അന്നാദ്യമായി ഇന്ദിര ഫാസിസ്റ്റ് എന്ന വിളി കേട്ടു, പിന്നെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി


അലീന മരിയ വര്‍ഗ്ഗീസ്ഫിറോസ് ഇത്രയും ജനപ്രിയനായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു എന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു.

ഫിറോസ് ഗാന്ധി. Photo: mathrubhumi archives

ഗാന്ധിയെന്ന പേര് ഒരിക്കലെങ്കിലും ഉച്ചരിക്കാത്ത ഒരു സാധാരണക്കാരന്‍ ഇന്ത്യയിലുണ്ടാകില്ല. മഹാത്മാഗാന്ധിയെന്ന രാഷ്ട്രപിതാവിലൂടെ മാത്രമല്ല നെഹ്റുവിന്റെ മകള്‍ ഇന്ദിരയിലൂടെയും അവരുടെ പരമ്പരയിലൂടെയും ഗാന്ധിയെന്ന പേര് തുടര്‍ന്നുകൊണ്ടേയിരുന്നു. പറയുമ്പോഴെല്ലാം ആ രണ്ടക്ഷരങ്ങള്‍ ഒരു ശരാശരി ഇന്ത്യക്കാരന്റെ മനസില്‍ പോരാട്ടത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അവിസ്മരണീയമായ ഓര്‍മകള്‍ ഉണര്‍ത്തും. ആ ഓര്‍മകളുടെ പടച്ചട്ടയണിഞ്ഞാണ് ഒരു രാജ്യം പതിറ്റാണ്ടുകളോളം അണിനിരന്നത്. ആ പേര് നെഹ്റു കുടുംബത്തിലേയ്ക്ക് വന്നതാകട്ടെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പാര്‍ലമെന്റേറിയനില്‍ നിന്ന്. കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ തുടക്കക്കാരനില്‍ നിന്ന്, ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ഇന്ദിരയുടെ ഭര്‍ത്താവ് ഫിറോസ് 'ഗാന്ധി'യില്‍ നിന്നുമാണ്. അക്ഷരാര്‍ഥത്തില്‍ കോണ്‍ഗ്രസുകാര്‍ പോലും മറന്നുപോയ ഒരു ഗാന്ധി!

ബോംബേയില്‍ പാഴ്സി ദമ്പതികളായ ജഹാംഗീര്‍ ഫരേഡൂണിന്‍ന്റെയും രതിമയിയുടെയും മകനായിട്ട് 1912-ലായിരുന്നു ഫിറോസ് ജഹാംഗീര്‍ ഗാന്ധിയുടെ ജനനം. ഫിറോസിന് ഏഴു വയസായപ്പോള്‍ പിതാവ് മരിച്ചു. വൈകാതെ രതിമയി മകനെയും കൂട്ടി അലഹബാദിലുള്ള സഹോദരിയുടെ വീട്ടിലേയ്ക്ക് താമസം മാറി. ഇന്ത്യയില്‍ സ്വാതന്ത്ര്യസമരം ശക്തിപ്രാപിച്ചു വരുന്ന കാലമായിരുന്നു അത്. ഫിറോസ് വളരെ പെട്ടന്ന് തന്നെ സമരങ്ങളില്‍ ആകൃഷ്ടനായി. സമരങ്ങളില്‍ പങ്കെടുത്ത് അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരിയായിരുന്ന അമ്മയുടെ സഹോദരി മാപ്പ് എഴുതിക്കൊടുക്കും, ഇതോടെ ഫിറോസിനെ വിട്ടയക്കും. അടിയ്ക്കടി ഇത് ആവര്‍ത്തിച്ചു. ഒടുവില്‍ മകന്റെ സ്വഭാവം നന്നാക്കാന്‍ അമ്മ തീരുമാനിച്ചു. സമരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മകനെ പിന്തിരിപ്പിക്കണമെന്നാവശ്യപ്പെട്ട് അവര്‍ മഹാത്മഗാന്ധിയെ സമീപിച്ചു. നിങ്ങളുടെ മകന്‍ ഒരു വിപ്ലവകാരിയാണ്, ഇതുപോലെ ഏഴുവിപ്ലവകാരികളെ കിട്ടുകയാണെങ്കില്‍ ഏഴുദിവസം കൊണ്ട് ഇന്ത്യയെ ഞാന്‍ സ്വതന്ത്ര്യയാക്കുമെന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. രതിമയി പിന്നിട് ഒന്നും പറഞ്ഞില്ല. ഇതോടെ ഫിറോസിന്റെ സമരജീവിതം തീവ്രമായി. 18-ാം വയസില്‍ 19 മാസം ഫിറോസ് ജയില്‍ ശിക്ഷ അനുഭവിച്ചു.

സ്വതന്ത്രസമരപോരാട്ടങ്ങളോട് ഐക്യപ്പെട്ട് നെഹ്റുവിന്റെ ഭാര്യ കമല നെഹ്റു വാനര സേനയില്‍ സജീവമായിരുന്ന കാലമായിരുന്നു അത്. ഒരിക്കല്‍ ഫിറോസിന്റെ കോളേജിന് സമീപം വാനരസേനയുടെ പരിപാടികള്‍ നടക്കുമ്പോള്‍ കണാന്‍ ഫിറോസുമുണ്ടായിരുന്നു. കമലയുടെ പ്രകടനം ഫിറോസിനെ ആവേശഭരിതനാക്കി. ഇതിനിടയില്‍ കമല കുഴഞ്ഞുവീണു. കണ്ടു നിന്ന ഫിറോസ് ഓടിയെത്തി കമലയെ പരിചരിച്ചു. പിറ്റേദിവസം തന്നെ പഠനം ഉപേക്ഷിച്ച് അദ്ദേഹം വാനരസേനയില്‍ അംഗത്വമെടുത്തു. സമരങ്ങളില്‍ സജീവമായതോടെ മഹാത്മഗാന്ധിയോടുള്ള ആരാധന കൂടി ഫിറോസ് ജഹാംഗീര്‍ ഗാന്ധി (Ghandy) എന്നത് ഗാന്ധി (Gandhi) എന്നാക്കി മാറ്റി.

വാനരസേനയുടെ പ്രവര്‍ത്തനത്തിനൊപ്പം ഫിറോസ് കമല നെഹ്റുവുമായി കൂടുതല്‍ അടുത്തു. ചികിത്സയ്ക്കായി കമല ലണ്ടനിലേയ്ക്ക് പോയപ്പോള്‍ പിന്നാലെ പഠന ആവശ്യങ്ങള്‍ക്കായി ഫിറോസും ലണ്ടനില്‍ എത്തി. കമലയുടെ രോഗം മൂർച്ഛിച്ചപ്പോള്‍ പരിചരിക്കാന്‍ അദ്ദേഹം ഒപ്പം നിന്നു. ഇരുവരുടെയും സൗഹൃദത്തെ പലരും തെറ്റിദ്ധരിക്കുന്ന സാഹചര്യമുണ്ടായി. കമലയുടെയും ഫിറോസിന്റെയും ബന്ധം പ്രണയമാണെന്ന് പലരും പറഞ്ഞു. എന്നാല്‍ എല്ലാ ആരോപണങ്ങളേയും അര്‍ഹിക്കുന്ന അവജ്ഞയോടെ നെഹ്റു തള്ളിക്കളഞ്ഞു. 1933-ല്‍ ഇന്ദിരയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ഫിറോസ് തുറന്നു പറഞ്ഞു. അന്ന് 16 വയസായിരുന്നു ഇന്ദിരയുടെ പ്രായം. എന്നാല്‍ ഫിറോസിന്റെ ആഗ്രഹം നടക്കില്ലെന്ന് ഇന്ദിരയും കമലയും കട്ടായം പറഞ്ഞു.

ഇതിനിടയിലായിരുന്നു ഫിറോസ് ലാല്‍ബഹദൂര്‍ ശാസ്ത്രിയ്ക്കൊപ്പം ജയിലില്‍ അടയ്ക്കപ്പെട്ടത്. ജയിലില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ അദ്ദേഹം നെഹ്റുവിന്റെ അനുയായിയായി മാറിയിരുന്നു. 1936ല്‍ കമല മരിച്ചു. ഇതിനുശേഷം പഠനത്തിനായി ഇന്ദിര ഇംഗ്ലണ്ടിലെത്തി. ഇത് ഫിറോസും ഇന്ദിരയും കൂടുതല്‍ അടുക്കാന്‍ ഇടയാക്കി. ഇക്കുറി ഫിറോസിനെ വിവാഹം കഴിക്കാന്‍ ഇന്ദിര മനസുകൊണ്ട് തയ്യാറായി. ഇന്ദിരയുടെ തീരുമാനം കേട്ട് ഞെട്ടിയത് നെഹ്‌റുവായിരുന്നു. മകളുടെ അനുരാഗം നെഹ്റുവിനെ വല്ലാതെ അസ്വസ്ഥനാക്കി. ഉല്‍കണ്ഠയോടെയും സങ്കടത്തോടെയും നെഹ്റു ഗാന്ധിജിയെ സമീപിച്ചു. അവിടെയും നിരാശയായിരുന്നു ഫലം. കാരണം ഗാന്ധിജിയും ഇന്ദിര ഫിറോസ് പ്രണയത്തിനൊപ്പം നിന്നു. അങ്ങനെ 1942-ല്‍ ഇന്ദിരയും ഫിറോസും വിവാഹിതരായി. വൈകാതെ ഇന്ദിര പ്രിയദർശിനി ഇന്ദിരാ ഗാന്ധിയായി.

മധുവിധു തീരുമുമ്പ് ക്വിറ്റ് ഇന്ത്യ സമരമെത്തി. സമരകാലത്ത് ഫിറോസ് അറസ്റ്റിലായി. തുടര്‍ന്നുള്ള ഒരു വര്‍ഷം ഫിറോസിന്റെ ജീവിതം നൈനി സെന്‍ട്രല്‍ ജയിലായിരുന്നു. 1943-ല്‍ പുറത്തിറങ്ങിയ ഫിറോസും ഇന്ദിരയും അഞ്ചുവര്‍ഷം സമാധാന പൂര്‍ണമായി ജീവിതം നയിച്ചു. രണ്ട് വര്‍ഷത്തെ ഇടവേളകളില്‍ രാജീവും സഞ്ജയും ജനിച്ചു. ഇന്ത്യ സ്വതന്ത്ര്യമായപ്പോള്‍ പത്രപ്രവര്‍ത്തകനായിരുന്ന ഫിറോസിനെ തേടി നാഷ്ണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ എം.ഡി സ്ഥാനം എത്തി. എന്നാല്‍ ആ ചുമതലയില്‍ ഫിറോസിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. തന്റെ സഹപ്രവര്‍ത്തകരോട് പൊരുത്തപ്പെടാനാകാതെ അയാള്‍ ചുമതല ഒഴിഞ്ഞു. 1952-ല്‍ സ്വതന്ത്ര്യ ഇന്ത്യയില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ യുപിയിലെ റായ്ബറേലിയില്‍ നിന്ന് ഫിറോസ് പാര്‍ലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഇന്ദിരയും സോണിയയും ഇതേ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തി.

പാര്‍ലമെന്റില്‍ അയാള്‍ ഒരു തീപ്പൊരിയായി. അക്ഷരാര്‍ഥത്തില്‍ ഭരണപക്ഷത്തിനുമേല്‍ വീണ തീപ്പൊരി. യഥാര്‍ഥത്തില്‍ ഫിറോസിന്റെ പോരാട്ടം ആരംഭിക്കുന്നതേയുണ്ടായിരുന്നുള്ളു. ആദര്‍ശധീരനായ ആ പോരാളിയുടെ കൂട്ടുകെട്ടുകളും മറ്റുള്ളവരുടെ കണ്ണില്‍ അല്‍പ്പം വഷളായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാവ് ഭൂപേഷ് ഗുപ്തയും കോണ്‍ഗ്രസിന്റെ സോഷ്യലിസ്റ്റ് ചേരിയുടെ നേതാവ് കേശവദേവ് മാളവ്യയും ഫിറോസിന്റെ ചങ്ങാതിമാരായി. മൂവരുടെയും അന്തിചര്‍ച്ചകള്‍ സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ കൊണ്ടും ചിന്തകള്‍ കൊണ്ടും സമ്പന്നമായിരുന്നു. അവരുടെ ചര്‍ച്ചകളില്‍ ആകൃഷ്ടരായ ചില യുവ എം.പിമാരും ഇവര്‍ക്കൊപ്പം കൂടി. അങ്ങനെ കോണ്‍ഗ്രസില്‍ ജിഞ്ചര്‍ ഗ്രൂപ്പ് രൂപം കൊണ്ടു.

തുടര്‍ന്നങ്ങോട്ട് ഫിറോസ് ഗാന്ധി തീവ്രസോഷ്യലിസ്റ്റായി മാറുകയായിരുന്നു. അദ്ദേഹത്തിന്റെ ചൂണ്ടുവിരല്‍ എപ്പോഴും സര്‍ക്കാരിനു നേരെ ഉയര്‍ന്നു. താന്‍ കൂടി ഉള്‍പ്പെട്ട ഭരണപക്ഷം എന്നതില്‍ നിന്ന് ഫിറോസ് ഭരണപക്ഷത്തിലെ പ്രതിപക്ഷ ധര്‍മ്മം നിര്‍വഹിക്കുന്നതിലേയ്ക്ക് കാര്യങ്ങളെത്തി. എപ്പോഴും മരുമകന്‍ സര്‍ക്കാരിനെയും തന്റെ അനുയായികളേയും പ്രതിക്കൂട്ടിലാക്കുന്നത് അസാധാരണ ക്ഷമയോടെയാണ് നെഹ്റു കണ്ടത്. ഫിറോസ് പ്രസംഗിക്കുമ്പോള്‍ നെഹ്റു ശ്രദ്ധയോടെ കേള്‍ക്കുകയും കുറിപ്പുകള്‍ തയാറാക്കുകയും ചെയ്തു. ഒരിക്കല്‍ പോലും തനിക്കെതിരേ ഉയര്‍ന്ന ആ ശബ്ദം ഇല്ലാതാക്കാനോ നിശബ്ദമാക്കാനോ നെഹ്റു ശ്രമിച്ചില്ല. കോണ്‍ഗ്രസിന്റെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിലെ ഏറ്റവും മനോഹരമായ ഉദാഹരണമായിട്ട് ആ ബന്ധം മുന്നോട്ട് പോയി.

കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് കോണ്‍ഗ്രസിനുള്ളിലെ ഒരു സാധാരണ എം.പിയായിരുന്ന ഫിറോസാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വലിയ അഴിമതി പുറത്തു കൊണ്ടു വന്നത്. റാം കിഷന്‍ ഡാല്‍മിയ എന്ന ബാങ്കിങ് ഇന്‍ഷുറന്‍സ് പ്രമുഖന്‍ ബന്നറ്റ് കോള്‍മാന്‍ എന്ന വിദേശ കമ്പനി സ്വന്തമാക്കിയതിന് പിറകിലുള്ള സാമ്പത്തിക ക്രമക്കേടായിരുന്നു അത്. അഴിമതി പുറത്തു കൊണ്ടുവരാനായി ഫിറോസ് പാര്‍ലമെന്റില്‍ നടത്തിയ ഒരു മണിക്കൂറും 55 മിനിറ്റും നീണ്ട ആ പ്രസംഗം ലോക്സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉജ്ജലമെന്നു വിശേഷിപ്പിക്കപ്പെട്ടു. അന്വേഷണത്തിനൊടുവില്‍ കോടതി റാം കിഷന്‍ ഡാല്‍മിയയ്ക്ക് രണ്ട് വര്‍ഷം ജയില്‍ശിഷ വിധിച്ചു. വൈകാതെ ജയന്റ് കില്ലര്‍ എന്ന് പേര് ഫിറോസിന് വീണു.

ഇന്നത്തെ എല്‍.ഐ.സി ഉണ്ടാകുന്നത് ഫിറോസ് ഗാന്ധി എന്ന പാര്‍ലമെന്റേറിയന്റെ ഇടപെടലോടെയാണ്. അദ്ദേഹമാണ് 245 ഇന്‍ഷുറന്‍സ് കമ്പനികളെ നാഷ്ണലൈസ് ചെയ്ത് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് രൂപം നല്‍കിയത്. അതുമാത്രമല്ല ഇന്ത്യന്‍ പത്രസ്വാതന്ത്ര്യ ചരിത്രത്തിലെ നിര്‍ണായക നിയമനിര്‍മാണത്തിന് വഴി തുറന്നതും ഫിറോസിന്റെ നിലപാട് തന്നെ. 1956-ല്‍ ഫിറോസ് ഗാന്ധി അവതരിപ്പിച്ച സ്വകാര്യബില്‍ ആണ് പാര്‍ലമെന്ററി പ്രോസിഡിങ്ങ് എന്ന പേരില്‍ നിയമമാക്കപ്പെട്ടത്. മുണ്ഡ്ര ഇടപാടും പുറംലോകത്ത് എത്തിച്ചത് ഫിറോസ് ഗാന്ധിയായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കുംഭകോണമായിരുന്നു അത്. നെഹ്റുവിന്റെ വിശ്വസ്തനായ ടിടി കൃഷ്ണമചാരിക്ക് പരോക്ഷമായി പങ്കുണ്ടായിരുന്ന അഴിമതിക്കഥ പുറംലോകത്ത് എത്തിച്ചുകൊണ്ട് ഫിറോസ് പാര്‍ലമെന്റില്‍ വീണ്ടും ഭരണപക്ഷത്തെ പ്രതിപക്ഷമായി. ഒടുവില്‍ കൃഷ്ണമാചാരിയുടെ രാജിയിലേയ്ക്ക് കാര്യങ്ങളെത്തി. ടിബറ്റിനു മേല്‍ ആധിപത്യം സ്ഥാപിച്ച ചൈനയുടെ നടപടിയെ അംഗീകരിച്ച ജനാധിപത്യവാദിയായിരുന്ന നെഹ്റുവിന്റെ നിലപാടിനെ ഫിറോസ് പരസ്യമായി വിമര്‍ശിച്ചിരുന്നു.

ഇന്ദിരാഗാന്ധി ഒരു പൊതസമ്മേളനത്തിൽ. photo: mathrubhumi archives

ഫിറോസ് വഴി തുറന്ന പത്രസ്വാതന്ത്ര്യം 1975-ല്‍ അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര റദ്ദു ചെയ്തു. ആദ്യത്തെ അഞ്ചുവര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഇന്ദിരയ്ക്കും ഫിറോസിനും ഇടയില്‍ അകല്‍ച്ച തുടങ്ങിയിരുന്നു. 1955 ലായിരുന്നു ഇന്ദിര ആദ്യമായി കോണ്‍ഗ്രസിന്റെ ഇലക്ഷന്‍ കമ്മറ്റി അംഗമായത്. അതേവര്‍ഷം തന്നെ ഫിറോസ് പാര്‍ട്ടിക്കുള്ളിലെ അഴിമതി ആരോപണവുമായി രംഗത്ത് എത്തി. എന്നാല്‍ പിതാവിനെ പോലെയായിരുന്നില്ല ഇന്ദിര, ഫിറോസിന്റെ പ്രവൃത്തി ഇന്ദിരയെ അസ്വസ്ഥയാക്കി. വൈകാതെ ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീണു. ഇന്ദിരയുടെ സ്വച്ഛോധിപത്യ പ്രവണത ഫിറോസ് തിരിച്ചറിഞ്ഞതും അവര്‍ക്കിടയിലെ അകല്‍ച്ച വര്‍ധിപ്പിച്ചെന്ന് ഫിറോസിന്റെ ജീവചരിത്രകാരന്‍ ഫാള്‍ക്ക് പറയുന്നു.

കേരളത്തിലെ ഇ.എം.എസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇന്ദിര മുന്‍കൈ എടുത്ത് നടത്തിയ ശ്രമങ്ങള്‍ ഫിറോസിനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ഇന്ദിരയുടെ നീക്കങ്ങളെ അയാള്‍ ശക്തിയുക്തം എതിര്‍ത്തു. ഇത് ഇവരുടെ ദാമ്പത്യത്തെ പോലും ബാധിച്ചു. ഒരിക്കല്‍ പ്രാതലിനിടയില്‍ ഫിറോസ് ഇന്ദിരയോട് പറഞ്ഞു: 'ഇന്ദു നീ ഒരു ഫാസിസ്റ്റാണ്' ഒരു പക്ഷേ ഇന്ദിരയ്ക്ക് ആദ്യമായി ഫാസിസ്റ്റ് വിളി കേള്‍ക്കേണ്ടിവന്നത് ഫിറോസില്‍ നിന്നായിരിക്കും. ആ വിളി ഇന്ദിരയെ വല്ലാതെ പ്രകോപിതയാക്കി. അന്ന് അവര്‍ ഭക്ഷണത്തിന് മുമ്പില്‍ നിന്ന് ദേഷ്യത്തോടെ ഇറങ്ങിപ്പോയി. ഇതെല്ലാം കണ്ട് നെഹ്റു ദുഖിതനായി സമീപത്തുണ്ടായിരുന്നു. ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ തിരുമാനമുണ്ടായ അന്ന് രാത്രി ഫിറോസ് ഇന്ദിരയെ നേരില്‍ ചെന്ന് കണ്ടു. ഇനിയൊരിക്കലും പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് താന്‍ കാലുകുത്തില്ല എന്ന് അദ്ദേഹം അന്ന് കടുപ്പിച്ചു പറഞ്ഞു. എം.പിമാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സില്‍ ഫിറോസ് താമസിക്കുമ്പോള്‍ ഇന്ദിര രാജീവിനും സഞ്ജയ്ക്കും ഒപ്പം നെഹ്റുവിനൊപ്പം തീന്‍മൂര്‍ത്തി ഭവനിലായിരുന്നു. തീന്‍മൂര്‍ത്തിഭവനിലേയ്ക്ക് ഇനിയില്ലെന്ന വാക്കുകള്‍ മരണംവരെ ഫിറോസ് ഗാന്ധി അക്ഷരംപ്രതി പാലിച്ചു. അദ്ദേഹത്തിന്റെ മരണ ശേഷം മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ മാത്രമാണ് അവിടേയ്ക്ക് എത്തിച്ചത്.

1957-ല്‍ റായ്ബറേലിയില്‍ നിന്ന് ഫിറോസ് ഗാന്ധി വീണ്ടും പാര്‍ലമെന്റിലെത്തി. 1958-ല്‍ ഹൃദയാഘാതം വന്ന് അദ്ദേഹം കിടപ്പിലായി. ഇന്ദിര ഭൂട്ടാനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതിനിടയിലായിരുന്നു ഹൃദയാഘാതം. യാത്ര വെട്ടിച്ചുരുക്കി ഇന്ദിര ഫിറോസിനരികെയെത്തി. 1960 സപ്റ്റംബര്‍ 8 ന് ഡല്‍ഹിയിലെ വില്ലിങ്ടന്‍ ആശുപത്രിയില്‍ വച്ച് രണ്ടാമതും ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് 48-ാം വയസില്‍ ഫിറോസ് ഗാന്ധി മരണപ്പെട്ടു. അലഹബാദിലെ പാഴ്സി സ്മശാനത്തിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. ഫിറോസിന്റെ മരണത്തില്‍ അനുശോചനമര്‍പ്പിക്കാന്‍ തടിച്ചു കൂടിയ ജനത്തെ നോക്കി നെഹ്റു നെടുവീര്‍പ്പെട്ടു. ഫിറോസ് ഇത്രയും ജനപ്രിയനായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു എന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു. മകന്‍ സഞ്ജയ് മരിക്കും മുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍ ഇന്ദിര പറഞ്ഞത് തന്റെ ജീവിതത്തില്‍ ഏറ്റവും ദുഃഖകരമായ മരണം ഫിറോസിന്റെതായിരുന്നു എന്നാണ്.

പിന്നീട് തുടര്‍ച്ചയായി പതിറ്റാണ്ടുകള്‍ പലരിലൂടെയും ഗാന്ധിയെന്ന് പേര് ഉച്ചരിക്കപ്പെട്ടു കൊണ്ടേയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ വക്താവിനെ, സ്വതന്ത്ര്യ ഇന്ത്യ കണ്ട മികച്ച പാര്‍ലമെന്റേറിയനെ, പതിയെപ്പതിയെ കോണ്‍ഗ്രസുകാര്‍ മറന്നു. ഇന്ത്യ മറന്നു. നെഹ്റുവിന്റെ ആനന്ദ്ഭവന് ഏതാനും മൈലുകള്‍ക്കപ്പുറം ഇന്നും ഫിറോസിന്റെ ശവകുടീരം അനാഥമായി അവശേഷിക്കുന്നു.

Content Highlights: Feroze Gandhi indepth

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented