'കേരളം വിട്ടുപോവുകയാണെന്ന് മൂന്നു വര്‍ഷമായി ഞാന്‍ പറയുന്നുണ്ട്. അതുകേട്ട് പലരും കളിയാക്കുകയായിരുന്നു. ഞാന്‍ ഉന്നയിച്ച ഗൗരവമുള്ള വിഷയങ്ങളൊന്നും മനസ്സിലാക്കാതെ,  എന്നെ പരിഹസിക്കാനും എന്റേത് സമ്മര്‍ദ്ദ തന്ത്രമാണെന്നും ഞാന്‍ ആളുകളുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടി ചെയ്യുന്നതാണെന്നുമൊക്കെയായിരുന്നു വിമര്‍ശനം. പബ്ലിസിറ്റി ഹണ്ടിങ്' എന്ന് വരെ പറഞ്ഞവരുണ്ട്.ഈയടുത്തൊരു ട്രോള്‍ വീഡിയോ കണ്ടു. രണ്ടു മാസത്തെ വെക്കേഷന്‍ ആഘോഷിക്കാനാണ് ബിന്ദു അമ്മിണി ഡല്‍ഹിക്ക് പോയതെന്നും വെക്കേഷന്‍ കഴിഞ്ഞാല്‍ ലോ കോളേജില്‍ ജോലിക്കായി തിരിച്ചെത്തുമെന്നും അതില്‍ കണ്ടു. ശരിയാണ്, ഒരു പരിധി വരെ മറ്റ് വരുമാനങ്ങള്‍ ഒന്നുമില്ലാത്ത എന്റെ പ്രിവിലേജ് ഇല്ലായ്മ  ഞാനെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍നിന്നും എന്നെ പുറകോട്ട് പിടിച്ചുവലിച്ചിരുന്നു. വരുമാനം ഒഴിവാക്കുക എന്നത് എനിക്ക് ചിന്തിക്കുന്നതിനും അപ്പുറത്തായിരുന്നു. പക്ഷേ, അതിനൊക്കെ മുകളിലാണ്. അഭിമാനം. അത് വ്രണപ്പെട്ട ഒരു ദളിത് സ്ത്രീയുടെ പോരാട്ടമാണ് കേരളം വിടുക എന്നതിലേക്ക് എന്നെ എത്തിച്ചത്.'

To advertise here,

ണ്ടു മാസം മുന്‍പാണ് ബിന്ദു അമ്മിണി കേരളം വിട്ടത്. ഡല്‍ഹിയിലേക്കായിരുന്നു ആ പറിച്ചുനടല്‍. ആക്ടിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമെന്ന മേല്‍വിലാസത്തിലാണ് ബിന്ദു അമ്മിണിയെ കേരളത്തിന് പരിചയം. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെത്തുടര്‍ന്നാണ് അവര്‍ ശബരിമലയിലെത്തുന്നത്. അതിനെ എതിര്‍ത്തും അനുകൂലിച്ചും കേരളത്തിലാകെ കോലാഹലങ്ങളുണ്ടായി. ഇതിനെത്തുടര്‍ന്ന് നിരവധി തവണ ബിന്ദു അമ്മിണിക്ക് നേരെ ശാരീരികമായ ആക്രമണങ്ങളുണ്ടായി. ആ സംഭവങ്ങളുടെയെല്ലാം ഒടുവിലാണ്, താന്‍ നേരിട്ട അതിക്രമങ്ങളും അതിനോടുള്ള സര്‍ക്കാര്‍ സമീപനത്തിലും പ്രതിഷേധിച്ച് ബിന്ദു അമ്മിണി ജന്മനാട് ഉപേക്ഷിച്ച് ഡല്‍ഹിയില്‍ മറ്റൊരു സമരമുഖത്ത് ജീവിതം തുടങ്ങാന്‍ തീരുമാനിക്കുന്നത്.

എന്തുകൊണ്ടാണ് ജീവിക്കാന്‍ ഡല്‍ഹി തിരഞ്ഞെടുത്തത്?

എന്റെ ഇടപെടല്‍ ആഗ്രഹിക്കാത്ത കേരളത്തില്‍നിന്നും അത് ആവശ്യമുള്ള ഒരു കൂട്ടം ആളുകള്‍ക്കിടയിലേക്കാണ് വന്നത്. ഇവിടെ സമാധാനപൂര്‍വമായ പുതിയ ജീവിതം ഒന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. സാമൂഹിക ഇടപെടലുകള്‍ നടത്താന്‍ കഴിയുന്ന സ്ഥലം എന്നതാണ് പ്രധാനം. വിദേശ രാജ്യങ്ങളിലേതെങ്കിലും ഒന്നിലേക്ക് പോകാന്‍ ആഗ്രഹമുണ്ടായിരുന്നു. പ്രത്യേകിച്ചും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്. എന്നാല്‍, എന്റെ ഇടപെടല്‍ ശരിയായ രീതിയില്‍ നടത്താന്‍ പറ്റിയ ഒരിടത്തേക്ക് എങ്ങനെ എത്തുമെന്ന് നിശ്ചയം ഉണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തത് ദളിത് ടൈംസ് ആണ്. താമസം അവര്‍ ഓഫര്‍ ചെയ്തിരുന്നു. ദളിത് ടൈംസുമായി ബന്ധപ്പെട്ട് ദളിത് ആദിവാസി മേഖലയില്‍ സജീവ ഇടപെടല്‍ നടത്താനാണു തീരുമാനം.ഇവിടെ കുറച്ച് സുഹൃത്തുക്കളൊക്കെയുണ്ട്, അവരില്‍ ചിലര്‍ എനിക്ക് പിന്തുണ നല്‍കുന്നുണ്ട്.

ഇവിടെ കോടതിയില്‍ പ്രാക്ടീസ് ചെയ്യാനും സാമൂഹികപ്രവര്‍ത്തനവും പോരാട്ടവും നടത്താനും സാധിക്കുന്ന സാഹചര്യം ഇപ്പോഴുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള മനോജ് സെല്‍വരാജ് എന്ന സാമൂഹിക പ്രവര്‍ത്തകനായ സുപ്രീം കോടതി അഭിഭാഷകന്റെ ജൂനിയര്‍ ആയാണ് ഡല്‍ഹിയില്‍ പ്രാക്ടീസ് തുടങ്ങിയിട്ടുള്ളത്.
കേരളത്തിലേക്കാള്‍ സ്വീകാര്യതയും ഇവിടെയുണ്ട് എന്നാണ് തോന്നുന്നത്. മാറ്റിനിര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ഇതുവരെ തോന്നിയിട്ടില്ല. എനിക്കെന്തെങ്കിലുമൊക്കെ ചെയ്യാന്‍ പറ്റുന്ന ഇടവും ഇവിടെയാണെന്ന് തോന്നുന്നു. ഭാഷ നന്നായി അറിയാഞ്ഞിട്ടും പ്രശ്‌നങ്ങളുമായി എന്റെ അടുത്തേക്ക് യു.പി., ഡല്‍ഹി നിവാസികളായ ദളിത് സഹോദരങ്ങള്‍ എത്തുന്നുണ്ട്. അവര്‍ക്കൊപ്പം  നില്‍ക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്.

സമാധാനം തേടിയല്ല ഞാന്‍ ഇങ്ങോട്ട് വന്നത്. മാത്രമല്ല, ഡല്‍ഹി കേരളത്തേക്കാള്‍ മികച്ചതാണെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടുമില്ല. കേരളവും മറ്റ് സംസ്ഥാനങ്ങളെപ്പോലെ ആയി മാറിക്കൊണ്ടിരിക്കുകയാണെന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. അങ്ങനെ മാറിക്കൊണ്ടിരിക്കുമ്പോള്‍ എനിക്ക് കേരളവും ഡല്‍ഹിയുമൊക്കെ ഒരേപോലെ തന്നെയാണ്. കേരളത്തില്‍ നിരവധി തവണ ആക്രമിക്കപ്പെട്ടു. വധശ്രമം വരെ ഉണ്ടായി. അതിലെ ഏതെങ്കിലും ഒരു പ്രതിക്ക് എതിരേപ്പോലും ശക്തമായ അന്വേഷണം ഉണ്ടായില്ല.

കേരളം വിട്ടുപോകേണ്ടി വന്നതില്‍ വിഷമമില്ലേ?

നമ്മള്‍ ജീവിച്ചുവളര്‍ന്ന, നമ്മളെ ചുറ്റിപ്പറ്റി കുറെ മനുഷ്യര്‍ ജീവിക്കുന്ന, നമ്മുടെ സൗഹൃദങ്ങളും ബന്ധങ്ങളും ബന്ധുക്കളുമൊക്കെയുള്ള നാട് വിട്ടുപോകുമ്പോള്‍ തീര്‍ച്ചയായും വിഷമം വരും. എനിക്ക് ലോ കോളേജില്‍ അത്യാവശ്യം ജീവിച്ചു പോകാനുള്ള ശമ്പളം കിട്ടുന്ന ജോലിയുണ്ടായിരുന്നു. ഞാനുണ്ടാക്കിയ ചെറിയ വീടുണ്ടായിരുന്നു. കോടതിയില്‍ ചെറിയ രീതിയില്‍ പ്രാക്ടീസുണ്ടായിരുന്നു. ഇതെല്ലാം കളഞ്ഞിട്ടാണ് ഡല്‍ഹിയിലേക്ക് വരുന്നത്. കൈയില്‍ കാര്യമായി ഒന്നുമില്ലാതെയാണ് പുതിയൊരു സ്ഥലത്തേക്ക് എത്തുന്നത്. കിട്ടിയിരുന്ന വരുമാനത്തിന്റെ നാല്‍പത് ശതമാനത്തോളം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ചെലവഴിച്ചിരുന്നയാളാണ് ഞാന്‍. അതെല്ലാം നിന്നു. എന്റെ വരുമാനത്തെ ആശ്രയിച്ച് ജീവിച്ചിരുന്ന ഒരു കുടുംബമുണ്ടായിരുന്നു. അര്‍ബുദബാധിതനായ സഹോദരനുണ്ട്. പ്രായമായ അമ്മയുണ്ട്. ഇപ്പോള്‍ അവരെ സഹായിക്കാന്‍ പറ്റാത്ത സാഹചര്യം വിഷമം ഉളവാക്കുന്നുണ്ട്. ഇങ്ങനെയുള്ള അവസ്ഥയില്‍നിന്ന് മുന്നിലൊരു പ്രതീക്ഷയുമില്ലാതെ തന്നെയാണ് പുതിയൊരു സ്ഥലത്തേക്ക് എത്തുന്നത്. ജോലി കിട്ടിയിട്ടല്ല ഇങ്ങോട്ടേക്കു വരുന്നത്. ഇവിടെ എത്തിയിട്ടാണ് ഒരു ഓഫീസ് കണ്ടുപിടിക്കുന്നത്. താമസിക്കാന്‍  സ്വന്തമായി ഒരു ഇടമില്ല. ഉള്ളത് കുറച്ച് സുഹൃദ്ബന്ധങ്ങള്‍ മാത്രം. ശൂന്യതയിലേക്ക് ഇറങ്ങി വരികയാണ് ഞാന്‍ ചെയ്തത്. അക്കരപ്പച്ച കണ്ട് സമാധാനം തേടി വന്നതാണെന്നും അയ്യപ്പകോപത്താല്‍ നാട് വിട്ടോടേണ്ടി വന്നു എന്നുമൊക്കെ കുബുദ്ധികള്‍ എഴുതി കണ്ടു.ഈ പ്രചാരണങ്ങള്‍ ഒന്നും എന്നെ തളര്‍ത്താന്‍ പര്യാപ്തമല്ല.സ്വാഭാവികമായും കുറെ ബുദ്ധിമുട്ടുകളുണ്ട്. അത് ഒരു പരിധിവരെ മറികടന്നു കൊണ്ടിരിക്കുന്നു.

ഈയൊരു പറിച്ചുനടല്‍ പ്രതീക്ഷിച്ചിരുന്നോ?

ഇത് ഞാന്‍ ആലോചിച്ച് ഉറപ്പിച്ച് എടുത്ത തീരുമാനമാണ്. ഞാന്‍ നേരിടുന്ന പ്രശ്‌നങ്ങളോട് സ്റ്റേറ്റ് സ്വീകരിക്കുന്ന സമീപനത്തോടുള്ള എന്റെയൊരു പ്രതിഷേധമാണിത്. കേരളത്തില്‍ ലിബറല്‍ സ്‌പേസില്‍ ജീവിക്കുന്നവരെങ്കിലും മാനസികമായി എന്നെ പിന്തുണയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പിന്തുണയില്ലെന്നുമാത്രമല്ല, ഒരുതരം ബഹിഷ്‌കരണമാണ് പല ഭാഗങ്ങളില്‍നിന്നും ഉണ്ടായത്. എല്ലാവരെയും അടച്ചാക്ഷേപിക്കുന്നില്ല. ലിബറല്‍ സ്പേസില്‍ ഉള്ള ഒരുപാട് പേര് പല സംഭവങ്ങളിലും പിന്തുണ അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്കില്‍ എന്നെ പിന്തുണച്ച്‌ എഴുതിയിട്ടുണ്ട്. അടുത്ത ചില സുഹൃത്തുക്കള്‍ ഒപ്പം ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. എങ്കിലും പ്രമുഖരായ ചില ലിബറല്‍ നേതൃത്വങ്ങള്‍ ശരിക്കും ഒറ്റപ്പെടുത്തിയിട്ടുണ്ട്.

എന്തിന് പറയുന്നു, കമ്യൂണിസ്റ്റ് നിലപാടുള്ളവരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഇടയില്‍നിന്ന് പോലും അസ്പൃശ്യതയോടെ എന്നെ മാറ്റിനിര്‍ത്തുന്ന അനുഭവമാണുണ്ടായത്. അതിനോടൊക്കെ ഒറ്റയാള്‍ പോരാട്ടം നടത്തി ആ ബഹിഷ്‌കരണത്തെ മറികടക്കുക എന്നതിലേക്ക് എന്റെ ഊര്‍ജം ചെലവഴിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. അതായത് വിശ്വാസി സമൂഹത്തിന്റെ ശത്രുവായ ബിന്ദു അമ്മിണിയെ പിന്തുണക്കുന്നതിലൂടെ വോട്ടു നഷ്ടപ്പെടുമെന്ന് വ്യാകുലപ്പെടുന്ന കുറെ അധികം ആളുകളെ കണ്ടു മടുത്തു. സ്വകാര്യമായി പിന്തുണക്കുന്നു എന്ന് പ്രകടിപ്പിക്കുകയും പരസ്യമായി തള്ളിപ്പറയുകയും ചെയ്യുന്നവരോട് പുച്ഛമേ തോന്നുന്നുള്ളൂ.

ജോലി ചെയ്യാനും മുന്നോട്ടുപോകാനുമൊക്കെയായി ജീവിതത്തിലുടനീളം പലതരം സംഘര്‍ഷങ്ങളിലൂടെ കടന്നുപോകേണ്ടി വന്നൊരാളാണ്. ഈയൊരു അനുഭവങ്ങളില്‍നിന്നൊക്കെ ബിന്ദു എന്താണ് പഠിച്ചത്?

സാമൂഹിക രംഗത്തുള്ള ബഹുഭൂരിപക്ഷമാളുകളും, അവര്‍ എന്‍.ജി.ഒ.കളാണെങ്കിലും സ്വതന്ത്രമായി നില്‍ക്കുന്ന ആളുകളാണെങ്കിലും, സാമ്പത്തികനേട്ടം നോട്ടമിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്, (എല്ലാവരും അല്ല). അവരില്‍ പലരും ഈഗോയിസ്റ്റുകളാണ്. പുതിയ ആളുകള്‍ കടന്നുവരുന്നത് എന്ത് വില കൊടുത്തും തടയുന്നവരാണ്. ഇന്‍ഡിപെന്‍ഡന്റ് ആക്റ്റിവിസ്റ്റായ,  ഞാന്‍ വളരെ അധികം ബഹുമാനിച്ചിരുന്ന ഒരാള്‍ എന്റെ ഒപ്പം സ്റ്റേജ് പങ്കിടാന്‍ താല്പര്യപ്പെടാത്തത് പോലെ തോന്നിയിട്ടുണ്ട്. എപ്പോഴും സത്യസന്ധരായ ആളുകളുമായി സഹകരിക്കാനാണ് ഞാന്‍ ശ്രമിക്കാറ്. പക്ഷേ ചിലപ്പോള്‍ എനിക്കും അബദ്ധം പറ്റാറുണ്ട്. പുതിയ തലമുറയിലുള്ള ആളുകളുമായി ചേര്‍ന്ന് പോകുകയും, സത്യസന്ധരല്ലാത്ത ആളുകളെ മാറ്റിനിര്‍ത്തുകയുമാണ് ഞാന്‍ ചെയ്യുന്നത്. ഇതെല്ലാം അനുഭവങ്ങളില്‍നിന്ന് പഠിച്ചതാണ്. വിദേശ ഫണ്ടൊക്കെ വാങ്ങി പ്രവര്‍ത്തിക്കുന്ന ഒരുപാട് സംഘടനകളുണ്ട്. പക്ഷേ, അവര്‍ വാങ്ങിയ ഫണ്ട് എന്ത് ചെയ്തു എന്നൊന്ന് പരിശോധിക്കാന്‍ തയ്യാറായാല്‍ പലരുടെയും മുഖംമൂടി അഴിഞ്ഞു വീഴും.

സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഒരു പ്രധാന സംഘടന സ്ത്രീകള്‍ക്കിടയിലെ വിഷയങ്ങള്‍ പരിഹരിച്ച് അതിന് കമ്മീഷന്‍ പറ്റുന്നവരായി മാറിയത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. അവരുടെയൊക്കെ നേരത്തെയുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കിയിട്ടാണ് ഞാന്‍ സാമുഹികപ്രവര്‍ത്തന രംഗത്തേക്ക് വന്നത് തന്നെ. അങ്ങനെയുള്ളവര്‍ സ്ത്രീകളെ ചതിച്ചുകൊണ്ട് ഒത്തുതീര്‍പ്പിലേക്ക് തള്ളിവിട്ട് അതില്‍നിന്ന് കിട്ടുന്ന കമ്മീഷന്‍ കൈപ്പറ്റി മുന്നോട്ട് പോകുന്നത് കാണുമ്പോള്‍ വല്ലാതെ വിഷമം തോന്നും.

ബാല്യത്തില്‍ വീട്ടിലെ അന്തരീക്ഷവും ചുറ്റുപാടുകളുമൊക്കെ വിവേചനങ്ങള്‍ നേരിടാതെ വളരാന്‍ സഹായിക്കുന്നതായിരുന്നോ?

കൊല്ലം ജില്ലയില്‍ അച്ചന്‍കോവിലിനടുത്ത് കറവൂരില്‍ ആണ് ഞാന്‍ ജനിച്ചത്. അഞ്ചു വയസ്സുവരെ അവിടെയായിരുന്നു. അമ്മയും അച്ഛനും കുടിയേറ്റ കര്‍ഷകരായിരുന്നു. അവര്‍ക്ക് കുറച്ച് ഭൂമിയുണ്ടായിരുന്നു. കൃഷിയുണ്ടായിരുന്നു.  സ്വാഭാവികമായി മറ്റ് ദളിത് കുടുംബങ്ങളിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഞങ്ങളുടെ ഇടയിലും ഉണ്ടായിരുന്നു. മദ്യപാനത്തിലൂടെ സ്വത്തൊക്കെ വിറ്റു നശിപ്പിച്ചു. കുടുംബമാകെ ദാരിദ്ര്യത്തിലേക്ക് വരുന്ന സമയത്താണ് ഞാന്‍ ജനിക്കുന്നത്. എങ്കിലും പട്ടിണി കിടക്കേണ്ടി വന്നു എന്ന് പറയുന്നില്ല.

അച്ഛന്റെ മദ്യപാനത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളില്‍ അമ്മയ്ക്ക് ഭീകര മര്‍ദനമേല്‍ക്കേണ്ടി വന്നു. അമ്മ അച്ഛനുമായി പിണങ്ങി എന്നെയും ചേച്ചിയെയും കൊണ്ട് മരിക്കാന്‍ വേണ്ടി ഇറങ്ങിയതാണ്. എങ്ങനെയോ ഞങ്ങള്‍ തുടര്‍ന്നും ജീവിച്ചു. ഞങ്ങള്‍ നാടുവിട്ട് പത്തനംതിട്ടയിലാണ് എത്തിയത്. അവിടെ ഓരോ സ്ഥലത്തും മാറിമാറി താമസിച്ചു. ആറാം ക്ലാസിലെത്തുമ്പോഴേക്കും ഞാന്‍ എട്ട് സ്‌കൂളുകളില്‍ പഠിച്ചിട്ടുണ്ട്. ചേച്ചിക്കാവട്ടെ എട്ടാം ക്ലാസോടെ പഠിത്തം നിര്‍ത്തേണ്ടിയും വന്നു. അമ്മ ഒരുപാട് ജോലികള്‍ ചെയ്തിരുന്നു. അഞ്ചു വയസ്സുള്ളപ്പോള്‍ ഞാനും അമ്മയുടെ കൂടെ പണി എടുത്തിട്ടുണ്ട്. ചെറുപ്പം മുതലേ അധ്വാനിച്ച് ജീവിക്കുന്നതിന്റെ അഭിമാനം അനുഭവിച്ചിട്ടുണ്ട്.

പല സ്ഥലങ്ങളിലും മാറിമാറി താമസിക്കുന്നതിനിടയില്‍ പല തരത്തിലുള്ള ആളുകളുമായി ഇടപഴകിയിട്ടുണ്ട്. ഇപ്പോള്‍ പലതും കേള്‍ക്കുമ്പോള്‍ ആ കാലമോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. സ്വന്തം വീടുകളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത കാലമാണിത്. അമ്മാവനും അച്ഛനും ബന്ധുക്കളുമൊക്കെ ലൈംഗികമായി കുട്ടികളെ ഉപദ്രവിക്കുന്നത് മാധ്യമങ്ങളിലൂടെ കാണുമ്പോള്‍ അന്നത്തെ കാലത്ത് അത്രയും അരക്ഷിതമായ അവസ്ഥയിലൂടെ ദേശാടനജീവിതം നയിക്കേണ്ടി വന്നിട്ടും അത്തരത്തിലുളള അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. അന്ന് ഏതൊക്കെയോ തൊഴിലാളിവീടുകളില്‍ അന്തിയുറങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസമില്ലാത്തവരും ദാരിദ്യം ആവശ്യത്തിലേറെ ഉള്ളവരുമായ ആ മനുഷ്യരൊക്കെ ജീവിതത്തില്‍ കാണിച്ചുതന്ന മൂല്യങ്ങള്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല. നാടുവിട്ടുപോയ സമയത്ത് മരണത്തിലേക്ക് ഇറങ്ങിയ ഞങ്ങളെ ഒരു വര്‍ഷത്തോളം കൂടെ നിര്‍ത്തിയവരുണ്ട്. അന്ന് കടന്നുപോയ കുടുംബങ്ങളില്‍ നിന്നെല്ലാം കിട്ടിയിട്ടുള്ളത് നല്ല മൂല്യങ്ങളാണ്. അതൊക്കെ എന്റെ സ്വഭാവം രൂപപ്പെടുത്തിയ കാര്യങ്ങളാണ്. നമ്മള്‍ കാണുന്ന പാവങ്ങളായ മനുഷ്യരുടെ നീതിബോധമൊക്കെ എന്നെ രൂപപ്പെടുത്തിയ സംഗതികളാണ്.

പഠനകാലമൊക്കെ കഷ്ടപ്പാടുകളുടേതായിരുന്നോ?

ഞാന്‍ ഹൈസ്‌കൂള്‍ എത്തുമ്പോഴേക്കും അമ്മ ഓടി നടന്നുള്ള പണി നിര്‍ത്തി ചെറിയ കട തുടങ്ങിയിരുന്നു. അതോടെ ഒരു സ്ഥലത്ത് തന്നെയായി ജീവിതം ഒതുങ്ങി. ആ സമയത്ത് സ്‌കൂളിലൊക്കെ ഞാന്‍ എല്ലാത്തിലും പോയി തലയിടുമായിരുന്നു. റെഡ്‌ക്രോസ്, ഫോറസ്ട്രി ക്ലബ്ബ്, എന്‍.എസ്.എസ്. തുടങ്ങിയവയിലൊക്കെ അംഗമായിട്ടുണ്ട്. പ്രീഡിഗ്രിക്ക് ആദ്യവര്‍ഷം തന്നെ എന്‍.എസ്.എസ്. ലേഡി വളണ്ടിയര്‍ സെക്രട്ടറിയായി. അതിനുശേഷം മലപ്പുറം ഗവണ്‍മെന്റ് വനിതാ പോളിടെക്‌നിക്കില്‍ ചെയര്‍ പേഴ്‌സണായി. ആ സമയത്ത് വ്യക്തിജീവിതത്തില്‍ ചില മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

അന്ന് അതൊക്കെ വലിയ വാര്‍ത്തയായിരുന്നു. പത്തനംതിട്ട ജില്ലയില്‍ ശ്രീലേഖ എന്ന പോലീസ് ഓഫീസര്‍ എനിക്കെതിരെ ഒരു കേസുണ്ടാക്കി. ആ വ്യാജ കേസില്‍ മൂന്ന് ദിവസം എന്നെ ജയിലില്‍ ഇട്ടു. അയ്യങ്കാളി പട സംഭവം നടന്നു കുറച്ചു കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. അവരുടെ പ്രവര്‍ത്തനങ്ങളോ ആശയങ്ങളോ ഒന്നും എന്നെ സ്വാധീനിച്ചിരുന്നില്ല, അങ്ങനെ ഉള്ള സംഘടനകളെ കുറിച്ചൊന്നും എനിക്ക് കാര്യമായി അറിയില്ലായിരുന്നു. അന്നത്തെ മുഖ്യമന്ത്രി നായനാരുടെ നിര്‍ദേശം അനുസരിച്ച് പോലീസ് സൂപ്രണ്ട് ഓഫീസില്‍ വെച്ചുണ്ടായ പ്രശ്നത്തെ അയ്യങ്കാളിപട മോഡല്‍ ആക്രമണം ആക്കാന്‍ ശ്രീലേഖ ശ്രമം നടത്തിയതായി കേട്ടിരുന്നു. അതുമായി ബന്ധപ്പെട്ട് എനിക്ക് ഒരുപാട് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു എങ്കിലും അന്ന് ഒപ്പമുണ്ടായിരുന്ന അഭിഭാഷക  വിജയമ്മയാണ് ഇത് പൊതുശ്രദ്ധയില്‍ കൊണ്ടുവന്നത്.

ആ സംഭവത്തോടെയാണ് ഞാന്‍ സ്ത്രീവേദിയില്‍ എത്തപ്പെടുന്നത്. അവിടെനിന്ന് പിന്നീട് സി.പി.ഐ.എം.എല്ലിലേക്ക് വരുന്നു. ഐ.പി.എസ്. എഴുതിയെടുക്കണമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്ന സമയത്താണ് സി.പി.ഐ.എം.എല്ലിനോട് ആകര്‍ഷണം തോന്നുന്നത്. അങ്ങനെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ കുറെ കാലം നഷ്ടമായി. ആ സമയത്ത് പഠനത്തില്‍ ഒട്ടും ശ്രദ്ധിച്ചതുമില്ല. ഞാന്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയിട്ടുണ്ട്. ആ കാലത്ത് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി സ്ത്രീകളുണ്ടായിരുന്നില്ല. സമ്മേളനത്തില്‍ എന്നെയൊരു കോംപ്രമൈസ് സ്ഥാനാര്‍ത്ഥിയായിട്ടാണ് തിരഞ്ഞെടുത്തത്. എല്ലാ ആളുകള്‍ക്കും സ്വീകരിക്കാന്‍ പറ്റുന്നവര്‍ ഇല്ലാത്തതുകൊണ്ടും ദളിത് സ്ത്രീയും വിദ്യാര്‍ത്ഥിനിയുമായതു കൊണ്ടുമൊക്കെയാവും എനിക്ക് അങ്ങനെയൊരു പരിഗണന തന്നത്.  സെക്രട്ടറിയായി കുറച്ചു കഴിയുമ്പോഴേക്കും അവിടെയും പ്രശ്‌നങ്ങള്‍ തലപൊക്കി. പൊതുസമ്മതത്തോടെയാണ് ഞാന്‍ സ്ഥാനത്തുവന്നതെങ്കിലും അവിടെയുള്ള പലര്‍ക്കും എന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായി. പുരുഷന്മാരായ ആളുകള്‍ കരുതിയത് അവര്‍ പറയുന്ന കാര്യങ്ങളൊക്കെ കേട്ട് നടപ്പാക്കുന്ന ഒരാളാവും ഞാന്‍ എന്നാണ്. പക്ഷേ, സ്വന്തമായി അഭിപ്രായമുള്ള ആളാണെന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്ക് മുന്നോട്ടു പോകാന്‍ പറ്റാതായി. ഇതിനിടയില്‍ പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എനിക്ക് കുറച്ചു കടങ്ങളുണ്ടായി. ഒടുവില്‍ പാര്‍ട്ടിയോട് പൊരുത്തപ്പെടാന്‍ പറ്റാതെ നില്‍ക്കുന്ന അവസ്ഥയില്‍ ഞാന്‍ രാജിവെക്കുകയായിരുന്നു. തുടര്‍ന്നുള്ള പത്തു വര്‍ഷത്തോളം ഇനി ഒന്നും വേണ്ടെന്ന് കരുതി ജീവിച്ചതാണ്. ഒരു ക്ലബ്ബിന്റെ പരിപാടിക്ക് പോലും പങ്കെടുക്കാതെ മാറിനില്‍ക്കുകയായിരുന്നു. ഈ സമയത്താണ് എന്റെ കരിയര്‍ ഉണ്ടാക്കിയെടുക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തിയ ശേഷമാണ് എല്‍.എല്‍.എമ്മിന് ചേരുന്നത്. പിന്നീട് നെറ്റ് പരീക്ഷ ജയിച്ചു. കെ.എം.സി.ടി. ലോ കോളേജില്‍ ജോലി കിട്ടി. സാമ്പത്തിക ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് സ്ഥിരവരുമാനം ആകുമല്ലോ എന്ന ആലോചനയില്‍ അധ്യാപനത്തിലേക്ക് തിരിയുന്നത്.

വളരുന്ന പ്രായത്തിലും പഠനകാലത്തുമൊക്കെ ജാതീയമായ വേര്‍തിരിവുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ?

മുതിര്‍ന്ന പ്രായത്തിലാണ് എനിക്കതൊക്കെ നേരിടേണ്ടി വന്നിട്ടുള്ളത്. ചെറിയ വയസ്സില്‍ വ്യക്തിപരമായ അനുഭവങ്ങള്‍ കുറവാണ്. എന്നാലും ഒരു സംഭവം പറയാം. എന്റെ സഹോദരങ്ങള്‍ക്ക് പ്രകാശന്‍, ശിവദാസന്‍, രമേശന്‍ എന്നൊക്കെയാണ് പേരുകള്‍. ഈ പേരുകള്‍ ഇടാന്‍ പോലും യോഗ്യരല്ല ഞങ്ങള്‍ എന്നൊരു വിചാരമായിരുന്നു നാട്ടിലുളള പലര്‍ക്കും. താഴ്ന്ന സമുദായക്കാര്‍ അത്തരം പേരുകള്‍ ഇടുന്നത് ശത്രുത തന്നെ ഉണ്ടാക്കി. എന്റെ സഹോദരങ്ങള്‍ക്കു ആ പേരുകളിട്ടതുകൊണ്ട് കത്തിക്കുത്ത് വരെ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതൊക്കെ എന്റെ അമ്മയും ആങ്ങളമാരുമൊക്കെ പറഞ്ഞുള്ള അറിവാണ്. അത്തരം ആക്രമണങ്ങള്‍ക്ക് ഇരയായതിന്റെ മുറിപ്പാടുകള്‍ ഞാന്‍ അവരുടെ ദേഹത്ത് കണ്ടിട്ടുമുണ്ട്. പക്ഷേ, നാടുവിട്ടതോടെ ജാതീയമായ പ്രശ്‌നങ്ങള്‍ അധികം ഉണ്ടായിട്ടില്ല. കാരണം അതിനുശേഷം പുലയ സമുദായത്തിലെ ആളുകളില്ലാത്ത സ്ഥലങ്ങളിലാണ് ഞങ്ങള്‍ താമസിച്ചത്. പിന്നീട് സ്‌കൂള്‍ കാലത്താണ് കുട്ടികളുടെ ഇടയില്‍നിന്നും അവരുടെ മാതാപിതാക്കളുടെ ഇടയില്‍നിന്നുമൊക്കെ ദളിത് സമുദായത്തില്‍ പെട്ട ആളുകളെ മൊത്തത്തില്‍ മാറ്റിനിര്‍ത്തുന്നത് കണ്ടിട്ടുള്ളത്. എന്നോട് തന്നെ നിരവധി ആളുകള്‍ ജാതിമനസ്സില്‍ വെച്ച് സംസാരിക്കുമായിരുന്നു. പോളിടെക്‌നിക്കില്‍ ചേരുമ്പോള്‍ അവിടെ യൂണിഫോം സൗജന്യമായി കിട്ടും. ദളിത് സമുദായത്തിലെ തന്നെ ഉയര്‍ന്ന നിലയിലുള്ള ആളുകള്‍ ഈ യൂണിഫോം നാണക്കേടോടെയാണ് വാങ്ങുന്നത്. ആരും കാണാതെ ബാഗില്‍ വെച്ച് മറച്ചുകൊണ്ടു പോവും. ഞാന്‍ പക്ഷേ ദളിത് അല്ലാത്തവരെയും കൂട്ടി പോയാണ് തുണി വാങ്ങുന്നത്. യൂണിഫോം തുന്നി കുട്ടികളെല്ലാം ഒരുമിച്ചിടുന്നതൊക്കെയായിരുന്നു എന്റെ സന്തോഷം. ദളിത് ആണെന്ന് പുറത്തറിഞ്ഞാലുള്ള പ്രശ്‌നങ്ങള്‍ പേടിച്ചിട്ടാണ് മറ്റുള്ളവര്‍ അത് ഒളിച്ചുവെക്കേണ്ടി വരുന്നത്.

ചിലര്‍ സ്റ്റൈപ്പെന്റ് വാങ്ങാതെ ഇരുന്നിട്ടുണ്ട്. അവസാനം വാങ്ങാത്ത ആളുകളുടെ പേര് നോട്ടീസ് ബോര്‍ഡില്‍ ഇടുമ്പോള്‍ എല്ലാവരും അറിയുകയും ചെയ്യും. മുതിര്‍ന്നപ്പോഴാണ് ജാതി എന്നത് കൂടുതല്‍ ഭീകരമാണെന്ന് മനസ്സിലാവുന്നത്. എല്ലായിടത്തും മാറ്റിനിര്‍ത്തപ്പെടുന്നു, വിദ്യാര്‍ത്ഥി സംഘടനകളിലും രാഷ്ട്രീയപാര്‍ട്ടികളിലുമൊന്നും ദളിത് സമുദായത്തിലുള്ളവര്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം കൊടുക്കുന്നുമില്ല.

ഇതിനൊക്കെ എതിരായി ശബ്ദമുയര്‍ത്തിയപ്പോള്‍ എന്തായിരുന്നു സമൂഹത്തിന്റെ പ്രതികരണം?

വിവാഹസമയത്ത് ജാതിയുടെ പേരില്‍ എന്റെ വീട്ടുകാര്‍ എതിര്‍പ്പ് പറഞ്ഞിട്ടുണ്ട്. അവര്‍ പറഞ്ഞൊരു കാരണം ഭര്‍ത്താവിന്റെ കുടുംബം നമ്മുടെ കുടുംബത്തെ അംഗീകരിക്കില്ലെന്നതാണ്. കുടുംബത്തിന്റേതായ എന്തെങ്കിലും കൂടിച്ചേരലൊക്കെയുണ്ടാവുന്ന സമയത്ത് അവര്‍ നമ്മളെ സ്വീകരിക്കില്ല. ആദ്യമത് എനിക്ക് മനസ്സിലായില്ല. പിന്നീടാണ് അതേക്കുറിച്ച് ബോധ്യം വന്നത്. അദ്ദേഹത്തിന്റെ വീട്ടിലെ ചടങ്ങിനൊന്നും എന്റെ വീട്ടുകാരെ കൂട്ടാറുണ്ടായിരുന്നില്ല. അമ്മയെയോ സഹോദരങ്ങളെയോ ക്ഷണിക്കില്ല. നമ്മുടെ വീടുകളില്‍ നടക്കുന്ന പരിപാടികളിലേക്ക് അവര്‍ വരികയുമില്ല. ഈയിടെ എന്റെ ഭര്‍ത്താവ് എഴുതുകയുണ്ടായി. അദ്ദേഹത്തിന്റെ അച്ഛന് ജാതിയുണ്ടായിരുന്നില്ലെന്ന്. ശരിയാണ്, അച്ഛന്റെ ഭാഗത്തുനിന്ന് ജാതീയമായ വേര്‍തിരിവ്  അനുഭവിച്ചിട്ടില്ല. അദ്ദേഹം പുരോഗമന ചിന്തയുള്ള ഒരാളാണ്. കോണ്‍ഗ്രസുകാരനായിരുന്നു. അങ്ങനെയുള്ള ആളുകള്‍ പോലും അവരുള്‍പ്പെടുന്ന സമുദായം പുലയസമുദായത്തേക്കാള്‍ കുറെ മുകളിലാണെന്ന് ചിന്തിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഞാന്‍ എറണാകുളത്തെ ആശുപത്രിയില്‍ പ്രസവിച്ചു കിടക്കുമ്പോള്‍ പോലും അദ്ദേഹത്തിന്റെ കുടുംബത്തില്‍നിന്ന് ഒരാളും എന്നെ കാണാന്‍ വരാതിരുന്നതും എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ട്. അപ്പോള്‍ മിക്കതിന്റെയും അടിസ്ഥാനം ജാതിയാണെന്ന് ചിന്തിച്ചുപോകും.

ഇത്തരം തടസ്സങ്ങള്‍ ഉണ്ടായതുകൊണ്ടുതന്നെ ആഗ്രഹിച്ച പോലെ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടോ?

ഷീ പോയിന്റ് എന്ന പേരില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ സ്ത്രീകള്‍ക്ക് വേണ്ടി വയനാട്ടില്‍ ഞാനൊരു സ്ഥലം ഒരുക്കിയിട്ടുണ്ട്. അവിടെ 700-ലധികം പുസ്തകങ്ങളുണ്ട്. സ്ത്രീകള്‍ക്ക് വന്ന് താമസിക്കാനുള്ള ഇടമുണ്ട്. എല്ലാ ദിവസവും പരീക്ഷാപരിശീലനം നടത്തുന്നുണ്ട് .ആവശ്യക്കാര്‍ക്ക് നിയമസഹായവും നല്‍കും. എന്നാല്‍ ഇതിനൊന്നും വലിയ പിന്തുണയൊന്നുമില്ല. ഒന്നാമത് ഇപ്പോള്‍ എന്റെ കൈയില്‍ പണമില്ല. എന്റെ കുഞ്ഞിന്റെ കാര്യത്തിനോ അമ്മയുടെയോ സഹോദരന്റെയൊ ആവശ്യങ്ങളിലേക്കോ സഹായം നല്‍കുന്നത് തന്നെ രണ്ടു മൂന്ന് മാസത്തേക്ക് നിര്‍ത്തി വെച്ചിരിക്കുകയാണ്.

ആ സമയത്ത് പോലും ഞാന്‍ ഷീ പോയിന്റ് നിലനിര്‍ത്തുന്നുണ്ട്. കൈയിലാകെയുണ്ടായിരുന്ന നാല്‍പതിനായിരം രൂപയെടുത്ത് ഷീ പോയിന്റില്‍ ഒരു കുളിമുറി ഉണ്ടാക്കിയിട്ടുണ്ട്. ഷീ പോയിന്റ് എങ്ങിനെയെങ്കിലും മുന്നോട്ടുകൊണ്ടുപോവണമെന്ന് മാത്രമേ ഞാന്‍ ചിന്തിക്കാറുള്ളൂ. ദിവസവും ഇങ്ങനെയുള്ള നിരവധി സങ്കീര്‍ണ പ്രശ്‌നങ്ങളിലൂടെയാണ് നമ്മള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ജീവിക്കണമെങ്കില്‍ പണിയെടുത്തേ പറ്റൂ. നമുക്ക് കഷ്ടപ്പെടേണ്ടി വരും. ദാരിദ്ര്യത്തില്‍ ജീവിക്കേണ്ടി വരും. വളരെ പരിമിതമായ സൗകര്യങ്ങളില്‍ ചൂടില്‍ ഉരുകിയൊലിച്ച് ജീവിക്കേണ്ടി വരും. ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാനീ പാത തിരഞ്ഞെടുത്തത്.

ശബരിമല പ്രവേശനമാണോ നിങ്ങളുടെ അവസ്ഥ കൂടുതല്‍ രൂക്ഷമാക്കിയത്?

അങ്ങനെ ചോദിച്ചാല്‍, ഒരുപരിധി വരെ അതേയെന്ന് പറയേണ്ടി വരും. 2011-നു ശേഷം രാഷ്ട്രീയ പ്രവര്‍ത്തനമെല്ലാം നിര്‍ത്തിയ ആളായിരുന്നു ഞാന്‍. ഇനി ജോലിയില്‍ ശ്രദ്ധിക്കാമെന്നും ജീവിക്കാനുള്ള കാശെങ്കിലും ഉണ്ടാക്കാം എന്നും വിചാരിച്ച് എല്ലാത്തില്‍നിന്നും മാറിനില്‍ക്കുകയായിരുന്നു. പലര്‍ക്കുമൊരു ചോദ്യമുണ്ട്. നിങ്ങളെ പിണറായി വിജയനും സി.പി.എമ്മും കൈയൊഴിഞ്ഞതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന്?  ഈ പറഞ്ഞവരൊന്നും എന്റെ കൈ പിടിച്ചിട്ടില്ലെന്നതാണ് അവരോടുള്ള എന്റെ മറുപടി. ശബരിമലയിലേക്ക് പോകുന്നതിന് മുന്നേ അവരെന്റെ കൈപിടിച്ചിട്ടില്ല. അവിടെനിന്ന് വന്ന ശേഷം കൈപിടിച്ചോ എന്ന് ചോദിച്ചാല്‍ താമസിക്കാനൊരു മുറിപോലും കിട്ടാതെ നിന്നപ്പോള്‍ സി.പി.എം. അനുഭാവിയായ ഒരാളുടെ വീട് കണ്ടെത്തി തന്നിട്ടുണ്ട്. എല്ലാവരും കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ കാശ് കൊടുത്താണ് ഞാന്‍ ആ വീട്ടില്‍നിന്നതുപോലും.

തുടക്കത്തില്‍ ഞാന്‍ കോളേജില്‍ പോകുന്ന സമയത്ത് ആക്രമിക്കപ്പെടാതിരിക്കാന്‍ ഡി.വൈ.എഫ്.ഐയുടെ ഭാഗത്തുനിന്നൊരു ശ്രദ്ധയുണ്ടായിരുന്നു. അതിപ്പോള്‍ ആരായാലും ഇവര്‍ ചെയ്യുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഇതല്ലാതെ ഏതെങ്കിലും തരത്തില്‍ കൈ പിടിക്കുകയോ കൈയൊഴിയുകയോ ചെയ്തിട്ടില്ല. ശബരിമലയില്‍ പോയി വന്നശേഷം അവരുമായി ബന്ധമുള്ള ഒരു വേദിയിലേക്കും എന്നെ ക്ഷണിച്ചിട്ടില്ല. അവരോട് എന്തെങ്കിലും തരത്തില്‍ അനുഭാവമുള്ള ആരെങ്കിലും അബദ്ധത്തില്‍ എന്നെ ക്ഷണിച്ചിട്ടുണ്ടെങ്കില്‍ പോലും ആ പരിപാടി മാറ്റിവെക്കാറാണ് പതിവ്. കോഴിക്കോട് ബീച്ചില്‍ എനിക്കെതിരായ ആക്രമണമുണ്ടായപ്പോള്‍ മാത്രമാണ് അതിനോട് പ്രതിഷേധമറിയിച്ച് ചില വര്‍ഗബഹുജന സംഘടനകള്‍ രംഗത്ത് വന്നത്. അല്ലാതെ ഒരു ഘട്ടത്തില്‍പോലും ആരുമുണ്ടായിട്ടില്ല. എന്റേതെന്ന് പറഞ്ഞ് ഒരു അശ്ലീലവീഡിയോ പ്രചരിപ്പിച്ചിരുന്ന ഘട്ടത്തില്‍പോലും അതിനെതിരായി ഇവരെന്തെങ്കിലും ചെയ്തതായി കണ്ടിട്ടില്ല. പ്രതിയെ കണ്ടുപിടിക്കാത്തത് പോകട്ടെ, അത് എന്റേതല്ലെന്ന് പറയാനുള്ള റിപ്പോര്‍ട്ട് പോലും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എനിക്കേറ്റവുമധികം മാനസികപ്രശ്‌നമുണ്ടാക്കിയ സംഭവങ്ങളിലൊന്നായിരുന്നു അത്.

എന്റെ പേരിലൊരു വീഡിയോ ഇറങ്ങുകയും അത് കാണുന്ന കുട്ടികള്‍ക്ക് മുന്നില്‍ ചെന്ന് ക്ലാസെടുക്കേണ്ടിയും ചെയ്യേണ്ടി വന്നിട്ടുണ്ട്. പക്ഷേ മൂന്ന് നാല് ദിവസംകൊണ്ട് ഞാനാ വിഷമം അതിജീവിച്ചു. അത് ഞാന്‍ അല്ലെന്ന് എനിക്കറിയാം. പിന്നെയെന്തിന് അതോര്‍ത്ത് വിഷമിക്കണമെന്നായിരുന്നു ചിന്തിച്ചത്. ആ സമയത്ത് വിദ്യാര്‍ത്ഥികള്‍ എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. അവര്‍ എന്റെ ഒപ്പം നിന്നു. എന്നെ അറിയുന്നവര്‍ക്കിടയില്‍ അത് ഞാനല്ലെന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലായിരുന്നു. ഞാന്‍ താമസിക്കുന്ന പ്രദേശത്തെ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് പോലും എന്നോട് ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. ആ പ്രദേശത്തെ മനുഷ്യര്‍ക്കിടയില്‍നിന്ന് എനിക്ക് യാതൊരു ആക്രമണവും നേരിടേണ്ടി വന്നിട്ടുമില്ല.

പോലീസ് സംരക്ഷണമൊക്കെ ഏര്‍പ്പെടുത്തിയിരുന്നല്ലോ കുറെക്കാലം?

കേരളത്തില്‍ കിട്ടുന്ന പോലീസ് സംരക്ഷണത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? അതിനെക്കുറിച്ച് പറയാതിരിക്കാനാവില്ല. ആദ്യം എന്റെ കൂടെയുണ്ടായിരുന്നത് വനിതാപോലീസായിരുന്നു. പക്ഷേ ഞാനൊരു സ്ത്രീയായതിനാലും സ്ത്രീപക്ഷ നിലപാടുള്ളയാളായതിനാലും അവര്‍ വേണ്ടെന്ന് അറിയിക്കുകയായിരുന്നു. വീട്ടിലെ ജോലികളെല്ലാം തീര്‍ത്ത് കഷ്ടപ്പെട്ടാണ് പാവങ്ങള്‍ എന്റെ അടുത്തേക്ക് വരുന്നത്. ഇവിടെ വന്നിട്ട് 24 മണിക്കൂര്‍ കാവല്‍ നില്‍ക്കണം. കൊച്ചുകുഞ്ഞുങ്ങളുള്ളവരെ അടക്കം ഡ്യൂട്ടിക്ക് വിടുന്നുണ്ട്. അതൊക്കെ കഷ്ടമല്ലേ എന്ന് തോന്നിയപ്പോള്‍ സ്ത്രീകള്‍ വേണ്ടെന്ന് ഞാന്‍ അറിയിക്കുകയായിരുന്നു. അതിനു ശേഷം രണ്ട് പുരുഷന്‍മാരാണ് വന്നത്. നല്ല മനുഷ്യരായിരുന്നു. ഒരു സഹോദരിയെപ്പോലെയാണ് അവര്‍ എന്നെ കണ്ടത്. കേരളത്തില്‍ പ്രളയം വന്നപ്പോള്‍ പോലീസ് സംരക്ഷണം വേണ്ടെന്ന് ഞാന്‍ എഴുതിക്കൊടുത്തു. എന്റെ ജീവനേക്കാള്‍ പ്രധാനമാണല്ലോ പ്രളയം നേരിടുന്നത്. എങ്കിലും ഞാന്‍ ആവശ്യപ്പെടുന്ന സമയത്ത് അനുവദിക്കണമെന്നാണ് എഴുതിക്കൊടുത്തിരുന്നത്. അതിനു ശേഷമാണ് എനിക്കുനേരെ പെപ്പര്‍ സ്‌പ്രേ ആക്രമണമുണ്ടാവുന്നത്. അപ്പോള്‍ ഞാന്‍ സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും തന്നില്ല. പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ സംരക്ഷണം നല്‍കാനാണ് പോലീസ് പ്രൊട്ടക്ഷന്‍. അപ്പോഴത് കിട്ടിയില്ലെങ്കില്‍ കാര്യമില്ലല്ലോ. ഞാനിപ്പോള്‍ എറണാകുളത്തു പോകണം എന്നുപറഞ്ഞാല്‍ അവര്‍ വേഗമൊരു നോട്ടീസ് അടിച്ചുതരും. പ്രശ്‌നമുള്ളതുകൊണ്ട് പോകാന്‍ സാധ്യമല്ലെന്നാവും അതിലെ ഉത്തരവ്. അവിടെ എന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. അതോടെ അവരില്ലാതെ പോകേണ്ട ഒരു സാഹചര്യത്തിലേക്ക് ഞാന്‍ നിര്‍ബന്ധിതയായി എത്തപ്പെട്ടു.

പെപ്പര്‍ സ്‌പ്രേ ആക്രമണം നടക്കുന്ന സമയത്ത് പോലീസിന്റെ ഭാഗത്തുനിന്ന് എനിക്ക് ഭീകരമായ പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്. മുഖമാകെ പുകഞ്ഞുനില്‍ക്കുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥ അവരുടെ നഖം വെച്ച് എന്റെ കഴുത്തില്‍പിടിച്ച് മുറിവുണ്ടാക്കി. പെപ്പര്‍സ്‌പ്രേ വെറുതെ മുഖത്ത് വീണാല്‍ പോലും ഭയങ്കര പൊള്ളലാണ്. അതിനൊപ്പം മുറിവ് കൂടെ ഉണ്ടാക്കിയാലുള്ള അവസ്ഥ ആലോചിച്ച് നോക്കൂ. അതിനുശേഷം ആസ്പത്രിയിലെത്തിയ സമയത്ത് കണ്ണ് കാണുന്നുണ്ടായിരുന്നില്ല. ആ അവസ്ഥയിലുള്ള ഒരാള്‍ക്ക് ഒരു വീല്‍ച്ചെയര്‍ എങ്കിലും തരണ്ടെ. പക്ഷേ നൂറുമീറ്ററിലധികം ദൂരം എന്നെ നടത്തിയാണ് കൊണ്ടുപോയത്.

പുകച്ചില്‍ മാറാനായി ഒന്ന് കുളിക്കണം എന്ന് പറഞ്ഞപ്പോള്‍ പോലീസുകാര്‍ വാതില്‍ അടയ്ക്കാന്‍ സമ്മതിക്കുന്നില്ല. എന്റെ കഴുത്തില്‍ മുറിവുണ്ടാക്കിയ സ്ത്രീ പുറത്തുനിന്ന് അസ്വസ്ഥതയോടെ പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. എന്റെ കൈയില്‍ വേറെ വസ്ത്രമില്ല. ഇട്ടിരിക്കുന്ന വസ്ത്രം ബക്കറ്റില്‍ ഇട്ട് കഴുകി ഉണക്കി ധരിക്കണം. വേറെ വഴിയില്ല. ഇത്രയും ഭീകരാവസ്ഥയില്‍നില്‍ക്കുന്ന എനിക്ക് ശരിക്കുള്ള ചികിത്സ തരാനോ വേണ്ട രീതിയിലുള്ള കെയര്‍ തരാനോ ഒന്ന് കിടക്കാനുള്ള സ്ഥലം തരാനോ ഒന്നും അവര്‍ തയ്യാറായില്ല. നിരവധി സുഹൃത്തുക്കള്‍ പുറത്ത് നില്‍പ്പുണ്ടായിരുന്നു. ഒരാളെപ്പോലും എന്നെ കാണാന്‍ അനുവദിച്ചില്ല. എന്നെയൊരു പ്രതിയെപ്പോലെയാണ് കൈകാര്യം ചെയ്തത്. അതേസമയം, ആക്രമണം നടത്തിയ ആളെ നല്ല സുഖസൗകര്യത്തിലാണ് കൊണ്ട് പോയത്. എന്നെ ഒരു കുടുസ്സ് മുറിയില്‍ തടഞ്ഞുവെച്ചു. പുകച്ചില്‍ മാറാന്‍ കലാമിന്‍ ലോഷന്‍ പോലും തന്നില്ല. അവസാനം ഇവരിങ്ങനെ ചെയ്തു എന്ന് എനിക്ക് പറയേണ്ടി വന്നു. അപ്പോഴാണ് അവരെ ഡ്യൂട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തിയത്.

ആ സമയത്താണെങ്കില്‍ എന്റെ ഫോണ്‍ പ്രവര്‍ത്തിക്കുന്നുമില്ല. അത് ബ്ലോക്ക് ചെയ്യപ്പെട്ടതാണോ എന്നറിയില്ല. ഒടുവില്‍ സഹികെട്ട് എനിക്ക് ചികിത്സ കിട്ടുന്നില്ലെന്ന് പറഞ്ഞ് ഞാന്‍ ലൈവ് ഇടുമെന്ന് പറഞ്ഞപ്പോഴാണ് എനിക്കൊരു കലാമിന്‍ ലോഷന്‍ കൊണ്ടുവന്നു തന്നത്. ആ സമയത്ത് അവിടത്തെ ബി.ജെ.പി. അനുഭാവിയായ ഒരു ജീവനക്കാരന്‍ വന്നിട്ട് ഇത് ഞങ്ങളുടെ സ്ഥലമാണ്, ഇവിടെനിന്ന് പോകണം എന്നുപറഞ്ഞ് വലിയ പ്രശ്‌നമുണ്ടാക്കി. അപ്പോള്‍ പോലും എന്നെ സുരക്ഷിതമായൊരു സ്ഥലത്തേക്ക് മാറ്റിയിട്ടില്ല. എന്നെ അവിടെ തടഞ്ഞുവെക്കുകയാണ് ചെയ്തത്. നിങ്ങളോര്‍ക്കണം, കേരളത്തിലെ പോലീസ് സുരക്ഷയിലാണ് ഇതൊക്കെ നടന്നതെന്ന്.

നമ്മുടെ സമൂഹത്തില്‍ കുടുംബത്തിന് അകത്തും പുറത്തും സ്ത്രീകള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധികള്‍ എന്തൊക്കെയാണ്?

കുടുംബം എന്ന സംവിധാനം താങ്ങിനിര്‍ത്തേത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നാണ് സ്ത്രീകള്‍ പോലും വിശ്വസിച്ചിരിക്കുന്നത്. ആ രീതിയിലാണ് അവരെ വളര്‍ത്തിയെടുത്തിരിക്കുന്നത്. എന്റെ മോള്‍ക്കിപ്പോള്‍ പതിനാറ് വയസ്സായി. അവളോട് ഞാന്‍ പറയുന്നത് വിവാഹം എന്ന സംവിധാനത്തിലേക്കൊന്നും പോകാത്തതാണ് നല്ലതെന്നാണ്. വിദ്യാഭ്യാസത്തിനും ജോലിക്കുമാണ് സ്ത്രീകള്‍ പ്രാധാന്യം കൊടുക്കേണ്ടത്. അതുപോലെയാണ് അവരുടെ പാഷനും. സ്വന്തമായി നമുക്കൊരു ഇടവും വേണം. ഒറ്റമുറി ആണെങ്കിലും മതി. അത് വിവാഹത്തിന് മുന്നേ തന്നെ ഉണ്ടായിരിക്കണം. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് കയറിച്ചെല്ലുന്നത് ഒഴിവാക്കണം. നിലവില്‍ വിവാഹം കഴിഞ്ഞൊരു സ്ത്രീക്ക് ഒറ്റക്ക് നില്‍ക്കാനുള്ള അവകാശമില്ല. പ്രസവവും മുലയൂട്ടലും മാത്രമാണ് ഒറ്റയ്ക്ക് ചെയ്യാനുള്ളൂ. ബാക്കിയെല്ലാം പുരുഷന്‍മാര്‍ക്കും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളാണ്. ജോലി ചെയ്യുന്ന ഭാര്യയും ഭര്‍ത്താവുമാണെങ്കില്‍ ഭര്‍ത്താവിന്റെ ശമ്പളം വണ്ടിയുടെയോ വീടിന്റെയോ ലോണ്‍ തിരിച്ചടവിലേക്കും സ്ത്രീകളുടെ ശമ്പളം പച്ചക്കറിയും മീനും ഇറച്ചിയും വാങ്ങാനും കുട്ടിയുടെ ട്യൂഷന്‍ ഫീ അടയ്ക്കാനുമൊക്കെയാണ് ചെലവാക്കപ്പെടുന്നത്. അതെവിടെയും കണക്കാക്കപ്പെടുന്നില്ല. നാളെയൊരു വിവാഹമോചനമുണ്ടായാല്‍ പോലും സ്ത്രീയുടെ കൈയില്‍ ഒന്നും ബാക്കിയുണ്ടാവില്ല. വീടും കാറും സ്ഥലവുമൊക്കെ പുരുഷന്റേതാണ്. സ്ത്രീകള്‍ ഇന്‍ഡിപെന്‍ഡന്റാവുക എന്നതാണ് പ്രധാനം. അതിനു ശേഷം മാത്രം വിവാഹത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതി. ഈയൊരു സാഹചര്യത്തില്‍ കൂടെയാണ് ഞാന്‍ സ്ത്രീകള്‍ക്കുവേണ്ടി ഒരിടം എന്ന ചിന്തയിലേക്കെത്തുന്നത്. ഷീ പോയിന്റ് അവരുടെ സ്വന്തം ഇടമാണ്. എന്റേതാണെന്ന് പറഞ്ഞുകൊണ്ട് അവര്‍ക്ക് അങ്ങോട്ട് കടന്നുവരാം. ആര്‍ക്കു വേണമെങ്കിലും സൗജന്യമായി വന്ന് നില്‍ക്കാം. മീറ്റിങ് നടത്താം. ഒരു സ്ത്രീ എനിക്ക് കയറിപ്പോവാന്‍ ഇടമില്ലെന്ന് വിഷമിച്ച് ആത്മഹത്യ ചെയ്യാന്‍ പുറപ്പെട്ടാല്‍ അവര്‍ക്ക് എനിക്കൊരു ഇടമുണ്ടെന്ന് പറഞ്ഞ് വരാന്‍ പറ്റുന്ന സ്ഥലമാണ് ഷീപോയിന്റ്. അങ്ങനെയൊരാള്‍ വന്ന് നിന്നാല്‍ പോലും ലക്ഷ്യം വിജയിച്ചതായി കരുതുന്നയാളാണ് ഞാന്‍.

ഷീ പോയിന്റ് പോലെ ഇനി മുന്നിലുള്ള ലക്ഷ്യങ്ങള്‍?

എന്റെ ഫോക്കസ് ഗ്രൂപ്പ് ട്രൈബ്, ദളിത്, സ്ത്രീകള്‍ എന്നിവരാണ്. അവരുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഞാന്‍ കൂടുതലായും ഇടപെടുന്നത്. പ്രധാനമായും വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളാണ് മുന്നിലുള്ള ലക്ഷ്യം.

ഒരു കുടുംബജീവിതം തിരഞ്ഞെടുക്കുമ്പോള്‍ ഇത്തരം കാര്യങ്ങളിലൊക്കെ ശ്രദ്ധ ചെലുത്തിയിരുന്നോ?

ആദ്യം തന്നെ എന്റെ സ്വഭാവം എന്തൊക്കെയാണെന്ന് ഞാന്‍ ഹരിയോട് പറഞ്ഞിരുന്നു. അതിനു ശേഷമാണ് റിലേഷന്‍ഷിപ്പിലേക്ക് വരുന്നത്. ലളിതമായിരിക്കണം വിവാഹചടങ്ങുകളെന്ന് ആദ്യമേ പറഞ്ഞു. വിവാഹത്തിന് വരുന്ന അതിഥികളോട് ചടങ്ങ് കഴിഞ്ഞ ശേഷം നമുക്ക് ഒരുമിച്ച് സംസാരിക്കാന്‍ പറ്റണമെന്നും ഹരിയോട്  പറഞ്ഞിരുന്നു. അതൊന്നും നടന്നില്ല. അദ്ദേഹം വലിയൊരു മാല ഉണ്ടാക്കി കൊണ്ടുവന്നു. വിവാഹചടങ്ങ് കഴിഞ്ഞപ്പോഴേക്കും വന്നവരെല്ലാം പിരിഞ്ഞുപോയി. അങ്ങനെ ചടങ്ങ് കഴിഞ്ഞു. പക്ഷേ, പണ്ടേ ഞങ്ങള്‍ തമ്മില്‍ പറഞ്ഞിട്ടുണ്ട്, എപ്പോഴാണോ നമുക്ക് പിരിയാന്‍ തോന്നുന്നത്, അപ്പോള്‍ പിരിയാമെന്ന്. അങ്ങനെയാണ് ഞങ്ങളീ റിലേഷന്‍ഷിപ്പിലേക്ക് വന്നതും. അല്ലാതെ അവസാനശ്വാസം വരെ ഒരുമിച്ച് ജീവിക്കാം എന്ന് പറഞ്ഞിട്ടല്ല ബന്ധം തുടങ്ങിയത്.