വീഞ്ഞുണ്ടാക്കുന്നവരുടെ സ്വര്‍ഗമായിരുന്നു ഫ്രാന്‍സ്. കുറ്റിയായി വെട്ടിനിര്‍ത്തിയ മുന്തിരിപ്പാടങ്ങള്‍ തെക്കന്‍ ഫ്രാന്‍സിലുടനീളം പ്രൗഢിയോടെ പരന്നുകിടന്നു. തലമുറകളായി മുന്തിരികൃഷിയും വീഞ്ഞ് നിർമ്മാണവും കുലത്തൊഴിലായി കൊണ്ടുനടന്ന വലിയൊരു വിഭാഗം കൃഷിക്കാര്‍, മറ്റൊരു തൊഴിലിനെക്കുറിച്ചും അവര്‍ ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല. റോമന്‍ അധിനിവേശത്തിന് നൂറ്റാണ്ടുകള്‍ മുമ്പേ ഫ്രാന്‍സില്‍ വൈൻ ഉണ്ടാക്കാന്‍ തുടങ്ങിയിരുന്നു. പക്ഷേ, ഇന്നു കാണുന്നത്രയും വിശാലമായി ഇവിടെ മുന്തിരിച്ചെടികള്‍ നട്ടുപിടിപ്പിച്ചത് റോമക്കാരാണ്. ഫ്രഞ്ച് സംസ്‌കാരത്തിന്റെ പ്രധാനപ്പെട്ടൊരു അടയാളമാണ് വീഞ്ഞ്. ആഡംബരത്തിന്റെ പ്രതീകം. എന്നാലിന്ന് മുന്തിരിവീഞ്ഞു നിര്‍മാണരംഗത്ത് ഫ്രാന്‍സിന്റെ കിരീടത്തിന് ഇളക്കം തട്ടിയിരിക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള തെക്കന്‍ ഫ്രാന്‍സിലെ പരമ്പരാഗത വൈന്‍ ഉത്പാദകര്‍ നിലനില്‍പിനുവേണ്ടി പൊരുതുകയാണ്. വൈന്‍ ലോകം മാറുന്നു. കുത്തകകളാവാന്‍ പല രാജ്യങ്ങളാണ് മത്സരത്തിനുള്ളത്.

To advertise here,

ഏറ്റവും മുന്തിയ വീഞ്ഞ്

ഫ്രഞ്ച് മുന്തിരിവീഞ്ഞിന്റെ ചരിത്രം തുടങ്ങുന്നത് ബോഡോയിലാണെന്നു പറയാം. തെക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലെ വലിയൊരു ദേശം. സുലഭമായ പലതരം മുന്തിരി കൊണ്ടുണ്ടാക്കിയ വീഞ്ഞുകള്‍ രുചിച്ചും വാങ്ങിയും വിനോദയാത്രകള്‍ നടത്താവുന്ന ആറായിരത്തോളം വൈന്‍ എസ്റ്റേറ്റുകള്‍ ഇവിടെയുണ്ട്. 2007-ല്‍ ഈ പ്രദേശത്തെ യുനെസ്‌കോ ലോക പൈതൃകപ്പട്ടികയില്‍ പെടുത്തി. 1,15,100 ഹെക്ടറിലായി പരന്നുകിടക്കുന്ന ബോഡോയിലെ വിന്യാര്‍ഡുകള്‍ ഏകദേശം 6.5 മില്യണ്‍ ഹെട്രോ ലിറ്റര്‍ വീഞ്ഞാണ് വര്‍ഷം തോറും ഉണ്ടാക്കുന്നത്. ലോകത്തെ ഏറ്റവും മുന്തിയ വീഞ്ഞെന്ന് ബോഡോ വൈന്‍ അറിയപ്പെടുന്നു. മണ്ണ്, ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങി വീഞ്ഞിനു വീര്യം പകരാന്‍ വേണ്ട എല്ലാ ഘടകങ്ങളും ഒന്നിച്ചു ചേരുന്നിടമാണ്‌ ബോഡോ. ലോകപ്രീതി പിടിച്ചുപറ്റിയ പലവിധം പ്രാദേശിക മുന്തിരിവര്‍ഗങ്ങള്‍ ഫ്രാന്‍സിലുണ്ട്.

ലോങ്‌ഡോക് റുസ്സിലിയോണ്‍- ലോകത്തെ ഏറ്റവും വലിയ വൈന്‍ മേഖല

ഫ്രാന്‍സിലെ പുരാതന വീഞ്ഞു സംസ്‌കാരമുള്ള ലോങ്‌ഡോക് റുസ്സിലിയോണാണ് ലോകത്ത് ഏറ്റവുമധികം വൈനുണ്ടാക്കുന്ന മേഖല. ഫ്രാന്‍സില്‍ ഉത്പാദിപ്പിക്കുന്ന വൈനിന്റെ മൂന്നിലൊന്നും ഇവിടെനിന്നാണ്. ബോഡോ പോലെത്തന്നെ മുന്തിരികൃഷിക്ക് ഏറ്റവും ഉചിതമായ കാലാവസ്ഥയാണിവിടെയും. ലോകം കുടിക്കുന്ന വൈനിന്റെ അഞ്ചു ശതമാനവും വരുന്നത് ലോങ്‌ഡോക്കില്‍ നിന്നാണ്. വര്‍ഷം ഏകദേശം 1.7 ബില്യണ്‍ ബോട്ടിലുകള്‍. വലിയൊരു വൈന്‍ വ്യവസായിക മേഖലയാണിത്.

placeholder
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഫ്രഞ്ച് വൈനിന്റെ വീര്യം കുറയുമ്പോള്‍

ഫ്രഞ്ചുകാരുടെ വീഞ്ഞുപ്രിയം കുറയുകയാണ്. ലഹരിയില്ലാത്ത ഒരു ഗ്ലാസ് ഫ്രഞ്ച് വൈന്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നെങ്കില്‍ ഇന്നത് മാറി. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും പല വിലയ്ക്കു വൈന്‍ കിട്ടുമ്പോള്‍ മുന്തിയ ഫ്രഞ്ചു വൈന്‍ തന്നെ വേണമെന്നവര്‍ക്ക് നിര്‍ബന്ധമില്ല. വിപണിക്കൊത്ത് ആളുകള്‍ക്ക് ചോയ്‌സുണ്ട്. ഇറ്റലി, കാലിഫോന്‍ണിയ, ചിലെ, ഓസ്‌ട്രേലിയ തുടങ്ങിയ ഇടങ്ങളില്‍ വൈന്‍ ഉത്പാദിപ്പിക്കുന്നുണ്ട്. വൈന്‍ വിപണി കടുത്ത മത്സരത്തിലാണ്. മത്സരത്തിനൊത്ത് കലര്‍പ്പെത്തുന്നതും ഭീഷണി തന്നെ. ഫ്രഞ്ച് വൈനെന്ന ലേബലില്‍ നിലവാരമില്ലാത്ത വീഞ്ഞു വില്‍ക്കുന്നവരും ധാരാളം.  
 
ഫ്രാന്‍സിലെ 'വൈന്‍ ഭീകരത'

1960-കളുടെ തുടക്കത്തില്‍ അള്‍ജീരിയയില്‍നിന്ന് ഫ്രാന്‍സിലേക്ക് വൈന്‍ ഇറക്കുമതി തുടങ്ങിയതായിരുന്നു ആദ്യ തിരിച്ചടികളിലൊന്ന്. കുറഞ്ഞ വിലയില്‍ ഫ്രഞ്ചു വിപണിയിലെത്തിയ അള്‍ജീരിയന്‍ വൈന്‍ ഫ്രഞ്ച് വീഞ്ഞ് നിർമ്മാതാക്കൾക്കു ഭീഷണിയായി. ഫ്രാന്‍സില്‍ അസ്വസ്ഥതയുടെ കാലം തുടങ്ങി. മേഖലയില്‍ പതിയെ ഒളിപ്പോര് സംഘടന വളര്‍ന്നു. ക്രാവ് (റീജ്യണല്‍ വൈന്‍ ആക്ഷന്‍ കമ്മിറ്റി). സ്വന്തം താല്‍പര്യങ്ങള്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന ഒരുകൂട്ടം പ്രാദേശിക വൈന്‍ ഉല്‍പാദകരുടെ കൂട്ടായ്മ. ലോങ്‌ഡോക്കിലെ വൈന്‍ ഉല്‍പാദകര്‍ സര്‍ക്കാരിനോട് ചില ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ സംരക്ഷണവും സബ്‌സിഡിയും. അതിന് അനുകൂല നടപടിയുണ്ടായില്ല. അതോടെ ക്രാവ് രാജ്യത്തെ ഭീകരമുഖമായി. നന്നായി പ്രവര്‍ത്തിച്ചുപോവുന്ന മുന്തിരിത്തോട്ടങ്ങള്‍ തിരഞ്ഞുപിടിച്ച് ക്രാവ് സംഘം ആക്രമിച്ചു. ചില വൈന്‍ മേഖലകള്‍ സമ്പന്നമായി പ്രവര്‍ത്തിക്കുന്നതും ക്രാവിനെ പ്രകോപിപ്പിച്ചു എന്നുവേണം കരുതാന്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വീഞ്ഞുല്‍പാദകരും ആക്രമിക്കപ്പെട്ടു. 

നഗരങ്ങളില്‍ തീയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആക്രമിച്ചും പ്രക്ഷോഭം മുന്നേറി. ഭീകരസംഘടനയെന്നു വിളിക്കുമ്പോഴും ക്രാവിന്റെ പ്രക്ഷോഭത്തിന്റെ ലക്ഷ്യം സാധാരണക്കാരല്ലായിരുന്നു. വില കുറഞ്ഞ വിദേശ ഇറക്കുമതിക്കെതിരായിയിരുന്നു. ഴോന്‍ വിയെന്ന കര്‍ഷകനേതാവ് ക്രാവിന്റെ തലപ്പത്തേക്ക് വന്നു. ഫ്രാന്‍സിന്റെ ഹൃദയത്തിലായിരുന്നു വീഞ്ഞ്. വൈകാതെ ക്രാവ് ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റി. വലിയൊരു ചങ്ങലയായി വളർന്ന ക്രാവിലേക്ക് കൂടുതല്‍ പേര്‍ ആകൃഷ്ടരായി. ആക്രമണങ്ങള്‍ ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു.  പക്ഷേ, സര്‍ക്കാര്‍ വഴങ്ങിയില്ല. 1980-കളില്‍ ഫ്രഞ്ച് വൈനിന്റെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞത് കര്‍ഷകരെ ശ്വാസം മുട്ടിച്ചു. തങ്ങളുടെ പൈതൃകം തുടച്ചുനീക്കുന്നതിന് തുല്യമായിരുന്നു അവര്‍ക്കത്. വര്‍ഷങ്ങള്‍ പോകെ മുന്തിരികൃഷിയില്‍ നിന്ന് പതിയെ കര്‍ഷകര്‍ പിന്‍വാങ്ങിത്തുടങ്ങി. തോട്ടങ്ങള്‍ പകുതിയായി കുറഞ്ഞു.

placeholder
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗദ്ദാഫിയുടെ ഇടപെടല്‍

ലിബിയന്‍ ഏകാധിപതി മുഹമ്മര്‍ ഗദ്ദാഫി ക്രാവിന്റെ നീക്കങ്ങളറിയാന്‍ രഹസ്യമായി ദൂതന്മാരെ ഫ്രാന്‍സിലേക്കയച്ചിരുന്നു. സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭത്തിന് ആയുധങ്ങളും ഫണ്ടും തരാം, പകരം ഫ്രഞ്ച് റിപബ്ലിക്കിനെ മറിച്ചിടണം. അതായിരുന്നു ഗദ്ദാഫിയുടെ ആവശ്യം. പക്ഷേ, ക്രാവ് ഗദ്ദാഫിയെ നിരസിച്ചു. ഇത് വൈന്‍ കര്‍ഷകരുടെ കൂട്ടായ്മ മാത്രമാണെന്നും അത്തരമൊരു ലക്ഷ്യം തങ്ങള്‍ക്കില്ലെന്നും പറഞ്ഞു.  

സ്പാനിഷ് വൈനിന്റെ വരവ്

ആദ്യം അള്‍ജീരിയയില്‍ നിന്നെങ്കില്‍ ഫ്രാന്‍സിലേക്ക് പിന്നീട് വൈനൊഴുകിയത് സ്‌പെയ്‌നില്‍ നിന്നാണ്. അതും കുറഞ്ഞ വിലയില്‍. കാലങ്ങളായി ലോങ്‌ഡോക്കില്‍നിന്നും മറ്റും വൈന്‍ വാങ്ങിയിരുന്ന ഫ്രഞ്ച് വ്യാവസായിക ഇടനിലക്കാര്‍ സ്പാനിഷ് വൈനിലേക്ക് കൂറുമാറി. സൂപ്പര്‍ മാര്‍ക്കറ്റുകളിലെല്ലാം സ്പാനിഷ് വൈന്‍ കുപ്പികള്‍ നിരന്നു. അപ്പോഴും വിലക്കൂടുതല്‍ ഫ്രഞ്ച് വൈനിനു തന്നെ. അതും സ്‌പെയിനിലെ കച്ചവടക്കാര്‍ മുതലെടുത്തു.

ഗുണത്തില്‍ മുമ്പിലുള്ള ഫ്രഞ്ചു വൈനിന്റെ ലേബലില്‍ സ്‌പെയ്‌നില്‍ നിന്നുള്ള മില്യണ്‍ കണക്കിന് വ്യാജബോട്ടിലുകളെത്തി. കര്‍ഷകര്‍ അടങ്ങിയിരുന്നില്ല. രാത്രിയുടെ ഇരുട്ടില്‍ വിദേശമദ്യശാലകള്‍ക്ക് അവര്‍ തീയിട്ടു. ക്രാവ് ആക്രമണങ്ങള്‍ കടുപ്പിച്ചു. സ്പാനിഷ് വൈന്‍ കടകള്‍ അടിച്ചുതകര്‍ത്തു, അതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു. 2016-നും 17നും ഇടയില്‍ 32 ആക്രമണങ്ങളാണ് ക്രാവ് നടത്തിയത്.

യഥാര്‍ഥ ശത്രുവിന്റെ രംഗപ്രവേശം

സ്‌പെയിന്‍ ആണ് ശത്രുവെന്ന് കരുതിയ ഫ്രഞ്ചുകാരുടെ മുന്നിലേക്കാണ് യഥാര്‍ഥ ശത്രുവിന്റെ രംഗപ്രവേശം. ചൈന. പടിഞ്ഞാറന്‍ രാജ്യങ്ങളുമായി തോളോടുതോള്‍ നിന്ന് ഏഷ്യയില്‍ നിന്നൊരു രാജ്യം വൈനുണ്ടാക്കുമെന്ന് അന്നുവരെ ആരും കരുതിയതല്ല. ചൈന വൈന്‍ കയറ്റുമതിക്കാരുടെ പട്ടികയിലെത്തിയിട്ട് കഷ്ടിച്ച് പത്തോ പതിനഞ്ചോ കൊല്ലം. ഇന്ന് ലോകത്തെ പ്രധാനികളില്‍ ഒരാളും. ഇപ്പോള്‍ യൂറോപ്പുമായി സഹകരിച്ച് ചൈന വൈന്‍ വില്‍ക്കുന്നു. ലോങ്‌ഡോക്കില്‍നിന്ന് കയറ്റുമതി ചെയ്യുന്ന വൈനിന്റെ 25 ശതമാനവും ചൈനയിലാണ് വിറ്റിരുന്നത്. ലോങ്‌ഡോക്കിലെ കൃഷിക്കാരുടെ പ്രധാന വരുമാന സ്രോതസ്സ് ചൈനയായിരുന്നെന്നര്‍ഥം. ആ വിപണിയും പതിയെ ക്ഷയിച്ചുതുടങ്ങി.

നിങ്ഷ്യയിലെ പെണ്‍വാറ്റുകാര്‍

വടക്കന്‍ മധ്യ ചൈനയിലാണ് നിങ്ഷ്യ. ഗോബി മരുഭൂമിയുടെ അറ്റം. ഹേലാന്‍ കുന്നുകളുടെയും മഞ്ഞനദിയുടെയും ഇടയിലുള്ള ഈ പ്രദേശത്ത് വലിയൊരു മാറ്റം നടക്കുകയാണ്. നൂറുകണക്കിന് ചതുരശ്ര മൈലോളം വരുന്ന മണല്‍പ്പരപ്പ് മുന്തിരിത്തോട്ടങ്ങളാകുന്നു. 90-കള്‍ക്കു മുമ്പ് ഒരു മരംപോലും വളരാത്ത ഇടമായിരുന്നു ഇത്. തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ച് ക്ഷമയോടെ ഇവിടെ വൈന്‍ വ്യവസായം വളര്‍ത്താന്‍ സ്ത്രീകളാണ് മുന്നിട്ടിറങ്ങിയത്. ലോകഭൂപടത്തില്‍ ചൈനീസ് വൈന്‍ അടയാളപ്പെടുത്താന്‍ ഇക്കൂട്ടര്‍ക്കായി. ഉയര്‍ന്ന തോതില്‍ ആല്‍ക്കഹോളുള്ള മുന്തിരികളാണ് നിങ്ഷ്യയില്‍ വിളയുന്നതെന്ന് പറയപ്പെടുന്നു.

യുവാക്കളെ വിശ്വസിപ്പിക്കാന്‍ പാടുപെട്ട് ചൈന

2011 മുതല്‍ ചൈനീസ് വൈന്‍ അന്താരാഷ്ട്ര തലത്തില്‍ പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടി. പക്ഷേ, വില്‍പന അപ്പോഴും താഴേക്കുതന്നെ. സ്വന്തം പൗരന്മാരെപ്പോലും  വൈന്‍ കുടിപ്പിക്കുക ചൈനയ്ക്ക് വെല്ലുവിളിയായിരുന്നു. വൈന്‍ നിര്‍മാണം എളുപ്പമാണ്. വില്‍ക്കുന്നതിലാണ് സാമര്‍ഥ്യം. ചൈനീസ് ഉത്പന്നങ്ങളോടുള്ള വിശ്വാസക്കുറവുതന്നെ കാരണം. ഇറക്കുമതി മദ്യം വാങ്ങാന്‍ തന്നെയാണ് ചൈനയിലെ സമ്പന്നരെല്ലാം ഇഷ്ടപ്പെട്ടത്. ചൈനയ്ക്ക് ദീര്‍ഘകാലമായി ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ ചൈനയുടെ വൈനും വ്യാജമായിരിക്കുമെന്ന് ലോകം ചര്‍ച്ച ചെയ്തു. എന്നിട്ടും തളരാതെ രാജ്യം മുന്നോട്ട്.

സര്‍ക്കാരിന്റെ അകമഴിഞ്ഞ സഹായം

വീഞ്ഞ് ചൈനക്കിന്ന് ഒരു നയതന്ത്ര ആയുധംകൂടിയാണ്. 1990-കള്‍ക്കു മുമ്പ് രാജ്യത്ത് എടുത്തുപറയാന്‍ മാത്രം മുന്തിരിപ്പാടങ്ങളില്ല. 20-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചൈനക്കാര്‍ പാശ്ചാത്യരുടെ രീതികളില്‍ കൂടുതല്‍ ആകൃഷ്ടരായി. അവ പകര്‍ത്താനും ശ്രമിച്ചു. 90-കളില്‍ ചൈനയില്‍ വൈനറികള്‍ നാമ്പിട്ടുതുടങ്ങി. 2001-ല്‍ ചൈന ലോക വ്യാപാരസംഘടനയില്‍ ചേര്‍ന്നതോടെ രാജ്യത്തേക്ക് വിദേശവീഞ്ഞിന്റെ കുത്തൊഴുക്കായിരുന്നു. ഇതൊരു വലിയ വിപണന സാധ്യതയാണെന്ന് അന്നേ രാജ്യം മനസ്സിലാക്കി. വൈനറികള്‍ വളര്‍ത്തുന്നവരെ സര്‍ക്കാര്‍ അകമഴിഞ്ഞ് സഹായിച്ചു. വൈന്‍ കേന്ദ്രങ്ങളിലേക്ക് റോഡുകളും പാലങ്ങളും നിര്‍മിച്ച് സൗകര്യമൊരുക്കി. 

ഉള്‍പ്രദേശങ്ങളില്‍ താമസിച്ചിരുന്ന ഉയ്ഗൂര്‍ മുസ്ലിം ന്യൂനപക്ഷത്തെ സര്‍ക്കാര്‍ വിന്യാര്‍ഡുകളില്‍ ജോലിക്കെത്തിച്ചു. (അവരെ അടിമകളായി ഉപയോഗിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനങ്ങളുണ്ട്). സര്‍ക്കാര്‍ നിങ്ഷ്യയെ വൈന്‍ മാര്‍ക്കറ്റായി വളര്‍ത്തി. പ്രാദേശിക ജനതയ്ക്ക് തൊഴില്‍ കൊടുക്കാനും പട്ടിണി മാറ്റാനുമുള്ള മാര്‍ഗം കൂടിയായിരുന്നു ഇത്. പത്തു കൊല്ലം കൊണ്ട് 120,000 ഹെക്ടറോളം മുന്തിരിപ്പാടങ്ങളും ഇരുന്നൂറോളം വൈനറികളും രാജ്യത്തുണ്ടായി. ലോകത്തെ പ്രധാന വൈന്‍ ഉത്പാദകരിലാരാളായി ചൈന വളരുകയും ചെയ്തു. ഷിന്‍ഷിയാങ്, ഷാന്‍ഡോങ്, ഹെബെയ്, യുന്നാന്‍ പ്രവിശ്യകളാണ് ചൈനയിലെ മറ്റു പ്രധാന വൈന്‍ കേന്ദ്രങ്ങള്‍. അന്താരാഷ്ട്ര വിശ്വാസ്യതയുള്ള അംഗീകൃത ബ്രാന്‍ഡാവാനുള്ള ശ്രമങ്ങള്‍ തുടരുന്നു. വന്‍കിട മെഷീനറികള്‍ ഇനിയുമൊരുങ്ങുന്നുണ്ട് ചൈനയില്‍.

ഫ്രഞ്ച് തോട്ടങ്ങള്‍ വാങ്ങുന്ന ചൈനക്കാര്‍

2015 മുതല്‍ ചൈനക്കാര്‍ ഫ്രാന്‍സിലെ മുന്തിരിത്തോട്ടങ്ങള്‍ പണം കൊടുത്ത് വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ചൈനക്കാര്‍ നേരിട്ടു നടത്തുന്ന ഒട്ടേറെ യാര്‍ഡുകളുണ്ട് ഫ്രാന്‍സില്‍. പ്രാദേശിക കര്‍ഷകരില്‍നിന്ന് ആക്രമണങ്ങളും മറ്റും നേരിടുന്നുണ്ടെങ്കിലും ചൈനക്കാര്‍ വിപണിയില്‍ വേരു മുറുക്കിക്കഴിഞ്ഞു.

യൂറോപ്യന്‍ വിപണിയിലേക്ക്

ഇപ്പോള്‍ വര്‍ഷത്തില്‍ ഏകദേശം മൂന്ന് ദശലക്ഷത്തോളം ബോട്ടില്‍ വൈനാണ് ചൈനയുണ്ടാക്കുന്നത്. യൂറോപ്പിലേക്ക് കയറ്റുമതിയും തുടങ്ങി. നിലവാരത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താന്‍ ചൈനയ്ക്കായി. ഫ്രാന്‍സിന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും വിപണി ചുരുക്കാനും ചൈനീസ് തന്ത്രങ്ങള്‍ക്കാവുമോയെന്ന് കാത്തിരുന്നു കാണാം. ഇറ്റലിയാണ് ലോകത്ത് ഏറ്റവുമധികം വൈന്‍ ഉത്പാദിപ്പിക്കുന്ന രാജ്യം. രണ്ടാംസ്ഥാനത്ത് സ്‌പെയ്‌നാണ്.