
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തിന് പിന്നാലെ മധ്യപ്രദേശില്‍ ഉയിര്‍പ്പിനുള്ള വഴി തേടുകയാണ് കോണ്‍ഗ്രസ്. ഇതിന്റെ ആദ്യ ചുവടുവെപ്പെന്നോണം, പി.സി.സി. അധ്യക്ഷനെ മാറ്റി. മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍നിന്ന് നയിക്കുകയും ചെയ്ത കമല്‍നാഥിനെ മാറ്റി ഒ.ബി.സി. വിഭാഗത്തില്‍നിന്നുള്ള യുവനേതാവ് ജീതു പട്‌വാരിക്കാണ് പാര്‍ട്ടി ചുമതല നല്‍കിയിരിക്കുന്നത്. സ്ഥാനമൊഴിയുന്ന പി.സി.സി. അധ്യക്ഷന്‍ കമല്‍നാഥ് നല്‍കിയ സംഭാവനകളെ പാര്‍ട്ടി അഭിനന്ദിക്കുന്നു എന്നായിരുന്നു മധ്യപ്രദേശ് പി.സി.സി. അധ്യക്ഷനായി ജീതു പട്‌വാരിയെ നിയമിച്ചുകൊണ്ടുള്ള എ.ഐ.സി.സിയുടെ പത്രക്കുറിപ്പിലെ വാചകം. തലമുറ മാറ്റമെന്ന അനിവാര്യതയെ കോണ്‍ഗ്രസ് അംഗീകരിക്കുന്നു എന്നതും ഈ തീരുമാനം സാക്ഷ്യപ്പെടുത്തുന്നു. തീപ്പൊരി പ്രസംഗങ്ങള്‍ നടത്തുന്ന, ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നല്‍കുന്ന അന്‍പതു വയസ്സുകാരന്‍ ജീതു പട്‌വാരിയെ കാത്തിരിക്കുന്നത് ഭാരമേറിയ ഉത്തരവാദിത്വങ്ങളാണ്.
നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പിഴവ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രപരമായ നീക്കമായും ഈ തലമുറമാറ്റത്തെ കാണാം. കമല്‍നാഥ് എന്ന മുതിര്‍ന്ന നേതാവില്‍നിന്ന് പി.സി.സി. അധ്യക്ഷസ്ഥാനം താരതമ്യേന യുവരക്തമായ ജീതുവിലേക്ക് എത്തുമ്പോള്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമോ ഇല്ലയോ എന്ന് വരുംദിവസങ്ങള്‍ തെളിയിക്കും. 2018-ല്‍ 114 സീറ്റ് നേടി കമല്‍നാഥും കൂട്ടരും അധികാരം പിടിച്ചെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയുടെയും കൂട്ടരുടെയും മറുകണ്ടം ചാടലിലൂടെ ഭരണം നഷ്ടമാവുകയായിരുന്നു. ബി.ജെ.പി. നടത്തിയ ഓപ്പറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസിന്റെ കയ്യില്‍നിന്ന് ഭരണം ഊര്‍ന്നുപോയി. 2023-ല്‍ ഇക്കുറി, എങ്ങനെയും അധികാരം തിരിച്ചുപിടിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം. എന്നാല്‍ കോണ്‍ഗ്രസ് ചുവടുകള്‍ പാളുകയും ബി.ജെ.പി. ഭരണത്തുടര്‍ച്ച നേടുകയും ചെയ്തു. എക്സിറ്റ് പോള്‍ ഫലങ്ങളെയും ഞെട്ടിച്ചായിരുന്നു ബി.ജെ.പിയുടെ കുതിപ്പ്. 230 മണ്ഡലങ്ങളില്‍ ബി.ജെ.പി. 163-ഇടത്തും വിജയിച്ചു. കോണ്‍ഗ്രസ് 66 സീറ്റില്‍ ഒതുങ്ങി.
എന്തുകൊണ്ട് പട്‌വാരി?
കമല്‍നാഥിനെ പോലൊരു മുതിര്‍ന്ന നേതാവിന്റെ പകരക്കാരനാകാന്‍ ജീതു പട്‌വാരിയെ കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും? കാരണങ്ങള്‍ പലതാണ്. മധ്യപ്രദേശ് ജനസംഖ്യയില്‍ ഏകദേശം 52 ശതമാനം ഒ.ബി.സി. വിഭാഗക്കാരാണ്. ഈ വിഭാഗത്തില്‍നിന്നുളള ഒരു നേതാവിനെ പാര്‍ട്ടി നേതൃസ്ഥാനത്ത് എത്തിക്കുക വഴി കോണ്‍ഗ്രസ് ലക്ഷ്യംവെക്കുന്നത് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. ഒ.ബി.സി. വിഭാഗത്തില്‍നിന്നുള്ള മോഹന്‍ യാദവിനെ മുഖ്യമന്ത്രിയാക്കിയ ബി.ജെ.പി. തന്ത്രത്തിനുള്ള മറുതന്ത്രം കൂടിയാണ് കോണ്‍ഗ്രസ് നീക്കമെന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല.

മാള്‍വ-നിമാര്‍ മേഖലയില്‍നിന്നുള്ള നേതാവാണ് ജീതു. നിലവിലെ മുഖ്യമന്ത്രി മോഹന്‍ യാദവും ഇതേ മേഖലയില്‍നിന്നാണ് വരുന്നത്. രാഹുല്‍ ഗാന്ധിയുമായി അടുത്തബന്ധമുള്ള നേതാവ് കൂടിയാണ്. രാഹുലിന്റെ ഭാരത് ജോഡോ യാത്രയില്‍ സജീവമായി പങ്കെടുത്തിരുന്നു. കര്‍ഷകസമൂഹവുമായി അടുത്തബന്ധം പുലര്‍ത്തുന്ന നേതാവാണ് ജീതു. 2017-ല്‍ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് മന്ദസോറില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ പോലീസ് വെടിവെപ്പ് നടത്തിയിരുന്നു. അഞ്ച് കര്‍ഷകര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. സംഭവത്തിന് പിന്നാലെ അന്ന് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി മന്ദസോറിലേക്ക് പുറപ്പെട്ടപ്പോള്‍, ആ സംഘത്തില്‍ ജീതുവും ഉണ്ടായിരുന്നു.
ഇന്ദോറിന് സമീപത്തെ ചെറുഗ്രാമമായ ബീജല്‍പുറില്‍ 1973 നവംബര്‍ 19-നാണ് ജിതേന്ദ്ര പട്‌വാരി എന്ന ജീതു പട്‌വാരിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് പിന്നാലെ എല്‍.എല്‍.ബി. പൂര്‍ത്തിയാക്കി. ജീതുവിന്റെ അച്ഛന്‍, രമേശ് ചന്ദ്ര പട്‌വാരിയും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. മുത്തശ്ശന്‍ കോദര്‍ലാല്‍ പട്‌വാരി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുമുണ്ട്. മധ്യപ്രദേശ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ജീതു, എം.പി.സി.സിയുടെ വര്‍ക്കിങ് പ്രസിഡന്റും കോണ്‍ഗ്രസിന്റെ നാഷണല്‍ മീഡിയ പാനലിസ്റ്റുമാണ്. 2013-ലായിരുന്നു നിയമസഭയിലേക്കുള്ള കന്നിയങ്കം. റാവു മണ്ഡലത്തില്‍നിന്നായിരുന്നു ജനവിധി തേടിയത്. ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എ. ജീതു ജിറാത്തിയെ 18,000-ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജീതു പരാജയപ്പെടുത്തി. 2018-ലും ജീതു വിജയം ആവര്‍ത്തിച്ചു. തുടര്‍ന്ന് 15 മാസം അധികാരത്തിലിരുന്ന കമല്‍നാഥ് സര്‍ക്കാരില്‍ മന്ത്രിയായി. ഉന്നതവിദ്യാഭ്യാസം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ 2023-ല്‍ ബി.ജെ.പിയുടെ മധു വര്‍മയോട് പരാജയപ്പെട്ടു.
2020-ല്‍ ജ്യോതിരാദിത്യ സിന്ധ്യയും സംഘവും കൂറുമാറിയതിന് പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണപ്പോള്‍, രക്ഷാപ്രവര്‍ത്തനത്തിനും ജീതു മുന്‍നിരയിലുണ്ടായിരുന്നു. അന്ന് ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്ന വിമത എം.എല്‍.എമാരെ കാണാന്‍ ജീതു നേരിട്ടെത്തി. എം.എല്‍.എമാരെ കോണ്‍ഗ്രസ് കൂടാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നിയോഗവും പേറിയായിരുന്നു ജീതുവിന്റെയും ബലറാം ചൗധരിയും ഉള്‍പ്പെടെയുള്ളവരുടെ വരവ്. എന്നാല്‍ എം.എല്‍.എമാരെ കാണാന്‍ ജീതുവിനും സംഘത്തിനുമായില്ല. തുടര്‍ന്ന് ഇവര്‍ പോലീസിന് പരാതി നല്‍കി മടങ്ങുകയായിരുന്നു. തലപ്പൊക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ എണ്ണത്തില്‍ അല്‍പം പോലും പിന്നിലല്ല, മധ്യപ്രദേശ് കോണ്‍ഗ്രസ്. കമല്‍നാഥും ദിഗ്‌വിജയ് സിങ്ങും ഉള്‍പ്പെടെയുള്ള വമ്പന്മാരെ ജീതു എങ്ങനെ കൈകാര്യം ചെയ്യുമെന്നതും ശ്രദ്ധേയമാണ്.
എന്താകും കമല്‍നാഥിന്റെ രാഷ്ട്രീയഭാവി?

ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസ് മുഖങ്ങളില്‍ മുന്‍പന്തിയിലായിരുന്നു കമല്‍നാഥിന്റെ സ്ഥാനം. ദീര്‍ഘകാലം ലോക്‌സഭാ എം.പിയായിരുന്ന ഇദ്ദേഹം കേന്ദ്രമന്ത്രിസഭയില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 1980-ല്‍ ഛിന്ദ്‌വാഡ
മണ്ഡലത്തില്‍നിന്നാണ് കമല്‍നാഥ് ആദ്യമായി ലോക്സഭാംഗമാകുന്നത്. തുടര്‍ന്ന് 91 വരെ തുടര്‍ച്ചയായി മണ്ഡലത്തില്‍നിന്ന് വിജയിച്ചു. തുടര്‍ന്ന് 98 മുതല്‍ 2014 വരെ വീണ്ടും ഇതേ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലെത്തി. ഗാന്ധികുടുംബത്തിന്റെ വിശ്വസ്തരുടെ പട്ടികയിലും കമല്‍നാഥിന്റെ പേരുണ്ട്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഗാന്ധിയുടെ സ്‌കൂള്‍സഹപാഠി കൂടിയായിരുന്നു ഇദ്ദേഹം.
2018 ഏപ്രില്‍ 26-നാണ് കമല്‍നാഥ് മധ്യപ്രദേശ് പി.സി.സി. അധ്യക്ഷനാകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍പരാജയത്തിന് പിന്നാലെ അദ്ദേഹം സ്ഥാനം ഒഴിയുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെുടുപ്പുവരെ സ്ഥാനത്തു തുടരുമെന്നായിരുന്നു അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പുഫലം അവലോകനം ചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്ച. ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ എം.പി.സി.സി. അധ്യക്ഷസ്ഥാനത്ത് തുടരാന്‍ കമല്‍നാഥിനോട് യോഗത്തില്‍ ആവശ്യപ്പെട്ടു എന്നായിരുന്നു ഇതിന് പിന്നാലെ വന്ന വാര്‍ത്ത. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം ഒന്നും വന്നിരുന്നില്ല.
എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറം എം.പി.സി.സി. അധ്യക്ഷസ്ഥാനത്തുനിന്ന് കമല്‍നാഥിനെ നീക്കം ചെയ്തു. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയ മുഖങ്ങളിലൊന്നായിരുന്ന കമല്‍നാഥിന്റെ രാഷ്ട്രീയഭാവി ഇനിയെന്ത് എന്നൊരു ചോദ്യം ഈ സാഹചര്യത്തില്‍ ഉയരുന്നുണ്ട്. 77-കാരനായ കമല്‍നാഥിന് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുമോ എന്ന് കാത്തിരുന്ന് അറിയണം. അദ്ദേഹം കാലങ്ങളായി പ്രതിനിധീകരിച്ചിരുന്ന ഛിന്ദ്‌വാഡ മണ്ഡലത്തിന്റെ നിലവിലെ എം.പി. മകന്‍ നകുല്‍ നാഥാണ്. എം.പിയായെങ്കിലും കേന്ദ്രമന്ത്രിയായെങ്കിലും സ്വന്തം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദത്തില്‍ തുടരാന്‍ കമല്‍നാഥിന് കഴിഞ്ഞിരുന്നില്ല.
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്തതിലും കമല്‍നാഥിന് വീഴ്ചയുണ്ടായെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇന്ത്യാ മുന്നണിയിലെ മറ്റു കക്ഷികളുമായി കൊമ്പുകോര്‍ത്തതാണ് ഇതില്‍ പ്രധാനം. സമാജ്‌വാദി പാര്‍ട്ടിക്ക് സീറ്റ് ലഭിക്കാതെ വന്നതോടെ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ് തന്നെ നേരിട്ട് രംഗത്തെത്തുകയും അതൃപ്തി പ്രകടമാക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടും കമല്‍നാഥിനെതിരേ വിമര്‍ശനം ഉയരുന്നുണ്ട്. ഏകപക്ഷീയമായാണ് അദ്ദേഹം സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത് എന്നതാണ് ഇതില്‍ പ്രധാനം. ദിഗ്‌വിജയ് സിങ്ങും കമല്‍നാഥുമായിരുന്നു ഇത്തവണത്തെ പ്രചാരണവേളയിലെ കോണ്‍ഗ്രസ് മുഖങ്ങള്‍. രണ്ടാംനിരയിലെയും മൂന്നാംനിരയിലെയും നേതാക്കളെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനത്തില്‍ കാമ്പുണ്ട്. 77-കാരനായ കമല്‍നാഥിന്റെയും 76-കാരനായ ദിഗ്‌വിജയ് സിങ്ങിന്റെയും ജയ്-വീരു ജോഡി നിയമസഭാ പോരാട്ടത്തില്‍ ഏറ്റുമുട്ടിയത്, ഇവരേക്കാൾ പ്രായംകുറഞ്ഞ ശിവരാജ് സിങ് (64) ചൗഹാന്റെ ജനപ്രിയ പദ്ധതികളോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വന്‍പ്രചാരണത്തോടുമായിരുന്നു.
ബി.ജെ.പി.-കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനങ്ങള്‍
രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനമാണ് മധ്യപ്രദേശ്. ബി.ജെ.പിയുടെ ശക്തിദുര്‍ഗമായ ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളോടാണ് സംസ്ഥാനം അതിര്‍ത്തി പങ്കിടുന്നത്. 29 ലോക്‌സഭാ സീറ്റുകളാണ് മധ്യപ്രദേശിലുള്ളത്. 2019 പൊതുതിരഞ്ഞെടുപ്പില്‍ 28 സീറ്റുകളിലും ബി.ജെ.പി. വിജയിച്ചു. കോണ്‍ഗ്രസിന് ജയിക്കാനായത് ഒരേയൊരു മണ്ഡലത്തില്‍ മാത്രമായിരുന്നു. ജയിച്ചതാകട്ടെ ഛിന്ദ്‌വാഡ മണ്ഡലത്തില്‍നിന്ന് നകുല്‍നാഥും. 2024-ല്‍ കോണ്‍ഗ്രസിന് ബി.ജെ.പിയെ അധികാരത്തില്‍നിന്ന് താഴെ ഇറക്കണമെങ്കില്‍, ഹിന്ദി ഹൃദയഭൂമിയിലെ മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മികച്ച വിജയം നേടേണ്ടതുണ്ട്. അല്ലാത്തപക്ഷം അധികാരം കൈപ്പിടിയിലാക്കുന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിക്കുകയേ ഉള്ളൂ.

സംസ്ഥാനത്തെ ആറ് മേഖലകളും അവിടുത്തെ നിയമസഭാ സീറ്റുകളുടെ എണ്ണവും ഇങ്ങനെ: മാള്‍വ-നിമാര്‍(66), മഹാകോഷല്‍ (38), മധ്യഭാരത്(36), ഗ്വാളിയോര്‍-ചമ്പല്‍ (34), വിന്ധ്യ അല്ലെങ്കില്‍ ബാഘേല്‍ഖണ്ഡ് (30), ബുന്ദേല്‍ഖണ്ഡ് (26). മാള്‍വ-നിമാര്‍ മേഖലയിലെ 66 സീറ്റുകളില്‍ 48 മണ്ഡലങ്ങളില്‍ ബി.ജെ.പി. വിജയിച്ചു. 2018-നെ അപേക്ഷിച്ച് 20 സീറ്റുകളുടെ വര്‍ധനയാണ് ഉണ്ടായത്. 2018-ല്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്ത മേഖലായിരുന്നു ഇവിടം. മഹാകോഷല്‍ മേഖലയിലെ 38 മണ്ഡലങ്ങളില്‍ 21 ഇടത്തും വിജയിക്കാന്‍ ബി.ജെ.പിയ്ക്ക് കഴിഞ്ഞു.
2023 നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ വോട്ട് വിഹിതം പരിശോധിച്ചാല്‍, ബി.ജെ.പി.- 48.55%. കോണ്‍ഗ്രസ്- 40.4%. എന്നിങ്ങനെയാണ്. ഇനി അഞ്ചുകൊല്ലം മുന്‍പ് 2018-ലെ വോട്ട് വിഹിതം പരിശോധിച്ചാല്‍ ബി.ജെ.പി.- 41.02 %. കോണ്‍ഗ്രസ്- 40.89%. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് 58 ശതമാനം വോട്ടും കോണ്‍ഗ്രസിന് 34.5 ശതമാനം വോട്ടുമാണ് ലഭിച്ചത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് 27 സീറ്റും കോണ്‍ഗ്രസിന് രണ്ട് സീറ്റുമാണ് ലഭിച്ചിരുന്നത്. അന്നത്തെ വോട്ട് വിഹിതം 54.8%, കോണ്‍ഗ്രസ്-35.4%. നിയമസഭാ തിരഞ്ഞെടുപ്പില്‍നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ മധ്യപ്രദേശിന്റെ മനസ്സാകെ മാറുന്നത് വ്യക്തമാണ്. തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളും വിവാദങ്ങളുമൊക്കെ ഇതിന് കാരണമാകുമെങ്കിലും കോണ്‍ഗ്രസിന് അവരുടെ നില മെച്ചപ്പെടുത്തണമെങ്കില്‍ വോട്ടുകള്‍ നല്ല രീതിയില്‍ തങ്ങളുടെ പെട്ടിയിലേക്ക് എത്തിച്ചേ മതിയാകൂ. ജനസംഖ്യയില്‍ പാതിയിലേറെ വരുന്ന ഒ.ബി.സി. വിഭാഗത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്തുക എന്ന തന്ത്രം നടപ്പിലാക്കിയാല്‍ മാത്രമേ അത് സാധ്യമാകൂ. ബുന്ദേല്‍ഘണ്ട് മേഖലയില്‍ ആകെയുള്ള 26 മണ്ഡലങ്ങളില്‍ 21-ഉം തിരഞ്ഞെടുത്തത് ബി.ജെ.പി. പ്രതിനിധികളെയാണ്. വിന്ധ്യ മേഖലയില്‍ 25 സീറ്റും ബി.ജെ.പി. നേടി. മധ്യഭാരതിലും ബി.ജെ.പിയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 36 മണ്ഡലങ്ങളില്‍ 31 മണ്ഡലങ്ങളിലും ബി.ജെ.പി. ജയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കണമെങ്കില്‍ കോണ്‍ഗ്രസും ജീതുവും കഠിന പരിശ്രമം നടത്തേണ്ടിവരുമെന്നാണ് ഈ കണക്കുകള്‍ തെളിയിക്കുന്നു.
2003 മുതല്‍ 2023 വരെ പരിശോധിച്ചാല്‍ ഒ.ബി.സി. വിഭാഗത്തില്‍നിന്നുള്ളവരെയാണ് ബി.ജെ.പി. മുഖ്യമന്ത്രിയാക്കിയിട്ടുള്ളതെന്ന് കാണാനാവും. ഉമാഭാരതി, ബാബുലാല്‍ ഗോര്‍, ശിവരാജ് സിങ് ചൗഹാന്‍, മോഹന്‍ യാദവ് എന്നിങ്ങനെ നാലുപേരാണ് ഇക്കാലയളവില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനത്ത് എത്തിയിട്ടുള്ളത്. ഒ.ബി.സി. വിഭാഗക്കാരനായ ജീതുവിനെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് എത്തിക്കുന്നതിലൂടെ ഈ വിഭാഗത്തില്‍നിന്നുള്ള വോട്ടുകളുടെ പരമാവധി സമാഹരണമാണ് കോണ്‍ഗ്രസ് ലക്ഷ്യമാക്കുന്നത്.
സിന്ധ്യ ഫാക്ടര്‍
ജ്യോതിരാദിത്യ സിന്ധ്യ എന്ന നേതാവിന്റെ മറുകണ്ടം ചാടല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനുണ്ടാക്കിയ ആഘാതം ചെറുതല്ലെന്ന് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നുണ്ട്. 2018-ല്‍ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ 34-ല്‍ 27 സീറ്റും വിജയിക്കാനായത് ജ്യോതിരാദിത്യ സിന്ധ്യയുടെ കരുത്തിന്റെ കൂടി ബലത്തിലായിരുന്നു. 2008-ല്‍ 12 സീറ്റ് നേടിയിടത്തുനിന്നായിരുന്നു ഈ മിന്നുംനേട്ടം. എന്നാല്‍ ഇത് തിരിച്ചറിയാനോ അംഗീകരിക്കാനോ കോണ്‍ഗ്രസ് തയ്യാറായില്ല. അനാവശ്യ പിടിവാശികളിലൂടെ കമല്‍നാഥും ദിഗ്‌വിജയ് സിങ്ങും ജ്യോതിരാദിത്യ സിന്ധ്യയെ എതിര്‍പക്ഷത്താക്കി. മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ സിന്ധ്യയും 22 എം.എല്‍.എമാരും കൂറുമാറി ബി.ജെ.പി. ക്യാമ്പിലെത്തി. പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാരും കമല്‍നാഥും വീണു. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ സിന്ധ്യയ്ക്ക് യാതൊരു സ്വാധീനവുമില്ലെന്ന കോണ്‍ഗ്രസിന്റെ വാദം കാറ്റില്‍പ്പറക്കുന്നത് 2023-ല്‍ കണ്ടു. മേഖലയില്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനെത്തിയത് ദിഗ്‌വിജയ് സിങ്ങായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ 34-ല്‍ 19 സീറ്റാണ് ബി.ജെ.പി. നേടിയത്. എന്നാല്‍ മേഖലയില്‍ മത്സരിച്ച സിന്ധ്യയുടെ അനുയായികള്‍ പലരും പരാജയം രുചിച്ചു. സിന്ധ്യയ്‌ക്കൊപ്പം വന്നവരില്‍ 16 പേര്‍ ഇത്തവണ ജനവിധി തേടിയെങ്കിലും വിജയിച്ചത് എട്ടുപേര്‍ മാത്രമാണ്.

തലമുറമാറ്റം, യോജിച്ചുള്ള പോരാട്ടം -ഈ രണ്ട് ഘടകങ്ങളുടെ ആവശ്യകത കോണ്‍ഗ്രസിന്റെ ഇതര സംസ്ഥാന ഘടകങ്ങളോട് വിളിച്ചുപറയുന്ന ഫലമാണ് മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നല്‍കിയത്. തൊട്ടടുത്തുള്ള രാജസ്ഥാന്‍ കോണ്‍ഗ്രസിന് പ്രത്യേകിച്ചും. അശോക് ഗഹ്‌ലോത്-സച്ചിന്‍ പൈലറ്റ് ദ്വന്ദയുദ്ധത്തില്‍ കലങ്ങിക്കിടക്കുന്ന രാജസ്ഥാന്‍ കോണ്‍ഗ്രസ് മധ്യപ്രദേശില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാത്തപക്ഷം വലിയ തിരിച്ചടി നേരിടേണ്ടിവരും എന്നത് ഉറപ്പാണ്. മൂന്നുമാസത്തിനപ്പുറം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസിനും ഇന്ത്യാ മുന്നണിയ്ക്കും മുന്നേറണമെങ്കില്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികളെ വേരോടെ പിഴുതുമാറ്റുക തന്നെ വേണം. മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതത്തില്‍ വ്യത്യാസം ചെറുതാണെങ്കിലും സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വലിയ അന്തരമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം വിലയിരുത്തുമ്പോള്‍ ഈ കണക്കുകള്‍ കഥകളാകുന്നതും കാണാം. തെക്കുനിന്നുള്ള രണ്ട് സംസ്ഥാനങ്ങള്‍ ജീതുവിന് പ്രതീക്ഷ പകരുന്നുണ്ട്, കര്‍ണാടകയും തെലങ്കാനയും. ഓപ്പറേഷന്‍ താമരയിലൂടെ അധികാരം നഷ്ടമായെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുത്തിട്ടുണ്ട് കര്‍ണാടക കോണ്‍ഗ്രസ്. അതേസമയം, ചരിത്രം കുറിച്ചാണ് തെലങ്കാന മണ്ണില്‍ രേവന്ത് റെഡ്ഡി ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൈപിടിച്ചുയര്‍ത്തിയത്. ജീതു പട്‌വാരിയിലൂടെയുള്ള മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ തലമുറമാറ്റം എത്രകണ്ട് ഫലവത്താകുമെന്ന് അറിയാന്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ കാക്കേണ്ടിവരും.
Content Highlights: jitu patwari appointed as new pcc chief of madhya pradesh
Published: 18 Dec 2023, 03:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented