്ങുമ്പോള്‍ ഞാന്‍ ഐ.എസ്.ആര്‍.ഒ.യില്‍ ജോലിചെയ്യുകയാണ്. ആ ഘട്ടത്തില്‍ത്തന്നെ തിരുവനന്തപുരത്തെ കലാപ്രവര്‍ത്തനങ്ങളുമായി ഞാന്‍ സഹകരിക്കുന്നുണ്ട്. വിശേഷിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ നേതൃത്വം കൊടുക്കുന്ന ചിത്രലേഖ ഫിലിം സൊസൈറ്റിയുമായി. യഥാര്‍ഥത്തില്‍ അടൂരുമായുള്ള അടുപ്പത്തില്‍നിന്നാണ് നല്ല സിനിമകളെ ഞാന്‍ തിരിച്ചറിയുന്നതും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുന്നതും. സിനിമയെക്കുറിച്ചുള്ള ഒരു പഠനകാലംകൂടിയായിരുന്നു അത്. സ്വയംവരവും കൊടിയേറ്റവുമൊക്ക നിര്‍മിച്ച് ചിത്രലേഖ തിളങ്ങിനില്‍ക്കുന്ന കാലം. പതിയെ ചിത്രലേഖയ്ക്കുള്ളിലെ പൊരുത്തക്കേടുകള്‍ ആ സംഘടനയെ നിര്‍ജീവമാക്കി. അടൂര്‍ സംഘടനയില്‍നിന്ന് രാജിവെച്ചതോടെ ചിത്രലേഖയുടെ വെളിച്ചം കെട്ടു. അക്കാലത്ത് 'ചലച്ചിത്ര' എന്നപേരില്‍ രൂപംകൊണ്ട ഒരു ഓര്‍ഗനൈസേഷന്റെ ഭാഗമായും ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. അടൂര്‍ ചിത്രലേഖ വിട്ടതോടെ നല്ല സിനിമകള്‍ സ്വപ്നംകണ്ടിരുന്ന ഞങ്ങള്‍ കുറേപ്പേര്‍ പാതിവഴിയിലായി. കൈപിടിച്ചുയര്‍ത്താന്‍ ആളില്ല. മധ്യത്തില്‍നിന്ന് താഴേക്കിറങ്ങാനും വയ്യ. ഈയൊരു പ്രതിസന്ധിയിലാണ് സൂര്യയുടെ പിറവി.
കലാകൗമുദി ഓഫീസില്‍ എം.എസ്. മണിസാറിന്റെ മുറിയില്‍ എസ്. ജയചന്ദ്രന്‍ നായര്‍, എന്‍.ആര്‍.എസ്. ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ 1977-ല്‍ സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റി രൂപംകൊണ്ടു. ഒപ്പം നിന്നവരില്‍ മുന്നില്‍ത്തന്നെ അടൂര്‍ സാറുണ്ടായിരുന്നു. ഒരര്‍ഥത്തില്‍ അടൂര്‍ സാര്‍ നിര്‍ത്തിയേടത്തുനിന്നാണ് സൂര്യ തുടങ്ങുന്നത്. പിറവിയുടെ നാല്‍പ്പത്തിയഞ്ചാം വര്‍ഷത്തിലും എന്തിനും ഏതിനും അടൂര്‍ സാര്‍ സൂര്യക്കു മുന്നിലുണ്ട്. തുടക്കത്തിലേ സൂര്യയുടെ കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരുന്നു. സ്ത്രീകളുടെ പങ്കാളിത്തം ആദ്യംമുതലേ ഉറപ്പുവരുത്തിക്കൊണ്ടാണ് മുന്നോട്ടുപോയത്. ബുദ്ധിജീവികള്‍ക്കുപോലും മനസ്സിലാവാത്ത ചില ബുദ്ധിജീവിസിനിമകളെ മാറ്റിനിര്‍ത്തി സത്യജിത് റായ്, ഋത്വിക് ഘട്ടക്, മൃണാള്‍ സെന്‍ തുടങ്ങിയ പ്രതിഭാധനന്മാരുടെ സിനിമകള്‍ സൂര്യ പ്രദര്‍ശിപ്പിച്ചു. നല്ലൊരു സിനിമാസംസ്‌കാരം കുടുംബത്തിനകത്തേക്ക് വളര്‍ത്താനും ഞങ്ങള്‍ പരിശ്രമിച്ചു. അത് വെറുതേയായില്ല എന്ന് സൂര്യയുടെ പിന്നീടുള്ള ചലച്ചിത്രപ്രദര്‍ശനങ്ങള്‍ ബോധ്യപ്പെടുത്തി.
സത്യജിത് റായിയുടെ കടുത്ത ആരാധകനായിരുന്നു താങ്കളെന്ന് കേട്ടിട്ടുണ്ട്. പില്‍ക്കാലത്ത് അദ്ദേഹം കേരളത്തില്‍ വന്നതും സൂര്യക്കു വേണ്ടിയായിരുന്നുവല്ലോ...
ആരാധകനായിരുന്നു എന്നല്ല, ഇപ്പോഴും സത്യജിത് റായിയുടെ ആരാധകനാണ് ഞാന്‍. റായിയുടെ ചിത്രങ്ങള്‍ ഒന്നൊഴിയാതെ കണ്ടിട്ടുണ്ട്, പലവട്ടം. ഒരിക്കല്‍ ഐ.എസ്.ആര്‍.ഒ. യുടെ ആവശ്യാര്‍ഥം ഞാന്‍ കൊല്‍ക്കത്തയില്‍ പോയിരുന്നു. ആ യാത്രയാണ് എനിക്ക് റായിയെ കാണാനും പരിചയപ്പെടാനുമുള്ള ഭാഗ്യമുണ്ടാക്കിത്തന്നത്. റായിയുടെ വീട്ടിലെ ഫോണ്‍നമ്പര്‍ സംഘടിപ്പിച്ചുവെച്ചിരുന്നു. അതില്‍ വിളിച്ച് അദ്ദേഹവുമായി സംസാരിക്കാം എന്നൊന്നും കരുതിയിട്ടല്ല. റായിയുടെ വീട്ടില്‍ ഫോണ്‍ റിങ് ചെയ്യുന്ന ശബ്ദംകേട്ടാലും ഞാന്‍ സംതൃപ്തനാകുമായിരുന്നു. കാരണം ആ മനുഷ്യന് എന്റെ ഹൃദയത്തിലായിരുന്നു സ്ഥാനം. വിളിച്ചപ്പോള്‍തന്നെ പെട്ടെന്ന് ഫോണ്‍ എടുത്തു. വീട്ടിലെ ആരെങ്കിലുമാകും എന്നു കരുതിയ എനിക്ക് തെറ്റി. ഫോണെടുത്തത് സാക്ഷാല്‍ സത്യജിത്ത് റായി ആണെന്നറിഞ്ഞതോടെ തല കറങ്ങിവീഴുമോ എന്നു തോന്നി. അദ്ദേഹത്തിന്റെ ആരാധകനാണെന്നുമാത്രം പറഞ്ഞ് പരിചയപ്പെടുത്തി. ''നാളെ രാവിലെ പത്തുമണിക്ക് വീട്ടിലേക്ക് വരൂ... സംസാരിക്കാം'' എന്ന് റായി പറഞ്ഞത് വിശ്വസിക്കാനായില്ല. ഇനി നമ്പര്‍ മാറിപ്പോയതാകുമോ, ആരെങ്കിലും കളിപ്പിച്ചതാണോ എന്നൊക്കെയുള്ള ചിന്തകള്‍ മനസ്സിനെ വന്നുപൊതിഞ്ഞു. അടുത്തദിവസം രാവിലെ നേരത്തേത്തന്നെ റായ് താമസിക്കുന്ന കെട്ടിടം കണ്ടുപിടിച്ചു.
മണ്‍കോപ്പയില്‍ ചായവില്‍ക്കുന്ന ഒരാളാണ് റായിയുടെ താമസസ്ഥലം ചൂണ്ടിക്കാണിച്ചുതന്നത്. കൈവരികളില്‍ പിടിച്ച് പടികള്‍ കയറുമ്പോള്‍ ചിന്തിച്ചത് ഇവിടെയെല്ലാം റായുടെ സ്പര്‍ശം ഉണ്ടായിരുന്നല്ലോ എന്നുമാത്രമാണ്. കോളിങ് ബെല്ലില്‍ വിരലമര്‍ത്തുംമുന്‍പേ അദ്ദേഹം വാതില്‍ തുറന്നു. കയറിയിരിക്കാന്‍ പറഞ്ഞു. വര്‍ത്തമാനത്തിനിടയില്‍ അദ്ദേഹം ചോദിച്ചു: ''എന്റെ സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്.'' മറുപടി പറയാന്‍ എനിക്ക് രണ്ടാമത് ആലോചിക്കേണ്ടിവന്നില്ല. 'ജല്‍സാഘര്‍'. പെട്ടെന്നുവന്ന, എന്തുകൊണ്ട് എന്ന മറുചോദ്യത്തിന് എന്റെ വിശദീകരണം ഞാന്‍ നല്‍കി. അപ്പോള്‍ റായി പറഞ്ഞു: ''എന്റെയും ഇഷ്ടചിത്രം ജല്‍സാഘര്‍ ആണ്''. റായ് എന്നെ അദ്ദേഹത്തിന്റെ സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ സംവിധാനരീതികള്‍ പറഞ്ഞുതന്നു. ആദ്യമായി കാണുന്ന, റായുടെമുന്നില്‍ ഒന്നുമല്ലാത്ത എന്നോട് അദ്ദേഹം കാണിച്ച സ്‌നേഹം മറക്കാനാവില്ല. പിന്നീട് അടൂര്‍സാറിന്റെ ഒരു കത്താണ് സത്യജിത്ത് റായിയെ ആദ്യമായി കേരളത്തിലെത്തിച്ചത്. സൂര്യ ഫെസ്റ്റിവലില്‍ അതിഥിയായി അദ്ദേഹം വന്നു. മൂന്നുദിവസം അദ്ദേഹത്തിന്റെ പെട്ടിയും പിടിച്ച്, വെള്ളം ചോദിക്കുമ്പോള്‍ വെള്ളം എടുത്തുകൊടുത്ത് ഞാന്‍ നടന്നു. ഒരു സഹായിയെപ്പോലെ. അത് ഈ ആരാധകന് അടൂരിലൂടെ കിട്ടിയ ഭാഗ്യമാണ്.
ആത്മകഥാപരമായ കുറിപ്പുകളുടെ സമാഹാരമാണല്ലോ മുറിവുകള്‍. എന്നും സന്തോഷത്തോടെ മാത്രം കാണപ്പെടുന്ന, എല്ലാവരോടും പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുന്ന താങ്കളുടെ ജീവിതത്തിലെ മുറിവുകള്‍ എന്താണ്
പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് പലപ്പോഴും പലരുടെയും ജീവിതത്തിലെ മുറിവുകള്‍ കാണാനാവില്ല. കലാകാരനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഒരുപാട് മുറിവുകള്‍ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അത് സമ്മാനിച്ചു കടന്നുപോയവരോടുപോലും എനിക്ക് വെറുപ്പോ വിദ്വേഷമോ ഇല്ല. കാരണം, തിരിച്ചടിക്കല്‍ എന്റെ രീതിയല്ല. ഇപ്പോഴും എന്റെ മനസ്സില്‍ ഉണങ്ങാതെ കിടക്കുന്ന ഒരു മുറിവ് കഷ്ടപ്പെടുന്ന കലാകാരന്മാരുടെ ജീവിതമാണ്. ഐ.എസ്.ആര്‍.ഒ. യിലെ ജീവിതത്തിനും മുമ്പ് ഞാനൊരു ക്ഷേത്രദര്‍ശനം നടത്തി. ക്ഷേത്രകലകളെക്കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം. വെറും രണ്ടുജോടി വസ്ത്രങ്ങളുമായി, ക്ഷേത്രക്കുളത്തില്‍ കുളിച്ച്, അവിടെനിന്ന് കിട്ടുന്ന നിവേദ്യച്ചോറ് കഴിച്ച്, രാത്രി അമ്പലത്തിണ്ണകളില്‍ കിടന്നുറങ്ങിയ ആ യാത്രയില്‍ ജീവിതത്തെക്കുറിച്ച് ഞാന്‍ ഒരുപാട് പഠിച്ചു. അന്നത്തെ എന്റെ അനുഭവങ്ങളാണ് ഇന്നും കലാപ്രവര്‍ത്തനങ്ങളുടെ ഊര്‍ജവും ശക്തിയും താങ്ങും തണലുമെല്ലാം.
ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ പുറംലോകമറിയാതെ ജീവിച്ചുമരിക്കുന്ന പൂജാരിമാരുടെ, കലാകാരന്മാരുടെ, കഴകക്കാരുടെ ഒക്കെ കഥയായിരുന്നു ഞാന്‍ ആദ്യമായി സംവിധാനംചെയ്ത 'തമസോ മാ ജ്യോതിര്‍ഗമയ'. അതില്‍ ഒരു വെളിച്ചപ്പാടുണ്ട്. പയ്യന്നൂര്‍ ഭാഗത്താണ് വെളിച്ചപ്പാടിന്റെ വീട്. അദ്ദേഹത്തിന് കത്തെഴുതേണ്ട താമസം മറുപടി വന്നു: ''വരാം. പയ്യന്നൂരില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ ചാര്‍ജ് 27 രൂപയാണ്. രണ്ടു ഭാഗത്തേക്കുമായി 54 രൂപ. 60 രൂപ തികച്ചുതന്നാല്‍ സന്തോഷം. പ്രയാസമെങ്കില്‍ 54 രൂപ തന്നാലുംമതി. ഞാന്‍ വരും.'' -അദ്ദേഹം വന്നു. നൂറിന്റെ അഞ്ചു നോട്ടുകള്‍ അവതരണത്തിനുമുമ്പ് അദ്ദേഹത്തിന് ദക്ഷിണയായി നല്‍കി. അതിലേക്ക് കുറെനേരം നോക്കിനിന്നശേഷം വെളിച്ചപ്പാട് പറഞ്ഞു: ''നൂറിന്റെ നോട്ട് ആദ്യമായാണ് കാണുന്നത്.'' അന്നത്തെ അവതരണം കഴിഞ്ഞ് കുറെ നാളുകള്‍ക്കുശേഷം വെളിച്ചപ്പാടിന്റെ ഒരു കത്ത് വന്നു. ''അന്ന് തന്ന നൂറുരൂപ നോട്ടുകളില്‍ ഒരെണ്ണം സൂക്ഷിച്ചുവെച്ചിരിക്കുന്നു. അത് ചെലവാക്കുകയില്ല.'' ഒപ്പം ഒരുനുള്ള് അരിയും ഒരുനുള്ള് ഭസ്മവും.
കുറെ നാളുകള്‍കഴിഞ്ഞ് പയ്യന്നൂരില്‍ പോയപ്പോള്‍ ഞാന്‍ ആ വെളിച്ചപ്പാടിനെ അന്വേഷിച്ചു. കിട്ടിയ വിവരം നടുക്കുന്നതായിരുന്നു. അമ്പലക്കുളത്തില്‍ പൊങ്ങിക്കിടന്ന വെളിച്ചപ്പാടിന്റെ മൃതദേഹമാണത്രേ ആളുകള്‍ കണ്ടത്. ആത്മഹത്യയായിരുന്നോ എന്നുപോലും ചോദിക്കാതെ ഞാന്‍ ഇറങ്ങി. വണ്ടിക്കൂലിമാത്രം തന്നാലും ഞാന്‍ വരുമെന്നു പറഞ്ഞ ആ കലാകാരനെപ്പോലെ എത്രയെത്രപേര്‍. എനിക്ക് അവരുടെ മുന്നില്‍ സൂര്യനാവാന്‍ കഴിയില്ല. പക്ഷേ, ഒരു നുറുങ്ങുവെട്ടമാവാന്‍കഴിയും. അതുമതി. മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.
ജീവിതത്തിലെ ഏറ്റവും വലിയ സൗന്ദര്യം ലാളിത്യമാണെന്ന് വിശ്വസിക്കുന്ന സൂര്യ കൃഷ്ണമൂര്‍ത്തി തന്റെ മകള്‍ സീതയുടെ വിവാഹത്തിലൂടെ മഹത്തായ ഒരു സന്ദേശംകൂടിയാണ് സമൂഹത്തിന് നല്‍കിയത്. ഏതൊരു അച്ഛനും മകളുടെ വിവാഹത്തിനുവേണ്ടി കരുതിവെക്കുന്നപോലെ ഒരു സമ്പാദ്യം തന്റെ മകള്‍ക്കായും കൃഷ്ണമൂര്‍ത്തി സ്വരുക്കൂട്ടി. പക്ഷേ, ഫീസടയ്ക്കാന്‍ കഴിയാതെ പാവപ്പെട്ട വീട്ടിലെ കുട്ടി ആത്മഹത്യചെയ്ത വാര്‍ത്ത അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ ഉലച്ചുകളഞ്ഞിരുന്നു. നാടകത്തിന്റെ തിരക്കുകളില്‍ മുഴുകിയ ആ രാത്രിയില്‍ കൃഷ്ണമൂര്‍ത്തി മകളോട് ചോദിച്ചു: ''മോളെ, കല്യാണം വളരെ ലളിതമായി നടത്തിയാല്‍ അച്ഛനോട് മോള്‍ക്ക് ദേഷ്യം തോന്നുമോ?''
മകള്‍ക്ക് നല്‍കാനിരുന്ന സ്വര്‍ണാഭരണങ്ങള്‍ മാത്രം മതിയായിരുന്നു പാവപ്പെട്ട 25 മക്കളുടെ വിദ്യാഭ്യാസച്ചെലവിന്. അച്ഛന്റെ മനസ്സ് എളുപ്പം വായിച്ചെടുക്കാന്‍ കഴിയുന്ന സീതയ്ക്കും സീതയെ വിവാഹം കഴിക്കാന്‍പോകുന്ന ഛന്ദനും കൃഷ്ണമൂര്‍ത്തിയുടെ അഭിപ്രായത്തെ നിറഞ്ഞമനസ്സോടെ അംഗീകരിച്ചു. തന്റെ ശരീരത്തില്‍ അണിയുന്ന ആഭരണങ്ങള്‍ക്ക് കൂടുതല്‍ തിളക്കമുണ്ടാകുന്നത് അത് പാവപ്പെട്ട കുട്ടികളുടെ ജീവിതത്തില്‍ വന്നുചേരുമ്പോഴാണെന്ന് സീതയ്ക്കും അറിയാമായിരുന്നു. കൃഷ്ണമൂര്‍ത്തിയുടെ ആഗ്രഹംപോലെ ആ ആഭരണങ്ങള്‍ പാവപ്പെട്ട 25 വിദ്യാര്‍ഥികള്‍ക്ക് ജീവിതത്തില്‍ വെളിച്ചമായി. അച്ഛന്റെ നന്മയോര്‍ത്ത് ആ പഴയ രണ്ടാംക്‌ളാസുകാരിയുടെ ഓര്‍മയില്‍ ദേഷ്യമോ സങ്കടമോ ഒട്ടും ഇല്ലാതെ അഭിമാനത്തോടെ സീത നീട്ടിവിളിച്ചിരിക്കാം: ''സൂര്യ കൃഷ്ണമൂര്‍ത്തീീീ...''
ഇന്ത്യയിലെ അതിപ്രസിദ്ധരായ കലാകാരന്മാരെയെല്ലാം സൂര്യയുടെ വേദിയില്‍ അണിനിരത്തുന്നതില്‍ താങ്കള്‍ കാണിച്ച മാജിക് എന്താണ്
സൂര്യ എന്നുപറയുന്നത് യഥാര്‍ഥത്തില്‍ ഞാനല്ല. ഇന്ത്യന്‍ സംസ്‌കാരത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന നന്മയുള്ള ആയിരക്കണക്കിന് മനുഷ്യരുടെ കൂട്ടായ്മയാണ്. സ്റ്റേജില്‍ വരാന്‍ താത്പര്യമില്ലാത്ത, നോട്ടീസില്‍ പേരുപോലും അച്ചടിച്ചുവരാന്‍ ആഗ്രഹമില്ലാത്ത എത്രയോ ഇന്ത്യക്കാര്‍ ലോകത്തിന്റെ പലഭാഗങ്ങളിലും ഉണ്ട്. അവരുടെ സഹായം ഒന്നുകൊണ്ടുമാത്രമാണ് സൂര്യ കഴിഞ്ഞ 45 വര്‍ഷമായി മുന്നോട്ടുപോകുന്നത്. ആജീവനാന്ത അംഗങ്ങളായുള്ള ആയിരക്കണക്കിന് ആളുകള്‍, പിന്നെ കലാകാരന്മാരെ സഹായിക്കുന്നത് ഒരു പുണ്യപ്രവൃത്തിയാണെന്ന് വിശ്വസിക്കുന്ന കുറെ അഭ്യുദയകാംക്ഷികള്‍ ഇവരൊക്കെയാണ് സൂര്യയെ നിലനിര്‍ത്തുന്നത്. തമിഴ്‌നാട്ടിലും മറ്റു പല സംസ്ഥാനങ്ങളിലുമുള്ളപോലെ ഒരു കള്‍ച്ചറല്‍ ഫെസ്റ്റ് കേരളത്തിലും ഉണ്ടാവേണ്ടതിനെക്കുറിച്ച് യേശുദാസും പത്മാ സുബ്രഹ്‌മണ്യവും മാവേലിക്കര കൃഷ്ണന്‍കുട്ടി നായരും ഞാനും ചേര്‍ന്ന് ചര്‍ച്ച ചെയ്തത് ചെന്നൈയില്‍വെച്ചാണ്. എല്ലാവര്‍ഷവും ഒക്ടോബര്‍ ഒന്നുമുതല്‍ പത്തുവരെ തിരുവനന്തപുരത്തുവെച്ച് സൂര്യ ഫെസ്റ്റിവല്‍ സംഘടിപ്പിക്കാമെന്ന് തീരുമാനിച്ചശേഷം ഞങ്ങള്‍ നാലുപേരും പോയത് വള്ളുവര്‍കോട്ടത്തുള്ള എം.എസ്. സുബ്ബലക്ഷ്മിയുടെ വീട്ടിലേക്കാണ്. ആരോഗ്യസ്ഥിതി അനുവദിക്കുകയാണെങ്കില്‍ അവര്‍ എല്ലാവര്‍ഷവും പാടാമെന്ന് ഉറപ്പുതന്നു. ആ വാക്കുകള്‍ വലിയൊരു ഊര്‍ജമായി. ഒക്ടോബര്‍ ഒന്നിന് യേശുദാസിന്റെ കച്ചേരി. വായിക്കാന്‍ കഴിയുന്ന കാലം വരെ ആ കച്ചേരിക്ക് മൃദംഗം ഞാന്‍ വായിക്കുമെന്ന് കൃഷ്ണന്‍കുട്ടി നായര്‍. എട്ടിന് പത്മാ സുബ്രഹ്‌മണ്യത്തിന്റെ നൃത്തം. ഇങ്ങനെ വിവിധ പരിപാടികളുമായാണ് സൂര്യ ഫെസ്റ്റിവലിന് തുടക്കമായത്. എം.എസ്. സുബ്ബലക്ഷ്മി രണ്ടുതവണ പാടി. ടിക്കറ്റോ സംഭാവനയോ ഒന്നുംവേണ്ട. ആര്‍ക്കും വന്ന് പരിപാടികള്‍ കണ്ടുപോകാം. ഓരോവര്‍ഷവും സൂര്യയുടെ വേദികളിലേക്ക് മഹാപ്രതിഭകള്‍ വന്നുചേര്‍ന്നു, പ്രതിഫലം പോലും ഇച്ഛിക്കാതെ. കിട്ടിയാല്‍ത്തന്നെ യാത്രാബത്തയ്ക്കുപോലും തികഞ്ഞെന്നുവരില്ല. എന്നിട്ടും അവര്‍ വന്നുകൊണ്ടിരുന്നു. കോവിഡ് കാലമൊഴിച്ചാല്‍ 43 വര്‍ഷം യേശുദാസ് തുടര്‍ച്ചയായി പാടി. 28 വര്‍ഷം പത്മാ സുബ്രഹ്‌മണ്യം നൃത്തം ചെയ്തു. മാവേലിക്കര കൃഷ്ണന്‍കുട്ടി നായര്‍ മരിക്കുംവരെ സൂര്യയുടെ വേദിയില്‍ മൃദംഗം വായിച്ചു. നടിയും നര്‍ത്തകിയുമായ ശോഭന 25 വര്‍ഷം തുടര്‍ച്ചയായി നൃത്തംചെയ്തു. ഒപ്പം സമൂഹം ഒരു പരിഗണനയും നല്‍കാതെ പോയ ആയിരക്കണക്കിന് കലാകാരന്മാര്‍ സൂര്യയുടെ അരങ്ങില്‍ ആദരമേറ്റുവാങ്ങി. ഒരുകാര്യം അടിവരയിട്ടു പറയാം, സൂര്യ ഒരു കലാകാരനെയും ഇതുവരെ കച്ചവടം ചെയ്തിട്ടില്ല. അതുകൊണ്ടുമാത്രമാണ് വിളിക്കുമ്പോഴേക്കും ഒരു പൈസപോലും പ്രതിഫലം വാങ്ങാതെ സൂര്യയുടെ വേദിയിലേക്ക് വലിയ സംഗീതജ്ഞരും നര്‍ത്തകരും ചിത്രകാരന്മാരും നാടകക്കാരും എഴുത്തുകാരും കടന്നുവരുന്നത്.
മലയാളത്തില്‍ ആദ്യമായി ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്ക്ക് തുടക്കമിടുന്നത് താങ്കളാണ്. ഇങ്ങനെയൊരു തിയേറ്റര്‍ രീതിക്ക് പ്രചോദനമായ ഘടകങ്ങള്‍ എന്തൊക്കെയാണ്
യഥാര്‍ഥത്തില്‍ ശബ്ദവും വെളിച്ചവും ഉപയോഗിച്ച് ഒരു നാടകംചെയ്യാമെന്ന് ആദ്യം തെളിയിച്ചത് പാരീസിലാണ്. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളുടെ കഥ പറയുന്ന ഈ കലാസൃഷ്ടിയെ പാരീസുകാര്‍ വിളിക്കുന്നത് സോണറ്റ് ലൂമിയര്‍ എന്നാണ്. ഞാന്‍ ഇത് ആദ്യമായി കാണുന്നത് ഡല്‍ഹിയില്‍വെച്ചാണ്. നടന്‍ ദേവാനന്ദിന്റെ സഹോദരന്‍ ചേതന്‍ ആനന്ദായിരുന്നു റെഡ് ഫോര്‍ട്ടിന്റെ കഥ പറയുന്ന ആ ഷോ അവതരിപ്പിച്ചത്. അതെന്നെ വല്ലാതെ ആകര്‍ഷിച്ചു. പക്ഷേ, ഞാന്‍ അതുപോലെ ഒരെണ്ണം ചെയ്താല്‍ അത് ഫോട്ടോസ്റ്റാറ്റ് ആകും. അതുകൊണ്ട് ഞാന്‍ എന്റേതായ രീതിയില്‍ കുറെ മാറ്റം വരുത്തി.
ലൈറ്റും സൗണ്ടും മാത്രമല്ലാതെ, പ്രകൃതിയെയും കഥാപാത്രങ്ങളെയും ഇതില്‍ ബന്ധിപ്പിച്ചുനിര്‍ത്തി. അപ്പോള്‍ കൂടുതല്‍ കണ്‍വേ ചെയ്യാന്‍ കഴിഞ്ഞു. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളുടെ കഥ ഒഴിവാക്കി, മനുഷ്യന്റെ ദുഃഖങ്ങളും സാമൂഹികപ്രശ്‌നങ്ങളും അവതരിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്. മനുഷ്യമനസ്സിലെ വേദന എന്നു പറയുന്നത് ഒരു കഥാപാത്രമാണ്. പ്രകൃതി ലൈറ്റും സൗണ്ടുമാണ്. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ ഒരു കഥാപാത്രത്തിലൂടെ പറയുകയാണ്. അതാണ് അമ്മു. എന്റെ സൃഷ്ടികളിലെല്ലാം അമ്മുവുണ്ട്. ആദ്യം അമ്മുവിനെ അവതരിപ്പിച്ചത് നടി മഞ്ജു പിള്ളയാണ്. പിന്നീട് 40 വര്‍ഷങ്ങളില്‍ നാല്പത് അമ്മുമാര്‍ സ്റ്റേജില്‍ വന്നുപോയി.
സ്ത്രീപര്‍വം, ദീപശിഖ, സൂര്യകാന്തി, തുടക്കം, തുടര്‍ച്ച ഇങ്ങനെ ഒരുപാട് കഥകള്‍ ഈ പരിപാടിയിലൂടെ അവതരിപ്പിച്ചു. 'നീലവെളിച്ചം' എന്ന തന്റെ കഥയ്ക്ക് ഒരു രണ്ടാംഭാഗമെഴുതാന്‍ എന്നോടുപറഞ്ഞത് വൈക്കം മുഹമ്മദ് ബഷീറാണ്. അങ്ങനെയാണ് ദീപശിഖ ഞാനെഴുതി അവതരിപ്പിച്ചത്. ഇന്ത്യന്‍ നാടകചരിത്രത്തിലെ ആദ്യത്തെ റിയലിസ്റ്റിക് നാടകപരമ്പരയായ ചായക്കടക്കഥകളും ഇന്ത്യയിലെതന്നെ ഏറ്റവും വലിയ സ്റ്റേജ് ഷോ ആയ എന്റെ രക്ഷകനുമുള്‍പ്പെടെ നൂറിലേറെ വ്യത്യസ്ത സ്റ്റേജ്‌ഷോകള്‍ സംവിധാനം ചെയ്യാന്‍ കഴിഞ്ഞത് വലിയൊരു നേട്ടമായി ഞാന്‍ കാണുന്നു. ആദ്യകാലത്ത് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ കലാസൃഷ്ടിക്ക് 'തിയേറ്റര്‍ ഓഫ് ഫ്രീഡം' എന്ന പേരുനല്‍കിയത് കൗമുദിയിലെ ഇ.വി. ശ്രീധരനാണ്. ആ പേരിലാണ് ഇപ്പോള്‍ സൂര്യ അവതരിപ്പിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അറിയപ്പെടുന്നത്.
സര്‍ക്കസുകാരെ കലാകാരന്മാരായി പരിഗണിക്കാന്‍ താങ്കളുടെ ഭാഗത്തുനിന്ന് വലിയ പരിശ്രമങ്ങളാണ് നടന്നിട്ടുള്ളത്...
ഒരു നാടകക്കാരന് കിട്ടുന്ന ആനുകൂല്യങ്ങള്‍ ഇന്ന് സര്‍ക്കസുകാരന് ലഭിക്കുന്നുണ്ട്. എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞപോലെ വെറും വളര്‍ത്തുമൃഗങ്ങളായി ജീവിക്കേണ്ടിവന്ന നൂറുകണക്കിന് മനുഷ്യര്‍. അവര്‍ക്കും ഒരു ജീവിതമുണ്ട്. അവരുടെ മുഖത്ത് എപ്പോഴെങ്കിലും ഒരു നിറഞ്ഞപുഞ്ചിരി നമ്മള്‍ കണ്ടിട്ടുണ്ടോ? സര്‍ക്കസിലെ ജോക്കര്‍ കാണികളെ ചിരിപ്പിക്കുന്നുണ്ട്. പക്ഷേ, അയാള്‍ മനസ്സുനിറഞ്ഞു ചിരിക്കുന്നതുകാണാന്‍ പ്രയാസമാണ്. ജിംനാസ്റ്റിക് എന്നുപറഞ്ഞു മുദ്രയടിക്കപ്പെട്ട കലാകാരനാണ് സര്‍ക്കസുകാരന്‍. കേരള സംഗീതനാടക അക്കാദമി ചെയര്‍മാനായി ഞാന്‍ വന്ന കാലത്താണ് സര്‍ക്കസുകാരെ കലാകാരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അക്കാലത്ത് നൃത്തവും സംഗീതവും നാടകവുമായി ബന്ധപ്പെട്ട് കലാകാരന്മാരെ വലിയരീതിയില്‍ സഹായിക്കാന്‍ കഴിഞ്ഞതും എനിക്കേറെ സന്തോഷം പകരുന്ന കാര്യമാണ്.
വര്‍ഷത്തില്‍ 365 ദിവസവും നാടകം കളിച്ച അക്കാലത്ത് കലാകാരന്മാരെ സഹായിക്കാന്‍ മോഹന്‍ലാലും മമ്മൂട്ടിയും മുന്നില്‍ നിന്നു. അവര്‍ രണ്ടുപേരും ചേര്‍ന്നാണ് കലാകാരന്മാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പ്രീമിയം തുക അടച്ചത്. സെക്രട്ടറി എന്ന നിലയില്‍ ഡോ. പി.വി. കൃഷ്ണന്‍നായരുടെ നന്മയുള്ള മനസ്സ് നിഴലായി ഒപ്പമുണ്ടായതുകൊണ്ട് ഒരുപാടു കാര്യങ്ങള്‍ സംഗീതനാടക അക്കാദമിയിലൂടെ ചെയ്യാന്‍ കഴിഞ്ഞു. കഷ്ടപ്പെടുന്ന കലാകാരന്മാര്‍ക്കുവേണ്ടി ഇനിയും ഒട്ടേറെ പദ്ധതികള്‍ മനസ്സിലുണ്ട്. അത് ചെയ്യാന്‍ എനിക്ക് ഒരു സ്ഥാനവും ആവശ്യമില്ല. ശബ്ദമില്ലാത്തവന്റെ ശബ്ദമായി മാറാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
അതെ, കഥകളിമുതല്‍ കാക്കാരശ്ശി നാടകംവരെയുള്ള കലാപ്രവര്‍ത്തകരുടെ ശബ്ദമായി സൂര്യ കൃഷ്ണമൂര്‍ത്തിയുണ്ട്. പക്ഷേ, എന്തുകൊണ്ടാണ് സിനിമയുടെ വഴിയില്‍ താങ്കളില്ലാതെ പോയത്...
കച്ചവടസിനിമയുടെ വഴിയില്‍ ഒരിക്കലും ഞാനുണ്ടാകില്ല. 'മേല്‍വിലാസം' എന്ന എന്റെ നാടകം സിനിമയായിട്ടുണ്ട്. 'ദീര്‍ഘചതുര'വും 'തുടര്‍ച്ച'യും വൈകാതെ സിനിമയാകും. രചന എന്റേതാണെങ്കിലും ഷൂട്ടിങ് സെറ്റുകളില്‍പ്പോലും ഞാന്‍? പോകാറില്ല. കച്ചവടംചെയ്യുന്ന ആ മേഖലയുമായി എനിക്ക് യോജിച്ചുപോകാനാവില്ല. കച്ചവടസിനിമയിലെ താരങ്ങളെ ആഘോഷിക്കുന്ന നമ്മുടെ നാട്ടില്‍ എപ്പോഴെങ്കിലും ഒരു നാടകക്കാരനെ ആഘോഷിക്കുന്നതു പോയിട്ട് അംഗീകരിക്കാന്‍ നമ്മള്‍ പഠിച്ചിട്ടുണ്ടോ? നാടകക്കാരനോടും നന്തുണി പാട്ടുകാരനോടും തെയ്യംകലാകാരനോടുമൊക്കെ നമുക്ക് പുച്ഛമാണ്. സിനിമാനടനും നടിക്കും സംവിധായകനും കൊടുക്കുന്ന അവാര്‍ഡ് തുക എന്തുകൊണ്ടാണ് നാടകത്തിലെ നടനും നടിക്കും സംവിധായകനും നല്‍കാത്തത്. പത്ര-ദൃശ്യ മാധ്യമങ്ങള്‍വരെ സിനിമക്കാര്‍ക്ക് പിറകെയാണ്. മാസങ്ങളോളം രാവുംപകലും റിഹേഴ്‌സല്‍ചെയ്ത് ഒരു നാടകം അരങ്ങിലെത്തിക്കുന്ന നാടകക്കാരന്റെ സങ്കടങ്ങള്‍ എത്രപേര്‍ കാണുന്നുണ്ട്. ഇവിടെ പത്മപുരസ്‌കാരങ്ങള്‍വരെ കലയെ കച്ചവടംചെയ്യുന്ന സിനിമക്കാരനും ക്രിക്കറ്റ് കളിക്കാരനുമൊക്കെയാണ് പതിവായി കിട്ടുന്നത്.
തോപ്പില്‍ ഭാസിയും എന്‍.എന്‍. പിള്ളയും കെ.ടി. മുഹമ്മദും ഒ. മാധവനും തുടങ്ങി യഥാര്‍ഥ നാടകകലാകാരന്മാര്‍ക്ക് ഒരു പത്മശ്രീപോലും ലഭിക്കാതെപോയ നാട്ടിലാണ് നാലുവര്‍ഷം സിനിമയില്‍ തുള്ളിനടന്നവര്‍ക്ക് പദ്മശ്രീ ലഭിക്കുന്നത്. ഇതിനെയൊക്കെ ചോദ്യംചെയ്തില്ലെങ്കില്‍ കലാകാരനാണ് എന്നുപറഞ്ഞ് ജീവിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്. ഒരു സിനിമാനടനെ ഈയിടെ അദ്ദേഹം പഠിച്ച സ്‌കൂളിലെ ഒരു പരിപാടിയിലേക്ക് ചീഫ് ഗസ്റ്റ് ആയി ക്ഷണിച്ചപ്പോള്‍ ഒരുമണിക്കൂറിനാണ് പ്രതിഫലമെന്ന മറുപടിയാണ് ഹെഡ്മാസ്റ്റര്‍ക്ക് ലഭിച്ചത്. മറിച്ച്, ഒരു തെയ്യം കലാകാരനെയോ നാടകകലാകാരനെയോ അവന്‍ പഠിച്ച സ്‌കൂളിലേക്ക് ഒന്ന് ക്ഷണിച്ചുനോക്കട്ടെ, അവന്‍ തൊട്ടു തൊഴുതിട്ടേ സ്‌കൂളില്‍ കയറൂ. അതാണ് യഥാര്‍ഥ കലാകാരന്‍. അത്തരം കലാകാരന്മാര്‍ക്കൊപ്പമേ ഞാനുണ്ടാവൂ. കാരണം, എന്റെ അടിത്തറയെന്നു പറയുന്നത് കച്ചവടസിനിമയല്ല. നാടകമാണ്.
Content Highlights: Soorya Krishnamoorthy interview
Published: 27 Mar 2022, 07:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented