
അരി കയറ്റുമതിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഏതാണ്ട് 140 രാജ്യങ്ങളിലേക്കാണ് ഇന്ത്യ വിവിധ തരത്തിലുള്ള അരി കയറ്റുമതി ചെയ്യുന്നത്. ഗുണവും വിലക്കുറവുമുള്ള ഇന്ത്യന്‍ അരി ഇതിനോടകം തന്നെ ആഗോളവിപണിയില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. അരി ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ചൈന പോലും ഇന്ത്യയില്‍ നിന്നുള്ള അരി ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ അരി ലഭ്യത ഉറപ്പാക്കാനുള്ള നടപടിയുടെ ഭാഗമായി ബസുമതി ഒഴികെയുള്ള അരിയുടെ കയറ്റുമതി നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നു. രാജ്യത്ത് ഉത്പാദനം കുറഞ്ഞത് വിലക്കയറ്റത്തിലേക്കും ക്ഷാമത്തിലേക്കും നയിച്ചേക്കുമെന്ന വിലയിരുത്തലുകളെ തുടര്‍ന്നാണ് ഇതിനെ പ്രതിരോധിക്കാനുള്ള കേന്ദ്രനീക്കം. എന്നാല്‍ നിരോധനം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെങ്കിലും അത് ആഗോള അരി വിപണിയില്‍ വലിയ രീതിയില്‍ പ്രത്യാഘാതം ഉണ്ടാക്കിയേക്കാം. ഇന്ത്യയുടെ നിരോധനം ലോക അരി വിപണിയെ എങ്ങനെയാണ് സ്വാധീനിക്കുക?
ഇന്ത്യ- അരി ഉത്പാദനത്തില്‍ മുന്‍പില്‍, കയറ്റുമതിയിലും വമ്പന്‍
അരി കയറ്റുമതിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. തായ്‌ലന്‍ഡ്, വിയറ്റ്‌നാം, പാകിസ്താന്‍, മ്യാന്‍മാര്‍, ചൈന എന്നിവയാണ് കയറ്റുമതിയില്‍ മുന്‍പന്തിയിലുള്ള മറ്റ് രാജ്യങ്ങള്‍. കയറ്റുമതിയില്‍ മുന്നിലാണെങ്കിലും ഉത്പാദനത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം മാത്രമാണുള്ളത്. ചൈനയാണ് ഒന്നാം സ്ഥാനത്തുള്ളത്. ലോകത്തിന്റെ അരി ആവശ്യത്തിന്റെ 40 ശതമാനവും നിറവേറ്റുന്നത് ഇന്ത്യയാണ്. 2022- 23 വര്‍ഷം 2.13 കോടി ടണ്‍ അരിയാണ് ഇന്ത്യ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. ഇതില്‍ 40 ലക്ഷം ടണ്‍ ബസ്മതി അരിയും 173 ലക്ഷം ടണ്‍ മറ്റിനം അരികളുമാണ്. അയല്‍ രാജ്യങ്ങളായ തായ്ലന്‍ഡ് 82 ലക്ഷം ടണ്ണും വിയറ്റ്‌നാം 68 ലക്ഷം ടണ്‍ അരിയുമാണ് ഇതേ കാലയളവില്‍ കയറ്റുമതി ചെയ്തത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 15.54 ലക്ഷം ടണ്‍ അരിയാണ് രാജ്യത്ത് നിന്ന് കയറ്റി അയച്ചത്. കഴിഞ്ഞവര്‍ഷം ഇതേസമയം ഇത് 11.55 ലക്ഷം ടണ്‍ ആയിരുന്നു. 35 ശതമാനമാണ് കയറ്റുമതിയിലുണ്ടായ വര്‍ധനവ്.
വരള്‍ച്ചയെതുടര്‍ന്ന് തായ്‌ലാന്‍ഡില്‍നിന്നുള്ള കയറ്റുമതിയില്‍ കാര്യമായ കുറവുണ്ടായി. വിയറ്റ്‌നാമിലാകട്ടെ വിളവ് കുറയുകയും ചെയ്തു. അതുകൊണ്ടാണ് ഇന്ത്യയില്‍ നിന്നുള്ള അരിക്ക് ആഗോളവിപണിയില്‍ പ്രിയമേറിയത്. 140-ല്‍ അധികം രാജ്യങ്ങളിലേക്കാണ് ഇന്ത്യ അരി കയറ്റുമതി ചെയ്യുന്നത്. ബംഗ്ലാദേശ്, നേപ്പാള്‍, സെനഗല്‍, ആഫ്രിക്കന്‍ രാജ്യങ്ങളായ കാമറൂണ്‍, ബെനിന്‍,ജിബൂട്ടി, ഗിനിയ, അംഗോള, ഐവറി കോസ്റ്റ്, കെനിയ എന്നിവയ്ക്ക് പുറമേ നേപ്പാൾ. ഇറാൻ, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയില്‍നിന്ന് അരി കയറ്റി അയക്കുന്നുണ്ട്. നിരോധനം ഏര്‍പ്പെടുത്താത്ത ബസുമതി ഇനത്തില്‍പ്പെട്ട അരി ഇറാനിലേക്കും സൗദി അറേബ്യയിലേക്കും ഇറാഖിലേയ്ക്കും അയയ്ക്കുന്നുണ്ട്. ലഭ്യതകുറഞ്ഞതിനെതുടര്‍ന്ന് ആഗോള വിപണിയില്‍ വില കൂടിയപ്പോള്‍ കുറഞ്ഞവിലയ്ക്ക് അരി നല്‍കാന്‍ ഇന്ത്യ തയ്യാറായതും കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇടയാക്കി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും കുറഞ്ഞവിലയ്ക്ക് അരിനല്‍കാന്‍ സഹായിച്ചു.

അരി കയറ്റുമതിക്ക് നിരോധനം അപ്രതീക്ഷിതമല്ല
ജൂലായ് 20നായിരുന്നു അരി കയറ്റുമതി നിരോധനം സംബന്ധിച്ച് ഇന്ത്യയുടെ സുപ്രധാനവും എന്നാല്‍ പ്രതീക്ഷിതവുമായ പ്രഖ്യാപനം പുറത്തുവന്നത്. കേന്ദ്ര ഉപഭോക്തൃ കാര്യ-ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റേതായിരുന്നു പ്രഖ്യാപനം. ഇന്ത്യന്‍ വിപണിയില്‍ ആവശ്യത്തിന് അരി ലഭ്യത ഉറപ്പുവരുത്താനും ആഭ്യന്തര വിപണിയിലെ വിലക്കയറ്റം ലഘൂകരിക്കുന്നതിനുമായാണ് നടപടിയെന്നാണ് മന്ത്രാലയം വിശദീകരിച്ചത്. ഗോതമ്പിനും പഞ്ചസാരയ്ക്കും പിന്നാലെ അരി കയറ്റുമതിയിലും നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ബസുമതി ഒഴികെയുള്ള അരികളുടെ കയറ്റുമതിക്കാണ് ഇന്ത്യ ഇപ്പോള്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം ബസുമതി ഒഴികെയുള്ള അരിയുടെയും ബസുമതി അരിയുടെയും കയറ്റുമതി നയത്തില്‍ സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. 2022 സെപ്തംബറില്‍ ബസുമതി ഒഴികെയുള്ള അരിക്ക് ഇന്ത്യ 20 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു. എങ്കില്‍പ്പോലും ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അരി കയറ്റുമതിയില്‍ 8.46 ലക്ഷം മെട്രിക് ടണ്‍ ആണ് കയറ്റുമതിയില്‍ ഉണ്ടായ വര്‍ധനവ്. ബസുമതി ഒഴികെയുള്ള അരിയുടെ ചില്ലറ വില്‍പ്പന വില ഒരു വര്‍ഷത്തിനിടെ 11.5% വും കഴിഞ്ഞ മാസത്തില്‍ 3% വും വര്‍ധിച്ചിട്ടുണ്ട്. കയറ്റുമതിയിലുണ്ടായ വര്‍ധനവ് ആഭ്യന്തരവിപണിയിലെ അരി ലഭ്യതയെ ബാധിക്കുകയും വില വര്‍ധിക്കുകയും ചെയ്തു. ഇതിനെ നേരിടാനാണ് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഇടപെടല്‍.
'ഇന്ത്യയുടെ തീരുമാനം ആഗോള അരി വിപണിയെ ഗുരുതരമായി ബാധിക്കുമെന്നാണ് കയറ്റുമതി വ്യവസായികള്‍ തീരുമാനത്തോട് പ്രതികരിച്ചത്. ഒരുപക്ഷെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ ഗോതമ്പ് കയറ്റുമതിക്ക് യുക്രൈന്‍ ഏര്‍പ്പെടുത്തിയ നിരോധനം ആഗോളവിപണിയെ തകര്‍ത്തതിനേക്കാള്‍ രൂക്ഷമാവും ഇന്ത്യയുടെ നിരോധനത്തിന്റെ പ്രത്യാഘാതമെന്ന് ഇന്ത്യന്‍ റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി.വി കൃഷ്ണ റാവു പ്രതികരിച്ചു.
ജൂലായ് 20, വ്യാഴാഴ്ച രാത്രിയിലെ ഇന്ത്യയുടെ പ്രഖ്യാപനം ലോകവിപണിയില്‍ ഇതിനോടകം തന്നെ അരിവില ഉയര്‍ത്തിയിട്ടുണ്ട്. ടണ്ണിന് 460-480 ഡോളറില്‍ നിന്നു വില 500 ഡോളറിലേക്കു കയറി. ഈയാഴ്ച വീണ്ടും കയറുമെന്നും താമസിയാതെ 700 ഡോളറാകുമെന്നും കരുതുന്നവരുണ്ട്.

നിരോധനം ഗുണം ചെയ്യുക വിയറ്റ്‌നാമിനും തായ്‌ലന്റിനും, തിരിച്ചടി അയല്‍രാജ്യങ്ങള്‍ക്ക്
നിരോധനത്തിന്റെ ഉദ്ദേശ്യം ഇന്ത്യയെ സംബന്ധിച്ച് നല്ലതാണെങ്കിലും പ്രത്യാഘാതം അത്ര നല്ലതാകില്ല. ഇന്ത്യയുടെ അയല്‍രാജ്യങ്ങളും സുഹൃത്തുക്കളുമായ ബംഗ്ലാദേശിനും നേപ്പാളിനുമാണ് നിരോധനം ഏറ്റവുമധികം പ്രശ്‌നം ഉണ്ടാക്കുക. 10 ലക്ഷം ടണ്ണോളം അരി കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് ഇന്ത്യയില്‍ നിന്നു വാങ്ങിയിരുന്നു. ഈ സൗഹൃദ രാജ്യങ്ങള്‍ ഇനി കൂടിയ വിലയ്ക്കു മറ്റു രാജ്യങ്ങളില്‍ നിന്ന് അരി വാങ്ങേണ്ടി വരും. എന്നാല്‍ ഇന്ത്യയെ അപേക്ഷിച്ച് വലിയ വിലയാണ് ഈ രാജ്യങ്ങള്‍ അരിക്ക് ഈടാക്കുന്നത് എന്നാണ് ആഗോള വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
നിരോധനം ഗുണം ചെയ്യുന്നത് വിയറ്റ്‌നാമിനും തായ്‌ലന്റിനുമടക്കമുള്ള രാജ്യങ്ങള്‍ക്കാവും. ഇതിന് പുറമേ പാകിസ്താനും മ്യാന്‍മാറിനും നേട്ടമാണ്. ഇന്ത്യയില്‍ നിന്നുള്ള വിതരണം തടസ്സപ്പെട്ടാല്‍ ബംഗ്ലാദേശിലേക്കും മ്യാന്‍മാറിലേക്കും തുടങ്ങി ഇന്ത്യയുടെ അരിയുടെ ഉപഭോക്താക്കളായ രാജ്യങ്ങളിലെല്ലാം വിപണി കണ്ടെത്താന്‍ ഇവര്‍ക്ക് സാധ്യമാവും. തായ്‌ലന്‍ഡ്, വിയറ്റ്‌നാം, പാകിസ്താന്‍, മ്യാന്‍മാര്‍, ചൈന, യു.എസ്, കംബോഡിയ, ബ്രസീല്‍, യുറുഗ്വായ് തുടങ്ങിയ രാജ്യങ്ങളാണ് അരി കയറ്റുമതിയിലൂടെ നേട്ടം കൊയ്യുന്ന മറ്റ് രാജ്യങ്ങള്‍.
അരി വാങ്ങിക്കൂട്ടാന്‍ തിരക്കുകൂട്ടി പ്രവാസി ഇന്ത്യക്കാര്‍
അരി ലോകത്തെ മൂന്ന് ബില്ല്യണിലധികം ആളുകളുടെ പ്രധാന വിഭവമാണ്. ഇന്ത്യക്കാര്‍ക്ക് പുറമേ ഏഷ്യന്‍ രാജ്യങ്ങളിലെല്ലാം അരി പ്രചാരത്തിലുണ്ട്. ഇവരിലൂടെ വിദേശരാജ്യങ്ങളിലും അരി വിപണി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ അരി കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം പ്രവാസികളായ ഇന്ത്യാക്കാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതിനാല്‍ അരി വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ഇന്ത്യന്‍ സമൂഹമുള്‍പ്പെടുന്ന വിഭാഗം. ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതിക്ക് നിരോധനം വന്നതോടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത അരിക്ക് ക്ഷാമം നേരിട്ടേക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് പ്രവാസി ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടാനാരംഭിച്ചത്.
വടക്കേ അമേരിക്ക, യൂറോപ്പ്, പടിഞ്ഞാറന്‍ ഏഷ്യ എന്നിവിടങ്ങളിലെ മലയാളി, തെലുങ്ക്, തമിഴ് വിഭാഗത്തില്‍പ്പെട്ടവരാണ് അരി നിരോധനത്തോടെ പ്രധാനമായും ആശങ്കയിലായിരിക്കുന്നത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ലഭിക്കുന്ന ഗ്രോസറി കടകള്‍ക്ക് മുന്നില്‍ ആളുകളുടെ വലിയ നിരയാണ് ഈ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. 9 കിലോഗ്രാമിന്റെ ഒരു ചാക്ക് അരിക്ക് 27 ഡോളറാണ് വില (ഏകദേശം 2210 രൂപ). തിരക്ക് കൂടിയതോടെ ഒരാള്‍ക്ക് പരമാവാധി വാങ്ങാവുന്ന അരിയുടെ അളവിലും കടകള്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ടെക്‌സസ്, മിഷിഗണ്‍, ന്യൂജേഴ്‌സി തുടങ്ങിയ സ്ഥലങ്ങളിലെ ഇന്ത്യന്‍ ഗ്രോസറികളില്‍ ഒരാള്‍ക്ക് ഒരു ചാക്ക് അരി വീതമേ നല്‍കൂ എന്ന അറിയിപ്പ് പ്രദര്‍ശിപ്പിച്ചിട്ടുപോലുമുണ്ടെന്ന് ആളുകള്‍ പറഞ്ഞു. ഇതിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അലബാമയിലും ഇല്ലിനോയിസിലും സ്ഥിതി അല്‍പം മെച്ചമാണ്. കോവിഡ് കാലത്ത് സാധനങ്ങളുടെ വില കുതിച്ചുയര്‍ന്ന അനുഭവം ഉണ്ടായിട്ടുണ്ട്. അത്തരമൊരു സാഹചര്യം മുന്നില്‍ കണ്ടാണ് ആളുകള്‍ ഇപ്പോള്‍ അരി വാങ്ങിക്കൂട്ടാന്‍ ഒരുങ്ങുന്നതെന്നാണ് വിദേശ ഇന്ത്യാക്കാരുടെ പ്രതികരണം.
നിരോധനത്തിന്റെ പരിധിയില്‍ വരാത്ത ബസുമതി അരിയും ആളുകള്‍ വാങ്ങിക്കൂട്ടുന്നുണ്ട്. ബസുമതി അരിയും നിരോധിച്ചുവെന്ന തെറ്റായ ധാരണയോ അല്ലെങ്കില്‍ സമീപഭാവിയില്‍ ബസ്മതി അരിയുടെ കയറ്റുമതി നിരോധനം ഉണ്ടാവാനുള്ള സാധ്യതയോ പ്രതീക്ഷിച്ചാണ് ബസുമതി അരിയുടം ആളുകള്‍ വാങ്ങിക്കൂട്ടുന്നത്. ആളുകള്‍ അരി മൊത്തമായി വാങ്ങിക്കൂട്ടുന്നത് പൂഴ്ത്തിവെപ്പിലേക്കും കരിഞ്ചന്തയിലേക്കും എത്തിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
കയറ്റുമതി കൂടിയപ്പോള്‍ ഉത്പാദനം കുറഞ്ഞു
ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കൂടിയെങ്കിലും അതിന് അനുപാതത്തില്‍ ഉത്പാദനം കൂടിയിട്ടില്ലെന്ന സ്ഥിതി രാജ്യത്തുണ്ട്. ഇതിന് പുറമേ കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ലോകത്താകമാനമുള്ള നെല്ല് ഉത്പാദനത്തെ സാരമായി തന്നെ ബാധിച്ചു. എല്‍ നിനോ പ്രതിഭാസം മൂലം മറ്റു രാജ്യങ്ങളിലും നെല്ല് ഉത്പാദനം കുറവാകും എന്ന അവസ്ഥയുണ്ട്.
ഇന്ത്യയില്‍ മഴയുടെ കുറവ് മൂലം ഖാരിഫ് കൃഷിയിറക്കല്‍ വൈകി. നേരത്തേ വിതച്ച ഇടങ്ങളില്‍ പ്രളയം നാശംവരുത്തി. ഇതെല്ലാം ധാന്യവില വര്‍ധിക്കാന്‍ വഴിതെളിച്ചു. ഈ വിലക്കയറ്റം നിയന്ത്രിക്കാനാണ് അരി കയറ്റുമതി നിരോധിച്ചത്.
കയറ്റുമതി നിരോധിച്ചാല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് അരിവില കുറയുമോ എന്ന് ഉറപ്പില്ല. പക്ഷേ, ഉറപ്പായ ഒന്നുണ്ട്. കര്‍ഷകര്‍ക്കു നെല്ലുവില കുറയും. കഴിഞ്ഞ റാബി വിളവെടുപ്പില്‍ ഗോതമ്പ് കര്‍ഷകര്‍ക്കു സംഭവിച്ചതു ഖാരിഫ് വിളയില്‍ നെല്‍ കര്‍ഷകര്‍ക്കും ആവര്‍ത്തിക്കും.
കരിങ്കടലിലൂടെയുള്ള ധാന്യകയറ്റുമതി റഷ്യ വീണ്ടും വിലക്കിയത് ഗോതമ്പ് വില 20 ശതമാനം ഉയര്‍ത്തി. ഈ ഘട്ടത്തില്‍ ഇന്ത്യ കയറ്റുമതി വിലക്കിയത് ലോകവ്യാപാരസംഘടന (ഡബ്‌ള്യു.ടി.ഒ.) യുടെ എതിര്‍പ്പിനും ചിലപ്പോള്‍ നടപടിക്കും കാരണമാകാം.
കയറ്റുമതിയിൽ കേരളത്തിന്റെ അരി വിഹിതം കുറവ്
അരി കയറ്റുമതിയില്‍ ഇന്ത്യ മുന്‍പന്തിയിലാണെങ്കിലും കയറ്റുമതിയില്‍ കേരളത്തിന്റെ വിഹിതം കുറവാണ്. 2020-21-ല്‍ 85,470.29 ടണ്‍ അരിയാണ് സംസ്ഥാനത്തുനിന്ന് കയറ്റി അയച്ചത്. കയറ്റുമതി വരുമാനം 359.14 കോടി രൂപ. 2021-22-ല്‍ അരി കയറ്റുമതിയില്‍നിന്നുള്ള സംസ്ഥാനത്തിന്റെ വരുമാനം 299.81 കോടി രൂപയായി കുറഞ്ഞു. 71,551.66 ടണ്‍ അരിയാണ് ഇക്കാലയളവില്‍ കയറ്റി അയച്ചത്. 2022-23 കാലയളവില്‍ ഇത് ഗണ്യമായി കുറഞ്ഞു.
കേരളത്തിന് ആവശ്യമായ അരിയുടെ അഞ്ചിലൊന്നുമാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. കേരളത്തില്‍ ഉത്പാദിപ്പിക്കുന്നതിനെക്കാള്‍ കൂടുതല്‍ കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് നെല്ല് എത്തിച്ച് അരിയാക്കി മാറ്റിയാണ് പ്രധാനമായും സംസ്ഥാനം കയറ്റുമതി നടത്തുന്നത്. ഐ.ആര്‍.-64 വിഭാഗത്തില്‍പ്പെട്ട അരി ഇനങ്ങളും മട്ട അരി, പച്ചരി എന്നിവയുമാണ് പ്രധാനമായും കേരളത്തില്‍നിന്ന് കയറ്റി അയയ്ക്കുന്നത്. ഇതിന് നിലവാരം കൂടുതലും വില കുറവുമാണ്. ആഫ്രിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും ഐ.ആര്‍. 64 ഇനത്തില്‍പ്പെട്ട അരി ഇനങ്ങള്‍ക്ക് മികച്ച വിപണിയുണ്ട്.
ഇന്ത്യയുടെ അരി ഉത്പാദനത്തില്‍ ഏറെ പിന്നിലാണ് കേരളം. കാര്‍ഷിക-സംസ്‌കരണ ഭക്ഷ്യ ഉത്പന്ന കയറ്റുമതി വികസന അതോറിറ്റിയില്‍ (അപെഡ) നിന്നുള്ള കണക്ക് പ്രകാരം 6.05 ലക്ഷം ടണ്‍ അരിയാണ് 2019-20-ല്‍ കേരളത്തില്‍ ഉത്പാദിപ്പിച്ചത്. രാജ്യത്തെ മൊത്തം അരി ഉത്പാദനത്തില്‍ 19-ാം സ്ഥാനത്താണ് കേരളം.
Content Highlights: How Indian rice export ban affects the world
Published: 26 Jul 2023, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented