മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും കവിയും നാടകകൃത്തും ഗ്രന്ഥശാല പ്രവര്‍ത്തകനുമായ പിരപ്പന്‍കോട് മുരളി 80 വയസിന്റെ നിറവിൽ. നാടകകൃത്തെന്ന നിലയില്‍ 60 വര്‍ഷം പൂര്‍ത്തിയാകുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ പിറന്നാളിനുണ്ട്. പൊതുവെ പിറന്നാളുകള്‍ കാര്യമായി ആഘോഷിക്കാത്ത പീരപ്പന്‍കോട് മുരളി എഴുത്തിലും സാംസ്‌കാരിക ലോകത്തും ഇപ്പോഴും സജീവമാണ്. 2018-ൽ സി.പി.എം. സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും വി.എസ്. അച്യുതാനന്ദന്റെ അടുത്ത അനുയായി ആയാണ് അദ്ദേഹത്തെ രേഖപ്പെടുത്തുന്നത്. തന്റെ നാടകജീവിതത്തേപ്പറ്റിയും രാഷ്ട്രീയത്തേപ്പറ്റിയും പീരപ്പന്‍കോട് മുരളി മനസു തുറക്കുന്നു.
ഇത്രയും കാലത്തെ നാടക ജീവിതവും രാഷ്ട്രീയവും എങ്ങനെ കാണുന്നു?
കലാപ്രവര്‍ത്തനമെന്നത് എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവിഭാജ്യമായ ഘടകമായിരുന്നു. കുട്ടിക്കാലം മുതല്‍ തന്നെ രാഷ്ട്രീയരംഗത്ത് ഇറങ്ങിയ ആളാണ്. എന്റെ ഗ്രാമത്തിന് അങ്ങനെ ഒരു ചുറ്റുപാടുണ്ടായിരുന്നു. ഞാന്‍ ആദ്യമായി ഒരു നാടകത്തില്‍ അഭിനയിക്കുന്നത് എന്റെ പത്താമത്തെ വയസിലാണ്. പക്ഷെ ഞാന്‍ നാടകരംഗത്തേക്ക് പൂര്‍ണമായി എത്തുന്നത് 1960-ലാണ്.
ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടതിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടു. 126 സീറ്റില്‍ 30 എണ്ണം മാത്രമാണ് അന്ന് പാര്‍ട്ടിക്ക് കിട്ടിയത്. പക്ഷെ, ഞങ്ങളുടെ നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എന്‍.എന്‍. പണ്ടാരത്തില്‍ വിജയിച്ചു. പ്രമുഖനായ പി.എസ്, നടരാജനെ പരാജയപ്പെടുത്തിയാണ് പാര്‍ട്ടി അവിടെ വിജയിച്ചത്. പക്ഷേ, പാര്‍ട്ടിക്കേറ്റ തിരിച്ചടിയെ തുടര്‍ന്ന് വിജയം ആഘോഷിക്കാനോ സ്ഥാനാര്‍ഥിക്ക് സ്വീകരണമൊരുക്കാനോ ആരും തയ്യാറായില്ല.
ആ സമയത്ത് ഞാന്‍ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയാണ്. ഞങ്ങള്‍ കുറെ ചെറുപ്പക്കാര്‍ ചേര്‍ന്ന് സ്റ്റാലിന്‍ മെമ്മോറിയല്‍ എന്നൊരു ക്ലബ്ബ് ഉണ്ടാക്കിയിരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തില്‍ പണ്ടാരത്തിലിന് സ്വീകരണം കൊടുക്കാന്‍ തീരുമാനിച്ചു. സ്വീകരണ യോഗത്തിന് മോടി കൂട്ടാൻ ഒരു നാടകം വേണമെന്ന് തീരുമാനിച്ചു. അക്കാലത്താണ് നാട്ടിലൊരു കുടിയിറക്ക് നടന്നത്. അത് പ്രമേയമാക്കി ഞാനൊരു നാടകമെഴുതി. ആതാണ് എന്റെ ആദ്യത്തെ നാടകം.
അതിന് ശേഷമുള്ളത് ഒറ്റശേഖരമംഗലം ഹൈസ്‌കൂളില്‍ കുറച്ചുകാലം അധ്യാപകനായിരുന്ന സമയത്ത് എഴുതിയതാണ്. അവിടെ കുട്ടികള്‍ക്ക് വേണ്ടി എഴുതിയ നാടകം വിപുലീകരിച്ച് സ്വപ്‌നശില്‍പികൾ എന്ന നാടകമെഴുതി. അത് കഴിഞ്ഞ് അഭയം, റെനിഗേഡ് എന്നിവ എഴുതി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് രണ്ടായപ്പോള്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയം വിശദീകരിക്കുന്നതിന് വേണ്ടി എഴുതിയതാണ് റെനിഗേഡ് എന്ന നാടകം.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലെ രണ്ട് കഥാപാത്രങ്ങളെ സ്വീകരിച്ചുകൊണ്ടാണ് ആ രാഷ്ട്രീയ നാടകം എഴുതിയത്. റെനിഗേഡ് എന്നാല്‍ വര്‍ഗ വഞ്ചകന്‍ എന്നാണ് അര്‍ഥം. തോപ്പില്‍ ഭാസി റെനിഗേഡാണ് എന്നായിരുന്നു അന്നെന്റെ അഭിപ്രായം. ഇന്ന് ആ അഭിപ്രായമൊന്നുമില്ല. അന്നത്തെ അപക്വമായ ധാരണവെച്ച് അതിവിപ്ലവം കൊണ്ട് എഴുതിപ്പോയ നാടകമാണ് 'റെനിഗേഡ്'.
അതിനു ശേഷം കുട്ടനാട്ടിലെ കര്‍ഷക പ്രശ്‌നത്തെപ്പറ്റി ചൈനയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ അടിസ്ഥാനമാക്കി യാഗഭൂമി എന്ന നാടകമെഴുതുന്നത്. അത് സഖാവ് എ.കെ.ജിയുടെ സഹായത്തോടു കൂടിയാണ് തയ്യാറാക്കിയത്. അതിന് ശേഷം കുറെക്കാലം രാഷ്ട്രീയരംഗത്ത് തന്നെ ഞാന്‍ ഉണ്ടായിരുന്നില്ല. രാഷ്ട്രീയരംഗത്ത് സജീവമായ സമയത്ത് നാടകവും പാട്ടുമൊക്കെ തല്‍ക്കാലം മാറ്റിവെക്കാനാണ് കൂടെയുള്ള സഖാക്കള്‍ നിര്‍ദ്ദേശിച്ചത്.
ഇതിനിടയില്‍ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തിരുന്നില്ലേ ?
അതെ. അതാണ് പറഞ്ഞുവരുന്നത്. 1986-ല്‍ എനിക്കെതിരെ പാര്‍ട്ടി നടപടിയുണ്ടായിരുന്നു. ഒരു കവിത എഴുതിയതിനാണ് നടപടി വന്നത്. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടപടി എടുത്താല്‍, പടിയടച്ച് പിണ്ഡം വെക്കാറില്ലേ അതുപോലെയാണ്. ഒരു മനുഷ്യനും പിന്നെ കണ്ടാല്‍ മിണ്ടില്ല. ആരും സഹകരിക്കുകയുമില്ല. അങ്ങനെ വീട്ടിലൊറ്റയ്ക്ക് ഇരിക്കുമ്പോ എനിക്ക് മാനസികമായി പ്രയാസങ്ങള്‍ വന്നു. കാരണം ഞാന്‍ ആര്‍ക്കെതിരെയുമല്ല കവിതയെഴുതിയത്. അതുകൊണ്ട് തന്നെ തെറ്റുചെയ്തിട്ടുമില്ല. ആരെയും കവിതയിലൂടെ ആക്ഷേപിച്ചതുമില്ല. ഔറംഗസേബിനെപ്പറ്റി, അദ്ദേഹത്തെപ്പറ്റിയുള്ള ഒരു കഥയെ ആസ്പദമാക്കി സിംഹാസനം എന്ന കവിത എഴുതിയതിനാണ് എനിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത്. പക്ഷെ, അന്നത്തെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയെ ആക്ഷേപിച്ചതാണെന്ന് പറഞ്ഞാണ് നടപടിയെടുത്തത്.
വാസ്തവത്തില്‍ നടപടിയെടുക്കാന്‍ കാരണം ഞാനും ഒ.എന്‍.വി. സാറുമായുള്ള ബന്ധം കൊണ്ടാണ്. ഒ.എന്‍.വി. സര്‍വീസില്‍നിന്ന് പിരിഞ്ഞ് പൊതുരംഗത്തേക്ക് വരുന്ന സമയത്താണ് എന്റെ പേരില്‍ നടപടി ഉണ്ടാകുന്നത്. കലാകാരന്‍ രാഷ്ട്രീയക്കാരനായാല്‍ ഉണ്ടാകുന്ന ആത്മസംര്‍ഷങ്ങള്‍ അന്ന് ഞാന്‍ ശരിക്കും അനുഭവിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ പ്രായമാകുന്നതിന് മുമ്പ് തന്നെ ഞാന്‍ കമ്മ്യൂണിസ്റ്റാണ്. അങ്ങനെയുള്ള ഞാന്‍ ശിക്ഷിക്കപ്പെടുകയാണ്.
അങ്ങനെ ഉള്ളിലുണ്ടായ സംഘര്‍ഷങ്ങളാണ് സ്വാതി തിരുനാള്‍ എന്ന നാടകത്തിന്റെ പിറവിക്ക് കാരണമായത്. ജന്മനാ കലാകാരനാണ്. പക്ഷെ, അദ്ദേഹം രാജാവുമാണ്. കലാകാരനും ഭരണാധികാരിയും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ആ ജീവിത്തിലുടനീളമുള്ളത്. ഈ സമയത്താണ് അലക്‌സാണ്ടര്‍ പുഷ്‌കിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഒ.എന്‍.വി. ഒരു അനുസ്മരണ പ്രഭാഷണം നടത്തിയത്. പുഷ്‌കിന്റെ മാനസികവ്യഥകളെ സ്വാതി തിരുനാളുമായി താരതമ്യം ചെയ്താണ് അദ്ദേഹം സംസാരിച്ചത്. ഒ.എന്‍.വിയുടെ പ്രഭാഷണം ഞാന്‍ കാര്യമായി ശ്രദ്ധിച്ചു. അങ്ങനെയാണ് സ്വാതി തിരുനാള്‍ എന്നൊരു നാടകം പിറവി കൊള്ളുന്നത്.
ഒരു കമ്മ്യൂണിസ്റ്റുകാരന്‍ രാജാവിനെപ്പറ്റി നാടകമെഴുതുന്നത് അന്ന് പ്രശ്‌നങ്ങളുണ്ടാക്കിയില്ലേ?
നാടകരംഗത്തെ പ്രമുഖരായ വേണുക്കുട്ടന്‍ നായരുമൊക്കെയായി അന്നെനിക്ക് സൗഹൃദമുണ്ടായിരുന്നു. അദ്ദേഹം പാര്‍ട്ടി അംഗമല്ലാത്തതുകൊണ്ട് എന്നെ കാണാന്‍ വരുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ല. അങ്ങനെ ഈ വീട്ടില്‍വെച്ച് അദ്ദേഹത്തിനെയാണ് ഞാന്‍ നാടകം വായിച്ച് കേള്‍പ്പിക്കുന്നത്. കാരണം, ഏറെക്കാലമായി നാടകത്തില്‍ നിന്നൊക്കെ വിട്ടുനില്‍ക്കുന്നതിനാല്‍ കുറവുകളും പ്രശ്‌നങ്ങളുമൊക്കെ മനസിലാക്കാനാണ് വേണുക്കുട്ടന്‍ നായരുടെ സഹായം തേടിയത്.
അദ്ദേഹം പറഞ്ഞത് നാടകം ഗംഭീരമാണ് എന്നാണ്. പക്ഷെ, നിങ്ങളൊരു കമ്മ്യൂണിസ്റ്റുകാരനാണ്. കമ്മ്യൂണിസ്റ്റുകാരന്‍ രാജാവിനെപ്പറ്റി നാടകമെഴുതിയാല്‍ അത് അവതരിപ്പിക്കാനാകുമെന്ന് കരുതുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. എനിക്കിത് അവതരിപ്പിച്ച് കണ്ടാല്‍ കൊള്ളാമെന്നൊരു ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് നിരാശനാകാതെ ഞാന്‍ ഒ.എന്‍.വി. സാറിനെ വിളിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്‍ കൂടിയായിരുന്നു ഞാന്‍. അതിനുപുറമെ പി. ഗോവിന്ദപ്പിള്ളയുടെ അടുത്ത ശിഷ്യനും കൂടിയായിരുന്നു. അതിനുപുറമെ ഇ.എം.എസുമായും എനിക്ക് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്.
ഇപ്പോള്‍ എന്നോട് കാണിക്കുന്ന എല്ലാ വൈരാഗ്യത്തിന്റെയും കാരണം ഇവരോടൊക്കെയുള്ള എന്റെ ബന്ധങ്ങളാണെന്ന് എനിക്ക് തോന്നുന്നുണ്ട്. കാരണം അന്നൊന്നും എന്നെ ഒന്നും ചെയ്യാനൊക്കില്ലായിരുന്നു. അതൊക്കെ മനസില്‍ വെച്ചാണ് ഇപ്പോഴെന്നെ തമസ്‌കരിക്കാനും ബഹിഷ്‌കരിക്കാനും ശ്രമിക്കുന്നത്.
'സ്വാതി തിരുനാള്‍' നാടകത്തിന്റെ കാര്യത്തില്‍ ഒ.എന്‍.വി. സാറാണ് എന്നെ എന്‍. കൃഷ്ണപിള്ളയെ കാണാന്‍ നിര്‍ദ്ദേശിച്ചത്. യൂണിവേഴ്‌സിറ്റി കോളേജില്‍ അദ്ദേഹം എന്റെ പ്രൊഫസറായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ ചോദിച്ചത്, അതിന് നീ കവിയല്ലേ, എങ്ങനെ നാടകമെഴുതിയെന്നാണ്. അങ്ങനെ അദ്ദേഹം എന്റെ നാടകം വായിച്ച് നോക്കിയതിന് ശേഷം ഞങ്ങളെല്ലാം കൂടി അത് അവതരിപ്പിക്കാന്‍ തീരുമാനിച്ചു.
അതിന് സംഗീതം സംവിധാനം ചെയ്തത് ദേവരാജന്‍ മാഷാണ്. അദ്ദേഹം നാടകത്തിന് സംഗീതം ചെയ്തത് നാടകം വായിച്ചതിന് ശേഷമാണ്. അങ്ങനെ എന്റെ നാട്ടിലെ സംഘചേതന എന്ന നാടകസംഘത്തിന്റെ ബാനറില്‍ സ്വാതിതിരുനാള്‍ എന്ന നാടകം അവതരിപ്പിക്കുകയായിരുന്നു. അന്നത്തെ മുഴുവന്‍ പത്രങ്ങളും അത് വാര്‍ത്തയാക്കുകയും ചെയ്തു. 1988-ലാണ് ആ നാടകം ആദ്യം അവതരിപ്പിക്കുന്നത്.
ഇതിനു ശേഷം എത്ര നാടകങ്ങള്‍ എഴുതി?
'സ്വാതി തിരുനാളി'ന് ശേഷമാണ് ഞാന്‍ നാടകരംഗത്തേക്ക് വീണ്ടും സജീവമാകുന്നത്. ഇന്ദുലേഖ, ചങ്ങമ്പുഴയുടെ ജീവിതം ആസ്പദമാക്കിയ സ്‌നേഹിച്ചു തീരാത്ത ഗന്ധര്‍വന്‍ എന്നീ നാടകങ്ങള്‍ എഴുതി. ഇതിനു ശേഷം മലബാര്‍ ലഹള പ്രമേയമാകുന്ന കുമാരനാശാന്റെ ദുരവസ്ഥ നാടകമാക്കി. അങ്ങനെ 28 നാടകങ്ങളോളം ചെയ്യാനിടയായി. കഴിഞ്ഞ മാസം വൈക്കം സത്യാഗ്രഹത്തേപ്പറ്റി കേരള സര്‍വകലാശാലയുടെ ട്രാവലിങ് ട്രൂപ്പിന് വേണ്ടി ഒരു നാടകം തയ്യാറാക്കി കൊടുത്തിരുന്നു.
എ.കെ.ജിയെപ്പറ്റിയും, നായനാരെ പറ്റിയുമൊക്കെ രാഷ്ട്രീയ ജീവചരിത്ര നാടകങ്ങള്‍ എഴുതിയിട്ടില്ലേ?
സഖാവ് പി. കൃഷ്ണപിള്ള, എ.കെ.ജി., ഇ.എം.എസ്., നായനാര്‍ എന്നിവരെപ്പറ്റിയൊക്കെ നാടകമെഴുതിയിട്ടുണ്ട്. പക്ഷെ, എന്റെ രാഷ്ട്രീയ നാടകങ്ങളൊന്നും തന്നെ ഒരു വ്യക്തിയുടെ ജീവചരിത്രമല്ല. ഒരു നാടിന്റെ, കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ് അത്. ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെയാണ് കേരളത്തില്‍ വളര്‍ന്നതെന്ന് ഒരു ചരിത്ര വിദ്യാര്‍ഥിക്ക് പഠിക്കാന്‍ എന്റെ നാടകങ്ങള്‍ മാത്രം മതിയെന്ന് എനിക്ക് ധൈര്യത്തോടെ പറയാം.
സമൂഹം എങ്ങനെയാണ് ഒരു നേതാവിനെ സൃഷ്ടിക്കുന്നത്, ഒരു നേതാവ് എങ്ങനെയാണ് സമൂഹത്തെ സ്വാധീനിക്കുന്നത് ഇതൊക്കെയാണ് എ.കെ.ജിയെപ്പറ്റിയും ഇ.എം.എസിനെ പറ്റിയും നായനാരെ പറ്റിയുമുള്ള എന്റെ നാടകങ്ങള്‍. ഇതിലൊക്കെ വി.എസ്. അച്യുതാനന്ദന്‍ പ്രധാന കഥാപാത്രമായി വരികയും ചെയ്തിട്ടുണ്ട്. സമൂഹത്തില്‍ മൂല്യവത്തായ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമങ്ങളാണ് ഞാന്‍ നാടകത്തിലൂടെ ശ്രമിച്ചത്. നാടകത്തിന് വേണ്ടി ഞാനൊരിക്കലും നാടകമെഴുതിയിട്ടില്ല.
നാടക പ്രവര്‍ത്തനം പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ടല്ലേ?
അതെ, എന്റെ നാടക പ്രവര്‍ത്തനത്തെ തിരുവനന്തപുരം ജില്ലയിലെ ഒരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ശക്തിയുക്തം എതിര്‍ത്തിരുന്നു. അതേസമയം, ഇ.എം.എസും നായനാരും എ.കെ.ജിയുമൊക്കെ എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ പല നാടകങ്ങളുടെയും ഉദ്ഘാടനം നടത്തിയിട്ടുള്ളത് ഇ.എം.എസ്. ആണ്. നാടകമെഴുതിയാല്‍ അതിന്റെ സ്‌ക്രിപ്റ്റ് ആദ്യം കാണിക്കുന്നതും അദ്ദേഹത്തെയാണ്.
ഇവരുമായുള്ള ബന്ധത്തില്‍ ഒരു വിഭാഗത്തിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു എന്നാണ് എന്റെ തോന്നല്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമെ നാടക പ്രവര്‍ത്തനം നടത്തുന്നതില്‍ അവര്‍ അസംതൃപ്തരായിരുന്നുവെന്ന് വേണം കരുതാന്‍. അങ്ങനെ വിശ്വസിക്കാനും കാരണമുണ്ട്. 'സ്വാതി തിരുനാള്‍' നാടകം ആദ്യമായി അരങ്ങിലെത്തുമ്പോള്‍ അത് ഉദ്ഘാടനം ചെയ്തത് നായനാരായിരുന്നു. പക്ഷെ, ജില്ലയിലെ ഒരൊറ്റ പാര്‍ട്ടിക്കാരും ആ ചടങ്ങിലെത്തിയിരുന്നില്ല.
അന്ന് സിംഹാസനം എന്ന പേരില്‍ എഴുതിയ കവിത ജില്ലാ സെക്രട്ടറിക്കെതിരാണ് എന്ന് പറഞ്ഞ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന എന്നെ ഇവിടെ പൊട്ടക്കുഴി ഹെഡ്‌ലോഡ് യൂണിയന്റെ ബ്രാഞ്ച് അംഗമാക്കി തരംതാഴ്ത്തുകയാണ് ചെയ്തത്. അതോടുകൂടി ഞാന്‍ എല്ലാം അവസാനിപ്പിക്കുമെന്നാണ് ധരിച്ചത്. എന്നിട്ട് യൂണിയന്റെ സെക്രട്ടറിയെ വിളിച്ച് പറഞ്ഞത് എന്നെ മൂന്ന് പ്രാവശ്യം കമ്മിറ്റിക്ക് വിളിക്കേണ്ട. അങ്ങനെ വരാതിരിക്കുമ്പോള്‍ എന്നെ പുറത്താക്കിക്കൊള്ളാനായിരുന്നു നിര്‍ദ്ദേശം. അങ്ങനെയൊക്കെ പറഞ്ഞ ആളുകളുമുണ്ട്.
നാടകത്തിലൂടെ സിനിമയിലെത്തിയവരുമുണ്ടല്ലോ?
എന്റെ നാടകത്തിലൂടെ വന്ന് സിനിമയിലെത്തിയവരാണ് സായ്കുമാറും കൊച്ചുപ്രേമനുമൊക്കെ. അങ്ങനെ കുറെയാളുകള്‍ സിനിമയിലെത്തിയിട്ടുണ്ട്. ഇതിന് പുറമെ സംഗീത നാടക അക്കാദമിയുടെ ആറ് പുരസ്‌കാരങ്ങളാണ് നാടകപ്രവര്‍ത്തനത്തിനിടെ എനിക്ക് ലഭിച്ചത്. ഇതിനൊപ്പം മറ്റ് പുരസ്‌കാരങ്ങളും കൂടി കൂട്ടുമ്പോള്‍ എതാണ്ട് നാൽപ്പതിലധികം പുരസ്‌കാരങ്ങളുണ്ട്. കൂടാതെ ആയിരത്തോളം നാടകഗാനങ്ങള്‍, എന്റേത് മാത്രമല്ല, മറ്റ് ട്രൂപ്പുകള്‍ക്ക് വേണ്ടിയും കൂടി ഞാന്‍ എഴുതിയിട്ടുണ്ട്. അവയിലൊക്കെ പലതിനും ദേവരാജന്‍ മാഷ്, രാഘവന്‍ മാസ്റ്റര്‍, വിദ്യാധരന്‍ മാസ്റ്റര്‍, കല്ലറ ഗോപന്‍ ഇവരൊക്കെയാണ് സംഗീത സംവിധാനം ചെയ്തിട്ടുള്ളത്.
Content Highlights: lyricist, playwright, library activist and politician pirappancode Murali Interview
Published: 12 Jun 2023, 01:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented