To advertise here,

'എന്റെ കുഞ്ഞ് ഒരു തെറ്റും ഈ ലോകത്തോട് ചെയ്തിട്ടില്ല. ആരെയും ഒരു വാക്കുകൊണ്ടുപോലും നോവിക്കാന്‍ അവള്‍ക്കാകില്ല. മിണ്ടാനാകാത്ത അവള്‍ക്ക് ഈ ലോകം എന്താണെന്നും മറ്റുള്ളവര്‍ സംസാരിക്കുന്നത് എന്താണെന്നും അറിയില്ല. എന്നാല്‍, അവള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ ആഴം എന്തെന്ന് ആരെങ്കിലും അറിയുന്നുണ്ടോ, ഈ അമ്മയല്ലാതെ? ഓട്ടിസം ബാധിച്ച കുട്ടികള്‍ ദൈവത്തിന്റെ കുഞ്ഞുങ്ങളാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. അവരെ വളര്‍ത്തിക്കൊണ്ടുവരാന്‍ മാതാപിതാക്കള്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘര്‍ഷത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ. പ്രത്യേകിച്ച് സാമ്പത്തികമായി യാതൊരു അടിത്തറയുമില്ലാത്ത എന്നെപ്പോലുള്ള അമ്മമാര്‍.' - കണ്ണീരോടെയാണ് ബിന്ദുവിന്റെ ചോദ്യം.

ബിന്ദുവിന്റെ ഇളയമകള്‍ക്ക് ഓട്ടിസമാണ്. കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് ബിന്ദു. തൊഴില്‍ ഫോട്ടോഗ്രഫി. ബിന്ദുവിനെ സംബന്ധിച്ചിടത്തോളം ഈ തൊഴില്‍ സന്തോഷത്തിന്റേയോ ആത്മസാക്ഷാത്കാരത്തിന്റേയോ ഭാഗമല്ല. മൃതദേഹങ്ങളുടെ ചിത്രങ്ങളാണ് ബിന്ദു പകർത്തുന്നത്‌. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ദിവസങ്ങളോളം അഴുകിയ ശവശരീരങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തേണ്ടി വരുമ്പോഴും ബിന്ദു മുഖം തിരിക്കാറില്ല. മുന്നില്‍ മറ്റു വഴികളില്ല. കുഞ്ഞുങ്ങളെ വളര്‍ത്തണം. അവര്‍ക്ക് ഭക്ഷണം കൊടുക്കണം, മരുന്നു വാങ്ങണം. ജീവിതത്തിലെ വേദനകളെ ഉള്ളംകയ്യിലിട്ട് ഞെരിക്കുകയാണ്‌ ബിന്ദു. തളരില്ലെന്ന് നേരത്തേ ഉറപ്പിച്ചു കഴിഞ്ഞു.

'പക്ഷേ, ഫോട്ടോഗ്രാഫിയില്‍നിന്ന് ജീവിക്കാനുള്ള വരുമാനം ബിന്ദുവിന് ലഭിക്കുന്നില്ല. ഓട്ടിസം ബാധിച്ച ഇളയമകള്‍ക്ക് കൂടുതല്‍ പരിചരണം വേണ്ടതിനാല്‍ സ്ഥിരമായി ജോലിയ്ക്ക് പോകാന്‍ കഴിയാറില്ല. മകളെ കെട്ടിയിട്ടാണ് പലപ്പോഴും ഞാന്‍ ജോലിയ്ക്ക് പോയിരുന്നത്. ഇങ്ങനെയൊരു ഗതികേട് മറ്റൊരമ്മയ്ക്കും ഉണ്ടാകരുതേ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്.'- ബിന്ദു പറയുന്നു.

ഇളയമകളുടെ ജനനശേഷം ഭര്‍ത്താവ് ബിന്ദുവിനെ ഉപേക്ഷിച്ചു. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും ചേര്‍ത്ത് പിടിച്ച് ജീവിതത്തോട് പോരാടാന്‍ തന്നെയായിരുന്നു ബിന്ദുവിന്റെ തീരുമാനം. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ബിന്ദുവിന് തുണയായി ഒപ്പമുണ്ടായിരുന്നു. പക്ഷേ കുറച്ചുനാളുകള്‍ക്ക് മുമ്പ് അവര്‍ മരണപ്പെട്ടു. 

'എന്റെ മകളുടെ അവസ്ഥയില്‍ സഹതപിക്കുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ അതൊന്നും കാണാനോ കേള്‍ക്കാനോ ഉള്ള മാനസികാവസ്ഥയില്‍ അല്ല ഞാന്‍. തെറാപ്പിയ്ക്കായി ചെന്നൈയില്‍ എല്ലാ മാസവും അവളെ ഞാന്‍ കൊണ്ടു പോകാറുണ്ടായിരുന്നു. ഒരോ മാസവും ഏഴു ദിവസം അവിടെ താമസിച്ചാണ് ചികിത്സിച്ചിരുന്നത്. കയ്യിലുള്ളതെല്ലാം വിറ്റു പെറുക്കിയും പലരും സഹായിച്ചുമാണ് ഓരോ തവണയും ചികിത്സയ്ക്ക് പണമുണ്ടാക്കിയിരുന്നത്. കോവിഡ് പ്രശ്നങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് അവളുടെ സ്ഥിതി കുറച്ച് മെച്ചപ്പെട്ടതായി തോന്നിയിരുന്നു. എന്നാല്‍, കോവിഡും ലോക്ഡൗണും കാര്യങ്ങളെല്ലാം അവതാളത്തിലാക്കി. ഇപ്പോള്‍ യാതൊരു ചികിത്സയും അവള്‍ക്ക് കൊടുക്കാനാവുന്നില്ല. എന്റെ കയ്യിലുള്ളതെല്ലാം തീര്‍ന്നു. മോള്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കേണ്ടതിനാല്‍ എനിക്ക് സ്ഥിരമായി ഒരു ജോലിയ്ക്ക് പോകാന്‍ കഴിയുന്നില്ല. ഈ ലോകത്ത് ഏതമ്മയാണ് മകളെ കെട്ടിയിടാന്‍ ആഗ്രഹിക്കുക. നിവൃത്തിയില്ലാത്തത് കൊണ്ട് ഞാന്‍ ചെയ്തു പോകുന്നതാണ്. ആദ്യമൊക്കെ ചെറിയ സഹായങ്ങള്‍ ചില നല്ല മനുഷ്യര്‍ നല്‍കിയിരുന്നു. അങ്ങനെയാണ് ഒരു ചെറിയ വീടൊക്കെയുണ്ടായത്. '

ബിന്ദുവിന്റെ മകള്‍ക്ക് പതിനാല്‌ വയസ്സാണ് പ്രായം.

'മകളെ ആര്‍ത്തവം എന്താണെന്ന് പറഞ്ഞുമനസ്സിലാക്കാന്‍ പോലും എനിക്ക് സാധിച്ചിട്ടില്ല. വല്ലാത്ത നിസ്സാഹായാവസ്ഥയാണ് അത്.  ഇതെന്റെ മാത്രം കഥയല്ല. ഇതുപോലുള്ള കുഞ്ഞുങ്ങളെ പരിചരിക്കുന്ന എല്ലാ മാതാപിതാക്കളുടെയും ജീവിതം ഇങ്ങനെയാണ്. മൂത്തമകളും ഇളയവളുടെ കാര്യങ്ങള്‍ നോക്കാറുണ്ട്. അവള്‍ പഠിക്കുന്ന കുട്ടിയാണ്. ഞാനില്ലാത്ത ദിവസങ്ങളില്‍ അവള്‍ക്ക് അവധിയാണെങ്കില്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ ഒരു മടിയും കൂടാതെ അവള്‍ ഏറ്റെടുക്കും. എന്നിരുന്നാലും അവളും ചെറിയ കുട്ടിയല്ലേ. എല്ലാം ചെയ്യുന്നതിന് പരിധിയുണ്ട്. മൂത്തമകള്‍ പറയുന്നതെല്ലാം ഇളയവള്‍ അനുസരിക്കുകയില്ല. അവളെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമല്ല. സര്‍ക്കാരല്ലാതെ ഞങ്ങള്‍ക്ക് ആരുമില്ല. എന്റെ മോളെപ്പോലുളള കുഞ്ഞുങ്ങള്‍ക്കായി ഡേ കെയര്‍ പോലുളള സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ എന്നെപ്പോലുളള സിംഗിള്‍ പാരന്റിന് സമാധാനത്തോടെ തൊഴിലെടുക്കാം. ഞങ്ങളുടെ വേദന ഇനിയെങ്കിലും നിങ്ങള്‍ തിരിച്ചറിയണം.'