ഗോത്രവര്‍ഗക്കാര്‍ക്ക് വേണ്ടിയുളള കേരളത്തിലെ ഏക താലൂക്കാണ് അട്ടപ്പാടി. അട്ടപ്പാടി എന്നും വാര്‍ത്തകളില്‍ നിറയുന്നത് ശിശുമരണങ്ങളുടെ പേരിലും. എല്ലായ്‌പ്പോഴും ശിശുമരണങ്ങള്‍ക്കൊപ്പം വിവാദങ്ങളും തലയുയര്‍ത്തി. ഇത്തവണയും മറിച്ചായിരുന്നില്ല സ്ഥിതി. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ അട്ടപ്പാടി സന്ദര്‍ശനസമയത്ത് അട്ടപ്പാടി നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയെന്ന ആരോപണവുമായി ഡോ. പ്രഭുദാസ് രംഗത്തെത്തിയിരുന്നു. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലേക്ക് സൗകര്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ അഴിമതിക്കാരനായി ചിത്രീകരിക്കുകയാണെന്നും പ്രഭുദാസ് പറഞ്ഞു. ഡോക്ടറെ ബോധപൂര്‍വം മാറ്റിയതല്ലെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി മീറ്റിങ്ങിനായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതാണെന്നുമായിരുന്നു മന്ത്രി പ്രതികരിച്ചത്. 2007 മുതല്‍ അട്ടപ്പാടിയില്‍ ഡോക്ടറായി തുടരുന്ന, 2013-ല്‍ നോഡല്‍ ഓഫീസറായ ഡോക്ടര്‍ക്കെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നു. ഈ പശ്ചാത്തലത്തില്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുകയാണ് ഡോ. പ്രഭുദാസ്.
ആരോഗ്യമന്ത്രി അട്ടപ്പാടിയില്‍ വന്നപ്പോള്‍ ഇല്ലാത്ത മീറ്റിങ്ങിന്റെ പേരില്‍ ബോധപൂര്‍വം മാറ്റി നിര്‍ത്തുകയായിരുന്നു എന്ന ആരോപണം താങ്കള്‍ ഉന്നയിച്ചിരുന്നല്ലോ? എന്താണ് ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടയില്‍ സംഭവിച്ചത് ?
ഡിസംബര്‍ ഒന്നിന് ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒരു സൂം മീറ്റിങ് ഉണ്ടായിരുന്നു. ട്രൈബല്‍ മിനിസ്റ്ററും ഹെല്‍ത്ത് മിനിസ്റ്ററും ഹെല്‍ത്ത് സെക്രട്ടറിയുമെല്ലാം ആ യോഗത്തില്‍ ഉണ്ടായിരുന്നു. അന്ന് യോഗത്തില്‍ കുറേകാര്യങ്ങള്‍ എന്നോട് ചോദിക്കുകയും അതിന് ഞാന്‍ മറുപടി നല്‍കുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു, ഡോ. പ്രഭു നിങ്ങള്‍ ഈ ഡോക്യുമെന്റ്‌സ് എല്ലാമായി ഡിസംബര്‍ 4-ന് തിരുവനന്തപുരത്ത് വരണം എന്ന് പറഞ്ഞു. യോഗത്തില്‍ ഒറ്റപ്പാലം സബ് കളക്ടര്‍ ഉള്‍പ്പടെയുളളവര്‍ ഉണ്ടായിരുന്നു. രേഖകള്‍ പരിശോധിച്ച് നടപടി എടുക്കേണ്ടതെല്ലാം അവിടെ നിന്നാകാം എന്നാണ് പറഞ്ഞത്. ഞാന്‍ ഡിസംബര്‍ 2-ന് കോട്ടത്തറയില്‍നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. കൊല്ലത്താണ് വീട്. അവിടെ തങ്ങി രാവിലെ തിരുവനന്തപുരത്തേക്ക് പോകാമെന്നാണ് കരുതിയത്. എവിടെയാണ് മീറ്റിങ് എന്നറിയുന്നതിന് വേണ്ടി മൂന്നിന് രാത്രി ഹെല്‍ത്ത് ഡയറക്ടറെ വിളിച്ചു. പക്ഷേ, സാര്‍ ഫോണെടുത്തില്ല. പിന്നീട് ഹെല്‍ത്ത് സെക്രട്ടറിയുടെ ഓഫീസില്‍ വിളിച്ചു അവര്‍ ഹെല്‍ത്ത് സെക്രട്ടറിക്ക് മെസേജ് കൊടുത്തു. പക്ഷേ, അപ്പോഴും മറുപടി ലഭിച്ചില്ല. എങ്കിലും പിറ്റേന്ന് രാവിലെത്തന്നെ ഞാന്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. തിരുവന്തപുരത്തേക്ക് പൊയ്‌ക്കൊണ്ടിരിക്കുമ്പോഴാണ് ആരോഗ്യമന്ത്രിയുടെ അട്ടപ്പാടി സന്ദര്‍ശനത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞ് അറിയുന്നത്. ഉടന്‍ ഞാന്‍ അതേ വണ്ടിയില്‍ പാലക്കാട്ടേക്ക് വന്നു. പക്ഷേ, അട്ടപ്പാടിയില്‍ എത്തുമ്പോള്‍ ആറു മണിയായി, എല്ലാവരും പോയിക്കഴിഞ്ഞിരുന്നു.
ശിശുമരണത്തെ കുറിച്ച് അന്വേഷിക്കാന്‍ വരുമ്പോള്‍ അതിന്റെ കേസുകളും അതിന്റെ കാരണങ്ങളും ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷന്‍, ലേബര്‍ റൂം, കുട്ടികളുടെ ഐ.സി.യു., കുട്ടികളുടെ വാര്‍ഡ് അവിടെ എന്താണ് നടന്നത് ഇക്കാര്യങ്ങളാണല്ലോ അന്വേഷിക്കേണ്ടത്. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. മന്ത്രിയുടെ കൂടെ വന്ന രണ്ട് എച്ച്എംസി മെമ്പര്‍മാര്‍ അവരെ പണി നടന്നുകൊണ്ടിരിക്കുന്ന നാലാമത്തെ നിലയിലേക്കാണ് കൊണ്ടുപോയത്. നാലാമത്തെ നിലയിലേക്ക് റാമ്പോ ലിഫ്‌റ്റോ ഇല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനനാളില്‍ അതായത് മാര്‍ച്ചില്‍ ആശുപത്രിയിലെ പുതുതായി പണിതീര്‍ത്ത എല്ലാം കൂടെ ഒന്നിച്ച് ഉദ്ഘാടനം ചെയ്തതാണ്. അവിടേക്ക് വാങ്ങിയ ആ സാധനങ്ങളുടെ 35 ലക്ഷം രൂപയോളം ബില്‍ വന്നിട്ടുണ്ട്. എന്നാല്‍ ലിഫ്‌റ്റോ റാമ്പോ ഇല്ലാത്തതുകാരണം അവിടെ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് സുരക്ഷിതമല്ല. പെട്ടെന്ന് അവരെ താഴെ ഇറക്കേണ്ടി വരികയാണെങ്കില്‍ പടികളിലൂടെ വീല്‍ ചെയറിലോ സ്ട്രക്ചറിലോ ഇറക്കിക്കൊണ്ടുവരുന്നത് എളുപ്പമല്ല. അങ്ങനെ ചെയ്യുന്നതിനിടയില്‍ വല്ലതും പറ്റിപ്പോയാല്‍ കൊലപാതകത്തിന് കൂടി നമ്മള്‍ സാക്ഷികളാകും. (അന്നുമുതല്‍ ലിഫ്റ്റിനുവേണ്ടി എഴുതി തുടങ്ങിയിട്ട് കഴിഞ്ഞ ദിവസമാണ് അത് പാസായി വന്നത്.) അത് പണികഴിപ്പിച്ച് ഉപയോഗിക്കാതിരിക്കുന്നതിനിടയിലാണ് കോവിഡ് വരുന്നത്. എട്ട് വെന്റിലേറ്ററുളള കോവിഡ് ഐ.സി.യുവാണ് ഉണ്ടായിരുന്നത്. ഈ നിലയിലെ കട്ടിലും ഉപകരണങ്ങളും കോവിഡിന്റെ ആവശ്യങ്ങള്‍ക്കായും വാര്‍ഡിലെ മറ്റുളള ആവശ്യങ്ങള്‍ക്കായിട്ടും മാറ്റി. അത് അന്നുമുതല്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ബാക്കിയുളളവ മാത്രമേ നാലാം നിലയിലുളളു. അതു കൊണ്ടുകാണിച്ചിട്ടാണ് പറയുന്നത് 35 ലക്ഷം രൂപയുടെ സാധനങ്ങള്‍ നോക്കൂ, ഇത്ര മാത്രമേ ഉളളൂ ബാക്കിയൊന്നും കാണാനില്ല എന്ന്. അന്ന് സ്റ്റോക്കെടുത്തത് അന്നത്തെ ഫാര്‍മസിസ്റ്റും ഹെഡ് നഴ്‌സുമാരുമാണ്. ഇപ്പോഴുളളത് പുതിയ ഫാര്‍മസിസ്റ്റും പുതിയ ഹെഡ് നഴ്‌സുമാണ് അവരോട് ചോദിക്കുമ്പോള്‍ അവര്‍ എങ്ങനെയാണ് ഇക്കാര്യത്തില്‍ മറുപടി പറയുന്നത് ? സ്വാഭാവികമായും അവിടെ വ്യക്തതക്കുറവ് ഉണ്ടാകും. അതുകേട്ട ഉടനെ അന്വേഷിച്ച് നടപടി എടുക്കാന്‍ പറഞ്ഞതായും കേള്‍ക്കുന്നു. ഇതാണ് ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്.
താങ്കള്‍ ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്തിയിട്ടും ഇക്കാര്യത്തില്‍ വിശദീകരണം ആരാഞ്ഞില്ലേ?
സര്‍ക്കാരിന്റെ നോഡല്‍ ഓഫീസറാണ് ഞാന്‍. അപ്പോള്‍ ഇതിന് മറുപടി കൊടുക്കേണ്ടത് ഞാനും കൂടിയാണ്. ഞാന്‍ ഇവിടെ ഇല്ലെങ്കില്‍ എന്നോട് വിളിച്ചെങ്കിലും ചോദിക്കണ്ടേ. ഇതുവരെ ഒരാളും അതിനുവേണ്ടി വിളിച്ചിട്ടില്ല. എന്തോ വിലക്ക് കല്‍പിച്ചതുപോലെയാണ് എനിക്ക് തോന്നുന്നത്. ഊരുവിലക്ക് എന്നുപറയുന്നത് പോലെ.
ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിലെ മെമ്പര്‍മാര്‍ ബില്ലുകള്‍ മാറാന്‍ കൈക്കൂലി ആവശ്യപ്പെടുന്ന ആരോപണം താങ്കള്‍ ഉയര്‍ത്തിയിരുന്നല്ലോ? താങ്കള്‍ക്കെതിരേയും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു?
കാന്റീനിലേക്ക് വാങ്ങിച്ച വിറകിന്റെ ചാരമില്ലത്രേ. എനിക്ക് സൂപ്രണ്ടിന്റെ പണിയാണോ അവിടെ പോയി വിറകിന്റെ എണ്ണമെടുക്കാന്‍. കഴിഞ്ഞ അഞ്ചു വര്‍ഷം എല്‍.ഡി.എഫ്. തന്നെയാണ് ഇവിടെ ഭരിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴും എല്‍.ഡി.എഫ്. തന്നെയാണ് ഭരിക്കുന്നത്. ഇവരു തന്നെയാണ് കാന്റീന്‍ നടത്തുന്നതും. അവരുടെ സ്റ്റാന്‍ഡിങ് കമ്മിററി ചെയര്‍മാനും സൂപ്രണ്ടും ബ്ലോക്ക് പ്രസിഡന്റും കൂടിയാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. എന്റെയും ബ്ലോക്ക് പ്രസിഡന്റിനെയും ജോയിന്റ് അക്കൗണ്ട് ആണെന്നേയുളളൂ. വിജിലന്‍സിനെ വെച്ച് അന്വേഷിച്ച് അവര്‍ക്ക് നടപടിയെടുത്തൂകൂടെ?
ഓഡിറ്റ് ഒബ്ജക്ഷനെ കുറിച്ചു പറയുകയാണെങ്കില്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഫൈനല്‍ ബില്ലാണ് കൊടുക്കുന്നത്. അതാണ് ഓഡിറ്റിന് എടുക്കുന്നത്. അതിനോട് അനുബന്ധമായിട്ടുളള ക്വട്ടേഷന്‍, ടെണ്ടര്‍ എല്ലാം ഞങ്ങളുടെ ഓഫീസില്‍ ആണ് ഇരിക്കുന്നത്. അതുകൊണ്ടുവന്ന് പ്രൊഡ്യൂസ് ചെയ്യാന്‍ ഞങ്ങളോട് ആരും ആവശ്യപ്പെട്ടിട്ടില്ല. ഓഡിറ്റ് ഒബ്ജക്ഷന്റെ പേപ്പര്‍ വന്നത് ഇവര്‍ കൈയില്‍ വെച്ചിരുന്നു. ഞാന്‍ വിളിച്ചപ്പോള്‍ പറയുന്നത് ഞങ്ങള്‍ക്ക് തരാന്‍ വേണ്ടി കൊടുത്തതാണ്, ഡോക്ടര്‍ക്ക് കിട്ടിയില്ലേ എന്നാണ് ഓഡിറ്റ് ചെയ്യുന്നവര്‍ ചോദിക്കുന്നത്. പിന്നീട് അവര്‍ക്ക് വേണ്ട രേഖകള്‍ എല്ലാം കൊടുത്തു, അത് ഒപ്പിട്ട് തന്നിട്ടുണ്ട്. ഒബ്ജക്ഷന്‍ അങ്ങനെ മാറിപ്പൊയ്‌ക്കോളൂം. അതില്‍ വേറെ പ്രശ്‌നമൊന്നുമില്ല. പക്ഷേ ബ്ലോക്കില്‍നിന്ന് വന്ന സാധനം ഇപ്പോഴാണ് അവര്‍ ഞങ്ങള്‍ക്ക് തരുന്നത്. എന്നെയും ആശുപത്രിയെയും മാത്രം ഉന്നംവെച്ചുകൊണ്ടുളള പരിപാടിയാണ്. ഈ ആശുപത്രി എന്നുപറയുന്നത് 2007-ല്‍ വെറുമൊരു കെട്ടിടമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ്. ഇപ്പോള്‍ ഈ രീതിയില്‍ ആയതിന് പിറകില്‍ കൂട്ടായ പ്രവര്‍ത്തനമുണ്ട്.
ഞാന്‍ ഒറ്റയ്‌ക്കൊന്നുമല്ല. ഞാന്‍ നേതൃത്വം നല്‍കിയെന്നത് ശരിയാണ്. പക്ഷേ ഇത്രയും ജനങ്ങളും ജീവനക്കാരും കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഫണ്ടും എല്ലാം ഉപയോഗിച്ചിട്ട് ഗുണനിലവാരത്തിലേക്ക് ഉയര്‍ന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ചെക്ക്‌പോയിന്റ് വന്ന് അതില്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പാലക്കാട് നിന്നുളള ഏകസ്ഥാപനമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടപെടലാണ് അതിന് ഏറ്റവും പ്രയോജനപ്പെട്ടത്. അത് ചെയ്തതും ഈ സര്‍ക്കാര്‍ തന്നെയാണ്. എല്ലാ സര്‍ക്കാര്‍ പദ്ധതികളും നമ്മളിവിടെ നടപ്പിലാക്കുന്നുണ്ട്. ഇത്രയും നടപ്പലാക്കി, ഇത്രയും സര്‍വീസ് കൊടുക്കുന്നത് കൊണ്ടാണ് ഇവിടെ ശിശുമരണനിരക്ക് ഇത്രയും കുറഞ്ഞിരിക്കുന്നത്. അല്ലെങ്കില്‍ കാണാമായിരുന്നു എന്തുമാത്രം മരണങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്ന്. ജനങ്ങള്‍ക്കു വേണ്ടി ഇത്രയും ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇവര്‍ എന്താണ് ചെയ്യുന്നത്? വിറകു മേടച്ചതും ഓഡിറ്റ് ഒബ്ജക്ഷനും ശിശുമരണവും തമ്മില്‍ എന്താണ് ബന്ധം? ശിശുമരണത്തിന്റെ കാര്യം അന്വേഷിക്കാന്‍ വരുമ്പോള്‍ അതിന് അടിയന്തരമായ നടപടിയെടുക്കുക. ഇത് മറ്റൊരു സമയത്ത് അന്വേഷിച്ച് നടപടി എടുക്കട്ടേ. ഇതെല്ലാം കൂടി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമെന്താണ്.
പച്ചക്കറിയും സാധനങ്ങളും ആശുപത്രിയില്‍ തരുന്നതിനും മറ്റും ബില്‍ മാറുമ്പോഴത്തേക്ക് ഇവര്‍ക്ക് എല്ലാറ്റിനും കാശു കൊടുക്കണമത്രേ. അതിന് സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പരാതികള്‍ തന്നിട്ടുണ്ട്. അതെല്ലാം കളക്ടര്‍ക്കും ഡി.എം.ഒയ്ക്കും ഫയല്‍ ചെയ്ത് കൊടുത്തിട്ടുളളതുമാണ്. അത് സംസാരിച്ചു തീര്‍ക്കാം എന്ന് പറഞ്ഞിട്ടുളളതാണ്. ഓരോ ബില്ലിനും കൈക്കൂലി ഇതിവിടെ നടക്കില്ലെന്ന് കര്‍ശനമായി പറഞ്ഞതിനാണ് പ്രശ്‌നങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. അതിന്റെ രേഖകളും പരാതികളും വിജിലന്‍സോ ആരു വന്നാലും കൊടുക്കാം. ഇനി ഇത് നന്നാക്കിയതിന്റെ പേരില്‍ എന്തു കുറ്റമാണെങ്കിലും അത് ഏറ്റെടുക്കാനും തയ്യാറാണ്.
ഞായറാഴ്ച മാത്രമാണ് സ്‌കാനിങ്, റേഡിയോളജിസ്റ്റ് ഇല്ല തുടങ്ങി നിരവധി വെല്ലുവിളികള്‍ കോട്ടത്തറ ആശുപത്രി നേരിടുന്നുണ്ടല്ലോ?
സ്‌കാനിങ്ങിന് രണ്ടു മെഷീനുണ്ട്, റേഡിയോളജിസ്റ്റ് രണ്ടാഴ്ച കൂടുമ്പോഴാണ് വരുന്നത്. ഒരിക്കല്‍ ഒരു ഗര്‍ഭിണിയെ സ്‌കാനിങ് നടത്തുമ്പോഴാണ് കുഞ്ഞില്‍നിന്ന് അമ്മയിലേക്ക് ബ്ലഡ് ഫ്‌ളോ കണ്ടെത്തിയത്. അമ്മയില്‍നിന്ന് കുഞ്ഞിലേക്കാണ് പോകേണ്ടത് തിരിഞ്ഞുപോയാല്‍ 48 മണിക്കൂറിനുളളില്‍ കുട്ടി മരിച്ചേക്കാം. ഇത്തരം കേസുകള്‍ കണ്ടാല്‍ ഉടന്‍ സിസേറിയന്‍ ചെയ്യണം. ഇവരാണെങ്കില്‍ പോകാന്‍ തയ്യാറല്ല. 12 മണി മുതല്‍ 4 മണി ഞങ്ങള്‍ നാല് ഡോക്ടര്‍മാര്‍ കൂടെ ഇരുന്ന് സംസാരിച്ചാണ് അവരെ ബോധ്യപ്പെടുത്തിയത്. ഞങ്ങളിലൊരാള്‍ കൂടെ വരാമെന്ന് പറഞ്ഞപ്പോള്‍ അവര്‍ പോകാന്‍ തയ്യാറായി. തൃശ്ശൂരെത്തിച്ച് രാത്രി തന്നെ സിസേറിയന്‍ ചെയ്തു. ഇപ്പോള്‍ ആ കുട്ടി നന്നായിരിക്കുന്നു, ഇവിടെയുണ്ട്. കുഞ്ഞിന് രണ്ടരക്കിലോ ആയിട്ട് വേണം ഇവിടെ നിന്ന് വീട്ടിലേക്കയക്കാന്‍. നോക്കൂ അന്നുവരാന്‍ കഴിഞ്ഞില്ല പിന്നെ സ്‌കാനിങ് ഉളള രണ്ടാഴ്ച കഴിഞ്ഞാണ് അവര്‍ വരുന്നതെങ്കിലോ? കുട്ടി മരിച്ചിരിക്കും. ഗര്‍ഭസ്ഥ ശിശുമരണം ഒന്നു കൂടിയാകുമായിരുന്നു. അതുകൊണ്ടാണ് റേഡിയോളജിസ്റ്റ് വേണമെന്ന് പറയുന്നത്. ഇതിപ്പോള്‍ പറയുന്നതല്ല എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. അതുപോലെ ഭാരം കുറഞ്ഞ കുഞ്ഞുങ്ങളെ നോക്കാന്‍ ഒരു നിയോ നാറ്റോളജിസ്റ്റ് വേണം. സി.ടി. സ്‌കാന്‍ ഇവിടെ ഇല്ല. റഫര്‍ ചെയ്യുകയാണ്. അറ്റാക്ക് വന്നാലോ സ്‌ട്രോക്ക് വന്നാലോ മൂന്നു മണിക്കൂറിനുളളില്‍ എത്തിച്ചാലേ രക്ഷപ്പെടൂ. ഈ റോഡിലൂടെ എങ്ങനെ മൂന്നു മണിക്കൂറിനുളളില്‍ വേറെ ആശുപത്രിയില്‍ എത്തിക്കും.
2013-ലാണ് ശിശുമരണങ്ങളെ തുടര്‍ന്ന് 72 പുതിയ പോസ്റ്റുകള്‍ സൃഷ്ടിക്കുന്നത്. അതില്‍ 18 ഡോക്ടര്‍മാര്‍ ഉണ്ട്. അതിനകത്ത് 9 പേര്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്‌കികയിലുളള സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരാണ്. അവര്‍ രണ്ടോ മൂന്നോ വര്‍ഷം പരിചയമുളളവര്‍ മാത്രമാണ്. നോര്‍മല്‍ ഡെലിവറിയും നോര്‍മല്‍ സിസേറിയനും ഇവര്‍ക്ക് ചെയ്യാം. മറിച്ച് ഏഴാം മാസം അല്ലെങ്കില്‍ എട്ടാം മാസം പെട്ടെന്ന് സിസേറിയന്‍ ചെയ്യേണ്ടി വരുന്നു, ഭാരം കുറവുളള കുഞ്ഞ് ജനിക്കുന്നു. ഇതെല്ലാം കൈകാര്യം ചെയ്യാന്‍ ഇവിടെ സീനിയര്‍ പീഡിയാട്രീഷനോ സീനിയര്‍ ഗൈനക്കോളജിസ്‌റ്റോ ഒന്നുമില്ല. 2017 തൊട്ട് കോടതി പറയുന്നതാണ് ആ പോസ്റ്റുകള്‍ കൊടുക്കാന്‍. പക്ഷേ, ഇതുവരെ വന്നിട്ടില്ല. അതിനുപുറമേ വേറേ ചില പോസ്റ്റുകളും ആവശ്യപ്പെട്ടിരുന്നു, അതും വന്നിട്ടില്ല. അപ്പോള്‍ ഈ സൗകര്യങ്ങള്‍ ഇവിടെയില്ല. കുട്ടികള്‍ക്കുളള ഐ.സി.യു. ഇല്ല. നവജാത ശിശുക്കളുടെ ഐ.സി.യുവിലെ വെന്റിലേറ്റര്‍ കേടായിക്കൊണ്ടിരിക്കുകയാണ്. അത് മാറ്റിത്തരാനോ അപ്‌ഡേറ്റ് ചെയ്യാനോ നടപടി ഇല്ല. പഴയ ഉപകരണങ്ങള്‍ മാറ്റി നവീകരിക്കുന്നില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല, ആവശ്യത്തിന് ജീവനക്കാര്‍ ഇല്ല. ഇതാണ് ആശുപത്രിയുടെ സ്ഥിതി. അപ്പുറത്തും ഇപ്പുറത്തും ഉളള ആശുപത്രിയിലെ ഡോക്ടര്‍മാരെ ഇങ്ങോട്ട് ഡെപ്യൂട്ട് ചെയ്തിട്ടാണ് കാര്യങ്ങള്‍ നടത്തുന്നത്.
റഫര്‍ ചെയ്യുന്ന ആശുപത്രിയെന്ന ആരോപണമുണ്ടല്ലോ?
ഇപ്പോള്‍ തന്നെ 120-ഓളം ഐ.പിയുണ്ട്. നമുക്കു പറ്റാത്തത് റഫര്‍ ചെയ്യണ്ടേ? പറ്റാത്ത കാരണങ്ങള്‍ കൊണ്ടാണ് റഫര്‍ ചെയ്യുന്നത്. ആളുകള്‍ തെറ്റിദ്ധരിച്ചു കൊണ്ടിരിക്കുകയാണ്. കാര്‍ഡിയോളജിസറ്റും കാത്ത്‌ലാബും സി.ടി. സ്‌കാനും പിന്നെ ലേബര്‍ റൂമിലും കുട്ടികളുടെ കാര്യത്തിലും അത്യാവശ്യം സൗകര്യങ്ങളും ആക്കിക്കഴിഞ്ഞാല്‍ 95 ശതമാനം റഫറന്‍സ് ഒഴിവാക്കിക്കിട്ടും.
അട്ടപ്പാടി ശിശുമരണം വര്‍ഷങ്ങളായി വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ് ഇതിന് ഒരു ശാശ്വത പരിഹാരം?
ഫീല്‍ഡില്‍ കമ്യൂണിററി കിച്ചനും ഫീഡിങ്ങും അടിയന്തര നടപടി എന്നുപറഞ്ഞ് തുടങ്ങിയതിന്റെ ഭാഗമായിട്ട് ഭാരം കുറഞ്ഞ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് കുറഞ്ഞിരുന്നു, എന്നാലും ഉണ്ട്. പക്ഷേ, രണ്ടു വര്‍ഷം കോവിഡ് ആയപ്പോള്‍ ആരും വീട്ടില്‍ പോയി നോക്കാന്‍ ഉണ്ടായിരുന്നില്ല. മറ്റേത് ഞങ്ങള്‍ ഓരോ വീട്ടിലും കയറി നോക്കും. ഭക്ഷണം കഴിച്ചു എന്ന് പറഞ്ഞാല്‍ അടുക്കളയില്‍ കയറി ഭക്ഷണം വെച്ചിട്ടുണ്ടോ എന്നെല്ലാം നോക്കി ബാക്കി വെക്കാനുളള സാധനങ്ങളുണ്ടോ എന്നെല്ലാം പരിശോധിക്കുമായിരുന്നു. പക്ഷേ കോവിഡ് വന്നപ്പോള്‍ അത് പറ്റുന്നില്ല. കമ്യൂണിറ്റി കിച്ചനും നിന്നു. നാട്ടിലാണെങ്കില്‍ ഒരു ഗര്‍ഭിണിക്ക് എന്തെല്ലാം കൊടുക്കും. പാലും പഴവും മുട്ടയും പയറുവര്‍ഗങ്ങളും ഇറച്ചിയും മീനും എല്ലാം നല്‍കില്ലേ. ഇതൊന്നും ഇവര്‍ക്ക് കിട്ടുന്നില്ല. പിന്നെ എങ്ങനെ തൂക്കം വരാനാണ്. കിട്ടുന്ന അരിയും തക്കാളിയും പരിപ്പും വെച്ച് കഴിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് ലഭിക്കുന്ന പോഷകാഹാരം മെച്ചപ്പെടുത്താനുളള നടപടികളാണ് വേണ്ടത്.
എന്റെ ഇവിടെയുളള ഇത്രയും കാലത്തെ അനുഭവത്തില്‍ തോന്നുന്നത് ജലസേചനവും മറ്റും കൊടുത്ത് ഇവര്‍ക്കുളള ഭൂമിയില്‍ കൃഷി ചെയ്യാനുളള സഹായങ്ങള്‍ ചെയ്യുകയാണ് വേണ്ടതെന്നാണ്. ഓരോ ഊരിലും 500 ആള്‍ക്കാരുണ്ട്. ഓരോ ഊരിലും ഒരു കാലികളുടെ ഫാമോ കോഴി ഫാമോ മീനുകളുടെ ഫാമോ തുടങ്ങാം. ഇതെല്ലാം തൊഴിലുറപ്പും വിവിധ വകുപ്പുകളുടെ പദ്ധതികളുമായി കോര്‍ഡിനേറ്റ് ചെയ്താല്‍ ആ ഊരിനുളള പാലും മുട്ടയും പച്ചക്കറിയും അവിടെത്തന്നെ കിട്ടും. ഒന്നിച്ചിരുന്ന് കഴിക്കാം. ഇതിപ്പോള്‍ ഭാരം കുറഞ്ഞ കുഞ്ഞിനെ നമ്മള്‍ പിടിച്ചുകൊണ്ടുവന്ന് വെച്ച് ഭക്ഷണം കഴിപ്പിച്ച് ഭാരം വെപ്പിച്ച് വിടും. പക്ഷേ, അടുത്ത തലമുറയില്‍ ഭാരമില്ലാതെ കുട്ടികള്‍ വന്നുകൊണ്ടിരിക്കും. അതിലും നല്ലത് എല്ലാവര്‍ക്കും വീട്ടിലിരുന്ന് കഴിക്കുന്ന സാഹചര്യം ഉണ്ടാകണം.
ഇവരുടെ ഉല്പാദനത്തില്‍ ബാക്കി വരുന്നത് ഇവര്‍ക്ക് വില്‍ക്കാമല്ലോ. പഠിക്കാത്ത ഊരുനിവാസികള്‍ക്ക് പശുവിനെയു മാടിനെയും കോഴിയെയും നോക്കാനാവും. പഠിച്ച പിളളേര്‍ക്കെല്ലാം ഇതിന്റെ അക്കൗണ്ടിങ് ഉള്‍പ്പടെയുളള തൊഴിലവസരങ്ങള്‍ ലഭിക്കും. അങ്ങനെ സമഗ്രമായ ഒരു വികസന പദ്ധതി തന്നെ വരും. വിവിധ വകുപ്പുകളില്‍ നിന്ന് ഇപ്പോള്‍ കിട്ടുന്ന ഫണ്ട് തന്നെ മതി. ഇതു നടപ്പാക്കാന്‍ കൂടുതല്‍ ഒന്നുംവേണ്ട. അതൊന്ന് കോര്‍ഡിനേറ്റ് ചെയ്ത് ഓരോ ഊരിനായി പ്രയോജനപ്പെടുത്തിയാല്‍ മതി. അതിനാണ് ഇതെല്ലാം കോര്‍ഡിനേറ്റ് ചെയ്യാന്‍ പറ്റുന്ന ഐ.എ.എസ്. തലത്തിലുളള കോര്‍ഡിനേറ്റര്‍ വേണം എന്ന ആവശ്യം ഉന്നയിക്കുന്നത്. ഇത്തരത്തിലുളള ഗ്രൗണ്ട് റിയാലിറ്റികള്‍ നിലനില്‍ക്കേയാണ് മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നത് എന്നുളളതാണ് ദൗര്‍ഭാഗ്യം.
ആദിവാസികളുടെ ശിശുമരണ നിരക്ക് അട്ടപ്പാടിയില്‍ 33 ആണ്. കേരളത്തില്‍ അത് ആറാണെങ്കില്‍ അട്ടപ്പാടിയിലെ തന്നെ ആദിവാസി ഇതരസമൂഹത്തില്‍ 2 മാത്രമാണ്. അതുകൊണ്ട് ആദിവാസികളുടെ യഥാര്‍ഥ പ്രശ്‌നം ഡബ്ല്യുഎച്ച്ഒ, യുണിസെഫ്, മെഡിക്കല്‍ കോളേജിലെ വിദഗ്ധരെ എല്ലാം വെച്ച് കൃത്യമായി പഠിച്ചുവേണം മുന്നോട്ടുപോകാന്‍. എന്നാല്‍ മാത്രമേ സമഗ്ര നടപടികളായിട്ട് ഇവിടുത്തെ പ്രശ്‌നങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ സാധിക്കൂ. ഇത് മനസ്സിലാക്കാതെ അതിന് വേണ്ട നടപടികള്‍ എടുക്കാതെ എന്റെ മേലെ ആരോപണം വെച്ച് ശ്രദ്ധ തിരിച്ചുവിടാനുളള ശ്രമമായിട്ടാണ് എനിക്ക് തോന്നുന്നത്. നമുക്ക് വിപ്ലവവും രാഷ്ട്രീയവും ഉളളതുകൊണ്ടുതന്നെയാണ് ഇവിടെ വന്ന് ജോലി ചെയ്യുന്നത്. പക്ഷേ നമ്മുടെ രാഷ്ട്രീയവും ഇവരുടെ രാഷ്ട്രീയവും കൂടെ ചേര്‍ന്നുപോകുന്നില്ല അതാണ് ഏറ്റവും വലിയ പ്രശ്‌നം. നല്ല ഉദ്ദേശത്തോടെ സര്‍വീസില്‍ കയറിയ ആളാണ്. പറഞ്ഞുവിടുന്നത് വരെ ഇതുതന്നെ തുടര്‍ന്നുകൊണ്ടിരിക്കും. എവിടേക്കെങ്കിലും മാറ്റിയാല്‍ അവിടെയും നല്ല രീതിയില്‍ പ്രവര്‍ത്തിക്കും. മരിക്കും വരെ ഇതുതന്നൊണ് ഞാന്‍ ചെയ്യുക, ആ ലക്ഷ്യബോധത്തോടെയാണ് ജീവിക്കുന്നത്.
Content Highlights: Dr.Prabhudas Interview Attappadi Infant deaths
Published: 09 Dec 2021, 03:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented