'ചെപ്പടിക്കുന്നില്‍ ചിന്നിച്ചിണുങ്ങും ചക്കരപ്പൂവെ, ചെന്നായ മമ്മീം അങ്കിള്‍ ബഗീരേം തേടുന്നു നിന്നെ'... ഇന്നത്തെ കുട്ടികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഈ പാട്ടിന് എൺപതുകളിലും തൊണ്ണൂറുകളിലും ജനിച്ചുവളര്‍ന്നവരുടെ ഓര്‍മകളില്‍ വളരെ വലിയ സ്ഥാനമുണ്ട്. ടെക് യുഗത്തില്‍ പിറന്നുവീണ, ബി.ടി.എസിൻ്റെയും കെ-ഡ്രാമകളും ആരാധിക്കുന്ന ഇന്നത്തെ തലമുറയുടെ സങ്കല്പത്തിനും അതീതമായിരിക്കും പെട്ടി പോലെയുള്ള ടിവിയും കാറ്റടിച്ചാല്‍ സിഗ്‌നല്‍ പോകുന്ന ആന്റിനയും ആ പഴയ ദൂരദര്‍ശനുമൊക്കെ. 

To advertise here,

കാലഘട്ടത്തിന്റെ രൂപഭേദങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രകടമാക്കുന്നവരാണ് കുഞ്ഞുങ്ങള്‍. മാറ്റങ്ങളോട് അനുരൂപപ്പെടാൻ കുട്ടികള്‍ക്കുള്ള കഴിവും അപാരമാണ്. സാങ്കേതികവിദ്യകളിലും മുതിര്‍ന്നവരെ കടത്തിവെട്ടുന്ന പരിജ്ഞാനം കുട്ടികള്‍ കാണിക്കാറുണ്ട്. 90സ് കിഡ്‌സില്‍ നിന്ന് ഇന്നത്തെ ജനറേഷന്‍ ആല്‍ഫയിലെത്തി നില്‍ക്കുമ്പോള്‍ കുട്ടികളുടെ ഇഷ്ടങ്ങളിലും അഭിരുചികളിലും സ്വഭാവത്തില്‍ പോലും രൂപപ്പെട്ട മാറ്റങ്ങളും വലുതാണ്. 

ഗൃഹാതുരതയിൽ അഭിരമിക്കുന്ന 90-സ് കിഡ്സ്

പൂമ്പാറ്റ മുതൽ ബാലഭൂമിയും മിന്നാമിന്നിയും വരെയുള്ള പ്രസിദ്ധീകരണങ്ങൾ വായിച്ചു വളര്‍ന്ന തലമുറ. ആകാശവാണിയിലെ പൂന്തേനരുവി കേട്ട് ദിവസം തുടങ്ങിയിരുന്ന ഒരു തലമുറ. ദൂരദര്‍ശനിലെ മഹാഭാരതവും ഓംനമശ്ശിവായയും ജംഗിള്‍ബുക്കും ഡക്ക്ടെയ്ല്‍സും കണ്ടുവളര്‍ന്ന തലമുറ. മൊബൈലും വീഡിയോ ഗെയിമുമൊക്കെ നമ്മുടെ നിയന്ത്രണം കൈയിലെടുക്കുന്നതിന് മുമ്പ് ' ജീവിച്ച ' തലമുറ. 80,90 കാലഘട്ടത്തില്‍ ജനിച്ചവര്‍ക്ക് ഇങ്ങനെയൊക്കെ വിശേഷണങ്ങള്‍ നല്‍കാം.

'ഒരു കാറ്റടിച്ചാല്‍ മതി ചാനല്‍ പണിമുടക്കും. പിന്നെ പുരപ്പുറത്ത് കയറി ആന്റിന പിടിച്ചുതിരിക്കലാണ്. തിരിച്ച് തിരിച്ച് ഒരുവിധം സിഗ്‌നല്‍ തിരിച്ചു വരുമ്പോഴേക്കും കണ്ടുകൊണ്ടിരുന്ന പരിപാടി തീര്‍ന്നിട്ടുണ്ടാകും. പക്ഷേ ഇന്ന് അതൊക്കെ ഒരു നഷ്ടബോധത്തോടു കൂടിയെ ഓര്‍ക്കാന്‍ കഴിയൂ.' - ഒരിക്കലും തിരിച്ചുകിട്ടാത്ത ആ സുഖമുള്ള ഓര്‍മകളൊക്കെ അയവിറക്കുകയാണ് എണ്‍പതുകളിലെ ഒരു ' കുട്ടി '.

'എന്റെ വീട്ടില്‍ ടിവി ഇല്ലായിരുന്നു. അടുത്ത വീട്ടിലാണ് അന്ന് ടിവി ഉള്ളത്. സ്‌കൂള്‍ വിട്ട് വന്ന് അവിടേയ്ക്ക് ഓടിയെത്തുമ്പോഴേക്കും ആ പരിസരത്തുള്ള എല്ലാവരും അവിടെയെത്തിയിട്ടുണ്ടാകും. ജംഗിള്‍ ബുക്കായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്‍ട്ടൂണ്‍. പിന്നെ ജ്വാലയായ്, നിറമാല, ചന്ദ്രകാന്ത അങ്ങനെ കുറേ സീരിയലുകള്‍. ഞായറാഴ്ചത്തെ മലയാളം സിനിമ, അതിനിടയ്ക്ക് വരുന്ന അഞ്ച് മിനിറ്റ് വാര്‍ത്ത. അന്ന് വീട്ടില്‍ ടിവിയുള്ളവര്‍ക്ക് ഒക്കെ എന്തായിരുന്നു പത്രാസ്. ഇടയ്ക്ക് അവര്‍ക്ക് താത്പര്യമില്ലാത്ത പരിപാടിയാണെങ്കില്‍ ടിവി ഓഫ് ചെയ്തു കളയും. അന്നത്തെ ഏറ്റവും വലിയ ആഗ്രഹം ഒരു ടിവി വാങ്ങണമെന്നായിരുന്നു.' - എന്ന് മറ്റൊരു 'കുട്ടി'യുടെ സാക്ഷ്യം. 

മായാവിയും ഡിങ്കനുമൊക്കെ സൂപ്പര്‍ ഹീറോ സ്ഥാനത്ത് ഭരിച്ചിരുന്ന കുട്ടികളുടെ മനസ്സിലേക്ക് വിദേശ പൗരന്മാരായ മൗഗ്ലിയും ഹീമാനും മിക്കി മൗസുമൊക്കെ കടന്നുവന്നത് ആ കാലയളവിലാണ്. 1995-ൽ ഇന്ത്യയില്‍ കാര്‍ട്ടൂണ്‍ നെറ്റ്​വർക്ക് ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചു. 90-സ് കിഡ്സിന്റെ കുട്ടിക്കാലം കളര്‍ഫുള്ളാക്കിയതില്‍ കാര്‍ട്ടൂണ്‍ നെറ്റ്​വർക്കിന്റെ പങ്ക് പ്രത്യേകം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. യോഗി ബെയര്‍ ഷോ, ദി ഫ്ളിന്‍സ്റ്റോൺസ്, സ്നോര്‍ക്ക്സ്, സ്‌കൂബി ഡൂ തുടങ്ങിയ എച്ച്-ബി കാര്‍ട്ടൂണുകള്‍ കുട്ടികളെ കൈയിലെടുത്തു. സ്‌കൂബി ഡൂ തന്നെയായിരുന്നു ജനപ്രീതിയില്‍ മുന്‍പന്തിയില്‍. ഒട്ടും വൈകാതെ എം.ജി.എം. പ്രൊഡക്ഷന്‍സിന്റെ ലോകപ്രശസ്തമായ ഒരു കാര്‍ട്ടൂണും കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്‌ സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ചു. പിന്നീട്  നടന്നത് ചരിത്രമാണ്. കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കിന്റെ ചരിത്രത്തില്‍ തന്നെ പകരംവെയ്ക്കാനില്ലാത്ത ഭാഗമായി അത് മാറി. ഒരു സംശയവും വേണ്ട പറഞ്ഞുവരുന്നത് സാക്ഷാല്‍ ടോം ആന്‍ഡ് ജെറിയെ കുറിച്ച് തന്നെ. പിന്നീട് ബെന്‍ ടെന്നും പോക്കിമോനുമൊക്കെ കാര്‍ട്ടൂണ്‍ നെറ്റ്​വർക്ക് ഭരിച്ചു. 

2004 -ല്‍ പോഗോ ടിവിയും രംഗത്തെത്തിയതോടെ കാര്‍ട്ടൂണുകളുടെ വിസ്മയലോകം തന്നെ കുട്ടികള്‍ക്ക് മുന്നില്‍ തുറന്നു. തോമസ് ആന്‍ഡ് ഫ്രണ്ട്സ്, ഓസ്വാള്‍ഡ് ദി ഒക്റ്റൊപസ്, മേക്ക് വേ ഫോര്‍ നോഡി ഇതൊക്കെ അന്നത്തെ കുട്ടികളുടെ ബാല്യത്തിന് നിറം പകര്‍ന്നു. ഇന്ത്യയൊട്ടാകെ ജനപ്രീതി നേടിയ ഇന്നും കുട്ടികളുടെ ഹീറോയായ ചോട്ടാഭീമും സംപ്രേഷണം ആരംഭിച്ചത് പോഗോയിലൂടെ തന്നെ. പിന്നീട് ഓഗി ആന്‍ഡ് ദി കോക്രോച്ചസ്, ലിറ്റില്‍ കൃഷ്ണ, മൈറ്റി രാജു, ലിറ്റില്‍ സിംഗം, കുംഭ്കര്‍ണ്‍ തുടങ്ങിയ കാര്‍ട്ടൂണുകളും കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിച്ചു. 

രണ്ടായിരത്തില്‍ പുറത്തിറങ്ങിയ അമേരിക്കന്‍ കാര്‍ട്ടൂണായ ഡോറ ദി എക്സ്പ്ലോറര്‍ മലയാളത്തില്‍ എത്തിയത് 2011-ലാണ്. അന്ന് തൊട്ട് ഇന്നുവരെ കുട്ടികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഡോറയ്ക്കുള്ള സ്ഥാനം മറ്റാര്‍ക്കും തട്ടിയെടുക്കാനായിട്ടില്ല. ഡിജിറ്റല്‍ യുഗത്തിന്റെ തുടക്കത്തോടെ കുട്ടികളുടെ സ്‌ക്രീന്‍ ടൈമും വര്‍ധിച്ചു, കാര്‍ട്ടൂണുകളുടെ സ്വഭാവവും മാറി. 

കൊറിയൻ 'ഹീറോസ്'

ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞവര്‍; അവരാണ് ജെന്‍ ആല്‍ഫ. 21-ാം നൂറ്റാണ്ടില്‍ ജനിച്ച കുട്ടികളെയാണ് ജനറേഷന്‍ ആല്‍ഫ അഥവാ ജെന്‍ ആല്‍ഫ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജെന്‍ ആല്‍ഫയിലെ ഭൂരിഭാഗം കുട്ടികളും ലോക്​ഡൗണ്‍ കാലത്ത് ജനിച്ചവരാണെന്നതാണ് കൗതുകം. ഉണ്ണാനും ഉറങ്ങാനും ഫോണ്‍ കൈയില്‍ നല്‍കുന്ന രക്ഷിതാക്കളുള്ള ഒരു തലമുറയായതു കൊണ്ടു തന്നെ ജെന്‍ ആല്‍ഫയുടെ പ്രധാന വിനോദോപാധികളെല്ലാം സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റി തന്നെയായിരിക്കുമെന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. ടെലിവിഷനോട് പോലും ഇന്നത്തെ കുട്ടികള്‍ മുഖം തിരിക്കുകയാണ്. അഥവാ ടിവി കാണുന്നുണെങ്കില്‍ തന്നെ യൂട്യൂബോ നെറ്റ്ഫ്ളിക്സോ ഉള്‍പ്പടെയുള്ള സ്ട്രീമിങ് സര്‍വീസുകള്‍ കണക്ട് ചെയ്ത് കാര്‍ട്ടൂണുകളോ വെബ്സീരിസുകളോ ആകും കുട്ടികള്‍ക്ക് താത്പര്യം. 

ടെലിവിഷൻ സംപ്രേഷണം ചെയ്യുന്ന കാർട്ടൂണുകളേക്കാൾ ഇപ്പോൾ കുട്ടികൾക്ക് പ്രിയം നെറ്റ്ഫ്ലിക്സും യൂട്യൂബുമൊക്കെ സ്ട്രീം ചെയ്യുന്ന കാർട്ടൂണുകളോടും മറ്റു പരിപാടികളോടുമാണ്. കോകോമെലൺ, മാഷാ ആൻഡ് ദി ബെയർ, പോ പെട്രോൾ തുടങ്ങിയവയാണ് കുട്ടികൾക്ക് പ്രിയം. കൂടാതെ അനിമെകൾ ഉൾപ്പടെ കൊറിയൻ ഷോസും സീരീസുകളുമൊക്കെ കുട്ടികളുടെ പ്ലേലിസ്റ്റിൽ കയറിക്കൂടി.

കൊറിയൻ എൻ്റർടെയ്ൻമെൻ്റിന് നമ്മുടെ കുട്ടികളുടെ ഇടയിൽ അതിഭീകരമായ സ്വാധീനമുണ്ട്. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾ പോലും ബി.ടി.എസിൻ്റെയും ബ്ലാക്ക് പിങ്കിൻ്റെയും പാട്ടുകൾ മനഃപാഠമാണ്. പണ്ട് സ്പൈഡർമാനും സൂപ്പർമാനുമൊക്കെയായിരുന്നു കുട്ടികളുടെ ഹീറോകളെങ്കിൽ ഇന്ന് അത് ബി.ടി.എസ്. അംഗങ്ങൾക്ക് വഴിമാറി. മലയാളത്തേക്കാൾ കൊറിയൻ ഭാഷ ഇഷ്ടപ്പെടുന്ന കുട്ടികൾ പോലും നമുക്ക് ചുറ്റുമുണ്ട്. അത്രയ്ക്കുണ്ട് കൊറിയൻ ഡ്രാമകൾക്ക് നമ്മുടെ കുട്ടികൾക്കിടയിലെ പ്രീതി. ആർമിബോംബ്, ബയസ്, ബിഗ് ഹിറ്റ്, ബി സൈഡ്, ഫാൻചാൻ്റ്, ഫാൻക്യാം, ഫെസ്റ്റ, സൈഫർ തുടങ്ങി ബി.ടി.എസ്. ഫാൻസ് അഥവാ ബി.ടി.എസ്. ആർമികളുടെ ഇടയിൽ  ഉപയോഗിക്കുന്ന വ്യത്യസ്കമായ സ്ലാങ്ങുകൾ തന്നെയുണ്ട്. ഇതിനൊപ്പം നമ്മുടെ നാവിന് അത്രയെളുപ്പത്തിൽ  വഴങ്ങാത്ത നിരവധി കൊറിയൻ വാക്കുകളുമുണ്ട്. ഇവയൊക്കെ ചേർത്ത് ബി.ടി.എസ്. ഡിക്ഷണറികളും ഓൺലൈനിൽ പോപ്പുലറാണ്.  ഈ സ്ലാങ്ങുകളൊക്കെ നഴ്സറി പ്രായത്തിലുള്ള കുട്ടികൾ വരെ അക്ഷരം തെറ്റാതെ പറയുന്നു എന്നതിലൂടെ കൊറിയൻ ഡ്രാമകൾക്കും ബാൻഡുകൾക്കും നമ്മുടെ നാട്ടിലെ കുട്ടികൾക്കിടയിലെ സ്വാധീനം എത്രത്തോളമാണെന്ന് മനസ്സിലാക്കാം.

'എനിക്ക് രണ്ടു മക്കളാണ്. ഒരാൾക്ക് ഏഴു വയസ്സ് മറ്റെയാൾക്ക് അഞ്ച് വയസ്സ്. ജങ്കുക്ക്, ജിമിൻ, വി, സുഗ, ജെ-ഹോപ്പ്, എൻ്റെ വീട്ടിൽ സ്ഥിരം കേൾക്കുന്ന കുറേ പേരുകളാണിത്. ബി.ടി.എസിൻ്റെയും ബ്ലാക്ക് പിങ്കിൻ്റെയും ഭയങ്കര ഫാൻസാണ് രണ്ടാളും. ഇടയ്ക്ക് ഞാൻ കേട്ടിട്ട് പോലുമില്ലാത്ത ഭാഷയിലൊക്കെ സംസാരിക്കുന്നത് കാണാം. കൊറിയനാണെന്നാണ് പറയുന്നത്. ഫ്രണ്ട്സിനൊടൊക്കെ ചാറ്റ് ചെയ്യുന്നതും കൊറിയൻ വാക്കുകളൊക്കെ ഉപയോഗിച്ചാണ്. മലയാളത്തിലുള്ള സിനിമയും പരിപാടികളുമൊന്നും രണ്ടു പേർക്കും തീരെ താത്പര്യമില്ല അവർക്ക് ഫുൾ ടൈം ബി.ടി.എസിൻ്റെ പാട്ട് മതി'. - ആലപ്പുഴ സ്വദേശിയായ രേഷ്മ പറയുന്നു. കൊറിയ സന്ദർശിക്കണം, കൊറിയൻ ഭാഷ പഠിക്കണം, ബി.ടി.എസിനെ നേരിട്ട് കാണണം, ഇന്നത്തെ കുട്ടികളിൽ ഭൂരിഭാഗത്തിൻ്റെയും വലിയ ആഗ്രഹങ്ങളിൽ ചിലതാണിത്. 

2023-ൽ  ഇന്ത്യയിലെ ടെലിവിഷന്‍ സീരിസുകളുടെ റാങ്കിങ് പട്ടികയില്‍ എല്ലാ ആഴ്ചയിലും ചുരുങ്ങിയത് രണ്ട് കൊറിയന്‍ സീരിസുകളെങ്കിലും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ടെന്നാണ് നെറ്റ്ഫ്‌ളിക്‌സ് വ്യക്തമാക്കുന്നത്. 2022-ല്‍ രണ്ടാഴ്ചകളില്‍ ഒന്നു വീതമായിരുന്നു പട്ടികയില്‍ ഇടം നേടുന്ന കൊറിയന്‍ സീരിസ്. മലയാളം സബ്‌ടൈറ്റിലും ഓഡിയോയും ഉപയോഗിച്ചും കെ-ഡ്രാമകള്‍ പുറത്തിറങ്ങുന്നുണ്ട്. കൊറിയൻ റിയാലിറ്റ് ഷോകൾക്കും ഇന്ത്യയിൽ വലിയ ആരാധക വൃന്ദമുണ്ട്. 

യാഥാർഥ്യത്തിൽ നിന്നുള്ള ഒളിച്ചോടൽ

ക്ലാസിലിരിക്കാന്‍, പഠിക്കാന്‍, പുസ്തകം വായിക്കാന്‍, പുറത്തിറങ്ങി കളിക്കാന്‍ മടിയുള്ള കുട്ടികള്‍ കാര്‍ട്ടൂണിന് മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നത് കാണാം.  എന്തുകൊണ്ടാകാം കുട്ടികള്‍ കാര്‍ട്ടൂണുകള്‍ ഇഷ്ടപ്പെടുന്നത്?  ടിവിയില്‍ സിനിമ കാണാനോ വാര്‍ത്ത കേള്‍ക്കാനോ മറ്റുപരിപാടികളോടോ കുട്ടികള്‍ ഇത്ര അഭിനിവേശം കാണിക്കാറുമില്ല. യഥാര്‍ഥ ലോകത്തിന് അന്യമായ ഒരു സാങ്കല്‍പ്പികതയുടെ ലോകത്തിലേക്ക് കാര്‍ട്ടൂണ്‍ കുട്ടികളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് വര്‍ണപ്പകിട്ടുള്ള ചലിക്കുന്ന ആ ചിത്രങ്ങളോട് കുട്ടികള്‍ക്ക് ഇത്ര പ്രിയമേറുന്നതും.

കുഞ്ഞുങ്ങളെ കാര്‍ട്ടൂണുകളുടെ മുന്നില്‍ പിടിച്ചിരുത്തുന്നതില്‍ പ്രധാന പങ്ക് നിറങ്ങള്‍ക്കുമുണ്ട്. മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികളെ കാര്‍ട്ടൂണ്‍ കാണാന്‍ പ്രേരിപ്പിക്കുന്നതും നിറങ്ങളും ചലനങ്ങളുമാണ്. അധികം ദൈര്‍ഘ്യമില്ലാത്തതും കാര്‍ട്ടൂണുകള്‍ കുട്ടികളെ മടുപ്പിക്കാത്തതിനു കാരണമാണ്. സിനിമയില്‍ മുഴുവന്‍ സമയവും ശ്രദ്ധ നല്‍കാന്‍ കുട്ടികള്‍ക്കാകാത്തതും കാര്‍ട്ടൂണ്‍ യാഥാര്‍ഥ്യത്തില്‍ നിന്നുള്ള രക്ഷപ്പെടലായി കുഞ്ഞുങ്ങള്‍ കാര്‍ട്ടൂണുകളെ കാണുന്നുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കുഞ്ഞുങ്ങളുടെ സങ്കല്‍പ്പത്തിലുള്ള, യാഥാര്‍ഥ്യത്തില്‍ ഒരിക്കലും സാധ്യമാവാത്ത പല കാര്യങ്ങളും കാര്‍ട്ടൂണുകളില്‍ നടക്കാറുണ്ട്.

തനിക്കും ചിറക് മുളച്ചിരുന്നെങ്കില്‍, പറക്കാന്‍ സാധിച്ചിരുന്നെങ്കില്‍, ആനയുടെ ശക്തി ലഭിച്ചിരുന്നെങ്കില്‍, മൃഗങ്ങളോടും പക്ഷികളോടും സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നൊക്കെ ചിന്തിക്കാത്ത കുട്ടികളുണ്ടോ. അവരാഗ്രഹിക്കുന്നതെല്ലാം കാര്‍ട്ടൂണിലെ തങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ ചെയ്യുന്നത് കാണുമ്പോള്‍ കുട്ടികള്‍ കാര്‍ട്ടൂണുകളുടെ സാങ്കല്‍പ്പിക ലോകത്തിലേക്ക് ആകൃഷ്ടരാകുന്നു. കുഞ്ഞുങ്ങളുടെ ഭാവന ആഗ്രഹിക്കുന്നതെന്താണോ അതാണ് കാര്‍ട്ടൂണ്‍ നല്‍കുന്നതും. 

കുട്ടികളുടെ ക്രിയാത്മകത മെച്ചപ്പെടുത്തുന്നതിലും കാര്‍ട്ടൂണ്‍ സഹായകമാകാറുണ്ട്. കാര്‍ട്ടൂണുകള്‍ കുട്ടികളുടെ വൈകാരികബുദ്ധി വികസിപ്പിക്കുന്നതായും പഠനങ്ങളുണ്ട്. കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളോട് വൈകാരികമായ ഒരടുപ്പവും തോന്നാറുണ്ട്. കാര്‍ട്ടൂണിലെ കഥാപാത്രങ്ങളെ സുഹൃത്തുക്കളായി പലപ്പോഴും കുട്ടികള്‍ കണക്കാക്കുന്നു. പല കാര്‍ട്ടൂണുകളും നല്ല ജീവിതപാഠങ്ങള്‍ മനസ്സിലാക്കാന്‍ കുഞ്ഞുങ്ങളെ സഹായിക്കുന്നുമുണ്ട്. വികൃതി കാണിക്കുന്നത് മോശം സ്വഭാവമാണെന്നും കുഞ്ഞുങ്ങള്‍ സ്വയം മനസ്സിലാക്കുന്നു. 

സൗഹൃദങ്ങളെ പറ്റി, ബന്ധങ്ങളെ പറ്റി, നല്ലതും ചീത്തയും തിരച്ചറിയുന്നതിനെ പറ്റി, വിവിധ തരത്തിലുള്ള വികാരങ്ങളെ പറ്റിയൊക്കെ കുട്ടികളെ കാര്‍ട്ടൂണ്‍ പഠിപ്പിക്കുന്നു. വികൃതി കാണിക്കുന്നത് മോശം സ്വഭാവമാണെന്നും മാതാപിതാക്കളെ അനുസരിക്കണമെന്നുമൊക്കെ കാര്‍ട്ടൂണുകളിലൂടെ കുട്ടികള്‍ മനസ്സിലാക്കുന്നുണ്ട്. കുട്ടികളുടെ ഭാഷ മെച്ചപ്പെടുത്താനും മറ്റു ഭാഷകള്‍ പഠിക്കാനും കാര്‍ട്ടൂണുകള്‍ സഹായിക്കുന്നുണ്ട്. ഇവയ്‌ക്കൊക്കെ പുറമെ തമാശ നിറഞ്ഞ കഥകള്‍ കുഞ്ഞുങ്ങളെ രസിപ്പിക്കുന്നു. ഈ ഘടകങ്ങളെല്ലാം കാര്‍ട്ടൂണുകളിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നു. ധൈര്യശാലികളാകണമെന്നും ഏതു പ്രശ്‌നങ്ങളെയും നേരിടണമെന്നും കുട്ടികള്‍ കാര്‍ട്ടൂണിലൂടെ മനസ്സിലാക്കുന്നു.

എന്നാല്‍ ചില സാഹചര്യങ്ങളില്‍ അത് പ്രതികൂലമായി ബാധിക്കുകയും കുട്ടികളെ പല അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്.  വയലന്‍സിന്റെ അതിപ്രസരമുള്ള കാര്‍ട്ടൂണുകള്‍ കുട്ടികളിലും അക്രമവാസന ഉടലെടുക്കാന്‍ കാരണമാകുന്നു. ദേഷ്യം പ്രകടിപ്പിക്കാന്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുക, കളിപ്പാട്ടങ്ങളും മറ്റും എറിഞ്ഞുടയ്ക്കുക, മറ്റുള്ളവരെ ഉപദ്രവിക്കുക തുടങ്ങിയ ശീലങ്ങളൊക്കെ കുട്ടികളിലേ്ക്കെത്തുന്നു. കാര്‍ട്ടൂണുകളില്‍ വയലന്‍സ് സാധാരണമാകുമ്പോള്‍ യഥാര്‍ഥ ജീവിതത്തിലും അക്രമവാസന പ്രകടിപ്പിക്കുന്നതില്‍ കുട്ടികള്‍ക്ക് അസ്വാഭാവികത തോന്നാതെ വരുന്നു. മറ്റുള്ളവര്‍ക്ക് വേദനിക്കുമെന്നോ അവര്‍ക്ക് മുറിവുകളുണ്ടാകുമെന്നോ അത് അപകടകരമാകുമെന്നോ ചിന്തിക്കാനുള്ള ശേഷി കുട്ടികള്‍ക്ക് നഷ്ടപ്പെട്ടു പോകുന്നുണ്ട്. മുറിവേറ്റാലും തല്ലുകൊണ്ടാലും യാതൊരു പ്രശ്‌നവുമില്ലാതെ അടുത്ത എപ്പിസോഡില്‍ പഴയതിലും ഉന്മേഷത്തോടെ ജീവന്‍ വയ്ക്കുന്ന കഥാപാത്രങ്ങളെ പോലെയാണ് യഥാര്‍ഥ ജീവിതത്തിലെ മനുഷ്യരെന്നുമുള്ള തോന്നല്‍ കുട്ടികള്‍ക്ക് ഒരുപക്ഷേ ഉണ്ടായിട്ടുണ്ടാവാം. 

അപകടമാകുന്ന ആസക്തി

പുറത്തിറങ്ങി കളിക്കാനോ മറ്റ് കായികവിനോദങ്ങളിലേര്‍പ്പെടാനോ കാര്‍ട്ടൂണിനോടും മറ്റുമുള്ള അമിതാസക്തി കുട്ടികളെ അനുവദിക്കാറില്ല. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്നുണ്ട്. കുട്ടികളുടെ സാമൂഹിക ഇടപെടലിനെ ഇത് ബാധിക്കുന്നുണ്ട്. മറ്റുള്ളവരോട് സംസാരിക്കാനോ മറ്റു കുട്ടികളുമായി കളിക്കാനോ സമയം ചെലവഴിക്കാന്‍ കുട്ടികള്‍ക്ക് താത്പര്യമില്ലാതെ വരുന്നു. ഭൂരിഭാഗം കുട്ടികളും കാർട്ടൂണുകളും സീരീസുകളുമൊക്കെ കാണുന്നത് ഫോണിലാണ്. ഇത് കുട്ടികളില്‍ ഫോണിന്റെ ഉപയോഗവും കൂട്ടുന്നു. കാര്‍ട്ടൂണ്‍ കാണിച്ചാല്‍ മാത്രം ഭക്ഷണം കഴിക്കുന്ന, ബഹളമുണ്ടാക്കാതിരിക്കുന്ന കുട്ടികളുണ്ട്. ഈ സ്വഭാവങ്ങളൊക്കെ കാര്‍ട്ടൂണ്‍ ആസക്തി എത്ര ഭീകരമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.  മാതാപിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ കുട്ടികള്‍ക്ക് പറ്റിയ ഉള്ളടക്കമല്ലാത്ത പല വീഡിയോകളും കുഞ്ഞുങ്ങള്‍ കാണാനിടയായേക്കാം. കൂടാതെ വായനയിൽ നിന്ന് ഏറെയകലെയാണ് ഇന്നത്തെ കുട്ടികൾ.

ബാലപ്രസിദ്ധീകരണങ്ങളുണ്ടെന്ന് പോലുമറിയാത്ത കുഞ്ഞുങ്ങളുണ്ട്. ഇപ്പോഴത്തെ കുട്ടികള്‍ വേറെ ഒരു യൂണിവേഴ്‌സിലാണെന്ന് പറയേണ്ടി വരും. അവര്‍ക്ക് റിയലിസ്റ്റിക് കഥകളാണിഷ്ടം. കാര്‍ട്ടൂണുകളിലും വീഡിയോ ഗെയിമുകളിലുമൊക്കെ എന്റര്‍ടെയ്ന്‍മെന്റ് കണ്ടെത്തുമ്പോള്‍ അവയുടെ സ്വാധീനം കഥകളിലേക്കും ബാലപ്രസിദ്ധീകരണങ്ങളിലേക്കും കടന്നുവരുന്നു. കുട്ടികള്‍ക്ക് താത്പര്യമായതുകൊണ്ടു തന്നെ പ്രമുഖ കാര്‍ട്ടുണുകള്‍ വാങ്ങി ചിത്രകഥാരൂപത്തില്‍ പ്രസിദ്ധീകരിക്കാറുണ്ട്.

കുട്ടികള്‍ വായനയില്‍ നിന്നകലുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം രക്ഷാകര്‍ത്തക്കള്‍ക്കു തന്നെയാണ്. വായന കുട്ടികളുടെ വളര്‍ച്ചയില്‍ എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നുണ്ട് എന്ന ബോധ്യമുള്ള രക്ഷകര്‍ത്താക്കള്‍ കുറവാണ്.  ചെറുപ്പം മുതലെ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയാല്‍ തീര്‍ച്ചയായും അവര്‍ വായനയോട് താത്പര്യം പ്രകടിപ്പിക്കുക തന്നെ ചെയ്യും. വായനയുടെ രസം മനസ്സിലാക്കിയാല്‍ അവര്‍ പിന്നെ പുസ്തകങ്ങളോട് മുഖം തിരിക്കില്ല. - ബാലസാഹിത്യകാരിയായ അഖില പ്രിയദര്‍ശിനി പറയുന്നു.

അമിതമായ സ്‌ക്രീന്‍ ടൈം കുട്ടികളുടെ മാനസികവളര്‍ച്ചയെ ബാധിക്കാനിടയുണ്ട്. മറ്റൊന്നിലും വാപൃതരാവാതെ കാര്‍ട്ടൂണുകളുടെയും യാഥാർഥ്യവുമായി ബന്ധമില്ലാത്ത നിറമുള്ള വശം മാത്രം പ്രകടിപ്പിക്കുന്ന  സാങ്കല്‍പ്പിക ലോകത്തേക്ക് കുട്ടികള്‍ ഒതുങ്ങിപ്പോകുന്നു. ശ്രദ്ധക്കുറവ്, സംസാരവൈകല്യം, സ്വഭാവവൈകൃതമൊക്കെ അമിതമായ കാര്‍ട്ടൂണ്‍ ആസക്തി കുട്ടികളിലുണ്ടാക്കിയേക്കാമെന്നും പഠനങ്ങളുണ്ട്.

കുഞ്ഞുങ്ങള്‍ കാണുന്ന പരിപാടികള്‍ അവരുടെ ബ്രെയിന്‍ ഡെവലപ്പ്‌മെന്റിനെ ബാധിക്കുന്നുണ്ട്. കുട്ടികളില്‍ അവ വലിയ സ്വാധീനമാണുണ്ടാക്കുന്നത്. നാല് വയസ്സ് അഞ്ച് വയസ്സില്‍ കാണുന്ന കാര്യങ്ങള്‍ ഇരുപതുകളിലും നമ്മുടെ ജീവിതത്തെ ബാധിക്കുന്നു. അമിതമായ സ്‌ക്രീന്‍ ടൈം കുട്ടികളിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. അത് അവരില്‍ ഏകാഗ്രത കുറവുണ്ടാക്കുന്നു. സ്‌ക്രീന്‍ ടൈം അമിതമാകുന്നത് കുഞ്ഞുങ്ങളില്‍ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിടി ഡിസോഡര്‍ (എഡിഎച്ച്ഡി) സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും പഠനങ്ങളുണ്ട്. അതുകൊണ്ടു തന്നെ കുട്ടികളുടെ സ്‌ക്രീന്‍ ടൈം പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്നാണ് കൗൺസിലറും സോഫ്റ്റ് സ്കിൽ ഡെവലപ്പറുമായ അഞ്ജന ശ്രീകുമാർ വ്യക്തമാക്കുന്നത്. 

കുട്ടികളുടെ സ്ക്രീൻ ടൈം അമിതമാവാതെ നോക്കേണ്ടത് രക്ഷകർത്താക്കളുടെ ഉത്തരവാദിത്വമാണ്. മൊബൈൽ ഫോണിൽ മാത്രം ഒതുങ്ങിക്കൂടാതെ പുസ്തകങ്ങൾ പരിചയപ്പെടുത്തണം, പ്രകൃതിയെ പഠിക്കാൻ പൂവിനെയും പൂമ്പാറ്റയേയുമറിയാൻ കുഞ്ഞുങ്ങൾക്ക് അവസരം നൽകണം.