പോലീസിൽ വനിതകളെ ആശ്ചര്യത്തോടെ കണ്ടിരുന്ന എൺപതുകളിലാണ് ബി. സന്ധ്യയെന്ന പാലാക്കാരി ഐ.പി.എസ്. നേടുന്നത്, 1988-ൽ. കണ്ണൂർ വളപട്ടണം പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫിസറായി ഔദ്യോഗിക ജീവിതം തുടങ്ങിയ സന്ധ്യ 34 വർഷവും പത്തു മാസവും നീണ്ട  സേവനത്തിനൊടുവിൽ  ഇന്ത്യൻ പോലീസ് സർവീസിൽനിന്ന് വിരമിച്ചിരിക്കുന്നു. രാഷ്ട്രപതിയുടെ പോലീസ് മെഡൽ ഉൾപ്പടെയുള്ള അംഗീകാരങ്ങൾ, ജിഷ കൊലപാതകം ഉൾപ്പടെയുള്ള പ്രമാദമായ കേസുകളുടെ അന്വേഷണം, ഫയർഫോഴ്സ് മേധാവിയായിരിക്കേ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം, താനൂർ ബോട്ടപകടം തുടങ്ങിയ ദുരന്തങ്ങളെ കൈകാര്യം ചെയ്ത രീതി, ജനമൈത്രി ഉൾപ്പടെയുള്ള പദ്ധതികളുടെ നടത്തിപ്പ്.... ബി.സന്ധ്യയെന്ന ഐ.പി.എസ്. ഉദ്യോഗസ്ഥയുടെ പേരിനൊപ്പം കാലം ചേർത്തുവായിക്കുക ഇന്ത്യൻ പോലീസ് സർവീസിന്റെ ചരിത്രം കൂടിയായിരിക്കും. ഒരു പാലാക്കാരി ഐ.പി.എസിലേക്കെത്തിയ വഴികളെ കുറിച്ച് സംസാരിക്കുകയാണ് ഇടശ്ശേരി പുരസ്‌കാരം നേടിയ സാഹിത്യകാരികൂടിയായ ബി. സന്ധ്യ

To advertise here,

കണ്ണൂർ വളപട്ടണം പോലീസ് സ്‌റ്റേഷനിൽ എസ്.എച്ച്.ഒ. ആയിട്ടാണ് തുടക്കം. അവിടന്നങ്ങോട്ട് ഡി.ജി.പി. വരെ എത്തിനിൽക്കുന്ന പദവികൾ, ജിഷ കൊലക്കേസ് പോലുള്ള പ്രമാദമായ കേസുകളുടെ അന്വേഷണ ചുമതല, രാഷ്ട്രപതിയുടെ പോലീസ് മെഡൽ ഉൾപ്പടെയുള്ള നിരവധി അംഗീകാരങ്ങൾ...  നീണ്ട സേവനത്തിന് ശേഷം പടിയിറങ്ങുമ്പോൾ എത്രത്തോളം ചാരിതാർഥ്യമുണ്ട്? 

സന്തോഷമുണ്ട്. 34 വർഷവും പത്തു മാസവും ഏതാണ്ട് 35 വർഷം...! ചാരിതാർഥ്യമുണ്ട്. ഇപ്പോൾ ഫ്രീ ബേഡായി. 

1988 ഐ.പി.എസ്. ബാച്ചിൽനിന്ന് ഫയർഫോഴ്‌സ് മേധാവിയായി വിരമിക്കുന്നതുവരെയുള്ള ആ യാത്ര ബി. സന്ധ്യയെ ഒരു ഓഫീസർ എന്ന നിലയിലും വ്യക്തിപരപമായും രൂപപ്പെടുത്തുന്നതിൽ എത്രത്തോളം പങ്കുവഹിച്ചിട്ടുണ്ട്? 

ഒരുപാട്. ഐ.പി.എസ്. ആണ് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയിരിക്കുന്നത് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. നാഷണൽ പോലീസ് അക്കാദമിയിലെ പരിശീലനം മുതൽ ആദ്യ പോസ്റ്റിങ് വരെ.. അന്നുതൊട്ട് പടിയിറങ്ങുന്നത് വരെയുള്ള ഓരോ ജോലിയിലും ഞാൻ എന്തെങ്കിലും എന്തെങ്കിലും ഒക്കെ പുതുതായി പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. പുതുതായി പഠിക്കാൻ ഒരുപാട് അവസരം കിട്ടിയിട്ടുണ്ട്. ഏത് പോസ്റ്റിൽ എവിടെയിരുന്നാലും. പരിശീലന കാലം മുതൽ ഇങ്ങോട്ട് എടുത്ത് നോക്കിക്കഴിഞ്ഞാൽ വൈവിധ്യമാർന്ന ജോലി. ഇത്രയും ആളുകളുടെയടുത്ത് ഇടപഴകാൻ കഴിയുന്ന മറ്റൊരു ജോലി എനിക്ക് കിട്ടുമായിരുന്നെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് അന്നത്തെ എന്നെ ഇന്നത്തെ ഞാനാക്കിയതിൽ ഇന്ത്യൻ പോലീസ് സർവീസിനുള്ള പങ്ക് വളരെ വലുതാണ്. 

ഒരു ഐ.പി.എസ്. ഓഫീസറുടെ ഓരോ ദിവസവും എത്രത്തോളം വെല്ലുവിളികൾ നിറഞ്ഞതാണ്? 

ഓരോ ദിവസവും എന്തെങ്കിലും ഒക്കെ സംഭവിച്ചേക്കാം. ലോ ആൻഡ് ഓർഡറിൽ ആണെങ്കിൽ പ്രത്യേകിച്ചും. അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നതെന്ന്‌ നമുക്ക് അറിയാൻ പറ്റില്ല. ഒരു ഉദാഹരണം പറയാം. ഞാൻ വിരമിക്കുന്നതിന് കുറച്ച് ദിവസം മുമ്പാണ് താനൂരിൽ വലിയ ബോട്ടപകടം ഉണ്ടാകുന്നത്. ജോലി കഴിഞ്ഞെത്തി രാത്രിയിൽ വിശ്രമിക്കുമ്പോഴാണ് ഞങ്ങളുടെ ഫയർഫോഴ്‌സ് ഗ്രൂപ്പിൽ മെസേജ് വരുന്നത്. അക്കാര്യം ശ്രദ്ധിച്ച് കുറച്ചുകഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി സംഗതി ഗൗരവമുള്ളതാണെന്ന്. അപ്പോൾ തന്നെ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം ഏത് ട്രെയിനാണ് ഇനി അങ്ങോട്ടുള്ളതെന്ന് അന്വേഷിച്ച് ടിക്കറ്റ് എടുത്ത് ഉടൻ അങ്ങോട്ട് തിരിക്കാനുള്ള ശ്രമങ്ങളിലായിരുന്നു. അവിടെ നമുക്ക് ശ്വാസം വിടാനുള്ള അവസരം ഇല്ല. 

സംഭവസ്ഥലത്ത് എന്താണ് നടക്കുന്നതെന്ന് നിരീക്ഷിച്ചു കൊണ്ടിരിക്കണം, അത് സർക്കാരിനെ അറിയിക്കണം, പോകാനുളള തീരുമാനമെടുക്കണം, എത്രയും വേഗം യാത്ര തിരിക്കണം. അവിടെ ചെന്ന് അത് നേരിട്ട് മോണിറ്റർ ചെയ്യുമ്പോൾ മാത്രമേ സമാധാനമുള്ളൂ. അതുവരെ അതിനെകുറിച്ച് തന്നെയായിരിക്കും  ചിന്ത മുഴുവനും. ഒരു സാധാരണ ദിവസത്തെ വൈകുന്നേരം പോലെ വീട്ടിലെത്തി കുടുംബവുമൊത്ത് വിശ്രമിക്കുമ്പോഴാണ് അതെല്ലാം പെട്ടെന്ന് മാറുന്നത്. സർവീസിലുളള അവസാന ദിവസം വരെ എന്തെങ്കിലുമൊക്കെ സംഭവിച്ചുകൊണ്ടിരുന്നിരുന്നു. ഇതെല്ലാം മറ്റുള്ള ജോലിയിൽനിന്ന് വ്യത്യസ്തമാണ്. വെല്ലുവിളി നിറഞ്ഞ ജോലികൾ നിരവധി ഉണ്ടാകാം. പക്ഷേ, അവർക്കൊന്നും ഇങ്ങനെ സ്‌പോട്ടിലേക്ക് ഓടിയെത്തേണ്ട, ജനങ്ങളുടെ സുരക്ഷിതത്വത്തിൽ ഇത്രയും ഉത്കണ്ഠരാകേണ്ട മറ്റേത് ജോലിയാണ് ഉള്ളത്! പോലീസ് ജോലിയുടെ ഒരു പ്രത്യേകതയായി എനിക്ക് തോന്നിയത് അതാണ്. ഫയർഫോഴ്‌സ് അതിന്റെ തുടർച്ചയായിരുന്നു. കാരണം ഫയർഫൈറ്റിങ് അല്ലെ അവിടെ.. എന്ത് ദുരന്തമുണ്ടായാലും രക്ഷിക്കാനായി ഓടിയെത്തുക എന്നുള്ള ജോലിയായിരുന്നു. 

ലോ ആൻഡ് ഓർഡറാണോ കൂടുതലും ത്രില്ലിങ് ആയിട്ടുള്ളത്? 

ലോ ആൻഡ് ഓർഡറിൽ മാത്രം ഇരുന്നാൽ പോര. ഏത് ഓഫീസറും പരുവപ്പെടണമെങ്കിൽ എല്ലാ മേഖലകളിലും ജോലി ചെയ്യാനാകണം. പോലീസ് ഹെഡ്ക്വാട്ടേഴ്‌സിൽ ഇരുന്നാലേ എങ്ങനെയാണ് പോലീസ് ഫോഴ്‌സ് ഫങ്ഷൻ ചെയ്യുന്നത് എന്ന് പഠിക്കാനാവൂ. അതുപോലെ ക്രൈംബ്രാഞ്ചിലിരിക്കുമ്പോൾ പ്രത്യേക പ്രാധാന്യമുള്ള കേസുകൾ പലതും അന്വേഷിക്കാനായിട്ട് വരും. അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അന്വേഷിക്കാനുള്ള അവസരം ലഭിക്കും. 

ഞാൻ കേരളത്തിലെ ആദ്യത്തെ ട്രാഫിക് ഐ.ജിയായിരുന്നു. നിങ്ങളൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ടായിരിക്കും ഒരു പപ്പു സീബ്രയെ. ജനങ്ങൾ ഒരുപക്ഷേ അതുമാത്രമായിരിക്കും ഓർക്കുന്നുണ്ടായിരിക്കുക.  ട്രാഫിക് ജനങ്ങളുമായിട്ട് വളരെ ബന്ധമുള്ള ഒരു ജോലിയല്ലേ. അന്ന് ഒരുപാട് പ്രവർത്തനങ്ങൾ അതുമായി ബന്ധപ്പെട്ട് ചെയ്യാൻ സാധിച്ചു. ബറ്റാലിയനിൽ ഇരിക്കുമ്പോൾ ട്രെയിനിങ് എ.ഡി.ജി.പിയുടെ ചുമതലയായിരുന്നു. ഇലക്ഷൻ വന്നുകഴിഞ്ഞാലുള്ള മൂവ്‌മെന്റ് വേറെയാണ്. ഇതെല്ലാം പഠിക്കേണ്ടത് ഒരു ഓൾ റൗണ്ടർ പോലീസിന് ആവശ്യമാണ്. എല്ലാ ബ്രാഞ്ചിലും ജോലി ചെയ്യാനുള്ള അവസരം കിട്ടിയത് ഒരു നല്ല കാര്യമായാണ് ഞാൻ കരുതിയിട്ടുള്ളത്. 

പോലീസിലെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ടല്ലോ. ഏതാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞത്? 

എന്നെ സംബന്ധിച്ചിടത്തോളം എവിടെ ഇരുന്നാലും അവിടെയെല്ലാം അതിന്റേതായ വെല്ലുവിളികൾ ഉണ്ട്. ബറ്റാലിയനിൽ ഇരിക്കുമ്പോഴും അന്വേഷണം പിടിച്ച് ഏൽപ്പിച്ച് കളയും. ബറ്റാലിയനിൽ ഇരിക്കുമ്പോൾ വിമൻ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ ഹെഡായിരുന്നു. ഉത്തര ജില്ലകളിലെ ട്രൈബൽ ഏരിയയുടെ ഒരു സ്‌പെഷ്യൽ ഓഫീസറായിട്ട് സർക്കാർ എന്നെ നിയമിക്കുകയുണ്ടായി. സാധാരണ ഐ.പി.എസ്. ഓഫീസർമാരെ നിയമിക്കുന്ന ഒന്നല്ല അത്. വെല്ലുവിളികൾ ഉണ്ടായിരുന്നു. ട്രൈബൽ ഏരിയയിൽ എല്ലാം പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. അട്ടപ്പാടിയൊക്കെ ഷൊർണൂർ എ.എസ്പിയുടെ കീഴിൽ വരുന്ന പ്രദേശമായിരുന്നു. പിന്നീട് ഉയർന്ന പദവിയിൽ എത്തുമ്പോഴും അവിടെ പോയിട്ട് പ്രവർത്തിക്കാൻ അവസരം കിട്ടി. നമ്മുടെ നമ്മുടെ സന്ധ്യ എ.എസ്പി വന്നിരിക്കുന്നു എന്നാണ് പറയുക. മാഡം എ.ഡി.ജി.പി. ആയി എന്നാരെങ്കിലും പറഞ്ഞാൽ പോലും അവർ പറയും ഏയ് ഞങ്ങളുടെ എ.എസ്പിയാണെന്ന്.

ജനങ്ങളുമായി ബന്ധമുണ്ടാക്കാൻ സാധിച്ചു 

അതേ, അവരുമായി ഒരു ബന്ധം ഉണ്ടാക്കാൻ പറ്റി. 2013-ലാണ് അട്ടപ്പാടിയിൽ ഇവർക്ക് ഒരു കോളേജ് വരുന്നത്. ആദിവാസി സമൂഹത്തിൽനിന്ന് പോലീസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള പ്രൊപ്പോസൽ. ഇതെല്ലാം സർക്കാരിൽ അന്ന് ടേക്കപ്പ് ചെയ്യാനായി സാധിച്ചു. അതിലെ ഫസ്റ്റ് ബാച്ചിനെ ട്രെയിൻ ചെയ്യാനുളള അവസരം എ.ഡി.ജി.പി. ട്രെയിനിങ് ആയി വന്നപ്പോൾ എനിക്ക് ലഭിച്ചു.  അങ്ങനെ നോക്കിക്കഴിയുമ്പോഴേക്കും എവിടെയാണെങ്കിലും എന്തെങ്കിലും ഒക്കെ ചെയ്യാനുള്ള അവസരം എന്നെ തേടി വന്നു എന്ന മഹാഭാഗ്യം എനിക്കുണ്ടായി. 

മീനച്ചിലാറിൽ നീന്തിയും കുളിച്ചും മീൻപിടിച്ചും വലിയ വലിയ പറമ്പുകൾ കൂട്ടുകാർക്കൊപ്പം കളിച്ചും നടന്ന ബാല്യത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. പാലാക്കാരിയായ സന്ധ്യ ഐ.പി.എസ്. എന്ന സ്വപ്‌നം ലക്ഷ്യം കാണുന്നത് എവിടം മുതലാണ്? 

അതൊരു ഒമ്പതാം ക്ലാസിലാകുമ്പോഴാണ്. സിസ്റ്റർ റോസിറ്റ എന്നുപറഞ്ഞ സോഷ്യൽ സ്റ്റഡീസ് ടീച്ചർ ഉണ്ടായിരുന്നു. സമൂഹത്തിന് വേണ്ടി എന്തെങ്കിലും സേവനം ചെയ്യാൻ പറ്റുന്ന മേഖലയിൽ സന്ധ്യ എത്തിച്ചേരണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് ടീച്ചർ എന്നോട് പറഞ്ഞു. ടീച്ചറിനോട് വലിയ ഇഷ്ടമാണ് എനിക്ക്. അപ്പോൾ മുതൽ അതെന്തായിരിക്കും എന്ന് ചിന്തിക്കാൻ തുടങ്ങി. അങ്ങനെയാണ് സിവിൽ സർവീസ് ആയിരിക്കും അതിന് പറ്റി മേഖല എന്ന് തോന്നുന്നത്. സ്‌കൂളിൽ പഠിക്കുമ്പോൾ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുകയും സകൂളുകളിലും കോളേജിലുമൊക്കെ സ്ഥാപനത്തെ പ്രതിനിധീകരിച്ച് പോയിട്ടുമുണ്ട്. അന്നുതൊട്ടേ ജനറൽ നോളേജും മറ്റും ശ്രദ്ധിക്കാനായിട്ട് തുടങ്ങി. ആ ആഗ്രഹം ഉള്ളിൽ വെച്ചുകൊണ്ടാണ് വിദ്യാഭ്യാസകാലം മുന്നോട്ടുപോയിരുന്നത്. 

ഇന്നത്തെ കാലത്ത് ഇന്ത്യൻ പോലീസ് സർവീസ് സ്വപ്‌നം കാണുന്നവർക്ക് മുന്നിൽ ബി. സന്ധ്യ, ശ്രീലേഖ തുടങ്ങി ചുരുക്കം ചില പേരുകളെങ്കിലും മുന്നിലുണ്ട്, അങ്ങനെ ഒരു പേരു പോലും കേൾക്കാൻ ഇല്ലാതിരുന്ന കാലത്താണ് സിവിൽ സെർവന്റ് ആകാൻ തീരുമാനിക്കുന്നത്. റോൾ മോഡലുകൾ ആരെങ്കിലും ഉണ്ടായിരുന്നോ?

ഇല്ല ആരുമില്ലല്ലോ. കിരൺ ബേദിയെ പറ്റി കേട്ടിട്ടുണ്ടെന്നേ ഉള്ളൂ, റോൾ മോഡൽ ഒന്നും ആയിട്ടില്ല. അടുത്തു പരിചയമില്ലല്ലോ. 

തയ്യാറെടുപ്പുകൾ എങ്ങനെയായിരുന്നു? അന്ന് ജോലി ചെയ്യുന്നുണ്ടായിരുന്നല്ലോ. എങ്ങനെയാണ് രണ്ടും ഒരുമിച്ച് കൊണ്ടുപോകാനായി സാധിച്ചത് ?

സിലബസ് വെച്ചു പഠിക്കുകയായിരുന്നു. സിലബസ് നോക്കുക അതുവെച്ച് യൂണിവേഴ്‌സിറ്റി ലൈബ്രറിയിലും പബ്ലിക് ലൈബ്രറിയിലും പോയിട്ട് പുസ്തകം എടുത്തുവെച്ചിരുന്നു തയ്യാറെടുപ്പ് നടത്തും. ജോലി കഴിഞ്ഞ് രാത്രിയിൽ വന്നുകഴിഞ്ഞ്. ഞായറാഴ്ച ദിവസം കിട്ടുമ്പോൾ പഠിക്കും. 

കായികക്ഷമത വേണ്ടുവോളം ആവശ്യപ്പെടുന്നതല്ലേ പരിശീലന കാലഘട്ടം അതെത്രത്തോളം കഠിനമായിരുന്നു?

കഠിനമാണ്. പക്ഷേ, അവിടുത്തെ ഉസ്താദുമാർ നമ്മളെ രൂപപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഒരു കാരണവശാലും ആത്മവിശ്വാസം കളയുന്ന ഒന്നും അവർ പറയില്ല. എല്ലാം ചെയ്യാൻ സാധിക്കുമെന്ന് പറഞ്ഞാണ് അവർ ഒപ്പം കൊണ്ടുപോകുന്നത്.

കായികക്ഷമതയുടെ കാര്യം പറയുമ്പോൾ പെൺകുട്ടികൾക്ക് നഷ്ടപ്പെടുന്ന കളിക്കളത്തെ കുറിച്ച് സംസാരിക്കാതിരിക്കാനാകില്ലോ. കളികൾ പെൺകുട്ടികളെ എത്രത്തോളം ശാക്തീകരിക്കുന്നുണ്ട്? 

ശാരീരിക ക്ഷമത തീർച്ചയായും വേണം. ടീമിൽ കളിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കും സ്‌കൂളിൽ വെച്ച് ബാസ്‌ക്കറ്റ് ബോളും വോളിബോളും കളിക്കുമായിരുന്നു. അത്‌ലറ്റിക്‌സിൽ പങ്കെടുക്കുമായിരുന്നു. ഡ്രിൽ പിരീഡ് വരാനായിട്ട് ഞങ്ങളൊക്കെ നോക്കിയിരിക്കും.  സംഗീതമുണ്ട്. ഡ്രിൽ ഉണ്ട് ആ പിരീഡാകാൻ കാത്തിരിക്കും. അധ്യാപികർ ചോദ്യം ചോദിക്കില്ലല്ലോ. കളിക്കാം എന്നുളളത് വലിയ കാര്യമായിരുന്നു. കുഞ്ഞുങ്ങൾക്ക് കളിക്കാനുള്ള അവസരം ലഭിക്കണം അത് ആൺ-പെൺ ഭേദമില്ലാതെ ലഭിക്കണം. ഓരോ സ്‌കൂളുകളിലും കളിക്കണം വേണം പിരീഡ് വേണം. അതിനെ പറ്റിയുള്ള പ്രധാന്യം പറഞ്ഞുകൊടുക്കുകയും അത് വളരെ ആവശ്യമുള്ള കാര്യമാണ്. 

രാജഗോപാൽ നാരായാണൻ സാർ ആയിരുന്നില്ലേ ഗുരു?

അദ്ദേഹം ഡി.ജി.പിയായിരുന്നു. ഗുരുവിന്റെ സ്ഥാനത്തു നിന്നിരുന്നത് ആർ.എൻ. രവി സാറാണ്. രാജഗോപാൽ സാർ വലിയ പിന്തുണയായിരുന്നു. എന്നെ കണ്ണൂർ പോസ്റ്റ് ചെയ്യുന്നതും മറ്റും അദ്ദേഹമാണ്. അടുത്തുനിന്ന് ഉപദേശം തരികയും കൂടെക്കൊണ്ടുപോയി പ്രവർത്തിച്ചുകാണിച്ചു തരികയും; അതായത് എങ്ങനെ പരേഡ് ഇൻസ്പ്‌കെട് ചെയ്യണം, അല്ലെങ്കിൽ ഒരു സ്റ്റേഷൻ ഇൻസ്‌പെക്ട് ചെയ്യണം അത്തരം കാര്യങ്ങളെല്ലാം പഠിപ്പിച്ചു തന്നത് ആർ.എൻ. രവി സാറാണ്. 

പിന്നീട് പരിശീലക പദവിയിലേക്ക് താങ്കൾ എത്തിയപ്പോൾ ഗുരു മാതൃകയായിരുന്നോ? 

എനിക്കും അവസരം ലഭിച്ചിട്ടുണ്ട്. പക്ഷേ, രവി സാറിനെ പോലെ സൂപ്പർ ട്രെയിനറായിരുന്നു ഞാനെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്റെ എഎസ്പി ട്രെയിനേഴ്‌സിനെ ഞാൻ ഇൻസ്‌പെക്ട് ചെയ്യുമ്പോൾ കൂടെ കൊണ്ടുപോകുമായിരുന്നു. ക്രൈം സീനിൽ പോകുമ്പോൾ കൂടെ കൊണ്ടുപോയി അത് നിരീക്ഷിക്കാനുള്ള അവസരം കൊടുക്കുമായിരുന്നു. പലരും നമ്മളെ വ്യക്തിപരമായി സമീപിക്കും. എന്തെങ്കിലും പ്രശ്‌നങ്ങൾ വരുമ്പോഴോ സംശയം വരുമ്പോഴോ എല്ലാം. അവരെ ഗൈഡ് ചെയ്യുന്നത് എനിക്ക് വലിയ സന്തോഷമാണ്. സമീപിക്കുന്നവർ എല്ലാം കേരള കേഡറിൽനിന്ന് തന്നെ ആയിരിക്കണമെന്നില്ല. പുറത്തുനിന്നും വരാറുണ്ട്. എത്രയോ കാര്യങ്ങൾക്ക് എന്നെ വിളിക്കാറുണ്ട്. അതെന്റെ ചുമതലയാണ്. മുമ്പേ നടന്നുപോയവർ പിറകേ വരുന്നവർക്ക് വഴി കാണിച്ചു കൊടുക്കേണ്ടത് ചുമതലയായിട്ട് കൂട്ടിയാൽ മതി. 

എല്ലാ തൊഴിൽ മേഖലയിലും സ്ത്രീകൾക്ക് വിജയിക്കണമെങ്കിൽ ഇരട്ടി അധ്വാനം ആവശ്യമാണെന്ന് പറയാറുണ്ടല്ലോ. കേരള പോലീസിലെ വനിതാ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അതെത്രത്തോളം വെല്ലുവിളി നിറഞ്ഞതാണ്? 

ഒരു ക്രിട്ടിക്കൽ മാസ്സായിട്ട് സ്ത്രീകൾ മാറുന്നതുവരെ അവരുടെ ശബ്ദം കേൾക്കുക എന്നുപറയുന്നത് സാധ്യമല്ല. അത് ഏത് മേഖലയിലാണെങ്കിലും അങ്ങനെ തന്നെയാണ്. അതുകൊണ്ടുതന്നെ 33 ശതമാനമെങ്കിലും സ്ത്രീകൾ ആകുന്നത് വരെ ശബ്ദം കേൾപ്പിക്കുക എളുപ്പമുള്ള കാര്യമല്ല. നമ്മൾ വിചാരിക്കുന്ന നിലയിലേക്ക് എത്തണമെങ്കിൽ വർഷങ്ങൾ എടുക്കും. 

വിരമിച്ച ഒരു പോലീസുദ്യോഗസ്ഥ പറഞ്ഞത് കുറ്റവാളികളെ ചോദ്യം ചെയ്യാനുള്ള അവസരം പോലും ലഭിക്കുന്നില്ല. ചോദ്യം ചെയ്യണമെങ്കിൽ വനിതാ കുറ്റവാളികൾ ഉണ്ടായേ തീരു എന്ന അവസ്ഥയാണെന്നാണ്? 

സേനയിൽ സ്ത്രീകൾ ഇല്ലായിരുന്നു ആദ്യം. ഞാൻ വരുമ്പോൾ സ്ത്രീ കുറ്റവാളികൾ വരുമ്പോൾ വിളിച്ചുകൊണ്ടുപോകുന്ന ചുരുക്കം ചില ആളുകളെ ഉണ്ടായിരുന്നുള്ളൂ. സ്ത്രീ ആകട്ടേ പുരുഷൻ ആകട്ടേ, അവര് പോലീസിൽ പ്രൊഫഷണൽ ആയി ജോലി ചെയ്യുക. അങ്ങനെ വരുമ്പോൾ സ്ത്രീ- പുരുഷ വ്യത്യാസമില്ലാതെ സേനയിൽ കാര്യങ്ങൾ നടക്കും. അതുവരെയും ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇപ്പോൾ തന്നെ ആറേഴ് ശതമാനമായിട്ടുണ്ട്. പഴയതിലും ഒരുപാട് മാറ്റം വന്നു. നേരത്തേ ലോക്കലിൽ വനിതാ ഉദ്യോഗസ്ഥരില്ല. പിന്നെ എങ്ങനെയാണ് ക്രൈംബ്രാഞ്ചിൽ വരിക. ഇപ്പോൾ അത് ഡൈവേഴ്‌സിഫൈ ചെയ്യേണ്ടതിന്റെ ആവശ്യം വർധിച്ചിട്ടുണ്ട്. സത്രീകൾക്ക് പോസ്റ്റിങ് കിട്ടുന്നുണ്ട്. നേരത്തേ സബ് ഇൻസ്‌പെക്ടർ പദവിയിൽ സ്ത്രീകളെ എടുക്കുന്നില്ലായിരുന്നു. ഭരണഘടനാവിരുദ്ധമായിരുന്നു. സ്ത്രീകൾക്കും അംഗപരിമിതർക്കും അപേക്ഷിക്കാൻ അനുവാദം ഇല്ലായിരുന്നു. ഇപ്പോൾ അത് മാറി. ആദ്യ ജെൻഡർ ന്യൂട്രൽ ബാച്ചിനെ ട്രെയിൻ ചെയ്യാനുളള ഭാഗ്യവും എനിക്ക് തന്നെയാണ് കിട്ടിയത്. സ്ത്രീയാണോ പുരുഷനാണോ എന്നല്ല. എത്രത്തോളം പ്രൊഫഷണലായിട്ട് കാര്യങ്ങൾ ചെയ്യുന്നു എന്നതിലാണ് മാറ്റം വരേണ്ടത്. അതുണ്ടാകണമെങ്കിൽ അവർക്ക് എല്ലാ ബ്രാഞ്ചിലും ജോലി ചെയ്യാനുള്ള അവസരം കിട്ടണം. ഇപ്പോൾ ഡോഗ് സ്‌ക്വാഡിൽ വരെ സ്ത്രീകൾ വന്നു. നേരത്തേ ചിന്തിക്കാൻ പറ്റുന്ന കാര്യമല്ല അത്. അങ്ങനെ ഡൈവേഴ്‌സിഫൈ ചെയ്യാൻ സാധിക്കുകയും എല്ലാവർക്കും എല്ലാ സ്ഥലത്തും പ്രവർത്തിക്കാൻ അവസരം ലഭിക്കുകയും അങ്ങനെ എല്ലാ സ്ഥലത്തും ക്രിട്ടിക്കൽ മാസ്സായി സ്ത്രീകൾ മാറുകയും ചെയ്യുമ്പോൾ ഇത്തരം വിഷമങ്ങൾ മാറും. 

രാജ്യത്തെ ആദ്യ വനിതാ പോലീസ് സ്‌റ്റേഷൻ കോഴിക്കാട്ടാണ് സ്ഥാപിതമായത്. സ്ത്രീകൾക്ക് തുല്യ നിയമപരിരക്ഷ ഉറപ്പുവരുത്തിക എന്ന ലക്ഷ്യത്തോടെയായിരുന്നു അതിന്റെ രൂപീകരണം. സ്ത്രീകളിൽ നിയമാവബോധം എത്രത്തോളം ഉയർന്നിട്ടുണ്ട്. താങ്കൾ ജോലിയിൽ പ്രവേശിച്ച കാലഘട്ടത്തിൽ നിന്ന് ഇതുവരെ എത്തിനിൽക്കുമ്പോൾ സ്റ്റേഷനിൽ പരാതിയുമായെത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടോ? താങ്കളുടെ പിഎച്ച്ഡി തീസിസ് തന്നെ ഈ വിഷയത്തിലൂന്നിയായിരുന്നില്ലേ? 

വനിതാ പോലീസ് സ്‌റ്റേഷൻ ആദ്യമായി കേരളത്തിൽ ഉണ്ടായി. പക്ഷേ, ആ പോലീസ് സ്‌റ്റേഷൻ നിയമപരമായി എല്ലാ കേസുകളും അന്വേഷിക്കാതെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, സ്ത്രീ വാദിയോ പ്രതിയോ ആയ  കുറ്റകൃത്യങ്ങൾ മാത്രം അന്വേഷിക്കുന്ന ഒരു രീതിയാണ് ഉണ്ടായത്. അതത്ര ആശാസ്യമല്ല. ഏത് തരത്തിലുള്ള കേസും അന്വേഷിക്കണം. അതുകൊണ്ട് പോലീസ് സ്‌റ്റേഷനുകളിൽ ധാരാളം വനിതകൾ ഉണ്ടായിരിക്കണം എന്നതായിരിക്കണം നമ്മുടെ രീതി. ആദ്യകാലത്ത് വനിതാ പോലീസ് സ്‌റ്റേഷൻ ആവശ്യമായിരുന്നു കാരണം അത്ര കുറച്ച് വനിതകളേ ഉണ്ടായിരുന്നുള്ളൂ. 

സ്ത്രീകൾക്ക് കയറി ചെല്ലാൻ ഒരിടം എന്ന നിലയിലാണ് അതുണ്ടാകുന്നത്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പോലീസിൽ കടന്നുവരുമ്പോൾ സ്ത്രീകൾക്ക് ഏത് പാതിരാത്രിക്കും അവിടെ കയറിച്ചെല്ലാൻ സാധിക്കും. ആ വിധത്തിൽ നമ്പർ കൂടുക എന്നതാണ് പ്രധാനം. ഞാൻ പിഎച്ച്ഡി തീസിസ് ചെയ്യുന്ന സമയത്ത് സർവേ ചെയ്യുമ്പോൾ ഒരു സ്ത്രീ പോലും തനിച്ച് ഒരു പോലീസ് സ്‌റ്റേഷനിൽ പോയിട്ടില്ല. പക്ഷേ 2009-ൽ അതേ സർവേ ചെയ്തപ്പോൾ 11 ശതമാനം സത്രീകളാണ് പരാതിപ്പെടാൻ പോയിട്ടുള്ളത്. 2023-ൽ അതേ സർവേ ഒന്നുകൂടി നടത്തിയാൽ അതിലധികം ഉയർന്നിട്ടുണ്ടാകും. മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ അതൊരു അഭികാമ്യമയ നിലയിലേക്കുയരാൻ ഇനിയും സമയമെടുക്കും. 

നിയമത്തെ കുറിച്ചുള്ള അവബോധം അത് സ്ത്രീകളുടെ ഇടയിൽ വളരെ കുറവായിരുന്നു. ഭർത്താവ് ഒരു അടിയൊക്കെ അടിച്ചാൽ അത് കൊള്ളേണ്ടത് ഭാര്യയുടെ കടമയാണെന്ന് വിചാരിക്കുന്ന തരം ആളുകളാണ് കൂടുതൽ ഉണ്ടായിരുന്നത്. അതിൽനിന്നുമാറി അവബോധം കൂടിവരുന്നുണ്ട്. അതിന് വേണ്ടിയുള്ള നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ജെൻഡർ ഫ്‌ലാഗ്ഷിപ്പ് പ്രോഗ്രാം പ്ലാൻ ഫണ്ട് ഉപയോഗിച്ച് തുടങ്ങിയിരുന്നു. ഹെൽപ് ലൈൻ തുടങ്ങിയിരുന്നു. 1091 എന്ന വനിതാ ഹെൽപ് ലൈൻ നമ്പറിലേക്ക് ഫോൺ വന്നുകഴിഞ്ഞാൽ അവരെവിടെയും പോയി ആക്ട് ചെയ്യുമായിരുന്നു.

15 ലക്ഷത്തിലധികം സ്ത്രീകൾക്കെങ്കിലും ഇതിനകം പോലീസ് സെൽഫ് ഡിഫൻസ് ട്രെയിനിങ് കൊടുത്തിട്ടുണ്ട്. അതൈാരു വലിയ നേട്ടമായിട്ടാണ് എനിക്ക് തോന്നുന്നത്. അതിൽ ചില ട്രെയിനർമാരായി പ്രവർത്തിക്കുന്ന വനിതാപോലീസെല്ലാം വളരെ ഡെഡിക്കേറ്റഡ് ആയിട്ടാണ് പ്രവര്ഡത്തിക്കുന്നത്. അതിലൂടെ കരുത്ത് നേടിയ ഒരുപാട് സ്ത്രീകൾ ഉണ്ട്. അത് ഭംഗിയായി മുന്നോട്ട് പോകുന്നുണ്ട് എന്ന് തന്നെയാണ് അതുകാണിക്കുന്നത്. 

പോലീസിനിടയിൽ ലിംഗാവബോധം ഉയർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നില്ലേ ബോധ്യം വരുന്നത്? ബോധ്യം ആരുടെ ബ്രെയിൻ ചൈൽഡ് ആയിരുന്നു? 

പോലീസ് സേനയിലെ ജെൻഡർ സെൻസിറ്റൈസേഷൻ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയാണ് ബോധ്യം. വിമൻസ് ഡെവലപ്പ്‌മെന്റ് കോർപറേഷനാണ് ആ പ്രൊജക്ട് കൊണ്ടുവന്നിരിക്കുന്നത്. ആദ്യഘട്ടം മുതൽ ഞാനതിൽ ഉണ്ട്. ബിന്ദുവും ഞാനും കൂടിയാണ് അത് ചെയ്തത്. ആറിൽ ഒന്ന് പോലീസിന് ട്രെയിനിങ് കൊടുത്തുകഴിഞ്ഞു. അത് വിജയകരമായി പോകുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്. ട്രാൻസ് വ്യക്തികളെ കുറിച്ചുള്ള അവബോധം ഉയർത്തുകയെന്നതും സിലബസിന്റെ ഭാഗമാണ്. പോലീസ് ട്രെയിനിങ് കോളേജിലും കേരള പോലീസ് അക്കാദമിയിലുമായിട്ട് ഇപ്പോഴും ആ ട്രെയിനിങ് മുൻപോട്ട് പോകുന്നുണ്ട്. കേരള പോലീസ് സേനയിലെ മുഴുവൻ പോലീസ് ഓഫീസേഴ്‌സിനും ജെൻഡർ സെൻസിറ്റൈസേഷൻ ട്രെയിനിങ് കാലക്രമേണ നൽകാൻ കഴിയുമെന്ന വിശ്വാസമുണ്ട്.

അധികാരവും സ്വാധീന ശക്തിയുമുള്ള സമ്പാദിക്കാൻ വളരെ എളുപ്പമുള്ള മേഖലയാണല്ലോ. നിലപാടുകൾ എടുത്തതിന്റെ പേരിൽ ശസ്ത്രുക്കളെ സമ്പാദിക്കേണ്ടി വന്നിട്ടുണ്ടോ?

ഉണ്ടാകാം, ധാരാളം ശത്രുക്കൾ ഉണ്ടായിട്ടുണ്ടാകാം. 

നിലപാടുകൾ എടുത്തതിന്റെ പേരിൽ നിലനിൽക്കുക എളുപ്പമായിരുന്നോ? 

അല്ല

എങ്ങനെയായിരുന്നു അതിനെ അതിജീവിച്ചത്?

അതിനെ ഒക്യുപേഷണൽ ഹസാഡായി കാണുക, നേരിടുക. ധൈര്യമായി കാര്യങ്ങൾ ചെയ്യുന്നതാണ് പോലീസിന്റെ ഒരു രീതി. ധൈാര്യമില്ലാതെ നാം ജീവിച്ചിട്ട് കാര്യമില്ല. ഏതായാലും ഒരിക്കലേ മരിക്കാൻ പാടൂള്ളൂ എന്ന ദൃഢനിശ്ചയം ആദ്യം മുതലേ ഉണ്ട്. അതനുസരിച്ചാണ് ഇറങ്ങിപ്പോരും വരെ പ്രവർത്തിച്ചത്. 

ജനമൈത്രി നടപ്പാക്കിയത് താങ്കളായിരുന്നല്ലോ? ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ അതെത്രത്തോളം സഹായകമായിട്ടുണ്ട്? 

ജസ്റ്റിസ് കെ.ടി. തോമസ് കമ്മിഷൻ പൈലറ്റ് പ്രൊജക്ട് ചെയ്യണമെന്ന് പറഞ്ഞു. അത് അനുസരിച്ച് സർക്കാർ അത് ഇംപ്ലിമെന്റ് ചെയ്യാൻ തീരുമാനിച്ചു. നോഡൽ ഓഫീസറായി എന്നെയാണ് നിയോഗിച്ചത്. ഞങ്ങൾ നന്നായി ഹോംവർക്ക് ചെയ്തു. കേരളത്തിലെ എല്ലാ ജനങ്ങളെയും ഒപ്പം കൂട്ടിക്കൊണ്ടായിരുന്നു ആ ഹോംവർക്ക്. എല്ലാ മേകലിലും പെട്ട ജനങ്ങളുടെയും റെപ്രസന്റേഷനുളള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, റിട്ടയേഡ് ഓഫീസേഴ്‌സ് തൊഴിലാളികൾ, അധ്യാപകർ, എന്നുവേണ്ട എല്ലാവിഭാഗക്കാരും വന്നിട്ടുളള ഒരു മീറ്റിങ്ങിൽ വെച്ചാണ് ജനമൈത്രി എന്ന പേരുപോലും ഉണ്ടാകുന്നത്. 2011-ലെ കേരള പോലീസ് ആക്ടിൽ നമുക്ക് രണ്ട് സെക്ഷൻ കമ്യൂണിറ്റി പോലീസിങ് ചേർക്കാൻ സാധിച്ചു. അപ്പോൾ നിയമത്തിന്റെ ഭാഗമാണ്. ആര് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും യൂണിഫോം ധരിക്കണ്ടേ എന്നുപറഞ്ഞതുപോലെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇത് നടപ്പാക്കേണ്ട ബാധ്യത പോലീസ് സേനയ്ക്ക് ഉണ്ട്. കാലക്രമേണ നമ്മുടെ പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ബന്ധം മെച്ചപ്പെടുത്തുക, കുറ്റകൃത്യങ്ങൾ കുറച്ചുകൊണ്ടുവരുന്നതിൽ ജനങ്ങളെ കൂടി പങ്കാളികളാക്കുക. ഇതുരണ്ടുമാണ് ജനമൈത്രിയുടെ സുരക്ഷാലക്ഷ്യം. അത് ഒരു മികച്ച പോലീസ് സേന എവിടെയാണെങ്കിലും വേണ്ടതാണ്. കേരളത്തിലാണ് അത് വ്യവസ്ഥാപിതമായിട്ട് സർക്കാരിന്റെ പ്രൊജക്ടായിട്ട് നിലവിൽ വന്നത്. മറ്റു സംസ്ഥാനങ്ങളിൽ നടപ്പിലായിട്ടുണ്ട്. അത് ഇൻവിജ്വൽ എഫർട്ടിന്റെ ഭാഗമായിരുന്നു. നമ്മുടെ ഈ മോഡൽ വന്നതിന് ശേഷം ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡവലപ്പ്‌മെന്റ് തന്നെ കമ്യൂണിറ്റി പോലീസിങ്ങിന്റെ മൈക്രോമിഷനിൽ പൊതുവായ ഒരു മോഡൽ അംഗീകരിച്ചു. നമ്മുടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അംഗീകരിച്ചു. 

വിരമിക്കുന്നവരെ നാഷണൽ കമ്യൂണിറ്റി പോലീസിങ് മൈക്രോ മിഷന്റെ ചെയർപേഴ്‌സൺ ആയിരുന്നു ഞാൻ. അതിൽ യൂത്തിന് വേണ്ടി ഒരു പ്രൊജക്ട് ഇപ്പോൾ അംഗീകാരം നേടി പുറത്തുവന്നിട്ടുണ്ട്.അത് ഞാനായിരുന്നു കോർഡിനേറ്റ് ചെയ്തത്. അതിൽ ഫയർഫോഴ്‌സിനൊപ്പമാണ് നമ്മുടെ സിവിൽ ഡിഫൻസ്. സിവിൽ ഡിഫൻസ് ആക്ട് അനുസരിച്ച് ഇന്ത്യയിലെ ഒരു ശതമാനം ജനസംഖ്യയെങ്കിലും സിവിൽ ഡിഫൻസ് സേനാംഗങ്ങളായി കാണണം എന്നാണ്. എല്ലാ വിഭാഗം ജനങ്ങളെയും, 18 വയസ്സിന് മുകളിലുള്ളവരെയെല്ലാം ഉൾപ്പെടുത്തി യുദ്ധമുൾപ്പടെയുള്ള ഏത് അടിയന്തരഘട്ടത്തിലും നിന്ന് പ്രവർത്തിക്കാനുള്ള ഒരു സേനയാണത്. കേരളത്തിൽ ഇപ്പോൾ ഒരു 15,000 അംഗങ്ങളെ രൂപീകരിക്കാൻ സാധിച്ചിട്ടുണ്ട്. അത് സ്റ്റുഡന്റ്‌സിന്റെ ഇടയിൽ കൂടി, എല്ലാ കോളേജിലും നടപ്പാക്കണം എന്നതാണ് എന്റെ സ്വപ്നം. പതിനെട്ട് വയസ്സുകഴിഞ്ഞാൽ സ്റ്റുഡന്റ്‌സ് എല്ലാവരും ഡിഫൻസ് കേഡറ്റ് ആയി മാറുകയാണെങ്കിൽ തീർച്ചയായിട്ടും അത് കേരളത്തിന് ഒരു മുതൽക്കൂട്ടായിരിക്കും. ഇന്ത്യ തന്നെ അതംഗീകരിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കത്ത് പോയിട്ടുണ്ട്. വലിയ സന്തോഷമുള്ള കാര്യമാണ്. ജനങ്ങളുമായി ചേർന്നുനിന്നല്ലാതെ നമുക്ക് സുരക്ഷാകാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സാധ്യമല്ല. അത് ഏത് നാട്ടിലാണെങ്കിലും അപ്പോൾ ജനമൈത്രി എന്താണെന്ന് മനസ്സിലാക്കാതെ അതുകൊണ്ട് പ്രയോജനമില്ലെന്ന് പറഞ്ഞുകഴിഞ്ഞാൽ കാര്യമറിയാതെ ആരെങ്കിലും പറയുന്നതായിരിക്കും. ജനങ്ങളുടെ സഹകരണമില്ലാതെ സുരക്ഷ ഒരുക്കുന്നത് എങ്ങനെയാണ്? ജനങ്ങൾ കൂടി നമ്മുടെ സുരക്ഷിതത്വത്തിൽ ഭാഗഭാക്കാകുന്ന അത് ഏതൊരു പോലീസ് സേനയ്ക്കും ആവശ്യമാണ്. നമ്മുടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം എത്രയോ സംസ്ഥാനങ്ങൾ അത് നടപ്പിലാക്കി. ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമ്പോഴായിരിക്കും നമ്മുടെ സ്ഥലം സുരക്ഷിതമാകുക. 

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തത്തെ പരാമർശിക്കാതെ പോകാനാകില്ല. കൃത്യമായ പ്ലാനിങ്ങോടെ, ക്ഷമയോടെ, ദിനരാത്രങ്ങൾ നീണ്ടുനിന്ന കഠിനാധ്വാനത്തിലൂടെയാണ് ആ ഒരു ദൗത്യം വിജയകരമായത്. ഒരു പക്ഷേ കേരളം കണ്ട വലിയൊരു ദുരന്തമാകേണ്ടിയിരുന്ന ആ പ്രശ്‌നത്തെ നേരിട്ടത് എങ്ങനെയായിരുന്നു? 

പ്രാണായ സേവാ മഹേ എന്നാണ് ഫയർഫോഴ്‌സിന്റെ ആപ്തവാക്യം. സ്വന്തം ജീവൻ പോലും തൃണവൽഗണിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥർ അത് ചെയ്യുന്നത്. അത്തരമൊരു സേനയാണ്. ബ്രഹ്‌മപുരത്ത് നേരത്തേയും ഇതുപോലെ അപകടമുണ്ടായിട്ടുള്ളതാണ് അന്നും ഫയർമെന്നിന് ശ്വാസകോശത്തിലെല്ലാം പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തവണ നല്ലോണം തീപിടിച്ചിട്ടുള്ളതായി ആദ്യ ദിവസം തന്നെ വിവരം ലഭിച്ചിരുന്നു. പക്ഷേ ഫയർ ഉദ്യോഗസ്ഥരുടെ അപ്പോഴത്തെ വിശ്വാസം സാധാരണ കെടുത്താൻ പറ്റുന്നതുപോലെ അതും കെടുത്താൻ പറ്റും എന്നായിരുന്നു. ആദ്യത്തെ ഒന്നുരണ്ടു ദിവസം അങ്ങനെയൊരു പ്രതീക്ഷ ഉണ്ടായി. പിന്നീട് അവർക്ക് മനസ്സിലായി അത് എളുപ്പമല്ലെന്ന്. അതിനിടയ്ക്ക് മറ്റുള്ള സ്ഥലങ്ങളിൽ എങ്ങനെയാണ് ഇത് കൈകാര്യം ചെയ്യുന്നത് എന്ന് പഠിക്കാനുള്ള അവസരം കിട്ടി. ഹൈലി ടെക്‌നിക്കലി കംപീറ്റന്റ് ആണ്. ഫീൽഡിൽ നിന്ന് ജോലി ചെയ്യാനുള്ള മന സാന്നിധ്യം അത് ഫയർമാൻ തൊട്ട് അവിടുത്തെ സ്റ്റേഷൻമാസ്റ്റരും ഡിഎഫ്ഒ ആർഎഫ്ഒമാരും എല്ലാം കാണിച്ചു. കണ്ണൂരുമുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്ന് വരെ ആളുകളെ ടേൺ ഡ്യൂട്ടിക്ക് ഇട്ടുകൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്.  

ആകെ ചെയ്യാൻ പറ്റുന്നത് ഇളക്കി മറിച്ചിട്ട് വെള്ളം തളിക്കുക. കാരണം അടിയിൽ പ്ലാസ്റ്റിക്കിന്റെ ലെയറുണ്ട്. കെമിക്കൽ പൗഡർ ഇട്ടൊന്നും അണയ്ക്കാൻ സാധ്യമല്ല. താഴെ നദിയുണ്ട്. ഈ ഒരു മെത്തേഡ് മാത്രമേ ഉളളൂവെന്ന് എന്റെ ഓഫീസേഴ്‌സ് കൃത്യമായി പറയുന്നുണ്ട്. അത് സർക്കാരുമായി അറിയിച്ചു. രാവിലെ മുതൽ രാത്രി വരെ പണിയെടുക്കുമായിരുന്നു. നേരിട്ട ഒരു വെല്ലുവിളി നമ്മുടെ ഓഫീസേഴ്‌സ് അവിടെ നിൽക്കും പക്ഷെ ജെസിബി ഒക്കെ അഞ്ചുമണിയാകുമ്പോൾ സ്ഥലം വിടും. ഇങ്ങനെ പോയാൽ തീ അണയ്ക്കാൻ പറ്റില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ രാത്രിയിൽ കൂടി സൗകര്യങ്ങൾ അറേഞ്ച് ചെയ്തു 

നമ്മുടെ ഓഫീസർമാരുടെ ആരോഗ്യത്തിൽ വലിയവില കൊടുക്കേണ്ടി വന്നിട്ടുണ്ടാകാം. എങ്കിലും അത് ചെയ്യാൻ കഴിഞ്ഞു എന്നത് ചാരിതാർഥ്യം നൽകുന്നതാണ്. അതിന്റെ എല്ലാ അഭിനന്ദനങ്ങളും എന്റെ ടീം അർഹിക്കുന്നതാണ്. ഞാനതിന് നേതൃത്വം നൽകിയെന്നു മാത്രം.. ചെയ്തത്‌ അവരാണ്. മോണിറ്റർ ചെയ്തു വേണ്ട സഹായം ചെയ്തുകൊടുത്തു. എല്ലാം ചെയ്തത് അവരാണ്. അവരെ കേരളം ഒരിക്കലും മറക്കാൻ പാടില്ല. 

പ്രളയം, ഉരുൾപൊട്ടൽ ഇതെല്ലാം കേരളത്തിൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ദുരന്തങ്ങളെ നേരിടാൻ നമ്മുടെ അഗ്നി സുരക്ഷാസേന എത്രത്തോളം സജ്ജമാണ്? 

ഓറഞ്ച് ബുക്ക് പ്രകാരം കേരളത്തിന്റെ ഫസ്റ്റ് റെസ്‌പോണ്ടന്റ് ആയി ഫയർഫോഴ്‌സ് വന്നത് 2018-ലെ പ്രളയത്തിന് ശേഷം 19 തൊട്ടാണ്. അതുവരെ തീപിടിക്കുമ്പോൾ അണയ്ക്കാൻ വരുന്നവർ മാത്രമായിരുന്നു അവർ. സ്‌കൂബാ ടീം വരുന്നത് വരെ നേവിയെയാണ് ആശ്രയിച്ചിരുന്നത്. എവിടെയെങ്കിലും ഒരാൾ മുങ്ങിപ്പോയിട്ടുണ്ടെങ്കിൽ ഉടനെ നേവിയെ വിളിച്ച് കരയും. ഇപ്പോൾ അത് കേൾക്കാനില്ലല്ലോ. കാരണം നമുക്ക് എല്ലായിടത്തും സ്‌കൂബാ ടീം ആയി. പാലക്കാട് ഒരാൾ മലയുടെ മുകളിൽ പെട്ടപ്പോഴാണ് മൗണ്ടൻ റെസ്‌ക്യൂ ട്രെയിനിങ് നമ്മുടെ ടീമിന് ലഭിച്ചിട്ടില്ലെന്ന കാര്യം ഗൗരവത്തോടെ പരിഗണിക്കുന്നത്. ഐ.ടി.ബി.പിയിൽ പോയി കണ്ട് പരിശീലകരെ മൂന്നാറിൽ പാർപ്പിച്ച് പരിശീലനം നൽകി. ടാക്‌സ് ഫോഴ്‌സിന് രൂപം കൊടുത്തു. വളരെ ചാരിതാർഥ്യം തോന്നിയ കാര്യമാണ് അതെല്ലാം. 

നെതർലൻഡ് പോലുള്ള വിദേശ രാജ്യങ്ങളിലൊക്കെ 20,000 പേർ ഉള്ളിടത്ത് ഒരു ഫയർ‌സ്റ്റേഷൻ കാണും. പക്ഷേ, നമുക്ക് ഒരു പഞ്ചായത്തിൽ ഒരെണ്ണം പോലും ഇല്ല. അതിന്റെ നമ്പർ കൂടേണ്ടതുണ്ട്. ഫയർഫോഴ്‌സ് യഥാർഥത്തിൽ ഉള്ള രക്ഷാസേനയാണ് എന്നും എല്ലാവർക്കും ബോധ്യം വന്നിട്ടുണ്ട്. വളരെ അനുഭാവപൂർണമായ സമീപനമാണ് ഇന്ന് ഫയർഫോഴ്‌സിനോട്. വികസനം പോകുന്നതിന് ഒരു പേസ് ഉണ്ട്. അതിന് അപ്പുറത്തേ്ക്ക്  പോകാനായിട്ട് നമുക്ക് സമയമെടുക്കും. എന്നിരുന്നാലും നന്നായി പോകുമെന്നും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട സേനയെ തന്നെയാണ് നമുക്ക് കിട്ടിയിരിക്കുന്നത്. 

ഹോം ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ഫയർഫോഴ്‌സ് അതുതന്നെയാണ് നമുക്ക് വേണ്ടത്. ചില സ്ഥലങ്ങളിൽ മുനിസിപ്പാലിറ്റിയുടെ കീഴിലാണ്. അതുപോലെ ഉണ്ടാകുന്ന അപകടങ്ങളെ മാത്രമേ എല്ലാവരും ശ്രദ്ധിക്കുന്നുള്ളു. ഇടപെടലിലൂടെ ഒഴിവാകുന്ന അപകടങ്ങൾ ശ്രദ്ധയിൽ പെടുന്നതേയില്ല. ഒരു ബ്രഹ്‌മപുരമോ, താനൂരോ വരുമ്പോൾ നാം ശ്രദ്ധിക്കും. അവർക്കുവേണ്ടിയിട്ടുള്ള എക്യുപ്‌മെന്റ്‌സ് കുറച്ചുകൂടി ലഭ്യമാക്കേണ്ടതുണ്ട്. അത് കുറച്ചുകൂടി വേഗത്തിൽ നടന്നുകഴിഞ്ഞാൽ ഫയർഫോഴ്‌സ് ഏറ്റവും മികച്ച ഫയർഫോഴ്‌സ് ആയി മാറുമെന്നാണ് എന്റെ വിശ്വാസം. 

കേരള പോലീസിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ? 

കേരള പോലീസിൽ ഒരുപാട് മാറ്റങ്ങൾ വരാനുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട എക്യുപമെന്റ്‌സ് കേരളത്തിലും വരേണ്ടതുണ്ട്. ഇപ്പോൾ ഒരു ഡ്രോൺ റിസർച്ച് സെന്റർ തുടങ്ങിയിട്ടുണ്ട്. പക്ഷേ, അതിനൊക്കെ അപ്പുറത്തേക്ക് കുറ്റവാളികൾ പോകുന്നുണ്ട് എന്നുകണ്ട് നമ്മളാണ് ഒരു മുഴം നീട്ടി എറിയേണ്ടത്. ടീം വർക്കും ഇടക്ക് റിവ്യൂ വന്നുകഴിഞ്ഞാൽ തീർച്ചായും മികച്ച രീതിയിലേക്ക് നാം പോകും. കേരളത്തിൽ ഇപ്പോൾ തട്ടിപ്പിനിരയാകുന്നവർ കൂടുതലാണ്. മലയാളിയാണെങ്കിൽ എന്നെ ഒന്നു തട്ടിക്കൂ എന്ന് പറഞ്ഞ് ഇരിക്കുകയാണ്. അത് അന്വേഷിക്കാൻ പ്രത്യേകം വിങ് ഉണ്ട്. അതുപോലെ ലഹരിമരുന്ന്.. പോലീസും എക്‌സൈസും മാത്രമല്ല വലിയൊരു സേന കൂടി ചേർന്ന് ഇതിനെതിരേ ഉണ്ടാകേണ്ടതുണ്ട്. അല്ലെങ്കിൽ അത് വളരെ വലിയ അപകടത്തിലേക്ക് പോകും. ളരെ മികച്ച സേനയാണ്. ഏറ്റവും ആധുനികമായ കുറ്റകൃത്യങ്ങൾ അത് നേരിടുന്നതിന് നമ്മൾ എക്യുപ്ഡ് ആകേണ്ടിയിരിക്കുന്നു. 

കേരളം രൂപീകൃതമായിട്ട് 67 വർഷമാകുന്നു. കേരളത്തിന് ഇതുവരെ ഒരു വനിതാ മുഖ്യമന്ത്രി ഇല്ല, പോലീസ് മേധാവി ഇല്ല, ഇനിയെന്നാണ് ഉണ്ടാവുക? 

കേരള സമൂഹമാണ് അതിന് മറുപടി പറയേണ്ടത്. കേരള സമൂഹമാണ് നിശ്ചയിക്കുന്നത്, നമുക്ക് എന്തുവേണമെന്ന്.

വിശ്രമജീവത്തെ കുറിച്ച് പദ്ധതികളെന്തെങ്കിലുമുണ്ടോ? സജീവമായി എഴുത്തിലേക്കിറങ്ങുമോ? 

എഴുതാനുണ്ടാകും..

സർവീസ് സ്റ്റോറികൾ?

അതൊന്നും തീരുമാനിച്ചിട്ടില്ല. ഇപ്പോ ഒന്നു റിലാക്‌സ് ചെയ്യണം.