പതിഞ്ഞ തുടക്കം, പലവിധ പരീക്ഷണങ്ങള്‍; സൈനിക അട്ടിമറി മുതല്‍  ഭൂകമ്പവും സാമ്പത്തിക പ്രതിസന്ധിയും എന്തിന് ജയില്‍ശിക്ഷ വരെ അതിജീവിച്ച രാഷ്ട്രീയ കാലഘട്ടം. റജബ് തയ്യിബ് ഉര്‍ദുഗാനെന്ന തുര്‍ക്കിയുടെ രാഷ്ട്രീയ അതികായന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ കഠിനാധ്വാനത്തിന്റെ ഇച്ഛാശക്തിയുടെ കഥ പറയാനുണ്ട്. മേയറില്‍ തുടങ്ങി കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായുള്ള തുര്‍ക്കിയിലെ ഉര്‍ദുഗാന്റെ തേരോട്ടത്തിന് തടയിടാന്‍ ഇനി മഹാസഖ്യം മാത്രമാണ് പോംവഴിയിയെന്ന രാഷ്ട്രീയ സാഹചര്യത്തിലേക്ക് വരെ പ്രതിപക്ഷ പാര്‍ട്ടികളെത്തി. ഇതിനിടെയാണ് ജയിച്ചാലും തോറ്റാലും ചരിത്രമായേക്കാവുന്ന തിരഞ്ഞെടുപ്പ് വെല്ലുവിളി ഉര്‍ദുഗാന് മുന്നിലേക്കെത്തുന്നത്. ആറര കോടിയോളം വരുന്ന തുര്‍ക്കി ജനത വിധിയെഴുതി മാറിനിന്ന് പെട്ടി തുറക്കുമ്പോള്‍ ഉര്‍ദുഗാന്റെ ഭരണത്തുടര്‍ച്ച ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും മഹാസഖ്യത്തിനും തോല്‍പിക്കാനാവില്ലെന്ന സൂചനയാണ് തുര്‍ക്കിയില്‍നിന്നു വരുന്നത്.

To advertise here,

കഴിഞ്ഞ ഇരുപത് വര്‍ഷക്കാലം ഒരു രാഷ്ട്രീയ വെല്ലുവിളിയും നേരിടേണ്ടി വന്നിട്ടില്ലാത്ത ഉര്‍ദുഗാന് തുര്‍ക്കി ഗാന്ധിയെന്നറിയപ്പെടുന്ന കെമാല്‍ ക്ലിച്ദരോലുവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യമാണ് ഇത്തവണ വലിയ വെല്ലുവിളി ഉയര്‍ത്തിയത്. ഇത് തിരഞ്ഞെടുപ്പിനെ രണ്ടാംഘട്ടത്തിലേക്ക് നയിക്കുകയും ചെയ്തു. ഒന്നാം ഘട്ടത്തില്‍ ഇരുസ്ഥാനാര്‍ഥികളും അമ്പത് ശതമാനം വോട്ട് നേടാതായതോടെയാണ് തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയത്. ഉര്‍ദുഗാന് 49.42% വോട്ടും കെമാല്‍ ക്ലിച്ദരോലുവിന് 44.95% വോട്ടുമാണ് ലഭിച്ചത്. ഈ മാസം 28-ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ആര് ജയിച്ചാലും അത് ചരിത്രമാവും.

placeholder
ഭൂകമ്പത്തില്‍ തകര്‍ന്ന സതേണ്‍ തുര്‍ക്കി | ഫോട്ടോ: എ.എഫ്.പി

ഭൂകമ്പ ആരോപണത്തെയും അതിജിവിച്ച് ഉര്‍ദുഗാന്‍

1999-ന് ശേഷം തുര്‍ക്കി കണ്ട ഏറ്റവും വലിയ ഭൂകമ്പമായിരുന്നു ഫെബ്രുവരിയിലുണ്ടായത്. ഇത് ഉര്‍ദുഗാന്‍ സര്‍ക്കാരിനെതിരേയുള്ള ജനരോഷത്തിന് പ്രധാന കാരണമായി മാറുമെന്നായിരുന്നു ചൂണ്ടിക്കാട്ടപ്പെട്ടിരുന്നത്. ഫെബ്രുവരിയില്‍ നടന്ന ഭൂകമ്പത്തില്‍ അമ്പതിനായിരം പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിനാളുകളെ ഭവനരഹിതരാക്കി. പലരേയും തൊഴില്‍രഹിതരാക്കി. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിട്ടു. ഇത്തരത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ പ്രധാനമായും യുവാക്കളെ തങ്ങള്‍ക്കനുകൂലമാക്കി നിര്‍ത്താന്‍ ഉര്‍ദുഗാന്റെ എതിര്‍സ്ഥാനാര്‍ഥി കെമാല്‍ ക്ലിച്ദരോലുവിന് കഴിഞ്ഞുവെന്നായിരുന്നു ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ചൂണ്ടിക്കാട്ടപ്പെട്ടത്. അതുകൊണ്ടു തന്നെ അദ്ദേഹം ജയിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രവചനങ്ങളുമുണ്ടായിരുന്നത്. ദുരന്തത്തിനിരയായവരെ തനിക്കൊപ്പം നിര്‍ത്തുകയെന്നത് ലക്ഷ്യമിട്ട് ആറ് പാര്‍ട്ടികളുടെ മഹാസഖ്യമുണ്ടാക്കിയായിരുന്നു ക്ലിച്ദരോലു മത്സരത്തിനെത്തിയതും. എന്നാല്‍, രാജ്യത്തെ 11 പ്രവിശ്യയിലെ 50000-ത്തോളം ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയും ലക്ഷണക്കണക്കിന് ആളുകളെ നേരിട്ട് ബാധിക്കുകയും ചെയ്ത ഭൂകമ്പത്തിന്റെ ആദ്യ ഉത്തരവാദി ഉര്‍ദുഗാന്‍ സര്‍ക്കാരാണെന്ന പ്രതിപക്ഷ ആരോപണത്തെ വലിയ തോതില്‍ ജനങ്ങള്‍ ഏറ്റെടുത്തില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ വ്യക്തമാവുന്നത്. ഭൂകമ്പമുണ്ടായ 11 പ്രവിശ്യകളില്‍ പത്തിലും മുന്നിട്ട് നില്‍ക്കുന്നത് ഉര്‍ദുഗാന്റെ പാര്‍ട്ടിയായ എ.കെ.പിയാണ്.

കെട്ടിടങ്ങളുടെ നിര്‍മാണത്തിലെ അഴിമതിയടക്കമുള്ളവ വിഷയമാക്കിയായിരുന്നു പ്രതിപക്ഷ പ്രചാരണം. ഇതിനെ വേണ്ടത്ര പ്രതിരോധിക്കാന്‍ തിരഞ്ഞെടുപ്പ് കാലത്ത് ഉര്‍ദുഗാന് കഴിഞ്ഞിരുന്നുമില്ല. പക്ഷെ, ഫലം പുറത്ത് വരുമ്പോള്‍ ഉര്‍ദുഗാന്‍ വിജയത്തിനരികെയാവുകയും ചെയ്തു. അടുത്ത വര്‍ഷം നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പാണ് ഉര്‍ദുഗാന്‍ നേരത്തെയാക്കാന്‍ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടിരിക്കുന്ന രാജ്യത്തെ രക്ഷിക്കാന്‍ സുസ്ഥിരവും ശക്തവുമായ സര്‍ക്കാര്‍ ആവശ്യമാണെന്നും അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതെന്നുമായിരുന്നു ഉര്‍ദുഗാന്റെ വാദം. എന്നാല്‍, തന്റെ സ്വാധീനം ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ തനിക്ക് അനുകൂലമാക്കാനാണ്‌ ഉര്‍ദുഗാന്റെ ശ്രമമെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

placeholder
തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനും ഭാര്യ എമിനി ജസ്റ്ററും | Photo: AP

2016-ലെ അട്ടിമറിയും ഏകാധിപത്യത്തിലേക്കുള്ള നീക്കവും

2007-ലെ ഭരണഘടനാ ഭേദഗതിയെ തുടര്‍ന്ന് 2014 ഓഗസ്ത് പത്തിനാണ് തുര്‍ക്കിയുടെ 12-ാമത് പ്രസിഡന്റായി ഉര്‍ദുഗാന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. പാര്‍ലമെന്റിലെ അംഗങ്ങള്‍ നാമനിര്‍ദേശം ചെയ്ത്  തിരഞ്ഞെടുക്കുന്നതിന് പകരം ജനങ്ങള്‍ നേരിട്ട് വോട്ട് ചെയ്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ആദ്യ തിരഞ്ഞെടുപ്പ്. 55 ലക്ഷം ആളുകള്‍ വോട്ട് ചെയ്ത് ഉര്‍ദുഗാനെ തിരഞ്ഞെടുക്കുകയും ചെയ്തു. ഇതിന് ശേഷം അധികാരങ്ങള്‍ പ്രസിഡന്റ് പദവയിലേക്ക് കൊണ്ടുവരാനുള്ള അണിയറ നീക്കങ്ങളും ഉര്‍ദുഗാന്‍ ആരംഭിച്ചിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു. 2016 ആകുമ്പേഴേക്കും ആദ്യ സര്‍ക്കാര്‍ അട്ടിമറി ശ്രമത്തേയും ഉര്‍ദുഗാന് നേരിടേണ്ടി വന്നു. 

2016-ജൂലായ് 15 നായിരുന്നു ഉര്‍ദുഗാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരു വിഭാഗം സൈനികര്‍ നീക്കം നടത്തിയത്. രാജ്യത്തെ പ്രധാന റോഡുകളും നഗരങ്ങളും പിടിച്ചെടുത്ത വിമത സൈനികര്‍ രാജ്യം പട്ടാള ഭരണത്തിലായതായി  പ്രഖ്യാപിക്കുകയായിരുന്നു. ഒരു തീരദേശ റിസോര്‍ട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ ഉര്‍ദുഗാനെ പിടിക്കാന്‍ ലക്ഷ്യമിട്ട് വിമത സൈന്യം അന്ന് നേരിട്ടെത്തിയെങ്കിലും എയര്‍ലിഫ്റ്റിലൂടെ അത്ഭുതകരമായി രക്ഷപ്പെട്ടാണ് ഈ അട്ടിമറിയെ ഉര്‍ദുഗാന്‍ പരാജയപ്പെടുത്തിയത്. റിസോര്‍ട്ടില്‍നിന്നു ഇസ്താന്‍ബുളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഇറങ്ങിയ ഉര്‍ദുഗാന്‍ വിമതര്‍ക്കെതിരേ പ്രതിഷേധിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ 300 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. തുര്‍ക്കിഷ് പാര്‍ലമെന്റ് മന്ദിരവും പ്രസിഡന്റിന്റെ കൊട്ടാരവും അടക്കം നിരവധി കെട്ടിടങ്ങള്‍ തര്‍ക്കപ്പെട്ടു. 

placeholder
2016 ല്‍ തുര്‍ക്കിയില്‍ നടന്ന സൈനിക അട്ടിമറിയോടനുബന്ധിച്ച് നടന്ന പ്രതിഷേധത്തില്‍ നിന്ന് | Photo: AP

അട്ടിമറിശ്രമത്തെ പരാജയപ്പെടുത്തിയതിന് ശേഷം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം ഉരുക്കുമുഷ്ടികൊണ്ട് ഉര്‍ദുഗാന്‍ നേരിടുകയും ചെയ്തു. ഒന്നര ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അമ്പതിനായിരത്തിലധികം വരുന്നവര്‍ അറസ്റ്റിലായി. ഇതില്‍ പട്ടാളക്കാരും മാധ്യമപ്രവര്‍ത്തകരും നിയമജ്ഞരും  പോലീസ് ഉദ്യോഗസ്ഥരും കുര്‍ദുകളും വിദ്യാഭ്യാസ വിദഗ്ധരും തുടങ്ങി അട്ടിമറിയുമായി നേരിയ ബന്ധമുള്ളവരെപോലും അറസ്റ്റ് ചെയ്തു.

അട്ടിമറിശ്രമം അതിജീവിച്ച് തിരിച്ചുവന്ന ഉര്‍ദുഗാന്‍ ഇനിയങ്ങോട്ട് പുതിയ തുര്‍ക്കിയായിരിക്കുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. തുടര്‍ന്ന് രാജ്യത്തെ പ്രധാനമന്ത്രി ഭരണത്തില്‍നിന്നു പ്രസിഡന്‍ഷ്യല്‍ പദത്തിന് കീഴലാക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. 2017-ല്‍ ഇതിനായുള്ള ഹിതപരിശോധന നടത്തുകയും അതില്‍ കൃത്യമായ ജനപിന്തുണ ഉറപ്പാക്കാന്‍ ഉര്‍ദുഗാന് കഴിയുകയും ചെയ്തു. ഹിതപരിശോധനക്ക് ശേഷം നടന്ന ഭരണഘടനാ ഭേദഗതി തുര്‍ക്കിയെ പാര്‍ലമെന്ററി സമ്പ്രദായത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് പറിച്ചുനട്ടു. പ്രധാനമന്ത്രി പദം അവസാനിച്ചു. മന്ത്രിസഭയെയും വൈസ് പ്രസിഡന്റിനെയും തീരുമാനിക്കാനുള്ള അധികാരം പ്രസിഡന്റിന് ലഭിച്ചു. നിയമസംവിധാനങ്ങള്‍ പൂര്‍ണമായി പ്രസിഡന്റിന്റെ അധികാര പരിധിയിലായി. ഭരണകൂടത്തിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങള്‍ നിയന്ത്രിക്കാന്‍ കോടതികള്‍ക്കുള്ള അധികാരം പൂര്‍ണമായി അവസാനിച്ചു. ജഡ്ജിമാരെയടക്കം  സര്‍വ മേഖലയിലെയും ഉന്നത വ്യക്തിത്വങ്ങളെ നിയമിക്കുന്നത് പോലും പ്രസിഡന്റായിരിക്കുമെന്ന ഭേദഗതിയുമുണ്ടായി. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കാനാണ്  ശ്രമമെന്ന് വലിയ വിമര്‍ശനമുണ്ടായെങ്കിലും അതൊന്നും ഉര്‍ദുഗാനെ ബാധിച്ചതേയില്ല. ഇതോടെയാണ് ഇനി ഉര്‍ദുഗാനെ നേരിടാന്‍ മഹാസഖ്യമല്ലാതെ മറ്റ് വഴിയില്ലെന്ന നിലപാടിലേക്ക് പ്രതിപക്ഷ പാര്‍ട്ടികളെയെത്തിച്ചത്.

placeholder
കെമാല്‍ ക്ലിച്ദരോലുവിനെ പിന്തുണക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നു | Photo: AP

തുര്‍ക്കി ഗാന്ധി അഥവാ കെമാല്‍ ക്ലിച്ദരോലുവിന്റെ വെല്ലുവിളി

രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇരുപത് വര്‍ഷത്തെ അനിഷേധ്യ നേതൃത്വം. അഞ്ച് പാര്‍ലമെന്ററി തിരഞ്ഞെടുപ്പിലും രണ്ട് പ്രസിഡന്റല്‍ തിരഞ്ഞെടുപ്പിലുമുള്ള വിജയം റജബ് തയ്യിബ് ഉര്‍ദുഗാന്‍ ഇങ്ങനെ തിളങ്ങി നില്‍ക്കുന്ന സമയത്താണ് കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് കെമല്‍ ക്ലിച്ദരോലു മഹാസഖ്യവുമായി രംഗത്തെത്തിയത്.

തന്റെ മിതഭാഷയും പെരുമാറ്റവും മഹാത്മാഗാന്ധിയുടെ രൂപസാദൃശ്യവും  കൊണ്ട് തുര്‍ക്കി ഗാന്ധിയെന്ന സ്ഥാനപ്പേര് നേടിയതിനൊപ്പം കുറഞ്ഞകാലം കൊണ്ട് ജനങ്ങളുടെ മനസ്സില്‍ ഇടം നേടാനും ക്ലിച്ദരോലുവിന് കഴിഞ്ഞിരുന്നു. ഉര്‍ദുഗാനെതിരേ പ്രതിപക്ഷ പാര്‍ട്ടികളും സഖ്യമുണ്ടാക്കുന്നതിലും വിജയിച്ചു. ഉര്‍ദുഗാന്റെ ഏകാധിപത്യം അവസാനിപ്പിക്കുമെന്നും തകര്‍ന്നടിഞ്ഞ തുര്‍ക്കിയ പുനരുജ്ജീവിക്കിപ്പിക്കുമെന്നും വാഗ്ദാനം നല്‍കിയാണ് ക്ലിച്ദരോലു മത്സരത്തിനെത്തിയത്. ഇതിന് വലിയ പിന്തുണ ലഭിക്കുകയും ചെയ്തു.  ആധുനിക തുര്‍ക്കിയുടെ സ്ഥാപകനായി അറിയപ്പെടുന്ന മുസ്തഫ കെമാല്‍ അത്താതുര്‍ക്ക് രൂപീകരിച്ച രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയായ റിപ്പബ്ലിക് പീപ്പിള്‍സ് പാര്‍ട്ടിയെ നയിക്കുന്ന ക്ലിച്ദരോലു മികച്ച പ്രവര്‍ത്തന ശൈലികൊണ്ട് പേരെടുത്ത വ്യക്തിയാണ്.

1990 മുതല്‍ പാര്‍ട്ടിക്ക്  രാജ്യത്തിന്റ അധികാരം നഷ്ടപ്പെട്ടുവെങ്കിലും ക്ലിച്ദരലോവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി തിരിച്ചുവരവിന്റെ പാതയിലായിരുന്നു. സഖ്യ കക്ഷികളുടെ പിന്തുണ കൂടി ലഭിച്ചതോടെ ഇത്തവണ ഭരണത്തിലെത്താനാവുമെന്ന പ്രതീക്ഷയിലുമായിരുന്നു. ഉര്‍ദുഗാന്‍  രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നുവെന്ന പ്രചാരണത്തോടൊപ്പം ഭൂകമ്പവും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുമെല്ലാം പ്രധാന ചര്‍ച്ചാ വിഷയമായപ്പോള്‍ മത്സരം കനക്കുകയും ചെയ്തു. അങ്ങനെ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പിന്നിട്ടപ്പോള്‍ 44.95% വോട്ട്  ക്ലിച്ദരോലുവിന് നേടാനുമായി.