
കലാകേരളത്തിന്റെ അഭിമാനമാണ് നിലമ്പൂര്‍ ആയിഷ. പാറകള്‍ക്ക് പകരം നില്‍ക്കുന്ന മരം എന്ന വിശേഷണമുള്ള തേക്കിന്റെ നാട്, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തച്ചുടച്ച മജീഷ്യന്മാരുടെയും (മലയത്ത്, മുതുകാട്) ഹിപ്നോട്ടിസ്റ്റുകളുടെയും (ജോണ്‍സണ്‍ ഐരൂര്‍)നാട്, ധീരനായ തൊഴിലാളിനേതാവ് സഖാവ് കുഞ്ഞാലിയുടെനാട്, ദലിതരും ആദിവാസികളുമടക്കം സമൂഹത്തിലെ നാനാജാതിമതസ്ഥര്‍ ഒരുമിച്ചുകഴിയുന്ന മതസൗഹാര്‍ദത്തിന്റെ നാട്എന്നതിനൊപ്പം, ഭൂമിശാസ്ത്രപരമായി മുഖ്യധാരയില്‍നിന്ന്അകന്നുനില്‍ക്കുമ്പോഴും കെ.പി.എ.സി.ക്കും മുന്‍പേ നാടകകലാരൂപത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഒരു സമൂഹത്തെ പുരോഗമനത്തിന്റെ പാതയിലൂടെ കൈപിടിച്ച് നടത്തിയവരുടെ കൂടി നാടാണ് നിലമ്പൂര്‍. ആ മുന്നേറ്റത്തില്‍ ഏറെ എതിര്‍പ്പുകളും പ്രതിസന്ധികളും സഹിച്ച് കൂടെനിന്ന ധീരവനിതയാണ് നിലമ്പൂര്‍ ആയിഷ. ഇ.കെ. അയമു, കെ.ടി. മുഹമ്മദ്, ഖാന്‍ കാവില്‍, പി.ജെ. ആന്റണി, കോഴിക്കോട്അബ്ദുള്‍ ഖാദര്‍, ബാബുരാജ്, ഡോ. എം. ഉസ്മാന്‍, നിലമ്പൂര്‍ കോവിലകത്തെ കുഞ്ഞിക്കുട്ടന്‍ തമ്പാന്‍, മാനു മുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരുടെ കലാലയത്തില്‍ വാര്‍ത്തെടുക്കപ്പെട്ട അഭിനയസാമ്രാട്ടും പാട്ടുകാരിയുമാണ് ആയിഷ.
അഭിനയരംഗത്ത് സ്ത്രീകളെ കിട്ടാഞ്ഞ് പുരുഷന്മാര്‍ സ്ത്രീവേഷം ചെയ്തിരുന്ന ഒരു കാലത്താണ് യാഥാസ്ഥികത്വത്തിന്റെ വിലക്കുകള്‍ വകവയ്ക്കാതെ പതിനാറുകാരിയായ ആയിഷ ചരിത്രം തിരുത്തിക്കുറിച്ച് അരങ്ങത്ത് അദ്ഭുതപ്രകടനം കാഴ്ചവയ്ക്കാനെത്തുന്നത്. അവരന്ന് വിവാഹമോചിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം. രണ്ടായിരത്തിലേറെ നാടകവേദികള്‍, അന്‍പതിലധികം സിനിമകള്‍, നൂറുകണക്കിന് ഗാനമേളകള്‍ നിലമ്പൂര്‍ ആയിഷ ചരിത്രത്തിന്റെ അരങ്ങുണര്‍ത്തുകയായിരുന്നു. കേരള സംഗീതനാടക അക്കാദമി വൈസ് പ്രസിഡന്റായിരുന്ന, നാടക-സിനിമാ അഭിനയങ്ങള്‍ക്ക് നിരവധി അവാര്‍ഡുകള്‍ നേടിയ നിലമ്പൂര്‍ ആയിഷ ജീവിതം പറയുന്നു.
എങ്ങനെയായിരുന്നു സിനിമയിലേക്കുള്ള വരവ്?
1982 മുതല്‍ പത്തുപതിനെട്ടു വര്‍ഷം പ്രവാസജീവിതം(ഗദ്ദാമ) നയിച്ചിരുന്നല്ലോ. ആ അനുഭവംഎങ്ങനെ കാണുന്നു?
തുടക്കത്തിലെ നാടകാഭിനയകാലത്ത് രാഷ്ട്രീയക്കാരുടെ ഭാഗത്തുനിന്നുള്ള പിന്തുണയും എതിര്‍പ്പും എത്രത്തോളമുണ്ടായിരുന്നു?

വാങ്ങാം
ഇന്നത്തെ കാലത്തെ സാമൂഹിക സാംസ്‌കാരിക സംഭവങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ, എന്താണ് അഭിപ്രായം?
തീര്‍ച്ചയായും ടി.വി.യില്‍ വരുന്നതും പത്രത്തില്‍ വരുന്നതുമൊക്കെ ശ്രദ്ധിക്കാറുണ്ട്. വാര്‍ത്തവായിച്ച് ഞാന്‍ കരഞ്ഞിട്ടുണ്ട്. ഇത്രയും പുരോഗമിച്ചിട്ടും എത്രയെത്ര പെണ്‍കുട്ടികളാണ് നിഷ്ഠൂരം കൊലചെയ്യപ്പെടുന്നത്. എവിടെയാണ് സ്ത്രീകള്‍ക്ക് സംരക്ഷണമുള്ളത്? എവിടെയെങ്കിലും അവര്‍ക്ക്‌സ്വതന്ത്രമായി സഞ്ചരിക്കാന്‍പറ്റുന്നുണ്ടോ? പഴയ കാലത്തേക്കാള്‍ ഭീതിതമായ അവസ്ഥയിലേക്ക് കൂപ്പുകുത്തുകയാണോ നമ്മുടെ നാട് എന്ന് തോന്നിപ്പോകുന്നു. എല്ലാമേഖലയിലും സ്ത്രീകള്‍ ശാരീരികമായ അതിക്രമങ്ങള്‍ക്കിരയാവുകയാണ്. നിരായുധരായ സ്ത്രീകള്‍ക്കുമേല്‍ ആയുധധാരികളും അധികാരികളുമായ പുരുഷന്മാരുടെ കടന്നാക്രമണമാണ് അക്ഷരാര്‍ഥത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. സ്വയംരക്ഷയ്ക്കായി സ്ത്രീകളും ആയുധം കയ്യില്‍ കരുതേണ്ടിവരുന്ന ഒരു കാലം വന്നുചേര്‍ന്നിരിക്കുന്നു എന്ന് ആശങ്കയോടെയാണെങ്കിലും ഞാന്‍ ആത്മാര്‍ഥമായും കരുതുന്നു. പഴയകാല നാടകങ്ങളും സിനിമകളും നിര്‍വഹിച്ചിരുന്ന സാമൂഹികദൗത്യം നിറവേറ്റുന്നതില്‍ ഇന്നത്തെ നാടകങ്ങളും സിനിമകളും അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. വെറും വിളിച്ചുപറയല്‍നാടകങ്ങള്‍. കേവലം അട്ടഹാസങ്ങളായി നാടകങ്ങള്‍ അധഃപതിക്കുകയും ജനങ്ങളുമായുള്ള ആത്മബന്ധം മലയാളനാടകത്തിന് നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു.
ഇന്നത്തെ ഈ അട്ടഹാസനാടകങ്ങള്‍, സ്ത്രീകഥാപാത്രങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലാത്ത നാടകങ്ങള്‍, അഭിനയിക്കാന്‍ സത്യംപറഞ്ഞാല്‍ എനിക്ക്കഴിയില്ല. ഇന്ന്കേരളത്തില്‍ നാടകരംഗം നിശ്ചലമാണ്. നിലമ്പൂരിനെക്കുറിച്ചുതന്നെ ഞാന്‍ പലപ്പോഴും ആലോചിക്കും. എന്തെങ്കിലും കലാപ്രവര്‍ത്തനങ്ങള്‍ ഇവിടെനടക്കുന്നുണ്ടോ? എന്റെ അറിവിലില്ല. ഇന്ന് അഭിനയിക്കാനൊക്കെ ധാരാളം കഴിവുള്ള ആളുകളെ കിട്ടും. പക്ഷേ, നല്ല നാടകങ്ങള്‍ എഴുതാന്‍, സംവിധാനംചെയ്യാന്‍ കഴിവുള്ള ആളുകളില്ല. വര്‍ത്തമാനത്തെപൊള്ളിപ്പിക്കാന്‍ ശേഷിയുള്ള വിഷയങ്ങള്‍ വേണം നാടകത്തിന്. ആ തലത്തില്‍ സധൈര്യംചിന്തിക്കാനും ഇടപെടാനും ശേഷിയുള്ളവരില്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ നല്ലനാടകങ്ങള്‍ വരേണ്ടതാണ്, പ്രത്യേകിച്ചും ഇത്രയധികം സാമൂഹികവിഷയങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കാലത്ത്. പഴയ ആളുകളെ പുതിയ പാര്‍ട്ടിക്കാര് ചെറുതായിട്ട് തഴയുന്നുണ്ടോ എന്ന്തോന്നാറുണ്ട്. ഞാനും മലയത്തുംജോണ്‍സണ്‍ ഐരൂരുംപരിപാടികള്‍ അവതരിപ്പിച്ചിരുന്നു. എന്റെ ഊഴം വരുമ്പോള്‍ ഞാന്‍ അഭിനയിക്കും. മലയത്ത് മാജിക് അവതരിപ്പിക്കും. ജോണ്‍സണ്‍ ഐരൂര് ഇന്റലക്ച്വലായിരുന്നു. ആളുകളെ ബോധവല്‍ക്കരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. ആ പരിപാടി അന്ധവിശ്വാസങ്ങക്കും അനാചാരങ്ങള്‍ക്കുമെതിരേ നല്ല രീതിയില്‍ മുന്നോട്ടുപോയിരുന്നു എന്നാല്‍ നിലമ്പൂരിലെ പാര്‍ട്ടിക്കാര്‍ അതിനെ അക്കാലത്ത്വേണ്ടരീതിയില്‍ പിന്തുണച്ചില്ല എന്ന ഒരു വിമര്‍ശനം എനിക്കുണ്ട്.
കുട്ടിക്കാലത്തെ ഓര്‍മകള്‍പങ്ക് വെക്കാമോ?
എന്ത് രസമായിരുന്നു ആ കാലം. ബാപ്പ (മൂത്തേടത്ത് അഹമ്മദ് കുട്ടി) ഞങ്ങള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും തന്നിരുന്നു. വലിയ ഭൂവുടമയും പ്രതാപിയുമായിരുന്നുഅദ്ദേഹം. കൃഷി, മരക്കച്ചവടം,
തേയിലക്കച്ചവടം എന്നിവയൊക്കെയുണ്ടായിരുന്നു. വൈകുന്നേരമായി പാടത്തുള്ള പണികഴിഞ്ഞാല്‍ ഞങ്ങള്‍ കുട്ടികളെ മുറ്റത്ത് ഒരുമിച്ചുകൂട്ടും. എന്നിട്ട് തൊഴിലാളികളോടായി ബാപ്പ പറയും, 'നിങ്ങളി
ലുള്ള കല കുട്ടികളുടെ മുന്നില്‍ അവതരിപ്പിക്കുക' അതോടെഅവരുടെ പാട്ടും നൃത്തവും നാടകവുമൊക്കെയുണ്ടാവും. അതില്‍ ഒരു ആയിശാബിത്താത്തയുണ്ടായിരുന്നു അവര്‍ നന്നായി കെസ്സുപാട്ടുപാടും.ബാപ്പാന്റെ ഒരു അലക്കുകാരനുണ്ടായിരുന്നു തമിഴന്‍ വീരമുത്തു. നന്നായി നാടകം കളിക്കും, പാട്ടുംപാടും. മാനുകാക്കയും മറ്റു കുട്ടികളുമൊക്കെ അതില്‍ അഭിനയിക്കും. അതിന്റെ സ്വാധീനം തുടര്‍ജീവിതത്തിലും ഞങ്ങളിലൊക്കെ ഉണ്ടായിട്ടുണ്ട്. ഇതൊക്കെകേട്ടാണ് ഞങ്ങള്‍ വളര്‍ന്നതും കലയോട് അടങ്ങാത്തഇഷ്ടത്തിലാവുന്നതും. പാട്ടുംകളിയും മരംകയറ്റവും എല്ലാംകൊണ്ട് സമ്പന്നമായിരുന്നുഞങ്ങളുടെ കുട്ടിക്കാലം.
ജീവിതത്തില്‍ ഏറ്റവും മറക്കാനാഗ്രഹിക്കുന്നതായി വല്ല സംഭവങ്ങളും ഉണ്ടായിട്ടുണ്ടോ?
മറക്കാനാഗ്രഹിക്കുന്നപല സംഗതികളും എന്റെ ജീവിതത്തില്‍ ഉണ്ട്. ഒരുപാടൊരുപാട് കാര്യങ്ങള്‍ ഒതുക്കിവെക്കുന്ന ഹൃദയമാണ് എന്റേത്. അതൊക്കെആരോട് പറയാന്‍. അതില്‍ ഏറ്റവും കുറ്റബോധം തോന്നിയിട്ടുള്ള ഒരു സംഭവം പറയാം. ഒരിക്കലൊഴികെ ജീവിതത്തിലിന്നുവരെ ഇടതുപക്ഷത്തിനുമാത്രംവോട്ട് ചെയ്ത ഒരാളാണ് ഞാന്‍. മുമ്പൊരിക്കല്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഇടതുപക്ഷത്തിനെതിരേവോട്ട് ചെയ്യേണ്ടിവന്നു. ഞാനതന്ന് പരസ്യമായിത്തന്നെ പറഞ്ഞാണ് ചെയ്തത്. സങ്കടം അതല്ല, ആ പ്രമുഖ പാര്‍ട്ടി സ്ഥാനാര്‍ഥി ഒരു വോട്ടിന് തോറ്റു. അതോടെഎനിക്ക് വല്ലാത്ത സങ്കടമായി. പാര്‍ട്ടിതോല്‍ക്കുമെന്നോതോല്‍ക്കണമെന്നോഎന്നൊന്നും കരുതിയല്ലസത്യത്തില്‍ അങ്ങനെ
ചെയ്തത്. ഞാന്‍ പറഞ്ഞല്ലോചില നേരത്ത് എനിക്ക് ചില ഉള്‍വിളികളാണ്. എന്റെ ഒരു വ്യക്തിപരമായ പ്രതിഷേധം അറിയിക്കണം എന്നുമാത്രമേകരുതിയിരുന്നുള്ളൂ. പക്ഷെ, ഒരു വോട്ടിന് ആ സ്ഥാനാര്‍ഥിതോറ്റതോടെ എനിക്കാകെസങ്കടമായി. തോറ്റത് അയാള്‍ മാത്രമല്ലല്ലോ, പാര്‍ട്ടിയാണല്ലോ തമ്പുരാനേ തോറ്റത് എന്ന നിരാശ എന്നെ വല്ലാതെസങ്കടത്തിലാക്കി. അതിപ്പോഴും ഒരു വേദനയായി നീറ്റലായി മനസ്സില്‍ അങ്ങനെയുണ്ട്.
ആയിഷാത്താന്റെ നടക്കാതെപോയ ആഗ്രഹം ഏതാണ്?
അങ്ങനെ ചോദിച്ചാല്‍... ആഹ്... ഒന്നുണ്ട്, ബഷീര്‍ ജീവിച്ചിരിക്കുമ്പോള്‍ ബേപ്പൂരിലെവീട്ടില്‍പ്പോയി അദ്ദേഹത്തെസന്ദര്‍ശിക്കാന്‍ സാധിച്ചില്ലഎന്നതാണ് എന്റെ നടക്കാതെപോയ ആഗ്രഹങ്ങളില്‍ ഒന്ന്. എല്ലാവരും അവിടെപോകുമായിരുന്നു. ബഷീറിന്റെ നാടകത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട്ട് ആ നാടകം കാണാന്‍ ബഷീര്‍ വന്നിരുന്നു. സ്റ്റേജിന്റെ പിറകിലേക്ക് അദ്ദേഹം വന്ന് എന്നെഒന്ന്‌നോക്കി, പിന്നെ ഒരു പോക്കങ്ങോട്ട്‌പോയി.
ആയിഷാത്ത ഒരു മതവിശ്വാസിയാണോ?
വിശ്വാസിയല്ലായിരുന്നു. ഇപ്പം കുറച്ച് വിശ്വാസവും മതബോധവും ഒക്കെ വന്നിട്ടുണ്ട്. ഖുര്‍ആന്‍ ഓതാറുണ്ട്. അഞ്ചുനേരം നിസ്‌കരിക്കാറുണ്ട്. ചെറുപ്പത്തില്‍ തരക്കേടില്ലാതെ ഓത്ത് പഠിച്ചിരുന്നു. കേള്‍ക്കാന്‍ നല്ല രസമാണ് എന്നുപറഞ്ഞ് എന്റെ ഓത്ത് കേള്‍ക്കാന്‍ ആളുകള്‍ ചുറ്റുംകൂടിനില്‍ക്കുമായിരുന്നു. ഇപ്പോള്‍ എല്ലാവരും കൂടെയുണ്ടെങ്കിലും ആള്‍ക്കൂട്ടത്തിനിടയിലും ഒരൊറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ട് ഉള്ളി
ന്റെയുള്ളില്‍. ഒരുപക്ഷേ, അതാവാം വിശ്വാസപരമായ ആലോചനകള്‍ കൂടാന്‍ കാരണം. ഇനിയെന്ത്, ഇനിയെന്തിന്, എന്താണ് എന്റെ ഉദ്ദേശ്യം? എന്ന് എപ്പോഴും ഇങ്ങനെ ആലോചനയില്‍ കടന്നുവരാറുണ്ട്. പഴയ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒക്കെ മരണാനന്തരം കണ്ടുമുട്ടുമ്പോള്‍ മാത്രമേ ഞാന്‍ ഇപ്പോഴത്തെഞാനല്ലാതെ പഴയ ഞാനായി മാറുകയുള്ളൂ. മരിക്കാന്‍ കിടക്കുന്ന ഒരുപാട് ആളുകള്‍ക്ക് ഞാന്‍ കലിമ (അസുഖബാധിതരായി മരണക്കിടക്കയില്‍കിടക്കുന്നയാളുകള്‍ക്ക്, ലാ ഇലാഹ ഇല്ലള്ളാഹ് എന്നദിക്‌റ് ചെവിയില്‍ ചൊല്ലിക്കൊടുക്കുന്ന രീതി) ചൊല്ലിക്കൊടുത്തിട്ടുണ്ട്. മരിക്കുന്നസമയത്ത് അയാളുടെത് നല്ല മരണമാണോ അല്ലയോഎന്ന് നമുക്ക് കണ്ടാല്‍ തന്നെ മനസ്സിലാക്കാന്‍ പറ്റും. എല്ലാര്‍ക്കും പറ്റിക്കൊള്ളണമെന്നില്ല, എനിക്കുപറ്റും. ഞാനൊരുപാട് ജീവിതം കണ്ടയാളാണ്, അതുകൊണ്ടാവും (ചിരിക്കുന്നു). ഒരിക്കല്‍; ബഷീര്‍ ജീവിച്ചിരിക്കുമ്പോള്‍ ബേപ്പൂരിലെ വീട്ടില്‍പ്പോയി അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ സാധിച്ചില്ല എന്നതാണ് എന്റെ നടക്കാതെപോയ ആഗ്രഹങ്ങളില്‍ ഒന്ന്. ബഷീറിന്റെ നാടകത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട്ട് ആ നാടകം കാണാന്‍ ബഷീര്‍ വന്നിരുന്നു.
കുറെ മുന്‍പാണ്, എനിക്ക് നല്ല ആരോഗ്യമുള്ള കാലത്ത്. ഞങ്ങളുടെ അയല്‍വാസി കുട്ടിക്കാക്ക അസുഖമായി കരച്ചിലോട് കരച്ചില്‍, നല്ല പ്രായമായിട്ടുണ്ട് മൂപ്പര്‍ക്ക്. മൂത്രം പോവാതെ കെട്ടിക്കിടന്നിട്ടാണ്‌വേദന. ഞാനൊന്നുംനോക്കിയില്ല. കോരിയെടുത്ത് ഓട്ടോറിക്ഷയില്‍ കയറ്റികോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അസുഖം ഭേദമായിട്ട് മൂപ്പരെയുംകൊണ്ടാണ് മടങ്ങിയത്. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ ആശുപത്രിയില്‍ രോഗമായി മല്ലിട്ട് കിടക്കുമ്പോള്‍ ഞാന്‍ കാണാന്‍ ചെന്നു. മരണം ആസന്നമാണെന്നും ചികിത്സ ഫലിക്കുന്നില്ലെന്നുംഡോക്ടര്‍മാര്‍ പറഞ്ഞു. ഞാന്‍ പറഞ്ഞുനമുക്കവരെ വീട്ടിലേക്ക് കൊണ്ടുപോകാം. ഈ ആശുപത്രിയില്‍ കിടന്ന് മരിക്കുന്നതിനെക്കാളും നല്ലത് സ്വന്തം വീട്ടില്‍ എല്ലാവരുടെയും ഇടയില്‍ കിടന്ന് എല്ലാവരെയും കണ്ടുകൊണ്ട് മരിക്കുന്നതാണ്. അങ്ങനെ അവരെവീട്ടിലെത്തിച്ചതും ഏറെ വൈകാതെ മരിച്ചു. ഞാനാണ് അവര്‍ക്ക് കലിമ ചൊല്ലിക്കൊടുത്തത്.
ആയിഷാത്താന്റെ നാടകജീവിതം പ്രസിദ്ധമാണെങ്കിലും ഗാനമേളസംഘവും പാട്ടുമായുളള ബന്ധം അത്രയധികം ചര്‍ച്ചയിലേക്ക് വന്നിട്ടില്ല. അതൊന്ന് വിശദീകരിക്കാമോ?
നാടകവും സംഗീതവും രണ്ടും രണ്ടല്ല. സംഗീതബോധവും പാട്ടുപാടാനുള്ള കഴിവും ഒരു അഭിനേതാവിനെസംബന്ധിച്ച് അത്യാവശ്യം വേണ്ട കാര്യമാണ്. പണ്ടുകാലത്തെ നാടകനടീനടന്മാരൊക്കെ തന്നെ അത്യാവശ്യം പാട്ടുപാടുമായിരുന്നു. സിനിമയിലെത്തുമ്പോഴാണ് സംഗീതം അഭിനയത്തില്‍നിന്ന് വേറിട്ടുപോകുന്നത്. സിനിമയില്‍ പിന്നെ എന്തും കൃത്രിമമായി തുന്നിക്കൂട്ടാന്‍ പറ്റുമല്ലോ. കോഴിക്കോട് അബ്ദുല്‍ ഖാദര്‍ ഞങ്ങളുടെ കൂടെ പാടാനുണ്ടായിരുന്നു. മ്യൂസിക് ഡയരക്ടറായിട്ട് ബാബുരാജ് ഉണ്ടായിരുന്നു. ബാബുരാജ് എന്നെകൊണ്ടുപോയി റെക്കോഡ് ചെയ്യിച്ചിരുന്ന പാട്ടൊക്കെഇപ്പോള്‍ യൂ-ട്യൂബില്‍ വരുന്നുണ്ട്. കുട്ടികള്‍ എന്നെ കൊണ്ടുവന്ന് കാണിച്ചുതരാറുണ്ട്. ബാബുരാജ് സംഗീതം മാത്രമല്ല ഞങ്ങളുടെ കൂടെ ജാഥയായി നാടകപ്രചാരണത്തിനും പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം കൂടെയുണ്ടായിരുന്നു. അബ്ദുല്‍ ഖാദറിന്റെ ഭാര്യ ശാന്താദേവി ഞങ്ങളുടെ കൂടെയുണ്ടായിരുന്നുഈ ദുനിയാവില്‍ ഞാനൊറ്റയ്ക്കാണ് എന്ന നാടകത്തില്‍. ബാബുരാജിന്റെയും അബ്ദുല്‍ ഖാദറിന്റെയും കെ.ടി. മുഹമ്മദിന്റെയും വീട്ടിലൊക്കെഞങ്ങള്‍ ഒരുപാട് താമസിച്ചിട്ടുണ്ട്.
ഇന്നത്തെ പെണ്‍തലമുറയ്ക്ക് പ്രത്യേകിച്ചെന്തെങ്കിലും ഉപദേശനിര്‍ദേശങ്ങള്‍നല്‍കാനുണ്ടോ?
പുതിയ തലമുറയ്ക്ക് ആരുടെയും ഉപദേശത്തിന്റെ ആവശ്യമൊന്നുമില്ല. എന്നെകാണാനും എന്നോട് സംസാരിക്കാനും ഇവിടെ നിരവധി കുട്ടികള്‍ വരാറുണ്ട്. ഒറ്റയ്ക്കുംകൂട്ടായും. ചില സ്‌കൂളുകളില്‍ നിന്നൊക്കെ കുട്ടികളെയും കൊണ്ട് അധ്യാപകര്‍ വരും. അവരോടൊക്കെ ഞാന്‍ നിങ്ങളുടെ കാര്യങ്ങള്‍ സ്വന്തമായി മനസ്സിലാക്കി ചെയ്യാന്‍ പ്രാപ്തിനേടണം എന്നുപറയും. എല്ലാറ്റിനും പുരുഷന്മാരെയും മറ്റും ആശ്രയിക്കുന്ന ആശ്രിതത്വമനോഭാവം ഉണ്ടെങ്കില്‍ ചെറുപ്പത്തിലേ അതുപേക്ഷിക്കണമെന്ന് അവരെ ഉപദേശിക്കും. വിദ്യാഭ്യാസംനേടലാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനം എന്ന് ഞാനവരോട് പറയും. വിദ്യാഭ്യാസമുള്ള കുട്ടികള്‍ക്കേ ധൈര്യമുണ്ടാകൂ. ഞാന്‍ വെറും അഞ്ചാംക്ലാസുകാരിയാണ് പക്ഷേ, ഞാനെന്റെ ജീവിതത്തില്‍നിന്നാണ് പിന്നീട് വിദ്യാഭ്യാസം നേടുന്നത്. പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണത്തിനുപകരം നല്ല വിദ്യാഭ്യാസം നല്‍കാനാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. സ്വര്‍ണത്തിനും സ്വത്തിനും പകരംകുട്ടികള്‍ രക്ഷിതാക്കളോട് തിരിച്ച് മികച്ച വിദ്യാഭ്യാസം ആവശ്യപ്പെടണം എന്ന് ഞാനവരോട് പറയാറുണ്ട്. അതുതന്നെയാണ് പുതുതലമുറയോടുളള എന്റെ എളിയ ഉപദേശം
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Nilambur Ayisha Interview
Published: 18 Feb 2022, 02:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented