
ഇടം നല്‍കാം മക്കള്‍ക്ക് അമ്മയ്ക്ക് ജീവിതവും എന്ന കാമ്പെയ്ന്‍ ആരംഭിച്ചതിന് അഭിനന്ദനങ്ങള്‍. കഴിഞ്ഞ ആറു വര്‍ഷക്കാലമായിട്ട് ഭിന്നശേഷിക്കാരുടെ, അല്ലെങ്കില്‍ പ്രത്യേക പരിഗണന വേണ്ട കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ഒരാളാണ് ഞാന്‍.
ഇത്തരം പല കേസുകളിലൂടെയും നമ്മുടെ ആശുപത്രികളിലെ ഒ.പികള്‍ കടന്നുപോകാറുണ്ട്. ആശുപത്രികളില്‍ വരുന്ന സമയത്ത് രക്ഷിതാക്കള്‍ അവരുടെ ആശങ്കകള്‍ ഒരുപാട് പങ്കുവെക്കാറുണ്ട്. അതില്‍ അവര്‍ പറഞ്ഞിട്ടുളളതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഞങ്ങള്‍ ഉളളിടത്തോളം കാലം ഞങ്ങളുടെ കുട്ടികളെ ഞങ്ങള്‍ നോക്കും, ഞങ്ങള്‍ക്കുശേഷം എന്താകും എന്നതാണ്. സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തുന്ന അവര്‍ ഉയര്‍ത്തുന്ന വലിയൊരു ചോദ്യം തന്നെയാണ് അത്.
നമ്മുടെ രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട് ഒരുപാട് ദിനങ്ങള്‍ ഉണ്ട്. ഓട്ടിസം ഡേ, ഡൗണ്‍സിന്‍ഡ്രോം ഡേ, സെറിബ്രല്‍ പാള്‍സി ഡേ ഇതൊക്കെ നമ്മള്‍ ആചരിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തലത്തില്‍ പോലും ഇത്തരത്തിലുളള കുട്ടികളെ ശാശ്വതമായി പുനരധിവസിപ്പിക്കാനുളള, അവര്‍ക്കുളള നൈപുണികള്‍ വികസിപ്പിച്ചെടുക്കാനുളള, സ്വയം തൊഴില്‍ സഹായത്തിന് വേണ്ടിയുളള ഒരു കേന്ദ്രീകൃത പുനരധിവാസ പദ്ധതി കണ്ടുവരുന്നില്ല. അത് വലിയ ഉത്തരവാദിത്തമാണ്. മാതൃഭൂമിയെപ്പോലുളള സ്ഥാപനങ്ങള്‍ അത് ചൂണ്ടിക്കാണിച്ച് മുന്നോട്ടുവന്നതില്‍ ഒരുപാട് സന്തോഷം.
അമ്മമാര്‍ക്ക് ഈ കുട്ടികളെ പരിചരിക്കേണ്ടതുകൊണ്ട് ജോലി ചെയ്ത് ജീവിതവൃത്തി കണ്ടെത്തുക എന്നുപറയുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരിക്കും. അതുകൊണ്ടുതന്നെ അമ്മമാര്‍ക്ക് തൊഴിലിലൂടെ അവരുടെ മാനസിക സംതൃപ്തി മുറുകെ പിടിക്കാനും ആത്മവിശ്വാസം ഉയര്‍ത്തിക്കൊണ്ടുവരാനും നമുക്ക് കഴിഞ്ഞാല്‍ ആ ആത്മവിശ്വാസം ഈ കുട്ടികള്‍ക്ക് വലിയ താങ്ങും തണലും കരുത്തുമാകും എന്ന കാര്യത്തില്‍ സംശയമില്ല. പലപ്പോഴും ബ്രോക്കണ്‍ ഫാമിലികളായിരിക്കും, സിംഗിള്‍ ഫാമിലികളായിരിക്കും. ഇതൊക്കെ കണക്കിലെടുത്ത് വേണം ഇത്തരമൊരു യജ്ഞമായിട്ട് മുന്നോട്ടുപോകാന്‍
അതുമാത്രമല്ല, ഇങ്ങനെയുളള പദ്ധതി ആരംഭിക്കുന്ന സമയത്ത് ഇത് വലിയ ഒരു പൊതുവേദിയില്‍ ചര്‍ച്ചകളായി മാറണം. സുമനസ്സുകളായ ആളുകളുടെ, സി.ആര്‍.എസ്. ഫണ്ടിങ്ങിലൂടെ നല്ല രീതിയിലുളള ഇത്തരം സംരഭങ്ങള്‍ ആരംഭിക്കാന്‍ നമുക്ക് കഴിയും.
ഇത്തരം സ്ഥാപനങ്ങളില്‍ കുട്ടികളുടെ അവകാശ ലംഘനം നടക്കാതിരിക്കാന്‍ അവരുടെ അവകാശ സംരക്ഷണത്തിനായി ജുഡീഷ്യറിയുടെ നേരിട്ടുളള മേല്‍നോട്ടം ഉണ്ടാകണം. കാരണം ഭിന്നശേഷിയുളള കുട്ടികളും അവരുടെ മാതാപിതാക്കളും ചൂഷണം ചെയ്യപ്പെടാനുളള ഒരുപാട് സാധ്യതകളുണ്ട്. അങ്ങനെയുളള അനുഭവങ്ങളും നമുക്കുണ്ടായിട്ടുണ്ട്.
-ഡോ.രാഹുല്‍
ആയുര്‍വേദിക് ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് കെയര്‍, പുറക്കാട്ടിരി
സമൂഹത്തില്‍നിന്നും സ്വന്തം കുടുംബത്തില്‍നിന്നും ഒറ്റപ്പെട്ടു പോകുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് അവരുടെ സാമൂഹിക ജീവിതം നഷ്ടപ്പെട്ടു പോകില്ലെന്ന് ഉറപ്പു നല്‍കേണ്ടതുണ്ട്. കുട്ടികളെ അനുഭാവപൂര്‍വം പരിചരിക്കാന്‍ കഴിയുന്ന ക്ഷമയും സ്‌നേഹവും നിറഞ്ഞ ഭിന്നശേഷിസൗഹാര്‍ദമായ ഇടങ്ങള്‍ സൃഷ്ടിക്കുകയാണ് അതിനുളള ആദ്യചുവടുവെയ്പ്. ഈ ആവശ്യത്തിലൂന്നിക്കൊണ്ട് പൊതുജനങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധ ക്ഷണിക്കുന്നതിനായി മാതൃഭൂമി ഡോട് കോം മുന്നോട്ടുവെക്കുന്നു; ' ഇടം നല്‍കാം മക്കള്‍ക്ക്, അമ്മയ്ക്ക് ജീവിതവും'.
ലോകം തന്നിലേക്കും ഭിന്നശേഷിക്കാരായ കുഞ്ഞിലേക്കും ചുരുങ്ങിയ, വീടിന്റെ നാലുചുമരുകള്‍ക്ക് ഇടയില്‍ ജീവിതം കുരുങ്ങിപ്പോയ, തങ്ങളുടെ കാലശേഷം മക്കളെ ആരു നോക്കുമെന്ന് ആലോചിച്ച് നീറിപ്പുകയുന്ന ഒരുപാട് അമ്മമാര്‍ നമുക്ക് ചുറ്റും ഉണ്ട്. നിങ്ങള്‍ക്ക് ചുറ്റുമുളള ഇത്തരം അതിജീവനങ്ങളുടെ നൊമ്പരക്കാഴ്ചകള്‍ ഞങ്ങളോട് പറയാം..നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍ പങ്കുവെക്കാം..
Email-feedbackmathrubhumi.com@gmail.com
Content Highlights: idam nalkam makkalk ammak jeevithavum campaign response
Published: 14 Jun 2022, 12:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented