ണ്ട് ജോലിക്കാരില്‍ തുടങ്ങി 12 ലക്ഷം പേര്‍ക്ക് ജോലി നല്‍കിയ ഒരാള്‍, 2000 രൂപ നിക്ഷേപത്തില്‍ സംരംഭം തുടങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി മാറിയ വ്യക്തി. 20 ഉം 30 ഉം രൂപ ആളുകളില്‍ നിന്ന് ശേഖരിച്ച്  വമ്പന്‍ ബിസിനസ് ലോകം കെട്ടിപ്പടുത്ത ആൾ, 11 വര്‍ഷക്കാലം സച്ചിനും സെവാഗും ദ്രാവിഡും അടങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയില്‍ മുദ്രണം ചെയ്യപ്പെട്ടിരുന്നത് അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ പേര്‍. 90 കളില്‍ ജനിച്ചയാളാണ് നിങ്ങളെങ്കില്‍ സഹാറ ഇന്ത്യ പരിവാര്‍ എന്ന പേരും സുബ്രത റോയിയെന്ന മനുഷ്യനേക്കുറിച്ചും കേള്‍ക്കാതിരിക്കില്ല. കാരണം സഹാറ ഒരു വെറും പേരല്ല, പതിറ്റാണ്ടുകളോളം ഇന്ത്യന്‍ ഗ്രാമീണരുടെ ഹൃദയത്തില്‍ ആഴത്തില്‍ വേരിറക്കി, പിന്നീടിടൊരു മുറിവായി മാറിയ പേരാണത്. 

To advertise here,

സാമ്പത്തികമായി വളരെ പിന്നാക്കം നിന്നിരുന്ന ഉത്തര്‍പ്രദേശിലെ ഖോരഗ്പുരില്‍  ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മകനായിട്ട് 1948-ലായിരുന്നു സുബ്രത റോയിയുടെ ജനനം. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങായിരുന്നു അയാള്‍ പഠിച്ചത്. പഠനശേഷം പലഹാരവില്‍പ്പനയടക്കം സംരംഭങ്ങള്‍ പലതും പരീക്ഷിച്ച് പരാജയപ്പെട്ടു. അതിനുശേഷം 1976-ല്‍ സഹാറ ഫിനാന്‍സ് എന്ന ചിട്ട്ഫണ്ട് സ്ഥാപനത്തില്‍ റോയി ജോലിക്കുകയറി. സാമ്പത്തികമായി വളരെയധികം പ്രതിസന്ധിയില്‍ നില്‍ക്കുകയായിരുന്നു സഹാറ ഫിനാന്‍സ് റോയി ഏറ്റെടുത്തു. 2000 രൂപ നിക്ഷേപത്തില്‍ ഒരു പ്യൂണിനേയും ഒരു ക്ലെര്‍ക്കിനേയും നിയമിച്ച് സഹാറ ഫിനാന്‍സ് എന്ന സ്ഥാപനം 'സഹാറ ഇന്ത്യ' എന്ന പേരിട്ട് തുടങ്ങി. ചിട്ടിയായിരുന്നു റോയി നല്‍കിയിരുന്ന സര്‍വീസ്. 1980-കളില്‍ ബാങ്കിംഗ് മേഖല കടന്നുചെല്ലാത്ത ഇന്ത്യന്‍ ഗ്രാമങ്ങളിലെ നിക്ഷേപ സാധ്യത അയാളിലെ ബിസിനസുകാരന്‍ തിരിച്ചറിഞ്ഞു. അയാള്‍ക്ക് ഇന്ത്യയിലെ ഗ്രാമങ്ങള്‍ അറിയാമായിരുന്നു അവര്‍ക്ക് എന്ത് വേണമെന്നും അറിയാമായിരുന്നു. ആ തിരിച്ചറിവായിരുന്നു റോയിയുടെ മൂലധനം. വളരെ സാധാരണക്കാരില്‍ നിന്ന് 20-ഉം 30 ഉം രൂപയടങ്ങുന്ന കൊച്ചുകൊച്ചു നിക്ഷേപങ്ങളായിരുന്നു അയാള്‍ സ്വീകരിച്ചിരുന്നത്. തുടക്കത്തില്‍ റോയിയുടെ വ്യക്തിപ്രഭാവത്തില്‍ ആളുകള്‍ അവരുടെ കൈവശമുള്ള ചെറിയ തുകകള്‍ സഹാറയില്‍ നിക്ഷേപിച്ചു തുടങ്ങി.

തന്റെ സ്ഥാപനത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷത്തിന് ശേഷം മൂന്നിരട്ടി തുക വരെ തിരിച്ചു നല്‍കുമെന്നായിരുന്നു റോയിയുടെ വാഗ്ദാനം. റിക്ഷക്കാരും വഴിയോരകച്ചവടക്കാരും തൊഴിലാളികളുമടങ്ങുന്ന സാധാരണയില്‍ സാധാരണക്കാരായ ഗ്രാമീണര്‍ക്ക് അന്നുവരെ പണം നിക്ഷേപിക്കാമെന്നോ നിക്ഷേപിച്ചാല്‍ പണം വര്‍ധിക്കുമെന്നോ ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. റോയി അവരെ പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിപ്പിച്ചു, പണം നിക്ഷേപിക്കാന്‍ പഠിപ്പിച്ചു.സാധാരണക്കാരെ സംബന്ധിച്ച് അതു വലിയ കാര്യമായിരുന്നു. അവര്‍ മക്കളുടെ കല്യാണത്തിനും പഠനത്തിനും ചികിത്സയ്ക്കുമൊക്കെ ഈ പണം ഉപേയാഗപ്പെടുത്തി തുടങ്ങി. ക്രമേണ അവര്‍ക്ക് റോയിയിലും സഹാറയിലുമുള്ള വിശ്വാസം വര്‍ധിച്ചു. വളരെ സാധാരണക്കാരുടെ വിയര്‍പ്പും അധ്വാനവും പേറിയ ആ ചെറുനിക്ഷേപങ്ങള്‍ അയാളുടെ തലവരമാറ്റി തുടങ്ങി. തുടക്കത്തില്‍ റോയി തന്റെ ലംബ്രട്ട സ്‌കൂട്ടറില്‍ പോയി ആളുകളില്‍ നിന്ന് ശേഖരിച്ചിരുന്ന പണം ശേഖരിക്കാന്‍ 80 കളുടെ അവസാനമെത്തിയപ്പോള്‍ ആയിരക്കണക്കിന് ഏജന്റുമാരുണ്ടായി. മൂന്ന് കോടിയോളം വരുന്ന ആളുകള്‍ തങ്ങളുടെ ചെറുതും വലുതുമായ തുകകള്‍ സഹാറയില്‍ നിക്ഷേപിച്ചു. 20 ഉം 30 ഉം രൂപ ദിവസം നിക്ഷേപിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തിന് ശേഷം മൂന്ന് ഇരട്ടിവരെ തിരികെ ലഭിച്ചതോടെ ദിവസം 50 ഉം 100 ഉം നിക്ഷേപിക്കാന്‍ തുടങ്ങി.

അയാള്‍ തന്റെ കമ്പനിയെ സഹാറ ഇന്ത്യ പരിവാര്‍ എന്നു വിളിച്ചു. പരിവാര്‍ എന്നാല്‍ കുടുംബമെന്നാണ് അര്‍ഥം.നിക്ഷേപകര്‍ക്കും ജോലിക്കാര്‍ക്കുമിടയില്‍ റോയി സഹാറയെ ഒരു കുടുംബമായി വളര്‍ത്തി. നിക്ഷേപകരെക്കൊണ്ട് സഹാറ സ്വന്തം കുടുംബമാണെന്ന് ചിന്തിപ്പിക്കുന്നതില്‍ റോയി വിജയിച്ചു. ഇന്ത്യന്‍ മണ്ണില്‍ കുടുംബമെന്ന വികാരം എത്ര ആഴ്ന്നിറങ്ങിയിട്ടുണ്ടെന്ന് റോയിക്ക് നന്നായി അറിയാമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കുടുംബമായി റോയി തന്റെ സഹാറ പരിവാറിനെ വിശേഷിപ്പിച്ചു. പരസ്യങ്ങള്‍ നല്‍കുമ്പോള്‍ സഹാറ ഒരു കുടുംബമാണെന്നും അതിലെ നിക്ഷേപകര്‍ കുടുംബാംഗങ്ങളാണെന്നുമുള്ള ചിന്ത ഊട്ടിയുറപ്പിക്കാന്‍ അയാള്‍ ശ്രദ്ധിച്ചു. പാവപ്പെട്ടവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും തന്റെ പരസ്യങ്ങളിലും അയാള്‍ ഉയര്‍ത്തിക്കാട്ടി. അത് സാധാരണക്കാര്‍ക്കിടയില്‍ ഉണ്ടാക്കിയ സ്വാധീനം വളരെ വലുതായിരുന്നു.  

തനിക്കൊപ്പം നില്‍ക്കുന്നവരുടെ സമ്പത്ത് മെച്ചപ്പെടുന്നതിലായിരുന്നു അയാളുടെ ശ്രദ്ധ. ഇതിലൂടെ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ജോലി ചെയ്യുന്ന ഒരു പ്രസ്ഥാനമെന്ന ഇമേജ് സഹാറയ്ക്ക് ലഭിച്ചു. ജോലിക്കാര്‍ അയാളെ സഹാറശ്രീ എന്നു വിളിച്ചു. മാനേജിങ്ങ് ഡയറക്ടര്‍ എന്ന സ്ഥാനത്തിന് പകരം അദ്ദേഹം മാനേജിങ്ങ് വര്‍ക്കറെന്ന പദവി സ്വീകരിച്ചു. റോയിയേക്കാണുമ്പോള്‍ ജീവനക്കാര്‍ക്ക് ആദ്യവന്നിരുന്നത് അങ്ങേയറ്റം വിധേയത്വമായിരുന്നു. പലരും അയാളെ ദൈവത്തെപ്പോലെയോ ഗുരുവിനേപ്പോലെയൊ കണ്ടു. ജീവനക്കാര്‍ പരസ്പരം കാണുമ്പോള്‍ നെഞ്ചില്‍ കൈവച്ച് 'സഹാറ പ്രണാം' ചെയ്യാന്‍ അയാള്‍ ശീലിപ്പിച്ചു. സണ്‍ഗ്ലാസും വെള്ള ഷര്‍ട്ടും വെള്ള സോക്സും ധരിച്ച് തൊഴിലിടത്ത് അയാള്‍ വസ്ത്രധാരണത്തില്‍ യൂണിഫോമിറ്റി കൊണ്ടുവന്നു. 1990-ല്‍ റോയി സഹാറയുടെ ആസ്ഥാനം ലഖ്​നൗവിലേയ്ക്ക് മാറ്റി. അവിടെ നിന്നായിരുന്നു സഹാറ ഇന്ത്യയിലേ ഏറ്റവും വലിയ രണ്ടാമത്തെ തൊഴില്‍ ദാതാവായി മാറിയത്. റെയില്‍വേ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനമായിരുന്നു സഹാറ പരിവാര്‍ ഇന്ത്യ. 12 ലക്ഷം പേരായിരുന്നു സഹാറയില്‍ ജോലി ചെയ്തിരുന്നത്.

നിക്ഷേപകരുടെ വിശ്വാസം നേടിയെടുത്തശേഷം സഹാറ നിക്ഷേപകരെ റീ ഇന്‍വെസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചു. കാലാവധിയെത്തിയ ചിട്ടികള്‍ സഹാറയില്‍ തന്നെ ഇന്‍വെസ്റ്റ് ചെയ്യുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. മൂന്നു വര്‍ഷം എത്തുന്നവേരാട് പതിനായിരം രൂപ നിക്ഷേപിച്ചാല്‍ 30000 രൂപയായി തിരികെ നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. സാധാരണക്കാരെ സംബന്ധിച്ച് അത് ആവേശം നല്‍കുന്ന വാഗ്ദാനമായിരുന്നു. ആ തുക കാലാവധിയെത്തുമ്പോള്‍ അടുത്ത സ്‌കീം സഹാറ അവര്‍ക്ക് നിര്‍ദേശിക്കും. 15 വര്‍ഷം നിക്ഷേപിച്ചാല്‍ ആറിരട്ടിയായി പണം തിരികെ കിട്ടുമെന്നായിരുന്നു ആ വാഗ്ദാനം. ഇതോടെ സാധാരണക്കാര്‍ സഹാറയില്‍ നിന്ന് പണം പിന്‍വലിക്കാതെ റീ ഡെപ്പോസിറ്റ് ചെയ്യാന്‍ തയാറായി. ഇവരുടെ പണം ഉപയോഗിച്ച് റോയി സഹാറയുടെ ആസ്തി വര്‍ധിപ്പിച്ചുകൊണ്ടേയിരുന്നു. ജനങ്ങളില്‍ നിന്ന് ശേഖരിച്ച പണം കൊണ്ട് അയാള്‍ എയര്‍ സഹാറ എന്ന വിമാനക്കമ്പനി സ്വന്തമാക്കി. ലക്ഷ്വറി ഹോട്ടലുകള്‍ വാങ്ങിക്കൂട്ടി. ലണ്ടനിലെ ഗ്രോവ്നോര്‍ ഹൗസ് ഹോട്ടലും ന്യൂയോര്‍ക്കിലെ പ്ലാസ ഹോട്ടലും സഹാറ സ്വന്തമാക്കി. പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച് പണമായിരുന്നു ഇതിന്റെ മൂലധനം.

1992-ല്‍ സഹാറ വാര്‍ത്തവിനിമയരംഗത്തേയ്ക്കും കടന്നു. ഹിന്ദിയില്‍ രാഷ്ട്രീയ സഹാറ എന്ന പേരില്‍ ഒരു ന്യൂസ്പേപ്പര്‍ തുടങ്ങി. 2000-ല്‍ സഹാറ ടിവി തുടങ്ങി. 2003-ല്‍ തമിഴിലും ഹിന്ദിയിലും ഉറുദുവിലും ആഴ്ചപ്പതിപ്പുകള്‍ തുടങ്ങി. ഇതിനിടയില്‍ ഒരു സിറ്റി പ്രോജക്ട് റോയിയുടെ മനസിലുണ്ടായിരുന്നു. 90-കളുടെ അവസാനത്തില്‍ തുടങ്ങിയ 2003-ല്‍ പ്ലാനുകള്‍ തയാറാക്കിയ ആ പദ്ധതിക്ക് ആംബി വാലി സിറ്റി പ്രോജക്ട് എന്ന് പേരിട്ടു. പശ്ചിമഘട്ടത്തിലെ സഹ്യാദ്രിമലയില്‍ 10,600 ഏക്കര്‍ സ്ഥലത്തായിരുന്നു ഈ പ്രോജക്ട്. അതിനുള്ളില്‍ 600 മുതല്‍ 800 വരെ അത്യാഢംബര ബംഗ്ലാവുകള്‍ സ്ഥാപിച്ചു. 5 കോടി മുതല്‍ 20 കോടിവരെയായിരുന്നു ഓരോ ബംഗ്ലാവിന്റെയും വില. ഇന്റര്‍നാഷ്ണല്‍ സ്‌കൂളും ആശുപത്രിയും ആഢംബര ഭക്ഷണശാലകളും സംസ്‌കാരിക പരിപാടികള്‍ക്കായി വരണാസി ഘട്ടിന് സമാനമായി കൃത്രിമ ബീച്ചും തടാകവും നിര്‍മിച്ചു. രണ്ട് ചെറിയ ഡാമുകളും ഷോപ്പിങ് കോംപ്ലെക്സുകളും ഹെലിപാഡുകളും എയര്‍ സ്ട്രിപ്പുകളും 256 ഏക്കറില്‍ 18 ഹോള്‍ ഗോള്‍ഫ് കോഴ്സും ആംബി വാലിയിലുണ്ടായിരുന്നു. ഇതുകൂടാതെ റോയി തന്റെ തൊഴിലാളികള്‍ക്കായി 360 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഒരു സിറ്റി നിര്‍മിച്ചു. ആ സിറ്റിയില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിന് സമാനമായ ഒരു കെട്ടിടം നിര്‍മിച്ച് അതില്‍ റോയി താമസിച്ചു.

2000 കാലഘട്ടത്തില്‍ സംരംഭകര്‍ പരസ്യമേഖലയിലെ പുത്തന്‍ സാധ്യതകളില്‍ ഭാഗ്യം പരീക്ഷിച്ചു തുടങ്ങുന്ന സമയമായിരുന്നു. സഹാറ ആ സാധ്യത പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചു. 2002-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോണ്‍സര്‍മാരായി അവര്‍ മാറി. സഹാറ ഇന്ത്യ എന്ന പേര് നെഞ്ചില്‍ ആലേഖനം ചെയ്ത് ഇന്ത്യയുടെ പ്രിയതാരങ്ങള്‍ കളിക്കളത്തിലേയ്ക്ക് ഇറങ്ങി. സച്ചിനും ഗാംഗുലിയും ദ്രാവിഡും യുവരാജും സേവാഗും അനില്‍ കുബ്ലേയും സഹീര്‍ ഖാനും അജിത് അഗാര്‍ക്കറുമൊക്കെ സഹാറയുടെ പേരുവാഹകരായി. അവരിലൂടെ ലോകം മുഴുവനുള്ള കായികപ്രേമികളുടെ ഹൃദയത്തിലേയ്ക്ക് സഹാറയെന്ന പേര് ആഴ്ന്നിറങ്ങി. സഹാറയുടെ സര്‍വീസ് ഒരിക്കല്‍ പോലും സ്വീകരിക്കാത്തവരും ആവശ്യമില്ലാത്തവരും അത് ഒരു സ്വകാര്യ കമ്പനിയുടെ പേരാണെന്ന് തിരിച്ചറിയാതെ സഹാറ ഇന്ത്യയെന്ന് ഉറക്കെ പറയിപ്പിക്കാന്‍ ഇതിലൂടെ റോയിക്കായി. 3.34 കോടിയായിരുന്നു ഒരു മാച്ചിന് സഹാറ നല്‍കി വന്നിരുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം 2013-ല്‍ ബിസിസിഐമായുള്ള എല്ലാ കരാറുകളില്‍ നിന്ന് പിന്മാറും വരെ 11 വര്‍ഷം ഇന്ത്യന്‍ താരങ്ങള്‍ നെഞ്ചിലേറ്റി ലോകംമുഴുവന്‍ വായിച്ച പേരായിരുന്നു സഹാറ ഇന്ത്യ പരിവാര്‍.  

ദിവസവും സഹാറ ഏജന്റുമാര്‍ ഗ്രാമീണരുടെ വീടുകളിലെത്തിയായിരുന്നു പണം ശേഖരിച്ചിരുന്നത്. എന്നാല്‍ ഏജന്റുമാര്‍ വീടുകളിലെത്തുന്നത് നിര്‍ത്തുകയും പണം നല്‍കിയിരുന്നവരോട് അടുത്തുള്ള സഹാറ ഓഫീസില്‍ പോയി പണമടയ്ക്കാനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തു. ഗ്രാമപ്രദേശങ്ങളില്‍ ജീവിക്കുന്ന ആളുകളെ സംബന്ധിച്ച് അത് അസാധ്യമായിരുന്നു. ഇതോടെ ഗ്രാമീണരുടെ ചിട്ടി അടവുകള്‍ മുടങ്ങി. ചിട്ടി മുടങ്ങിയാല്‍ പണം നഷ്ടമാകുമെന്നുള്ള നോട്ടീസ് ഗ്രാമീണരേ തേടിയെത്തി. ആശങ്കകുലരായ ആളുകള്‍ അവരുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ തുടങ്ങി. ഇത് സഹാറയില്‍ ചെറുതല്ലാത്ത പ്രശ്നങ്ങളുണ്ടാക്കി. നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്ന പ്രചാരണം നിക്ഷേപകര്‍ക്കിടയില്‍ പലയിടത്തു നിന്നും ഉണ്ടായതോടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. ഈ കാലയളവില്‍ 6 കോടി നിക്ഷേപകര്‍ സഹാറയില്‍ ഉണ്ടായിരുന്നു.

എന്നാല്‍ യഥാര്‍ഥ പ്രശ്നങ്ങള്‍ തുടങ്ങുന്നത് കമ്പനി പബ്ലിക്ക് ആക്കാന്‍ തീരുമാനിച്ചതോടുകൂടിയായിരുന്നു. 2007-ല്‍ സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പറേഷന്‍, സഹാറ ഹൗസിങ് ഇന്‍വസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ എന്നി കമ്പനികള്‍ കടപ്പത്രമിറക്കി  പണം ശേഖരിക്കുവാന്‍ തുടങ്ങിയിരുന്നു. 2009-ല്‍ സഹാറ പ്രൈം സിറ്റി എന്ന കമ്പനി ഓഹരി വില്‍പ്പനയ്ക്കായി സെബിക്ക് മുമ്പാകെ അപേക്ഷ നല്‍കി. ഇതില്‍ നികുതി സംബന്ധമായ ചില പ്രശ്നങ്ങളും സൂചിപ്പിച്ചിരുന്നു. സെബിയെ അറിയിക്കാതെ ആവശ്യമെങ്കില്‍ പൂര്‍ണമായും ഓഹരികളായി മാറ്റാവുന്ന കടപ്പത്രങ്ങള്‍ നല്‍കി അപേക്ഷ സ്വീകരിച്ചതായിരുന്നു പ്രശ്നം. മുന്‍ ചീഫ് സെക്രട്ടറിയായ മലയാളി ഐഎഎസ് ഓഫീസര്‍ കെ.എം.എബ്രാഹം സെബി അംഗമായി എത്തിയതോടെ സുബ്രാതോ റോയിയെന്ന വ്യവസായ പ്രമുഖന്റെ സാമ്രാജ്യം ആടിയുലഞ്ഞു തുടങ്ങി. സെബിയില്‍ നിന്ന് പണസമാഹരണവുമായി ബന്ധപ്പെട്ട് വിവിധ ചോദ്യങ്ങള്‍ സഹാറയുടെ നേര്‍ക്ക് ഉയര്‍ന്നു. മൂന്നുകോടി നിക്ഷേപകരില്‍ നിന്ന് 20,000 കോടി രൂപ സഹാറ നിയമവിരുദ്ധമായി സമാഹരിച്ചെന്ന് സെബി കണ്ടെത്തി. മാത്രമല്ല സഹാറ പ്രൈം സിറ്റിയുടെ ഓഹരി വില്‍പ്പനയ്ക്ക് സെബി അനുമതി നല്‍കിയതുമില്ല. സെബിയുടെ നടപടി നിരുത്തരവാദപരമാണെന്ന് സഹാറ പരസ്യം നല്‍കി. സെബിയും സഹാറയും തമ്മിലുള്ള പ്രശ്നം മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഒരിക്കല്‍ കുടുംബമായി ചേര്‍ത്തുനിര്‍ത്തി അളവറ്റു സ്നേഹിച്ച നിക്ഷേപകര്‍ സഹാറ പ്രശ്നത്തിലാണെന്ന് തിരിച്ചറിഞ്ഞതോടെ  ആക്രോശങ്ങളും ചോദ്യശരങ്ങളുമായി റോയിക്ക് നേരെ തിരിഞ്ഞു. കണക്കുപ്രകാരം 30,000 കോടിയിലധികം രൂപ നിക്ഷേപകരില്‍ നിന്ന് നിയമവിരുദ്ധമായി സഹാറ ശേഖരിച്ചെന്ന് സെബി വ്യക്തമാക്കി.

പ്രശ്നങ്ങളുയര്‍ന്നതോടെ തെറ്റായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ ലോകം മുഴുവനെയും റോയി വെല്ലുവിളിച്ചു. സെബിയും റോയിയും തമ്മിലുള്ള കേസ് സുപ്രീം കോടതിയിലെത്തി. ഇതൊരു സ്വകാര്യ പ്രശ്നമാണെന്ന സ്ഥാപിക്കാനായിരുന്നു റോയി തുടക്കം മുതല്‍ ശ്രമിച്ചത്. എന്നാല്‍ സുപ്രീം കോടതി ഇത് ഒരു പൊതുപ്രശ്നമാണെന്ന് പ്രഖ്യാപിച്ചു. സഹാറ പിരിച്ചെടുത്ത പണം മുഴുവന്‍ 15 ശതമാനം പലിശയടക്കം 30,000 കോടിരൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇത് ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശിക്ഷകളിലൊന്നായിരുന്നു. കോടതി ഉത്തരവ് വരുന്നതിന് മുമ്പുതെന്ന നിക്ഷേപകര്‍ക്ക് 20,000 കോടി പണമായി മടക്കി നല്‍കിയെന്ന് സഹാറ വ്യക്തമാക്കി. പണം നല്‍കിയതിന് തെളിവുകാണിക്കണമെന്ന് സെബി സഹാറയോട് ആവശ്യപ്പട്ടു. നിക്ഷേപകരുടെ രേഖകളടങ്ങിയ 31,000 ട്രങ്ക് പെട്ടികള്‍ 127 ട്രക്കുകളിലായി സഹാറ സെബിയുടെ ഓഫീസില്‍ എത്തിച്ചു. എന്നാല്‍ ഇത് വിലയിരുത്താന്‍ മാസങ്ങള്‍ മതിയാകില്ലെന്ന് സെബി വ്യക്തമാക്കി. കൃത്യമായ മേല്‍വിലാസമില്ലാത്ത പലപേരുകളും സെബിക്ക് ആ രേഖകളില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ചിലര്‍ക്ക് പേരുകളുടെ സ്ഥാനത്ത് സ്ഥലപ്പേരുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പല നിക്ഷേപകരുടെയും വിവരങ്ങളും സത്യസന്ധമായി സെബിക്ക് തോന്നിയില്ല. ഇതോടെ സഹാറയിലേയ്ക്ക് പണം വന്നത് ചെറിയ നിക്ഷേപകരില്‍ നിന്നു മാത്രമല്ലെന്നും മറ്റുകേന്ദ്രങ്ങളില്‍ നിന്നാെണന്നും വിലയിരുത്തല്‍ ഉണ്ടായി.

placeholder
അഴിമതി ആരോപണങ്ങള്‍ക്കിടെ സുബ്രത  റോയിക്കെതിരേ നടന്ന മഷിപ്രയോഗം

ചില നിക്ഷേപകര്‍ കള്ളപ്പണക്കാരാണെന്നും കള്ളപ്പണം വെളുപ്പിക്കലാണ് സഹാറയില്‍ നടക്കുന്നതെന്നും വിലയിരുത്തലുകള്‍ വന്നു. പല പ്രമുഖ രാഷ്ട്രീയനേതാക്കളും സംശയത്തിന്റെ നിഴലിലായി. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം കെട്ടുകഥകളാണെന്ന് പറഞ്ഞ് റോയി തന്റെ വാദത്തില്‍ ഉറച്ചുനിന്നു. ഒരു രൂപയുടെയെങ്കിലും കള്ളപ്പണമിടപാട് കണ്ടെത്തുന്നവര്‍ക്ക് തന്നെ തൂക്കികൊല്ലമെന്നായിരുന്നു റോയിയുടെ പ്രതികരണം. നിക്ഷേപകര്‍ക്ക് കോടതി നല്‍കണമെന്ന് വിധിച്ച പണം നല്‍കാത്തതിനെ തുടര്‍ന്ന് 2014 ഫെബ്രുവരി 28ന് സുബ്രത റോയി അറസ്റ്റിലായി. ആ അറസ്റ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ല. തിഹാര്‍ ജയിലില്‍ സുബ്രത റോയി എത്തി. റോയി ജയിലിലാകുമ്പോഴും സഹാറയുടെ ഒരു ചെക്ക് പോലും ബൗണ്‍സായിരുന്നില്ല. മൂന്നു കൊല്ലത്തിന് ശേഷം 2017 മെയ്മാസത്തില്‍ നാലാഴ്ച്ചത്തേയ്ക്ക് റോയി ജാമ്യത്തിലിറങ്ങി. തുടര്‍ന്ന് വര്‍ഷങ്ങള്‍ ആ ജാമ്യം നീട്ടിയെടുക്കുന്നതില്‍ റോയി വിജയിച്ചു. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ഇടംപിടിച്ച റോയിക്ക് നിക്ഷേപകരില്‍ നിന്ന് പിരിച്ചെടുത്ത പണം തിരികെ നല്‍കാനായില്ല. 32 വര്‍ഷം കൊണ്ട് താന്‍ കെട്ടിപ്പടുത്ത സ്വപ്നതുല്യമായൊരു സാമ്രാജ്യം കണ്‍മുമ്പില്‍ തകര്‍ന്നു വീഴുമ്പോള്‍ റോയിക്ക് നിസഹായനായി നോക്കി നില്‍ക്കാനെ കഴിയുമായിരുന്നുള്ളു. നിക്ഷേപകര്‍ക്ക് ഒമ്പതു മാസം കൊണ്ട് പണം തിരികെ നല്‍കാനായി 2023-ല്‍ കേന്ദ്രസര്‍ക്കാര്‍ സഹാറ റീഫണ്ട് പോര്‍ട്ടല്‍ തുറന്നു എങ്കിലും 18 ലക്ഷം പേര്‍ മാത്രമാണ് രജിസ്ട്രര്‍ ചെയ്തത്. ഇതിനിടയില്‍ മരണം സുബ്രേതോ റോയിയെ തേടിയെത്തി. എങ്കിലും ഇന്ത്യന്‍ ഗ്രാമീണരെ ചെറുനിക്ഷേപങ്ങള്‍ കൂട്ടിവച്ച് വലിയ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ചതില്‍ സഹാറ പരിവാര്‍ ഇന്ത്യയുടെയും സുബ്രത റോയിയെന്ന അതിബുദ്ധിമാന്റെ പങ്ക് ഒട്ടും ചെറുതല്ല.