സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രൊഫ.ആർ.ബിന്ദു
ഓട്ടിസം ഉള്‍പ്പടെയുളള ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുഞ്ഞിന്റെ ജനനത്തോടെ ആദ്യം ഇല്ലാതാകുന്നത് കുഞ്ഞിനെ പരിചരിക്കുന്നവരുടെ, പ്രത്യേകിച്ച് അമ്മയുടെ സാമൂഹിക ജീവിതവും തൊഴിലുമാണ്. ഈ രക്ഷിതാക്കള്‍ക്ക് താങ്ങൊരുക്കുക എന്ന ലക്ഷ്യത്തോടെ മാതൃഭൂമി ഡോട് കോം ആരംഭിച്ച ഇടം നല്‍കാം മക്കള്‍ക്ക് അമ്മയ്ക്ക് ജീവിതവും എന്ന കാമ്പെയ്‌നോട് സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രൊഫ. ആര്‍. ബിന്ദു പ്രതികരിക്കുന്നു.
സമൂഹത്തിന്റെ സവിശേഷ പരിഗണന അര്‍ഹിക്കുന്നവരാണ് ഓട്ടിസം ഉള്‍പ്പടെയുളള ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരും അവരുടെ അമ്മമാരും. നരകതുല്യ ജീവിതം നയിക്കുന്ന ഈ അമ്മമാര്‍ക്ക് എന്തു സമാശ്വാസമാണ് സമൂഹത്തിനും സര്‍ക്കാരിനും നല്‍കാനാവുക?
ഓട്ടിസം ഉള്‍പ്പടെയുളള ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ പരിരക്ഷിക്കുക എന്നുളളത് കുടുംബത്തിന്റെ മാത്രം ചുമതലയല്ല. സമൂഹത്തിനും സര്‍ക്കാരിനും എല്ലാം അതിന് ബാധ്യതയുണ്ട്. പക്ഷേ ,അതത്ര എളുപ്പമുളള ഒന്നല്ലെന്ന് മനസ്സിലാക്കണം.
മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അവരുടെ കാലശേഷം ആരാണ് ഈ കുട്ടികളെ പരിപാലിക്കുക എന്നുളളതാണ് വലിയൊരു ചോദ്യം. കൂടാതെ 24 മണിക്കൂറും ഈ കുട്ടികളെ പരിപാലിക്കേണ്ടതിനാല്‍ രക്ഷിതാക്കളില്‍ പലര്‍ക്കും തൊഴിലില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ട്. ആ സാഹചര്യത്തില്‍ പരസ്പരം സഹായമാകുന്ന രീതിയില്‍ ഭിന്നശേഷി കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് താമസിക്കാവുന്ന രീതിയില്‍ അസിസ്റ്റീവ് വില്ലേജ് എന്നൊരു പദ്ധതി സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയോടും കൂടിയ ഒരു വില്ലേജ് കോംപ്ലക്‌സ് എന്ന രീതിയിലാണ് അത് വിഭാവനം ചെയ്തിരിക്കുന്നത്. അവിടെ കുട്ടികള്‍ക്ക് ആവശ്യമായ വൈദ്യസഹായം, ബഡ്‌സ് സ്‌കൂള്‍ പോലുളള സംവിധാനങ്ങള്‍ തുടങ്ങിയവ ഒരുക്കേണ്ടതുണ്ട്.
തുടക്കത്തില്‍ മൂന്നെണ്ണം ആരംഭിക്കാനാണ് തീരുമാനം. അതിനുളള സ്ഥലം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. നേരത്തേ പറഞ്ഞതുപോലെ വളരെ വിപുലമായ രീതിയില്‍ സംവിധാനങ്ങള്‍ ആവശ്യമുളള കാര്യങ്ങളാണ്. ഇത്തരം കുട്ടികള്‍ വരുമ്പോള്‍ അവര്‍ക്കു വേണ്ട എല്ലാ സംരക്ഷണ സംവിധാനങ്ങളും വേണം, അതായത് ഒറ്റയടിക്ക് പൂര്‍ത്തീകരിക്കാന്‍ പറ്റുന്ന ഒന്നല്ല ഇത്. മൂന്നെണ്ണം പരീക്ഷണാടിസ്ഥാനത്തില്‍ ഏറ്റവും പെട്ടെന്ന് ആരംഭിക്കണം എന്നാണ് കരുതുന്നത്. കാസര്‍കോട് മൂളിയാറില്‍ സ്ഥലമുണ്ട്. അവിടെ ഊരാളുങ്കല്‍ സൊസൈറ്റി പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിലമ്പൂര്‍ എം.എല്‍.എ. മുന്‍കൈ എടുത്ത് സ്ഥലം തരാന്‍ തയ്യാറായിട്ടുണ്ട്. ഒന്നു രണ്ടു സ്ഥലങ്ങളില്‍ നിന്നുകൂടി പ്രൊപ്പോസലുകള്‍ വന്നിട്ടുണ്ട്. അത് പരിശോധിച്ചുവരികയാണ്.
Also Read
പതിനെട്ടു വയസ്സിന് മുകളില്‍ പ്രായമുളള ഭിന്നശേഷിക്കാര്‍ക്കായുളള ക്ഷേമഭവനുകള്‍
പതിനെട്ട് വയസ്സിനു ശേഷം ശേഷവും കുട്ടികളെ സംരക്ഷിക്കുന്നതിനുളള സംവിധാനങ്ങള്‍ നാം ഉണ്ടാക്കേണ്ടിയിരിക്കുന്നു. നിലവില്‍ സ്വകാര്യ ഏജന്‍സികള്‍, എന്‍.ജി.ഒകള്‍ എന്നിവര്‍ നടത്തുന്ന ചില സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്. സര്‍ക്കാരിന്റെയും ചില സ്ഥാപനങ്ങള്‍ ഉണ്ട്. പോരായ്മകള്‍ പരിഹരിച്ചുകൊണ്ടുളള സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്ന നിലയിലുളള സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ പുനരധിവാസത്തിന് ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. നിലവില്‍ നാം നേരിടുന്ന വെല്ലുവിളി മാന്‍പവറാണ്, ഈ കുഞ്ഞുങ്ങളെ നോക്കാന്‍ തയ്യാറായി എത്ര പേര്‍ മുന്നോട്ടുവരും?
കുട്ടിയെ പരിചരിക്കുന്നവരെ സംബന്ധിച്ചിടത്തോളം കുട്ടിയിലേക്ക് ലോകം ചുരുങ്ങുകയാണ്. അവര്‍ക്ക് സാമൂഹിക ജീവിതം നഷ്ടപ്പെടുന്നു. കടുത്ത മാനസിക സംഘര്‍ഷത്തിലാണ് അമ്മമാര്‍..ഇത് ലഘൂകരിക്കുന്നതിനുളള പദ്ധതികള്‍ സാമൂഹ്യനീതിക്ഷേമ വകുപ്പ് വിഭാവനം ചെയ്തിട്ടുണ്ടോ?
സാമൂഹിക നീതിവകുപ്പിന്റെ മുദ്രാവാക്യം തന്നെ തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍ എന്നാണ്. ആ മുദ്രാവാക്യം മുന്നോട്ടു വെച്ചുകൊണ്ടാണ് സഹജീവനം എന്നു പറയുന്ന പരിപാടി നടപ്പാക്കിയിട്ടുളളത്. അതിന്റെയെല്ലാം ഭാഗമായിട്ട് ഈ കാര്യങ്ങള്‍ ലഭ്യമാണ്. പദ്ധതികളുടെ കുറവില്ല ഈ മേഖലയില്‍. മാനസികമായ പിന്തുണയും മറ്റും നല്‍കുന്നതിനുളള പദ്ധതികള്‍ ലഭ്യമാണ്. വാതില്‍പ്പടി സേവനം എന്ന നിലയില്‍ തന്നെ അങ്ങനെയുളള സജ്ജീകരണങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, അത് ഉപയോഗിക്കാനുളള ബോധവൽക്കരണം ഈ കുടുംബങ്ങള്‍ക്ക് ലഭ്യമായിട്ടില്ല എന്നതാണ് പ്രധാനകാര്യം. ഇങ്ങനെയുളള പദ്ധതികളുണ്ട് എന്ന് അവരറിയാനായിട്ടുളള പ്രചാരണ പരിപാടികളാണ് ഇനി നടത്തേണ്ടത്.
കുട്ടികള്‍ക്ക് എത്ര ശതമാനം ഭിന്നശേഷിയുണ്ടെന്ന് കണ്ടെത്തി കൃത്യമായ ഭിന്നശേഷി സെന്‍സസ് എടുക്കണം എന്ന നിര്‍ദേശം രക്ഷിതാക്കൾ ഉള്‍പ്പടെയുളളവര്‍ മുന്നോട്ടു വെക്കുന്നുണ്ടല്ലോ?
സംസ്ഥാനത്തുടനീളം തീവ്രയത്‌ന പരിപാടിയിലൂടെ യു.ഡി. ഐ.ഡി. കാര്‍ഡുകളുടെ രജിസ്‌ട്രേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും അധികം യു.ഡി.ഐ.ഡി. കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്തത് കേരളത്തിലാണ്. ഒന്നര ലക്ഷത്തോളം കാര്‍ഡുകള്‍ ഇഷ്യു ചെയ്തിട്ടുണ്ട്. തീവ്രയത്‌ന പരിപാടി -അതായത് മെയ്-ജൂണ്‍ ആയിട്ട്- രജിസട്രേഷന്‍ ഡ്രൈവ്, അതിനുശേഷം മെഡിക്കല്‍ ബോര്‍ഡ് കൂടി സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന പ്രവര്‍ത്തനം ഇതെല്ലാം വേഗത്തില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനുളള എല്ലാ അറിയിപ്പുകളും റേഡിയോ മുഖാന്തിരവും മറ്റു പ്രചരണ സമാഗ്രികള്‍ ഉപയോഗിച്ചും നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ട് വലിയ രീതിയില്‍ രജിസ്‌ട്രേഷന്റെ അളവില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്.
അമ്മമാരുടെ തൊഴില്‍നഷ്ടം പരിഹരിക്കാനുളള നടപടികള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ടോ?
അസിസ്റ്റീവ് വില്ലേജുകളില്‍ കുട്ടികളെ സംരക്ഷിക്കാനുളള കേന്ദ്രം ഒരുങ്ങുമ്പോള്‍ അതിന് സമീപത്തായി അമ്മമാര്‍ക്ക് സ്വയം തൊഴില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാവുന്ന സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ കഴിയും. ഉദാഹരണത്തിന്, കൊടുങ്ങല്ലൂരില്‍ ഒരു ബ്ലോക്ക് പഞ്ചായത്തില്‍ ഒരു ബഡ്‌സ് സ്‌കൂള്‍ ആരംഭിച്ചിരുന്നു. അതിനോട് ചേര്‍ന്ന് ഇത്തരം കുട്ടികള്‍ക്ക് ആവശ്യമുളള നാപ്കിന്‍ ഉണ്ടാക്കുന്നതിനുളള പരിശീലനം നല്‍കി രക്ഷിതാക്കളെ തൊഴില്‍മേഖലയിലേക്ക് കൊണ്ടുവരാനുളള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതുപോലെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ ദിശയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അവരുടെ പദ്ധതിവിഹിതം ഉപയോഗിച്ചുകൊണ്ട് ഭിന്നശേഷി സഹോദരങ്ങള്‍ക്കാവശ്യമായ നിര്‍മാണാത്മകമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം.
കുട്ടികള്‍ കൗമാരത്തിലെത്തുന്നതോടെ ഉണ്ടാകുന്ന വൈകാരിക വ്യതിയാനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതുസംബന്ധിച്ച് സെക്‌സോളജിസ്റ്റുകളുടേതുള്‍പ്പടെയുളള ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കേണ്ടതല്ലേ?
നിലവില്‍ നിഷ് കേന്ദ്രീകരിച്ച് ക്ലാസുകള്‍ നല്‍കുന്നുണ്ട്. അത് അത് എല്ലാവർക്കും ലഭിക്കുക എന്നതാണ് പ്രധാനം. എല്ലാവരും ഇത്തരം ക്ലാസുകള്‍ നടക്കുന്നതിനെ കുറിച്ചൊന്നും അറിയുന്നില്ല. അതാണ് പ്രയാസം. എന്തായാലും വ്യാപകമായി അത്തരം ക്ലാസുകളും പരിശീലനങ്ങളും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
Content Highlights: Minister R Bindu reacts to mathrubhumi.com's campaign Idam nalkam makkalk ammak jeevithavum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..