
2035 ആകുന്നതോടെ ചൈനീസ് കറൻസി ഡോളറിന് മുന്നിലെത്തുമെന്ന് പ്രവചിച്ചത് സാമ്പത്തികവിദഗ്ധനായ അരവിന്ദ് സുബ്രഹ്മണ്യമാണ്. 2049 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും കരുത്തരായ സാമ്പത്തിക ശക്തിയായി ചൈന വളരുമെന്നാണ് ചൈനയുടെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നവരും അഭിപ്രായപ്പെടുന്നത്. ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളരുക എന്നതിനപ്പുറത്തേക്ക് 'ഒറ്റ രാജ്യം ഒറ്റ ഭരണാധികാരി'എന്നതാണ് ചൈനയുടെ ലക്ഷ്യം. അതിർത്തികൾ വിസ്തൃതമാക്കിക്കൊണ്ടാണ് ആ ലക്ഷ്യത്തിലേക്ക് ചൈന നടന്നടുക്കുന്നത്. ജലം പോലും ആയുധവൽക്കരിച്ചുകൊണ്ടുളള മുന്നേറ്റം. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വേഗത്തിലാണ് ചൈനയിൽ അണക്കെട്ടുകൾ ഉയർന്നുകൊണ്ടിരിക്കുന്നത്. ബ്രഹ്മപുത്ര, മേകോങ് എന്നീ നദികളിൽ അവർ നിർമിച്ച അണക്കെട്ടുകൾ ഇതിന് ഉദാഹരണമാണ്. ഇന്ത്യയുൾപ്പടെയുളള അയൽരാജ്യങ്ങളിലേക്കുളള നദികളുടെ ഒഴുക്കിനെ നിയന്ത്രിക്കാൻ ഇതിലൂടെ ചൈനയ്ക്ക് നിഷ്പ്രയാസം സാധിക്കും. ജലത്തെ ജിയോപൊളിറ്റിക്സിനായി ഉപയോഗിക്കുന്നുവെന്ന് സാരം.
ചൈന ജലത്തെ ആയുധവൽക്കരിക്കുന്നുവോ?
2016-ലെ ഒരു റിപ്പോർട്ട് പ്രകാരം 87,000 ഡാമുകളാണ് ചൈനയിലെ നദികളിൽ ഉയർന്നിട്ടുളളത്. ലോകത്തെ നീളമേറിയ നദികളിൽ ഒന്നായ മേകോങ് നദിയിൽ മാത്രം ചൈന കെട്ടിയുയർത്തിയിട്ടുളളത് 11 ഡാമുകളാണ്. പടിഞ്ഞാറൻ ചൈനയുടെയും തെക്കുകിഴക്കൻ ഏഷ്യയുടെയും ഇടയിലെ പ്രധാന വാണിജ്യമാർഗമാണ് ചൈനക്കാർ ലാൻകാങ് എന്നുവിളിക്കുന്ന മെകോങ്. ദക്ഷിണ കിഴക്കൻ ചൈനയിൽനിന്ന് മ്യാൻമർ, ലാവോസ്, തായ്ലൻഡ്, കംബോഡിയ, വിയറ്റ്നാം തുടങ്ങി രാജ്യങ്ങളിലൂടെ ഒഴുകി നീങ്ങുന്ന മെകോങ്ങും മെകോങ്ങിന്റെ പോഷകനദികളും ദക്ഷിണേഷ്യയിലെ ആറു കോടി ആളുകളുടെ ജീവിതമാർഗമാണ്. വിയോൺ ന്യൂസിന്റെ 2020-ലെ റിപ്പോർട്ട് പ്രകാരം ലോകത്തെ നീളമേറിയ നദികളിലൊന്നായ ബ്രഹ്മപുത്രയിൽ മൂന്ന് അണക്കെട്ടുകളാണ് ചൈന പണിതുയർത്തിയിട്ടുളളത്.
ചൈനയിൽനിന്ന് ഉത്ഭവിക്കുന്ന നദികൾ ഒഴുകിയെത്തുന്ന പതിനെട്ടോളം രാജ്യങ്ങളുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഈ രാജ്യങ്ങളെല്ലാം ജലത്തിനായി ആശ്രയിക്കുന്ന നദികളുടെ ഉത്ഭവം ചൈനയാണ്. ചൈനയുടെ ഭൂമിശാസത്രപരമായ ഈ പ്രത്യേകത തന്നെയാണ് ജലത്തെ ആയുധവത്ക്കരിക്കാൻ ചൈനയെ പ്രാപ്തമാക്കുന്നതും. ഈ ആനുകൂല്യത്തെ ചൂഷണം ചെയ്ത് ഡാമുകൾ നിർമിച്ചുകൊണ്ട് ഈ നദികൾ എങ്ങോട്ട്, എങ്ങനെ, എപ്പോൾ, എത്രത്തോളം ഒഴുകണമെന്ന് ചൈനക്ക് തീരുമാനിക്കാം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ വരൾച്ചയുണ്ടാക്കാനും മിന്നൽ പ്രളയമുണ്ടാക്കാനും ചൈനയ്ക്ക് നിഷ്പ്രയാസം സാധിക്കും. സ്വതന്ത്രമായി ഒഴുകിയിരുന്ന നദികൾക്ക് അവയുടെ സ്വാഭാവികമായ ഒഴുക്ക് നഷ്ടപ്പെടും. നദിയിലെയും നദിക്കരയിലെയും ആവാസവ്യവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കും.
അധികാരം ലഭിച്ചാൽ അത് കൃത്യമായി എങ്ങനെ വിനിയോഗിക്കണമെന്നറിയുന്നവരാണ് ചൈനക്കാരെന്ന് ആരേയും പഠിപ്പിക്കേണ്ട കാര്യവുമില്ല. 2060 ആകുമ്പോഴേക്കും കാർബൺ ന്യൂട്രലാകുന്നതിന് വേണ്ടിയാണ് ഈ ഡാമുകളെല്ലാം പണിതുയർത്തുന്നതെന്ന ചൈനയുടെ വാദത്തെ ചൂണ്ടിക്കാണ്ടി പ്രകൃതിക്ക് ഹാനികരമാകുന്ന ഇത്തരം പ്രവൃത്തികൾക്ക് ചൈന മുതിരുമോ എന്ന് ചോദിക്കുന്നവർക്ക് മുന്നിലേക്കായി ചില ഉപഗ്രഹ ചിത്രങ്ങളടക്കം വിയോൺ ന്യൂസ് തെളിവു നിരത്തുന്നുണ്ട്. 2019-ൽ മെക്കോങ് വറ്റി വരണ്ടിരുന്നു. ആവശ്യത്തിന് മഴയില്ലെന്ന കാരണമാണ് ഇതിനുകാരണമെന്നാണ് ചൈന വ്യക്തമാക്കിയത്.
മെക്കോങ് വറ്റി വരണ്ടതോടെ നദിയെ കാർഷികാവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന തായ്ലൻഡിനെ ഇത് പ്രതികൂലമായി ബാധിച്ചു. ലോകത്തെ ഏറ്റവും വലിയ കരിമ്പ് ഉല്പാദക രാജ്യമായ തായ്ലൻഡിൽ ആ വർഷമുണ്ടായത് ഒമ്പതു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഉല്പാദനമായിരുന്നു. 40 വർഷത്തിടയിലെ ഏറ്റവും രൂക്ഷമായ വരൾച്ചയും രാജ്യം അഭിമുഖീകരിച്ചു. വിയറ്റ്നാമിലെ നെൽകൃഷിയെയും വരൾച്ച ബാധിച്ചു. മേക്കോങ് നദിയിലെ വെളളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നതിനായി എങ്ങനെയാണ് ചൈന തങ്ങളുടെ ഡാമുകൾ സമർഥമായി ഉപയോഗിക്കുന്നത് എന്നതിന്റെ തെളിവുകൾ നൽകുന്നതായിരുന്നു ഉപഗ്രഹ ചിത്രങ്ങൾ.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഡാമുകൾ പണി തീർക്കുന്നതിനായി വലിയ നിക്ഷേപമാണ് ചൈന നടത്തിയിരിക്കുന്നത്. ഡാമുകൾ പണി കഴിക്കുക മാത്രമല്ല ഇന്ത്യ പോലുളള രാജ്യങ്ങളുമായി ജലകരാർ വെക്കാനും ചൈന തയ്യാറായിട്ടില്ല.
ഇന്ത്യ ഭയക്കുന്നതിന് പിന്നിൽ
തങ്ങളുമായി ഇടഞ്ഞുനിൽക്കുന്ന രാജ്യത്തെ തകർക്കാൻ ഡാമുകൾ ചൈന ഉപയോഗിക്കുന്നത് പുതിയ സംഭവമല്ല. അതുകൊണ്ടു തന്നെയാണ് ബ്രഹ്മപുത്രയിൽ ചൈന പുതുതായി ഒരു ഡാം കൂടി നിർമിക്കാൻ പദ്ധതിയിടുന്നു എന്ന വാർത്ത ഇന്ത്യയുടെ ഹൃദയമിടിപ്പ് വർധിക്കുന്നത്. തിബറ്റിൽനിന്ന് ഉത്ഭവിച്ച് അരുണാചൽ, അസം, ബംഗ്ലാദേശ് എന്നിവയിലൂടെ ഒഴുകി ബംഗാൾ ഉൾക്കടലിൽ ചെന്നുചേരുന്ന നദിയാണ് ചൈനയിൽ യാർലങ് സാങ്പോ എന്നറിയപ്പെടുന്ന ബ്രഹ്മപുത്ര. കൃഷിക്കും മത്സ്യബന്ധനത്തിലും ജലഗതാഗതത്തിനും ആശ്രയിക്കുന്നുണ്ട് ബ്രഹ്മപുത്രയെ. മെഡോഗ് കൗണ്ടിയിലാണ് ജലവൈദ്യുത പദ്ധതിയെന്ന ലക്ഷ്യം മുൻ നിർത്തി ചൈന ഡാം പണിയാൻ തീരുമാനിച്ചിരിക്കുന്നത്.
നദിയിൽ 2010 മുതൽ തന്നെ ചെറിയ ഡാമുകളുടെ നിർമാണം ചൈന ആരംഭിച്ചിരുന്നു. അതിൽ രണ്ടെണ്ണത്തിന്റെ നിർമാണം പൂർത്തിയായതായും മൂന്നെണ്ണം നിർമാണത്തിലാണെന്നുമാണ് റിപ്പോർട്ടുകൾ. ഇവയേക്കാളെല്ലാം വലുതാണ് പുതിയ ഡാം. 60 ജിഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ ശേഷിയുളള ഈ ഡാം ക്ലീൻ എനർജിയെന്ന ബെയ്ജിങ്ങിന്റെ ലക്ഷ്യത്തെ സാക്ഷാത്ക്കരിക്കാൻ സഹായിക്കുമെന്നും ജലസുരക്ഷയ്ക്ക് കരുത്തു പകരുമെന്നുമാണ് പവർ കൺസ്ട്രക്ഷൻ കോർപറേഷൻ ഓഫ് ചൈനയുടെ ചെയർമാനായ യാൻ ഷിയോങ്ങ് പറയുന്നത്.
ഡാം വൻതോതിൽ എക്കൽമണ്ണ് തടയുന്നതിനാൽ തന്നെ നദിയൊഴുകിയെത്തുന്ന ഇന്ത്യ പോലുളള ഡൗൺസ്ട്രീം രാജ്യങ്ങളുടെ കൃഷിയെ ഇത് ബാധിക്കും. ഇന്ത്യയിലേക്കുളള നദിയുടെ ജലനിരപ്പിൽ കാര്യമായ കുറവുണ്ടാകും. വേനൽക്കാലത്ത്, സ്വാഭാവികമായും ജലക്ഷാമം ഇന്ത്യ നേരിടേണ്ടി വരും. അതേസമയം, മൺസൂണിൽ തുറന്നു വിടുന്ന ജലത്തിന്റെ അളവ് സംബന്ധിച്ചും ഇന്ത്യക്ക് ആശങ്കയുണ്ട്. മൺസൂൺ കാലങ്ങളിൽ അസം പോലുളള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ പ്രളയം അഭിമുഖീകരിക്കാറുളളതാണ്.
ചൈന തുറന്നുവിടുന്ന വെളളത്തിന്റെ അളവ് കൂട്ടുകയാണെങ്കിൽ സാഹചര്യം കുറേക്കൂടി മോശമാകും. ഹൈഡ്രോളജിക്കൽ ഡേറ്റ കൈമാറ്റം സംബന്ധിച്ച് ചൈനയുമായി ഇന്ത്യ കരാറിലേർപ്പെട്ടിട്ടുളളതാണ്. മെയ് -ഒക്ടോബർ കാലഘട്ടത്തിലെ ഹൈഡ്രോളജിക്കൽ ഡേറ്റയാണ് കൈമാറാറുളളത്. ഡൗൺസ്ട്രീം പ്രദേശങ്ങൾക്ക് വെളളപ്പൊക്ക സാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് നൽകാൻ ഈ ഡേറ്റ കൈമാറ്റത്തിലൂടെ സാധിക്കും. എന്നാൽ 2017-ൽ ഡോക് ലം അതിർത്തിയിലുണ്ടായ സംഘർഷത്തെ തുടർന്ന് തങ്ങളുടെ ഡാമിൽ നിന്നുളള നീരൊഴുക്ക് സംബന്ധിച്ച ഡേറ്റ ഇന്ത്യക്ക് കൈമാറാൻ ചൈന വിസമ്മതിച്ചിരുന്നു. 2018-ൽ ഇത് പുനഃസ്ഥാപിച്ചെങ്കിലും ഭാവിയിലും ചൈന ഡേറ്റ കൈമാറാതിരുന്നേക്കാമെന്ന് ഇന്ത്യ ആശങ്കപ്പെടുന്നുണ്ട്. ഡേറ്റ ലഭിക്കാതെ വന്നാൽ ചൈനയുടെ ഭാഗത്തുളള നദികളിലെ ജലനിരപ്പ് കണക്കാക്കാൻ ഇന്ത്യക്ക് സാധിക്കില്ല. ഇന്ത്യയിലേക്കുളള നദികളിൽ നിർമിച്ചിരിക്കുന്ന ഡാമുകൾ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടാൽ രാജ്യത്തിന്റെ കിഴക്കൻ സംസ്ഥാനങ്ങൾ വെളളത്തിനടിയിലാകും.
അപ്പർ നദീതടത്തിലെ പ്രദേശങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ ഒരിക്കലും നദിയുടെ കീഴ്ഭാഗത്തുള്ള പ്രദേശങ്ങളെ ബുദ്ധിമുട്ടിക്കുന്നതാകരുതെന്ന് ഇന്ത്യ ചൈനയോട് അഭ്യർഥിച്ചിട്ടുളളതാണ്. മുൻകരുതലായി പ്രതിരോധമെന്നോണം 10 ജിഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതി അരുണാചൽ പ്രദേശിലെ ദിബാങ് താഴ്വരയിൽ നിർമിക്കുന്നത് സംബന്ധിച്ചുളള ആലോചനയിലാണ് ഇന്ത്യ.
2000-ത്തിലെ വേൾഡ് കമ്മിഷൻ ഓൺ ഡാം റിപ്പോർട്ട് പ്രകാരം 15 മീറ്ററിൽ ഉയരമുളള 22,104 ഡാമുകളാണ് ചൈനയിലുളളത്. ലോകത്തെ ആകെയുളള വലിയ ഡാമുകളിൽ 20 ശതമാനവും ചൈനയിലാണ്. 2013-ൽ പുറത്തുവന്ന ഒരു റിപ്പോർട്ട് പ്രകാരം നൂറോളം അണക്കെട്ടുകളാണ് നിർമാണത്തിന്റെ പലഘട്ടങ്ങളിലായി യാങ്സീ നദിയിലുണ്ടായിരുന്നത്.
ത്രീ ഗോർജസ് ചൈനയുടെ സ്വപ്നവും അഹങ്കാരവും
ചൈനയുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമായാണ് യാങ്സീ നദിയിൽ ത്രീ ഗോർജസ് ഡാം ഉയർന്നത്. 40 നിലകളുടെ ഉയരമുളള അണക്കെട്ട് എൻജിനീയറിങ്ങ് അത്ഭുതങ്ങളിലൊന്നായും സഫലമായ രാഷ്ട്രീയ സ്വപ്നമായുമാണ് മാധ്യമങ്ങൾ വിശേഷിപ്പിക്കാറുളളത്. പതിനായിരക്കണക്കിന് ആളുകളുടെ പത്തു വർഷത്തിലേറെ നീണ്ടുനിന്ന കഠിനാധ്വാനത്തിന്റെ ഫലമാണ് ഡാം. നാൽപത് ബില്യൺ ഡോളറാണ് ഡാം നിർമാണത്തിനായി ചൈന ചെലവഴിച്ചത്. വെളളപ്പൊക്ക നിയന്ത്രണത്തിനെന്ന് അവകാശപ്പെട്ട് ചൈന നിർമിച്ച ഈ അണക്കെട്ടിൽനിന്ന് ഉല്പാദിപ്പിക്കുന്നത് 11 ന്യൂക്ലിയർ പവർസ്റ്റേഷനുകളിൽ ഉല്പാദിപ്പിക്കുന്നത്രയും വൈദ്യുതിയാണ്.
പക്ഷേ, ഈ വിജയങ്ങൾക്കൊപ്പം ചൈന സൗകര്യപൂർവം ഓർക്കാനാഗ്രഹിക്കാത്ത ചിലതു കൂടിയുണ്ട്. ത്രീ ഗോർജസ് പ്രകൃതിക്കും മനുഷ്യനും ഏൽപിച്ച ആഘാതങ്ങൾ. ഡാമുണ്ടാക്കിയ 600 കിലോ മീറ്റർ നീളമേറിയ തടാകം നിരവധി ഗ്രാമങ്ങളെയും ചെറുപട്ടണങ്ങളെയും നഗരങ്ങളെയും വിഴുങ്ങി. പത്തു ലക്ഷത്തോളം ആളുകൾക്ക് താമസം മാറേണ്ടി വന്നു. അവിടെ ജനങ്ങളുടെ ഉപരോധമോ പ്രതിഷേധമോ ചർച്ചകളോ ഉണ്ടായില്ല, ഉത്തരവുകൾ അനുസരിക്കുക മാത്രമായിരുന്നു അവർക്ക് മുന്നിലുണ്ടായ ഏകമാർഗം. അവരിൽ ചിലർ രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനുമായി തങ്ങൾ ചെയ്ത ത്യാഗത്തിൽ അഭിമാനിക്കുന്നു, ഭൂരിപക്ഷം കഷ്ടനഷ്ടങ്ങളിൽ വേദനിക്കുന്നു. രാജ്യത്തിന്റെ സമുന്നതിയിൽ സന്തോഷിക്കുമ്പോഴും സ്വന്തം ജീവിതം ഇരുളടഞ്ഞതിൽ പരിതപിക്കുന്നവരുമേറെ. മാറിത്താമസിക്കേണ്ടി വന്നവരിൽ നഷ്ടപരിഹാരമായി മാസം ഏഴു ഡോളറിൽ താഴെ പണം ലഭിക്കുന്നവരുണ്ടെന്ന് സയന്റിഫിക് അമേരിക്കൻ റിപ്പോർട്ട് ചെയ്തിരുന്നു. നഷ്ടപരിഹാരം ചോദിച്ച് അധികൃതരെ സമീപിച്ച ഒരു പൗരനേറ്റ മർദനത്തെ കുറിച്ച് ബി.ബി.സിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചൈനയുടെ ഏറ്റവും വലിയ പാരിസ്ഥിതിക ദുഃസ്വപ്നമായി ത്രീ ഗോർജസ് മാറുമെന്ന ശാസ്ത്രഞ്ജരുടെയും പരിസ്ഥിതിസംരക്ഷണ പ്രവർത്തകരുടെയും മുന്നറിയിപ്പുകളെ ചൈനീസ് സർക്കാർ തൃണവൽഗണിച്ചു. എന്നാൽ, ഡാം നിർമാണം ആരംഭിച്ച് ഒമ്പതു വർഷം പിന്നിട്ട 2009-ലാണ് പ്രകൃതി തിരിച്ചടിക്കുന്നതിന്റെ ആദ്യലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ചൈന യാങ്സീ ത്രീ ഗോർജസ് വികസന കോർപറേഷൻ റിസവർവോയറിൽ 445 അടി ജലം നിറച്ചു. അതിന്റെ ഫലം 660 കിലോ മീറ്റർ നീളവും 3600 അടി വീതിയുമുളള ഒരു തടാകം. ഒരു മാസം കൂടി പിന്നിട്ടപ്പോൾ മറ്റൊന്നു കൂടി സംഭവിച്ചു. ക്വിൻഗൻ നദിയിലേക്ക് വലിയ പാറക്കൂട്ടങ്ങൾ ഇളകിവീണു. അതൊരു തുടക്കമായിരുന്നു. പിന്നീട് നിരവധി സമാനസംഭവങ്ങൾ ഈ പ്രദേശത്തുണ്ടായി. റിസർവോയറിൽ വെളളം നിറച്ചതാണ് ഈ ഉരുൾപൊട്ടലുകളുടെ കാരണമെന്ന് ജിയോളജിക്കൽ എക്സ്പ്ലോറേഷൻ ആൻഡ് എകസ്പ്ലോയിറ്റേഷൻ ഓഫ് മിനറൽ റിസോഴ്സസിലെ ജിയോളജിസ്റ്റായ ഫാൻ ഷിയാവോ അഭിപ്രായപ്പെട്ടിരുന്നു.
ഡാമുകളും പാരിസ്ഥിതികാഘാതങ്ങളും
ഡാമുകൾ മലിനീകരണം കുറയ്ക്കും വരൾച്ചയെയും പ്രളയത്തെയും നിയന്ത്രിക്കും മനുഷജീവിതം മെച്ചപ്പെടുത്തും. ഡാമുകൾ ഉയരുന്നതിന് ചൈന നിരത്തുന്ന വാദങ്ങൾ ഇതെല്ലാമാണ്. എന്നാൽ, പുഴയുടെ സ്വാഭാവിക ഗതിയെ തടഞ്ഞുകൊണ്ട് ഉരുൾപൊട്ടൽ സാധ്യതകൾ ഉയർത്തുകയും പരിസ്ഥിതിയെ താറുമാറാക്കുകയുമാണ് ചൈന ചെയ്യുന്നത്. ഒപ്പം സാമ്പത്തികനേട്ടങ്ങൾക്ക് വേണ്ടി തങ്ങളുടെ ജനതയുടെ ജീവിതം ദുസ്സഹമാക്കുകയും.
2001-ലാണ് മിൻ നദിയിൽ സിപിങ്ഗ്പു അണക്കെട്ട് ഉയരുന്നത്. ഒരു പ്രകൃതിദുരന്തത്തിനുളള പരോക്ഷസാധ്യതകളെ കുറിച്ച് അന്നേ ഭൂകമ്പശാസ്ത്രജ്ഞർ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ, അധികൃതർ അത് ചെവികൊണ്ടില്ല. എന്നാൽ മെയ് 2008-ൽ ഭൂകമ്പമാപിനിയിൽ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടാകുകയും 80,000 പേർ അതിൽ മരണപ്പെടുകയും ചെയ്തു. അന്നുമുതൽ നടത്തിയ അമ്പതോളം പഠനങ്ങളിലും റിസർവോയർ ചെറിയ ഭൂചലനങ്ങൾക്ക് കാരണമാകുന്നതിന് തെളിവുകൾ കണ്ടെത്തിയിരുന്നു. കനേഡിയൻ എൻ.ജി.ഒ. ആയ പ്രോബ് ഇന്റർനാഷണൽ 2012 ഏപ്രിലിൽ ചൈനയിലെ പുതിയ ഡാമുകളിൽ പകുതിയോളവും ഉയർന്ന, വളരെ ഉയർന്ന ഭൂകമ്പ സാധ്യതാമേഖലകളിലാണെന്നും ബാക്കിയുളളവ മിതമായ ഭൂചലന സാധ്യതകളുളളയിടത്താണെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പവർ പ്ലാന്റുകളെ അപേക്ഷിച്ച് കാർബൺ പുറന്തള്ളൽ കുറവാണെന്നതാണ് ജലവൈദ്യുതപദ്ധതി ഡാമുകളുടെ മെച്ചമെന്നാണ് ചൈനയുടെ മറ്റൊരുവാദം. എന്നാൽ, വസ്തുതാപരമായി അതും തെറ്റാണ്. കാരണം റിസർവോയറിലെ ജലത്തിനടിയിലായ മരങ്ങളും മറ്റുസസ്യജാലങ്ങളും ഹരിതഗൃഹവാതകങ്ങൾ പുറത്തുവിടുന്നുണ്ട്. ഡാം എവിടെയാണോ പണിതുയർത്തിയിരിക്കുന്നത് അവിടുത്തെ കാലാവസ്ഥ, എത്രത്തോളം സസ്യജാലങ്ങളാണ് വെള്ളത്തിനടിയിലായത്, അവ ഏതൊക്കെ, റിസർവോയറിന്റെ ആഴവും പ്രായവും എല്ലാം അനുസരിച്ചിരിക്കും ഓരോ ഡാമിൽനിന്നും ഇപ്രകാരമുളള പുറന്തളളൽ. മിതോഷ്ണ മേഖലയിലുളള ഡാമുകളാണെങ്കിൽ അതിന്റെ ആയുസ്സിൽ അത് പുറന്തളളപ്പെടുന്നത് ഒരു പ്രകൃതിവാതക പ്ലാന്റിന്റെ ഏകദേശം മൂന്നിലൊന്ന് മുതൽ മൂന്നിൽ രണ്ട് വരെ ആയിരിക്കും. എന്നാൽ, ഇടതൂർന്ന വനപ്രദേശങ്ങളിൽ, ചൈനയുടെ തെക്കു പടിഞ്ഞാറ് ഭാഗങ്ങളിലുളള ഡാമുകളിൽ നിന്നുളള പുറന്തളളൽ ഇതിനേക്കാൾ ഉയർന്നതായിരിക്കും.
ഡാം വെള്ളപ്പൊക്കത്തെയും വരൾച്ചയെയും തടയുമെന്നുളള ചൈനീസ് വാദവും തെറ്റാണ്. വെള്ളം റിസർവോയറിൽ സംഭരിക്കപ്പെടുകയും വേനൽക്കാലത്ത് തുറന്നുവിടുകയും ചെയ്യുമ്പോൾ നദികളുടെ സ്വാഭാവികമായ ഒഴുക്കിനെ ഇത് ബാധിക്കുന്നുണ്ട്. ത്രീ ഗോർജസ് ഡാം പൂർത്തിയായതോടെ യാങ്സി തടാകത്തിൽനിന്നു വെളളമെത്തിയിരുന്ന ഹുനാനിലെ ഡോങ്ടിങ് തടാകം, ജിയാങ്ക്സിയിലെ പൊയാങ് തടാകം എന്നിവ ചുരുങ്ങിയിരുന്നു. നിരവധി ചെറുതടാകങ്ങളാണ് അപ്രത്യക്ഷമായത്. ചെടികളും സസ്യജാലങ്ങളും നശിക്കുന്നു, മത്സ്യങ്ങളുടെ സഞ്ചാരഗതി തടസ്സപ്പെടുത്തുന്നു, അവയുടെ പ്രത്യുല്പാദനത്തെ ബാധിക്കുന്നു, പല ജീവജാലങ്ങളുടെയും വംശനാശത്തിന് പോലും കാരണമാകുന്നു. ഡാമുകൾ ഏൽപ്പിക്കുന്ന പാരിസ്ഥിതികാഘാതങ്ങൾ ചെറുതല്ല. ഡാമുകളും മലിനമാക്കപ്പെടുന്നുണ്ട്. ഫാക്ടറികളിൽനിന്ന് പുറന്തളളപ്പെടുന്ന കെമിക്കലുകളും മററും നദികളിലൂടെ ഒഴുകി റിസർവോയറിൽ സംഭരിക്കപ്പെടുകയാണ്.
1975-ലെ ബാൻക്യാവോ ദുരന്തം
ചരിത്രം കണ്ട ഏറ്റവും വലിയ ഡാം ദുരന്തമായിരുന്നു ബാൻക്യാവോവിലെ ഡാം അപകടം. 1975 ഓഗസ്റ്റ് മാസത്തിലണ്ടായ ടൈഫൂൺ നീനയെ തുടർന്നുണ്ടായ കനത്ത മഴയിലായിരുന്നു അപകടം. ബാൻക്യാവോ അടക്കം 62 ഡാമുകൾ തകർന്നു. ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും മാരകമായ പ്രളയത്തിനും ചൈന സാക്ഷ്യം വഹിച്ചു.
കനത്ത മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്തതോടെ ഓഗസ്റ്റ് ആറിനുതന്നെ ഡാം തുറക്കുന്നതിന് അപേക്ഷിച്ചെങ്കിലും അത് നിരസിക്കപ്പെട്ടു. ഡാമിന് സമീപമുളള പ്രദേശങ്ങളിൽ വെളളം പൊങ്ങിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പക്ഷേ മഴ കനത്തതോടെ ഓഗസ്റ്റ് ഏഴിന് ഡാം തുറക്കാൻ അനുമതി നൽകി. എന്നാൽ, ടെലഗ്രാം എത്തിക്കുന്നതിനായി സാധിച്ചില്ല. ഓഗസ്റ്റ് എട്ടിനാണ് ഡാം തകരുന്നത്. 85,600 മുതൽ 2,40,000 പേർ വരെ മരണപ്പെട്ടതായാണ് റിപ്പോർട്ടെങ്കിലും ഔദ്യോഗിക രേഖകളിൽ ഇത് 26,000 മാത്രമാണ്.
ഡാം തകർന്നതിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളെ കുറിച്ചും ആളപായത്തെ കുറിച്ചും 1990 വരെ ചൈന മൗനം പാലിക്കുകയാണ് ചെയ്തത്. ഡാം തകർന്നതിനെ തുടർന്ന് ചൈന നേരിട്ട വെല്ലുവിളികളെ കുറിച്ച് ലോകമറിയുന്നത് അന്ന് ചൈനയുടെ ജലവിഭവ വകുപ്പുമന്ത്രിയായിരുന്ന ക്വിയാൻ ഷെൻഗ്വിയിങ് എഴുതിയ 'ദ ഗ്രേറ്റ് ഫ്ളഡ്സ് ഇൻ ചൈനാസ് ഹിസ്റ്ററി' എന്ന പുസ്തകം പുറത്തുവന്നതോടെയാണ്. ഡാം തകർച്ചയെ തുടർന്നുണ്ടായ പകർച്ചവ്യാധികളും ക്ഷാമവും മൂലം 14,500 പേർ മരണപ്പെട്ടതായും രേഖകളുണ്ട്.
ഇതോടെ ചൈനീസ് സർക്കാരിനെതിരേ രൂക്ഷമായ ആക്ഷേപങ്ങൾ ഉയർന്നു. നിലവാരമില്ലാത്ത നിർമാണത്തിന് ആക്ഷേപങ്ങളേറ്റു വാങ്ങിയ അതേ ചൈനയാണ് പിന്നീട് ഡാമുകളുടെ രാജ്യമായി മാറിയതും ത്രീ ഗോർജ്സ് പോലൊരു വമ്പൻ ഡാം പണികഴിപ്പിച്ചതും ജലയുദ്ധത്തിനായി തയ്യാറെടുക്കുകയാണോ എന്ന് ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തുകയും ചെയ്തിരിക്കുന്നത്.
Reference
- https://www.thehindu.com/children/why-is-chinas-new-dam-a-concern-for-india/article33707992.ece
- https://www.wionews.com/world/water-wars-how-china-weaponises-rivers-314975
- https://www.bbc.com/future/article/20151014-the-chinese-are-obsessed-with-building-giant-dams
- https://e360.yale.edu/features/chinas_great_dam_boom_an_assault_on_its_river_systems
Content Highlights: World's most dammed country; Dams in China
Published: 15 Nov 2021, 09:14 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented