
ചെമ്പാവ് പുന്നെല്ലിൻ ചോറോ..
നിന്റെ മുത്താരം മിന്നുന്ന മുല്ലപ്പൂച്ചിരിയോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ...
കേരളം മുഴുവൻ ഏറ്റുപാടിയ ഈ പാട്ടുപോലും വേദികളിൽ മറ്റുളളവർ പാടുന്നത് കേട്ടിരിക്കേണ്ടി വന്ന പാട്ടുകാരി, താനൊരു പിന്നണി ഗായികയായെന്ന് യാത്രക്കിടയിൽ ബസിൽ വെച്ച പാട്ടിലൂടെ മനസ്സിലാക്കേണ്ടി വന്നവൾ..ഗാനഭൂഷണവും ഗാനപ്രവീണയും മികച്ച സ്കോറിൽ പാസ്സായിട്ടും അർഹിച്ച തൊഴിലവസരങ്ങൾ പോലും നിഷേധിക്കപ്പെട്ടു. ഈ വേർതിരിവുകൾക്കെതിരേ പാട്ടിലൂടെ പോരാടിയ സംഗീതകാരിയാണ് പുഷ്പവതി പൊയ്പാടത്ത്. സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷയായി ചുമതലയേറ്റ പുഷ്പവതി തന്റെ ജീവിതത്തെ കുറിച്ചും പാട്ടുവഴികളെ കുറിച്ചും മനസ്സുതുറക്കുന്നു.
'നല്ലതല്ല ഒരുവൻ ചെയ്ത നല്ലകാര്യം മറപ്പത്..
നല്ലതല്ലാത്തത് ഉടനെ മറന്നീടുക...'- ശ്രീനാരായണഗുരുവിന്റെ സദാചാരം എന്ന കൃതിയുടെ തുടക്കം ആലപിച്ചുകൊണ്ടാണ് പുഷ്പവതി സംസാരിച്ചുതുടങ്ങിയത്.
സംഗീതനാടക അക്കാദമിയുടെ ഉപാധ്യക്ഷയായിട്ട് ചുമതലയേറ്റിരിക്കുകയാണ്. അഭിനന്ദനങ്ങൾ.. ആർ.എൽ.വി.രാമകൃഷ്ണൻ, മൻസിയ തുടങ്ങിയ കലാകാരന്മാർക്ക് വേദി നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായി. ആ ഒരു കാലത്താണ് പുഷ്പവതി സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷ ആയി ചുമതലയേൽക്കുന്നത്. പുഷ്പവതി എന്ന പേരിനൊപ്പം ചേരുന്ന ചില ഘടകങ്ങൾ ഉണ്ടല്ലോ. ദളിത് സ്ത്രീ ഉപാധ്യക്ഷ പദവിയിലെത്തുന്നു. ഈ ചുമതലയെ നോക്കിക്കാണുന്നത് എങ്ങനെയാണ്?
നമ്മുടെ ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസരിച്ചുളള പ്രാതിനിധ്യവും അവകാശങ്ങളും എല്ലാവർക്കുമുണ്ടെന്ന ഉത്തമമായ ബോധ്യമെനിക്കുണ്ട്. അതാണ് അടിസ്ഥാനം. അതിൽനിന്നുകൊണ്ട് കാര്യങ്ങൾ മനസ്സിലാക്കാനും എന്നാൽ കഴിയുന്ന രീതിയിൽ കാര്യങ്ങൾ പോകാനും ഉളള ഇടപെടലുകൾ ഉണ്ടാകണം എന്നാണ് ഞാൻ വിചാരിക്കുന്നത്.
അക്കാദമി ചെയർമാനായി ചുമതലയേറ്റതിനുശേഷം മട്ടന്നൂർ ശങ്കരൻകുട്ടി പറഞ്ഞിരുന്നല്ലോ ആരാണ് അവതരിപ്പിക്കുന്നത് എന്നല്ല അവതരണത്തിലെ കൃത്യതയും മികവും നോക്കിയാണ് കലാകാരന്മാർക്ക് അവസരം നൽകുക എന്ന്..
മികവ് തീർച്ചയായും നോക്കണം. എന്നെ സംബന്ധിച്ച് സംഗീതം പഠിക്കുന്ന സമയത്ത് അങ്ങേയറ്റം മികവ് പുലർത്തിയിട്ടാണ് ഓരോ റിസൾട്ടുകളും ഉണ്ടായിട്ടുളളത്. പഠനകാലത്ത് ഒന്നും പഠിക്കാതെ ഒരു ദളിത് ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ കഴിവ് നമ്മൾ പരമാവധി തെളിയിക്കണം. അതിനുവേണ്ടിയുളള പരിശ്രമം ഉണ്ടാകണം. എന്നിട്ട് വേദികൾ ഉണ്ടാകാതെ വരുമ്പോൾ എന്തുകൊണ്ട് എന്ന ചോദ്യം ഉണ്ടാകും. തീർച്ചയായിട്ടും എന്റെ ഭാഗത്ത് നിന്ന് ആ ചോദ്യം ഉണ്ടായിരിക്കും.
അച്ഛന്റെ മടിയിരുന്ന് അച്ഛൻ പാടിക്കേട്ട പാട്ടുകളാണ് സംഗീതത്തിലേക്കുളള ചുവടുവെപ്പായതെന്ന് കേട്ടിട്ടുണ്ട്. കുട്ടിക്കാലത്തെ പാട്ടോർമകളെ കുറിച്ച് പറയാമോ?
അച്ഛൻ നല്ല പ്രണയഗാനങ്ങൾ പാടുമായിരുന്നു. ബാബുക്കയുടെ പാട്ടുകൾ ഭയങ്കര ഇഷ്ടമാണ്. കെ.പി.എ.സിയുടെ പാട്ടുകളാണ് പിന്നെ പാടിക്കേട്ടിട്ടുളളത്. എന്റെ അച്ഛൻ ഒരു നാടൻപാട്ട് പോലും പാടി ഞാൻ കേട്ടിട്ടില്ല. എന്റെ അച്ഛന്റെ ഇഷ്ടഗാനങ്ങൾ പ്രണയം നിറഞ്ഞ ഗാനങ്ങളായിരുന്നു.
മഞ്ഞലയിൽ മുങ്ങിത്തോർത്തി
മധുമാസ ചന്ദ്രിക വന്നു.
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ..
പ്രേമചകോരി ചകോരീ ചകോരി... യൂക്കലേലയിൽ താളമിട്ട് അച്ഛന്റെ പ്രിയഗാനം അവർ പാടി..
അച്ഛൻ തന്നെയാണോ പാട്ടുപഠിപ്പിക്കാനായി കൊണ്ടുചേർത്തത്?
അച്ഛൻ അങ്ങനെ ഉത്തരവാദിത്തം ഉണ്ടായിരുന്ന ആളല്ല. പക്ഷേ അച്ഛൻ വളരെ സ്നേഹമുളളയാളായിരുന്നു. ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ സംഗീതം പഠിക്കാൻ പോകുന്നത്. എന്റെ കുഞ്ഞോപ്പ, ഇളയ ചേട്ടൻ ആണ് ദ്രൗപതി നങ്ങ്യാർ എന്ന ടീച്ചറുടെ അടുത്ത് സംഗീതം പഠിക്കാൻ കൊണ്ടാക്കുന്നത്. എന്നെ സംഗീതം പഠിപ്പിക്കുന്ന കാര്യത്തിൽ ചേട്ടൻ ഭയങ്കര പിന്തുണയായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് പാലക്കാട്ട് സംഗീത കോളേജിൽ കൊണ്ടുചെന്നാക്കാനും ചേട്ടനാണ് ഉണ്ടായിരുന്നത്.
ഞങ്ങളുടെ കുട്ടിക്കാലം ഭയങ്കര രസമാണ്. പെൺകുട്ടികൾ സ്വാതന്ത്ര്യം അനുഭവിച്ച് വളരുന്ന ഒരു കാലമായിരുന്നില്ല. പക്ഷേ ഞാൻ സൈക്കിളിങും ഫുട്ബോളും നന്നായി കളിച്ചാണ് വളർന്നത്. അത് ആൺകുട്ടികൾക്ക് മാത്രം തീറെഴുതിയിട്ടുളള കളികൾ അല്ലല്ലോ. എല്ലാ കളികളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ച് ഉണ്ടാകണം. കായികമായിട്ടുളള അത്തരം കളികളിൽ ഒത്തിരി ആത്മവിശ്വാസം ഉണ്ടാകും. എനിക്കത് ഉണ്ടായിട്ടുളളത് എന്റെ കുഞ്ഞോപ്പയുടെ പിന്തുണ കൊണ്ടായിരുന്നു. എന്നെ സൈക്കിൾ ചവിട്ട് പഠിപ്പിച്ചത് ചേട്ടനാണ്. അന്നൊക്കെ പെൺകുട്ടികൾ സൈക്കിൾ ചവിട്ടിയാൽ ആളുകൾ കളിയാക്കും. പക്ഷേ എനിക്ക് കളിച്ചുവളർന്നതിന്റെ ഉശിരുണ്ടല്ലോ. എന്നോട് മത്സരിക്കാൻ വരും ആമ്പിള്ളേര്. തോൽക്കാൻ എനിക്കിഷ്ടമായിരുന്നില്ല. അന്നത്തെ എന്റെ കൂട്ടുകാരികൾക്ക് സൈക്കിൾ ചവിട്ടി നടക്കുക എന്നുപറഞ്ഞാൽ സ്വപ്നം കാണാൻ കഴിയില്ല. സാമ്പത്തികമില്ലാഞ്ഞിട്ടല്ല, സദാചാരത്തിന്റെ ഭാഗമായിട്ട്. എനിക്ക് സാമ്പത്തികമില്ലാഞ്ഞിട്ട് പോലും വാടകയ്ക്ക് സൈക്കിൾ എടുത്ത് ചവിട്ടും. ഞാൻ സ്കൂളിലേക്ക് ആദ്യമായി സൈക്കിൾ ചവിട്ടി ചെന്നപ്പോൾ ആ സ്കൂളിലെ അധ്യാപകരും കുട്ടികളും ഇറങ്ങിനിന്ന് നോക്കിയിട്ടുണ്ട്. ഇന്ന് അവിടെ പെൺകുട്ടികൾക്ക് സൈക്കിൾ വെക്കാൻ ഷെഡുണ്ട്. കാലം പുരോഗമിച്ചു, നമ്മളെ പോലുളള ആളുകളുടെ തുടക്കങ്ങളൊക്കെ അതിലുണ്ടായിട്ടുണ്ട്.
പറഞ്ഞുവന്നത് ചേട്ടൻ എന്നെ സിനിമ കാണാൻ കൊണ്ടുപോകും. ഫസ്റ്റ് ഷോയ്ക്കും സെക്കൻഡ് ഷോയ്ക്കുമെല്ലാമാണ് പോകുന്നത്. ഒന്നുകിൽ ചേട്ടൻ എന്നെ പിറകിലിരുത്തും. അല്ലെങ്കിൽ ഞാൻ ചേട്ടനെ പിറകിൽ ഇരുത്തും.സാധാരണ സിനിമയൊന്നുമല്ല കാണുക. ജാൻക്ലൈവിന്റെ, സിൽവർസ്റ്റർ സ്റ്റെലോൺ, ബ്രൂസ് ലി, ജാക്കിചാൻ ഇവരുടെയൊക്കെ സിനിമ നാട്ടിൻപുറത്തെ തിയേറ്ററിൽ വരുമ്പോൾ സാധാരണ ഇംഗ്ലീഷ് സിനിമ വരുമ്പോൾ പെൺകുട്ടികൾ ഒന്നും ആ ഭാഗത്തേക്ക് പോകാൻ പാടില്ല.ചേട്ടൻ ആദ്യം പോയി സിനിമ കാണും. അതെന്തിനാണ് എന്നുവെച്ചാൽ സിനിമയ്ക്കിടയിൽ ഇവർ പീസിടും അത്തരം ദുരാചാരങ്ങൾ അന്നുണ്ടായിരുന്നു.. അതിൽ പെട്ടുപോകരുതല്ലോ. ഞങ്ങൾ സിനിമ കാണാൻ ഇരിക്കുമ്പോൾ ഫ്രണ്ടിലിരിക്കുന്ന പുരുഷന്മാർ തിരിഞ്ഞുനോക്കിക്കൊണ്ടിരിക്കും. അങ്ങനത്തെ ഒരു സമൂഹമായിരുന്നു അന്ന്.
സംഗീതം തന്നെയാണ് വഴി എന്ന് തിരിച്ചറിയുന്നത് എങ്ങനെയാണ്? മെന്റർമാർ ആരെങ്കിലും ഉണ്ടായിരുന്നോ?
നമ്മുടെ ഉളളിൽ സംഗീതം ഉളളതുകൊണ്ട് നമ്മൾ തന്നെയായിരിക്കണം മെന്റർ എന്നാണ് തോന്നുന്നത്. പ്രീഡിഗ്രി മുഴുവൻ ഞാൻ ഇങ്കുലാബ് വിളിച്ച് നടന്ന് കുളമാക്കിയിരുന്നു. സംഗീതമാണ് എന്റെ വഴി എന്ന തിരിച്ചറിവുണ്ടാകുന്നത് അതിനുശേഷമാണ്. അങ്ങനെ എന്റെ ഒരു സുഹൃത്ത് വഴി അവിടുത്തെ മ്യൂസിക് കോളേജിലെ അപേക്ഷ ഫോം കിട്ടി, അപേക്ഷിച്ചു. അവിടെ പഠിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് മനസ്സിലായി ഇതാണ് എന്റെ വഴിയെന്ന്. അവിടം മുതൽ ഞാൻ വളരെയധികം ആത്മാർഥതയോടെയാണ് പഠിച്ചിട്ടുളളത്.
പ്രീഡിഗ്രി സമയത്ത് അന്നത്തെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെല്ലാം എന്റെ തലയിലാണെന്ന ചിന്തയായിരുന്നു. പല്ലി ഉത്തരം താങ്ങുമ്പോലത്തെ അവസ്ഥ. പഠനത്തിൽ ഭയങ്കര പിന്നിലായിരുന്നു. വല്ല ആലിന്റെ ചുവട്ടിൽ പോയിരിക്കും. അങ്ങനെ അന്താരാഷ്ട്ര പ്രശ്നങ്ങൾ ചർച്ച ചെയ്ത് നടന്ന കാലം. വീട്ടുകാർക്ക് മനസ്സിലായി ഞാൻ ഉഴപ്പുകയാണെന്ന്. അങ്ങനെയാണ് ഞാൻ പാലക്കാട് പഠിക്കാൻ പോവുകയാണ്. പഠിക്കാൻ പോയാൽ ശരിയാവില്ല. ഞങ്ങളുടെ കൺമുന്നിൽ ഇരുന്നിട്ട് തന്നെ ഭയങ്കര ഉഴപ്പാണ്. പിന്നെ അവിടെ പോയാൽ എന്തായിരിക്കും സ്ഥിതി എന്നുളളത്. എനിക്ക് പോകണം പഠിക്കണം എന്നുളളത് എന്റെ തീരുമാനമായിരുന്നു. അങ്ങനെ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. ആ സമയത്ത് കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷേ പഠനത്തെ അത് ബാധിച്ചില്ല. അത് ബാധിക്കാതിരിക്കാനുളള ജാഗ്രത എന്റെ ഭാഗത്ത് ഉണ്ടായിരുന്നു.
പക്ഷേ ഗാനപ്രവീണ പഠിക്കാൻ സമയത്ത് പഠിച്ചത് മതി. നിന്നെ പഠിപ്പിക്കാൻ ഉളള ശേഷി അമ്മയ്ക്കില്ല മോളേ എന്ന് അമ്മ പറഞ്ഞു. അന്നുമുതൽ ഞാൻ കുട്ടികൾക്ക് ക്ലാസെടുക്കാൻ തുടങ്ങി. പാലക്കാട് നിന്ന് ചെന്ത്രാപ്പിന്നിയിലെത്തി കുട്ടികൾക്ക് ക്ലാസെടുക്കും. ശനിയാഴ്ച രാവിലെ ഞാൻ വടക്കുംനാഥനിൽ പോയി തൊഴും. അന്നെനിക്ക് നടേശൻ മാഷ്ടെ അടുത്ത് ട്യൂഷൻ ഉണ്ട്. വടക്കുന്നാഥനിൽ തൊഴുത് നടേശൻ മാഷിന്റെ അടുത്തക്കേ് നടക്കും. അതുകഴിഞ്ഞ് വീട്ടിൽ പോകും. പിറ്റേന്ന് കാലത്ത് എഴുന്നേറ്റ് ഗുരുവായൂർ അമ്പലത്തിൽ പോയി തൊഴും. പിന്നെ പടിഞ്ഞാറെ നടയിൽ നിന്ന് കൊടുങ്ങല്ലൂർ വണ്ടിയിൽ കയറി ചെന്ത്രാപ്പിന്നിയിൽ ഇറങ്ങും. ഒരു 36 കുട്ടികൾ ഉണ്ടായിരുന്നു ആ സമയത്ത്. പാട്ടുപഠിപ്പിച്ച് കിട്ടുന്ന പൈസ ഞാൻ അമ്മയ്ക്ക് കൊടുക്കും. അമ്മയുടെ ബുദ്ധിമുട്ടുകൾ മാറ്റാൻ വേണ്ടി അങ്ങനെയെല്ലാം ഞാൻ ചെയ്തിട്ടുണ്ട്. അതൊക്കെ ഭയങ്കര അഭിമാനമുളള കാര്യമല്ലേ. എന്നിട്ടാണ് നമ്മളൊക്കെ ഇവിടെ വന്ന് നിൽക്കുന്നത്. നമ്മൾ ഒരു സ്ഥാനത്തേക്ക് എത്തുമ്പോൾ അതിലേക്കുളള ദൂരം ഒരുപാട് ഉണ്ടായിരുന്നുവെന്നുളള സാമൂഹികമായ സത്യം സമൂഹം അറിയണം. അത് ഒരു സന്ദേശമാണ്. സാമൂഹികവും സാമ്പത്തികവും തമ്മിൽ നല്ല അന്തരമുണ്ട്.
പഠനകാലത്ത് സാമൂഹിക പ്രശ്നങ്ങളെല്ലാം എന്റെ തലയിലായിരുന്നു എന്ന ചിന്തിച്ച ഒരു കാലമുണ്ടല്ലോ. ആ ഒരു കാലമാണോ പാട്ടിലൂടെ ഒരു പോരാട്ടത്തിലേക്ക് വരാനുളള കാരണമായത്?
അത്തരം വിഷയങ്ങളിൽ കുഞ്ഞുകാലത്ത് തന്നെ ഫോക്കസ് ഉണ്ടായിരുന്നല്ലോ. സംഗീതം പഠിച്ചപ്പോഴും പഠിച്ചിറങ്ങിയപ്പോഴും അതൊക്കെ ഉളളിലുണ്ട്. പാട്ടിലാണെങ്കിലും അങ്ങനെ വരുന്നത് അതുകൊണ്ടാണ്.
ശ്രീനാരായണഗുരു, പൊയ്കയിൽ അപ്പച്ചൻ എന്നിവരുടെ കൃതികൾ അതിനായി തിരഞ്ഞെടുത്തു
സമൂഹത്തിന് വെളിച്ചം ഉണ്ടാക്കുക എന്നുളളതാണ്. എല്ലാവരേയും ഓരോ കളളികളിലേക്ക് നിർത്തിയിരിക്കുകയാണ്. പൊതുസമൂഹം എന്നുളളത് അതിന്റെ ഒരു കൂടിച്ചേരൽ എല്ലാം ഇല്ലാതെ വരുന്നുണ്ട്. എല്ലാവരേയും ഒന്നിപ്പിക്കുന്ന ഇടങ്ങൾ സൃഷ്ടിക്കുക എന്നുളളതാണ് അത്തരം സംഗീതം തിരഞ്ഞെടുക്കുന്നതിനുളള കാരണം. കാരണം നമ്മുടെ സമൂഹത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകാൻ ഇങ്ങനെയുളള സാംസ്കാരിക ഇടപെടലുകൾ അത്യാവശ്യമാണ്. മനുഷ്യന്മാരായിട്ട് സമാധാനത്തിൽ ജീവിക്കണമെങ്കിൽ മൂല്യബോധ നിർമിതികൾ സമൂഹത്തിൽ ഉണ്ടാകണം. അതിനുവേണ്ടി കഷ്ടപ്പെട്ട മുൻതലമുറയിലുളള ഒരുപാട് ആളുകൾ ഉണ്ട്. ഗുരുവാണെങ്കിലും പൊയ്കയിൽ അപ്പച്ചനാണെങ്കിലും അവരുടെ കൃതികളിൽ അത് നിറയെ ഉണ്ട്. ഇന്നത്തെ കാലത്ത് നമുക്ക് അഡ്രസ് ചെയ്യാൻ അവരുടെ വരികൾ എടുക്കേണ്ടി വരുന്നു.
ഇപ്പോഴും ജാതീയമായ ഒരു വേർതിരിവ് നിലനിൽക്കുന്നുണ്ട് എന്ന് കരുതുന്നുണ്ടോ?
വെളളത്തിലെ ഉപ്പുപോലെ ഉണ്ട്. എല്ലായിടത്തും ഉണ്ട്.
കലയിലോ?
ഒരു സമൂഹത്തിന്റെ പ്രതിഫലനമാണ് കല. അതുകൊണ്ട് തീർച്ചയായിട്ടും അതുണ്ടാകുമല്ലോ. ആധികാരികകലകളിലും പ്രശസ്തിയും പണവുമുണ്ടാകുന്ന ഏത് കലകളിലും അതുണ്ടാകും. നാടൻപാട്ട് പാവപ്പെട്ട ആളുകൾക്ക് ഉളളതല്ലേ എന്നുളള കാഴ്ചപ്പാടാണ്. അടിത്തട്ടിലെ ജനങ്ങൾ അതിനെയെല്ലാം കമേഴ്ഷ്യലൈസ് ചെയ്യാൻ പഠിക്കണം.
സിനിമകളിൽ എല്ലായ്പ്പോഴും ഫോക് ടച്ചുളള പാട്ടുകളാണ് കൂടുതലും പാടാനായി വിളിക്കുന്നത്?
അത് അവരോട് ചോദിക്കണം. എന്തുകൊണ്ടാണ് നിങ്ങൾ മെലഡിയൊന്നും പാടാൻ എന്നെ വിളിക്കാത്തത് സംഗീതസംവിധായകരേ? അത് ഞാൻ ചോദിക്കണോ നിങ്ങൾ ചോദിക്കുമോ.. അത് ആരുവേണമെങ്കിലും ചോദിക്കാം. പക്ഷേ അത് അവരോട് ചോദിക്കേണ്ട ചോദ്യമാണ്. അവർ എനിക്ക് തന്നാൽ ഞാൻ പാടും. ആരും തന്നില്ലെങ്കിലും എനിക്ക് വേണ്ട പാട്ടുകൾ ഞാൻ ഉണ്ടാക്കി പാടും എന്നുപറയാൻ കഴിയുന്ന ആത്മവിശ്വാസത്തിലെത്തുക എന്നുപറയുന്നത് അഭിമാനിക്കാൻ കഴിയുന്ന ഒരു കാര്യമല്ലേ. വലിയ പ്രിവിലെജിൽ വളർന്ന ആളുകൾ പോലും അങ്ങനെ പറഞ്ഞു എന്നുവരില്ല. അഹങ്കാരം ആണെന്ന് വിചാരിച്ചോളൂ എനിക്ക് ഒരു കുഴപ്പവുമില്ല.
ചെമ്പാവ് പുന്നെല്ലിൻ എന്ന പാട്ട് ഏറ്റുപാടാത്ത മലയാളികൾ കുറവാണ്. പക്ഷേ എന്തുകൊണ്ട് അതുപാടിയ പുഷ്പാവതിയെന്ന പേരോ പാടിയ ആളുടെ മുഖമോ ആസ്വാദകരുടെ മനസ്സിൽ പതിഞ്ഞില്ല?
ചെയ്ത ആൾക്കാർ ഇത് കേൾക്കട്ടേ. അത് അവർക്കുളള ചോദ്യമാണ്. ഞാൻ അതിന് മറുപടിപറയുന്നില്ല.
അതേസമയം ചേച്ചിയുടെ ആസാദി എന്ന പാട്ടുകൊണ്ട് പുഷ്പവതി ആരാണെന്ന് നമുക്കെല്ലാം മനസ്സിലായി.
അതാണ്. നമ്മൾ ആരാണെന്ന് നമുക്ക് തന്നെ അടയാളപ്പെടുത്താൻ പറ്റി. അതാണ് വിജയം.
കടന്നുവന്ന ഈ അനുഭവങ്ങളാണോ പാട്ട് ഒരു പോരാട്ടവഴിയായി തിരഞ്ഞെടുക്കാനുളള കാരണം?
നമ്മൾ പോകുന്ന വഴിയിൽ ഒരു തടസ്സം വരുമ്പോൾ എന്താണ് ഈ തടസ്സം? അപ്പുറത്തേക്ക് കടക്കാൻ എന്താണ് വഴിയെന്ന് നമ്മൾ ആലോചിക്കും. അപ്പുറത്തേക്ക് കടക്കുമ്പോൾ വേറെ തടസ്സം ഉണ്ടാകും. തടസ്സങ്ങളെ അഭിസംബോധന ചെയ്യുക അതിനെ മറികടക്കുക. അതിനെ പോരാട്ടം എന്നാണ് വിളിക്കുന്നത് എങ്കിൽ അത് ഒരു പോരാട്ടമാണ്.
നമ്മൾ പല ജോണറിലുളള പാട്ടുകൾ പാടുന്നുണ്ട്. നിങ്ങൾ ഏത് തരത്തിലുളള ജോണറുകൾ പാട്ടുചോദിച്ചോളാം. ഞാൻ പാടാം. എനിക്ക് അതിനുളള കഴിവുണ്ട്. പക്ഷേ അവസാനം ലേബൽ ചെയ്യപ്പെടുക പോരാട്ട ഗായിക, അല്ലെങ്കിൽ നാടൻപാട്ട് ഗായിക ഇങ്ങനെയെല്ലാമാണ്. അതും എനിക്ക് നെഗറ്റീവായിട്ടാണ് വരിക. എന്റെ ജീവിതത്തിൽ പോരാട്ടം ഉണ്ടായിട്ടുണ്ട്. അതുശരിയാണ്. ഒട്ടും പ്രിവിലെജ്ഡ് അല്ലാത്ത സമൂഹത്തിലാണ് ഞാൻ വളർന്നത്. അപ്പോൾ പോരാട്ടം മുന്നോട്ടുവരാൻ വേണ്ടി ഒരുപാട് തടസ്സങ്ങൾ ഉണ്ട്, നമ്മൾ അതിനെ മറികടക്കും. അതിനെ മറികടന്ന് മുന്നോട്ടുവന്നുകഴിഞ്ഞാൽ പോരാട്ടം അവിടെ നടന്നിട്ട് എന്നത് ശരിയാണ്. പക്ഷേ നമ്മുടെ ജോണറുകൾ അതുമാത്രമായിട്ട് അടയാളപ്പെടുത്താൻ പാടില്ല.
മസകറ്റിൽ പോയപ്പോൾ ഒരു സ്ത്രീ ചോദിച്ചിട്ടുണ്ട് നാടൻപാട്ട് പാടുന്ന ആളല്ലേ എന്ന്. ജീവിതത്തിൽ നാടൻപാട്ട് പാടി നടന്നിട്ടില്ല. സിനിമയിൽ നാടൻപാട്ടിന്റെ ജോണറിൽ പാട്ടുകൾ പാടിയിട്ടുണ്ട് എത്രയോ പ്രശസ്തരായ പാട്ടുകാർ അത്തരം പാട്ടുകൾ പാടി നടന്നിട്ടുണ്ട്. അവർ ആ ലേബലിൽ ആണോ അറിയപ്പെടുന്നത്. പിന്നെ എന്തുകൊണ്ട് ഞാൻ അതുമാത്രമായി അറിയപ്പെടുന്നു. അത് ശരിയല്ലല്ലോ. കാഴ്ചയിലുണ്ടോ ജാതി സംഗീതത്തിലുണ്ടോ ജാതി?
മാറ്റി നിർത്തപ്പെടലുകളോടുളള കലഹം
മാറ്റിനിർത്തിയാൽ എനിക്ക് ഒരു ചുക്കുമില്ല. ഞാനെന്റെ സംഗീതവുമായി മുന്നോട്ടുപോകും. എനിക്ക് എത്രയോ കാര്യങ്ങൾ ചെയ്യാനുണ്ട്. ഞാൻ അത് കണ്ടെത്തുക എന്നുളളതാണ്. പിന്നെ അവർ എന്നെ അവസരം തന്നില്ലെന്ന് വിലപിക്കേണ്ട കാര്യമെന്താണ്. അതിന്റെ ആവശ്യമില്ല. എന്റെ ശബ്ദം അവർക്ക് അനുയോജ്യമാണെന്ന് തോന്നിക്കഴിഞ്ഞാൽ അവർ വിളിക്കും. അതിൽ സംശയമില്ല. അവരുടെ കൂടെ സാമൂഹ്യബോധത്തിന്റെ, അവരുടെ ചിന്ത ഇതെല്ലാം അതിന്റെ ഘടകമാണ്. അവരുടെ കാഴ്ചപ്പാട് ഇതിൽ പ്രതിഫലിക്കും.
മാധവിക്കുട്ടിയുടെ രചനകളെ എങ്ങനെയാണ് സംഗീതത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിക്കുന്നത്?
നമ്മുടെ സൗഹൃദങ്ങൾ നമുക്ക് ഒരുപാട് ആശയങ്ങൾ കൊണ്ടുതരും. നല്ല സൗഹൃദങ്ങളുടെ ഒരു കൂട്ടായ ആലോചനകളുണ്ട്. അതെന്റെ മാത്രമൊന്നുമല്ല അതിൽ എന്റെ സുഹൃത്തുക്കൾക്ക് കൂടി അവകാശമുണ്ട്. നല്ല സൗഹൃദങ്ങൾക്ക് ഭാഗ്യം ലഭിച്ചിട്ടുളള ഒരാളാണ് ഞാൻ. നല്ല വായനയും എഴുത്തുമുളള ഒരുപാട് സുഹൃത്തുക്കൾ എനിക്കുണ്ട്. അവരെന്നെ തിരഞ്ഞെടുക്കുകയാണ്. കബീറിന്റെ ഗാനങ്ങൾ പുഷ്പപാടിയാൽ നന്നായിരിക്കും. പുഷ്പയുടെ ചിന്താഗതികളും പാട്ടുമായി യോജിക്കുന്നതാണ്. നമ്മുടെ സുഹൃത്തുക്കൾക്കല്ലേ നമ്മളെ കുറിച്ച് അറിയുന്നത്. നമ്മുടെ വീട്ടുകാർക്ക് ആരാണ് എന്നറിയില്ല. പക്ഷേ നമ്മുടെ സുഹൃത്തുക്കൾക്ക് നമ്മുടെ കാഴ്ചപ്പാട് അറിയാം.
നമുക്കറിയാമല്ലോ..ദൈവത്തിന്റെ പേരിലാണ് കലാപങ്ങൾ ഉണ്ടാകുന്നത്. ഇതുപോലുളള കലാപങ്ങളെ അവർ രാഷ്ട്രീയ അജണ്ടയാക്കി മാറ്റുന്നുണ്ട്. ഒരുവിഭാഗം രാഷ്ട്രീയപാർട്ടികൾ അതിനെ വോട്ടാക്കി മാറ്റുന്നു. അങ്ങനെയൊക്കെയുളള ഒരു സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പാട്ടുകൾ ഉണ്ടാകുക. ഇത് നമ്മുടെ ചിന്തയുടെ ഭാഗമാണ്.
കല എന്നുപറഞ്ഞാൽ സമൂഹത്തിന്റെ പ്രതിഫലനമാണ് എന്ന് നേരത്തേ പറഞ്ഞല്ലോ. സമൂഹത്തെ ഉദ്ബോധിപ്പിക്കുന്നതിനായി സംഗീതത്തെ എങ്ങനെ വിനിയോഗിക്കാനാണ് പുഷ്പവതി എന്ന വ്യക്തി ആഗ്രഹിക്കുന്നത്?
2003-ലാണ് കബീർ മ്യൂസിക് ഓഫ് ഹാർമണി ചെയ്യുന്നത്. ഒമ്പതുപാട്ടുകൾ ഉണ്ടായിരുന്നു അതിൽ. കബീർ എല്ലാം ഞാൻ ആലോചിക്കാറുണ്ട്. കേരളത്തിൽ നാരായണ ഗുരുവിനെ പോലെ ഉത്തരേന്ത്യയിൽ കബീർ ഉണ്ടായിരുന്നു. പക്ഷേ 13-14 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്നത് കൊണ്ടാണോ എന്തുകൊണ്ടാണ് അവിടെ ഇപ്പോവും അവിടെ ജാതിയും മതവുമെല്ലാം ശ്വാസം മുട്ടിക്കുന്ന രീതിയിൽ ഓരോരുത്തരും അവരുടെ അനുഭവങ്ങൾ പറയുന്നത് കേട്ടാൽ വിഷമം വരും. അതുവെച്ചുനോക്കുമ്പോൾ കേരള സമൂഹം കുറച്ചുകൂടെ മെച്ചപ്പെട്ടതാണ്. അതിന്റെ അടിസ്ഥാനം അറിയാമല്ലോ നാരായണ ഗുരുവും അയ്യങ്കാളിയും പൊയ്കയിൽ അപ്പച്ചനും പോലുളള ആളുകൾ ഉഴുതുമറിച്ച മണ്ണാണ് അത്. അവിടെ ആ സാമൂഹിക വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന പ്രസ്ഥാനങ്ങൾ ഉണ്ടാകുന്നു. അത് ഒരു കാവലാണ്. ആ കാവൽ നമ്മൾ നഷ്ടപ്പെടുത്താൻ പാടില്ല. ആ നവോത്ഥാനമൂല്യങ്ങളെ മുന്നോട്ടുകൊണ്ടുപോകണം. ചുറ്റും അതല്ലാത്ത വിഷസർപ്പങ്ങൾ നിൽക്കുന്നുണ്ട്. എന്റെ ഭാഗത്ത് നിന്ന് കൊച്ചുകൊച്ചുകാര്യങ്ങൾ ചെയ്യും. പക്ഷേ അതുമാത്രമല്ല എന്റെ സംഗീതം അതിൽ ഒതുക്കാൻ പാടില്ല. കാരണം എനിക്ക് ഇഷ്ടമുളള സംഗീതത്തിന് ഒരുപാട് വഴികളുണ്ട്.
ഉഴപ്പി നടന്നിരുന്ന ഒരു വിദ്യാർഥിനി ഒന്നാം റാങ്കോടെയാണ് സംഗീത ബിരുദം നേടിയത്.
പ്രാക്ടിക്കൽ മ്യൂസിക്കുണ്ടല്ലോ. അതിൽ ഏറ്റവും ടോപ്പായിരുന്നു. ആ വർഷത്തെ. റാങ്ക് എന്ന് പറയാൻ പറ്റുമോ എന്നറിയില്ല. സ്റ്റേറ്റ് ഫസ്റ്റായിരുന്നു എന്ന് ഞാൻ പറയും. എനിക്ക് ആദ്യമായി ഒരു അംഗീകാരം കിട്ടുന്നത് സംഗീത നാടക അക്കാദമിയുടെ ആണ്. പുതുക്കോട് കൃഷ്ണമൂർത്തിയുടെ പേരിലുളള അവാർഡ്. ഏറ്റവും മികച്ച വിജയം നേടിയ വിദ്യാർഥിക്കുളള 2002ലെ പുരസ്കാരം.
സിനിമയിലേക്കുളള വഴിതുറക്കുന്നത് എങ്ങനെയാണ്?
ജീവിക്കണ്ടേ കുട്ടീ. ജീവിക്കാൻ വേണ്ടീട്ട്.. സത്യം പറഞ്ഞാൽ കോറസ്, ട്രാക്ക് ഇതൊന്നും പാടാൻ വലിയ താല്പര്യം ഉണ്ടായിട്ട് പോയതല്ല. നമുക്ക് ജീവിക്കാൻ വേണ്ടി. ജീവിതം നമ്മുടെ മുന്നിൽ ചോദ്യചിഹ്നമായിട്ട് നിൽക്കുകയാണ്. നമ്മുടെ മുന്നിൽ ഒരു പ്രശ്നം വന്നാൽ അതിനെ അഭിസംബോധന ചെയ്യണം. അതിനെ എങ്ങനെ മറികടക്കാം. അതിനുളള ഒരു സ്റ്റെപ്പായിരുന്നു അത്. അങ്ങനെ സിനിമാസംഗീതത്തിലെത്തി.
ബസ് യാത്രക്കിടയിലാണ് പിന്നണി ഗായിക ആയ കാര്യം അറിയുന്നത് എന്ന് കേട്ടിട്ടുണ്ട്.
അതേ തൃശ്ശൂർക്കുളള ഒരു ബസ് യാത്രക്കിടയിലാണ് ഞാൻ ട്രാക്ക് പാടിയ പാട്ട് കേൾക്കുന്നത്. ഏയ് ഇത് ഞാൻ പാടിയ പാട്ടല്ലേ!!അപ്പോഴാണ് മനസ്സിലായത് സിനിമയിൽ എന്റെ പാട്ട് എടുത്തിട്ടുണ്ട് എന്ന്.
മോഹൻ സിത്താരയ്ക്കൊപ്പമാണ് കൂടുതൽ പാട്ടുകളും ചെയ്തിട്ടുളളത് അല്ലേ?
അന്ന് അദ്ദേഹമായിരുന്നു ഇവിടെയുളള വലിയ സംഗീതജ്ഞൻ. പിന്നെ ഇതെല്ലാം മതിയാക്കി ഖത്തറിൽ ഞാൻ അധ്യാപികയായിട്ട് പോയിരുന്നു. കർണാടക സംഗീതം പഠിപ്പിക്കുന്ന അധ്യാപിക.
കാത്ത്കാത്തൊരുമഴയത്ത് ഭാവന ആദ്യമായി പാടി അഭിനയിച്ച ഒരു ഗാനമാണ്. അവരായി സൗഹൃദമുണ്ടോ?
സൗഹൃദമില്ല. ഒന്നുരണ്ട് പരിപാടികൾക്ക് കണ്ടിട്ടുണ്ട്. വ്യക്തിബന്ധങ്ങൾ ഇല്ല. സിനിമാസംഗീതലോകത്തോ അഭിനയരംഗത്തോ ഉളളവരായിട്ടുളള ബന്ധങ്ങൾ എനിക്ക് കുറവായിരുന്നു.
അവരുടെ ജീവിതത്തിൽ അവർ പോരാട്ടത്തിലാണ്.
അതിനൊക്കെ ഞാൻ വലിയ പിന്തുണ കൊടുക്കുന്നുണ്ട്. അത്തരത്തിലുളള പോസ്റ്റുകൾ വരുമ്പോൾ പിന്തുണ നൽകാറുണ്ട്. നമ്മൾ ഒരു സ്ത്രീയാണല്ലോ. ഏതുസ്ത്രീകൾക്കും ഇത്തരത്തിലുളള പ്രശ്നങ്ങൾ വരാം. സ്ത്രീകൾ കരുത്തോടെ നേരിടണം. അതിനുവേണ്ട എല്ലാ സപ്പോർട്ടും കൊടുക്കും നമ്മൾ.
നമ്മൾ ഒരു പുതുമുഖങ്ങളുടെ സിനിമയായിരുന്നല്ലോ? ജിഷ്ണു, ഭാവന, സിദ്ധാർഥ്, രേണുക..ഗായിക ജ്യോത്സനയുടെ ആദ്യ ഗാനം..പക്ഷേ ഇവർക്കെല്ലാം കിട്ടിയ ഒരു സ്വീകാര്യത പുഷ്പവതിക്ക് ലഭിക്കാതെ പോയി. കാത്തുകാത്തൊരു മഴയത്ത് ശ്രദ്ധിക്കപ്പെട്ട ഗാനംകൂടിയാണല്ലോ?
സൊസൈറ്റിയിൽ നിലനിൽക്കുന്നതിന്റെ പ്രതിഫലനങ്ങളാണ് അതൊക്കെ. ഞാൻ ആ സമയത്ത് ട്രാക്ക് പാടാനും കോറസ് പാടാനും ഉണ്ടായിരുന്നു. 2005-ന് ശേഷം ആരുടേയും ട്രാക്ക് പാടാൻ പോയിട്ടില്ല. കോറസും പാടാൻ പോയിട്ടില്ല. ആരേയും ആശ്രയിക്കാതെ നമ്മുടെ സംഗീതം കൊണ്ട് ജീവിക്കാൻ തുടങ്ങിയപ്പോൾ പോയിട്ടില്ല.
എങ്ങനെയാണ് ബിജിപാൽ സാറുമായുളള പരിചയം?
ബിജി എന്നെ വിളിക്കുകയാണ് ഉണ്ടായിട്ടുളളത്. എവിടെ നിന്നോ നമ്പർ വാങ്ങി വിളിച്ചു. ഒരു സിനിമ ചെയ്യുന്നുണ്ട്. വന്നുപാടുമോ എന്ന് ചോദിച്ചു. പോയി പാടി. പാടുമ്പോൾ ഞാൻ വിചാരിച്ചിട്ടില്ല അത് ഹിറ്റാകുമെന്ന്. പക്ഷേ ആ പാട്ട് ബമ്പർ ഹിറ്റായി. അതൊരു ടേണിങ് പോയിന്റ് ആയിരുന്നു.
പക്ഷേ ആ ഗാനം വേദികളിൽ പാടാൻ കഴിഞ്ഞില്ല എന്നുതോന്നിയിട്ടുണ്ടോ?
തോന്നിയിട്ടുണ്ട്. അതൊക്കെ അവരുടെ തീരുമാനങ്ങളല്ലേ. വേദികളിൽ വരുമ്പോൾ പുഷ്പ പാടണം എന്ന് തീരുമാനിക്കേണ്ടത് അവരല്ലേ.
നമ്മുടെ തൃശ്ശൂരിന്റെ ഒരു പാട്ട് പാടിയിട്ടുണ്ടല്ലേ?
തൃശ്ശൂർ മുഴുവൻ റൗണ്ടണ്... അങ്ങനെയുളള കോമഡി പാട്ടുകളാണ് നമുക്ക് കിട്ടുന്നത്. കുഴപ്പമില്ല ഏതുപാട്ടുകളും ഞാൻ പാടും. ഞാൻ പാട്ടുപാടിയാണ് ജീവിക്കുന്നത്. പാടിക്കഴിഞ്ഞാൽ മാന്യമായ പ്രതിഫലം കിട്ടും. കിട്ടിയില്ലെങ്കിൽ ചോദിച്ചു വാങ്ങിക്കും. ജീവിക്കാൻ വേണ്ടി പാടുന്നു. അതുകഴിഞ്ഞാൽ കഴിഞ്ഞു. നല്ല മെലഡി എന്താണ് കിട്ടാത്തത് എന്ന് തോന്നിയിട്ടുണ്ട്. വരുമായിരിക്കും. വന്നാൽ പാടും.
പഠിപ്പിക്കാനാവില്ല മോളേ എന്ന് പറഞ്ഞിട്ടുണ്ടല്ലോ ഒരിക്കൽ അമ്മ. അവിടെ നിന്നുളള പുഷ്പവതിയുടെ വളർച്ചയെ അമ്മ എങ്ങനെയാണ് സ്വീകരിച്ചത്?
അമ്മയുടെ ജീവിതത്തിൽ അമ്മ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. മിശ്രവിവാഹം കഴിച്ചതിന്റെ ഭാഗമായിട്ട് അമ്മയ്ക്ക് കുടുംബം തന്നെ ഉണ്ടായിരുന്നില്ല. അമ്മയുടെ ഫാമിലി അമ്മയെ കൂടെ കൂട്ടിയിട്ടില്ല. ഒറ്റപ്പെട്ട ജീവിതമായിരുന്നു. ഭാരം മുഴുവൻ അമ്മയുടെ തലയിൽ ആയിരുന്നു, ഞങ്ങൾ അഞ്ചുമക്കളെ വളർത്തുന്നതിന്റെയെല്ലാം. അമ്മ റിലാക്സ് ചെയ്തിട്ടുളളത് എന്റെ പഠനം കഴിഞ്ഞ് നാട്ടിൽ വന്നിട്ടുളളപ്പോഴാണ്. ഞാൻ പഠിച്ചുകൊണ്ടിരിക്കേ അമ്മയെ നന്നായി സപ്പോർട്ട് ചെയ്തിട്ടുണ്ട്. പഠനം കഴിഞ്ഞ് നാട്ടിൽ വന്നതിന് ശേഷം മതി കഷ്ടപ്പെട്ടത് ഇനി ഞാനുണ്ട്. എന്നുപറഞ്ഞ് അമ്മയെ പിന്നെ പറഞ്ഞയച്ചിട്ടില്ല. നമ്മുടെ വീട്ടിൽ പശുക്കൾ ഉണ്ടായിരുന്നു. അമ്മ അതിനെ പുല്ലുമേച്ച് നടക്കും. അമ്മയുടെ വാർധക്യം വളരെ ശാന്തവും സ്വസ്ഥവുമായിരുന്നു. അമ്മയ്ക്ക് പ്രത്യേകിച്ച് വേറെ ആഗ്രഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഏറ്റവും നന്നായിട്ടാണ് അമ്മ പിന്നീട് ജീവിച്ചിട്ടുളളത്. അമ്മയ്ക്ക് കാൻസർ ഉണ്ടായിരുന്നു. ആ ചികിത്സ നടക്കുന്ന സമയത്ത് അമ്മയുടെ അടുത്ത് ഞാൻ എന്റെ പാട്ടുമായി ഉണ്ടായിരുന്നു. വിനായക് തോർവെയുടെയും അജോയ് ചക്രവർത്തിയുടെ പാട്ടുകൾ പാടിക്കൊടുക്കും. നല്ല കഥകൾ വായിച്ചുകൊടുക്കും. നല്ല നല്ല മെസേജസ് വായിച്ചുകൊടുക്കും.
അമ്മയെ കുറിച്ചുളള മനോഹരമായ ഓർമ എന്താണ്?
അമ്മ കാലുനീട്ടി ഉമ്മറത്തിരുന്നിട്ട് ഒന്നുരണ്ട് പറഞ്ഞ് വളരെ റിലാക്സ് ആയി മുറുക്കി ഇരിക്കുന്നത്. അമ്മയുടെ ചിരി. അമ്മയ്ക്ക് എന്നോടുളള കരുതൽ ഭയങ്കരമാണ് ഞാൻ വരുന്നു എന്നുപറഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുളള മുരിങ്ങയില കൊണ്ടുവരും കൂർക്കയുടെ സീസണാണെങ്കിൽ കൂർക്ക അതിങ്ങനെ ചെരണ്ടിക്കൊണ്ട് ഇരിക്കുന്നുണ്ടാകും. പാവം. ഇതൊക്കെ തയ്യാറാക്കി വെക്കും.
അമ്മയോട് പറയാൻ കഴിയാതെ പോയ എന്തെങ്കിലുമുണ്ടോ?
ഇല്ല.. അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു. എല്ലാം പറഞ്ഞ് കഴിഞ്ഞിരുന്നു. അമ്മ മരിക്കണ നേരത്ത് ഞാൻ പറഞ്ഞത് എന്തെങ്കിലും തെറ്റ് എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണം എന്നാണ്. എന്റെ അമ്മ മരിക്കണ സമയത്ത് ഞാൻ കരഞ്ഞിട്ടില്ല. വളരെ സംതൃപ്തമായ ജീവിതായിരുന്നു അമ്മയുടേത്. നേരെമറിച്ച് എന്റെ ഭർത്താവിന്റെ അമ്മ മരിച്ച സമയത്ത് ഞാൻ കരഞ്ഞിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അമ്മ മരിച്ചുപോയത്. 85 വയസ്സുണ്ടായിരുന്നു അമ്മയ്ക്ക്. കാൻസർ വരുമ്പോൾ 63 വയസ്സാണ്. അമ്മയെ 85 വരെ എത്തിച്ചു. ഞങ്ങൾ അഞ്ചുമക്കളും ചുറ്റുമുണ്ടായിരുന്നു. എന്റെ കുഞ്ഞോപ്പയുടെ ഭാര്യ നന്നായി നോക്കിയിട്ടുണ്ട്. പരമാവധി സന്തോഷം കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
പാട്ടുപഠിക്കാൻ കൊണ്ടുചെന്നാക്കിയ ചേട്ടൻ സംഗീതനാടക അക്കാദമി ഉപാധ്യക്ഷയായ വാർത്തയോട് എങ്ങനെയാണ് പ്രതികരിച്ചത്?
ചേട്ടന് തീർച്ചയായിട്ടും അഭിമാനം ഉണ്ടാകുമല്ലോ? അവർക്കൊന്നും സന്തോഷം പ്രകടിപ്പിക്കാൻ അറിയില്ല. ഞാൻ ചോദിച്ചു, ചേട്ടാ വരുന്നില്ലേ അക്കാദമിയിലേക്ക് ഞാനിന്ന് അവിടെ പോവുകയാണ്. എനിക്ക് വേറെ പരിപാടിയുണ്ട്, സംഗീതനാടക അക്കാദമിയിൽ ഒരു പുഷ്പാവതി ചുമതലയേൽക്കുന്നുണ്ട്. എനിക്കതുപോയി കാണണം എന്നായിരുന്നു ചേട്ടന്റെ മറുപടി. ഓ എന്നാശരി ഞാനും ആ വഴിക്കാ എന്നുപറഞ്ഞ് ചേട്ടനെ ഞാൻ കാറിൽ കയറ്റിക്കൊണ്ടുപോയി.
വീട്ടിൽ എല്ലാവരും പാട്ടുകാരാണോ?
എല്ലാവരും പാട്ടുകാരാണ്. അച്ഛന്റെ പാടാനുളള കഴിവ് എല്ലാവർക്കും കിട്ടിയിട്ടുണ്ട്. ഞാനത് ശാസ്ത്രീയമായി പഠിച്ചുവെന്നേയുളളൂ.
സംഗീതവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലാണോ?
എന്റെ ഇത്തരത്തിലുളള അന്വേഷണങ്ങളെല്ലാം തന്നെയല്ലേ ഗവേഷണം എന്നുപറയുന്നത്. നാരായണഗുരുവിന്റെ ദൈവദശകം, ആത്മോപദേശശതകം, കുണ്ഡലിനിപ്പാട്ട്, സദാചാരം..അദ്ദേഹം തമിഴിലെഴുതിയിട്ടുളള ജ്ഞാനോദയമേ എന്നത് ഇതൊക്കെ ഞാൻ കംപോസ് ചെയ്തിട്ടുണ്ട്. ഗുരുവിന്റെ കൃതികളിൽ കൂടി ഇങ്ങനെ പോവുകയാണ്. ഇതെല്ലാം ഒരു അന്വേഷണമല്ലേ?
ഗവേഷണത്തിൽ കാര്യമില്ല. അതിന്റെ ഉളളിൽ ചില കാര്യങ്ങൾ ഉണ്ട്. അത് അറിയാൻ പറ്റണം. അത് അറിയാൻ വേണ്ടി ശ്രമിക്കുകയാണ് ഞാൻ. അദ്ദേഹത്തിന്റെ ആത്മീയ വഴിയെന്നുപറഞ്ഞാൽ അത്രയേറെ ഒൗന്നിത്യമുളളതാണ്. അദ്ദേഹത്തെ പോലെ ഒരു മനുഷ്യൻ ഉണ്ടാകില്ലെന്നാണ് എനിക്ക് തോന്നിയിട്ടുളളത്. ആത്മോപദേശ ശതകം വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട് ഞാൻ. അതിലെ കൃതികൾ കംപോസ് ചെയ്തിട്ടുമുണ്ട്. അതിൽ പറയുന്ന കാര്യങ്ങൾ ഉൾക്കൊളളാൻ സാധിക്കണം. അതിലാണ് ഗവേഷണം എന്നുളളത് വിജയിക്കുന്നത്.
പുതിയ എന്തെങ്കിലും കംപോസിഷൻ ചെയ്യുന്നുണ്ടോ?
ഗുരുവിന്റെ തന്നെയാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. പൊയ്കയിൽ അപ്പച്ചന്റെയും ചെയ്യുന്നുണ്ട്. അത് ഓർക്കസ്ട്രേഷൻ എല്ലാം ചെയ്ത് നല്ലരീതിയിൽ ആളുകളിലേക്ക് എത്തിക്കണമെന്ന് ഉണ്ട്.
സംഗീതത്തെ സിനിമാ സംഗീതം മാത്രമായി ചുരുക്കുന്നതായിട്ട് തോന്നിയിട്ടുണ്ടോ?
അതിനാണ് അംഗീകാരം കിട്ടുന്നത്. പണം സമ്പാദിക്കാനാവുന്നതും പ്രിവിലെജ് കിട്ടുന്നതും അതിനായതുകൊണ്ടായിരിക്കണം. സംഗീതം എന്നുപറഞ്ഞാൽ പിന്നണി ഗാനരംഗത്ത് ആണെങ്കിൽ കിട്ടുന്ന അംഗീകാരം മറ്റൊന്നിന് ലഭിക്കണമെന്നില്ല. യഥാർഥത്തിൽ പഠിക്കാൻ അറിയാൻ ബുദ്ധിമുട്ടുളള പലകലകളുമുണ്ടല്ലോ. ശാസ്ത്രീയമായി പഠിക്കുന്നത്. ഒരുപാട് കഷ്ടപ്പെട്ട് പഠിച്ച് ഒരു ജ്ഞാനബോധത്തിലേക്ക് വളരുന്നുണ്ട്. അതിനും മൂല്യം കൊടുക്കണം. അതിന് അംഗീകാരങ്ങളുണ്ടാകണം.
അത്തരം ഒരു മാറ്റമുണ്ടാകുമെന്ന് കരുതുന്നുണ്ടോ?
നമുക്ക് ഒറ്റയടിക്ക് എല്ലാം മാറ്റിമറിക്കാൻ ഒന്നും പറ്റില്ല. ഞാനിപ്പോ എല്ലാം അങ്ങോട്ട് ശരിയാക്കാം എന്നുവിചാരിച്ചാൽ ഒരു കാര്യവുമില്ല. അതിന് സമയമെടുക്കും. എല്ലാതരത്തിലും നമുക്ക് സപ്പോർട്ട് ഉണ്ടാകണം. സാമ്പത്തികം അതിൽ പ്രധാനമായിട്ടുളള കാര്യമാണ്.
സംഗീതത്തിൽ ഇനിയുളള യാത്ര
പുഷ്പവതി നിനക്കിനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ട്. ഇങ്ങനെയൊന്നും ഇരുന്നാൽ പോര. കുറേകാര്യങ്ങൾ ചെയ്യാനുണ്ട്.അതുനമ്മൾ കണ്ടെത്തണം. നമുക്ക് ഒരു യാത്രയുണ്ട്. കബീർ, നാരായണഗുരു, പൊയ്കയിൽ അപ്പച്ചൻ, അതിന്റെ ഇടയിൽ ആസാദി, മതിൽപാട്ട്, മാധവിക്കുട്ടിയുടെ രചനകൾ, ഞാൻ പഠിച്ച ക്ലാസിക്കൽ മ്യൂസിക്, ഖവാലികൾ..യാ റസൂലേ എന്നുപറഞ്ഞിട്ടുളള നല്ല ഖവാലികൾ ഉണ്ടാക്കിയിട്ടുണ്ട്. ഖുറാന്റെ മൂന്നിലൊന്ന് സംഗ്രഹമാണ് അത്. അങ്ങനെ ഓരോന്ന് ചെയ്തുകൊണ്ടിരിക്കുന്നു ഇനിയും ചെയ്യണം. ചെയ്യണം എന്നുകരുതി ചെയ്യുന്നതല്ല ഇതൊക്കെ നമ്മുടെ മുന്നിൽ വന്നുചേരുന്നതാണ്. എന്നുകരുതി വരുന്നതെല്ലാം സ്വീകരിക്കാറില്ല. എന്തെങ്കിലും സന്ദേശം വേണം. ഒന്നുകിൽ സംഗീതം കൊണ്ട് എല്ലാവരേയും സന്തോഷിപ്പിക്കാൻ സാധിക്കണം. അതിൽ കുറച്ച് വെളിച്ചങ്ങൾ കൊടുക്കാൻ സാധിക്കണം.
മുന്നോട്ടുളള യാത്രകളിൽ കുറേ തടസ്സങ്ങൾ വന്നിട്ടുണ്ടല്ലോ. അതിനെയെല്ലാം തന്റേതായ രീതിയിൽ മറികടന്ന് വന്നയാളാണ്. ചെറിയ ചെറിയ പ്രശ്നങ്ങളിൽ തളർന്നുപോകുന്ന മനുഷ്യർ നമുക്ക് ചുറ്റും ധാരാളമുണ്ട്. അവരോട് സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് എന്താണ് പറയാനുളളത്?
നിങ്ങളോട് ഞാനെന്റെ അനുഭവങ്ങൾ പറഞ്ഞുവല്ലോ. അതുകേൾക്കുമ്പോൾ അവർക്ക് ഒരു ആത്മവിശ്വാസം വരും. എങ്ങനെയാണ് പുഷ്പവതി ഇങ്ങനെ മാറിയത്. പുഷ്പവതിക്ക് ഇത്രയൊക്കെ മാറാൻ പറ്റി. പുഷ്പാവതി ഗംഭീരസംഭവമായിട്ടല്ല പറയുന്നത്. പക്ഷേ ഇത്രയെങ്കിലും ആകാൻ കഴിഞ്ഞു. എന്റെ ചെറിയ ജീവിതത്തിൽ പാട്ടുകൊണ്ട് ഇങ്ങനെയെങ്കിലും ആകാൻ സാധിച്ചു. സംഗീതവഴിയിൽ കുറേ കാര്യങ്ങൾ ചെയ്യാനായി. തിരിഞ്ഞുനോക്കുമ്പോൾ വലിയ സന്തോഷമുണ്ട്. ഇനിയും കുറേ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അത് കൊതിയാണ്. അത്യാർത്തിയാണ്.
കബീറിന്റെയും നാരായണഗുരുവിന്റെയും രചനകളും, സിനിമാഗാനങ്ങളും ആലപിച്ചുകൊണ്ടുളള സംഗീതസാന്ദ്രമായ അഭിമുഖം. അവസാനിപ്പിക്കുംമുമ്പ് ഔചിത്യമില്ലാത്ത ആവശ്യക്കാരനായി ഗസൽ പാടാമോയെന്ന് ചോദിച്ചു. മടികൂടാതെ അവർ പാടി..
'മുഝ്സേ പെഹ്ലിസി മുഹബത്ത്
മേരെ മെഹബൂബ് ന മാംഗ് ..'
Content Highlights: interview with Pushpavathy Poypadathu Singer, gooseberries conversations on life
Published: 07 Dec 2022, 09:01 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented