Photo: Instagram/MetGala2023
ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ വേദിയായ മെറ്റ് ഗാലയും കേരളത്തിലെ ചേര്‍ത്തലയും തമ്മില്‍ എന്താണ് ബന്ധം? മെറ്റ് ഗാലയില്‍ താരങ്ങള്‍ അണിരന്ന കാര്‍പ്പറ്റാണ് ആ ബന്ധം...! അതെ, മെറ്റ് ഗാല വേദിയില്‍ വിരിച്ച വെള്ളയില്‍ നീലയും ചുവപ്പും വരകളുള്ള ആ പരവതാനി നിര്‍മിച്ചിരിക്കുന്നത് നമ്മുടെ കേരളത്തിലാണ്, ആലപ്പുഴയിലാണ്. ചേര്‍ത്തല ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നെയ്ത്ത് എക്‌സ്ട്രാവീവ് ആണ് ഫാഷന്‍ ലോകത്തെ ആകര്‍ഷിച്ച ആ കാര്‍പ്പറ്റിന് പിന്നിലെ കരങ്ങള്‍. മെറ്റ് ഗാലയിലേക്ക് 'നമ്മുടെ' കാര്‍പ്പറ്റ് എത്തിയതിന് പിന്നില്‍ എന്താണ്? എക്‌സ്ട്രാവീവ് ഡയറക്ടര്‍ ശിവന്‍ സന്തോഷ് സംസാരിക്കുന്നു.
കേരളത്തിന്റെ സ്വന്തം നെയ്ത്ത് ബൈ എക്‌സ്ട്രാവീവ്‌സ്
106 വര്‍ഷത്തെ പാരമ്പര്യമുള്ള കുടുംബ ബിസിനസ്സിന്റെ ഭാഗമാണ് നെയ്ത്ത്-എക്‌സ്ട്രാവീവ്‌സ്. ചേര്‍ത്തലയാണ് ജന്മദേശം. 1917-ല്‍ കെ. വേലായുധന്‍ എന്ന വ്യവസായി തുടക്കമിട്ട ട്രാവന്‍കൂര്‍ മാറ്റ്‌സ് ആന്റ് മാറ്റിങ് കമ്പനിയാണ് ബക്കിങ്ഹാം കൊട്ടാരത്തെയും വൈറ്റ് ഹൗസിനേയും മെറ്റ് ഗാല വേദിയേയുമടക്കം അലങ്കരിച്ച പരവതാനികള്‍ക്ക് പിന്നിലെ നെയ്ത്ത്- എക്‌സ്ട്രാവീവിന്റെ മുന്‍ഗാമി. കെ. വേലായുധന്റെ മകനായ സന്തോഷ് വേലായുധനാണ് 2020-ല്‍ എക്‌സ്ട്രാവീവ് സ്ഥാപിച്ചത്. എക്‌സ്ട്രാവീവ്‌സില്‍ നിന്നുള്ള ഡിസൈനര്‍ ഹൗസാണ് 'നെയ്ത്ത്.' പാരമ്പര്യ ബിസിനസ്സിന്റെ മൂന്നാം തലമുറക്കാരനായ ശിവന്‍ സന്തോഷും ഭാര്യ നിമിഷ ശിവനും നയിക്കുന്ന നെയ്ത്ത് ബൈ എക്‌സ്ട്രാവീവ്‌സ് 2021-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ച്ചയായ രണ്ടാം തവണയും മെറ്റ് ഗാലയ്ക്ക് വേണ്ടി പരവതാനി വിരിച്ചുകൊണ്ട് കേരളത്തിന്റെ പെരുമ കൂടിയാണ് 'നെയ്ത്ത്' ലോകവേദികളിലേക്ക് എത്തിച്ചിരിക്കുന്നത്.

എക്‌സ്ട്രാവീവ്‌സ് ഇന്ന് ഇന്ത്യയിലും വിദേശത്തുമായി നിരവധി വമ്പന്‍ ബ്രാന്‍ഡുകളുമായി സഹകരിക്കുന്നുണ്ട്. റെസ്റ്റോറേഷന്‍ ഹാര്‍ഡ്‌വെയര്‍, ഐകിയ, ബെല്ലാര്‍ഡ് ഡിസൈന്‍, സഫാവിയ തുടങ്ങിയവ അവയില്‍ ചിലത് മാത്രം. ദശാബ്ദങ്ങളായി എക്‌സ്ട്രാവീവ്‌സിനൊപ്പം സഞ്ചരിക്കുന്നവരാണ് ഇവരില്‍ പല ബ്രാന്‍ഡുകളും.

ചേര്‍ത്തല ടു മെറ്റ്ഗാല
ന്യൂയോര്‍ക്ക് സിറ്റിയിലെ മെട്രോപോളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്‌സ് കോസ്റ്റ്യൂം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാര്‍ഷിക ധനസമാഹരണ പരിപാടിയാണ് മെറ്റ് ഗാല. ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാഷന്‍ ഇവന്റുകളിലൊന്നായ മെറ്റ് ഗാലയിലുടെ സമാഹരിക്കപ്പെടുന്നത്.
എക്‌സ്ട്രാവീവ്‌സിന്റെ കസ്റ്റമര്‍ ആയിരുന്ന ഫൈബര്‍ വര്‍ക്ക്‌സ് എന്ന അമേരിക്കന്‍ സ്ഥാപനം വഴിയാണ് മെറ്റ് ഗാലയ്ക്കു വേണ്ടി കാര്‍പറ്റ് നിര്‍മിക്കാനുള്ള അവസരം 'നെയ്ത്തി'ന് ലഭിക്കുന്നത്. പരവതാനി നിര്‍മിച്ചു നല്‍കല്‍ മാത്രമായിരുന്നു 'നെയ്ത്തി'ന്റെ ഉത്തരവാദിത്തം. ലോകത്തിലെ തന്നെ അതിപ്രശസ്തരായ ഡിസൈനര്‍മാരുമായി സഹകരിച്ചുകൊണ്ട് അതിപ്രശസ്തരായ സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന മെറ്റ്ഗാല ഫാഷന്‍ ഇവന്റ് ഓരോ വര്‍ഷവും ഓരോ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സംഘടിപ്പിക്കുക. അന്തരിച്ച പ്രശസ്ത ഡിസൈനര്‍ കാള്‍ ലാഗര്‍ഫെല്‍ഡിന് ആദരമര്‍പ്പിച്ചുകൊണ്ട് ഇത്തവണത്തെ പ്രമേയം അദ്ദേഹത്തിന്റെ ഡിസൈനുകളായിരുന്നു. ഇതിനോട് നീതിപുലര്‍ത്തുന്ന രീതിയിലാണ് കാര്‍പ്പറ്റും ഒരുക്കിയിരുന്നത്.

ഡിസൈന്, കളര്‍, ഗുണം.. വെല്ലുവിളികളേറെ
മെറ്റ് ഗാല കാര്‍പ്പറ്റ് ആയതിനാല്‍ തന്നെ നിരവധി വെല്ലുവിളികള്‍ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ശിവന്‍ സന്തോഷ്. മെറ്റ് ഗാലയിലെത്തുന്ന സെലിബ്രിറ്റികള്‍ ഹൈഹീല്‍സ് അടക്കം ധരിച്ചുവരുന്നവരാണ്. അപ്പോള്‍ അടുപ്പവും നല്ല ബലവുമുള്ള ഇഴകളില്ലെങ്കില്‍ ഹീല്‍സ് താഴ്ന്നുപോവാനോ തെന്നിപ്പോവാനോ സാധ്യതയുണ്ട്. അതൊഴിവാക്കാന്‍ സൂക്ഷ്മമായാണ് നെയ്ത്തിന്റെ ഓരോ ഘട്ടവും പൂര്‍ത്തിയാക്കിയത്. കാര്‍പ്പറ്റിന് വേണ്ട 58 റോളുകളും ഒരേ കളര്‍ ടോണില്‍ വേണമായിരുന്നു. ഞങ്ങള്‍ക്ക് അതെല്ലാം വെല്ലുവിളികളാണ്. ഗുണമേന്മ ഉറപ്പാക്കാന്‍ ആവശ്യമുള്ളതെല്ലാം ചെയ്തിരുന്നു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന എല്ലാവരും അതിനുവേണ്ടി പ്രയത്‌നിച്ചിട്ടുണ്ട്.
സൈസില്‍ എന്ന മെറ്റീരിയല്‍ ഉപയോഗിച്ച് എകദേശം 9,600 ചതുരശ്ര മീറ്ററുള്ള പരവതാനിയാണ് മെറ്റ് ഗാലയ്ക്കുവേണ്ടി നിര്‍മിച്ചത്. അഗാബെ ഇനത്തില്‍പെട്ട കള്ളിമുള്‍ ചെടിയുടെ ഇലയുടെ അകത്ത് നിന്നെടുക്കുന്ന നാരുപയോഗിച്ചാണ് സൈസില്‍ നിര്‍മിക്കുന്നത്. 120 സെന്റീമീറ്ററോളം നീളവും ബലവുമുള്ള ഈ നാരുകള്‍ ഉയര്‍ന്ന ഗുണമേന്മയാണ് ഉറപ്പുതരുന്നത്. തറയിലും ചുമരിലുമെല്ലാം ഈ മെറ്റീരിയല്‍ ഉപയോഗിക്കാം. ശബ്ദം ആഗിരണം ചെയ്യാനും തീപ്പിടിത്തത്തെ പ്രതിരോധിക്കാനും സൈസിലിന് സാധിക്കും. മെറ്റ് ഗാലയ്ക്ക് വേണ്ടി മഡഗാസ്‌കറില്‍ നിന്നാണ് മെറ്റീരിയല്‍ ഇറക്കുമതി ചെയ്തത്. ചേര്‍ത്തലയില്‍വെച്ചാണ് നെയ്ത്ത് പൂര്‍ത്തിയാക്കിയത്. 58 റോളുകളായിരുന്നു മെറ്റ് ഗാലയ്ക്ക് വേണ്ടിയിരുന്നത്. നെയ്ത്തിനു ശേഷം റോളുകള്‍ സംഘാടകര്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഹാന്‍ഡ് പെയിന്റിങ് ഡിസൈന്‍ ചെയ്തത് മെറ്റ് ഗാലയുമായി ബന്ധപ്പെട്ട ഡിസൈനര്‍മാരാണ്. കാര്‍പ്പറ്റ് വിരിക്കാന്‍ അവരുടെ പ്രത്യേക ടീമുണ്ടായിരുന്നു. ചെറിയ മെയിന്റനന്‍സുമായി ബന്ധപ്പെട്ട് ഞങ്ങളുടെ ഒരു ടീമും അവിടെയെത്തിയിരുന്നു.
ഒരു ഇന്ത്യന്‍ സ്ഥാപനം മെറ്റ് ഗാലയ്ക്കു വേണ്ടിയുള്ള പരവതാനി നിര്‍മിച്ചുവെന്നുള്ളത് വലിയ നേട്ടമാണെന്ന് ശിവന്‍ സന്തോഷ് പറഞ്ഞു. ഇത് രണ്ടാം തവണയാണ് നെയ്ത്ത് മെറ്റ് ഗാലയ്ക്കു വേണ്ടി പരവതാനി നെയ്തു നല്‍കുന്നത്. 2012-ല്‍ വൈറ്റ് ഹൗസിലും ബക്കിങ്ഹാം കൊട്ടാരത്തിലും വിവിധ പരിപാടികള്‍ക്ക് വേണ്ടി എക്‌സ്ട്രാവീവ്‌സിന്റെ കാര്‍പ്പറ്റുകള്‍ കടല്‍ കടന്നിട്ടുണ്ട്.

60 തൊഴിലാളികള്‍ 70 ദിവസം
സ്ഥിരം കളര്‍ ടോണില്‍നിന്ന് മാറി ബെയ്ജ് ടോണില്‍ വെള്ളയും നീലയും നിറത്തിലുള്ള വരകളുള്ള കാര്‍പ്പറ്റാണ് മെറ്റ് ഗാലയില്‍ ഉപയോഗിച്ചത്. ഏകദേശം 70 ദിവസത്തോളമെടുത്താണ് കാര്‍പ്പറ്റിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ഡിസൈന് വേണ്ടി ഒരു മാസത്തോളം സമയം വീണ്ടും വേണ്ടിവന്നു. നെയ്ത്ത് മാത്രമായിരുന്നു എക്‌സ്ട്രാവീവ്‌സിന്റെ ജോലി. ഡിസൈന്‍ ചെയ്യാന്‍ അമേരിക്കയില്‍ നിന്നുള്ള ഡിസൈനേര്‍സാണ് ഉണ്ടായിരുന്നത്. കാര്‍പ്പറ്റ് നിര്‍മാണത്തില്‍ നേരിട്ട് അറുപതോളം പേര്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ ഡിസൈന്‍ ജോലികളടക്കം നൂറിലേരെ പേരാണ് കാര്‍പ്പറ്റ് നിര്‍മാണത്തില്‍ പങ്കുചേര്‍ന്നത്.
എക്‌സ്ട്രാവീവ്‌സില്‍ എഴുന്നൂറിലേറെ തൊഴിലാളികള്‍ ഇന്ന് ജോലി ചെയ്യുന്നുണ്ട്. എല്ലാവരും ചേര്‍ത്തലയിലും പരിസര പ്രദേശങ്ങളിലുമുള്ളവരാണ്. പലരും മുപ്പതും നാല്‍പ്പതും വര്‍ഷമായി എക്‌സ്ട്രാവീവ്‌സിനൊപ്പമുള്ളവരാണ്. ജോലിക്കാരില്‍ പകുതിയോളം പേര്‍ സ്ത്രീകളാണ്. സ്ത്രീകളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും വേണ്ടി പലതരം പ്രവര്‍ത്തനങ്ങളും എക്‌സ്ട്രാവീവ്‌സ് ഏര്‍പ്പെടുന്നുണ്ട്.

കേരളത്തില്‍ ഡിമാന്‍ഡ് കുറവ്, മറുനാടിന് പ്രിയം
എക്‌സ്ട്രാവീവ്‌സിന്റെ ഉത്പന്നങ്ങള്‍ക്ക് കേരളത്തില്‍ പ്രിയം കുറവാണെന്ന് പറയുകയാണ് ശിവന്‍ സന്തോഷ്. ഓര്‍ഡറുകള്‍ ഭൂരിഭാഗവും കേരളത്തിന് പുറത്തേക്കോ വിദേശത്തേക്കോ ആണ് പോകുന്നത്. നമ്മുടെ നാട്ടുകാര്‍ക്ക് കാര്‍പ്പറ്റുകളുടെ സാധ്യത മനസ്സിലായിട്ടില്ലെന്നാണ് തോന്നുന്നത്. വന്‍കിട ഹോട്ടലുകളും റിസോര്‍ട്ടുകളുമെല്ലാം ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കാര്‍പ്പറ്റ് നിര്‍മാണത്തില്‍ പലതരം വൈവിധ്യങ്ങള്‍ കൊണ്ടുവരാന്‍ നെയ്ത്ത് ശ്രമിക്കാറുണ്ട്. ആറന്മുള കണ്ണാടി, നെഹ്രു ട്രോഫി, കൊച്ചി ആര്‍ട്ട് തുടങ്ങിയവയില്‍ നിന്നെല്ലാം ആശയമുള്‍ക്കൊണ്ട് 'നെയ്ത്ത്' കാര്‍പ്പറ്റുകള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. കേരളത്തിന്റെ സംസ്‌കാരവും പാരമ്പര്യവുമെല്ലാം മറ്റുള്ളവരേയും അറിയിക്കാനുള്ള ശ്രമം കൂടിയാണ് ഈ ഡിസൈന്‍.
നിര്‍മാണത്തിന് വേണ്ട അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കുന്നതിനും കേരളത്തിലും ഇന്ത്യയിലും പ്രയാസമുണ്ട്. മെറ്റ് ഗാലയ്ക്ക് വേണ്ടി ഉപയോഗിച്ച സൈസില്‍ എന്ന മെറ്റീരിയില്‍ ഇന്ത്യയില്‍ അത്രയ്ക്ക് ലഭ്യമല്ല. ഇത്രയും ഗുണമേന്മയുള്ള ഫൈബര്‍ ഇവിടെ ലഭിക്കാത്തതുകൊണ്ടാണ് മഡഗാസ്‌കറില്‍നിന്ന് ഇറക്കുമതി ചെയ്തത്. ഇവിടെ കൃഷി ചെയ്യാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. അതേസമയം, ബനാന ഫൈബര്‍, ലിനന്‍, സീ ഗ്രാസ് തുടങ്ങിയവയെല്ലാം ഇന്ത്യയില്‍ ലഭ്യമാണ്.
മെറ്റ് ഗാലയിലെ ആ വെള്ളപ്പരവതാനി കാഴ്ചക്കാരുടെ മനംകവര്‍ന്നുവെന്നതില്‍ സംശയമില്ല. രണ്ടാം തവണയും മെറ്റ് ഗാലയിലൂടെ കേരളത്തിന്റെ ടെക്‌സ്‌റ്റൈല്‍ പെരുമ ലോകമാകെ രേഖപ്പെടുത്തുമ്പോള്‍ അഭിമാനിക്കാൻ നമുക്ക് കാരണമുണ്ട്.
Content Highlights: The 2023 Met Gala carpet was made by Neytt by Extraweave in Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..