ഇൻഫ്ലുവൻസറിൽ നിന്ന് ഖലിസ്ഥാൻ വക്താവിലേക്ക്: മറ്റൊരു ഭിന്ദ്രൻവാലയാകുമോ പൊട്ടിവീണ ഈ 30-കാരൻ


സാബി മുഗു | sabith@mpp.co.inപഞ്ചാബിലെ പ്രക്ഷോഭത്തെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ ‘വാരിസ് പഞ്ചാബ് ദെ’ (പഞ്ചാബിന്റെ പിന്തുടർച്ചക്കാർ) എന്ന സംഘടനയുടെ നേതാവ് അമൃതപാൽ സിംഗിൽ നിന്ന് ആരംഭിക്കണം. രണ്ടാം ഭിന്ദ്രൻവാലയാണോ അമൃതപാൽ എന്ന വിലയിരുത്തലുകളും പലരും നടത്തപ്പെടുന്നുണ്ട്.

Premium

അമൃത്പാൽ സിങും അനുയായികളും | Photo: ANI

‘ഭിന്ദ്രൻ വാല (സന്ത് ജി) മരിച്ചിട്ടില്ല. ഇവിടെ ജീവിക്കുന്നുണ്ട്. എല്ലാ ഗ്രാമത്തിലും അദ്ദേഹത്തിന്റെ ചിത്രം കാണാം. ഞാൻ അദ്ദേഹത്തെ ആദരിക്കുന്നു. എന്നാൽ, എനിക്ക് അദ്ദേഹത്തെപ്പോലെ ആകാൻ കഴിയില്ല’

പഞ്ചാബിന്റെ തെരുവോരങ്ങളിൽ പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും വിഘടനവാദികളുടെ ശബ്ദമുയർന്നിരിക്കുന്നു. ചരിത്ര സംഭവങ്ങൾ പലതും വീണ്ടും ആവർത്തിക്കപ്പെടുമോ എന്ന ഭയമാണ് ഇപ്പോൾ പഞ്ചാബിൽ നിന്നും ഉയർന്നത്.

കൃപാൺ, കത്തി, തോക്കുകളടക്കം കൈയിൽ കിട്ടിയ മാരകായുധങ്ങളുമായി ഒരു കൂട്ടം ആളുകൾ അമൃത്സർ ജില്ലയിലെ അജ്‌നാലയിലെ പോലീസ് സ്റ്റേഷൻ ലക്ഷ്യം വെച്ച് ഇരച്ചെത്തുന്ന കാഴ്ച തെല്ലമ്പരപ്പോടെയായിരുന്നു രാജ്യം വീക്ഷിച്ചത്. ബാരിക്കേഡുകളും ലാത്തികളുമായി നിൽക്കുന്ന പഞ്ചാബ് പോലീസിന് പിടിച്ചു നിൽക്കാനാകാതെ തിരിഞ്ഞോടേണ്ടി വരുന്നു. ബാരിക്കേഡുകൾ തകർത്ത് ഖലിസ്ഥാൻ മുദ്രാവാക്യം മുഴക്കി പോലീസ് സ്റ്റേഷൻ ലക്ഷ്യം വെച്ച് കുതിക്കുന്ന ഒരു കൂട്ടം ഖലിസ്ഥാൻ അനുകൂലികൾ.

1970-80കളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള സംഭവ വികാസങ്ങളാണ് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പഞ്ചാബിൽ അരങ്ങേറിയത്. അമൃത്പാൽ സിങ്ങിന്റെ അടുത്ത അനുയായി ലവ് പ്രീത് എന്ന തൂഫാൻ സിങ്ങിന്റെ അറസ്റ്റിന് പിന്നാലെയായിരുന്നു പ്രക്ഷോഭം ഉടലെടുത്തത്. ഖലിസ്ഥാൻ സിഖുകാരുടെ പ്രത്യേക ജന്മഭൂമിയാണ് പഞ്ചാബ് എന്ന് ആഹ്വാനം ജനങ്ങളുടേയും യുവാക്കളുടേയും മനസ്സിൽ അരക്കിട്ടുറപ്പിക്കാൻ നേതൃത്വം നൽകുന്ന 30കാരനായ അമൃത്പാൽ ആണ് ആളുകളെ വിളിച്ചു ചേർത്ത് പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങിയത്. തട്ടിക്കൊണ്ടുപോകലിനായിരുന്നു തൂഫാൻ സിങ്ങിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിട്ടയക്കണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം.

അമൃത്പാൽ സിങും അനുയായികളും | Photo: PTI

ഒരു കൂട്ടം ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും പ്രതിഷേധത്തിൽ മാത്രമൊതുങ്ങുമെന്ന് കരുതിയാണ് പോലീസ് നിലയുറപ്പിച്ചത്. എന്നാൽ, എല്ലാവരേയും ഞെട്ടിച്ചു കൊണ്ടുള്ള ഖലിസ്ഥാൻ തീവ്രവാദികളുടെ പ്രക്ഷോഭമായിരുന്നു പിന്നീട് അരങ്ങേറിയത്. എണ്ണത്തിൽ കുറവായ പോലീസുകാർ ആത്മരക്ഷാർഥം പരക്കംപാഞ്ഞു. ആറുപോലീസുകാർക്കാണ് പരിക്കേറ്റത്. ഒടുവിൽ തൂഫാനെ മോചിപ്പിക്കാമെന്ന് കമ്മിഷണർ ജസ്‌കരൺ സിങ് ഉറപ്പുനൽകിയതോടെയാണ് അക്രമികൾ പിൻവാങ്ങിയതും പോലീസ് തടിയൂരിയതും. കോടതി ഉത്തരവുപ്രകാരം തൂഫാനെ വിട്ടയച്ചു. അമൃത്‍സറിൽ വൻസുരക്ഷാസന്നാഹം ഏർപ്പെടുത്തി.

വാരിസ് പഞ്ചാബ് ദെ

പഞ്ചാബിലെ പുതിയ പ്രക്ഷോഭത്തെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ ‘വാരിസ് പഞ്ചാബ് ദെ’ (പഞ്ചാബിന്റെ പിന്തുടർച്ചക്കാർ) എന്ന സംഘടനയുടെ നേതാവ് അമൃതപാൽ സിങ്ങില്‍നിന്ന് ആരംഭിക്കണം. രണ്ടാം ഭിന്ദ്രൻവാലയാണോ അമൃതപാൽ എന്ന വിലയിരുത്തലുകളും പലരും നടത്തുന്നുണ്ട്.

ആരാണ് അമൃത്പാൽ? ചോദ്യങ്ങളുയർന്നു തുടങ്ങിയത് വളരെ പെട്ടെന്നായിരുന്നു. പഞ്ചാബിൽ ഒരു സുപ്രഭാതത്തിൽ നേതാവായി വന്നയാൾ എന്ന് വേണമെങ്കിൽ പറയാം. എങ്കിലും അടിത്തറ പാകിത്തന്നെയാണ് സർക്കാരിനെ വെട്ടിലാക്കാൻ അയാൾ ഇറങ്ങിത്തിരിച്ചത് എന്ന് വേണം നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിലൂടെ മനസ്സിലാക്കാൻ.

പഞ്ചാബിലെ അമൃത്സർ ജില്ലയിലെ ജല്ലുപുർ ഖേരയിലായിരുന്നു അമൃത്പാലിന്റെ കുട്ടിക്കാലം. 2012ൽ കുടുബ ബിസിനസ് നടത്താൻ വേണ്ടി അമൃത്പാൽ ദുബായിലേക്ക് ഫ്ലൈറ്റ് കയറി. മെക്കാനിക്കൽ എഞ്ചിനീയർ എന്നാണ് വിദ്യാഭ്യാസ യോഗ്യത കാണിച്ചിരിക്കുന്നത്. പഞ്ചാബിലെ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വിവരങ്ങളാണ് അമൃത്പാൽ പങ്കുവെച്ചിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലെ താരം

സോഷ്യൽ മീഡിയയിൽ ആഹ്വാനങ്ങളും പോസ്റ്റുകളുമായി ഇയാൾ കഴിഞ്ഞ കുറേവർഷങ്ങളായി സിഖുകാർക്കിടയിൽ സജീവമായിരുന്നു. അതുകൊണ്ട് തന്നെ ഒരു അനുയായികൾക്ക് അമൃത്പാലിനെ നേതാവായി തിരഞ്ഞെടുക്കാൻ ഒരു അപരിചിത മുഖമായിരുന്നില്ല എന്ന് വേണം കരുതാൻ. സിഖ് വിശ്വാസപ്രകാരമുള്ള തലപ്പാവ് പോലും അതുവരെ ധരിക്കാത്തയാളായിരുന്നു അമൃത്പാൽ എന്നാണ് വിവരങ്ങൾ. എഞ്ചിനിയറിങ് പഠനം പാതിവഴിക്ക് ഉപേക്ഷിച്ചതായും ചില റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും കഴിഞ്ഞ ഓഗസ്റ്റ് വരെ ഒരു സാധാരണക്കാരൻ മാത്രമായിരുന്നു അമൃത് പാൽ. സാമൂഹികമാധ്യമങ്ങളിൽ ലയിച്ച് ജീവിച്ച ഒരാൾ.

അമൃത്പാൽ സിങിന്റേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോട്ടോകൾ | Photo: https://twitter.com/thehawkeyex

എന്നാൽ, പുതിയ അമൃത് പാൽ പരമ്പരാഗത സിഖ് വേഷവിധാനങ്ങളണിഞ്ഞ് പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും മതമേധാവിത്വത്തെയും കുറിച്ച് വാചാലനാകുന്ന ഒരാളാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും പഞ്ചാബിയിലും സംസാരിച്ച് ആൾക്കൂട്ടത്തെ കൈയിലെടുക്കുന്നു. മയക്കുമരുന്നിന്റെ വിപുലസാന്നിധ്യവും രൂക്ഷമായ തൊഴിലില്ലായ്മയും വൻതോതിൽ വിഴുങ്ങുന്ന പഞ്ചാബിലെ പുതിയ ആരാധനാരൂപമാകാൻ അമൃത്പാലിനു വേണ്ടിവന്നത് വിരലിലെണ്ണാവുന്ന മാസങ്ങൾ മാത്രമായിരുന്നു. ഇംഗ്ലീഷ് ഭാഷാ സ്വാധീനമൊഴികെ വേഷവിധാനങ്ങളടക്കം പലതും ജർണയിൽ സിങ് ഭിന്ദ്രൻവാലയുടെ രീതികൾക്ക് സമാനമായിരുന്നു, അതുകൊണ്ട് തന്നെ രണ്ടാം ഭിന്ദ്രൻവാലയാണോ അമൃത്പാൽ എന്നുള്ള ചൂടേറിയ ചർച്ചകളും അന്തരീക്ഷത്തിലുയർന്നു. 1984-ലാണ് ഭിന്ദ്രൻവാലയുടെ മരണം. താൻ വിഘടനവാദിയും ഭിന്ദ്രൻവാലയുടെ അനുയായിയുമാണെന്ന് അമൃത് പാൽ തുറന്നുപറയുന്നുമുണ്ട്.

‘ഭിന്ദ്രൻ വാല (സന്ത് ജി) മരിച്ചിട്ടില്ല. ഇവിടെ ജീവിക്കുന്നുണ്ട്. എല്ലാ ഗ്രാമത്തിലും അദ്ദേഹത്തിന്റെ ചിത്രം കാണാം. ഞാൻ അദ്ദേഹത്തെ ആദരിക്കുന്നു. എന്നാൽ, എനിക്ക് അദ്ദേഹത്തെപ്പോലെ ആകാൻ കഴിയില്ല’ -എന്ന് പ്രസംഗങ്ങളിലുടനീളം അമൃത് പാൽ അനുയായികളോട് ആവർത്തിക്കുന്നു. ഭിന്ദ്രൻവാലയെക്കുറിച്ചുള്ള പഞ്ചാബിന്റെ ഓർമകളെ സമർഥമായി ഉപയോഗിക്കുകയും എന്നാൽ, ഭിന്ദ്രൻ വാലയുമായുള്ള താരതമ്യം തള്ളിക്കളയുകയും ചെയ്യുക എന്ന തന്ത്രമാണ് ഇതിലൂടെ പ്രയോഗിക്കുന്നത്. ഈയിടെ ഇയാൾ ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കെതിരേ നടത്തിയ പ്രസ്താവന വൻവിവാദമായിരുന്നു. ഇന്ദിരാഗാന്ധിക്ക് സംഭവിച്ച അതേ വിധിയായിരിക്കും ഷായ്ക്കുമെന്നായിരുന്നു ഭീഷണി.

ഭിന്ദ്രൻ വാല, കർഷകനായിരുന്ന സാധാരണക്കാരൻ

സാധാരണ കർഷകനിൽ നിന്ന് സിഖ് പുരോഹിതനിലേക്ക് വളർന്ന് വന്ന്, സുവർണക്ഷേത്രം കേന്ദ്രീകരിച്ചു നടന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ സൂത്രധാരനായിരുന്നു സന്ത് ജർണയിൽ സിങ് ഭിന്ദ്രൻവാല. മോഗ ജില്ലയിലെ റോഡെയിലായിരുന്നു ജനനം. ചെറുപ്പ കാലത്ത് തന്നെ കാർഷികവൃത്തിയിൽ ഏർപ്പെട്ട ഭിന്ദ്രൻവാല ദംദാമി തക്സലിൽ ചേർന്ന് ഗുബച്ചൻ സിങ് ഖൽസാ പാന്തിന്റെ നേതൃത്വത്തിൽ എത്തിയതോടെയാണ് സജീവ സിഖ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. മതപ്രഭാഷകൻ എന്ന നിലയിൽ ഗ്രാമങ്ങൾതോറും സഞ്ചരിച്ച് യുവാക്കളെ കേന്ദ്രീകരിച്ച് ആത്മീയ വിദ്യാഭ്യാസം നേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും, ചെറുപ്പക്കാർക്കിടയിലെ ദുശ്ശീലങ്ങൾക്കെതിരേയും അവബോധമുണ്ടാക്കാൻ ഭിന്ദ്രൻ വാല നിരന്തരം പരിശ്രമിച്ചു കൊണ്ടേയിരുന്നു. ദംദാമി തലവനായിരുന്ന കർത്താർ സിങിന്റെ മരണത്തോടെയാണ് ഖൽസാ പാന്തിന്റെ തലപ്പത്ത് ആര് എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു, ഭിന്ദ്രൻ വാല.

കാർഷിക മേഖലയെ ഏറെ ആശ്രയിച്ചിരുന്ന പഞ്ചാബ് ജനങ്ങൾ, ഇവിടത്തെ കർഷകർക്ക് സാമ്പത്തികമായ അഭിവൃദ്ധി നേടിക്കൊടുക്കാൻ കാർഷിക മുന്നേറ്റത്തിലൂടെ സാധിച്ചതോടെ ഖൽസയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം ലഭിച്ചു തുടങ്ങി. സംഘടന പഞ്ചാബിന് പുറത്തേക്കും വ്യാപിക്കാൻ തുടങ്ങി. എന്നാൽ ഭിന്ദ്രൻവാലയ്ക്ക് രാഷ്ട്രീയ മുഖം കൂടി കൈവരുന്നതോടു കൂടിയാണ് പഞ്ചാബിന്റെ സ്ഥിതിഗതികളിൽ മാറ്റം തുടങ്ങുന്നത്.

ബിന്ദ്രൻവാല അനുയായികൾക്കൊപ്പം | Photo: BBC

അകാലികളെ നേരിടാൻ കോൺഗ്രസ് കണ്ടെത്തിയ ആയുധമായിരുന്നു ഭിന്ദ്രൻവാല എന്നുള്ള ആരോപണങ്ങളും ശക്തമായിരുന്നു. സിക്ക് ഗുരുദ്വാരാ പ്രബന്ധക് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ ഭിന്ദ്രൻവാലയുടെ അനുയായികൾക്ക് കോൺഗ്രസ് നിരുപാധികം പിന്തുണ പ്രഖ്യാപിച്ചത് ഇതിന് ആക്കം കൂട്ടി. എന്നാൽ പിന്നീട് ഇതിൽ മാറ്റം വരികയും അകാലികളിലെ ബഹുഭൂരിപക്ഷംപേരും ഭിന്ദ്രൻവാലയുടെ പ്രവർത്തനത്തിൽ ആകൃഷ്ട്രരാവുകയായിരുന്നു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ ഇതിന് കൂടുതൽ ആക്കം കൂട്ടുകയും ചെയ്തു എന്നു വേണം കരുതാൻ.

ഇന്ദിരാ ഗാന്ധി, ഭിന്ദ്രൻവാല | Photo: https://twitter.com/thehawkeyex

അനന്ത്പൂർ സാഹിബ് പ്രമേയത്തെ പൂർണമായി പിന്തുണച്ചിരുന്ന ഭിന്ദ്രൻവാല, സിഖ് മതത്തെ ഹിന്ദുമതത്തിലെ ഒരു ന്യൂനപക്ഷമതമായി പരിഗണിയ്ക്കുന്ന ഭരണഘടനയുടെ 25-ാം അനുഛേദത്തെ അതിരൂക്ഷമായി എതിർത്തിരുന്നു. 1982 ഓഗസ്റ്റിൽ അനന്ത്പൂർ സാഹിബ് പ്രമേയത്തെ ചുവട് പിടിച്ചുകൊണ്ട് അകാലി ദളിനോടൊപ്പം ചേർന്ന് ധർമ യുദ്ധ് മോർച്ച എന്ന പേരിലറിയപ്പെട്ട പ്രക്ഷോഭപരിപാടികൾക്ക് നേതൃത്വം നൽകി. ഇതിന്റെ ചുവടുപിടിച്ചു കൊണ്ടായിരുന്നു ഖലിസ്താൻ എന്ന സ്വതന്ത്ര രാജ്യവാദത്തിന്റെ തുടക്കം. എന്നാൽ, ഖാലിസ്താൻ എന്ന പേരിൽ ഒരു പ്രത്യേക സിഖ് രാഷ്ട്രത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് ഭിന്ദ്രൻവാലയുടെ പേരു സജീവമായി ഉയർന്നെങ്കിലും അദ്ദേഹം ഇതിനെ പിന്തുണയ്ക്കുകയോ, നിരസിക്കുകയോ ചെയ്തില്ല എന്നൊരു വസ്തുതയും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടയിരിക്കുന്നു.

ബ്ലൂ സ്റ്റാർ ഓപ്പറേഷന് ശേഷം സുവർണ ക്ഷേത്രം | Photo: BBC

ഓപ്പറേഷൻ ബ്ലൂ സ്റ്റാറും ഇന്ദിരാ ഗാന്ധിയുടെ ജീവനും

ഖാലിസ്താൻ എന്ന പേരിൽ ഒരു പ്രത്യേക സിഖ് രാഷ്ട്ര വാദം രൂക്ഷമായതിന് പിന്നാലെ, അമൃത്സറിലെ സുവർണ്ണ ക്ഷേത്രം കേന്ദ്രീകരിച്ച് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ ആയുധധാരികൾ സജീവമായിത്തുടങ്ങി. ഇതോടെ രാജ്യത്തിന് ഭീഷണിയാണെന്ന് കണ്ട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കീഴിലുള്ള കേന്ദ്ര സർക്കാർ സൈനിക നടപടികളിലേക്ക് നീങ്ങുകയായിരുന്നു. 'ഓപ്പറേഷൻ ബ്ലൂ സ്റ്റാർ' അതായിരുന്നു ഭിന്ദ്രൻ വാലയ്ക്കെതിരെ പ്രതിരോധിക്കാൻ സജ്ജമാക്കിയ സൈനിക സംഘം.

സൈനിക ഓപ്പറേഷനിൽ ഭിന്ദ്രൻ വാല കൊല്ലപ്പെട്ടു. കൂടെ വിഘടനവാദത്തിന് നേതൃത്വം നൽകിയ സുവർണ ക്ഷേത്രത്തിലുണ്ടായിരുന്ന മിക്ക ആയുധധാരികളും കൊല്ലപ്പെട്ടു. സുവർണ ക്ഷേത്രത്തിന്റെ പല ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സുവർണ ക്ഷേത്രത്തിൽ വീണ ചോര സിഖുകാർക്ക് തീരാ കളങ്കമായി മാറി. പകയൊടുങ്ങാതെ, പകരം ചോദിച്ചത് സിഖുകാരായ രണ്ട് അംഗരക്ഷകർ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവനെടുത്തു കൊണ്ടായിരുന്നു. എന്നാൽ, ഇതിന്റെ തിരിച്ചെടിയായി ഡൽഹിയിലും പ്രാന്തപ്രദേശങ്ങളിലും നടന്ന കൂട്ടക്കൊലയിൽ അനേകായിരങ്ങളുടെ ജീവനുകളാണ് നഷ്ടപ്പെട്ടത്.

'ആ ഉറപ്പിന്റെ ബലത്തിലായിരുന്നു ഇന്ദിരാ ഗാന്ധിയുടെ നീക്കം, എന്നാൽ സംഭവിച്ചത്....'

എല്ലാ പോംവഴികളെല്ലാം അടഞ്ഞതിനെ തുടര്‍ന്നാണ് അവസാന പ്രയോഗമെന്ന നിലയില്‍ പ്രധാനമന്ത്രി 1984-ല്‍ സുവര്‍ണക്ഷേത്രത്തിലേക്ക് സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു അന്ന് ഇന്ദിരാഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന പി.സി. അലക്‌സാണ്ടര്‍ പറഞ്ഞത്. സുവര്‍ണ ക്ഷേത്രത്തിന് യാതൊരു കേടുപാടുണ്ടാക്കില്ലെന്ന സേനാ മേധാവി എ.എസ്. വൈദ്യ ഇന്ദിരയ്ക്ക് പലതവണ ഉറപ്പു നല്‍കിയിരുന്നതായി അദ്ദേഹം പിന്നീട് ഒരു അഭിമുഖത്തിനിടെ പറഞ്ഞു. എന്നാൽ അവിടെ നടന്ന കാര്യങ്ങൾ ഒന്നും വിചാരിച്ചപടി പോലെ ആയിരുന്നില്ല. ഇന്ദിരാഗാന്ധി നല്കിയ അനുമതിക്ക് വിപരീതമായ കാര്യങ്ങളാണ് ക്ഷേത്രത്തില്‍ സംഭവിച്ചത്.

ഇന്ദിരാ ഗാന്ധിയുടെ സംസ്കാരം | Photo: മാതൃഭൂമി ആർക്കൈവ്സ്

'ഹിന്ദുക്കളേയും സിഖുകാരേയും തമ്മില്‍ ഭിന്നിപ്പിക്കുന്ന തന്ത്രമാണ് ഭിന്ദ്രന്‍വാല നടപ്പിലാക്കിയത്. ഇതിനായി അയാള്‍ അനൗദ്യോഗിക സേന രൂപവത്കരിക്കുയും ഹിന്ദുക്കള്‍ക്കെതിരായ 'വിഷം' അവരില്‍ കുത്തിവെയ്ക്കുകയും ചെയ്തു. ഇതിനുള്ള സാമ്പത്തിക സഹായം വിദേശ രാജ്യങ്ങളില്‍ നിന്നാണ് ലഭിച്ചത്. ബ്രിട്ടണ്‍, കാനഡ എന്നിവിടങ്ങളില്‍ പണം ഒഴുകി. ഒടുവില്‍ അവരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചാല്‍ പ്രത്യേക രാജ്യം എന്ന ആവശ്യവും അവര്‍ മുന്നോട്ട് വെക്കുമെന്ന് ഇന്ദിരയ്ക്ക് ബോധ്യമായത്. പഞ്ചാബ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഇന്ദിരാഗാന്ധി അടിയന്തിരമായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സേനാ മേധാവി ജനറല്‍ എ.എസ്.വൈദ്യ, റോ മേധാവി ആര്‍. എന്‍. കാവു, പ്രതിരോധമന്ത്രി കെ.പി.സിങ്ങ് ദിയോ എന്നിവര്‍ക്കൊപ്പം ഞാനും പങ്കെടുത്തു. ഒരുകാരണവശാലും സേന ക്ഷേത്രത്തിനുള്ളില്‍ കടക്കില്ലെന്ന് ജനറല്‍ വൈദ്യ ഇന്ദിരാഗാന്ധിക്ക് ആ യോഗത്തില്‍ ഉറപ്പ് നൽകി. ക്ഷേത്രത്തിലെ വിശുദ്ധ ഗ്രന്ഥം തൊടരുതെന്നും ഒരു കല്ലിന് പോലും കേടുപാട് സംഭവിക്കരുതെന്നും ഇന്ദിര വൈദ്യക്ക് കര്‍ശന നിര്‍ദേശം നല്കിയിരുന്നു. ഇതൊന്നുമുണ്ടാവില്ലെന്ന് വൈദ്യ ആവര്‍ത്തിച്ച് ഉറപ്പു നൽകുകയും ചെയ്തു. ഈ ഉറപ്പിന്റെ ബലത്തിലാണ് ഇന്ദിര വൈദ്യക്ക് തുടര്‍ന്നുള്ള നീക്കത്തിന് അനുമതി നല്കിയത്'' -

അലക്‌സാണ്ടര്‍ പറയുന്നു. എന്നാൽ ഈ ഓപ്പറേഷന് ബലിയായി നൽകേണ്ടി വന്നത് ഇന്ദിരാ ഗാന്ധിയുടെ ജീവൻ തന്നെ ആയിരുന്നു എന്നതാണ് പിന്നീടുള്ള ചരിത്രം.

ചരിത്രം ഓർമ്മിപ്പിക്കുന്ന അമൃത്പാൽ

ചരിത്രത്തെ ഓർമ്മിപ്പിക്കും വിധത്തിലാണ് ഇപ്പോൾ അമൃത്പാൽ സിങിന്റെ നേതൃത്വത്തിലുള്ള സംഘം ഉടലെടുത്തിരിക്കുന്നത്. ചിത്രങ്ങളില്ലാതിരുന്ന അമൃത്പാൽ സിങ് ഇപ്പോൾ ‘വാരിസ് പഞ്ചാബ് ദെ’ യുടെ തലവനാണ്.

പോലീസ് സ്റ്റേഷൻ ആക്രമിക്കുന്ന അമൃത്പാൽ സിങിന്റെ അനുയായികൾ | Photo: എ.എൻ.ഐ.

കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് സ്റ്റേഷനുകൾ ലക്ഷ്യം വെച്ച് പഞ്ചാബിൽ, അമൃത്പാൽ സിങിന്റെ അനുയായികൾ വാളെടുത്ത് പാഞ്ഞടുത്തത് ചരിത്ര ഓർമ്മപ്പെടുത്തലുകളിലേക്ക് കൂടിയാണ് എന്നതിന്റെ മുന്നറിയിപ്പായിട്ടാണ് പലരും വിലയിരുത്തപ്പെടുന്നത്. നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധുവായിരുന്നു സംഘടനയുടെ നേതാവ്. എന്നാൽ ദീപ് സിദ്ദുവിന്റെ മരണത്തിന് പിന്നാലെയാണ് സംഘടനയുടെ നിയന്ത്രണം ഏറ്റെടുക്കാൻ അമൃതപാൽ ദുബൈയിൽ നിന്ന് പഞ്ചാബിലെത്തുന്നത്. സിദ്ദുവിന്റെ കുടുംബത്തിന് അമൃത്പാൽ സംഘടനയെ ഏറ്റെടുക്കുന്നതിൽ എതിർപ്പുകളുണ്ടെങ്കിലും അനുയായികൾക്കാവശ്യം അമൃത്പാലിനെപ്പോലൊരു നേതാവിനെയായിരുന്നു.

ദാമി തലവനായിരുന്ന കർത്താർ സിങിന്റെ മരണത്തോടെ ഖൽസാ പാന്തിന്റെ തലപ്പത്ത് ഭിദ്രൻവാല എത്തിയത് പോലെയായിരുന്നു ദീപ് സിദ്ദുവിന്റെ മരണത്തോടെ അമൃത്പാലിന്റെ സ്ഥാനാരോഹണം എന്നതും ശ്രദ്ധേയമാണ്.

ദീപ് സിദ്ദുവും കർഷക സമരവും

കേന്ദ്ര സർക്കാരിനെതിരേ, കാർഷിക ബില്ലുമായി ബന്ധപ്പെട്ട് നടന്ന സമരത്തിൽ കൂടിയാണ് സിദ്ദു വാർത്തകളിൽ ഏറെ ഇടം നേടുന്നത്. റിപ്പബ്ലിക് ദിനത്തിൽ നടന്ന കർഷക സമരത്തിനിടയിലെ അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഡൽഹി പോലീസ് സിദ്ദുവിനെതിരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് മാസങ്ങൾക്ക് ശേഷമാണ് സിദ്ദു സംഘടന ആരംഭിക്കുന്നത്. ചണ്ഡീഗഡിൽ നടന്ന സംഘടനയുടെ ഉദ്ഘാടന ചടങ്ങിനിടെ ,” പഞ്ചാബിന്റെ അവകാശങ്ങൾക്കായി കേന്ദ്രത്തിനെതിരെ പോരാടുകയും പഞ്ചാബിന്റെ സംസ്കാരം, ഭാഷ, സാമൂഹിക ഘടന, അവകാശങ്ങൾ എന്നിവയ്‌ക്കെതിരെ എന്തെങ്കിലും ആക്രമണം ഉണ്ടാകുമ്പോഴെല്ലാം ശബ്ദം ഉയർത്തുകയും ചെയ്യുന്ന ഒരു സംഘടന,” എന്നാണ് സിദ്ദു വിശേഷിപ്പിച്ചത്.

ദീപ് സിദ്ദു | Photo: PTI

പഞ്ചാബിലെ സിമ്രൻജിത് സിങ് മാനിന്റെ ഖലിസ്ഥാൻ അനുകൂല പാർട്ടിയായ ശിരോമണി അകാലി ദളിനെ (എസ്എഡി അമൃത്സർ) സിദ്ദു പിന്തുണക്കുകയും പ്രചാരണം നടത്തുകയും ചെയ്തു. സംസ്ഥാന തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് സിദ്ദു കാർ അപകടത്തിൽ മരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പഞ്ചാബിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഭിന്ദ്രൻവാലയെ വാഴ്ത്തുന്നവരുടെ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾക്കിടയിലാണ് ജന്മനാടായ ലുധിയാനയിൽ സിദ്ദുവിന്റെ സംസ്കാരം നടന്നത്.

ഖലിസ്ഥാൻ വാദം വീണ്ടും ഉയരുമ്പോൾ വെട്ടിലാകുന്ന എ.എ.പി. സർക്കാർ

എന്ത് തന്നെ ആയാലും, പഞ്ചാബിൽ ഖലിസ്ഥാൻ മുദ്രാവാക്യങ്ങൾ വീണ്ടും അന്തരീക്ഷത്തിൽ ഉയർന്ന് തുടങ്ങുമ്പോൾ എ.എ.പി. സർക്കാരും വെട്ടിലായിരിക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങൾ പരസ്പരം പഴിചാരി രക്ഷപ്പെടാം എന്നതിലുപരിയായി എങ്ങനെ പ്രക്ഷോഭത്തെ തടയാം എന്നതും ഇപ്പോൾ സർക്കാരിന് മുമ്പിൽ വലിയ വെല്ലുവിളിയാണ്. ആം ആദ്മി പാർട്ടിയുടെ ഭരണ പരിചയക്കുറവിനെ കുറ്റം പറയുന്നവരും കുറവല്ല. ഡൽഹിയിൽ ഭരണത്തിൽ മാത്രം ഒതുങ്ങിനിന്ന എ.എ.പി പെട്ടെന്ന് പഞ്ചാബിലെ അട്ടിമറി വിജയം സ്വന്തമാക്കിയതിന് പിന്നാലെ വീണ്ടും ഖലിസ്ഥാൻ പ്രക്ഷോഭകാരികൾ സജീവമായത് നിലവിലെ എ.എ.പി. സർക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ഭരണപരാജയമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പിയും പ്രതിപക്ഷവും രംഗത്തെത്തുകയും ചെയ്തു. എന്നാൽ സർക്കാരിനെ തകർക്കാനുള്ള ഗൂഢനീക്കങ്ങളുടെ ഭാഗമാണ് അമൃത്‌സറിൽ നടന്നതെന്നും ആം ആദ്മി പാർട്ടിയുടെ ആരോപണം. പ്രക്ഷോഭത്തിന് പകിസ്താൻ പണം നൽകി സഹായിക്കുന്നു എന്ന് ആരോപണമുന്നയിക്കാനേ നിലവിലെ പഞ്ചാബ് സർക്കാരിനും മുഖ്യമന്ത്രി ഭഗവന്ത് മന്നിനും സാധിക്കുന്നുള്ളൂ.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ |ഫോട്ടോ:ANI

"ആയിരക്കണക്കിനാളുകൾ പഞ്ചാബിൽ നിന്ന് മാത്രമുള്ളവരാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങൾ പഞ്ചാബിലേക്ക് വന്ന് നോക്കൂ. ആരാണ് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിക്കുന്നതെന്ന്.പാകിസ്താനിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ സഹായമാണ് ഇവർക്ക് ലഭിക്കുന്നത്. പാകിസ്താനുമായി, രാജസ്ഥാനേക്കാളും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് പഞ്ചാബ്. പഞ്ചാബിന്റെ ക്രമസമാധാനം തകർക്കാൻ നിരന്തരം നീക്കം നടത്തുന്നു"

എന്നായിരുന്നു, പ്രക്ഷോഭത്തെപ്പറ്റിയുള്ള പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രതികരണം.

പഞ്ചാബിൽ വെല്ലുവിളി ഉയർത്തുന്ന അമൃത്പാൽ സിങിനേയും അനുയായികളേയും എങ്ങനേയാണ് പഞ്ചാബ് ഭരണകൂടം കൈകാര്യം ചെയ്യുക എന്നാണ് ഇനി കണ്ടറിയേണ്ടത്.

Content Highlights: who is amritpal singh and what happened bhindranwale

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023

Most Commented