വിജയവും പരാജയവും ഇടകലർന്നതാണ് ജീവിതം. എന്നാൽ അതെല്ലാം അഭിമുഖീകരിച്ചുകൊണ്ട് നമ്മൾ മുന്നോട്ട് എങ്ങനെ പോകുന്നുവെന്നതാണ് പ്രധാനം. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ സംസ്ഥാനതലത്തിൽ തന്നെ ഏറ്റവും ഉയർന്നമാർക്ക്, എൻജിനീയറിങ്ങിൽ ഗോൾഡ് മെഡലിസ്റ്റ്. പക്ഷേ സിവിൽ സർവീസിനുളള ആദ്യ മൂന്നുശ്രമങ്ങളിലും പരാജയം. പിന്നീട് തന്റെ ശത്രുക്കളുടെ സഹായത്തോടുകൂടി തന്റെ പോരായ്മകൾ കണ്ടെത്തുകയും അത് തിരുത്തി അടുത്ത ശ്രമത്തിൽ അഖിലേന്ത്യാതലത്തിൽ 66-ാം റാങ്കോടെ സിവിൽസർവീസ് കരസ്ഥമാക്കുകയും ചെയ്ത വ്യക്തിയാണ് ആലപ്പുഴ ജില്ലാകളക്ടറായ കൃഷ്ണ തേജ ഐഎഎസ്. ജീവിതത്തിലെ മൂന്നുവിജയങ്ങളും മൂന്നുപരാജയങ്ങളും മുന്നോട്ടുളള യാത്രയ്ക്ക് എത്രമേൽ കരുത്തുപകർന്നുവെന്ന് പങ്കുവെക്കുകയാണ് കൃഷ്ണ തേജ. 

To advertise here,

ആലപ്പുഴ കളക്ടർ കൃഷ്ണ തേജ എന്നുപറയുന്നതിനേക്കാൾ കളക്ടർ മാമൻ എന്ന വിശേഷണത്തിലാണ് കേരളം മുഴുവൻ ഇപ്പോൾ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിലൂടെ കുട്ടികളുമായി സംവദിക്കാം. അതിലൂടെ കാര്യങ്ങൾ പങ്കുവെക്കാം എന്ന തീരുമാനത്തിലേക്ക് എത്തുന്നത് എങ്ങനെയാണ് ?

ഞാനും കുട്ടികളും നല്ല അടുപ്പമാണ്. എന്റെ കസിൻസിൽ ഞാനാണ് ഏറ്റവും ഇളയ വ്യക്തി. മറ്റു കസിൻസിന്റെ കല്യാണമെല്ലാം കഴിഞ്ഞ് കുട്ടികളായപ്പോൾ ഏറ്റവും ഇളയ ആളായ എന്നോടാണ് കുട്ടികൾ കൂട്ടായത്. ഞാനെപ്പോൾ വീട്ടിൽ പോയാലും എന്നെ കാണുന്നതിനായി അവർ വരും. ഇപ്പോൾ എനിക്കും മകനായി. 

ഞാൻ എന്റെ മകനോട് എങ്ങനെ സംസാരിക്കും, മകൻ എന്നിൽ നിന്ന് എന്ത് പ്രതീക്ഷിക്കും അതുപോലെയാണ് ഞാൻ കുട്ടികളോട് സംസാരിക്കേണ്ടത് എന്ന് കരുതിയാണ് സോഷ്യൽമീഡിയയിലൂടെ അങ്ങനെ സംവദിക്കാൻ തീരുമാനിക്കുന്നത്. ഒരു അച്ഛനെന്ന നിലയിൽ നമ്മൾ കുട്ടിയോട് എങ്ങനെയാണ് സംസാരിക്കുക. അവധിയുണ്ട്..പക്ഷേ മഴയുണ്ട്. പുറത്തിറങ്ങരുത്. അകത്തുതന്നെ ഇരിക്കണം. കുറച്ച് സമയം പഠിക്കണം കുറച്ച് സമയം കളിക്കണം എന്നായിരിക്കില്ലേ. അതുപോലൈ സംസാരിക്കാനാണ് ഞാൻ ശ്രമിച്ചത്.

സോഷ്യൽ മീഡിയ കളക്ടർമാരെ കൂടുതൽ ജനകീയരാക്കിയിരിക്കുകയാണ്. പണ്ടുകാലത്ത് കളക്ടർ എന്നുപറഞ്ഞാൽ ഒരു ഉന്നത ഉദ്യോഗസ്ഥനാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ സംവദിക്കാൻ തുടങ്ങിയപ്പോൾ ജനങ്ങൾക്ക് കൂടുതൽ അടുപ്പം തോന്നിത്തുടങ്ങി. സോഷ്യൽമീഡിയ എത്രത്തോളം സഹായകമായിട്ടുണ്ട് ?

സോഷ്യൽ മീഡിയ ഒരുപരിധിവരെ സഹായകമാണ്. പ്രത്യേകിച്ച് ജനങ്ങളുമായി സംസാരിക്കേണ്ടി വരുമ്പോൾ. ഇപ്പോൾ കുട്ടികളുമായി നിരവധി കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടില്ലെങ്കിലും അച്ഛനുമമ്മയ്ക്കും ഉണ്ടാകുമല്ലോ. അവർ കുട്ടികളോട് പറയും കളക്ടർ ഇങ്ങനെയൊക്കെ കുട്ടികൾക്കായി പറഞ്ഞിട്ടുണ്ട്. അവർ അത് വായിക്കുന്നു. അങ്ങനെ നോക്കുമ്പോൾ സോഷ്യൽ മീഡിയ ഒരു കമ്യൂണിക്കേറ്റീവ് പ്ലാറ്റ്‌ഫോം ആണ്. 

ആളുകൾ എന്താണ് നമ്മളിൽ നിന്ന് ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കാനും നമുക്കതിലൂടെ സാധിക്കും. ഒരു ഉദാഹരണം പറയാം. റോഡുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം ഉണ്ടായിരുന്നു. സോഷ്യൽമീഡിയയിലൂടെയാണ് അക്കാര്യം ജനങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയത്. സെക്കന്റുകൾക്കുളളിൽ അതുമായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ അക്കാര്യം എത്തിക്കാൻ ഞങ്ങൾക്കായി വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു. സാധാരണഗതിയിൽ ഇതെങ്ങനെയാണ് നടക്കുക. അവർ ഇവിടെ വരെ വരണം അപേക്ഷ നൽകണം. ഞാനത് വേറെ ആളുകൾക്ക് അയക്കണം. അതിനെല്ലാം ഒരുപാട് സമയമെടുക്കും. സോഷ്യൽമീഡിയ ആ സമയം കുറച്ചിരിക്കുകയാണ്. നന്നായി വിനിയോഗിക്കുകയാണെങ്കിൽ ഒരു മികച്ച പ്ലാറ്റ്‌ഫോമാണ് സോഷ്യൽ മീഡിയ.  

കുട്ടികളുമായുളള അടുപ്പം പറഞ്ഞല്ലോ, സ്വന്തം കുട്ടിക്കാലം എങ്ങനെയായിരുന്നു? 

ഞാൻ ഒരു സാധാരണ ഗ്രാമത്തിൽ നിന്നുളള കുട്ടിയാണ്. വൈകുന്നേരം സ്‌കൂളിൽ നിന്ന് തിരിച്ചുവന്ന ശേഷം വീടിന് സമീപത്തുളള കുട്ടികളെല്ലാം ചേർന്ന് കളിക്കും. ഞാൻ വളരെ ആസ്വദിച്ചിരുന്നു. ആ ഗ്രാമം, പാടങ്ങൾ, വീട്ടിലെ വളർത്തുമൃഗങ്ങൾ...

കർഷക കുടുംബമായിരുന്നോ? 

അപ്പൂപ്പൻ കർഷകനായിരുന്നു. അച്ഛന് ചെറിയ ബിസിസ് ഉണ്ടായിരുന്നു അമ്മ വീട്ടമ്മയാണ്്. 

യുപിക്ലാസുകളിൽ പഠിക്കുന്ന സമയത്ത് ഒരു ശരാശരി വിദ്യാർഥി ആയിരുന്നതുകൊണ്ട് പഠനം ഉപേക്ഷിച്ച് കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ ബന്ധുക്കൾ ഉപദേശിച്ചിട്ടുളളതായി കേട്ടിട്ടുണ്ട്. ശരാശരി വിദ്യാർഥിയിൽ നിന്ന് സ്റ്റേറ്റ് ടോപ്പറിലേക്കുളള വളർച്ച, അതിന് ഇന്ധനമായത് എന്തായിരുന്നു? 

മക്കളെ നന്നായി വളർത്താൻ ഒരു അമ്മയും അച്ഛനും എങ്ങനെ ശ്രമിക്കും അതുപോലെ എന്നേയും ചേച്ചിയേയും നന്നായി വളർത്താൻ തന്നെ എന്റെ അച്ഛനും അമ്മയും ശ്രമിച്ചിരുന്നു. പക്ഷേ പഠപ്പിന്റെ വില എന്താണ് എന്ന് ഞാൻ മനസ്സിലാകണം എന്ന് അമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് പഠിക്കുന്ന സമയത്ത് പാർട്ട് ടൈം ആയി എന്നെ അമ്മ കടയിൽ ജോലിക്ക് വിട്ടു. ജോലി ചെയ്യാൻ ആരംഭിച്ചപ്പോൾ എനിക്ക് മനസ്സിലായി ഞാൻ നന്നായി പഠിച്ചില്ലെങ്കിൽ എന്റെ ജീവിതം ഈ കടയിൽ തന്നെയായിരിക്കും. ആ പേടിയിലാണ് ഞാൻ നന്നായി പഠിക്കാൻ തുടങ്ങിയത്. അങ്ങനെയാണ് എനിക്ക് പത്തിലും പ്ലസ്ടുവിലും എൻജിനീയറിങ്ങിനും മികച്ച വിജയം നേടുന്നത്. നിങ്ങൾക്ക് ചെറിയ സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ, ഒരു മധ്യവർഗ കുടുംബാംഗമാണെങ്കിൽ, സാധാരണഗതിയിൽ അത്തരം കുടുംബ പശ്ചാത്തലത്തിൽ നിന്ന് വരുന്ന ആളുകളുടെ ലക്ഷ്യം നല്ല ശമ്പളത്തിലുളള ജോലി കിട്ടണം എന്നായിരിക്കും. എന്റെ ലക്ഷ്യവും അതുതന്നെയായിരുന്നു. എൻജിനീയറിങ്ങിന് ശേഷം ഞാൻ ഒരു നല്ല ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 

അങ്ങനെ ഡൽഹിയിൽ ഞാൻ ജോലി ചെയ്യുന്ന സമയത്ത് എന്റെ റൂമേറ്റാണ് ഐഎഎസിനെ കുറിച്ച് എനിക്ക് പറഞ്ഞുതരുന്നത്. ഐഎഎസ് എന്താണ് എന്ന് എനിക്കറിയില്ല. ജില്ലാകളക്ടർ എന്താണെന്ന് അറിയില്ല. കാരണം ഇവിടെയുളള കുട്ടികൾക്കുളള എക്‌സ്‌പോഷറൊന്നും എന്റെ സംസ്ഥാനത്തെ കുട്ടികൾക്കില്ല. എന്റെ ജീവിതത്തിൽ ഞാൻ കണ്ട വലിയ ഉദ്യോഗസ്ഥൻ തഹസിൽദാരാണ്. തഹസിൽദാർ എന്റെ സ്‌കൂളിലേക്ക് വന്നാൽ അത് വലിയ ചടങ്ങാണ്. എന്നെ സംബന്ധിച്ച് വലിയ സർക്കാർ ജീവനക്കാർ സി.ഐ.യും തഹസിൽദാരുമൊക്കെയായിരുന്നു. റൂമേറ്റാണ് എനിക്ക് ഐഎഎസ് എന്താണ്, ജില്ലാകളക്ടർ എന്താണ്, ജില്ലാകളക്ടർ ആയാൽ എന്ത് പൊതുസേവനമാണ് പൊതുജനങ്ങൾക്ക് ചെയ്യാനാവുക എന്നൊക്കെ പഠിപ്പിച്ചത്. 

സിവിൽസർവീസിങ് കോച്ചിങ് സെന്ററിലേക്ക് ഒരു മണിക്കൂർ യാത്രയുണ്ട്. എന്റെ റൂമേറ്റിന് അത്രയും ദൂരം പോയിവരാനായിട്ട് ഒരു കൂട്ടിനുവേണ്ടി പുളളി എന്നെയും മോട്ടിവേറ്റ് ചെയ്ത് കൊണ്ടുപോയി. അവിടെ ചേർന്നതോടെ എന്താണ് സിവിൽ സർവീസ് എന്ന് എനിക്ക് വ്യക്തമായി. പക്ഷേ ആദ്യ പരീക്ഷയിൽ ഞാൻ പരാജയപ്പെട്ടു. പരാജയപ്പെടുമ്പോൾ നമുക്ക് ചുറ്റമുളള തെറ്റുകളെ കണ്ടെത്താനാണ് നാം ആദ്യം ശ്രമിക്കുക. അതുകൊണ്ട് ആദ്യതവണ പരാജയപ്പെട്ടപ്പോൾ ഞാൻ ചിന്തിച്ചു. ഞാൻ ജോലി ചെയ്തുകൊണ്ട് കോച്ചിങ്ങിന് പോകുന്നതുകൊണ്ട് പഠിക്കാൻ സമയം കിട്ടുന്നില്ല. അതുകൊണ്ടാണ് പരാജയപ്പെട്ടത്. ഉടൻ ജോലി രാജിവെച്ചു ഒരു വർഷം നന്നായിട്ട് പഠിച്ചിട്ട് രണ്ടാമത് എഴുതി. പരാജയപ്പെട്ടു. വീണ്ടും ഞാൻ എനിക്ക് ചുറ്റുമുളള തെറ്റുകൾ കണ്ടെത്താൻ ശ്രമിച്ചു. ഉത്തരം കണ്ടെത്തി. എന്റെ നിർഭാഗ്യം, അല്ലാതെ ഞാൻ എങ്ങനെ പരാജയപ്പെടാനാണ്. സ്‌കൂളിലും കോളേജിലും എല്ലാം മിടുക്കനാണെന്ന് ഇതിനകം ഞാൻ തെളിയിച്ചുകഴിഞ്ഞിട്ടുളളതാണ് നിർഭാഗ്യം മാത്രമാണ് കാരണം.  ഒരുവർഷം കൂടെ നന്നായിട്ട് പഠിച്ചിട്ട് എഴുതാം എന്നുകരുതി പക്ഷേ മൂന്നാമത്തെ പ്രാവശ്യവും പരാജയപ്പെട്ടു. എന്റെ ജീവിതത്തിലേക്ക് നോക്കൂ പത്താംതരം, പ്ലസ്ടു, എൻജിനീയറിങ് അടുപ്പിച്ച് മൂന്ന് ഉന്നതവിജയങ്ങൾ അതിനുശേഷം തുടർച്ചയായ മൂന്ന് പരാജയങ്ങൾ. മൂന്നാമത്തെ പരാജയത്തോടെ എന്റെ മോട്ടിവേഷൻ ലെവലെല്ലാം താഴേക്ക് പോയി. ആത്മവിശ്വാസം നഷ്ടപ്പെട്ടു. എന്താണ് കുഴപ്പമെന്ന് മനസ്സിലാകുന്നില്ല. എന്റെ ചുറ്റുമുളള കാരണങ്ങളെല്ലാം അസാനിച്ചു. മറ്റുകാരണങ്ങൾ കണ്ടെത്താൻ സാധിച്ചുമില്ല.

അവിടെയാണല്ലേ ശത്രുക്കൾ സഹായിക്കുന്നത്. ശത്രുക്കൾക്ക് ജീവിതത്തിൽ നിർണായകമായ സ്ഥാനമുണ്ട് എന്നാണല്ലോ താങ്കൾ പറയാറുളളത് അതെങ്ങനെയാണ്? 

ഞാൻ എന്റെ കൂട്ടുകാരോട് ചോദിച്ചു, മച്ചാ നിങ്ങൾക്കറിയാമോ ഞാനെന്താണ് ഇങ്ങനെ മൂന്നുതവണ പരാജയപ്പെടുന്നത്? എല്ലാവരും പറയുന്നത് നിങ്ങൾ സ്മാർട്ടാണ്, ഓർമശക്തിയുളള ആളാണ് എന്താണ് കിട്ടാത്തത് എന്ന് ഞങ്ങൾക്കും മനസ്സിലാകുന്നില്ലെന്നാണ്. രണ്ടുമാസം അങ്ങനെ കാരണങ്ങൾ കണ്ടെത്താനായി ചെലവഴിച്ചു. പിന്നെ ഞാൻ തീരുമാനിച്ചു. എനിക്ക് ഐഎഎസ് ശരിയാകില്ല. എന്റെ മൂന്നുവർഷം പോയിരിക്കുന്നു. ഞാൻ സെറ്റിൽമെന്റിനെ കുറിച്ച് ചിന്തിച്ചുതുടങ്ങി. എന്നെ സംബന്ധിച്ച് അതും വളരെ പ്രധാനമാണ്. എനിക്ക് സമയം എന്ന ലക്ഷ്വറി ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഐടി ജോലിയിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു. ഒരു ഐടി കമ്പനിയിൽ ഇന്റർവ്യൂവിന് പോയി, ജോലിയും ലഭിച്ചു. ജോലികിട്ടിയതോടെ ഞാൻ സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞു. ഇനി ഞാൻ സിവിൽ സർവീസിന് ട്രൈ ചെയ്യുന്നില്ല. ജോലിക്ക് പോവുകയാണ് എന്ന്്. ഇക്കാര്യം ന്റെ സുഹൃത്തുക്കളിൽ നിന്ന് ശത്രുക്കളിലെത്തി. ശത്രു എന്നുപറഞ്ഞാൽ സിനിമയിൽ കാണുന്ന പോലെയുളള ശത്രുതയല്ല. നമ്മളെ ഇഷ്ടപ്പെടാത്ത ആളുകൾ, നമ്മളെ അനാവശ്യമായി വിമർശിക്കുന്നവർ, നമ്മുടെ പിറകിൽ നിന്ന് നമ്മളെ കുറിച്ച് മോശം പറയുന്നവർ. ആ പ്രായത്തിൽ ശത്രു എന്ന് പറഞ്ഞാൽ അതൊക്കെയാണ്. 

അടുത്ത ദിവസം രാവിലെ മൂന്നുപേർ എന്നെ കാണാൻ വന്നു, എന്റെ ശത്രുക്കൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. എന്നോട് ശരിക്ക് സംസാരിക്കാത്ത ആളുകളാണ്. ഇവർ എന്നെ കാണാൻ എന്തിന് വന്നുവെന്ന് എനിക്ക് മനസ്സിലായില്ല. അവരെന്നോട് പറഞ്ഞു ഞാനെടുത്തതാണ് ശരിയായ തീരുമാനം ഐഎഎസ് അല്ല ഐടി തന്നെയാണ് എനിക്ക് ഏറ്റവും നല്ലതെന്ന്. ഞാനും ശരിവെച്ചു. പക്ഷേ ഞാനവരോട് പറഞ്ഞു എനിക്ക് എന്തുകൊണ്ട് കിട്ടുന്നില്ലെന്ന് മനസ്സിലാകുന്നില്ലെന്ന്. അപ്പോഴാണ് അവർ എന്റെ നെഗറ്റീവുകൾ ചൂണ്ടിക്കാട്ടിയത്. ഒന്നാമത്തെയാൾ എന്നോട് പറഞ്ഞു, 'കൃഷ്ണ കാര്യം വളരെ സിംപിളാണ്.  ഐഎഎസിൽ 2000 മാർക്ക് എഴുത്തുപരീക്ഷയ്ക്കാണ്. നിങ്ങളുടെ കൈയെഴുത്ത് വളരെ മോശമാണ്. എന്ന് ശരിയാണ്. എന്റെ കൈയക്ഷരം വളരെ മോശമാണ്.'ശരിയാണ് എന്റെ കൈയക്ഷരം വളരെ മോശമായിരുന്നു. രണ്ടാമത്തെ ആൾ പറഞ്ഞു, 'നിങ്ങൾ സയൻസ് സ്റ്റുഡന്റ് അല്ലേ നിങ്ങൾ എന്തെഴുതുകയാണെങ്കിലും പോയിന്റ് വൺ, പോയിന്റ് ടു എന്ന് മാർക്ക് ചെയ്താണ് ഉത്തരം എഴുതുന്നത്. പക്ഷേ സിവിൽ സർവീസിൽ അലപം വിശദമായി കാര്യങ്ങൾ എഴുതണം.' മൂന്നാമത്തെ ആൾ പറഞ്ഞു 'കൃഷ്ണ നിങ്ങൾ എന്ത് സംസാരിക്കുകയാണെങ്കിലും വളരെ ചുരുക്കി സംസാരിക്കും. പക്ഷേ അഭിമുഖത്തിൽ കൺവിൻസിങ്ങായി ഡിപ്ലോമാറ്റിക്കായി സംസാരിക്കാൻ സാധിക്കണം. അത് നിങ്ങൾക്കറിയില്ല.' 

ഐടി ജോലി നേടിയതിന് ആശംസകൾ അറിയിച്ച് അവർ പോയി. അതിൽ നിന്ന് ഞാൻ പഠിച്ച ഒരു കാര്യമുണ്ട്. ഒരു വ്യക്തി പോസിറ്റീവ്‌സ് എന്താണ് എന്ന് മനസ്സിലാക്കാൻ ചോദിക്കേണ്ടത് സുഹൃത്തുക്കളിൽ നിന്നാണ് നെഗറ്റീവ്‌സ് എന്താണ് എന്ന് മനസ്സിലാക്കാൻ ചോദിക്കേണ്ടത് ശത്രുക്കളോടാണ്. അവരുടെ മുഴുവൻ സമയവും നമ്മുടെ അകത്തുളള നെഗറ്റീവ്‌സ് കണ്ടുപിടിക്കുന്നതിന് വേണ്ടി ചെലവഴിക്കുന്നവരാണ് അവർ. അങ്ങനെ ഐഎഎസ് കിട്ടാത്തിന്റെ കാരണങ്ങൾ എനിക്ക് മനസ്സിലായി. എന്റെ കൈയക്ഷരം മോശമാണ്, എഴുതുന്ന രീതി മോശമാണ്, എന്റെ സംസാരവും പ്രശ്‌നമാണ്. 

പോരായ്മകൾ എങ്ങനെയാണ് പിന്നീട് പരിഹരിക്കുന്നത്? 

ജോലിക്ക് പോകാത നാലാംശ്രമം നടത്താൻ തയ്യാറെടുക്കുകയാണ്. രക്ഷിതാക്കളുടെ അനുവാദം വാങ്ങണം. ഞാൻ അച്ഛനെ വിളിച്ച് പറഞ്ഞു, അച്ഛാ എനിക്ക് ഒരു വർഷം കൂടി സമയം വേണം ഒരു അവസാനത്തെ ശ്രമം നടത്തുന്നതിനായിട്ട്. അച്ഛൻ ഒന്നുംമിണ്ടാതെ ഫോൺ കട്ട് ചെയ്തു. അച്ഛൻ ഒന്നും മിണ്ടാതെ ഫോൺ കട്ടുചെയ്തുകഴിഞ്ഞാൽ പത്തുമിനിട്ടിൽ അമ്മയുടെ വിളിവരുമെന്ന് എനിക്കറിയാം. അമ്മ വിളിച്ചു. മോനേ, എന്തുമണ്ടത്തരമാണ് കാണിക്കുന്നത്, 25 വയസ്സായി. കല്യാണം എപ്പോഴാണെന്ന് എല്ലാവരും ചോദിക്കുന്നു. നല്ല ആലോചനകൾ വരുന്നുണ്ട്. കല്യാണം കഴിച്ച് സെറ്റിലാകണമെങ്കിൽ ഇനി ജോലിക്ക് പോകണം. എന്നായിരുന്നു അമ്മ പറഞ്ഞത്. പക്ഷേ ഞാൻ നിരാശപ്പെട്ടില്ല. അച്ഛനോടും അമ്മയോടും സംസാരിക്കുന്നതിന് വേണ്ടി എന്റെ കൈയിൽ ഒരായുധമുണ്ട്, എന്റെ ചേച്ചി. ചേച്ചിയോട് ഞാൻ കാര്യങ്ങൾ പറഞ്ഞു. ചേച്ചി നല്ല പിന്തുണ തരുന്ന ആളാണ്. ചേച്ചി അച്ഛനോട് സംസാരിച്ചു. ഒരുവർഷം കൊടുക്കണമെന്നാവശ്യപ്പെട്ടു, എനിക്ക് ഒരു വർഷം കൂടി കിട്ടി. ഇപ്പോഴെന്റെ കൈയിലുളളത് ഒരു വർഷവും മൂന്നുതെറ്റുകളുമാണ്.

കൈയക്ഷരം മെച്ചപ്പെടുത്തണമല്ലോ. അതിനായി ഞാൻ ഒരു ടീച്ചറുടെ വീട്ടിലേക്ക് പോയിട്ട് എന്നെ പഠിപ്പിക്കാനാകുമോ എന്ന് ചോദിച്ചു. മകനോ മകളോ ആരെയാണെങ്കിലും കൂട്ടിയിട്ട് വരൂ എന്നായിരുന്നു ടീച്ചറുടെ മറുപടി. ഞാൻ അവരോട് പറഞ്ഞു. എനിക്കുതന്നെയാണ്.. അവർ ഞെട്ടിപ്പോയി. ഇതെന്താണ് 25 വയസ്സിൽ ഒരാൾ വന്നിട്ട് നല്ല കൈക്ഷരം പഠിപ്പിക്കണം എന്ന് പറയുന്നത്. സിവിൽ സർവീസിന് തയ്യാറെടുക്കുന്ന കാര്യം ഞാൻ അവരോട് പറഞ്ഞു. അവർ സഹായിച്ചു, ഒരുമാസം. അതിനുശേഷം ഞാൻ നന്നായി പ്രാക്ടീസ് ചെയ്തു. ഇന്ന് ഞാനെന്റെ ഫയലിൽ എന്തെഴുതിയാലും ആളുകൾ ചോദിക്കും 
സാർ ഇത് ഹാൻഡ് റൈറ്റിങ് ആണോ പ്രിന്റ് ഒൗട്ട് ആണോയെന്ന്. അങ്ങനെ ആദ്യ പോരായ്മ ഞാൻ മറികടന്നു. 

രണ്ടാമത്തേത് എങ്ങനെ നല്ലഭാഷയിൽ ഖണ്ഡിക തിരിച്ചെഴുതാം എന്നതാണ്. സിവിൽ സർവീസിൽ നല്ല മാർക്ക് നേടിയ ബാലലത മാഡത്തിന്റെ വീട്ടിലേക്ക് പോയിട്ട് എന്നെ ഗൈഡ് ചെയ്യാമോയെന്ന് ചോദിച്ചു. അതിന് മുമ്പ് അവർ രണ്ടുമൂന്നുപേരെ ഗൈഡ് ചെയ്തിരുന്നു അവർക്ക് റാങ്കും ഉണ്ടായിരുന്നു. ആദ്യദിവസം ചെന്നപ്പോൾ അവർ എന്നോട് അടുത്ത ദിവസം ചെല്ലാൻ ആവശ്യപ്പെട്ടു, അടുത്ത ദിവസം ചെന്നപ്പോൾ അതിനടുത്ത ദിവസം വരാൻ പറഞ്ഞു. അങ്ങനെ ഏഴുദിവസം അടുത്തദിവസം അടുത്തദിവസം എന്നുപറഞ്ഞു നടന്നു. ഏഴാമത്തെ ദിവസം അവരെന്നോട് പറഞ്ഞു. 'നിങ്ങൾ കമ്മിറ്റഡ് ആണെന്ന് എനിക്ക് മനസ്സിലായി. പക്ഷേ ഒരു വ്യവസ്ഥയുണ്ട്. 365 ദിവസം എല്ലാ ദിവസവും രാവിലെ 4 മുതൽ ഏഴുമണിവരെ ഒരു പരീക്ഷ നടത്തും. ആ പരീക്ഷ ഏതെങ്കിലും ദിവസം എഴുതാതിരുന്നാൽ അത് നിങ്ങളുടെ അവസാനത്തെ പരീക്ഷയായിരിക്കും.' ഞാൻ ഓക്കേ പറഞ്ഞു.

എല്ലാ ദിവസവും ഞാൻ നാലുമണിക്ക് പരീക്ഷയ്ക്ക് തയ്യാറായി ഞാനെത്തും. 365 പരീക്ഷയും ഞാനെഴുതി. ആദ്യത്തെ പരീക്ഷയുടെ ഉത്തരക്കടലാസും 365-ാമത്തെ ഉത്തരക്കടലാസും നോക്കിയപ്പോൾ എനിക്ക് മനസ്സിലായി ഞാൻ എന്റെ രണ്ടാമത്തെ തെറ്റും തിരുത്തിയിരിക്കുന്നു. മൂന്നാമത്തേത് കമ്യൂണിക്കേഷൻ ആണ്. ഒരു ഐഎഎസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കാൻ തുടങ്ങി. അവിടെ വിദ്യാർഥികൾക്ക് ക്ലാസ് എടുക്കാൻ തുടങ്ങിയതോടെ എനിക്ക് മനസ്സിലായി ഒരാളെ കാര്യങ്ങൾ ബോധ്യപ്പെടുത്തണമെങ്കിൽ എങ്ങനെ സംസാരിക്കണമെന്ന്. അവസാനത്തെ ശ്രമത്തിൽ അഭിമുഖം പൂർത്തിയായ ശേഷം ഞാൻ അമ്മയെ വിളിച്ചു. ഞാൻ ഐഎഎസ് അല്ലെങ്കിൽ ഐപിഎസ് ഉറപ്പായിട്ടും ആകും. പക്ഷേ ഇക്കാര്യം അച്ഛനോടോ ചേച്ചിയോടോ ഇപ്പോൾ പറയണ്ട, അമ്മ ഓർമയിൽ വെച്ചാൽ മതി എന്ന്. ഒടുവിൽ ഫലം വന്നപ്പോൾ അഖിലേന്ത്യാതലത്തിൽ 66-ാം റാങ്ക് നേടി സിവിൽ സർവീസ് പാസ്സായി. 

ഐബിഎമ്മിലെ മികച്ച ജോലി രാജിവെച്ചുകൊണ്ടാണ് സിവിൽ സർവീസിന് തയ്യാറെടുക്കുന്നത്. തീർച്ചയായിട്ടും കുടുംബത്തിന്റെ ഭാഗത്തുനിന്നും സമ്മർദമുണ്ടായിട്ടുണ്ടാകും. ഇപ്പോൾ യൂത്ത് നേരിടുന്നതും സമാനമായ പ്രശ്‌നമാണ്. എപ്പോഴാണ് കല്യാണം, ജോലി കിട്ടിയില്ലേ.. യുവത്വത്തോട് സ്വന്തം അനുഭവത്തിൽ നിന്ന് പറയാനുളളത് എന്താണ്?  

ഞാൻ പറയാൻ ആഗ്രഹിക്കുന്നത് തെറ്റുകളെ കുറിച്ചോർത്ത്, പരാജയങ്ങളെ കുറിച്ചോർത്ത് വേവലാതിപ്പെടരുത്. പക്ഷേ എല്ലാ പരാജയത്തെയും ബഹുമാനിക്കണം. പരാജയപ്പെട്ടാൽ അതിന് എന്താണ് കാരണമെന്ന് തന്നിലേക്ക് തന്നെ നോക്കി കണ്ടെത്താനാകണം. പരാജയങ്ങളുടെ എണ്ണത്തെ കുറിച്ചോർത്ത് വേവലാതിപ്പെടേണ്ട കാര്യവുമില്ല. ലക്ഷ്യത്തെ കുറിച്ച് മാത്രമായിരിക്കണം ചിന്തിക്കേണ്ടത്. അവസാനം നോക്കൂ, ഞാൻ ഒരു ഐഎഎസ് ഓഫീസറാണ്. ഒരു തവണയാണോ മൂന്നുതവണയാണോ പത്തുതവണയാണോ ഞാൻ അതിനുവേണ്ടി ഞാൻ ശ്രമിച്ചത് എന്നതിനെ കുറിച്ച് ആളുകൾ ചിന്തിക്കുന്നില്ല. അവർ നോക്കുന്നത് ഞാൻ നന്നായി പ്രവർത്തിക്കുന്നുണ്ടോയെന്ന് മാത്രമാണ്. അതുകൊണ്ട് പരാജയത്തിൽ വലിയ കാര്യമില്ല. അതിൽ നിന്ന് നിങ്ങൾ പഠിക്കുകയാണെങ്കിൽ..

രണ്ടാമത്തെ കാര്യം, ശത്രുക്കളും നല്ലതാണ്. അവർ തങ്ങളുടെ സമയം മുഴുവൻ നിങ്ങളുടെ തെറ്റുകൾ കണ്ടെത്തുന്നതിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവരിൽ നിന്ന് നമ്മുടെ തെറ്റുകൾ എന്താണ് എന്ന് കണ്ടെത്തി അത് പഠിക്കുകയാണ് വേണ്ടത്. 

റൂമേറ്റിന് കൂട്ടിന് വേണ്ടി സിവിൽ സർവീസ് കോച്ചിങ്ങിന് വേണ്ടി പോയതാണ് എന്നുപറഞ്ഞല്ലോ ആ സുഹൃത്ത് ഇപ്പോൾ എവിടെയാണ് ഉളളത്? 

അദ്ദേഹം ഐടി ജോലിയിലേക്ക് തന്നെ മടങ്ങി. ചിലപ്പോൾ എന്നെ സിവിൽ സർവീസിലേക്ക് ഗൈഡ് ചെയ്യുന്നതിന് വേണ്ടി ദൈവം അയച്ച ആളായിരിക്കും അത്. ഇന്നും അദ്ദേഹം എന്റെ നല്ല സുഹൃത്താണ്. 

ജീവിതത്തിലെടുത്ത തീരുമാനത്തിൽ എപ്പോഴെങ്കിലും പശ്ചാത്താപം തോന്നിയിട്ടുണ്ടോ? 

എനിക്ക് സിവിൽ സർവീസ് കിട്ടിയപ്പോൾ എല്ലാവരും എന്റെ അമ്മയെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. എന്റെ അമ്മയ്ക്ക് എന്താണ് ഐഎഎസ് എന്ന് അറിയില്ല. കുറച്ച് കഴിഞ്ഞ് അമ്മ എന്നെ വിളിച്ചു ചോദിച്ചു. എന്താ മോനേ എല്ലാവരും എന്നെ വിളിച്ച് കൺഗ്രാജുലേഷൻ എന്ന് പറയുന്നത്. ഞാനെന്താ അവരോട് പറയേണ്ടത്. ഞാൻ പറഞ്ഞു ഒന്നുമില്ല അമ്മ അവരോട് നന്ദി എന്നുപറഞ്ഞാൽ മതി. എല്ലാവരും അഭിനന്ദനങ്ങൾ അറിയിക്കുന്നത് തുടർന്നപ്പോൾ എന്റെ മകനും നല്ല ശമ്പളമുളള ജോലി കിട്ടിയിട്ടുണ്ടാകും എന്നാണ് അമ്മ ചിന്തിച്ചത്.  

ഒരുദിവസം അമ്മ എന്നോട് എനിക്കെത്രയാണ് ശമ്പളമെന്ന് ചോദിച്ചു. എത്രയുണ്ടാകുമെന്നാണ് അമ്മ കരുതുന്നതെന്നായിരുന്നു ഞാൻ തിരിച്ച് ചോദിച്ചത്. അമ്മ പറഞ്ഞു ഒരു അമ്പത്..അമ്മ ഞാനും പറഞ്ഞു അതേ അമ്പത്.. അതായിരുന്നു എന്റെ ബേസിക് സാലറി. പക്ഷേ അമ്മ ഉദ്ദേശിച്ചത് ലക്ഷങ്ങളും ഞാൻ ഉദ്ദേശിച്ചത് പതിനായിരങ്ങളുമായിരുന്നു എന്നുമാത്രം. വാർഷിക വരുമാനം അമ്പതുലക്ഷമാണെന്നാണ് അമ്മ ചിന്തിച്ചത്. അമ്മയ്ക്ക് നല്ല സന്തോഷമായി. ഒരിക്കൽ എനിക്ക് പൈസയ്ക്ക് ആവശ്യം വന്നപ്പോൾ ഞാൻ അച്ഛനോട് കടം ചോദിച്ചു. അമ്മയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. അമ്പതുലക്ഷം ശമ്പളമുളള ഞാനെന്തിന് അച്ഛനോട് പതിനായിരം രൂപ കടം ചോദിക്കണം. എനിക്ക് അമ്പതുലക്ഷം കിട്ടുമെന്ന് ആരാണ് പറഞ്ഞതെന്ന്് അപ്പോഴാണ് ഞാൻ അമ്മയോട് ചോദിക്കുന്നത്. നീയല്ലേ പറഞ്ഞത് അമ്പത് കിട്ടുമെന്ന് എന്ന് അമ്മ. അത് അമ്പതുലക്ഷമല്ല അമ്പതിനായിരമാണെന്ന് ഞാൻ പറഞ്ഞു. ലക്ഷങ്ങൾ ശമ്പളമുളള ജോലി ഉപേക്ഷിച്ചു പതിനായിരങ്ങൾ ഉളള ജോലിക്ക് പോയത് അമ്മയ്ക്ക് മനസ്സിലാകുന്നുണ്ടായില്ല. അവരുടെ സന്തോഷമെല്ലാം നഷ്ടപ്പെട്ടു. ഇതിന് വേണ്ടിയാണോ എല്ലാവരും എനിക്ക് കൺഗ്രാജുലേഷൻ തന്നത് എന്നൊക്കെ ചോദിച്ചു. എന്റെ ജീവിതത്തിൽ ഒരു സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന് അമ്മയ്ക്കുണ്ടായിരുന്നു. അമ്മ ഭയങ്കര നിരാശയിലായി. 

ജോലിയെ കുറിച്ച് ഞാൻ ആവേശത്തോടെ സംസാരിക്കുമ്പോൾ അമ്മ ശ്രദ്ധിച്ചിരുന്നേയില്ല. പക്ഷേ 2018-ലെ വെളളപ്പൊക്കത്തിന് ശേഷം അമ്മ  ഇവിടെ എന്നെ കാണാൻ വന്നു. ഒരു ഐഎഎസ് ഓഫീസർ പൊതുജനങ്ങൾക്ക് ഏത് രീതിയിലാണ് സേവനം ചെയ്യുന്നത് എന്ന് അമ്മ കണ്ടു. അന്നാണ് അമ്മയ്ക്ക് എന്റെ ജോലി എന്താണ് എന്ന് മനസ്സിലായത്. ഇത് ദൈവത്തിന്റെ ജോലിയാണ് ഇതിന് ശമ്പളം നോക്കുന്നത് ശരിയല്ലെന്ന് അമ്മ പറഞ്ഞു. 'അമ്പതിനായിരമോ ഇരുപതിനായിരമോ അല്ല നമ്മൾ ഈ ജോലിയെ ബഹുമാനിക്കണം. നീയെടുത്തത് നല്ല തീരുമാനമാണ്.' എന്ന് അമ്മ പറഞ്ഞു. 

ആദ്യ നിയമനം കേരളത്തിലായിരുന്നോ? ആന്ധ്ര സ്വദേശി കേരളത്തിലേക്കെത്തുന്നു. കേരളവുമായി വേഗത്തിൽ പൊരുത്തപ്പെടാൻ സാധിച്ചോ? 

തുടക്കത്തിൽ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇവിടുത്തെ സംസ്‌കാരം വളരെ വ്യത്യസ്തമാണ്. എത്രവേഗം മലയാളം പഠിക്കുന്നോ അത്രയും വേഗം എനിക്കിവിടെ കംഫർട്ടബിളായി ജോലി ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് മനസ്സിലായി. എനിക്ക് ട്രെയിനിങ് നൽകിയ അന്നത്തെ തൃശ്ശൂർ ജില്ലാകളക്ടർ കൗശികൻ സാർ എന്നോട് പറഞ്ഞു. നിങ്ങളാദ്യം പഠിക്കേണ്ടത് ഭാഷയാണ്, പിന്നെ ഇവിടുത്തെ ഭക്ഷണം കഴിക്കണം, ഇവിടെയുളള ആളുകൾ വസ്ത്രം ധരിക്കുന്നത് പോലെ നിങ്ങളും വസ്ത്രം ധരിക്കണം. ഇത്രയും കാര്യങ്ങൾ ചെയ്താൽ നിങ്ങൾ വേഗം സ്വീകാര്യനാകും. 

അങ്ങനെ ഞാൻ കേരള ഭക്ഷണം കഴിക്കാൻ തുടങ്ങി. മലയാളം നന്നായിട്ട് പഠിക്കാൻതുടങ്ങി. മലയാളം സിനിമകൾ കാണാൻ തുടങ്ങി. നന്നായിട്ട് സംസാരിക്കാനും മനസ്സിലാകാനും തുടങ്ങി. തൃശ്ശൂരിൽ ട്രെയിന് കളക്ടറായിരിക്കുമ്പോൾ തന്നെ തൃശ്ശൂരിലെ എല്ലാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനും ചേർത്ത് സർക്യൂട്ട് ടൂറിസം എന്ന പദ്ധതി നിർദേശിച്ചു. അത് ട്രെയിനി കളക്ടർ ചെയ്ത ഏറ്റവും നൂതനമായ പദ്ധതികളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

അതിനുശേഷമായിരുന്നോ ആലപ്പുഴയിലേക്ക് വരുന്നത്? 

അതിന് ശേഷം ഡൽഹി നഗരവികസന വകുപ്പ് മന്ത്രാലയത്തിൽ ജോലി ചെയ്തു. ആ സമയത്ത് സ്പാർക്ക് റാങ്കിങ് സിസ്റ്റം കൊണ്ടുവന്നു. ആ റാങ്കിങ് ഇപ്പോഴും തുടരുന്നുണ്ട്.കഴിഞ്ഞ മൂന്നുവർഷമായി കേരളം ആണ് റാങ്കിങ്ങിൽ ഏറ്റവും മുന്നിൽ. അതിനുശേഷമാണ് ആലപ്പുഴ സബ്കളക്ടറായി വരുന്നത്. 

ഞങ്ങൾക്ക് നിയമനം വന്ന സമയത്ത് എന്റെ സുഹൃത്തുക്കളൊക്കെ പരസ്പരം അഭിനന്ദിക്കുന്നു. എനിക്ക് അഭിനന്ദനങ്ങളൊന്നുമില്ല, പകരം പാവം കൃഷ്ണ എന്നുപറയുന്നു. എനിക്ക് അന്ന് 'പാവം'എന്ന വാക്കിന്റെ അർഥം അറിയില്ല. ഞാൻ മലയാളി ഓഫീസറായ ആശയെ വിളിച്ചുചോദിച്ചു എന്താണ് എല്ലാവരും പാവം എന്നുപറയുന്നത്. അപ്പോൾ അവർ പറഞ്ഞു. So pity of you എന്നാണ് പാവം എന്നതിന്റെ അർഥം എന്ന്. 'നീ ഒരു സബ്ഡിവിഷനിലാണ്. അവിടെ അഞ്ച് എംഎൽഎമാരിൽ മൂന്നുപേരും മന്ത്രിമാരാണ്. പ്രതിപക്ഷ നേതാവും അവിടെയാണ്. മുൻകേന്ദ്രമന്ത്രിമാരുണ്ട്. അതുകൊണ്ട് അവരെയെല്ലാം കൈകാര്യം ചെയ്യേണ്ടതായി വരും. ഇത് ഒരു ഐഎഎസ് ഓഫീസറെ സംബന്ധിച്ചിടത്തോളം ഹെർക്കൂലിയൻ ടാസ്‌ക് ആയിരിക്കും. അതാണ് പാവം കൃഷ്ണ എന്ന് എല്ലാവരും പറയുന്നത്.' പക്ഷേ കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ മനസ്സിലാക്കി അവർക്ക് വേണ്ടത് ഒരു ജോലി ചെയ്യുന്ന ഐഎഎസ് ഓഫീസറെയാണ്. എല്ലാവരും ബഹുമാനം തരുന്നുമുണ്ട്. 

പക്ഷേ അതിനേക്കാൾ വലിയ ഹെർക്കുലീയൻ ടാസ്‌ക് ആയിരുന്നല്ലോ കാത്തിരുന്നിരുന്നത്, പ്രളയം. ഡാമുകൾ തുറക്കുന്നു..കുട്ടനാടിന് അത് ഭീതിയാകും ഇത്രയും പേരെ ഒഴിപ്പിക്കണം 48 മണിക്കൂറിനുളളിൽ രണ്ടുലക്ഷത്തോളം വരുന്ന ആളുകളെ ഒഴിപ്പിക്കണം. ആളുകളെ മാത്രമല്ല വളർത്തുമൃഗങ്ങളെ കൂടെ അന്ന് ഒഴിപ്പിച്ചിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എത്രത്തോളം വെല്ലുവിളി നേരിട്ടതായിരുന്നു ആ ദൗത്യം? 

രാത്രി ഒമ്പതരയോടെയാണ് എനിക്ക് അന്ന് മന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ ഫോൺ കോൾ വരുന്നത്. അപ്പോൾ തന്നെ ചെങ്ങന്നൂരിൽ വെളളം കയറിയിരുന്നു. ജില്ലാ കളക്ടർ അവിടെയായിരുന്നു. ഐസക് സാർ എന്നോട് എത്രയും വേഗം കളക്ടറേറ്റിലേക്ക് എത്താനാവശ്യപ്പെട്ടു. അവിടെ വകുപ്പുമേധാവികളും ഉണ്ടായിരുന്നു. ജലനിരപ്പ് ഉയരുന്നത് ഞാനും ഐസക് സാറും കൂടി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അത് മോണിറ്റർ ചെയ്തതോടെ ഞങ്ങൾക്ക് ഒരുകാര്യം ഉറപ്പായി. കുട്ടനാട്ടിൽ നിന്ന് ജനങ്ങളെ കൃത്യമായി ഒഴിപ്പിക്കേണ്ടതുണ്ട്. പക്ഷേ ചില ഉദ്യോഗസ്ഥർ അത് ആവശ്യമില്ലെന്നാണ് അഭിപ്രായപ്പെട്ടത്. കാരണം കുട്ടനാട്ടിൽ എല്ലാവർഷവും വെളളം വരുന്നതാണ്, കുട്ടനാട്ടിൽ എല്ലാവർക്കും നീന്തൽ അറിയാവുന്നതാണ്. പക്ഷേ റിസ്‌കെടുക്കാൻ പറ്റില്ല എന്നുതന്നെയായിരുന്നു എന്റെയും തോമസ് ഐസക് സാറിന്റെയും നിലപാട്. അന്നു രാത്രി 1 മുതൽ 3 മണിവരെ തയ്യാറെടുപ്പ് ആയിരുന്നു. ഹൗസ്‌ബോട്ട് മുതലാളിമാരെ വിളിച്ചു. അതിരാവിലെ മുതൽ ഒഴിപ്പിക്കൽ തുടങ്ങാം എന്നായിരുന്നു പദ്ധതി. 

രാവിലെ ആറുമണിക്ക് ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും വെളളം പൊങ്ങിത്തുടങ്ങിയിരുന്നു. തുടക്കത്തിൽ ആളുകൾ വരാൻ തയ്യാറായില്ല. പിന്നീട് അവരെ പറഞ്ഞുബോധ്യപ്പെടുത്തിയാണ് ബോട്ടിൽ കയറ്റിയത്. ആദ്യദിവസം അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് 7-8 അടിയോളം ഉയർന്നിരുന്നു. പിറ്റേദിവസവും നമ്മൾ ബോട്ടയച്ചു. അന്ന് ഏകദേശം 2.2 ലക്ഷം ആളുകളെയാണ് ഒഴിപ്പിച്ചത്. എന്റെ നേതൃത്വത്തിലുളള ടാം ബോട്ടുകൾ ആളുകളുടെ അടുത്ത് എത്തിക്കുകയാണ് ചെയ്തിരുന്നത്. ഐസക് സാറിന്റെ നേതൃത്വത്തിലുളള ടീം ആ ബോട്ടിൽ ആളുകളെ കയറ്റി ക്യാമ്പുകളിലേക്ക് എത്തിക്കും. ജില്ലാ കളക്ടർ ചെങ്ങന്നൂരിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. നെഞ്ചുവരെ വെളളമുണ്ട്..പരസ്പരം ആശയവിനിമയത്തിനുളള ആകെയുളള മാർഗം മൊബൈൽ ഫോണാണ്. പോക്കറ്റിലിട്ടാൽ വെളളം നനയുന്നത് കൊണ്ട് ഒരു കൈയിൽ ഫോൺ ഉയർത്തിപ്പിടിച്ചാണ് എല്ലാവരും നിന്നിരുന്നത്. ആ കൈ കഴയ്ക്കുമ്പോൾ അടുത്ത കൈയിലേക്ക് മാറ്റും. 48 മണിക്കൂർ ഞങ്ങളെല്ലാവരും വെളളത്തിലായിരുന്നു. 

ആ സമയത്ത് മനസ്സിൽ ഭയങ്കര വിഷമമാണ്. ലൈഫ് ബോട്ടുകൾ എന്ന ലക്ഷ്വറിയില്ല. ആളുകളെ കയറ്റിവരുന്ന ബോട്ടിന് എന്തെങ്കിലും പറ്റിപ്പോയാൽ അത് വലിയ ദുരന്തമാകും. ആളുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ബോട്ടിന് വഹിക്കാനാവുന്നതിനേക്കാൾ കൂടുതൽ ആളുകൾ കയറാതിരിക്കുന്നതിനും വേണ്ടി രണ്ടു പോലീസുകാരെയും നീന്തൽ വിദഗ്ധരെയും ഉൾപ്പെടുത്തിയിരുന്നു. ഒരു അത്യാഹിതം പോലുമില്ലാതെ അത് ഞങ്ങൾക്ക് നിയന്ത്രിക്കാനായി സാധിച്ചു. പിന്നീട് വളർത്തുമൃഗങ്ങളെ കൊണ്ടുവരുന്നതിന് വേണ്ടി ഞങ്ങൾ ബോട്ട് അയച്ചിരുന്നു. പക്ഷേ ഒരുപാട് ആളുകളെ ബോട്ടിൽ കയറ്റുന്ന സമയഒരു പശുവിനെ മാത്രമേ ബോട്ടിൽ കയറ്റാനാവൂ. പക്ഷേ പരമാവധി ശ്രമിച്ചു. പക്ഷേ തുറന്ന് പറയുകയാണെങ്കിൽ കുറച്ച് വളർത്തുമൃഗങ്ങൾ ചത്തുപോയി, നല്ല വിഷമം ആയി. കാരണം എന്റെ വീട്ടിലും പശുക്കൾ ഉണ്ടായിരുന്നതാണ്. ആന്ധ്രയിലെ ഗ്രാമജീവിതം എന്നുപറഞ്ഞാൽ പശുക്കളെല്ലാമുളള ഒന്നാണ് 

അന്ന് എന്റെ മകന് ആറുമാസമാണ് പ്രായം. എന്റെ വീട്ടിലും വെളളം കയറിയിരുന്നു. ഭാര്യ മകനെയും പിടിച്ച് ബെഡിൽ കയറി ഇരിക്കും. കുഞ്ഞ് ഉറങ്ങുമ്പോൾ വെളളത്തിലൂടെ നടന്ന് അടുക്കളയിലെത്തി എന്തെങ്കിലും പാചകം ചെയ്യും. ആളുകളെയെല്ലാം ക്യാമ്പിലെത്തിച്ച് ഫ്രഷാകാൻ പോകുമ്പോഴാണ് എനിക്ക് വീണ്ടും കോളുകൾ വരുന്നത്. ക്യാമ്പിൽ വെളളമില്ല, ടോയ്‌ലറ്റില്ല എന്നെല്ലാം പറഞ്ഞ്. സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അതെല്ലാം പരിഹരിച്ചു. 

ഐ ആം ഫോർ ആലപ്പി എന്ന പദ്ധതി അപ്പോഴാണോ തുടങ്ങുന്നത്?  

ക്യാമ്പിൽ നിന്ന് ആളുകളെല്ലാം തിരികെ വീട്ടിലേക്ക് പോയി. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നാണ് കരുതിയത്. പക്ഷേ പ്രധാന പ്രശ്‌നം ആരംഭിക്കുന്നതേ ഉണ്ടായിരുന്നുളളൂ. ജനങ്ങൾ തിരികെ വീട്ടിലെത്തിയപ്പോഴേക്കും അവർക്ക് ഒരുപാട് സാധനങ്ങൾ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. സർക്കാർ സഹായം നൽകിയിരുന്നു. പക്ഷേ ആർക്കും നികത്താനാകാത്ത ചില വിടവുകൾ ഉണ്ടായിരുന്നു അവിടെയാണ് ഐ ആം ഫോർ ആലപ്പിയുടെ പിറവി. എന്റെ ടീം എന്നോട് ചോദിച്ചു. നമുക്ക് സോഷ്യൽ മീഡിയയെ എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ? ആ സമയത്ത് കേരളത്തിലുളളവരും അല്ലാത്തവരുമായ എല്ലാ മലയാളികളും പ്രളയത്തിൽ ആശങ്കാകുലരായിരുന്നു. 

ഒരു ആശുപത്രിയുമായി ബന്ധപ്പെട്ട സഹായമാണ് ആദ്യം ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടത്. നാലുമണിക്കൂറിനുളളിൽ അത് വൈറലായി. ആന്ധ്രയിൽ താമസിക്കുന്ന ഒരു മലയാളി അഭിനേത്രി വിഷയത്തിൽ ഉടൻ ഇടപെട്ടു. അവർ ഹോസ്പിറ്റൽ ഏറ്റെടുത്തു. പുനരധിവാസത്തിനായി സാമൂഹിക മാധ്യമങ്ങളെ ഒരു മീഡിയമായി ഉപയോഗിക്കാം എന്ന് തീരുമാനിക്കുന്നത് അപ്പോഴാണ്. പീന്നീട് ആലപ്പുഴയുമായി ബന്ധപ്പെട്ട ഓരോരോ ആവശ്യങ്ങൾ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. Donate a cow അങ്ങനെയുളള ഒന്നായിരുന്നു. തുടക്കത്തിൽ സഹായം വരാതായപ്പോൾ നാട്ടിലെ എന്റെ ചിറ്റപ്പനോടും അച്ഛനോടും വരെ ഞാൻ സഹായം ചോദിച്ചു. അവർ ഒരു പശുവിനുളള പണം തന്നു. അത് ഗുണഭോക്താക്കൾക്ക് നൽകി. പിന്നീട് ദുബായ്, കുവൈത്ത് തുടങ്ങി പലയിടത്തുനിന്നും സഹായവാഗ്ദാനങ്ങളുമായി മലയാളികൾ വിളിക്കാൻ തുടങ്ങി. സ്‌കൂളുകളുടെയും അങ്കണവാടികളുടെയും പുനരുദ്ധാരണം, വിദ്യാർഥികൾക്ക് സൈക്കിൾ, പശു, ആട്, താറാവ് തുടങ്ങി വളർത്തുമൃഗങ്ങളെ വിതരണം ചെയ്യൽ എന്നിവയെല്ലാം ഐ ആം ഫോർ ആലപ്പിയിലൂടെ നടപ്പാക്കി. 

കൃഷ്ണ തേജയുടെ ടാഗ് ലൈനായിട്ട് 'ഐ ആം ഫോർ ആലപ്പി' എന്ന് മാറിക്കഴിഞ്ഞു. 

Really I'm for Alleppey, may be..സാധാരണഗതിയിൽ സബ്കളക്ടറായി ജോലി ചെയ്തതിന് ശേഷം ഇവിടെ കളക്ടറായിട്ട് കിട്ടാൻ ചാൻസ് കുറവാണ്. പക്ഷേ ആലപ്പുഴയിലെ ജനങ്ങളെ സേവിക്കാൻ എനിക്ക് വീണ്ടും അവസരം ലഭിച്ചു. 

ആലപ്പുഴയിലെ ജനങ്ങളുമായിട്ടുളള അടുപ്പം എത്രത്തോളം ഉണ്ട്?

എനിക്ക് ഇവിടെയുളള ഭൂരിപക്ഷം ആളുകളെയും പേരുവെച്ചുതന്നെ അറിയാം. അവർക്ക് എന്നെയും അറിയാം. എന്റെ നാട്ടിലേക്കാളും കൂടുതൽ ബന്ധുക്കൾ ഉളളത് ഇപ്പോൾ ആലപ്പുഴയിലാണ്. 

കേരളത്തിന് വേണ്ടി കൊണ്ടുവന്ന പ്രൊജക്ടുകൾ എന്തൊക്കെയാണ്?

എന്റെ ജോലിക്ക് പുറത്തുളള കാര്യങ്ങൾ ചെയ്യാനും ഞാൻ ശ്രമിക്കാറുണ്ട്. അങ്ങനെയാണ് തൃശ്ശൂരിൽ സർക്യൂട്ട് ടൂറിസം എന്ന പേരിൽ  സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതി ചെയ്യുന്നത്. ഡൽഹിയിൽ ജോലി ചെയ്യുന്ന സമയത്ത് സ്പാർക്ക് എന്ന പദ്ധതി നടപ്പാക്കുന്നത്. സബ് കളക്ടറായിരിക്കേയാണ് ഐ ആം ഫോർ ആലപ്പി ചെയ്തത്. ടൂറിസം ഡയറക്ടാറിയിരിക്കുമ്പോഴാണ് കെടിഡിസി ഫെയ്‌സ് ലിഫ്റ്റ് പ്രൊജക്ട് ചെയ്യുന്നത്. കെടിഡിസിയുടെ കീഴിലുളള ഹോട്ടലുകളെല്ലാം നവീകരിക്കുന്നത് ഇക്കാലയളവിലാണ്. 

ജീവിതത്തിൽ വിജയവും പരാജയവും ഒരുപോലെ അഭിമുഖീകരിച്ചിട്ടുളള ആളാണല്ലോ..ഇന്നത്തെ തലമുറയക്ക് പരാജയം അംഗീകരിക്കാൻ മടിയാണ്..അവർ വളരെയധികം സമ്മർദ്ദത്തിലാണ്.. അവരോടെല്ലാം ജീവിത വിജയം എന്നാൽ എന്താണെന്നാണ് പറയാനുളളത്? 

ജീവിതത്തിൽ വിജയം കിട്ടുക പരാജയം അനുഭവിച്ചാൽ മാത്രമാണ്. തുടക്കത്തിൽ പരാജയപ്പെടുകയാണ് ഉണ്ടാവുകയെന്ന് അവർ ഓർക്കണം. ഞാനെന്തെങ്കിലും വിജയം നേടിയിട്ടുണ്ടെങ്കിൽ അതിനുമുമ്പ് ഞാൻ പരാജയം അഭിമുഖീകരിച്ചിട്ടുണ്ട്. കൊണ്ടുവന്ന ചില പദ്ധതികൾ തുടക്കത്തിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. ഒരു ഉദാഹരണം പറയാം. കായംകുളത്തെ കെടിഡിസി സ്ഥാപനത്തിന്റെ മുന്നിൽ ഒരു വലിയ മതിലുണ്ടായിരുന്നു. അതിനുമുന്നിൽ കൂടി വാഹനത്തിൽ പോകുമ്പോൾ അതുകൊണ്ട് അത് കാണാനാവില്ല. ഞാനത് പൊളിക്കാൻ തീരുമാനിച്ചു. ഒരുപാട് വിമർശനങ്ങൾ വന്നു. പക്ഷേ ഞാൻ നിർബന്ധപൂർവം അതുപൊളിച്ചു. കെട്ടിടം നന്നായി പെയിന്റ് ചെയ്തു. ഇന്റീരിയർ നന്നാക്കി. പതിനായിരം രൂപ വരുമാനമുണ്ടായിടത്തുനിന്ന് അത് ഒന്നരലക്ഷം രൂപയിലേക്ക് ഉയർന്നു. അടുത്ത മതിൽ ഞാൻ പൊളിക്കുന്ന സമയത്ത് ആളുകൾ പറഞ്ഞു ആ ഇദ്ദേഹം ചെയ്തത് ശരിയായിരുന്നു എന്നുപറഞ്ഞ് പിന്തുണയ്ക്കുകയാണ് ഉണ്ടായത്. അങ്ങനെ ഞാൻ ഒരു നാൽപത് മതിലുകളാണ് കെടിഡിസിയുടെ പൊളിച്ചത്. ആ കെട്ടിടങ്ങൾക്ക് റോഡിൽ നിന്നുതന്നെ ശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തത്. തുടക്കത്തിൽ നിങ്ങൾ എതിർപ്പോ, പരാജയമോ എല്ലാം നേരിടേണ്ടി വരും. നിങ്ങൾ അത് അഭിമുഖീകരിക്കാൻ തയ്യാറാകണം. 

ഇത്രയേറെ പദ്ധതികൾ നടപ്പാക്കി. ജനങ്ങളുമായി ഇത്രയേറെ അടുത്ത് നിൽക്കുന്നു. എപ്പോഴെങ്കിലും നന്നായി പ്രവർത്തിക്കാൻ സാധിച്ചതായി തോന്നിയിട്ടുണ്ടോ? 

ഇല്ല തോന്നിയിട്ടില്ല. ഞാനിപ്പോഴും സംതൃപ്തനല്ല. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ആ പ്രതീക്ഷയാണ് എനിക്ക് എല്ലായ്‌പ്പോഴും ഉളളത്. ഒരു ഐടി ജോലിക്കാരൻ എന്നതിനേക്കാൾ ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയിൽ ഞാൻ സന്തോഷവാനാണ്. പൊതുജനങ്ങളെ സേവിക്കാൻ ആഗ്രഹിക്കുന്നവർക്കുളള മികച്ച അവസരാണ് ഇത്. 30-35 വർഷം പൊതുജനങ്ങൾക്ക് സേവനം ചെയ്യാൻ പറ്റും. സംതൃപ്തിയോടെയാണ് ഒരോ ദിവസവും ഞാൻ കിടന്നുറങ്ങുന്നത്.