
'പ്രതീക്ഷയുടെ തിരിനാളം' എന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ച കരാര്‍. യുക്രൈനില്‍നിന്ന് കരിങ്കടല്‍ വഴിയുള്ള ധാന്യക്കയറ്റുമതിയും ചരക്കുനീക്കവും പുനഃരാരംഭിക്കാന്‍ നടത്തിയ രാഷ്ട്രീയ ഇടപെടല്‍. ഐക്യരാഷ്ട്രസഭയുടേയും തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ യുദ്ധത്തിന് പിന്നാലെ റഷ്യയും യുക്രൈനും തമ്മില്‍ ഒപ്പുവെച്ച നിര്‍ണായക ഉടമ്പടി. ഭക്ഷ്യസുരക്ഷാ രംഗത്ത് ആഗോളതലത്തില്‍ വലിയ പ്രധാന്യം ലഭിച്ച നീക്കം... പ്രത്യേകതകള്‍ ഏറെയുണ്ടായിരുന്നു ശത്രുതയിലുള്ള രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ഒപ്പുവെച്ച കരിങ്കടല്‍ ധാന്യ ഉടമ്പടി (Black Sea grain deal )ക്ക്. കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ യുക്രൈനില്‍ നിന്ന് കയറ്റുമതി ചെയ്തത് ഗോതമ്പുള്‍പ്പെടെ 3.29 കോടി മെട്രിക് ടണ്‍ ധാന്യം. ഐക്യരാഷ്ട്രസഭയും ലോകവും ഒരുപോലെ പ്രതീക്ഷയോടെ കണ്ട കരാറില്‍ നിന്ന് പക്ഷേ ഏകപക്ഷീയമായി പിന്മാറിയിരിക്കുകയാണ് റഷ്യ. യുക്രൈന്‍ തുറമുഖങ്ങളില്‍നിന്നുള്ള ധാന്യങ്ങളുമായുള്ള കപ്പല്‍ കരിങ്കടല്‍ കടക്കുന്നതിന് ഇനി റഷ്യന്‍ സംരക്ഷണം നല്‍കില്ല. ഇതോടെ ആഗോള ഭക്ഷ്യസുരക്ഷയെ പ്രതിസന്ധിയിലാഴ്ത്തുന്നതാണ് റഷ്യയുടെ പിന്മാറ്റം.
ഐക്യരാഷ്ട്രസഭയുടേയും തുര്‍ക്കിയുടെയും മധ്യസ്ഥശ്രമങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം ജൂലായിലാണ് കരിങ്കടല്‍വഴിയുള്ള ചരക്കുനീക്കം പുനഃസ്ഥാപിക്കുന്നതിന് റഷ്യയും യുക്രൈനും കരാറൊപ്പിട്ടത്. യുക്രൈന്‍ യുദ്ധമാരംഭിച്ചതിന് പിന്നാലെ കരിങ്കടല്‍ വഴിയുള്ള ചരക്കുനീക്കം തടസപ്പെട്ടിരുന്നു. ഇത് ആഗോളതലത്തില്‍ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാക്കിയ സാഹചര്യത്തിലായിരുന്നു ഐക്യരാഷ്ട്രസഭ ഇടപെട്ടത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കരാറില്‍ നിന്ന് പിന്‍വാങ്ങുമെന്ന് പലവട്ടം ഭീഷണിപ്പെടുത്തിരുന്നുവെങ്കിലും മൂന്നുതവണ റഷ്യ കരാര്‍ കാലാവധി നീട്ടിയിരുന്നു. എന്നാല്‍ ഇത്തവണ അനുനയ നീക്കങ്ങളൊന്നും ഫലംകണ്ടില്ല. കരാര്‍ അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ റഷ്യ പിന്മാറുകയായിരുന്നു. പിന്നാലെ തെക്കന്‍ യുക്രൈനിലെ തുറമുഖ നഗരമായ ഒഡേസയില്‍ കനത്തവ്യോമാക്രമണവും നടത്തി റഷ്യ. ചൊര്‍നൊമോസ്‌ക് (Chornomorsk) തുറമുഖത്ത് കയറ്റുമതിക്കായി ശേഖരിച്ചുവെച്ചിരുന്ന 60,000 ടണ്‍ ധാന്യം ആക്രമണത്തില്‍ നശിച്ചെന്നാണ് യുക്രൈന്‍ കൃഷിമന്ത്രാലയം പറഞ്ഞത്. എണ്ണ ടെര്‍മിനലിനും കേടുപാടുകള്‍ പറ്റി. കരിങ്കടലിലെ തുറമുഖങ്ങളില്‍ തുടര്‍ച്ചയായ രണ്ട് രാത്രികളില്‍ റഷ്യ ഷെല്ലാക്രമണം നടത്തിയെന്നും യുക്രൈന്‍ ആരോപിച്ചു. എന്നാല്‍ അത് യുക്രൈനെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. കരാറില്‍ നിന്ന് റഷ്യ പിന്മാറുന്നത് ആഗോളതലത്തില്‍ തന്നെ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചേക്കാം.
എന്താണ് കരിങ്കടല്‍ ധാന്യ ഉടമ്പടി?
രാഷ്ട്രീയ പ്രതിസന്ധിക്കപ്പുറം റഷ്യ- യുക്രൈന്‍ യുദ്ധം ഏല്‍പ്പിച്ച വലിയ പ്രതിസന്ധികളിലൊന്നായിരുന്നു ധാന്യക്ഷാമം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ യുക്രൈനില്‍ റഷ്യ അധിനിവേശം നടത്തിയതിന് പിന്നാലെ ലോകം ആഗോള ഭക്ഷ്യപ്രതിസന്ധിയിലേക്ക് നീങ്ങി. യുദ്ധത്തിന് മുമ്പ് ഗോതമ്പ് കയറ്റുമതിയില്‍ റഷ്യ ഒന്നാമതും യുക്രൈന്‍ അഞ്ചാമതുമായിരുന്നു. എന്നാല്‍ റഷ്യ യുക്രൈനെ ആക്രമിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യ പ്രതിസന്ധി, പ്രത്യേകിച്ച് ആഫ്രിക്കയില്‍ രൂക്ഷമായി. ആഗോളതലത്തില്‍ തന്നെ ഗോതമ്പിന്റെ പ്രധാന ഉത്പാദകരും കയറ്റുമതിക്കാരുമാണ് റഷ്യയും യുക്രൈനും. ഈജിപ്ത്, ലെബനന്‍, സുഡാന്‍, എത്യോപ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളും പശ്ചിമേഷ്യയിലേയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളും ഈ രാജ്യങ്ങളില്‍ നിന്നുള്ള ധാന്യങ്ങളെയാണ് വലിയ തോതില്‍ ആശ്രയിച്ചിരുന്നത്. യുദ്ധം യുക്രൈനിലെ കാര്‍ഷികപ്രവര്‍ത്തനങ്ങളെ വലിയതോതില്‍ തകര്‍ത്തുകളഞ്ഞു. ഒപ്പം യുക്രൈനിലെ തുറമുഖ നഗരങ്ങളിലെ വലിയ സംഭരണശാലകളുല്‍ സംഭരിച്ച ധാന്യങ്ങള്‍ കയറ്റുമതി ചെയ്യാന്‍ പോലും റഷ്യ അനുവദിച്ചില്ല. അത് ആഗോളതലത്തില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ ഉണ്ടാകുന്നത്.

ഐക്യരാഷ്ട്രസഭയും തുര്‍ക്കിയും ഇടനില നിന്നതോടെ ധാന്യക്കയറ്റുമതി സംബന്ധിച്ച കരാറിലേക്ക് റഷ്യ എത്തി. 2022 ജൂലായ് 27-ന് തുര്‍ക്കിയിലെ ഇസ്താംബൂളില്‍വെച്ചാണ് കരാര്‍ ഒപ്പുവെച്ചത്. 'പ്രതീക്ഷയുടെ തിരിനാളം' എന്നാണ് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കരാറിനെ വിശേഷിപ്പിച്ചത്. മൂന്ന് യുക്രൈന്‍ തുറമുഖങ്ങളിലൂടെ ഏകദേശം 32.9 ദശലക്ഷം മെട്രിക് ടണ്‍ ധാന്യവും മറ്റ് ഭക്ഷണങ്ങളും ലോകത്തിത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുവദിക്കുന്നതായിരുന്നു കരാര്‍. ഇത് പ്രകാരം യുക്രൈന്‍ തുറമുഖങ്ങളായ യുസ്‌നി (Yuzhny), ഒഡെസ (Odesa), ചൊര്‍ണോമോര്‍സ്‌ക് (Chornomorsk) എന്നിവിടങ്ങളില്‍ നിന്ന് കപ്പലുകള്‍ ആക്രമിക്കപ്പെടാതെ കരിങ്കടല്‍ കടക്കാന്‍ കരാര്‍ അനുവദിക്കും. ഇതിനൊപ്പം റഷ്യന്‍ ധാന്യത്തിന്റേയും വളത്തിന്റെയും കയറ്റുമതി സുഗമമാക്കുന്നതിന് ഒരു പ്രത്യേക കരാറും നിലവില്‍ വന്നിരുന്നു. കരാര്‍ നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിനായി ജോയിന്റ് കോ-ഓര്‍ഡിനേഷന്‍ സെന്ററും സ്ഥാപിച്ചിരുന്നു. റഷ്യ, യുക്രൈന്‍, തുര്‍ക്കി, ഐക്യരാഷ്ട്രസഭ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
120 ദിവസം കാലാവധി നിശ്ചയിച്ച കരാര്‍, അതിനുശേഷം നവംബറില്‍ നീട്ടാനോ അവസാനിപ്പിക്കാനോ വ്യവസ്ഥ ചെയ്തിരുന്നു. യുക്രൈനില്‍ നിന്നുള്ള ഭക്ഷ്യധാന്യങ്ങള്‍ക്ക് സുരക്ഷിതമായ ഒരു സമുദ്ര ഇടനാഴി ഉറപ്പ് വരുത്തുക വഴി ധാന്യങ്ങളുടെ മതിയായ വിതരണം കരാര്‍ ഉറപ്പാക്കിയിരുന്നു. അതുവഴി ഭക്ഷ്യവിലക്കയറ്റം പരിമിതപ്പെടുത്തി വിപണികളെ നിയന്ത്രിക്കുക എന്നതായിരുന്നു കരാര്‍ ലക്ഷ്യമിട്ടത്. റഷ്യയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളും രാസവളവും ആഗോള വിപണികളിലെത്തുന്നത് ഉറപ്പാക്കാനും കരാറുണ്ടായിരുന്നുവെങ്കിലും കയറ്റുമതിയുമായി ബന്ധപ്പെട്ട കരാറിന്റെ ഭാഗങ്ങള്‍ നടപ്പാക്കിയിട്ടില്ലെന്ന് റഷ്യ ദീര്‍ഘകാലമായി പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 31-ന് കരിങ്കടലില്‍ കപ്പല്‍ ആക്രമിക്കപ്പെട്ടെന്ന് ആരോപണം ഉയര്‍ത്തി റഷ്യ കരാറില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങി. നവംബര്‍ രണ്ടിന് റഷ്യ 120 ദിവസത്തേക്ക് കൂടി കരാര്‍ നീട്ടി. ഈ വര്‍ഷം മാര്‍ച്ചില്‍ കരാറിലെ പങ്കാളിത്തം 60 ദിവസത്തേക്ക് കൂടി നീട്ടാന്‍ റഷ്യ സമ്മതിക്കുകയും മെയ് മാസത്തില്‍ പുതുക്കുകയും ചെയ്തു.

കരാറിന്റെ ഗുണഭോക്താക്കളാര്?
യൂറോപ്പിന്റെ 'ബ്രെഡ് ബാസ്‌കറ്റ്' എന്നാണ് യുക്രൈന്‍ വിളിക്കപ്പെടുന്നത് തന്നെ. രാജ്യത്തിന്റെ 55 ശതമാനത്തിലധികം ഭൂമിയും കൃഷിയോഗ്യവുമാണ്. അധിനിവേശത്തിനു ശേഷവും 2022-2023 കാലഘട്ടത്തില്‍ ചോളത്തിന്റെ ലോകത്തിലെ എട്ടാമത്തെ വലിയ ഉത്പാദകരും ഗോതമ്പിന്റെ ഒമ്പതാമത്തെ വലിയ ഉത്പാദകരുമായിരുന്നു യുക്രൈന്‍. വേള്‍ഡ് ഫുഡ് പ്രോഗ്രാമി(World Food Programme)ന്റെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം ലോകമെമ്പാടുമുള്ള 400 ദശലക്ഷം ജനങ്ങങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളാണ് യുക്രൈന്‍ ഉത്പാദിപ്പിച്ചത്. 2021-ല്‍, യു.എന്‍. ഭക്ഷ്യ ഏജന്‍സിയുടെ മൊത്തത്തിലുള്ള ധാന്യ സംഭരണത്തിന്റെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും യുക്രൈനില്‍ നിന്നായിരുന്നു. കരാര്‍ നിലവില്‍ വന്നതിന് ശേഷം ഏകദേശം 32.9 ദശലക്ഷം മെട്രിക് ടണ്‍ ധാന്യം കരിങ്കടല്‍ വഴി യുക്രൈനില്‍ നിന്ന കയറ്റുമതി ചെയ്തതായാണ് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. കയറ്റുമതി ചെയ്ത ധാന്യത്തില്‍ ഭൂരിഭാഗവും ചോളവും ഗോതമ്പുമായിരുന്നു. 16.9 ദശലക്ഷം ടണ്‍ ചോളവും 8.91 ദശലക്ഷം ടണ്‍ ഗോതമ്പുമാണ് ഇക്കാലയളവില്‍ കയറ്റുമതി ചെയ്തത്. ഇതേ കാലഘട്ടത്തില്‍ കയറ്റുമതി ചെയ്ത മറ്റ് ഭക്ഷ്യവസ്തുക്കളില്‍ സൂര്യകാന്തി എണ്ണയും ബാര്‍ലിയും ഉള്‍പ്പെടെയുള്ള മറ്റ് ഭക്ഷ്യവസ്തുക്കളുമുണ്ടായിരുന്നു.
ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മൂന്ന് ഭൂഖണ്ഡങ്ങളിലെ 45 രാജ്യങ്ങള്‍ക്ക് കരാറിന്റെ ഗുണം ലഭിച്ചു. എന്നാല്‍ ഏറ്റവുമധികം കൈയറ്റുമതി നടന്നതാകട്ടെ ചൈനയിലേക്കാണ്. യുക്രൈനില്‍ നിന്ന് ആകെയുള്ള കൈയറ്റുമതിയുടെ 25 ശതമാനവും പോയതും ചൈനയിലേക്കായിരുന്നു. സ്‌പെയിന്‍, തുര്‍ക്കി, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളായിരുന്നു തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. എങ്കിലും കരാര്‍ ദരിദ്ര രാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. യുക്രൈനില്‍ നിന്നുള്ള ഗോതമ്പിന്റെ 64 ശതമാനവും വികസ്വര രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്തത്. യുദ്ധവും കാലാവസ്ഥാ ദുരന്തങ്ങളും ബാധിച്ച രാജ്യങ്ങളില്‍ ആളുകളെ സഹായിക്കുന്നതിന് 725,000 ടണ്ണിലധികം ഗോതമ്പ് എത്തിക്കാന്‍ ഡബ്ല്യുഎഫ്പിയെ കരാര്‍ സഹായിച്ചതായി യു.എന്‍. പറയുന്നു. എത്യോപ്യയ്ക്ക് അതിന്റെ മൂന്നിലൊന്ന് (262,759 ടണ്‍) ലഭിച്ചു. 20 ശതമാനത്തിലധികം യെമനിലേക്കും (151,000) 18 ശതമാനം അഫ്ഗാനിസ്ഥാനിലേക്കും നല്‍കാനായി. ഭക്ഷ്യവിലക്കയറ്റം 20 ശതമാനം വരെ കുറയ്ക്കാന്‍ കരാറിനായെന്നാണ് യു.എന്‍. അവകാശപ്പെടുന്നത്. എന്നാല്‍ റഷ്യയുടെ വാദം മറിച്ചാണ്. ലോകത്തിലെ ദരിദ്ര രാജ്യങ്ങളിലേക്ക് ഈ ധാന്യങ്ങള്‍ എത്തുന്നില്ലെന്നാണ് അവരുടെ വാദം. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലേക്കാണ് ഇതില്‍ 44 ശതമാനവും പോയതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

കരാറില്‍ നിന്ന് റഷ്യയുടെ പിന്മാറ്റം
ലോകത്തെ ഏറ്റവും കൂടുതല്‍ ധാന്യക്കയറ്റുമതി രാഷ്ട്രങ്ങളാണെങ്കിലും റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ആരംഭിച്ചതോടെ കയറ്റുമതി ആറില്‍ ഒന്നായി കുറഞ്ഞിരുന്നു. യുദ്ധത്തില്‍ തിരിച്ചടി നേരിടുമ്പോഴെല്ലാം കരാറില്‍ നിന്ന് പിന്മാറുമെന്ന് റഷ്യ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31-ന് കരിങ്കടല്‍ റഷ്യന്‍ കപ്പല്‍ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി റഷ്യ കരാറില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം കരാര്‍ നാല് മാസത്തേക്ക് നീട്ടി. ഈ വര്‍ഷം മാര്‍ച്ചില്‍, കരാര്‍ രണ്ട് മാസത്തേക്ക് കൂടി നീട്ടാന്‍ റഷ്യ സമ്മതിച്ചു. അതനുസരിച്ച് മെയ് മാസത്തില്‍ കരാര്‍ പുതുക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം കരാര്‍ നീട്ടാന്‍ റഷ്യ വിസമ്മതിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ കരാര്‍ പാലിക്കേണ്ട ആവശ്യമില്ലെന്നാണ് റഷ്യയുടെ പക്ഷം. റഷ്യയില്‍ നിന്ന് ക്രിമിയയിലേക്കുള്ള പാലം യുക്രൈന്‍ തകര്‍ത്തുവെന്ന് ആരോപണം ഉന്നയിച്ചതിന്റെ തൊട്ടുപിന്നാലെയാണ് കരാറില്‍ നിന്നുള്ള റഷ്യയുടെ പിന്മാറ്റം. എന്നാല്‍ ഇക്കാര്യം അവര്‍ തുറന്ന് സമ്മതിക്കുന്നുമില്ല. കരാര്‍ അവസാനിപ്പിക്കാനുള്ള തീരുമാനവും പാലം തകര്‍ന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് റഷ്യ പ്രതികരിച്ചത്.
സ്വന്തം ഭക്ഷ്യ-വളം കയറ്റുമതിക്കുള്ള സമാന്തര കരാര്‍ പാലിക്കപ്പെട്ടുന്നില്ലെന്ന് ആരോപിച്ചാണ് റഷ്യ കരാറില്‍ നിന്ന് പിന്മാറിയത്. കരാറില്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നില്ലെന്നും പാശ്ചാത്യ ഉപരോധം സ്വന്തം കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതിയെ തടസ്സപ്പെടുത്തുന്നുവെന്നും റഷ്യ ആവര്‍ത്തിച്ച് പരാതിപ്പെട്ടിരുന്നു. യുക്രൈന്റെ ധാന്യ കയറ്റുമതിയുടെ മൂന്ന് ശതമാനം മാത്രമേ ദരിദ്ര രാജ്യങ്ങളിലേക്കാണ് പോകുന്നുള്ളൂ എന്നും ഈ സാഹചര്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ധാന്യകരാര്‍ പരിഹാരമായില്ലെന്നുമാണ് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രതികരിച്ചത്. കരാറില്‍നിന്ന് റഷ്യ പിന്മാറുന്നതോടെ യുക്രെയ്ന്‍ തുറമുഖങ്ങളില്‍ നിന്ന് ധാന്യങ്ങളുമായുള്ള കപ്പല്‍ കരിങ്കടല്‍ കടക്കുന്നതിന് റഷ്യയുടെ സുരക്ഷ ലഭിക്കില്ല. പക്ഷേ, വ്യവസ്ഥകള്‍ പാലിച്ചാല്‍ കരാര്‍ പുതുക്കുന്നത് പരിഗണിക്കുമെന്നാണ് അവര്‍ പറയുന്നത്. കരാറില്‍ റഷ്യയുടെ ഭാഗം ഫലപ്രദമായി നടപ്പിലാക്കിയാല്‍ മാത്രമേ പുതുക്കാന്‍ സന്നദ്ധരാവുകയുള്ളു എന്നും റഷ്യ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ കരാര്‍ ഇല്ലാതെതന്നെ കയറ്റുമതി തുടരാന്‍ യുക്രൈന്‍ തയ്യാറാണെന്നാണ് പ്രസിഡന്റ് വ്‌ളോദിമിർ സെലെൻസ്കി പ്രതികരിച്ചത്. റഷ്യ ഇല്ലെങ്കിലും കരിങ്കടല്‍ ഇടനാഴി ഉപയോഗിക്കുന്നതിന് ആവശ്യമായതെല്ലാം ഞങ്ങള്‍ ചെയ്യുമെന്നം ഭയമില്ലെന്നും വ്‌ളോദിമിർ സെലെൻസ്കി പറഞ്ഞു. പുതിന്‍ കരാര്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്നാണ് ഇടനിലക്കാരനായിരുന്ന തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രതികരിച്ചത്. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ തീരുമാനത്തില്‍ അതിയായി ഖേദിക്കുന്നുവെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്. കരിങ്കടല്‍ ധാന്യ കരാര്‍ നീട്ടാനുള്ള നിര്‍ദേശം പുതിന്‍ അവഗണിച്ചതില്‍ നിരാശയുണ്ടെന്നും പക്ഷേ ധാന്യ കയറ്റുമതി സുഗമമാക്കാന്‍ ഐക്യരാഷ്ട്രസഭ ശ്രമം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കരാറില്‍ നിന്ന് റഷ്യ പിന്മാറുമ്പോള്‍
റഷ്യ കരാറില്‍ നിന്ന് പിന്മാറിയാലും ധാന്യകയറ്റുമതിയുമായി മുന്നോട്ട് പോകുമെന്നാണ് യുക്രൈന്‍ പറയുന്നത്. എന്നാല്‍ കരാര്‍ പ്രബല്യത്തിലുണ്ടായിരുന്ന കാലത്ത് കയറ്റുമതി ചെയ്ത അതേ അളവില്‍ കയറ്റുമതി സാധ്യമാകുമോ എന്നത് സംശയമാണ്. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ വലിയ തുകയ്ക്ക് കപ്പലുകള്‍ ഇന്‍ഷുര്‍ ചെയ്യേണ്ട് വലിയ പ്രശ്‌നമാണ്. ഇപ്പോള്‍ തന്നെ കരിങ്കടല്‍ കടക്കുന്ന കപ്പലുകള്‍ വലിയ തുകയ്ക്ക് ഇന്‍ഷുര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ റഷ്യന്‍ അനുമതി ഇല്ലാത്ത സാഹചര്യത്തില്‍ യുദ്ധമുഖത്ത്കൂടി കപ്പലുകള്‍ അയക്കാന്‍ കപ്പല്‍ കമ്പനികള്‍ വിമുഖത കാണിച്ചേക്കാം. ഈ പശ്ചാത്തലത്തില്‍ കടല്‍മാര്‍ഗം ഒഴിവാക്കി കരയിലൂടെ ധാന്യം കൊണ്ടുപോകുന്നതും ബുദ്ധിമുട്ടായേക്കാം. യുദ്ധത്തിന്റെ തുടക്കം മുതല്‍, കിഴക്കന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ വഴി യുക്രൈന്‍ വലിയ ധാന്യങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. എന്നാല്‍ ചില കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ കര്‍ഷകര്‍ യുക്രൈനില്‍ നിന്നുള്ള കയറ്റുമതിക്കെതിരേ രംഗത്തെത്തുകയും ചെയ്തിരുന്നു. യുക്രൈന്‍ ഉത്പനങ്ങള്‍ തങ്ങളുടെ രാജ്യങ്ങളിലൂടെ കയറ്റി അയക്കുന്നത് പ്രാദേശിക വിളകള്‍ക്കുള്ള വിപണിയെ ഇല്ലാതാക്കുമെന്നാണ് അവരുടെ ആശങ്ക. ഇതേത്തുടര്‍ന്ന് ബള്‍ഗേറിയ, ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലൂടെ ധാന്യം കൊണ്ടുപോകാമെന്നും എന്നാല്‍ ഈ രാജ്യങ്ങളില്‍ വില്‍ക്കാന്‍ കഴിയില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ ഈ മാസം ആദ്യം നിര്‍ദേശിച്ചിരുന്നു.
ഐക്യരാഷ്ട്രസഭയുടെയും തുര്‍ക്കിയുടെയും മധ്യസ്ഥതയില്‍ റഷ്യയും യുക്രെയ്‌നും തമ്മില്‍ ഒപ്പുവച്ച കരാറിന്റെ ബലത്തിലാണ് യുദ്ധത്തിനിടയിലും യുക്രെയ്‌നില്‍ നിന്നുള്ള ധാന്യ കയറ്റുമതി സുഗമമായി നടന്നിരുന്നത്. എന്നിട്ടും കരാറിലൂടെ സാധ്യമായ മൊത്തത്തിലുള്ള ഭക്ഷ്യ കയറ്റുമതി കഴിഞ്ഞ വര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ച് ഈ വര്‍ഷം മെയ് മാസത്തില്‍ മുക്കാല്‍ ഭാഗത്തോളം കുറഞ്ഞിരുന്നു. അപകടകരമായ പാതയില്‍ കപ്പലുകള്‍ അയയ്ക്കുന്നതില്‍ നിന്ന് കൂടുതല്‍ ഷിപ്പിങ് കമ്പനികള്‍ പിന്മാറിയതോടെയാണ് കയറ്റുമതി വലിയ തോതില്‍ കുറഞ്ഞത്. ഒപ്പം കര്‍ശനമായ നിയന്ത്രണങ്ങള്‍ കപ്പലുകള്‍ക്ക് വേഗത്തില്‍ കടന്നുപോകുന്നതിനും തടസമായി. യുക്രൈനില്‍ നിന്നുള്ള ഭക്ഷ്യധാന്യങ്ങള്‍ ലോകമെമ്പാടുമുള്ള 400 ദശലക്ഷം ആളുകളുടെ വിശപ്പകറ്റുന്നുണ്ടെന്നാണ് യുഎന്നിനു കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗവും ആഫ്രിക്കയിലേയും ഏഷ്യയിലേയും വികസ്വര രാജ്യങ്ങളാണ് എന്നതാണ് കരാറിനെ നിര്‍ണായകമാകുന്നത്. യുക്രൈനില്‍ നിന്നുള്ള ധാന്യ കയറ്റുമതി നിലച്ചാല്‍ ഈ രാജ്യങ്ങളേയും കാര്യമായി ബാധിച്ചേക്കും.
കരിങ്കടല്‍ വഴിയുള്ള ധാന്യകയറ്റുമതി കരാറില്‍നിന്ന് റഷ്യ പിന്മാറിയതോടെ ഭക്ഷ്യപ്രതിസന്ധിക്ക് ആക്കംകൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ആഗോളതലത്തില്‍ തന്നെ ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിലേക്കും നയിച്ചേക്കാം. കരിങ്കടല്‍ ധാന്യക്കരാറില്‍ നിന്ന് റഷ്യ പിന്‍വാങ്ങിയതിന് പിന്നാലെ ആഗോള ഗോതമ്പ് വില ക്രമാതീതമായി ഉയരുകയും ചെയ്തിരുന്നു. യൂറോപ്യന്‍ വിപണിയില്‍ ഗോതമ്പ് വില കഴിഞ്ഞ ദിവസത്തേക്കാള്‍ ഒമ്പത് ശതമാനമാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവായിരുന്നു ഇത്. അതുപോലെ ചോളത്തിന്റെ വിലയും അഞ്ച് മുതല്‍ നാല് ശതമാനം വരെ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ധാന്യ, ഭക്ഷ്യ എണ്ണ കയറ്റുമതി രാഷ്ട്രങ്ങളിലൊന്നായ യുക്രെയ്നില്‍ നിന്നുള്ള ധാന്യ കയറ്റുമതി നിലയ്ക്കുന്നത് പല ദരിദ്രരാജ്യങ്ങളേയും പട്ടിണിയിലേക്ക് തള്ളി വിട്ടേക്കാം.
Content Highlights: What was the Black Sea grain deal and why did it collapse?
Published: 23 Jul 2023, 12:22 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented