
ജന്മനാടിന് മുറിവേറ്റിരുന്ന കാലത്തൊക്കെ ഐതിഹാസിക സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ചരിത്രം പറയാനുണ്ട് മണിപ്പുരിലെ സ്ത്രീകള്‍ക്ക്. അതിന് മതത്തിന്റെയോ ജാതിയുടേയോ അതിര് വരമ്പുകളുണ്ടായിരുന്നില്ല. അടിമത്തൊഴിലിനെതിരെ, അനധികൃത ധാന്യക്കടത്തിനെതിരേ, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ, ലഹരിക്കെതിരേ..... ഇങ്ങനെ സ്ത്രീകള്‍ കൊളുത്തിയ സമരജ്വാലകള്‍ക്ക് മുന്നില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ പോലും അടിയറവ് പറഞ്ഞിരുന്നുവെന്ന് മണിപ്പുരിന്റെ കഴിഞ്ഞ കാലം ഓര്‍മിപ്പിക്കുന്നു.
രണ്ട് മാസത്തോളമായി സമാനതകളില്ലാത്ത വംശീയ കലാപത്തിന് മണിപ്പുര്‍ സാക്ഷ്യം വഹിക്കുമ്പോഴും സമരരംഗത്ത് പ്രതിരോധത്തിനും സമാധാനത്തിനുമായി സ്ത്രീകള്‍ തന്നെ വീണ്ടും മുന്നിട്ട് നില്‍ക്കുകയാണ്. മീര പൈബിസ് (ടോര്‍ച്ചേന്തിയ വനിതകള്‍) തെരുവുകളില്‍ സംഘടിക്കുമ്പോള്‍ സമാധാന ശ്രമങ്ങളെ ഇനി അത്ര ലാഘവത്തോടെ കാണാനാവില്ല കേന്ദ്രത്തിന്. കാരണം മണിപ്പുരിന്റെ വനിതാ സമരചരിത്രം നല്‍കും അതിനുത്തരം.

- കംഗ്ല കോട്ടയില്‍ നിന്ന് ഓടിയ പട്ടാളക്കാര്‍
ഇന്ത്യന്‍ പട്ടാളക്കാര്‍ ഞങ്ങളെ ബലാത്സംഗം ചെയ്യുന്നു. ഞങ്ങള്‍ക്ക് നീതി വേണം......... ഇങ്ങനെയെഴുതിയ ബാനറുകള്‍ പിടിച്ചുകൊണ്ട് നഗ്നരായി ഇംഫാലിലെ തെരുവിലിറങ്ങി ഒരു കൂട്ടം അമ്മമാര്‍ 2004-ജൂലായ് മാസം 15-ാം തീയതി നടത്തിയ പ്രതിഷേധത്തെ അത്ര പെട്ടെന്ന് മറന്നിട്ടുണ്ടാവില്ല ഭരണകൂടം. 32-കാരിയായ തങ്ജാം മനോരമയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അസം റൈഫിള്‍സിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മണിപ്പുരില്‍ അങ്ങനെയൊരു പ്രതിഷേധം നടന്നത്. ലോകം തന്നെ തലതാഴ്ത്തി നിന്നുപോയ ആ സംഭവത്തിന് നേതൃത്വം നല്‍കിയത് മീര പൈബിസ്(ടോര്‍ച്ചേന്തിയ വനിതകള്‍) എന്നറിയപ്പെട്ടിരുന്ന സ്ത്രീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു. അവര്‍ പിന്നീട് മണിപ്പുരിലെ അമ്മമാര്‍ എന്നറിയപ്പെട്ടു.
മണിപ്പുരിലെ കംഗ്ല കോട്ടയില്‍നിന്ന് അസം റൈഫിള്‍സിനെ പുറത്താക്കുന്നതിലേക്കും സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന അഫ്സാപ എന്ന കരിനിയമത്തെ എടുത്തുകളയുന്നതിലേക്കും ഇന്ത്യന്‍ ഭരണകൂടത്തെയെത്തിച്ചത് മീര പൈബിസിന്റെ ഈ ഇടപെടലായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം സമാനതകളില്ലാത്ത കലാപങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും മണിപ്പുര്‍ സാക്ഷ്യം വഹിക്കുമ്പോള്‍ മീര പൈബിസ് വീണ്ടും സമരമുഖത്തേക്കെത്തുകയാണ്. ടോര്‍ച്ചുകളും വിളക്കുകളും തെളിച്ച് മനുഷ്യച്ചങ്ങല തീര്‍ത്ത് അവര്‍ തെരുവിലിറങ്ങിയിരിക്കുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മണിപ്പുരിലെ കലാപങ്ങള്‍ തടയുന്നതില്‍ പരാജയപ്പെടുമ്പോള്‍ മീര പൈബിസിന് ഇനിയും വെറുതെയിരിക്കുമോ എന്ന ചോദ്യമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

- രാജിയല്ല വേണ്ടത് സമാധാനം
മണിപ്പുരില്‍ കലാപം കത്തിപടരുന്നത് നിയന്ത്രിക്കാനാവാതെ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിക്കൊരുങ്ങുന്നത് പ്രതിരോധിച്ചു കൊണ്ടാണ് മീര പൈബിസ് ഇത്തവണ സമര രംഗത്ത് സജീവമായത്. രാജിയല്ല വേണ്ടത് സമാധാനമാണെന്നും അതിനാവശ്യമുള്ളത് ചെയ്ത് തരണമെന്നുമാവശ്യപ്പെട്ട് ബിരേന്‍ സിങ്ങിന്റെ രാജിയെ മനുഷ്യ ചങ്ങല തീര്‍ത്തുകൊണ്ടാണ് ഇവര്‍ തടഞ്ഞത്. മണിപ്പുരിലെ അമ്മമാര്‍ മുഖ്യമന്ത്രിയുടെ രാജി കൊണ്ടുമാത്രം സന്തോഷവതികളാവില്ല. പകരം ജന്മനാടിന്റെ സംരക്ഷകനെന്ന പോലെ മുഖ്യമന്ത്രിക്ക് ഇവിടെയുള്ള ജനങ്ങളെ സംരക്ഷിക്കുന്നതിനും ഉത്തരവാദിത്തമുണ്ട്.
രാജിവെച്ചാല്‍ സംസ്ഥാനം പ്രസിഡന്റ് ഭരണത്തിന് കീഴിലാവും. ഇത് ഞങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കും. മീര പൈബിസ് അംഗങ്ങളില്‍ പെട്ട സരോജിനി ലെയ്മ മാധ്യമങ്ങളോട് സംസാരിച്ചത് ഇങ്ങനെയായിരുന്നു. സ്ത്രീകളുടെ വലിയ പ്രതിരോധമുണ്ടായതോടെ ബിരേന്‍ സിങ് രാജിയില്‍നിന്ന് പിന്മാറിയെങ്കിലും തെരുവോരങ്ങളിലെല്ലാം ഇപ്പോള്‍ സ്ത്രീകളാണ്. ഇവര്‍ പട്ടാളക്കാരെ റോഡില്‍ തടയുകയും വാഹന പരിശോധന നടത്തുകയും മാര്‍ച്ചുകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുകയും ചെയ്യുന്നു.

മീര പൈബിസ് വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ പ്രബല വിഭാഗമായ മെയ്തിയില്‍ പെട്ടവരായതു കൊണ്ട് തന്നെ തങ്ങളുടെ ആളുകള്‍ പട്ടാളക്കാരുടേയും കുക്കികളുടേയും പിടിയാലാവാതെ സദാ ജാഗരൂരായി നില്‍ക്കുന്നത് ഈ സ്ത്രീകളാണ്. ഇതിന് വേണ്ടിയാണ് വാഹന പരിശോധന. ഇവരുടെ കണ്ണുവെട്ടിച്ച് ഒരു ഭാഗത്തേക്കും പോകാന്‍ സൈന്യത്തിന് കഴിയുന്നില്ലതാണ് സത്യം. വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ജം മനോരമയ്ക്ക് നീതി വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ അതേ വീര്യത്തിലാണ് ഇപ്പോഴിവര് തെരുവിലുള്ളത്. മീര പൈബിസ് സ്ത്രീകള്‍ക്ക് സംസ്ഥാനം വലിയ ബഹുമാനം നല്കുന്നതിനാല് ഇവരുടെ പ്രതിഷേധത്തെ അതിര് കവിഞ്ഞ് നേരിടാന്‍ സൈന്യത്തിന് പോലും കഴിയുന്നില്ല.
മണിപ്പുരിലെ വനിതാ ആക്ടിവിസ്റ്റുകള്‍ ബോധപൂര്‍വം വഴികള്‍ തടയുകയും സുരക്ഷാ സേനയുടെ പ്രവര്‍ത്തികളില്‍ ഇടപെടുകയും ചെയ്യുന്നുവെന്നാണ് സൈന്യം ആരോപിക്കുന്നത്. എന്നാല്‍, കലാപത്തിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടുന്ന സൈനിക നടപടിയെ ആണ് ചെറുക്കുന്നതെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മാസം സൈന്യം പിടികൂടിയ 12 സായുധ സംഘാംഗങ്ങളെ മോചിപ്പിച്ചത് പോലും 1200-ലധികം വരുന്ന സ്ത്രീകളായിരുന്നു. സ്ത്രീകള്‍ സൈന്യത്തെ വളഞ്ഞതിന് പിന്നാലെ കുറ്റവാളികളെ മോചിപ്പിക്കേണ്ടി വരികയായിരുന്നു. ഏത് കാലത്തും മണിപ്പൂരിന് പ്രതിസന്ധിയുണ്ടായിട്ടുണ്ടോ, അപ്പോഴെല്ലാം സ്ത്രീകള്‍ സമരമുഖത്തുണ്ടായിരുന്നുവെന്നതാണ് മണിപ്പുരിന്റെ ചരിത്രം വ്യക്തമാക്കുന്നത്. അതിന് ബ്രിട്ടീഷ് കാലം മുതലുള്ള ഓര്‍മപ്പെടുത്തലുമുണ്ട്.

- ബ്രിട്ടീഷ് കാലത്തെ കൂലിയില്ലാ ജോലി
ബ്രിട്ടീഷ് കാലത്ത് മണിപ്പുര്‍ താഴ്വരയിലെ പുരുഷന്മാര് കൂലിയില്ലാതെ നിര്‍ബന്ധിത ജോലി ചെയ്യണം എന്ന ഒരു ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ ആദ്യസമരം നടന്നത്. പുരുഷന്മാര് നിര്‍ബന്ധിത ജോലിക്കിറങ്ങിയതോടെ പല വീടുകളും പട്ടിണിയിലായി. ഇതോടെ കുടുംബം നോക്കാന്‍ സ്ത്രീകള്‍ കച്ചവടത്തിനിറങ്ങി, ഒപ്പം അതിശക്തമായ പ്രതിരോധവും തീര്‍ത്തു. ഒടുവില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് സ്ത്രീകളുടെ പ്രതിഷേധത്തിന് മുന്നില്‍ തലകുനിക്കേണ്ടി വന്നു. അടിമ ജോലി ചെയ്യിച്ചതിന് കൂലി കൊടുക്കേണ്ടി വന്നു. മണിപ്പുരിന്റെ ചരിത്രിത്തിലെ 1904-ലെ ഈ സംഭവമാണ് ആദ്യ നൂപി ലാന് (സ്ത്രീകളുടെ പോരാട്ടം) എന്നറിയപ്പെടുന്നത്.
1939-ല്‍ അന്നത്തെ കൊളോണിയല്‍ സര്‍ക്കാരിന്റെ അനുമതിയോടെ മണിപ്പുരിലുണ്ടായ അനധികൃത അരിക്കടത്തിനെതിരേയുണ്ടായ സമരമായിരുന്നു രണ്ടാം നൂപി ലാന് സമരം. കുറഞ്ഞ വിലയ്ക്ക് കര്‍ഷകരില്‍നിന്നും അരി മൊത്തമായി വാങ്ങി, ബ്രിട്ടീഷുകാര്‍ അന്യദേശത്തേക്ക് കടത്തി. ഇത് സംസ്ഥാനത്തെ വലിയ ഭക്ഷ്യക്ഷാമത്തിലേക്ക് നയിച്ചു. മാത്രമല്ല, സ്ത്രീകള്‍ കാലങ്ങളായി നടത്തിക്കൊണ്ടിരുന്ന ഇമ കെയ്തല്‍ എന്ന മാര്‍ക്കറ്റ് പിടിച്ചെടുക്കാനും ശ്രമം നടന്നു. ഇതോടെ സ്ത്രീകള്‍ സംഘടിക്കുകയും ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഓഫീസിന് മുന്നിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. ഉത്തരവ് പിന്‍വലിക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് സ്ത്രീകള്‍ അറിയിച്ചതോടെ തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തു. ഇങ്ങനെ വിവിധ ഘട്ടങ്ങളില്‍ സമരവുമായി മുന്‍പന്തിയിലുണ്ടായിരുന്ന നാപി ലാന് സമരനേതാക്കളുടെ പിന്മുറക്കാരായിട്ടാണ് ഇന്നത്തെ മീരപൈബിസും പിന്നീട് അറിയപ്പെട്ടു പോന്നത്.

1970-കളില്‍ അനധികൃത മദ്യം, മയക്കുമരുന്ന് ഉപയോഗം എന്നിവയ്ക്കെതിരേ നിശ ബന്ധിസ് എന്ന പേരില്‍ മീര ബൈബിസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിരോധവും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ടോര്‍ച്ചുകളും, പന്തങ്ങളുമേന്തി തെരുവോരങ്ങളില്‍ നടത്തിയ മാര്ച്ചുകളിലൂടെയാണ് ഇവര്‍ക്ക് ടോര്‍ച്ചേന്തിയ വനിതകള്‍ എന്ന പേരും ലഭിച്ചത്. അനധികൃത മദ്യശാലകള്‍ കണ്ടെത്തുകയും അത് തകര്‍ക്കുകയും ചെയ്ത് വലിയ പ്രതിഷേധത്തിന് തന്നെ അന്ന് സ്ത്രീകള്‍ നേതൃത്വം നല്കി. മദ്യശാലകള്‍ക്ക് തീവെച്ചു. സാധനസാമഗ്രികള്‍ നശിപ്പിച്ചു. ഇതോടെ മദ്യ നിരോധന നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയും ചെയ്തു. മണിപ്പുരില്‍ നിലനിന്ന് പോന്നിരുന്ന അഫ്സാപ(ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേര്‍സ്, അസം ആന്‍ഡ് മണിപ്പൂര്‍) നിയമങ്ങള്‍ക്കെതിരേ അതി ശക്തമായ സമരം നടത്തിയതും മീര പൈബിസിന്റെ നേതൃത്വത്തിലായിരുന്നു. ഇങ്ങനെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാമൂഹിക വികസന ചരിത്രത്തില്‍ ബ്രിട്ടീഷ് കാലം മുതല്‍ നിര്‍ണായക പങ്കുവഹിച്ചവര്‍ എന്നത് കൊണ്ടു തന്നെ സ്ത്രീകള്‍ക്ക് വലിയ ബഹുമാനവും ഇവിടെ ലഭിക്കുന്നുണ്ട്. മീര പൈബിസ് മൂവ്മെന്റിനെ മൂന്നാം നൂപി ലാന് പ്രക്ഷോഭം എന്നും അറിയപ്പെടുന്നുണ്ട്.
- ഓര്‍മയില്‍ എന്നും തങ്ജം മനോരമ
മീര പൈബിസ് പോരാട്ടത്തിലെ എന്നും ഓര്‍മിക്കപ്പെടുന്ന സംഭവമായിരുന്നു 2004-ജൂലായ് 10-ാം തീയതി നടന്ന തങ്ജം മനോരമയുടെ കൊലപതാകത്തിനെതിരേ നടന്ന സമരം. നിരോധിത സംഘടനായ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ പ്രവര്‍ത്തകയാണെന്നാരോപിച്ചായിരുന്നു മനോരമയെ ആസം റൈഫിള്‍സ് സേനാംഗങ്ങള്‍ വീട്ടിലെത്തി പിടിച്ചുകൊണ്ടുപോയത്. ജൂലായ് 11-ാം തീയതി ദേഹമാസകലം വെടിയേറ്റ നിലയിലും ബലാത്സംഗം ചെയപ്പെട്ട നിലയിലും നാല് കിലോമീറ്റര്‍ അപ്പുറമുള്ള വയലില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയു ചെയ്തു. സംസ്ഥാനത്താകെ വലിയ പ്രക്ഷോഭമുണ്ടായെങ്കിലും മുപ്പതോളം സ്ത്രീകള്‍ നഗ്നരായി ഞങ്ങളെ ബലാത്സംഗം ചെയ്യൂ എന്നെഴുതിയ എഴുതിയ ബാനര്‍ ഉയര്‍ത്തി തെരുവിലൂടെ മാര്‍ച്ച് നടത്തിയത് വലിയ ചര്‍ച്ചയായി. പ്രതിഷേധം ശക്തമായതോടെ ആസം റൈഫിള്‍സ് അവരുടെ മുഖ്യ കേന്ദ്രമായി ഉപയോഗിച്ച് പോന്നിരുന്ന കംഗ്ല കൊട്ടാരം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. മണിപ്പുര്‍ താഴ്വരയില്‍നിന്ന് അഫ്സാപ എന്ന കരി നിയമം എടുത്തുകളയുന്നതിന് പോലും കേന്ദ്രത്തെ പ്രേരിപ്പിച്ചത് സ്ത്രീകളുടെ ഈ വലിയ സമരമായിരുന്നു.

മണിപ്പുരിന്റെ ഉരുക്കു വനിതയെന്നറിയപ്പെട്ടിരുന്ന ഇറോം ശര്മിളയടക്കമുള്ളവര് സംസ്ഥാനത്ത് സ്ത്രീ മൂന്നേറ്റത്തില്‍ നടത്തിയ സംഭാവനയും ചെറുതല്ല. അഫ്സാപ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 16 വര്‍ഷത്തോളമാണ് ഇവര്‍ നിരാഹാരമിരുന്നത്. പോലീസ് അറസ്റ്റ്, ആത്മഹത്യാ ശ്രമത്തിന് കേസ് തുടങ്ങി ഇറോം ശര്‍മിളയുടെ സമരം പൊളിക്കാന്‍ പറ്റാവുന്ന ശ്രമങ്ങളെല്ലാം സര്‍ക്കാര്‍ നടത്തിയിരുന്നുവെങ്കിലും ഇതിനെയെല്ലാം ചെറുത്തുനിന്നായിരുന്നു ശര്‍മിളയുടെ പോരാട്ടം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി 2016-ല്‍ നിരാഹാരം അവസാനിപ്പിച്ച് മത്സരത്തിനിറങ്ങിയെങ്കിലും പരാജയമായിരുന്നു ഫലം. ഇതോടെ വിവാഹിതയായി നാട് വിട്ട് പിന്നീട് ബെംഗളൂരുവില്‍ അഭയം പ്രാപിച്ചത് ചരിത്രം.
- ഇമ കെയ്തല്‍; മണിപ്പുരി സ്ത്രീകളുടെ അതിജീവന മാതൃക
മണിപ്പുരിന്റെ ചരിത്രത്തിന് സ്ത്രീകള്‍ നല്കിയ സംഭാവനകള്‍ ചെറുതല്ല. ജന്മനാട് പ്രതിസന്ധിയിലായിരുന്ന കാലത്തെല്ലാം സ്ത്രീകളുടെ വലിയ മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് ഈ നാട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇംഫാലില്‍ സ്ഥിതി ചെയ്യുന്ന ഇമ കെയ്തല്‍ അഥവാ സ്ത്രീകള്‍ മാത്രം കച്ചവടം നടത്തുന്ന അമ്മച്ചന്തകള്. ഒരു പക്ഷെ, ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിതാ മാര്‍ക്കറ്റെന്നും ഇമ കെയ്തല്‍ അറിയപ്പെടുന്നുണ്ട്. ഒരുകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി കൂലിയില്ലാ ജോലി ചെയ്യേണ്ടി വന്ന പുരുഷന്മാരുടെ കുടുംബത്തിലെ സത്രീകളാണ് വീട് പട്ടിണിയാവാതാരിക്കാന് ഇമാ കെയ്തലിന് തുടക്കമിട്ടത്.

പതിനായിരത്തോളം വനിതകളാണ് ഇന്നിവിടെ വിവിധ കച്ചവടങ്ങള്‍ ചെയ്ത് ഉപജീവനം തേടുന്നത്. പുരുഷ കച്ചവടക്കാര്‍ക്കോ കടയുടമകള്‍ക്കോ പ്രവേശനമില്ലാത്ത മാര്‍ക്കറ്റില്‍ അനധികൃതമായി പുരുഷന്മാര് കച്ചവടം നടത്തിയാല്‍ ശിക്ഷാനടപടികള്‍ പോലും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പച്ചക്കറികള്‍, പഴങ്ങള്‍, കളിപ്പാട്ടങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, മത്സ്യങ്ങള്‍, പാത്രങ്ങള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കച്ചവടകേന്ദ്രം സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രം കൂടിയാണ്. 16-ാം നൂറ്റാണ്ടില്‍ ലാലുപ്പ്-കബ അഥവാ നിര്‍ബന്ധിത അടിമത്തൊഴില്‍ അടിച്ചേല്പിക്കപ്പെട്ടതിന് ബദലായി സ്ത്രീകള്‍ ആരംഭിച്ച മാര്‍ക്കറ്റിന് ഇന്ന് പ്രത്യേക കെട്ടിടം തന്നെയുണ്ട്. ഒരിക്കലെങ്കിലും വിവാഹിതരായ സ്ത്രീകള്‍ക്കാണ് മാര്‍ക്കറ്റില്‍ കച്ചവടത്തിന് അനുമതി. പൂര്‍ണമായും സഹകരണ നിയന്ത്രണത്തില്‍ മുന്നോട്ട് പോവുന്ന ഈ മാര്‍ക്കറ്റില്‍നിന്നു തന്നെയാണ് നൂപി ലാന് പ്രക്ഷോഭം പോലുള്ള പല സമരങ്ങളും പ്രതിഷേധങ്ങളും ഓരോ കാലത്തും ഭരണാധികാരികള്‍ കണ്ടതും.
നിലവിലെ വംശീയ കലാപം തങ്ങളുടെ കച്ചവടത്തെ വലിയ തോതില്‍ ബാധിച്ചുണ്ടെന്നാണ് മാര്‍ക്കറ്റിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. മാര്‍ക്കറ്റ് അടഞ്ഞു കിടക്കുന്നതിനാല്‍ കൊടിയ ദാരിദ്ര്യത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. ഇതോടെയാണ് കലാപം അവസാനിപ്പിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ തന്നെ രംഗത്തിറങ്ങിയിരിക്കുന്നതും. മണിപ്പുരിന്റെ ചരിത്രത്തില്‍ നിരവധി പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇമ കെയ്തിനില്നിന്ന് മണിപ്പുര്‍ കലാപത്തില്‍ സത്രീകളുടെ ഇടപെടലും ഏറെ പ്രാധാന്യത്തോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.
Content Highlights: women protest in manipur
Published: 12 Jul 2023, 05:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented