ചരിത്രവിജ്ഞാനീയത്തിലെ വിശ്വപ്രതിഭകളുടെ നിരയിലാണ് റോമില ഥാപ്പറുടെ സ്ഥാനം. ജ്ഞാനത്തെ നിരന്തരം പുതുക്കുകയും ലോകത്തോട് തെളിമയാര്‍ന്ന ഭാഷയില്‍ അത് പറയുകയും ചെയ്യുന്ന റോമിലയ്ക്ക് ചരിത്രാന്വേഷണമെന്നത് കേവലം അക്കാദമിക വ്യവഹാരമല്ല. ചരിത്രരചനയെ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ മഹത്തായ ആയുധമായി റോമില പരിഗണിക്കുന്നു, പ്രയോഗിക്കുന്നു. ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത ആ മഹാധിഷണയ്ക്ക് നവംബര്‍ 30ന് തൊണ്ണൂറാം പിറന്നാളാണ്. റോമിലയ്ക്ക്  അഭിവാദ്യമര്‍പ്പിച്ച് ആ ചരിത്രകാരിയുടെ ബൗദ്ധിക ജീവചരിത്രമെഴുതുകയാണ് മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം അധ്യക്ഷന്‍ എ.എം. ഷിനാസ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ഒരുഭാഗം

To advertise here,

ജോണ്‍ ഡബ്ല്യു. ക്ലൂജ് സെന്റര്‍ ഏര്‍പ്പെടുത്തിയ ക്ലൂജ് സമ്മാനം വാഷിങ്ടണ്‍ ഡി.സി.യിലെ ലൈബ്രറി ഓഫ് കോണ്‍ഗ്രസില്‍ 2008-ല്‍ ഏറ്റുവാങ്ങിയത് റോമില ഥാപ്പറും ഐറിഷ് ചരിത്രകാരനായ പീറ്റര്‍ ബ്രൗണുമായിരുന്നു. നൊബേല്‍ സമ്മാനം നല്‍കപ്പെടാത്ത ജ്ഞാനമേഖലകളായ ചരിത്രം, തത്ത്വചിന്ത, രാഷ്ട്രമീമാംസ, സമൂഹശാസ്ത്രം, നരവംശശാസ്ത്രം, ഭാഷാശാസ്ത്രം, മാനവിക-കലാ മണ്ഡലങ്ങളിലെ വിമര്‍ശം തുടങ്ങിയവയില്‍ അഗാധനൈപുണ്യം നേടിയവര്‍ക്കാണ് നൊബേല്‍ സമ്മാനത്തിന്റെ തുല്യപദവിയും തുല്യതുകയുമുള്ള ഈ പുരസ്‌കാരം 2003 മുതല്‍ നല്‍കിപ്പോരുന്നത്. 2015-ല്‍ ലോകപ്രശസ്ത ജര്‍മന്‍ തത്ത്വചിന്തകനായ ജോഗന്‍ ഹാബര്‍മാസിനായിരുന്നു ക്ലൂജ് പുരസ്‌കാരം.

ക്ലൂജ് പുരസ്‌കാരം ഏറ്റുവാങ്ങി റോമില ഥാപ്പര്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസില്‍ നടത്തിയ ചെറുഭാഷണം ഉപസംഹരിച്ചത് ഇങ്ങനെയാണ്: ''ഭൂതകാലത്തെ ഏകവചനചരിത്രമായി കാണുകയാണെങ്കില്‍ -ഒരു നാട്, ഒരു ജനത, ഒരു മതം, ഒരു ഭാഷ- അത്തരം ഒറ്റതിരിഞ്ഞ ചരിത്രം ഭൂതകാലത്തിലെ അത്യന്തം സാരവത്തായ പലതിനെയും പുറംതള്ളും. ഭൂതകാലത്തിലെ ഏകത്വത്തെ (singularity) ചോദ്യംചെയ്യുകയും നാഗരികതകളുടെ ക്രമികമായ വികാസത്തില്‍ ബഹുസംസ്‌കാരങ്ങളുടെ പങ്കിനെ യുക്ത്യനുസാരം സ്ഥാപിക്കുകയും ചെയ്യുന്ന ചരിത്രകാരന്‍മാരെ അതിപരുഷമായി വിമര്‍ശിക്കുന്നവരാണ് ഇന്ത്യയിലെ മതദേശീയവാദികളും ഇന്ത്യക്കു പുറത്തുള്ള സമാനഗണത്തില്‍പ്പെട്ട സംഘടനകളും വ്യക്തികളും. ആധിപത്യമുള്ളവരും അടിച്ചമര്‍ത്തപ്പെട്ടവരും തമ്മിലുള്ള ബന്ധത്തെ വിശകലനംചെയ്യുന്ന ചരിത്രപഠിതാക്കളെയും ഇക്കൂട്ടര്‍ അത്യുഗ്രമായി എതിര്‍ക്കും. ആഗോളവത്കരണം സങ്കുചിതവും ഏകവും സഞ്ചിതവുമായ തന്മകളെ പോഷിപ്പിക്കുകയും അധിനിവേശകാല തന്മകളിലേക്കുള്ള തിരിച്ചുപോക്കിനെ ത്വരിപ്പിക്കുകയും ചെയ്യുന്നു. അധിനിവേശാനന്തരലോകത്തെ ഒരു വിരോധാഭാസമാണിത്. ഒരു നാഗരികതയും നിശ്ചലമല്ല. അത് ഒരു പ്രക്രിയയാണ്. എല്ലാ നാഗരികതയും സുഷിരങ്ങളുള്ളതും ഭൂപ്രദേശ അതിരുകള്‍ക്ക് അതീതമായി ബഹുസംസ്‌കാരങ്ങളെ ആഗിരണം ചെയ്യുന്നവയുമാണ്. ഇന്ത്യയുടെ അനന്യത ബഹുത്വവും സ്വരവൈവിധ്യവുമാണ്, ജനങ്ങളുടെയും സംസ്‌കാരങ്ങളുടെയും ബഹുത്വം. ഈ ബഹുത്വത്തിന്റെ പരിപോഷണം നമ്മുടെ പൊതുപൈതൃകമാണ്.''

2018-ല്‍ അലേഫ് പ്രസിദ്ധീകരിച്ച റോമില ഥാപ്പറുടെ ഗ്രന്ഥത്തിന്റെ ശീര്‍ഷകം Indian Cultures as Heritage: Contemporary Pasts എന്നാണ്. ഇന്ത്യയുടെ ചരിത്രത്തെ ഏകത്വത്തിലേക്ക് വെട്ടിച്ചുരുക്കുന്ന ഇടുങ്ങിയ പ്രതിലോമരാഷ്ട്രീയത്തെ നിരന്തരം തുറന്നുകാണിക്കുകയും ഇന്ത്യയുടെ അനുപമവും അതിവിശിഷ്ടവുമായ ബഹുത്വത്തെ നിഷ്ണാതമായ ചരിത്രപര്യവേക്ഷണത്തിലൂടെ അഭംഗമായി പ്രത്യക്ഷപ്പെടുത്തുകയും ചെയ്തുപോരുന്ന ചരിത്രപണ്ഡിതയാണ് റോമില ഥാപ്പര്‍. 2021 നവംബര്‍ 30-ന് ഥാപ്പറുടെ തൊണ്ണൂറാം പിറന്നാളാണ്. 

ഖൈബര്‍-പഖ്തൂണ്‍ക്വാ പ്രവിശ്യയിലെ ഥാലിലും പെഷവാറിലും റാവല്‍പിണ്ടിയിലും പുണെയിലുമായിരുന്നു റോമില ഥാപ്പറുടെ ബാല്യവും കൗമാരവും. അഫ്ഗാനിസ്താനിലെ കാണ്ഡഹാറില്‍ സ്ഥിരവാസമുറപ്പിച്ച പഞ്ചാബിലെ ഖാത്രി സമുദായത്തില്‍പ്പെട്ട പഴവര്‍ഗകച്ചവടക്കാരായിരുന്നു റോമിലയുടെ പിതാമഹന്‍മാര്‍. പിന്നീട് പിന്‍മുറക്കാര്‍ ലുധിയാനയിലേക്ക് താമസം മാറ്റി. ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തില്‍ സതേണ്‍ കമാന്‍ഡിന്റെ മെഡിക്കല്‍ സര്‍വീസസ് ഡയറക്ടറായിരുന്നു ഡോക്ടറായിരുന്ന പിതാവ്. പിതൃസഹോദരന്‍മാരിലൊരാള്‍ ഐ.സി.എസ്. ഉദ്യോഗസ്ഥന്‍. മറ്റൊരാള്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് പദവിയിലെത്തി വിരമിച്ചു. പാകിസ്താനിലെ റാവല്‍പിണ്ടിയിലായിരുന്നപ്പോള്‍ ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാനും സിക്കന്ദര്‍ മിര്‍സയും മറ്റും റോമിലയുടെ വീട്ടിലെ സ്ഥിരസന്ദര്‍ശകരായിരുന്നു.

സ്‌കൂള്‍പഠനകാലത്ത് സസ്യശാസ്ത്രത്തിലും സാഹിത്യത്തിലും ചരിത്രത്തിലുമായിരുന്നു റോമിലയ്ക്ക് താത്പര്യം. ഒരല്പം ഇഷ്ടക്കൂടുതല്‍ സസ്യശാസ്ത്രത്തോടായിരുന്നു. ഇതില്‍ ഏതുവിഷയമാണ് കോളേജില്‍ ബിരുദപഠനത്തിനു തിരഞ്ഞെടുക്കേണ്ടത് എന്നകാര്യത്തില്‍ ധര്‍മസങ്കടത്തിലായ ഥാപ്പര്‍, ആദ്യം പുണെയിലെ നൊവ്റോസ്ജി വാഡിയ കോളേജില്‍ തത്ത്വചിന്തയ്ക്ക് ചേര്‍ന്നു. ആ കോളേജിലെ തത്ത്വചിന്താവിഭാഗം മികച്ചതായിരുന്നു എന്നതായിരുന്നു കാരണം.

പഠനം പാതിവഴി പിന്നിട്ടപ്പോള്‍ സാഹിത്യത്തിലോ ചരിത്രത്തിലോ ബിരുദം വേണമെന്ന ആഗ്രഹവുമായി ഡല്‍ഹി സര്‍വകലാശാലയിലെത്തി. ഈ വിഷയങ്ങള്‍ ആദ്യവര്‍ഷംമുതല്‍തന്നെ പഠിക്കേണ്ടിവരുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചപ്പോള്‍ പുതുതായി തുടങ്ങിയ ഡല്‍ഹിയിലെ മിറന്‍ഡ ഹൗസില്‍ തത്ത്വചിന്താപഠനംതന്നെ തുടരാന്‍ ഥാപ്പര്‍ തീരുമാനിച്ചു. നാടകവും ഇന്റര്‍ കൊളീജിയറ്റ് സംവാദങ്ങളുമൊക്കെയായി പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ മുഴുകിയതിനാല്‍ ഉപവിഷയമായ ചരിത്രത്തില്‍ ഥാപ്പര്‍ തോറ്റു. പിന്നെ ഷിംലയിലെ ഭാര്‍ഗവ മുനിസിപ്പല്‍ കോളേജില്‍നിന്ന് സാഹിത്യത്തില്‍ ബിരുദമെടുത്തു. ചരിത്രവും രാഷ്ട്രമീമാംസയും ഫ്രഞ്ച്ഭാഷയും ഉപവിഷയങ്ങളായി അവിടെ പഠിക്കാനുണ്ടായിരുന്നു.

ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തണമെന്നായിരുന്നു ഥാപ്പറുടെ ആഗ്രഹം. നിയമം പഠിക്കാനാഗ്രഹിച്ചിരുന്ന ഥാപ്പറുടെ പിതാവ് രക്ഷിതാക്കളുടെ സമ്മര്‍ദം കാരണം മെഡിസിന്‍ പഠിച്ചത് ലണ്ടനിലായിരുന്നു. അങ്ങനെ ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ എന്‍ട്രന്‍സ് പരീക്ഷ ഥാപ്പര്‍ എഴുതി. ഥാപ്പര്‍ സബ്സ്റ്റാന്‍ഡേഡാണെന്നും പ്രവേശനം അസാധ്യമാണെന്നുമായിരുന്നു ഓക്‌സ്ഫഡിന്റെ മറുപടി (സബ്സ്റ്റാന്‍ഡേഡായി തന്നെ തള്ളിക്കളഞ്ഞ ഇതേ ഓക്‌സ്ഫഡ് വര്‍ഷങ്ങള്‍ക്കുശേഷം തനിക്ക് ഓണററി ഡി. ലിറ്റ് നല്‍കിയതാണ് ജീവിതത്തിലെ ഏറ്റവും മാധുര്യമുള്ള മുഹൂര്‍ത്തങ്ങളിലൊന്ന് എന്ന് റോമില പറയുന്നുണ്ട്. ഇക്കാര്യം ആ ബിരുദദാനച്ചടങ്ങില്‍ അവര്‍ അനുസ്മരിക്കുകയും ചെയ്തു).


കൂടുതല്‍ വായിക്കാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് വാങ്ങാം