തായ്‌ലന്‍ഡ് രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാവാരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ, തക്​സിൻ ഷിനവത്ര (Thaksin Shinawatra). നീണ്ട 15 വര്‍ഷത്തെ പ്രവാസത്തിന് ശേഷമാണ് അദ്ദേഹത്തിന് സ്വന്തം രാജ്യത്ത് കാലുകുത്താന്‍ സാധിച്ചത്. ബാങ്കോക്കിലെ ഡോണ്‍ മുവാങ് (Don Mueang) വിമാനത്താവളത്തില്‍ സ്വകാര്യ ജെറ്റില്‍ പറന്നിറങ്ങിയ ഷിനവത്രയെ സ്വീകരിക്കാന്‍ ആയിരങ്ങളാണ് ഒത്തുകൂടിയത്. എന്നാല്‍, വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹത്തെ നേരെ കൊണ്ടുപോയത് സുപ്രീംകോടതിയിലേക്കാണ്. കോടതി എട്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചതോടെ അദ്ദേഹം ജയിലിലുമായി. കേസുകള്‍ രാഷ്ട്രീയപ്രേരിമാണെന്ന് അനുയായികള്‍ ആരോപിക്കുമ്പോഴും നീണ്ട പതിനഞ്ച് വര്‍ഷക്കാലം രാജ്യത്തില്ലായിരുന്നിട്ടും തക്​സിൻ ഇപ്പോഴും തായ് രാഷ്ട്രീയത്തില്‍ ഒരു പ്രധാന വ്യക്തിയാണ്. അത്രത്തോളമുണ്ട് തായ് രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനം. ശതകോടീശ്വരനായ തക്​സിൻ തായ്​ലന്‍ഡിന്റെ ചരിത്രത്തില്‍ ഒരു തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ മുഴുവന്‍ കാലാവധിയും നയിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ്. 

To advertise here,

ജനപ്രിയതയായിരുന്നു തക്​സിൻ ഷിനവത്രയുടെ കൈമുതല്‍. പ്രത്യേകിച്ച് ഗ്രാമീണ ദരിദ്രര്‍ക്കിടയില്‍. അതിനാല്‍ തന്നെ ബാങ്കോക്കിലെ സമ്പന്നരായ വരേണ്യവര്‍ഗത്തിന് അനഭിമിതനുമായിരുന്നു. അഞ്ച് വര്‍ഷത്തിലധികം അധികാരത്തിലിരുന്ന അദ്ദേഹത്തെ അഴിമതിയും അധികാര ദുര്‍വിനിയോഗവും ആരോപിച്ചാണ് 2006 സെപ്റ്റംബറില്‍ സൈനിക അട്ടിമറിയിലൂടെ പുറത്താക്കുന്നത്. അന്നുമുതല്‍ പ്രവാസത്തിലാണ് തക്​സിൻ ഷിനവത്ര. ഇതിനിടെ ഒരുപ്രാവശ്യം രാജ്യത്ത് എത്തിയെങ്കിലും മടങ്ങേണ്ടിവന്നു. ഇടയ്ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഒരു നിയന്ത്രണ ഓഹരിയും സ്വന്തമാക്കി. എന്നാല്‍ തായ് അധികാരികള്‍ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചതിനെത്തുടര്‍ന്ന് 2008-ല്‍ അത് വില്‍ക്കാന്‍ നിര്‍ബന്ധിതനായി. 

2006-ലെ പട്ടാള അട്ടിമറിയില്‍ പുറത്തായതിന് ശേഷം 17 വര്‍ഷത്തിനിടെ 10 പ്രധാനമന്ത്രിമാരെയാണ് തായ്‌ലന്‍ഡ് കണ്ടത്. എന്നിട്ടും രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തില്‍ തക്​സിൻ ഷിനവത്ര മാറ്റമില്ലാതെ നിലകൊള്ളുന്നു എന്നാണ് അദ്ദേഹത്തിന് ലഭിച്ച വരവേല്‍പ്പ് ചൂണ്ടിക്കാണിക്കുന്നത്. എന്തായിരിക്കും ഇനി തസികിന്റേയും തായ് രാഷ്ട്രീയത്തിന്റേയും വിധി. ഇളയ മകള്‍ പെറ്റോങ്ടാര്‍ണ്‍ ഷിനവത്ര (Paetongtarn Shinawatra ) നയിക്കുന്ന ഫ്യൂ തായ് പാര്‍ട്ടി (Pheu Thai Party) പുതിയ ഭരണസഖ്യത്തില്‍ നിര്‍ണായകസ്ഥാനം വഹിക്കുമ്പോള്‍ ജയില്‍വാസം അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വീണ്ടും തായ് രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി തക്സിന്‍ ഷിനവത്ര ഉയര്‍ന്നുവന്നേക്കുമെന്ന് പ്രവചിക്കുന്നവരുണ്ട്. അത് തന്നെയാണ് അദ്ദേഹത്തിന്റെ എതിരാളികളേയും അസ്ഥസ്ഥപ്പെടുത്തുന്നത്. തായ് രാഷ്ട്രയത്തിന്റെ ദിശനിര്‍ണയിക്കാന്‍ വീണ്ടും തക്സിന്‍ ഷിനവത്രയ്ക്ക് സാധിക്കുമോ എന്നത് തന്നെയാണ് വലിയ ചോദ്യം. 

placeholder
തക്​സിൻ ഷിനവത്രയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ അനുയായികള്‍ | Photo: Wason Wanichakorn/ AP 

പോലീസ് ഓഫീസറില്‍ നിന്ന് പ്രധാനമന്ത്രിയിലേക്ക് 

സംഭവബഹുലമായിരുന്നു തക്​സിൻ ഷിനവത്രയുടെ ജീവിതം. തായ്‌ലന്‍ഡിലെ വടക്കന്‍ നഗരമായ ചെയാങ് മായില്‍ 1949-ല്‍ ജനിച്ച തക്​സിൻ ഒരു പോലീസ് ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1973-ല്‍, അമേരിക്കയില്‍ ക്രിമിനല്‍ ജസ്റ്റിസില്‍ ഉപരിപഠനം നടത്താന്‍ അദ്ദേഹത്തിന് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. മടങ്ങിയെത്തിയ തക്സിന്‍ ബിസിനസ്സിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. 1980-കളുടെ അവസാനത്തില്‍ വിജയകരമായ ഒരു ടെലികമ്മ്യൂണിക്കേഷന്‍ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 1994-ലാണ് തക്​സിന്റെ രാഷ്ട്രീയ പ്രവേശനം. ആ വര്‍ഷം ഡിസംബറിര്‍ രാജ്യത്തിന്റെ വിദേശകാര്യമന്ത്രിയായി അദ്ദേഹം നിയമിതനായി. 1998-ല്‍ അദ്ദേഹം തായ് റാക് തായ് പാര്‍ട്ടി (Thai Rak Thai  party) സ്ഥാപിച്ചു. അതിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ച രാജ്യത്തിന്റെ രാഷ്ട്രീയത്തെ തന്നെ മാറ്റിമറിച്ചു. 2001-ല്‍ തക്സിന്‍ അധികാരത്തിലെത്തി. 1990-കളുടെ അന്ത്യത്തില്‍ കിഴക്കന്‍ ഏഷ്യയേയും തെക്കുകിഴക്കന്‍ ഏഷ്യയേയും ഉലച്ചുകളഞ്ഞ സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം തായ്‌ലന്‍ഡിലായിരുന്നു. അക്കാലത്തെ സര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങളായിരുന്നു പ്രതിസന്ധിക്ക് വഴിവെച്ചത്. പിന്നാലെ ജനക്ഷേമത്തിലൂന്നിയ നയപരിപാടികള്‍ വാഗ്ദാനം ചെയ്താണ് 2001-ലെ തിരഞ്ഞെടുപ്പില്‍ തക്സിന്‍ ഷിനവത്രയെന്ന രാഷ്ട്രീയ നേതാവിനെ ജനങ്ങള്‍ അധികാരത്തിലെത്തിച്ചത്.

ജനങ്ങളുടെ പ്രതീക്ഷ തക്​സിൻ തെറ്റിച്ചല്ല. തായ്‌ലന്‍ഡിലെ ദ്രരിദ്രവിഭാഗങ്ങളെ മുന്നില്‍കണ്ട് ഒട്ടേറെ ജനപ്രിയപദ്ധതികള്‍ അദ്ദേഹം നടപ്പിലാക്കി. അതോടെ സമൂഹത്തിലെ താഴേത്തട്ടിലുള്ള ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ജനപ്രീതി കുതിച്ചുയര്‍ന്നു. ഈ വിഭാഗത്തിലുള്ളവര്‍ അദ്ദേഹത്തിന്റെ ആരാധകരും അനുയായികളുമായി മാറി. പക്ഷേ അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണമായിരുന്നു അദ്ദേഹത്തിന്റേത്. ഇതിനൊപ്പം മനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരിലും തക്​സിൻ സര്‍ക്കാര്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടു. പക്ഷേ 2005-ലെ തിരഞ്ഞെടുപ്പിലും തക്​സിൻ തന്നെ അധികാരത്തിലെത്തി. ആ തിരഞ്ഞെടുപ്പില്‍ തക്​സിനും അദ്ദേഹത്തിന്റെ തായ് റാക് തായ് പാര്‍ട്ടി യും വന്‍ഭൂരിപക്ഷത്തിലാണ് വിജയിച്ചുകയറിയത്.

രാജകുടുംബത്തെ ചുറ്റിപ്പറ്റിനിന്നിരുന്ന വരേണ്യവിഭാഗത്തിനും ഭരണരാഷ്ട്രീയ രംഗത്തെ ഉന്നതര്‍ക്കും സൈന്യത്തിനും തക്​സിന്റെ രീതികള്‍ പിടിച്ചിരുന്നില്ല. പൊതുജനങ്ങള്‍ക്കിടിലെ അദ്ദേഹത്തിന്റെ ജനപ്രീതി തന്നെയാണ് അവരെ അസ്വസ്ഥരാക്കിയത്. സമൂഹത്തിലെ ഉന്നതവിഭാഗം അദ്ദേഹത്തിനെതിരേ പരസ്യമായി അണിനിരന്നു. ഈ നീക്കത്തിന് തായ് രാജകുടുംബത്തിന്റെ പരോക്ഷപിന്തുണയും ലഭിച്ചിരുന്നു എന്നാണ് കരുതുന്നത്. പ്രക്ഷോഭത്തിന്റെ മറവില്‍ രക്തരഹിത വിപ്ലവത്തിലൂടെ സൈന്യം തക്​സിനെ അധികാരത്തില്‍ നിന്ന് പുറത്താക്കി. രണ്ടാം വട്ടവും അധികാരത്തിലെത്തി ഒരുവര്‍ഷത്തിന് ശേഷമായിരുന്നു അത്. മഞ്ഞക്കുപ്പായക്കാര്‍ എന്നാണ് തക്​സിൻ വിരുദ്ധ പ്രതിഷേധക്കാര്‍ അറിയപ്പെട്ടത് പോലും. തായ് രാജകുടുംബത്തിന്റെ ഔദ്യോഗിക നിറമായിരുന്നു മഞ്ഞ. 

placeholder
തക്‌സിന്‍ ഷിനവത്ര 2001-ല്‍ ഇന്ത്യ സന്ദര്‍ശനവേളയില്‍ | Photo: AFP

തക്​സിന്റെ നീണ്ട പ്രവാസം

2006 സെപ്റ്റംബര്‍ 19-ന് യു.എന്‍. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തക്​സിൻ ന്യൂയോര്‍ക്ക് സിറ്റി സന്ദര്‍ശിക്കുന്നതിനിടെ, സൈന്യം ബാങ്കോക്കിന്റെ നിയന്ത്രണം ഏറ്റെടുത്തു. അധികാരത്തിലെത്തിയ പുതിയ സൈനിക സര്‍ക്കാര്‍ തക്​സിനെതിരേ അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോടതി അദ്ദേഹത്തിന് തടവ് ശിക്ഷയും വിധിച്ചു. അതോടെ അദ്ദേഹത്തിന് രാജ്യത്തേക്ക് തിരിച്ചുവരാന്‍ പറ്റാത്ത അവസ്ഥയായി. അദ്ദേഹത്തിന്റെ തായ് റാക് തായ് പാര്‍ട്ടി സൈനിക സര്‍ക്കാര്‍ പിരിച്ചുവിട്ടു. തക്​സിനാകട്ടെ ന്യൂയോര്‍ക്കില്‍ നിന്ന് ബ്രിട്ടനിലേക്ക് മാറി. പ്രവാസത്തിലായിരിക്കെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ നയതന്ത്ര പാസ്പോര്‍ട്ട് 2006 ഡിസംബര്‍ 31-ന് സൈനിക ഭരണകൂടം റദ്ദ് ചെയ്തു. യാത്രകളില്‍ തക്സിനെ സഹായിക്കരുതെന്ന് തായ് എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനിടെ ഭരണകൂടം നിയോഗിച്ച അസറ്റ് എക്സാമിനേഷന്‍ കമ്മിറ്റി (എ.ഇ.സി.) തക്സിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തുകയും ചെയ്തു. 

2007 അവസാനത്തോടെ സൈന്യം രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തി. തക്​സിൻ അനുകൂലികള്‍ രൂപീകരിച്ച പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയാണ് ആ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇവര്‍ സര്‍ക്കാര്‍ രൂപീകരിച്ചു. പക്ഷേ തക്​സിന്റെ പരോക്ഷ ഭരണമാണ് രാജ്യത്ത് നടക്കുന്നതെന്ന് ആരോപിച്ച് മഞ്ഞകുപ്പായക്കാര്‍ വീണ്ടും പ്രക്ഷോഭവുമായി ഇറങ്ങി. പ്രക്ഷോഭത്തിന്റേയും കോടതി വിധികളുടേയും മറവില്‍ ഈ സര്‍ക്കാരിനേയും സൈന്യം പിരിച്ചുവിട്ടു. പരമ്പരാഗത രാഷ്ട്രീയകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അവരോധിക്കുകയാണ് സൈന്യം പിന്നീട് ചെയ്തത്. 17 മാസത്തെ പ്രവാസജീവിതത്തിന് ശേഷം 2008 ഫെബ്രുവരിയില്‍ തക്​സിൻ തായ്‌ലന്‍ഡില്‍ തിരിച്ചെത്തി. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനില്ലെന്നാണ് ആ ഘട്ടത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്. അഴിമതിക്കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാത്തതിനാല്‍ പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഓഗസ്റ്റില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് അദ്ദേഹം ചൈനയിലേക്ക് പോയി. തുടര്‍ന്ന് അദ്ദേഹം ബ്രിട്ടനോട് രാഷ്ട്രീയ അഭയം ചോദിച്ചു. സെപ്റ്റംബറില്‍ സുപ്രീംകോടതി അദ്ദേഹത്തിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സിങ്കപ്പൂരിലേക്ക് കടന്ന അദ്ദേഹം പിന്നീട് ദുബായിലാണ് ജീവിതം നയിച്ചിരുന്നത്. 

placeholder
സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി പ്രയുത് ചാന്‍ ഓച്ച | Photo : Jack TAYLOR / AFP

2009-ലും 2010-ലും തക്​സിൻ അനുകൂല യുണൈറ്റഡ് ഫ്രണ്ട് ഫോര്‍ ഡെമോക്രസി എഗെയ്ന്‍സ്റ്റ് ഡിക്‌റ്റേറ്റര്‍ഷിപ്പ് (യു.ഡി.ഡി) രാജ്യത്ത് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. 70-ലധികം പേരുടെ മരണത്തിന് കാരണമായ സൈനിക അടിച്ചമര്‍ത്തലിലാണ് അത് അവസാനിച്ചത്. പീപ്പിള്‍സ് പവര്‍ പാര്‍ട്ടിക്ക് (പി.പി.പി.) പകരമായി രൂപീകരിച്ച ഫ്യൂ തായ് പാര്‍ട്ടി 2011-ലെ പൊതുതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി. തക്​സിന്റെ ഇളയ സഹോദരി യിങ്‌ലക് ഷിനവത്ര (Yingluck Shinawatra) പ്രധാനമന്ത്രിയായി. പിന്നാലെ തക്​സിന് ഗുണം ചെയ്യുന്ന ഒരു പൊതുമാപ്പ് ബിൽ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതോടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് റിഫോം മറ്റൊരു പ്രതിഷേധം സംഘടിപ്പിച്ചു. യിങ്‌ലക് പാര്‍ലമെന്റ് പിരിച്ചുവിടുകയും ഒരു പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ ഭരണഘടനാ കോടതി അത് അസാധുവാക്കി. ഇത് 2014-ല്‍ മറ്റൊരു അട്ടിമറിയിലാണ് കലാശിച്ചത്. അന്നത്തെ സൈനിക മേധാവിയും ഇപ്പോള്‍ സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയുമായ പ്രയുത് ചാന്‍ ഓച്ച (Prayut Chan-o-cha) അധികാരം പിടിച്ചത്. ഇതോടെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ പീസ് ആന്‍ഡ് ഓര്‍ഡര്‍ (എന്‍.സി.പി.ഒ.) എന്നറിയപ്പെടുന്ന സൈനിക ഭരണകൂടം അധികാരത്തിലെത്തി. പ്രധാനമന്ത്രിപദത്തില്‍ ഒരാള്‍ എട്ടുവര്‍ഷത്തിലധികം തുടരാന്‍ പാടില്ലെന്ന നിബന്ധനയടക്കം പുതിയ ഭരണഘടന 2017-ല്‍ നിലവില്‍ വന്നു. പ്രയുത് ചാന്‍ ഓചയും മന്ത്രിസഭയും അധികാരമൊഴിയണമെന്നാവശ്യപ്പെട്ട് 2020-ല്‍ പലഭാഗത്തും പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു.

ഫ്യൂ തായ് പാര്‍ട്ടി അധികാരത്തിലേക്ക്

ഈ വര്‍ഷം ആദ്യമാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ തായ്‌ലാന്‍ഡിലെ പാര്‍ലമെന്റ് പിരിച്ചുവിട്ടത്. അംഗങ്ങളുടെ കാലാവധിതീരാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെയാണ് സഭ പിരിച്ചുവിടാനുള്ള തീരുമാനം പ്രധാനമന്ത്രി പ്രയുത് ചാന്‍ ഓച്ച പ്രഖ്യാപിച്ചത്. 400 സീറ്റുകളിലേക്കാണ് നേരിട്ട് തിരഞ്ഞെടുപ്പ് നടന്നത്. 100 സീറ്റുകളിലേക്ക് ഓരോപാര്‍ട്ടിക്കും ആനുപാതികപ്രാതിനിധ്യപ്രകാരം അംഗങ്ങളെ അയക്കാം. 500 അംഗ ജനപ്രതിനിധിസഭയും 250 അംഗ സെനറ്റും ജൂലായില്‍ സംയുക്തസമ്മേളനം ചേര്‍ന്നാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുക. അതിനാല്‍ തന്നെ വോട്ടെടുപ്പില്‍ ജയിച്ച പാര്‍ട്ടിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന് ഉറപ്പില്ല. സെനറ്റ് അംഗങ്ങളെ നിയമിക്കുന്നത് പട്ടാളമാണ്. വോട്ടെടുപ്പില്‍ ജനപ്രതിനിധിസഭയിലെ 376 അംഗങ്ങളുടെ പിന്തുണയുള്ള വ്യക്തിയാണ് പ്രധാനമന്ത്രിയാവുക. ഈ സമ്പ്രദായം ജനാധിപത്യവിരുദ്ധമാണെന്ന് പൊതുവേ അഭിപ്രായമുണ്ട്. പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടിയായ മൂവ് ഫോര്‍വേഡ് പാര്‍ട്ടിയാണ് വിജയിച്ചത്. ജനപ്രതിനിധിസഭയില്‍ 152 സീറ്റ് മൂവ് ഫോര്‍വേഡ് നേടി. ഫ്യൂ തായി പാര്‍ട്ടിയാണ് 141 സീറ്റോടെ രണ്ടാംസ്ഥാനത്ത്. പ്രയുത് ചനോചയുടെ യുണൈറ്റഡ് തായ് പാര്‍ട്ടി 36 സീറ്റിലേ ജയിച്ചുള്ളൂ.

placeholder
സ്രെത്ത തവിസിന്‍ | Photo : Manan VATSYAYANA / AFP

തിരഞ്ഞെടുപ്പ് ഫലം വന്നെങ്കിലും തായ്‌ലന്‍ഡിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവുണ്ടായിരുന്നില്ല. ഒരു ദശാബ്ദത്തോളം നീണ്ട സൈനിക പിന്തുണയുള്ള ഭരണത്തോടുള്ള യുവാക്കളുടെ അതൃപ്തിയാണ് തിരഞ്ഞെടുപ്പില്‍ മൂവ് ഫോര്‍വേഡ് പാര്‍ട്ടിയെ മുന്നിലെത്തിച്ചത്. കോവിഡ് മഹാമാരിയെ നേരിട്ടതിലുണ്ടായ പിഴവും രാജ്യത്തിന്റെ സാമ്പത്തികമേഖലയിലുണ്ടായ പ്രശ്‌നങ്ങളും പ്രയുത് ചാന്‍ ഓചയുടെ സ്വീകാര്യത കുറച്ചിരുന്നു. പക്ഷേ, മൂവ് ഫോര്‍വേഡ് പാര്‍ട്ടി (എം.എഫ്.പി ) വോട്ടെടുപ്പില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടിയെങ്കിലം നേതാവ് പിറ്റ ലിംജാരോന്റാത്തിന് പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ മതിയായ പിന്തുണ നേടാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ മാസം നടന്ന പ്രധാനമന്ത്രി വോട്ടെടുപ്പില്‍ പിറ്റ ലിംജാരോന്റാത്ത് (Pita Limjaroenrat) പരാജയപ്പെട്ടു. രാജ്യത്ത് രാജവാഴ്ചയെ വിമര്‍ശിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം ഭേദഗതി ചെയ്യുമെന്ന മൂവ് ഫോര്‍വേഡ് പാര്‍ട്ടിയുടെ വാഗ്ദാനമാണ് സെനറ്റില്‍ നിന്നുള്ള പിന്തുണ കുറയാന്‍ കാരണമെന്നാണ് വിലയിരുത്തുന്നത്. 

ഒടുവില്‍ മൂന്ന് മാസത്തെ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിച്ചാണ് സ്രെത്ത തവിസിന്‍ (Srettha Thavisin) തായ്​ലൻഡിന്റെ പുതിയ പ്രധാനമന്ത്രിയായത്. തിരഞ്ഞെടുപ്പു കഴിഞ്ഞ് 100 ദിവസം പിന്നിട്ട അനിശ്ചിതത്വത്തിനും നിയമപോരാട്ടത്തിനും കുതിരക്കച്ചവടത്തിനും ഒടുവിലാണ് രാഷ്ട്രീയനാടകങ്ങള്‍ക്ക് തിരശ്ശീലവീണത്. ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളും ചേര്‍ന്ന് നടത്തിയ രണ്ടാംവട്ട വോട്ടെടുപ്പിലാണ് ഫ്യൂ തായ് പാര്‍ട്ടിയുടെ സ്രെത്ത തവിസിന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ പാര്‍ലമെന്റംഗമല്ലാത്തതിനാല്‍ സ്രെത്ത തവിസിയ്ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനായില്ല. ഫ്യു തായ് പാര്‍ട്ടി സഖ്യമുണ്ടാക്കിയാണ് ഭരണം പിടിച്ചത്. 2014-ല്‍ തങ്ങളെ അട്ടിമറിച്ച സൈനികപാര്‍ട്ടികളുമായാണു സഖ്യമുണ്ടാക്കിയത്. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയുമായ പ്രയുത് ചാന്‍ ഓച്ച ഉള്‍പ്പെടെ രണ്ട്  സൈന്യാനുകൂല പാര്‍ട്ടികള്‍ ഉള്‍പ്പെടെ 11 പാര്‍ട്ടികളുടെ സഖ്യസര്‍ക്കാരുണ്ടാക്കാനാണ് സ്രെത്തയുടെ നീക്കം. 

placeholder
തക്‌സിന്‍ ഷിനവത്രയും മകള്‍ പെറ്റോങ്ടാര്‍ണ്‍ഷിനവത്രയും | Photo : Manan VATSYAYANA / AFP

തക്​സിൻ മടങ്ങിയെത്തി, ഇനി എന്ത്? 

സ്വന്തം പാര്‍ട്ടിയായ ഫ്യൂ തായ് വീണ്ടും അധികാരത്തിലേറുമെന്ന് ഉറപ്പായതോടെയാണ് തായ്‌ലാന്‍ഡിലേക്ക് മടങ്ങാന്‍ തീരുമാനമായത്. അഴിമതിക്കേസുകളില്‍ നേരത്തെ എട്ടുവര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ഷിനവത്ര വിമാനത്താവളത്തില്‍നിന്ന് നേരെ പോയത് സുപ്രീംകോടതിയിലേക്കാണ്. നടപടിക്രമങ്ങള്‍ക്കുശേഷം ശിക്ഷ ശരിവെച്ച കോടതി, അദ്ദേഹത്തെ അറസ്റ്റുചെയ്ത് ബാങ്കോക്ക് മെയിന്‍ ജയിലിലേക്ക് അയച്ചു. തുടര്‍ന്ന് ആരോഗ്യപരിശോധനകള്‍ക്കുശേഷം അദ്ദേഹം ജയിലില്‍ പത്തുദിവസത്തെ ക്വാറന്റീനില്‍ പ്രവേശിച്ചു. പ്രായവും ശ്വാസകോശസംബന്ധമായ അസുഖവും കണക്കിലെടുത്ത് ഷിനാവത്രയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തടവ് മുഴുവനായും അനുഭവിക്കേണ്ടിവരില്ലെന്നാണ് സൂചന. തായ് ജനതയ്‌ക്കൊപ്പം നില്‍ക്കേണ്ട സമയമാണിതെന്നും തന്റെ മടങ്ങിവരവ് ഫ്യൂതായ് പാര്‍ട്ടി അധികാരത്തിലെത്തുന്നതിന് തടസ്സമാകില്ലെന്നും സിങ്കപ്പൂരില്‍നിന്ന് യാത്രപുറപ്പെടുംമുമ്പ് ഷിനവത്ര പറഞ്ഞിരുന്നു. എന്നാല്‍, പട്ടാളവുമായുണ്ടാക്കിയ ധാരണപ്രകാരമാണ് മടങ്ങിവരവെന്നാണ് വിലയിരുത്തല്‍. ബാങ്കോക്ക് വിമാനത്താവളത്തിലെത്തിയ ഷിനവത്രയെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് അണികളാണ് ഒത്തുകൂടിയത്.

തക്‌സിന്‍ ഷിനവത്ര രാജ്യത്തു തിരിച്ചെത്തി സുപ്രീം കോടതിയില്‍ കീഴടങ്ങിയതിനു തൊട്ടുപിന്നാലെയാണ് പാര്‍ലമെന്റ് സ്രെത്ത തവിസിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നത്. ജനപ്രിയ നേതാവായ ശതകോടീശ്വരന്‍ തക്‌സിന്റെ മടങ്ങിവരവ് നാടകീയമായിരുന്നു. ചുവപ്പു വസ്ത്രമണിഞ്ഞ് നൂറുകണക്കിനാളുകള്‍ വിമാനത്താവളത്തിനു വെളിയില്‍ തടിച്ചുകൂടിയിരുന്നു. പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ പലര്‍ക്കും സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ വരവില്‍ വലിയ സന്തോഷമാണ് എല്ലാവരും പ്രകടിപ്പിച്ചത്. തായ്‌ലന്‍ഡിലെ സാധാരണക്കാരുടെ ഈ പിന്തുണ തന്നയാണ് എല്ലാക്കാലത്തും തക്‌സിന്‍ ഷിനവത്രയുടെ കരുത്ത്. എതിരാളികള്‍ ഭയക്കുന്നതും അതുതന്നെയാണ്. തിരിച്ചുവരവിനു പ്രധാനമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നു തക്‌സിന്‍ പറയുന്നുണ്ടെങ്കിലും രഹസ്യധാരണകളുണ്ടെന്നു റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തമായി ഒന്നും തക്‌സിനും സൈനിക പാര്‍ട്ടികളും പുറത്ത് പറഞ്ഞിട്ടില്ല. ബാങ്കോക്ക് ജയിലിലുള്ള തക്‌സിന്‍ എത്രനാള്‍ അവിടെ കഴിയുമെന്നും വ്യക്തമല്ല. പുതിയ സര്‍ക്കാര്‍ ശിക്ഷ ഇളവു ചെയ്യുമെന്ന അഭ്യൂഹം ശക്തമാണ്. ഒരു ചെറിയ കാലയളവില്‍ കൂടുതല്‍ ജയിലില്‍ കിടക്കില്ലെന്നാണ് അനുയായികള്‍ വിശ്വസിക്കുന്നത്. എന്തായാലും തക്‌സിന്റെ മടങ്ങിവരവ് വെറുതേയാകില്ല എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ അനുയായികളും എതിരാളികളും ഒരുപോലെ വിശ്വസിക്കുന്നത്.