
1985 നവംബര്‍ 20 മുതല്‍ 24 വരെ എറണാകുളത്ത് സി.പി.എം. സംസ്ഥാന സമ്മേളനം നടക്കുകയാണ്. എം.വി.ആര്‍, ഇ.കെ. നായനാര്‍, പുത്തലത്ത് നാരായണന്‍, പി.വി. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ ഒരു വിയോജനക്കുറിപ്പ് തയ്യാറാക്കിയിരുന്നു. കുറിപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കണം. അതിന് സെക്രട്ടറിയേറ്റിന്റെ അനുമതി വേണം. സമ്മേളനം തുടങ്ങുന്നതിനു തലേന്നു പതിവുപോലെ സെക്രട്ടേറിയറ്റ് യോഗം. എം.വി. ആറും കൂട്ടരും വിഷയം അവതരിപ്പിച്ചു. സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തോടൊപ്പം വിയോജനക്കുറിപ്പും അവതരിപ്പിക്കണം. എം.വി. ആറും പുത്തലത്തും പി.വി. കുഞ്ഞിക്കണ്ണനുമെല്ലാം കാര്യങ്ങള്‍ വിശദീകരിച്ചു. എല്ലാവര്‍ക്കും നിര്‍ബന്ധമാണെങ്കില്‍ കുറിപ്പ് അവതരിപ്പിച്ചോളൂ എന്ന് ഇ.എം.എസ്. ആ കുറിപ്പാണ് ബദല്‍ രേഖ എന്ന പേരില്‍ സി.പി. എമ്മിനുള്ളില്‍ വലിയ കോളിക്കമുണ്ടാക്കിയത്.
വിഭാഗീയതയും ഏറ്റുമുട്ടലുമെല്ലാം കുറേകാലമായി സി.പി.എം. സംസ്ഥാന സമ്മേളനങ്ങളുടെ ഭാഗമായിരുന്നു. അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ക്ക് ആഘോഷവും. 1985-ലെ ബദല്‍രേഖ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കി. ബദല്‍രേഖക്കു മുന്‍കൈ എടുത്ത എം.വി. രാഘവന്‍ ഉള്‍പ്പെടെ പ്രമുഖര്‍ പാര്‍ട്ടിക്കു പുറത്തായി. 1985-ലെ സമ്മേളനത്തിനു ശേഷം അതേ നഗരത്തില്‍ ചേര്‍ന്ന പാര്‍ട്ടി സമ്മേളനം വേദിയായത് കേരള വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക്. നവകേരളത്തിനായുള്ള നയരേഖ എന്ന പേരിലുള്ള വികസന രേഖ അവതരിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞതും മുഖ്യമന്ത്രി തന്നെ. പ്രതിനിധികളുടെ നിര്‍ദ്ദേശങ്ങളും ചേര്‍ത്ത് പുതുക്കിയ രേഖ ഇടതുമുന്നണിയുടെ അംഗീകാരത്തോടെ നടപ്പാക്കും.
പഴയ കാലത്ത് സമ്മേളനങ്ങളുടെ പിരിമുറുക്കവും തീക്ഷണതയും മനസ്സിലാക്കിയാല്‍ മാത്രമേ ഇക്കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സംസ്ഥാന സമ്മേളനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാനാവൂ. ഉദാഹരണം, 1985-ലെ കൊച്ചി സമ്മേളനം. സമ്മേളനത്തിനു ദിവസങ്ങള്‍ക്കു മുമ്പു തന്നെ സംഘര്‍ഷം ഉരുണ്ടുകൂടി തുടങ്ങിയിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാടിനെതിരെ കേരളാ പാര്‍ട്ടിയിലെ കരുത്തനായ നേതാവ് എം.വി. രാഘവന്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇരുവരും തമ്മില്‍ നേരിട്ടുള്ള പോരാട്ടം.
സ്വന്തം രാഷ്ട്രീയ ജീവിതത്തില്‍ അതുവരെ നേരിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ വെല്ലുവിളി ഇ.എം.എസിനു മുന്നില്‍ ഉയര്‍ന്നു വരികയാണ്. ദേശീയ ജനറല്‍ സെക്രട്ടറിയാണ് ഇ.എം.എസ്. പഠിക്കുന്ന കാലത്തു തന്നെ ദേശീയ പ്രസ്ഥാനത്തിലേയ്ക്ക് എടുത്തു ചാടിയതാണ്. യോഗക്ഷേമ സഭാധ്യക്ഷനായും സ്റ്റേറ്റ് കോണ്‍ഗ്രസ് സെക്രട്ടറിയായുമൊക്കെ പ്രവര്‍ത്തിച്ച് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ മുന്‍നിരയില്‍ തന്നെ നിലയുറപ്പിച്ച നേതാവ്. സ്വന്തം ധിഷണ കൊണ്ടും ബുദ്ധിവൈഭവം കൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും പാര്‍ട്ടിയെ വളര്‍ത്തി, അതിലൂടെ കേരളത്തിനും ഇന്ത്യയ്ക്കും പുറത്തേയ്ക്കും വളര്‍ന്ന ഉജ്ജ്വല വ്യക്തിത്വം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തന്നെ ശോഭിക്കുന്ന മുഖവുമാണ് അദ്ദേഹം. ഇ.എം.എസ്. നേരിടുന്ന ഏറ്റവും കനത്തെ പരീക്ഷമാണിത്. ജനറല്‍ സെക്രട്ടറിയെന്ന നിലയ്ക്ക് മാത്രമല്ല, ഒരു മലയാളിയെന്ന നിലയ്ക്കും ഈ വിഷയത്തില്‍ അദ്ദേഹത്തിനു വലിയ താല്‍പ്പര്യമുണ്ട്.
1984 ഡിസംബറില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥി പി. കേരള വര്‍മ്മരാജാ തിരുവനന്തപുരത്തു നേടിയ മൂന്നാം സ്ഥാനം, അതില്‍തന്നെ തിരുവനന്തപുരം ഈസ്റ്റ് നിയോജക മണ്ഡലത്തില്‍ കൈവരിച്ച രണ്ടാം സ്ഥാനം, ഇ.എം.എസിനെ ഏറെ വേദനിപ്പിച്ചിരുന്നു. മുഖ്യമന്ത്രി കെ. കരുണാകരന്‍ കളിച്ച നാടാര്‍ രാഷ്ട്രീയ തന്ത്രത്തില്‍ എ. ചാള്‍സ് ജയിച്ചതായിരുന്നില്ല. ഇ.എം.എസിന്റെ പ്രശ്‌നം. തിരുവനന്തപുരത്ത് 1,10,449 വോട്ടുമായാണ് കേരളവര്‍മ്മ രാജാ മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ആകെ വോട്ടിന്റെ 19.80 ശതമാനം ഹിന്ദുമുന്നണി നേടിയിരിക്കുന്നു. തലസ്ഥാനത്ത് ഹിന്ദു വര്‍ഗീയത കാലുകുത്തിക്കഴിഞ്ഞു. അതിനു കാരണം ന്യൂനപക്ഷ വര്‍ഗീയതയല്ലേ? പതിപക്ഷത്തിരിക്കുന്ന ഇടതു മുന്നണിയില്‍ ഘടനകക്ഷിയായ, അഖിലേന്ത്യാ മുസ്ലീം ലീഗിന്റെ സാന്നിധ്യവും ഇതിനൊരു കാരണമാവില്ലേ? കേരള സമൂഹത്തിന്റെ എല്ലാ സ്പന്ദനങ്ങളും നേരിട്ടു മനസ്സിലാക്കുന്ന ഇ.എം.എസ്. പകച്ചു നില്‍ക്കുകയാണ്. ഒരു വശത്ത് ശക്തിയാര്‍ജിച്ച് കോണ്‍ഗ്രസ് ഭരണം. മറുവശത്ത് നാമ്പെടുക്കുന്ന ഹൈന്ദവ രാഷ്ട്രീയം. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതപോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതാണെന്ന സിദ്ധാന്തം ഉയര്‍ത്തി വ്യക്തമായൊരു പരിപാടി തയ്യാറാക്കിയതാണ് ഇ.എം.എസ്. അതിന്റെ ഭാഗമായാണ് അഖിലേന്ത്യാ ലീഗ് പുറത്തു പോയത്. ശരി അതിനെതിരെയും മുസ്ലിം സ്ത്രീകള്‍ സ്വന്തം സമുദായത്തില്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരെയും നാടു ചുറ്റി നടന്നു പ്രസംഗിച്ച് ഈ വിഷയത്തെ സമൂഹത്തില്‍ ചര്‍ച്ചയാക്കിയതുമാണ്.
അന്നൊക്കെ എം.വി. രാഘവന്‍ ഒപ്പം നില്‍ക്കുകയും ചെയ്തു. പക്ഷെ പാര്‍ട്ടിക്കുള്ളില്‍ രാഘവന്‍ കേന്ദ്രകമ്മിറ്റിക്കെതിരെ നിന്നു. കേന്ദ്ര കമ്മിറ്റിയെന്നാല്‍ ഇ.എം.എസ്. എന്നു തന്നെ അര്‍ത്ഥം. ഈ വിഷയം ഇ.എം.എസിന്റേതു മാത്രമാണ്. അഖിലേന്ത്യാ ലീഗ് പോലെയുള്ള സമുദായ പാര്‍ട്ടികള്‍ ഇടതു മുന്നണിയില്‍ വേണ്ടെന്ന നിര്‍ദ്ദേശം ഇ.എം.എസാണ് മുന്നോട്ടു വെച്ചത്. പക്ഷെ തുടക്കം മുതലേ എം.വി. രാഘവന്‍ അതിനെതിരുനിന്നു. സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളെയും ഇക്കാര്യത്തില്‍ കൂടെ നിര്‍ത്തുകയും ചെയ്തിരിക്കുന്നു. കേന്ദ്ര കമ്മിറ്റിയെ വെല്ലുവിളിച്ച് അതിന്റെ തലപ്പത്തിരിക്കുന്ന ഇ.എം.എസിനെ ചോദ്യം ചെയ്ത്, ഒരു സംസ്ഥാന കമ്മിറ്റി നേതാവ് എം.വി. രാഘവന്‍. ആ രാഘവനാണ് - കേന്ദ്ര കമ്മിറ്റിക്കെതിരെ, ഇ.എം.എസിനെതിരെ, വിയോജനക്കുറിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. അതു പാസാവരുതെന്ന് ഇ.എം.എസിനു നിര്‍ബന്ധമുണ്ട്. രേഖ അവതരിപ്പിക്കാന്‍ ഇ.എം.എസ്. സമ്മതിച്ചിരിക്കുന്നു. സമ്മേളനം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം.
ബദല്‍രേഖയെപ്പറ്റി പ്രമുഖ പത്രപ്രവര്‍ത്തകനും ഇന്ത്യന്‍ എക്‌സ്പ്രസ് തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ. ഗോവിന്ദന്‍കുട്ടി ''കാലക്ഷേപം'' എന്ന തന്റെ ആത്മകഥാരൂപത്തിലുള്ള പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. ഗോവിന്ദന്‍കുട്ടി പറയുന്നു:
''വാസ്തവത്തില്‍ മാനം പിളര്‍ത്തുന്നതൊന്നുമായിരുന്നില്ല ആ ബദല്‍ രേഖയുടെ ഉള്ളടക്കം. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ മുസ്ലീം ലീഗിനെയും കേരളാ കോണ്‍ഗ്രസിനെയും കൂട്ടുപിടിക്കണമെന്ന ഒരു ആശയം മാത്രമേ ഒരു കടലാസില്‍ കോറിയിട്ട ആ പ്രമേയത്തില്‍ പറഞ്ഞിരുന്നുള്ളൂ. പക്ഷെ ഉള്ളടക്കത്തെക്കാള്‍ പ്രധാനം അതിന്റെ പുറന്തോടായിരുന്നു. അതിന്റെ സമര്‍പ്പണത്തില്‍ ഉള്‍പ്പെട്ട വെല്ലുവിളിയായിരുന്നു. എല്ലാം ധൃതിപിടിച്ച് തട്ടികൂട്ടിയതായിരുന്നു. അപ്പോള്‍ കിട്ടിയ ഏഴു പേരെക്കൊണ്ട് ഒപ്പിടുവിച്ചു. പന്തികേടാവുമെന്നു വന്നപ്പോള്‍ ഔപചാരികമായി അവതരിപ്പിക്കുന്നില്ലെന്ന നിലപാടെടുത്തു. പക്ഷെ, അതു തിരികെ എടുക്കാനും വയ്യാതായി. അത്തരം വിഭാഗീയതയെ അവിടെ വെച്ചു തന്നെ തകര്‍ക്കണമെന്നായിരുന്നു എം.വി.ആറിനെതിരെ നിലയുറപ്പിച്ചിരുന്ന ഇ.എം.എസ് ഉള്‍പ്പെടെയുള്ള വമ്പന്മാരുടെ തീരുമാനം.''
അതില്‍ അസാധാരണമായി ഒന്നുമുണ്ടായിരുന്നില്ല. ആരും അസാധാരണത്വം കണ്ടതുമില്ല. സെക്രട്ടേറിയറ്റ് യോഗം ശാന്തമായി പിരിഞ്ഞു. വിയോജനക്കുറിപ്പു സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ അനുമതി കിട്ടിയിരിക്കുന്നു. എം.വി.ആറും കൂട്ടരും പുറത്തേക്കിറങ്ങി. പിറ്റേന്നു കാലത്ത് സമ്മേളനത്തിനു കൊടി ഉയരും. ഉല്‍ഘാടന ചടങ്ങിനു ശേഷം പ്രതിനിധി സമ്മേളനം തുടങ്ങും.
വിയോജനക്കുറിപ്പു പാസായാല്‍? തീര്‍ച്ചയായും ഒരു ചരിത്രസംഭവമായി മാറും അത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്കെതിരെ സംസ്ഥാന ഘടകത്തിലെ ഒരുകൂട്ടം നേതാക്കള്‍ കൊണ്ടുവരുന്ന വിയോജനക്കുറിപ്പാണ്. കുറിപ്പ് കേന്ദ്രക്കമ്മിറ്റിയെ മാത്രമല്ല വെല്ലുവിളിക്കുന്നത്. സാക്ഷാല്‍ ഇ.എം.എസ്സിനെയുമാണ്. സംസ്ഥാനത്ത് ഇ.എം.എസിനു പിന്തുണ നല്‍കിക്കൊണ്ടു നില്‍ക്കുന്ന സെകട്ടറി വി.എസ്. അച്ചുതാനന്ദനും എതിരാണ്. വിയോജനക്കുറിപ്പു പാസായാല്‍ പിന്നെ അച്ചുതാനന്ദന് പാര്‍ട്ടി സെക്രട്ടറിയായി തുടരാന്‍ ബുദ്ധിമുട്ടാവും. പകരം ആരു സെക്രട്ടറിയാവും? കേന്ദ്രക്കമ്മിറ്റിയെയും ഇ.എം.എസിനെത്തന്നെയും വെല്ലുവിളിക്കുന്ന, വി.എസ്. അച്യുതാനന്ദനെ അപ്രസക്തമാക്കുന്ന, വിയോജനക്കുറിപ്പ് സമ്മേളനം അംഗീകരിച്ചാല്‍ സ്വാഭാവികമായും അതിന്റെ ബുദ്ധികേന്ദ്രമായ എം.വി.ആര്‍. തന്നെയാവില്ലേ പുതിയ സംസ്ഥാന സെക്രട്ടറി? പിന്നെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് ?
സി.പി.എം. കൊച്ചി സംസ്ഥാന സമ്മേളനം അന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത് തിരുവനന്തപുരത്തെ ചീഫ് റിപ്പോര്‍ട്ടര്‍ കെ. പ്രഭാകരനായിരുന്നു. സമ്മേളനം തുടങ്ങുമ്പോള്‍ത്തന്നെ ബദല്‍രേഖയെപ്പറ്റിയുള്ള പ്രഭാകരന്റെ റിപ്പോര്‍ട്ടുകള്‍ ''മാതൃഭൂമിയില്‍' വന്നു. സമ്മേളനം കഴിഞ്ഞയുടനെ സാക്ഷാല്‍ ബദല്‍രേഖയും പ്രഭാകരന്‍ ചോര്‍ത്തിയെടുത്തു. ''ഇതാ ബദല്‍ രേഖ'' എന്ന വലിയ തലക്കെട്ടോടെ ഒന്നാം പേജില്‍ പ്രഭാകരന്റെ മെയിന്‍ സ്റ്റോറി.
ഗോവിന്ദന്‍കുട്ടി ആ സമയത്ത് പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടൊപ്പം ആന്റമാന്‍സ് സന്ദര്‍ശനത്തിലായിരുന്നു. സംസ്ഥാന സമ്മേളനം നടക്കുന്ന ദിവസങ്ങളില്‍ അദ്ദേഹം ലക്ഷദ്വീപിലെ കാഴ്ച്ചകളില്‍ രമിച്ചു നടന്നു. ഗോവിന്ദന്‍കുട്ടിയുമായി മാത്രമേ എം.വി. ആറിന് അടുത്ത സൗഹൃദമുണ്ടായിരുന്നുള്ളൂ. സമ്മേളനത്തിനു കുറച്ചു ദിവസം മുമ്പും എം.വി.ആര്‍. തിരുവനന്തപുരത്ത് ശാന്തിനഗറിലെ 'ഇന്ത്യന്‍ എക്‌സ്പ്രസ്' ഓഫീസിലെത്തിയിരുന്നു.
പ്രഭാകരനെപ്പറ്റിയും ''മാതൃഭൂമി'' യുടെ ബദല്‍രേഖാ റിപ്പോര്‍ട്ടിങ്ങിനെപ്പറ്റിയും ഗോവിന്ദന്‍കുട്ടി തന്റെ ''കാലക്ഷേപ'ത്തില്‍ വിവരിക്കുന്നു: ''കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി പല തരത്തിലും ബന്ധപ്പെട്ട ലേഖകനായിരുന്നു അതിനു തിരി കൊളുത്തിയ 'മാതൃഭൂമി'യിലെ കെ. പ്രഭാകരന്‍. 'മാതൃഭൂമി'യുടെ പ്രതാധിപരും കേരള കമ്മ്യൂണിസത്തിന്റെ തുടക്കത്തിലെ പ്രഗത്ഭ നേതാവുമായിരുന്നു പി.എന്‍. എന്നറിയപ്പെട്ടിരുന്ന പ്രഭാകരന്റെ അച്ഛന്‍ പി. നാരായണന്‍ നായര്‍. കൊല്ലങ്കോട്ടു നിന്നു വീണ്ടും വീണ്ടും നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്ന സി. വാസുദേവ മേനോന്‍ പ്രഭാകരന്റെ അളിയനായിരുന്നു. ബദല്‍ രേഖയില്‍ ഒപ്പു വെച്ച ആളായിരുന്നില്ല വാസുദേവ മേനോന്‍. പക്ഷെ പാലക്കാട്ടെ ക്രെംലിനില്‍ അദ്ദേഹം കുറച്ചു കാലമായി നിശ്ശബ്ദകലാപം മുഴക്കുന്നുണ്ടായിരുന്നു. എം.വി. ആറിന്റെ സസ്‌പെന്‍ഷന്‍ തീരും മുമ്പേ വാസുദേവ മേനോന്‍ ഔദ്യോഗിക പക്ഷത്തോടു വിട പറഞ്ഞു. പിന്നെ എം.വി. ആറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നത് അനിവാര്യമായ യുക്തിയായിരുന്നു. പ്രഭാകരന്റെ ബദല്‍രേഖാ റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിക്കൊടുത്തത് വാസുദേവ മേനോനാണെന്ന സൂചന നല്‍കുകയാണ് ഗോവിന്ദന്‍കുട്ടി.
പക്ഷെ അന്നേ പ്രഭാകരന്‍ അതു നിഷേധിച്ചിരുന്നു. വാസുദേവ മേനോന്‍ ഇക്കാര്യത്തില്‍ തന്നെ ഒട്ടും സഹായിച്ചില്ലെന്ന് പ്രഭാകരന്‍ ഇന്നും ആണയിടുന്നു. ആത്മകഥയില്‍ ഗോവിന്ദന്‍കുട്ടി തുടരുന്നതിങ്ങനെ: പരേതനായ വി.എന്‍. എന്ന ആചാര്യന്റെ അനുഗ്രഹം കൊണ്ടോ, നിഷ്‌ക്രിയനായ വാസുദേവ മേനോന്റെ സഹായം കൊണ്ടോ, എന്തു കൊണ്ടായാലും പ്രഭാകരനും 'മാതൃഭൂമി'യും കസറി. കൊല്‍ക്കത്തയില്‍ നടക്കാനിരുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി തിരുവനന്തപുരത്ത് കൂടിയ സംസ്ഥാന സമ്മേളനത്തില്‍ എം.വി.ആറും കൂട്ടരും അവതരിപ്പിച്ച ബദല്‍ രേഖയുടെ വിവരം വിശദമായിത്തന്നെ 'മാതൃഭൂമി' റിപ്പോര്‍ട്ടു ചെയ്തു. (കാലക്ഷേപം : പുറം - 113, 114).
തന്റേതു മാത്രമാവുമായിരുന്ന ഒരു വലിയ സ്‌കൂപ്പ് കൈവിട്ടു പോയതിലുള്ള നിരാശയും നോവുമെല്ലാം കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ അനേകം എക്സ്‌ക്ലൂസീവ് റിപ്പോര്‍ട്ടുകള്‍ ഒരുക്കിയിട്ടുള്ള ആ പ്രഗത്ഭ പത്രപ്രവര്‍ത്തകന്റെ ഗദ്ഗദം ഈ വരികളില്‍ കാണാം.
സി.പി. എമ്മിന്റെ ചരിത്രത്തില്‍ ബദല്‍ രേഖയുടെ പ്രസക്തിയെന്ത് ? പ്രത്യേകിച്ച് കൊച്ചിയില്‍ തന്നെ പാര്‍ട്ടി സംസ്ഥാന സമ്മേളനം നടന്ന സാഹചര്യത്തില്‍. 1960-ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വന്ന ഇ.എം.എസ്. 1967-ല്‍ രണ്ടും കല്‍പ്പിച്ചു ഭരണം പിടിക്കാനിറങ്ങി. രണ്ടായി പിരിഞ്ഞുവെങ്കിലും സി.പി.എം.-സി.പി.ഐ. യോജിപ്പുണ്ടായി. പുതിയ മുന്നണി ഉണ്ടാക്കാന്‍ ഇ.എം.എസും അഴീക്കോടന്‍ രാഘവനും മറ്റും കോഴിക്കോട്ടുള്ള ലീഗ് നേതാവ് ബി.വി. അബ്ദുള്ള കോയയുടെ വസതിലെത്തിയ കാര്യം സി.എച്ച്. മുഹമ്മദ് കോയയുടെ ജീവചരിത്രമെഴുതിയ എം.സി. വടകര വിശദീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ലീഗിന്റെ പ്രാതിനിധ്യം എന്തായിരിക്കണമെന്ന് ചര്‍ച്ച രാത്രിയിലേയ്ക്ക് നീണ്ടതും എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നതും ഇ.എം.എസ്. മീന്‍ ബിരിയാണി ആസ്വദിച്ചു കഴിച്ചതും വടകര വിവരിക്കുന്നു. സമൃദ്ധമായ ഭക്ഷണം കഴിച്ച ശേഷം ചെറുനാരങ്ങാ നീരു ചേര്‍ത്ത ചായയും കഴിച്ചു വീണ്ടും ചര്‍ച്ച തുടങ്ങിയ ഉടനെ എല്ലാ തര്‍ക്കവും പരിഹരിക്കുകയും സമവായമുണ്ടാക്കുകയും ചെയ്തുവെന്നാണ് വടകര പറയുന്നത്. 1967-ലെ ഇ.എം.എസ്. ഗവണ്‍മെന്റില്‍ സി.എച്ച്. മുഹമ്മദ് കോയയും എ.വി.എം. അഹമ്മദ് കുരിക്കളും മുസ്ലിം ലീഗിന്റെ മന്ത്രിമാരുമായി.
പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട എം.വി.ആറിനെ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. 1995-ല്‍ കോണ്‍ഗ്രസിനുള്ളിലെ സമ്മര്‍ദ്ദത്തില്‍ കെ. കരുണാകരന്റെ നില പരുങ്ങലിലായപ്പോള്‍ മുന്നണിയില്‍ സി.എം.പി. മാത്രമാണ് അദ്ദേഹത്തെ പിന്തുണയ്ക്കാനുണ്ടായിരുന്നത്. എം.വി. ആറിനെ നിയമസഭയിലെത്തിക്കാന്‍ കരുണാകരനും പി.കെ. കുഞ്ഞാലിക്കുട്ടിയും പെടാപാടുപ്പെട്ടു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.എം.പി. സെക്രട്ടറി സി.പി. ജോണിന് ജയസാധ്യതയുള്ള ഒരു സീറ്റ് നല്‍കാന്‍ പോലും യു.ഡി.എഫ്. നേതൃത്വം തയ്യാറായില്ല.
മുഖ്യമന്ത്രി പിണറായി വിജയനാവട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പും സ്വന്തമാക്കി ഭരണത്തുടര്‍ച്ച നേടുകയും ചെയ്തിരിക്കുന്നു. സാക്ഷാല്‍ കെ.എം. മാണി നേതൃത്വം നല്‍കിയിരുന്ന കേരളാ കോണ്‍ഗ്രസിനെത്തന്നെ ഇടതു ജനാധിപത്യ മുന്നണിയില്‍ ഘടകകക്ഷിയാക്കിയിരുന്നു. ഐ.എന്‍.എല്‍. എന്ന ഇന്ത്യന്‍ നാഷണല്‍ ലീഗിന് മന്ത്രി സ്ഥാനവും നല്‍കിയിരിക്കുന്നു.
ബദല്‍രേഖ എന്നേ മാഞ്ഞുപോയി. അന്നത്തെ രാഷ്ട്രീയവും മാറിമറിഞ്ഞു. ഇന്നു നാടിന്റെ വികസനം പ്രധാനമായിരിക്കുന്നു. 1956-ല്‍ പ്രത്യേക സംസ്ഥാന സമ്മേളനം വിളിച്ചുകൂട്ടി ഐക്യകേരളത്തിന്റെ വികസനത്തിന് അടിസ്ഥാനരേഖ ഉണ്ടാക്കിയതിന്റെ ചുവടു പിടിച്ചാണ് സി.പി.എം. പുതിയ വികസന രേഖയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. ഭരണത്തുടര്‍ച്ച സമ്മാനിച്ച് ജനങ്ങള്‍ക്കു വേണ്ടി പുതിയ വികസന പരിപാടികള്‍ നടപ്പാക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് പാര്‍ട്ടി നേതൃത്വം മനസ്സിലാക്കുന്നു.
Content Highlights: CPM state conference Ernakulam
Published: 05 Mar 2022, 08:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented