ഓഗസ്റ്റ് അഞ്ച്- ടോമിന്‍ ജെ. തച്ചങ്കരി എന്ന മുന്‍ പോലീസ് ഓഫീസറുടെ ജീവിതത്തിലെ മറക്കാനാവാത്ത തിയ്യതി. 2019 ഓഗസ്റ്റ് അഞ്ചിനാണ് ഭാര്യ അനിത ടോമിന്‍ തച്ചങ്കരി മരണപ്പെടുന്നത്. നാല് വര്‍ഷമായി അദ്ദേഹത്തിന്റെ ജീവിതം ഒറ്റയ്ക്കാണ്. വല്ലപ്പോഴും എത്തുന്ന മക്കളോ ബന്ധുക്കളോ വീടിനെ സജീവമാക്കും. നാല് വര്‍ഷത്തിന് ശേഷം ഇതേ ദിവസം തച്ചങ്കരി മറ്റൊരു വിദേശയാത്രക്കായി പോവുന്നു. അമേരിക്കയിലേക്കാണ് യാത്ര.

To advertise here,

ടോമിന്‍ ജെ തച്ചങ്കരി- പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന പോലീസ് മേധാവികളില്‍ ഒരാള്‍. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി ആയി വരുമെന്ന് പലരും കരുതിയവരില്‍ ഒരാള്‍. എന്നാല്‍, ആ സ്ഥാനത്ത് എത്താതെ 2023 ജൂലായ് 31-ന് സര്‍വീസില്‍നിന്ന് വിരമിച്ചു. കേവലം നാല് മിനിറ്റിൽ വിടവാങ്ങല്‍  പ്രസംഗം അവസാനിപ്പിച്ച് , സ്വന്തമായി എഴുതി, സംഗീതം നല്‍കി ആലപിച്ച വിടപറയല്‍ ഗാനവുമായാണ് യാത്രയയപ്പ് യോഗത്തില്‍ നിന്നിറങ്ങിയത്.

'മനസ്സില്‍ ആരോടെങ്കിലും കാലുഷ്യമോ വൈരാഗ്യമോ ഇല്ല.  ഇനി കലാരംഗത്തേക്ക്. പ്രത്യേകിച്ച് അതിയായി മോഹിച്ച സംഗീതലോകത്ത് കൂടുതലായി പ്രവര്‍ത്തിക്കാനാണ്  ഇനിയുള്ള മോഹം.'  മാതൃഭൂമി ഡോട്ട് കോമുമായുള്ള പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. റിട്ടയര്‍മെന്റിന് ശേഷമുള്ള ആദ്യ ദൗത്യം അമേരിക്കയിലേക്കുള്ള യാത്രയാണ്. ഒട്ടേറെ മലയാളികളുടെ ക്ഷണമുണ്ട്. തന്റെ ജീവിതത്തിന് കൂടി ഉപയോഗിക്കാവുന്ന വിധത്തില്‍ ഇനി ഇത്തരം വിദേശയാത്രകളെ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നതെന്നും തച്ചങ്കരി പറയുന്നു. തിരുവനന്തപുരത്തെ പോലീസ് ക്വാര്‍ട്ടേര്‍സ് ഒഴിയുന്നതിനിടയില്‍, ശനിയാഴ്ച രാത്രിയുള്ള അമേരിക്കന്‍ യാത്രയുടെ ഒരുക്കത്തിനിടയിലായിരുന്നു തച്ചങ്കരി മനസ്സ് തുറന്നത്.

കേരളത്തിന്റെ പോലീസ് മേധാവി ആവാനാവാതെ പോയതില്‍ വിഷമമുണ്ടെന്ന് തോന്നുന്നു?

എനിക്കായി പ്രത്യേകിച്ചൊരു വിഷമം ഉണ്ടെന്ന് പറയാനില്ല. പക്ഷേ, എന്നെക്കാള്‍ ജൂനിയറായ  ഓഫീസര്‍മാര്‍ ആ പദവിയില്‍ എത്തുന്നതായി അറിഞ്ഞപ്പോള്‍ സ്വയം വിരമിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, സേനയിലെ തന്നെ പലരും അത് നിരുല്‍സാഹപ്പെടുത്തി. സ്ഥാനം കിട്ടാത്തതിലുള്ള അമര്‍ഷമായി അത് വ്യാഖ്യാനിക്കപ്പെടുമെന്നും അനാവശ്യ വിവാദത്തിന് അത് വഴിവെക്കുമെന്നൊക്കെ ചിലര്‍ ഉപദേശിച്ചു. അതുകൊണ്ട് വലിയ ബാധ്യതകളൊന്നുമില്ലാത്ത,  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന പദവിയില്‍ തുടര്‍ന്നു. റിട്ടയര്‍മെന്റിനുള്ള ഒരുക്കങ്ങള്‍ നടത്താനും പെന്‍ഷന്‍ കടലാസുകള്‍ ശരിയാക്കാനുമൊക്കെ സമയം കണ്ടെത്തി.

1987 ഐ.പി.എസ്. ബാച്ചിലെ ഓഫീസര്‍. 36 വര്‍ഷത്തിന് ശേഷം വിരമിക്കുമ്പോള്‍ എന്തായിരിക്കും പ്രത്യേകമായി മിസ് ചെയ്യുന്നത്?

യാത്ര ചെയ്യുമ്പോള്‍ കാറിന് മുകളില്‍ ലൈറ്റ് ഇല്ല എന്നതാണ് എനിക്ക് തോന്നിയിട്ടുള്ള ഒരേയൊരു കാര്യം (ചിരിക്കുന്നു). വലിയ ആള്‍ത്തിരക്കിലും വിമാനത്താവളത്തിലുമൊക്കെ ഇങ്ങിനെ ലൈറ്റ് ഉള്ള വാഹനത്തില്‍ പോകുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാകും. ഇനി അതില്ലല്ലോ. എന്നാലും തച്ചങ്കരി എന്ന വ്യക്തിയെ നാട്ടുകാര്‍ക്ക് അറിയാമല്ലോ. അതിനാല്‍ ഇനി അതൊരു പ്രശ്നമാവില്ല. മാത്രമല്ല, വിദേശത്തൊക്കെ പോകുമ്പോള്‍ അതൊന്നും പണ്ടും ഉണ്ടാവാറില്ലല്ലോ.

പോലീസ് സേനയില്‍ ഉള്ളപ്പോള്‍ തന്നെ പലപ്പോഴും തച്ചങ്കരിയെ നാട്ടുകാര്‍ കണ്ടത് പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും തലപ്പത്താണ്. എല്ലാ ഭരണത്തിലും അത് സംഭവിച്ചിട്ടുണ്ടെന്ന് നോക്കിയാല്‍ കാണാം. അതെന്താണ് അങ്ങിനെ ?

ഒരു പരിധി വരെ അത് ശരിയാണ്. പക്ഷേ, മറ്റ് പലരില്‍നിന്നും വ്യത്യസ്തമായി അപ്പോഴും എന്റെ ലാവണം പോലീസ് തന്നെയായിരുന്നു. പോലീസിന്റെ ചുമതല എന്നും മുഖ്യമന്ത്രിക്കാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ പലതും ഘടകകക്ഷികളുടെ മന്ത്രിമാരുടെ കീഴിലാവും. ഞാന്‍ എപ്പോഴും പോലീസില്‍ തന്നെയായിരുന്നതിനാല്‍ എനിക്ക് ആ പ്രശ്നം ഉണ്ടായില്ല. നമ്മുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ നല്‍കേണ്ടത് മുഖ്യമന്ത്രിയാവുമല്ലോ. അതിനാല്‍ മറ്റുള്ളവരുമായി അധികം ഇടപെടേണ്ടിയും വന്നില്ല. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, കെ.എസ്.ആര്‍.ടി.സി., കേരള ബുക്സ് ആന്റ് പബ്ലിഷിംഗ് സൊസൈറ്റി, മാര്‍ക്കറ്റ് ഫെഡ്, സിവില്‍ സപ്ലൈസ് തുടങ്ങി പല സ്ഥാപനങ്ങളുടെയും എം.ഡിയായി പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ ഫയര്‍ഫോഴ്സ് മേധാവി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. അപ്പോഴൊക്കെയും എന്റെ ലാവണം പോലീസ് തന്നെയായിരുന്നു.

അത് പ്രത്യേകം ചോദിച്ചുവാങ്ങിയതാണോ?

ഓരോ പോസ്റ്റിങ് വരുമ്പോഴും അതാത് മുഖ്യമന്ത്രിമാരോട് ഞാന്‍ അക്കാര്യം പറയാറുണ്ടായിരുന്നു. ആരും എതിര് പറഞ്ഞിട്ടുമില്ല. കാരണം എന്നില്‍ അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നു എക്കാലത്തും. എനിക്ക് അവരിലും.

കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍ വേഷത്തിലൊക്കെ വന്നിരുന്നു. പല പരിഷ്‌കാരങ്ങളും പരീക്ഷിച്ചു. ഇപ്പോഴും ആ സ്ഥാപനം പക്ഷെ കിതയ്ക്കുകയാണല്ലോ.

ഐ.എ.എസ്- ഐ.പി.എസ് എന്നീ മൂന്നക്ഷരക്കാര്‍ വന്നത് കൊണ്ടുമാത്രം ഈ സ്ഥാപനങ്ങളൊന്നും നന്നാക്കാനാവില്ല. യൂണിയനുകളും തൊഴിലാളികളുമെല്ലാം ആദ്യം അതിനെ  സ്വന്തം സ്ഥാപനമായി  കാണണം. മാനേജ്മെന്റ് വിദഗ്ദരായവര്‍ തലപ്പത്തും വരണം. അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടാവണം. എനിക്ക് എന്തെങ്കിലും ചെയ്യാനായത് അല്‍പ്പം മാനേജ്മെന്റ് വൈദഗ്ധ്യം നേരത്തെ തന്നെ ലഭിച്ചത് കൊണ്ടാണ്.

സാധാരണ ഉന്നത പദവിയില്‍നിന്ന് വിരമിക്കുന്നവര്‍ ആത്മകഥയോ സര്‍വീസ് സ്റ്റോറിയോ ഒക്കെ തയ്യാറാക്കും. അങ്ങിനെ ഒന്നും ഉണ്ടാവില്ലെന്നാണ് താങ്കള്‍ വിരമിക്കല്‍ വേളയില്‍ പറഞ്ഞത്. ആത്മകഥക്ക് പകരം അതിന്റെ കഥാരൂപങ്ങള്‍ സിനിമയാവുമെന്നും കേട്ടു. എന്താണ് ലക്ഷ്യം?

*യാത്രയയപ്പ് ചടങ്ങില്‍ ഞാന്‍ കഷ്ടിച്ച് നാലഞ്ച് മിനിറ്റാണ് സംസാരിച്ചത്. പലരും ഏറെ സമയം പ്രസംഗിക്കും. ആ പ്രസംഗം അതോടെ തീരും. എന്നാല്‍ ഞാനൊരു പാട്ട് ഒരുക്കി. ഏറെ ദിവസങ്ങളെടുത്താണ് അത് സ്വന്തമായി എഴുതി, ചിട്ടപ്പെടുത്തി, പാടിയത്. ആ ഗാനം എന്നും നില്‍ക്കും. ഇതുവരെ എനിക്ക് താങ്ങായി നിന്ന പോലീസ് സേനക്കുള്ള എന്റെ നന്ദിപ്രകടനം കൂടിയാണ് അത്. ഞാന്‍ ഇല്ലാതായാലും ആ ഗാനം അവിടെ ഉണ്ടാവും. 36 വര്‍ഷത്തെ സര്‍വീസ് ജീവിതത്തിനിടയില്‍ അനേകം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലതിനും രഹസ്യസ്വഭാവമുണ്ട്. അത് പുറത്തുപറയാനാവില്ല. പുസ്തകങ്ങളിലൊക്കെ അല്‍പ്പം പറഞ്ഞുപോകാം. എന്നാല്‍, ആ സംഭവങ്ങള്‍ കഥകളാക്കി സിനിമയിലും സീരിയലുകളിലുമെല്ലാം ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ' വ്യത്യസ്തനായൊരു തച്ചങ്കരിയെ സത്യത്തിലാരും  ഇതുവരെ തിരിച്ചറിഞ്ഞില്ല' എന്ന് കൂട്ടിക്കോളൂ. അത് തയ്യാറാക്കുകയാണ് പരിപാടി.

ആത്മകഥകള്‍ എഴുതിയാല്‍ പുസ്തകങ്ങളായി നിലനില്‍ക്കുമല്ലോ?

നിന്നേക്കാം. പക്ഷെ, പല കാര്യങ്ങളും പലരെയും വേദനിപ്പിക്കും. ഒന്നുകില്‍ അവര്‍ പരാതിക്കാരായി വരും. അല്ലെങ്കില്‍ നിയമനടപടികളിലേക്ക് പോകും. അതിനൊന്നും താല്‍പ്പര്യമില്ല. എന്നാല്‍, ഇതെല്ലാം കഥകളാക്കി എഴുതാമല്ലോ. ആര്‍ക്കെങ്കിലും സാമ്യം തോന്നിയാലും അത് കഥയാണ്, കഥാപാത്രമാണ്.. അത് യാദൃശ്ചികം എന്ന് തുടക്കത്തില്‍ തന്നെ എഴുതിക്കാണിച്ചാല്‍ മതിയല്ലോ. പിന്നെ പല രഹസ്യങ്ങളും എന്നോടൊപ്പം മണ്ണടിയട്ടെ.

നല്ല ഓഫീസര്‍ എന്ന പ്രശസ്തിയില്‍ നില്‍ക്കുമ്പോഴാണല്ലോ സി.ഡി. വിവാദവും താങ്കളുടെ റിയാന്‍ സ്റ്റുഡിയോയുമെല്ലാം വാര്‍ത്തകളില്‍ നിറയുന്നത്. ഇത് ഒരു ഐ.പി.എസ്. ഓഫീസറെന്ന നിലയില്‍ താങ്കളെ എത്രത്തോളം ബാധിച്ചു?

എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച സംഭവങ്ങളാണ് അത്. സി.ഡി. അല്ല, വ്യാജ സി.ഡികള്‍ ഉണ്ടാക്കുന്നു എന്ന് പറഞ്ഞാണ് ഋഷിരാജ് സിംഗ് എന്ന ഐ.പി.എസ് ഓഫീസറുടെ നേതൃത്വത്തില്‍ റിയാന്‍ സ്റ്റുഡിയോയില്‍ റെയ്​ഡ് നടക്കുന്നത്. എന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റ് എന്ന് തന്നെ പറയാം. ഭാര്യ അനിതയായിരുന്നു (അവര്‍ 2019-ല്‍ അന്തരിച്ചു) സ്റ്റുഡിയോയുടെ ചുമതല വിഹിച്ചിരുന്നത്. അവിടെ റെയ്​ഡ് നടത്തി ആയിരക്കണക്കിന് സി.ഡികള്‍ കൊണ്ടുപോയി. സി.ഡി. ഉണ്ടാക്കുന്ന പ്ലാന്റിലായിരുന്നു റെയ്​ഡ്. പക്ഷേ, അതിന്റെ അനുബന്ധമായി പ്രവര്‍ത്തിച്ചിരുന്ന സ്റ്റുഡിയോയും അവര്‍ പൂട്ടിച്ചു. വ്യാജ സി.ഡികളെ കുറിച്ച് ഞാന്‍  ബോധവല്‍ക്കരണം നടത്തിവന്ന കാലം കൂടിയായിരുന്നു അതെല്ലാം സംഭവിക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക സി.ഡി. ഷോപ്പുകളും പോലീസ് പൂട്ടിച്ചു. പതിനായിരക്കണക്കിന് സി.ഡികളാണ് തൊണ്ടിമുതലുകളായി കൊണ്ടുപോയത്. അതെല്ലാം നശിച്ചു. കേരളത്തിലെ വലിയൊരു വാണിജ്യ മേഖലയെയാണ് ഋഷിരാജ് സിംഗ് തകര്‍ത്തത്. അഞ്ഞൂറിലേറെ എഫ്.ഐ.ആറുകളാണ് ഇതിന്റെയെല്ലാം പേരില്‍ ഉണ്ടാക്കിയത്. പക്ഷെ, പിന്നീട് ഒന്നില്‍ പോലും കുറ്റപത്രം നല്‍കാന്‍ പോലും അവര്‍ക്കായില്ല. കാരണം ഒരിടത്തും പരാതിക്കാരുണ്ടായിരുന്നില്ല. സി.ഡി. നിര്‍മ്മാതാക്കളായിരുന്നു പരാതി നല്‍കേണ്ടിയിരുന്നത്. അവര്‍ ഇറക്കിയ സി.ഡിയുടെ വ്യാജന്മാരെയാണല്ലോ കണ്ടെത്തേണ്ടത്. അവരാരും അങ്ങിനെ ഞങ്ങളോ കേരളത്തിലെ ഷോപ്പുകാരോ വ്യാജ സി.ഡി. ഉണ്ടാക്കുന്നതായി പരാതി നല്‍കിയിരുന്നില്ല.  അവരുടെ പ്രശ്നം കോപ്പിറൈറ്റ് ആയിരുന്നു. സി.ഡി. നിര്‍മാണവും കോപ്പിറൈറ്റും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല. ഞങ്ങള്‍ യഥാര്‍ഥത്തില്‍ അവര്‍ക്കു വേണ്ടിയായിരുന്നു സി.ഡികള്‍ നിര്‍മിച്ചുകൊണ്ടിരുന്നത്. എന്നാല്‍, ഈ വാദമൊന്നും ആരും കേള്‍ക്കാന്‍ തയ്യാറായതുമില്ല. വലിയ കാര്യമായി മാധ്യമങ്ങളും അതെല്ലാം ആഘോഷിച്ചു.

എന്തുകൊണ്ടാവും ഋഷിരാജ് സിംഗ് അങ്ങിനെയൊരു കാര്യത്തിന് മുന്നിട്ടിറങ്ങിയത്? അദ്ദേഹവുമായി പിന്നീട് ബന്ധപ്പെടാറുണ്ടായിരുന്നില്ലേ?

അദ്ദേഹത്തിന് പബ്ലിസിറ്റി മോഹം ഉണ്ടായിരുന്നു. അത് അദ്ദേഹം ആസ്വദിച്ചു. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷവും ഞങ്ങള്‍ പരിചയക്കാര്‍ തന്നെ. അദ്ദേഹം പല തവണ എന്റെ വീട്ടിലും വന്നിട്ടുണ്ട്. ചില ഓഫീസര്‍മാര്‍ അമിതാവേശത്താല്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ അതിന് വലിയ കൈയടി കിട്ടും. മാധ്യമ ശ്രദ്ധയും പെട്ടെന്ന് ലഭിക്കും. എന്നാല്‍, ഇതുമൂലം വേദനിക്കുന്നവര്‍ക്ക് എന്ത് പറയാനുണ്ടെന്നോ അവരുടെ ഭാഗം എന്തെന്നോ ആ ഓഫീസര്‍മാര്‍ അന്വേഷിക്കുന്നില്ല. അതിന്റെ ദുരന്തമാണ് റിയാന്‍ സ്റ്റുഡിയോയുടെ കഥ.

അപ്പോള്‍ റിയാന്‍ സ്റ്റുഡിയോ തിരിച്ചുവരുമായിരിക്കും ഇനി?

2007-ലാണ് അവിടെ പ്രശ്നങ്ങളുണ്ടായത്. അന്ന് മുതല്‍ 2019 വരെ ഞാന്‍ മിക്കവാറും എല്ലാറ്റില്‍നിന്നും മുക്തമായ മനസ്സോടെ, വളരെ ഡിറ്റാച്ച്ഡ് ആയാണ് ജീവിച്ചിരുന്നത്. 2019-ലാണ് ഭാര്യ മരിക്കുന്നത്. മരിക്കുന്നതിന് മുമ്പ് രണ്ട് പെണ്‍കുട്ടികളുടെയും കല്യാണം കാണണമെന്ന് അവൾക്കു മോഹമുണ്ടായിരുന്നു. അമ്മയുടെ ആ ആഗ്രഹം സാധ്യമാക്കാനായാണ് അവര്‍ രണ്ടു പേരും ഒരേ ദിവസം വിവാഹിതരായത്. അങ്ങിനെയൊരു മോഹം അവള്‍ കാര്യമായി പറഞ്ഞിരുന്നില്ലെങ്കില്‍ മക്കള്‍ വിവാഹം കഴിക്കുമായിരുന്നുവോ എന്ന് ഞാന്‍ ഇപ്പോഴും സംശയിക്കുന്നുണ്ട്. പുതിയ തലമുറയുടെ ചിന്താഗതികളെല്ലാം നമ്മുടെ പല ശീലങ്ങളില്‍നിന്നും ഏറെ അകലെയാണ്.

സ്റ്റുഡിയോയുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ ചില ആലോചനകള്‍ സജീവമാണ്. അന്നത്തെ സ്റ്റുഡിയോയിലെ വലിയ വിലകൂടിയ ഉപകരണങ്ങളെല്ലാം പിന്നീട് ആക്രി വിലക്കാണ് ഒഴിവാക്കിയത്. ടെക്നോളജിയും മാറിയല്ലോ. ഇന്ന് എല്ലാം വെബ്- സോഫ്റ്റ്​വെയര്‍ അടിസ്ഥാനമാക്കിയാണ് . ആ സംഭവത്തോടെ കൂടെ ഉണ്ടായിരുന്ന ടെക്നിക്കല്‍ സ്റ്റാഫും ആര്‍ട്ടിസ്റ്റുകളുമെല്ലാം പോയി. ഇനി അതെല്ലാം പുതുതായി കണ്ടെത്തണം. വെബ് സിരീസുകളും സിനിമകളുമാണ് മനസ്സിലുള്ളത്. നിര്‍മാണം, കഥ, സംവിധാനം എന്നിങ്ങനെ വിവിധ രംഗങ്ങളിലുള്ളവരെ പങ്കാളികളാക്കി കൊണ്ട് അവരുടെ കൂടി സംരംഭം എന്ന രീതിയില്‍ ഇവ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ വിദേശയാത്ര പോലും അതിനുള്ള പ്രചോദനമാണ്. വിദേശത്താണ് സാങ്കേതിക വിദ്യകളുടെ ഖനികള്‍. പുതിയവ കണ്ടെത്തണം, പരിചയപ്പെടണം.

പോലീസ് സേനയില്‍ താങ്കള്‍ക്ക് എതിരെ  അക്കാലത്ത് എന്തെങ്കിലും നീക്കങ്ങള്‍ ഉണ്ടായിരുന്നുവോ?

രഹസ്യമായി നടന്നിരിക്കാം. ഞാന്‍ അതിനൊന്നും ചെവികൊടുത്തിരുന്നില്ല. പോലീസ് ഓഫീസര്‍ എന്നതിനൊപ്പം തന്നെ  ഒരു മ്യുസീഷന്‍ എന്ന നിലയില്‍ മാധ്യമങ്ങളിലും സംഗീതസദസ്സുകളിലും ഞാന്‍ അക്കാലത്ത് നന്നായി അറിയപ്പെട്ടിരുന്നു. പലര്‍ക്കും അതിന്റെ ചൊരുക്ക് ഉണ്ടായിരിക്കാം. പതിനഞ്ച് വീഡിയോ മ്യൂസിക് ആല്‍ബങ്ങളാണ് ഞാന്‍ പുറത്തിറക്കിയത്. പലതും നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ടു. നാല് സിനിമകള്‍ക്കും സംഗീതം നല്‍കി. അസൂയ ഉണ്ടാവാന്‍ ഇതൊക്കെ മതിയാവാം.

താങ്കള്‍ക്ക് പോലീസ് മേധാവി  സ്ഥാനം കിട്ടാതെ പോയതിന് പിന്നിലും ഇത്തരം അസൂയക്കാരുണ്ടോ?

കേരളത്തില്‍നിന്ന് പോയ പട്ടികയില്‍ എന്റെ പേരുണ്ടായിരുന്നു. 2020 സപ്തംബറില്‍ തന്നെ ഞാന്‍ ഡി.ജി.പി. റാങ്കിലുണ്ട്. ഇവിടെനിന്ന് പോയ പട്ടികയില്‍ സംസ്ഥാന സര്‍ക്കാര്‍ എനിക്ക് അനുകൂലമായാണ് നിന്നത്. എന്നാല്‍, ഡല്‍ഹിയില്‍നിന്നാണ് എന്റെ പേര് പരിഗണിക്കേണ്ട ലിസ്റ്റില്‍നിന്ന് വെട്ടിപ്പോയത്.

ഡല്‍ഹിയിലോ കേന്ദ്ര ഭരണകക്ഷിയിലോ താങ്കള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല?

ഞാന്‍ അതിനൊന്നും ശ്രമിച്ചില്ല. അതൊന്നും ശ്രദ്ധിച്ചിരുന്നുമില്ല. മാത്രവുമല്ല, പോലീസ് സേനയിലെ 36 വര്‍ഷവും ഞാന്‍ കേരളത്തില്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്. കേന്ദ്രത്തിലേക്ക് ഡെപ്യൂട്ടേഷനിലൊന്നും പോയിരുന്നില്ല. പിന്നെ ഡല്‍ഹി രാഷ്ട്രീയത്തെ കുറിച്ചൊന്നും എനിക്ക് കാര്യമായ അറിവൊന്നും ഉണ്ടായിരുന്നില്ല. അവിടെ രാഷ്ട്രീയക്കാരായിരുന്നില്ല, കേരളത്തില്‍നിന്നു തന്നെയുള്ള ബ്യൂറോക്രാറ്റുകളായിരിക്കാം എന്റെ പേര് വെട്ടുന്നതിന് കൂട്ടുനിന്നത് എന്നാണ് എന്റെ വിശ്വസം. എന്റെ പേരില്‍ പല കേസുകളുമുണ്ടെന്ന മട്ടില്‍ ചിലര്‍ ഉന്നതങ്ങളെ ധരിപ്പിച്ചു. അതെന്തായാലും ഞാന്‍ ഇപ്പോള്‍ അതിനെ കുറിച്ച് ആലോചിക്കുന്നില്ല. ഒരര്‍ഥത്തില്‍ ആ പദവി കിട്ടാതെ പോയത് നന്നായെന്ന് കരുതാനാണ് എനിക്ക് ഇപ്പോള്‍ ഇഷ്ടം. വിരമിച്ച പല മേധാവികളെ കുറിച്ചും ആള്‍ക്കാര്‍ പറഞ്ഞുചിരിക്കുന്നുണ്ടല്ലോ. എത്ര പേരെ പിന്നീട് ജനം ഓര്‍ക്കുന്നുണ്ട്? അതിലും ഭേദമല്ലേ ഈ മാന്യമായ വിടപറയല്‍?

അപ്പോള്‍ രാഷ്ട്രീയക്കാരെ പറ്റി വലിയ പരാതിയൊന്നുമില്ല?

നല്ല കഴിവുളളവരെ എല്ലാ  രാഷ്ട്രീയക്കാരും എക്കാലത്തും അംഗീകരിച്ചിട്ടുണ്ട്. എന്റെ ഔദ്യോഗിക ജീവിതത്തില്‍ രാഷ്ട്രീയക്കാരുടെതായ ഇടപെടല്‍ കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടായിട്ടില്ല. നമ്മുടെ വളര്‍ച്ചയില്‍ രാഷ്ട്രീയക്കാര്‍ക്ക് അസൂയ ഉണ്ടെന്ന് ഒരിക്കലും തോന്നിയിട്ടുമില്ല. ഞാന്‍ എല്ലാവര്‍ക്കും സ്വീകാര്യനായിരുന്നു. എന്നാല്‍, ബ്യൂറോക്രസിയില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. പല ബുദ്ധിമുട്ടുകളുണ്ടാക്കാനും അവരുടെ നീക്കങ്ങള്‍ കാരണമായിട്ടുണ്ട്.

രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയ ഗുഡ് സര്‍ട്ടിഫിക്കറ്റിന് ഉദാഹരണങ്ങള്‍?

ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ ഞാന്‍ അമേരിക്കയില്‍ പോകാന്‍ അനുമതി ചോദിച്ചു. എന്റെ സംഗീത പരിപാടികളുമായി ബന്ധപ്പെട്ടായിരുന്നു യാത്ര.  അവിടത്തെ സംഘാടകര്‍ ഞാന്‍ പോലീസ് യൂണിഫോമിലുള്ള ഫോട്ടോ വെച്ച് വലിയ പ്രചാരമാണ് പരിപാടിക്കായി കൊടുത്തത്. സീറ്റിന് ഇത്ര ഡോളര്‍ എന്നോ മറ്റോ ആ നോട്ടീസുകളിലുണ്ടായിരുന്നുവത്രെ .ചില സഹപ്രവര്‍ത്തകര്‍ ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. തച്ചങ്കരി പോലീസ്  യൂണിഫോമില്‍ നിന്നുകൊണ്ട് പണം പിരിക്കുന്നു എന്ന് വരെ ഏഷണി പരത്തി. എന്നാല്‍, യാത്ര തിരിക്കേണ്ടതിന് നാലഞ്ച് മണിക്കൂര്‍ മുമ്പാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി വിളിച്ച് അനുമതി നല്‍കിയ കാര്യം അറിയിക്കുന്നത്. 'ഓന്‍ പോയിട്ട് വരട്ടെടോ' എന്നായിരുന്നു നായനാര്‍ പറഞ്ഞതത്രെ. എന്റെ എ.ഡി.ജി.പി. സ്ഥാനത്തേക്കുള്ള പ്രമോഷനും ചിലര്‍ പാരകള്‍ പണിതു. പരാതികള്‍ നല്‍കി. എന്നാല്‍, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അതൊന്നും ചെവിക്കൊണ്ടില്ല. അദ്ദേഹം ഫയലില്‍ ഒപ്പിട്ടു. ഡി.ജി.പി. സ്ഥാനത്തേക്ക് എന്റെ പേര് നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. നായനാര്‍ മുതല്‍ ഞാന്‍ കണ്ട എല്ലാ മുഖ്യമന്ത്രിമാരും എനിക്ക് വലിയ സ്നേഹം നല്‍കിയിട്ടുണ്ട്. അനുമതിയില്ലാതെ ഞാന്‍ വിദേശയാത്രകള്‍ നടത്തി എന്നതും വലിയ വിവാദമായിരുന്നു

പക്ഷെ, പിണറായി വിജയന് താങ്കളോട് പ്രത്യേകമായ സ്നേഹം ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ടോ?

അങ്ങനെയുണ്ടോ എന്നെനിക്കറിയില്ല. മികച്ച ഭരണാധികാരി, രാഷ്ട്രീയ നേതാവ്, സംഘാടകന്‍ എന്ന നിലയിലൊക്കെ പിണറായിയോട് എനിക്ക് വലിയ ആദരവുണ്ട്. ഞങ്ങളെ പോലുള്ളവരുടെ പ്രവര്‍ത്തനത്തെ അദ്ദേഹം ഇഷ്ടപ്പെട്ടിരിക്കാം.

ഒരു കാലത്ത് സി.പി.എമ്മിന്റെ കൈരളി ചാനലുമായി താങ്കള്‍ വലിയ തോതില്‍ ബന്ധപ്പെട്ടതായും വാര്‍ത്തകളിലുണ്ടായിരുന്നു.

കൈരളി മാത്രമല്ല, അക്കാലത്തെ പല ചാനലുകളുടെയും തുടക്കത്തില്‍ സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ പലരും എന്നെ ബന്ധപ്പെട്ടിരുന്നു. വിദേശയാത്രകള്‍ നടത്തുന്നതിനാല്‍ ആ നാടുകളില്‍ ഈ രംഗത്തുണ്ടായ പുതിയ ചലനങ്ങളെ കുറിച്ച് ഞാന്‍ പഠിക്കാറുണ്ട്. ആ പഠനം ഇപ്പോഴും തുടരുന്നു. ആ തരത്തിലുള്ള ബന്ധം മാത്രമായിരുന്നു എനിക്ക് ചാനലുകളുമായി ഉണ്ടായിരുന്നത്. കൈരളിയെ കുറിച്ച് ഇപ്പോള്‍ കൂടുതലായി എന്തെങ്കിലും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

തിരിഞ്ഞുനോക്കുമ്പോള്‍ ആരോടെങ്കിലും കടപ്പാടുണ്ടോ?

സംഗീതവും ഗിറ്റാറുമൊക്കെയായി നടന്ന എന്നോട്  ഇതുകൊണ്ടൊന്നും അധികം മുന്നോട്ടുപോകാന്‍ പറ്റില്ല എന്ന് ഉപദേശിച്ച മൂത്ത സഹോദരനോടാണ് കടപ്പാട്. അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചാണ് ഞാന്‍ ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിങ്ങിന് പോകുന്നത്.

ഔദ്യോഗിക ജീവിതത്തില്‍?

അങ്ങിനെ പ്രത്യേകിച്ചൊരു പേര് പറയാനില്ല. നായനാര്‍, എ.കെ. ആന്റണി മുതല്‍ പിണറായി വരെയുള്ള മുഖ്യമന്ത്രിമാരെല്ലാം വളരെ നന്നായാണ് പെരുമാറിയത്.  വിവാദങ്ങളില്‍ പെട്ട് പ്രയാസപ്പെട്ടപ്പോഴെല്ലാം കൂടെ നിന്ന സംസ്ഥാനത്തെ പോലീസ് സേനയോടാണ് മൊത്തത്തില്‍ എനിക്ക് കടപ്പാടുള്ളത്.  ഒരു ഘട്ടത്തിലും സേന എന്നെ കൈവിട്ടില്ല. അവര്‍ക്കുള്ള നന്ദിയുടെ ഉപഹാരമാണ് ഞാന്‍ ഒടുവില്‍ യാത്രയയപ്പ് വേളയില്‍ ആലപിച്ച ആ ഗാനം പോലും.

വിരമിച്ച ശേഷം പോലീസ് സേനയെ കുറിച്ചെന്ത് തോന്നുന്നു? ഇടക്കിടെ പോലീസ് വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നുേേണ്ടല്ലാ?

പോലീസ് സംവിധാനം എക്കാലത്തും വിമര്‍ശനങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. ജനജീവിതത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയ ഘടകമാണ് പോലീസ്. അതുകൊണ്ടാണല്ലോ പുതിയ കാലത്ത് മുഖ്യമന്ത്രിമാര്‍ തന്നെ ആ വകുപ്പിനെ കൈകാര്യം. ചെയ്യുന്നത്. അത്രമാത്രം പ്രാധാന്യമുണ്ട് പോലീസ് സേനക്ക്.  പിന്നെ 2007 മുതല്‍ 2019 വരെ ഞാന്‍ ദൈനംദിന കാര്യങ്ങളില്‍ പോലും വളരെ ഡിറ്റാച്ച്ഡ് ആയാണ് നിലകൊണ്ടത്. പിന്നീട് കാര്യമായി അക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെയുമായി.  മാറ്റങ്ങളൊന്നും ശ്രദ്ധിച്ചില്ല, എന്നെ സ്പര്‍ശിച്ചതുമില്ല.

സ്വന്തം പോലീസ് ജീവിതത്തെ കുറിച്ച് എന്തുതോന്നുന്നു?

കഴിവ് തെളിയിക്കാന്‍ വലിയ അവസരങ്ങള്‍ കിട്ടി. അത് സമൂഹത്തിനായി വിനിയോഗിച്ചു എന്നാണ് വിശ്വാസം. പ്രായോഗികതയില്‍ ഊന്നിയുള്ള പെരുമാറ്റവും സമീപനവുമേ നടപ്പിലാവുകയുള്ളൂ. കുറെക്കഴിയുമ്പോള്‍ നമ്മളും ആ സിസ്റ്റത്തിന്റെ ഭാഗമായി അറിയാതെ മാറും. പലപ്പോഴും ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ക്ക് വഴങ്ങേണ്ടിയും വന്നേക്കാം. അതില്‍ നിന്നൊക്കെയുള്ള കുതറിമാറലായിരുന്നു പിന്നീടെനിക്ക് സംഗീതം. അതിന് നല്ല സ്വീകരണം കിട്ടി. കുറെ അസൂയക്കാരെയും.

 പോലീസിലെ പുതിയ തലമുറയോട് എന്തെങ്കിലും പറയാനുണ്ടോ?

പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടാവും. പരമാവധി പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കണം. വിശ്വസിക്കുന്ന മൂല്യങ്ങളോടും ധാരമ്മികതയോടും നീതി പുലര്‍ത്താനാവണം. മറ്റെവിടെയും എന്ന പോലെ പോലീസിലും മുകളിലേക്കുള്ള സ്ഥാനക്കയറ്റങ്ങള്‍ വലിയ വെല്ലുവിളിയാണ്. മുകളിലോട്ട് പോകുന്തോറും കസേരകളുടെ എണ്ണം കുറഞ്ഞുവരും. ഒരു തരത്തിലുള്ള  എലിമിനേഷന്‍ പ്രക്രിയയാണത്. 24 എസ്.പിമാര്‍ ഉള്ളപ്പോള്‍ ഡി.ജി.പി. എന്ന പോലീസ് മേധാവിയുടെ കസേരയുടെ എണ്ണം ഒന്ന് മാത്രമാണ്. ഓരോ ഘട്ടത്തിലും ഇവിടെ മല്‍സരമുണ്ട്.  ആ മല്‍സരത്തില്‍ ധാര്‍മ്മികത കൈവിടാതെ, സ്ഥായിയായ കടപ്പാടില്ലാതെ, പരമാവധി എല്ലാവര്‍ക്കും സ്വീകാര്യമാവുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക. സേന നിങ്ങളോടൊപ്പം ഉണ്ടാവും. കസേര മാത്രമല്ലല്ലോ പ്രധാനം.

പോലീസ് സേനയിലെ ഏറ്റവും അടുപ്പമുള്ള ഉദ്യോഗസ്ഥന്‍ ആരായിരുന്നു?

ഇപ്പോള്‍ കേന്ദ്ര സര്‍വീസിലുള്ള അരുണ്‍കുമാര്‍ സിഹ്ന. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെസ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ജനറലാണ്. ഈയിടെയായി അസുഖബാധിതനാണ്. എങ്കിലും പ്രധാനമന്ത്രി അദ്ദേഹത്തിന് ഒരു വര്‍ഷം കൂടി സര്‍വീസ് നീട്ടിക്കൊടുത്തിട്ടുണ്ട്. എന്നെ അറിയുന്ന, എന്തും പറയാവുന്ന മികച്ച ഓഫീസറാണ് അദ്ദേഹം.

അമേരിക്കയിലാവുമോ ഇനി കൂടുതല്‍ പ്രവര്‍ത്തനം?

ഇപ്പോള്‍ ദൂരം ഒരു വിഷയമേ അല്ലല്ലോ. എന്റെ തട്ടകം എന്നും കേരളവും മലയാളവും തന്നെ. മലയാളത്തെ വിട്ട് കളിയില്ല. എന്റെ ശരീരവും മനസും എപ്പോഴും കേരളത്തിലുണ്ടാവണമെന്നില്ല. ലോകമെങ്ങും മലയാളികളുണ്ട്. പലരും വിളിക്കുന്നു. വിദേശത്താണ് ടെക്നോളജിയുടെ പാരാവാരങ്ങള്‍. അതു സ്വായത്തമാക്കാന്‍ അവിടങ്ങളിലെ യാത്രകള്‍ കൊണ്ട് കഴിയും. കൊച്ചിയിലെ റിയാന്‍ സ്റ്റുഡിയോ അത്തരം പുത്തന്‍ സാങ്കേതികവിദ്യകളുടെ സങ്കേതമാക്കണം.
പതിനഞ്ച് വര്‍ഷത്തിലേറെയായി ഞാന്‍ സംഗീതലോകത്തിന് പുറത്താണ്. അതിന് അവസാനമായാണ് എന്റെ വിടപറയല്‍ ഗാനം തയ്യാറാക്കിയത്. സംഗീതലോകത്തേക്കുള്ള പുനഃപ്രവേശം കൂടിയായി അതിനെ വിശേഷിപ്പിക്കാം. ഒരു മനുഷ്യന്‍ അനശ്വരനാവണമെങ്കില്‍ ഒന്നുകില്‍ മികച്ച ഭരണാധികാരിയാവണം. അല്ലെങ്കില്‍ ശാസ്ത്രജ്ഞനാവണം. അതുമല്ലെങ്കില്‍ മികച്ച കലാകാരനാവണം. കലയാണ് ഇനി എന്റെ ലോകം. അതിലേക്ക് നടക്കാന്‍ വലിയ പ്രയത്നവും ഗവേഷണവും വേണം. ടെക്നോളജിയില്‍ നല്ല അവഗാഹം വേണം. മികച്ച രചനകളുമായി തിരിച്ചുവരാനാണ് മോഹം. പക്ഷെ, ആ കാലത്തുണ്ടായിരുന്ന കുട്ടിയുടെ മനസ്സ് ഇപ്പോഴില്ല എന്നതാണ് സത്യം. അതായത് ഒരു ഫ്രഷ്നസ് ഉണ്ടാവണം. അങ്ങനെ നല്ല സൃഷ്ടികള്‍ക്ക് രൂപം നല്‍കണം.  ഇതിനൊക്കെ വേണ്ടിയാണ് എന്റെ യാത്രകള്‍. ഇനിയുള്ള ദിവസങ്ങള്‍.