
2019 സെപ്റ്റംബർ ഏഴ്, സമയം പുലർച്ചെ രണ്ട് മണി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ മുഖത്ത് നിരാശ പടർന്നു. ഉറക്കമിളച്ച് കാത്തിരുന്ന കോടിക്കണക്കിന് ഇന്ത്യക്കാർ നിശബ്ദരായ നിമിഷം. രാജ്യം വലിയ പ്രതീക്ഷയോടെ കണ്ട ചന്ദ്രയാൻ 2 ദൗത്യം അവസാന നിമിഷം ഭാഗികമായി പരാജയപ്പെടുന്നു. അതും ഇന്ത്യയുടെ മൂവർണ്ണക്കൊടി ചന്ദ്രനിൽ തൊടാൻ വെറും രണ്ട് കിലോ മീറ്റർ മാത്രം ശേഷിക്കെ. ചന്ദ്രനിൽ ഇന്ത്യ കൈയ്യൊപ്പ് ചാർത്തുന്നത് നേരിൽ കാണാൻ അന്ന് സ്പേസ് സെന്ററിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ ഐഎസ്ആർഒ (ഇസ്‌റോ) ചെയർമാൻ കെ. ശിവൻ തലതാഴ്ത്തി വിതുമ്പി. ശിവനെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചാണ് മോദി അന്ന് മടങ്ങിയത്. വികാരനിർഭരമായ ആ രംഗം പരാജയത്തിനിടയിലും ശാസ്ത്രജ്ഞർക്ക് ഊർജമേകി. അന്നത്തെ ആ തിരിച്ചടിയിൽ തളരാതെ വീണ്ടും വർധിത വീര്യത്തോടെ ചന്ദ്രനെ കീഴടക്കാൻ അഹോരാത്രം പരിശ്രമിച്ച ഇസ്റോ, നാല് വർഷങ്ങൾക്കിപ്പുറം ആ ലക്ഷ്യത്തിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ്.
ചന്ദ്രയാൻ 2 ദൗത്യത്തിന്റെ തുടർച്ചയായ ചന്ദ്രയാൻ 3 വിക്ഷേപണം വിജയകരമായതോടെ ഇനി കാത്തിരിപ്പാണ്. ചന്ദ്രയാൻ 3 പേടകം വിജയകരമായി ചന്ദ്രനിൽ ഇറങ്ങാനുള്ള കാത്തിരിപ്പ്. ഇന്ത്യ ചന്ദ്രനെ കീഴടക്കിയെന്ന ആ വാർത്തയ്ക്കായി ഏറെ പ്രതീക്ഷയോടെ രാജ്യം ഉറ്റുനോക്കുകയാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35-നാണ് ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ എൽ.വി.എം. 3 (ലോഞ്ച് വെഹിക്കിൽ മാർക്ക് 3) റോക്കറ്റിലേറി ചന്ദ്രയാൻ 3 കുതിച്ചുയർന്നത്. 22 മിനിറ്റിനകം റോക്കറ്റ് പേടകത്തെ ഭൂമിക്ക് ചുറ്റുമുള്ള താൽക്കാലിക ഭ്രമണപഥത്തിൽ (പാർക്കിങ് ഓർബിറ്റ്) എത്തിച്ചു. വരുംദിവസങ്ങളിൽ ഭ്രമണപഥം ഘട്ടംഘട്ടമായി ഉയർത്തി പേടകത്തെ ഇസ്റോ ചന്ദ്രനിലേക്ക് തൊടുത്തുവിടും.

ഇനി 40 ദിവസത്തെ കാത്തിരിപ്പ്
നിലവിൽ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ 3 പേടകത്തെ 40 ദിവസങ്ങൾക്ക് ശേഷം ഓഗസ്റ്റ് 23-നോ 24-നോ ചന്ദ്രനിൽ ഇറക്കാനാണ് ഇസ്‌റോ ലക്ഷ്യമിടുന്നത്. ചന്ദ്രനിലെ സൂര്യോദയത്തെ ആശ്രയിച്ചായിരിക്കും ഇത്. ലാൻഡർ, റോവർ, പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നീ മൂന്ന് ഘടകങ്ങളാണ് ചന്ദ്രയാൻ 3-ലുള്ളത്. ഇതിൽ ലാൻഡറാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുക. ലാൻഡറിനകത്താണ് റോവറിന്റെ സ്ഥാനം. റോക്കറ്റിൽനിന്ന് വേർപെടുന്ന ലാൻഡറിനെ ചാന്ദ്രപ്രതലത്തിന് 100 കിലോ മീറ്റർ അടുത്തെത്തിക്കുന്ന ചുമതലയാണ് പ്രൊപ്പൽഷൻ മൊഡ്യൂളിനുള്ളത്. തുടർന്ന് ലാൻഡർ വേർപെട്ട് ചന്ദ്രനിലേക്ക് കുതിക്കും. പിന്നീട് ലാൻഡറും ഭൂമിയുമായുള്ള ആശയവിനിമയത്തിനുള്ള ഇടനിലക്കാരനായും പ്രൊപ്പൽഷൻ മൊഡ്യൂൾ പ്രവർത്തിക്കും.

ലാൻഡിങ് കഴിഞ്ഞാൽ ലാൻഡറിനുള്ളിൽനിന്ന് വാതിൽ തുറന്ന് പുറത്തേക്ക് ഉരുണ്ട് നീങ്ങുന്ന റോവർ ചന്ദ്രോപരിതലത്തിൽ പര്യവേക്ഷണം നടത്തും. പൂർണമായും സൗരോർജനത്തിലാണ് ലാൻഡറും റോവറും പ്രവർത്തിക്കുന്നത്. അതിനാൽ ഒരു ചാന്ദ്രദിനം മാത്രമാണ് ഇതിന്റെ ആയുസ്. ഭൂമിയിലെ കണക്കുവെച്ചു നോക്കിയാൽ ഇത് 14 ദിവസമാണ്. അതായത് 14 ദിവസം റോവർ ചന്ദ്രനിൽ പര്യവേക്ഷണ നടത്തി സുപ്രധാനമായ പല വിവരങ്ങളും ശേഖരിക്കും. സൂര്യപ്രകാശമുള്ള 14 ദിവസം പിന്നിട്ടു കഴിഞ്ഞാൽ ആവശ്യത്തിന് ഊർജം റോവറിനും ലാൻഡറിനും കിട്ടില്ല. ഇതോടെ ദൗത്യം അവസാനിക്കും.
പിഴവ് ആവർത്തിക്കാതിരുന്നാൽ ചരിത്രം
വിക്രം എന്ന് പേരുള്ള ലാൻഡറും പ്രജ്ഞാൻ എന്ന റോവറുമാണ് മൂന്നാം ചാന്ദ്ര ദൗത്യത്തിൽ ഇന്ത്യ ചന്ദ്രനിൽ ഇറക്കുന്നത്. ചന്ദ്രയാൻ 2 ദൗത്യത്തിലും ഇവ രണ്ടും ഇതേ പേരിൽ തന്നെയാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, ഇത്തവണ രണ്ടിനും കാര്യമായ ചില മാറ്റങ്ങൾ ഉണ്ട്. ചന്ദ്രയാൻ 2 ഭാഗികമായി പരാജയമായിരുന്നെങ്കിലും അതിൽനിന്നു ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്ത് തിരിച്ചടികളിൽനിന്ന് പാഠം ഉൾക്കൊണ്ടാണ് ചന്ദ്രയാൻ 3 പേടകത്തെ ഇസ്റോ ചന്ദ്രനിലേക്ക് അയച്ചത്. അവസാന നിമിഷം വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതാണ് കഴിഞ്ഞ തവണ ദൗത്യം പരാജയപ്പെടാൻ കാരണം. സോഫ്റ്റ്‌വെയറിലുള്ള പ്രശ്‌നമായിരുന്നു അന്ന് തിരിച്ചടിയായത്. ഇതെല്ലാം പരിഹരിച്ച് സാങ്കേതികമായി കൂടുതൽ മികവുറ്റതാണ് പുതിയ ലാൻഡർ.
ചന്ദ്രേപരിതലത്തിൽ അഞ്ചു മുതൽ 10 മീറ്റർ വരെ പൊടിയും പാറക്കഷണങ്ങളും ചേർന്ന പ്രതലമുണ്ട്. അതിനാൽ ലാൻഡർ ലാൻഡ് ചെയ്യുമ്പോൾ വലിയതോതിൽ പൊടിപലങ്ങൾ ഉയരാം. പൊടി താഴുന്നതുവരെ കാത്തിരുന്ന ശേഷമാണ് ലാൻഡറിനുള്ളിൽനിന്ന് റോവർ പുറത്തേക്കിറങ്ങുക. തുടർന്ന് ചന്ദ്രോപരിതലത്തിൽനിന്ന് ശേഖരിക്കുന്ന വസ്തുക്കളുടെ സാംപിൾ എടുത്ത് അതിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ടെന്ന വിവരം റോവർ ലാൻഡറിന് കൈമാറും. ലാൻഡർ പ്രൊപ്പൽഷൻ മൊഡ്യൂൾ വഴി ഈ വിവരം ഭൂമിയിലേക്ക് എത്തിക്കും. ചന്ദ്രയാൻ മൂന്നിൽ ഓർബിറ്റർ ഇല്ലെന്നതും പ്രത്യേകതയാണ്. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ഭാഗമായ ഓർബിറ്റർ ഇപ്പോഴും പ്രവർത്തന സജ്ജമായതിനാൽ അവശ്യഘട്ടത്തിൽ അതുതന്നെ ചന്ദ്രയാൻ 3-ലും ഉപയോഗപ്പെടുത്തും.

അത്ര എളുപ്പമല്ല സോഫ്റ്റ് ലാൻഡിങ്
ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് ദൗത്യം വിജയകരമായാൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന എന്നിവർ മാത്രമാണ് നേരത്തെ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. എന്നാൽ, പേര് പോലെ അത്ര എളുപ്പമുള്ള കാര്യമല്ല ചന്ദ്രനിലെ സോഫ്റ്റ് ലാൻഡിങ്. ദൗത്യത്തിലെ ഏറ്റവും സങ്കീർണവും നിർണായകവുമായ ഘട്ടമാണിത്. ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം പരാജയപ്പെട്ടതും ഈ ഘട്ടത്തിലാണെന്ന് ഓർക്കണം.
64 വർഷം മുമ്പ് സാങ്കേതികവിദ്യ ഇത്രയൊന്നും വികസിക്കാത്ത കാലത്ത് തന്നെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാൻ 'നാസ'യ്ക്ക് സാധിച്ചിരുന്നു. തുടർന്നും ബഹിരാകാശ യാത്രികർ ചന്ദ്രനിലെത്തി. എന്നിട്ടും മനുഷ്യനില്ലാത്ത ഒരു പേടകം ഇപ്പോൾ ചന്ദ്രനിൽ ഇറക്കുന്നത് എന്തുകൊണ്ടാണ് ഇത്ര സങ്കീർണമാകുന്നതെന്ന് സ്വാഭാവികമായും സംശയം തോന്നാം. അതിന് കാരണം ചന്ദ്രനിലെ പ്രതികൂല സാഹചര്യമാണ്. മനുഷ്യ നിയന്ത്രണത്തിൽ അല്ലാതെ യന്ത്രത്തിന്റെ മാത്രം നിയന്ത്രണത്തിലാണ് ചാന്ദ്രയാൻ 3 ലാൻഡ് ചെയ്യുന്നതെന്നും വെല്ലുവിളിയാണ്. സാഹചര്യത്തിന് അനുസരിച്ച് വിവേചന ബുദ്ധിയോടെ കാര്യങ്ങൾ നിയന്ത്രിക്കാൻ മനുഷ്യസാന്നിധ്യം ലാൻഡറിൽ ഇല്ല. സെൻസറുകളുടെയും മറ്റു ഉപകരണങ്ങളുടെയും സഹായത്തോടെ ലാൻഡർ സ്വയമാണ് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇറങ്ങുന്നത്.

വലതും ചെറുതുമായ നിരവധി പാറകളും അഗാധമായ ഗർത്തങ്ങളും നിറഞ്ഞതാണ് ചാന്ദോപരിതലം. ദുർബലമായ ഗുരുത്വാകർഷണവും വെല്ലുവിളിയാണ്. ഗുരുത്വാകർഷണത്തിൽ മാറ്റമുള്ളതിനാൽ പേടകത്തിന്റെ ഭൂമിയിലെ ഭാരമായിരിക്കില്ല ചന്ദ്രനിൽ. ഭാരം ആറ് മടങ്ങോളം കുറയും. ഇത്രയേറെ പ്രതിസന്ധി നിറഞ്ഞ സാഹചര്യമുള്ള ഒരിടത്ത് പേടകം ഇറക്കുക എന്നത് ദുഷ്‌കരമാണ്.
ചന്ദ്രന്റെ ഭ്രമണപഥം വിട്ട് ലാൻഡർ താഴേക്ക് പതിച്ച് തുടങ്ങിയാൽ ത്രസ്റ്ററുകൾ കത്തിച്ച് വേഗത നിയന്ത്രിച്ചാണ് ലാൻഡ് ചെയ്യിക്കുക. ഇതിനായി നാല് പ്രധാന ത്രസ്റ്ററുകളും എട്ട് ചെറു ത്രസ്റ്ററുകളുമാണ് ലാൻഡറിലുള്ളത്. അടിയന്തര ഘട്ടത്തിൽ ഇടിച്ചിറങ്ങിയാലും ആഘാതം കുറക്കുന്ന രീതിയിലാണ് ലാൻഡറിന്റെ കാലുകളുടെ രൂപകൽപന. പ്രൊപ്പൽഷൻ സംവിധാനവും ലാൻഡറിന്റെ സോഫ്റ്റ് വെയറും അൽഗോരിതവും പരിഷ്‌കരിച്ചിട്ടുണ്ട്. കൂടുതൽ ഇന്ധന ക്ഷമതയും ഉറപ്പുവരുത്തി. സോഫ്റ്റ് ലാൻഡിങ്ങിലെ ദിശയും വേഗതും മനസിലാക്കാൻ കൂടുതൽ സെൻസറുകൾ കൂട്ടിച്ചേർത്തു. കൂടുതൽ പവർ ലഭിക്കാൻ സോളാർ പാനലിന്റെ ഏരിയ വർധിപ്പിച്ചു.
പാറയും ഗർത്തങ്ങളും ഒഴിവാക്കി നിരപ്പായ സ്ഥലത്ത് ലാൻഡിങ്ങിന് സാധിച്ചാൽ മാത്രമേ ചന്ദ്രയാൻ 3-ന് ആയുസുള്ളു. ഇതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനും ലാൻഡറിൽ സംവിധാനമുണ്ട്. ലാൻഡർ പൊസിഷൻ ഡിറ്റെക്ഷൻ ക്യാമറ, ലാൻഡർ ഹസാർഡ് ഡിറ്റെക്ഷൻ ക്യാമറ, ലാൻഡർ ഹൊറിസോണ്ടർ വെലോസിറ്റി ക്യാമറ എന്നിങ്ങനെ മൂന്ന് ക്യമാറകൾ ഉൾപ്പെടെ ഒമ്പത് സെൻസറുകൾ ലാൻഡറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചന്ദ്രോപരിതലത്തിലേക്ക് അടുത്തുകൊണ്ടിരിക്കേ ഉയരവും വേഗവും കൃത്യമായി അറിയാനും അപകടങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനും ഈ സെൻസറുകൾ സഹായിക്കും. സെൻസറുകളിൽ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലാൻഡിങ് നിയന്ത്രിക്കുക പേടകത്തിൽ നേരത്തെ പ്രോഗ്രാം ചെയ്തിട്ടുള്ള സോഫ്റ്റ്‌വെയറാണ്. ഭൂമിയിലേക്ക് വിവരമയച്ച് മറുപടി വരാൻ കാത്തിരിക്കാനുള്ള സമയം ഇല്ലാത്തതിനാൽ സോഫ്റ്റ്‌വെയറിന്റെ കൃത്യമായ പ്രവർത്തനവും ദൗത്യത്തിൽ നിർണായകമാണ്.

കഴിഞ്ഞ തവണ സംഭവിച്ച പിഴവ് ആവർത്തിക്കാതിരിക്കാൻ കൃത്രിമ ചന്ദ്രോപരിതലം തന്നെ സൃഷ്ടിച്ച് പരീക്ഷണങ്ങൾ ഇസ്റോ നടത്തിയിരുന്നു. ത്രസ്റ്റർ ജ്വലിപ്പിക്കാതെ ലാൻഡറിനെ ഹെലികോപ്റ്ററിൽ തൂക്കിയിട്ട് അതിന്റെ ചലനങ്ങൾ നിരീക്ഷിച്ചു. ഇതിലൂടെ സെൻസറുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ, വിവരങ്ങൾ നൽകുന്നുണ്ടോ എന്നീ കാര്യങ്ങൾ പരിശോധിച്ചു. ലാൻഡർ ഒരു ക്രെയിനിൽ തൂക്കിയിട്ട് ത്രസ്റ്ററുകൾ ജ്വലിപ്പിച്ചും പരീക്ഷണം നടത്തി. ലാൻഡറിനെ താഴേക്കിട്ട് നിരവധി തവണ സോഫ്റ്റ് ലാൻഡിങ്ങിനുള്ള സാങ്കേതിക തികവും ഉറപ്പുവരുത്തിയിരുന്നു.
കഴിഞ്ഞആറു പതിറ്റാണ്ടിനിടെ നടന്ന ചാന്ദ്ര ദൗത്യത്തിൽ മൂന്നിലൊന്നും പരാജയപ്പെട്ടതാണ് ചരിത്രം. ഏറ്റവും ഒടുവിൽ ജപ്പാന്റെ ഹകുട്ടോ ആർ ചാന്ദ്രദൗത്യവും ലക്ഷ്യം കണ്ടില്ല. 2019-ൽ ഇന്ത്യയുടെ ചന്ദ്രയാൻ രണ്ട് ദൗത്യം ലാൻഡിങിന് തൊട്ടുമുമ്പ് പരാജയപ്പെട്ടു. അതിനാൽ ചന്ദ്രയാൻ 3 വിജയകരമാകുന്നത് വരെ ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് നെഞ്ചിടിപ്പാണ്.
ചന്ദ്രനിൽ ഇന്ത്യ തേടുന്ന രഹസ്യങ്ങൾ
ചന്ദ്രനിൽ ലാൻഡറിനെ സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്യിക്കാനുള്ള ശേഷി നേടുക, ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കാനും വിവരങ്ങൾ ശേഖരിക്കാനും അവ ഭൂമിയിലേക്ക് അയക്കാനുമുള്ള റോവറിന്റെ ശേഷി പരിശോധിക്കുക, ചന്ദ്രോപരിതലത്തിൽ തന്നെ ശാസ്ത്രീയ പരീക്ഷങ്ങൾ നടത്തുക തുടങ്ങിയവയാണ് മൂന്നാം ചാന്ദ്ര ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ചന്ദ്രനിലെ ജലസാന്നിധ്യം, മണ്ണിന്റെ ഘടന, സ്വാഭാവിക മൂലകങ്ങളുടെ അളവും വിന്യാസവും തുടങ്ങിയവയും ചന്ദ്രയാൻ 3 പരിശോധിക്കും. ഭൂചലനംപോലെ ചന്ദ്രനിൽ അടിക്കടിയുണ്ടാകുന്ന ചലനപ്രതിഭാസങ്ങളെ വിലയിരുത്തും. താപനിലയും വിശകലനം ചെയ്യും. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ഭാവിദൗത്യങ്ങൾക്കുള്ള വിവരശേഖരണം കൂടിയാണ് ഇതെല്ലാം.
ചന്ദ്രോപരിതലത്തിലെ മഗ്നീഷ്യം, അലുമിനിയം, സിലിക്കൺ, പൊട്ടാസ്യം, കാത്സ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യം കണ്ടുപിടിക്കുന്നതും ചന്ദ്രയാൻ 3-ന്റെ ലക്ഷ്യമാണ്. ഹീലിയം 3 മുതൽ ചില അപൂർവ മൂലകങ്ങൾ വരെ ഒളിച്ചിരിക്കുന്ന ഇടമാണ് ചന്ദ്രൻ. ആ വിഭവങ്ങളിൽ കണ്ണുനട്ടാണ് അമേരിക്കയും ചൈനയും ഉൾപ്പെടെയുള്ള പല രാജ്യങ്ങളും വൻകിട പദ്ധതികൾ ചന്ദ്രനിൽ ആസൂത്രണം ചെയ്യുന്നത്. ഇത്തരം രഹസ്യവിവരങ്ങളിലേക്ക് വിരൽ ചൂണ്ടാനാകുന്ന വിവരങ്ങൾ ചാന്ദ്രയാൻ മൂന്നിന് ലഭിച്ചാൽ ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ യശസ്സും വർധിക്കും.
ചന്ദ്രനിൽ ജലത്തിന്റെ സാന്നിധ്യമുണ്ടെന്നത് ഉൾപ്പെടെ നിർണായകമായ കണ്ടെത്തലുകൾ ആദ്യ ചാന്ദ്ര ദൗത്യത്തിലൂടെ ഇസ്‌റോ ശാസ്ത്രലോകത്തിന് നൽകിയിരുന്നു. രണ്ടാം ചാന്ദ്ര ദൗത്യത്തിലൂടെ ചന്ദ്രനിൽ വലിയ അളവിൽ സോഡിയം ഉണ്ടെന്ന സുപ്രധാന കണ്ടെത്തലും ഇസ്‌റോ നടത്തി. .

ഭൂമിയിൽനിന്ന് കാണാൻ സാധിക്കാത്ത ചന്ദ്രന്റെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 ലാൻഡർ ഇറങ്ങുക. ഐസ് രൂപത്തിൽ ജലനിക്ഷേപമുണ്ടെന്ന് കരുതുന്ന മേഖലയാണിത്. സൗരയൂഥത്തിന്റെ പുരാതന കാലത്തെക്കുറിച്ചുള്ള തെളിവുകൾ ഇവിടെ മറഞ്ഞിരിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഈ മേഖലയിൽ ആദ്യമായി ഗവേഷണത്തിന് ശ്രമിക്കുന്നതും ഇസ്റോ ആണ്. ആരും കടന്നുചെല്ലാത്ത സ്ഥലത്തെ ഗവേഷണത്തിൽ ജലത്തിന്റെ സാന്നിധ്യം ഉൾപ്പെടെയുള്ള സുപ്രധാന കണ്ടെത്തൽ നടത്താൻ കഴിഞ്ഞാൽ ലോക ബഹിരാകാശ രംഗത്തും ഇന്ത്യ സൂപ്പർ പവറയി മാറും. ദൗത്യം വിജയത്തിലെത്തുന്നതോടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള ഇസ്‌റോയുടെ ശ്രമങ്ങൾക്കും ചന്ദ്രയാൻ 3 കൂടുതൽ ഊർജം പകരും.
2008-ൽ തുടങ്ങിയ ചാന്ദ്ര പര്യവേക്ഷണം
2000-ത്തിലാണ് ചാന്ദ്രയാത്ര എന്ന ആശയം ഐഎസ്ആർഒ ആദ്യമായി പരിഗണിക്കുന്നത്. എട്ട് വർഷങ്ങൾക്ക് ശേഷം 2008 ഒക്ടോബർ 22-നാണ് ചന്ദ്രനിലേക്കുള്ള ഇസ്‌റോയുടെ ആദ്യ ദൗത്യം നടന്നത്. ചന്ദ്രനെ വലംവയ്ക്കുന്ന ഓർബിറ്റർ, ചന്ദ്രോപരിതലത്തിൽ ഇടിച്ചറക്കിയ മൂൺ ഇംപാക്റ്റ് പ്രോബ് എന്നിവയാണ് ചന്ദ്രയാൻ 1-ന്റെ പ്രധാന ഭാഗങ്ങൾ. ഓർബിറ്ററിന് ഇസ്‌റോ ലക്ഷ്യമിട്ട ദൗത്യകാലാവധി രണ്ട് വർഷമായിരുന്നു. എന്നാൽ, ഏകദേശം 10 മാസം മാത്രമേ ചന്ദ്രയാൻ 1 പ്രവർത്തിച്ചുള്ളു. പിന്നീട് ഭൂമിയുമായുള്ള ബന്ധം നഷ്ടമായി. ഇതിനുള്ളിൽ പ്രധാന ലക്ഷ്യങ്ങളെല്ലാം ചന്ദ്രയാൻ 1 നിറവേറ്റിയിരുന്നു. ദീർഘദൂര ബഹിരാകാശ ദൗത്യങ്ങളിലെ വെല്ലുവിളികൾ മനസിലാക്കാനും നിർണായക സാങ്കേതിക വിദ്യ സ്വായത്തമാക്കാനും ദൗത്യംകൊണ്ട് സാധിച്ചു.
പിന്നീട് പതിനൊന്ന് വർഷങ്ങൾക്ക് ശേഷമായിരുന്നു ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ അടുത്ത ദൗത്യം. 2019 ജൂലായ് 22ന് ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ചു. തുടർന്ന് ലാൻഡിങ് സ്റ്റേജ് വരെ കാര്യങ്ങളെല്ലാം ഇസ്‌റോ പ്രതീക്ഷിച്ച പോലെ നടന്നു. എന്നാൽ സോഫ്റ്റ് ലാൻഡിങ് ലക്ഷ്യമിട്ട വിക്രം ലാൻഡറിന് അവസാന നിമിഷം പിഴച്ചു. ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ കേന്ദ്രവുമായുള്ള ബന്ധം നഷ്ടമായ ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങി ഛിന്നഭിന്നമായി.

ഇതോടെ ദൗത്യം ഭാഗികമായി പരാജയപ്പെട്ടെങ്കിലും ഇതിനകം ചന്ദ്രനെക്കുറിച്ചുള്ള ഗവേഷണത്തിന് സഹായകരമായ വിവരങ്ങൾ ചന്ദ്രയാൻ 2 ഓർബിറ്റർ ഭൂമിയിലേക്ക് അയച്ചു. ഓർബിറ്ററിലെ ടെറൈൻ മാപ്പിങ് ക്യാമറ ചന്ദ്രന്റെ പ്രതലത്തെക്കുറിച്ച് കൂടുതൽ കൃത്യതയാർന്ന ചിത്രങ്ങൾ അയച്ചു. ചന്ദ്രോപരിതലത്തിലെ ധ്രുവങ്ങളിലെ ജല സാന്നിധ്യം, ധാതുക്കൾ, വാതകത്തിന്റെ സാന്നിധ്യം തുടങ്ങി ഭാവിയിലെ ഗവേഷണത്തിന് സഹായിക്കുന്ന ശാസ്ത്രീയ വിവരങ്ങൾ ഓർബിറ്ററിൽനിന്ന് ലഭിച്ചു. ചന്ദ്രനിലെ ആർഗൺ സാന്നിധ്യത്തെ പറ്റിയും സോഡിയം വിതരണത്തെ പറ്റിയുമുള്ള നിർണായക വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇപ്പോഴും പ്രവർത്തന സജ്ജമായ ഓർബിറ്ററിൽ നിന്നുള്ള വിവരങ്ങൾ ഇസ്റോ ശാസ്ത്രജ്ഞർ പഠിച്ചുകൊണ്ടിരിക്കുകയാണ്.
ഇസ്റോയുടെ ബാഹുബലി
ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമാണ് എൽവിഎം 3. ഇസ്റോയുടെ ബഹുബലി എന്ന വിശേഷണവും ഇതിനുണ്ട്. ജിഎസ്എൽവി മാർക്ക് 3 എന്ന് മുമ്പ് അറിയപ്പെട്ട റോക്കറ്റിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. ഇതിലേറിയാണ് വെള്ളിയാഴ്ച ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്. തിരുവനന്തപുരം വിഎസ്എസ്സിയാണ് എൽവിഎം 3 വികസിപ്പിച്ചത്. നാലോ അഞ്ചോ ടൺ ഭാരമുള്ള ഉപഗ്രഹത്തെ 36000 കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിലേക്ക് ഉയർത്താൻ കഴിവുള്ള റോക്കറ്റാണിത്. 640 മെട്രിക് ടൺ ആണ് റോക്കറ്റിന്റെ ഭാരം. ഉയരം 43.5 മീറ്റർ.
മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള ഇസ്റോയുടെ ഗഗൻയാൻ ദൗത്യത്തിലും ഇതേ എൽവിഎം റോക്കറ്റ് ആണ് ഉപയോഗിക്കുന്നത്. ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട് വിക്ഷേപണ വാഹനത്തിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. ചന്ദ്രയാൻ 3, എൽവിഎം 3 റോക്കറ്റിന്റെ ഏഴാമത്തെ ദൗത്യമാണിത്. ഇതുവരെ എൽവിഎം ബഹിരാകാശത്തേക്ക് നടത്തിയ ദൗത്യമൊന്നും പരാജയപ്പെട്ടിട്ടുമില്ല. അതിനാൽ ഇസ്‌റോയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനവും ഇതുതന്നെ.

ചന്ദ്രയാനിലേറി നാസയുടെ പേലോഡും
നാല് പേലോഡുകളാണ് (ശാസ്ത്രീയ പഠനത്തിനുള്ള ഉപകരണം) ലാൻഡറിനകത്തുള്ളത്. ആദ്യത്തേത് രംബ-എൽപി (RAMBHA-LP). ചന്ദ്രന്റെ ഉപരിതലത്തിലെ പ്ലാസ്മയുടെ (അയണുകളുടെയും ഇലക്ട്രോണുകളുടെയും) സാന്ദ്രത അളക്കാനുള്ള ഉപകരണമാണിത്. രണ്ടാമത്തേത് ചാസ്‌തെ (ChaSTE). ചന്ദ്രന്റെ ധ്രുവ പ്രദേശങ്ങളിലെ താപവ്യതിയാനം പഠിക്കുകയാണ് ഇതിന്റെ ലക്ഷ്യം. മൂന്നാമത്തെ പേലോഡാണ് ഇൽസ (ILSA). ചന്ദ്രനിലെ പ്രകമ്പനങ്ങൾ പഠിക്കാനുള്ള ഉപകരമാണിത്. ഇവയ്ക്ക് പുറമേ 'നാസ'യുടെ ലേസർ റിട്രോറിഫ്ളക്ടർ അറേ പേലോഡും ലാൻഡറിലുണ്ട്. ലേസർ റേഞ്ചിങ് സാങ്കേതികതയിലൂടെ ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം ഇതിലൂടെ അറിയാം. ലേസർ രശ്മികൾ വഴിയാണ് ഈ പഠനം. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഭാഗമായ ഏക വിദേശ പേലോഡും ഇതാണ്.

ചന്ദ്രനിലൂടെ സഞ്ചരിച്ച് പഠനം നടത്തുന്ന റോവറിൽ രണ്ട് പേലോഡുണ്ട്. ചന്ദ്രനിലെ മണ്ണിനെക്കുറിച്ച് പഠിക്കാനുള്ള ഉപകരണമായ ലിബിസ് (LIBS), ചന്ദ്രനിലെ മൂലക സാന്നിധ്യക്കുറിച്ച് സുപ്രധാന വിവരങ്ങൾ ശേഖരിക്കുന്ന ആപ്ക്സ് (APXS) എന്നിവയാണവ. ജീവസാന്നിധ്യമുള്ള ഗ്രഹങ്ങളെ വിദൂരത്തിൽനിന്ന് നിരീക്ഷിക്കുന്നതിനായി വികസിപ്പിച്ച ഷെയ്പ് എന്ന ഉപകരണം പ്രൊപ്പൽഷൻ മൊഡ്യൂളിലുമുണ്ട്. ഇത് ഭൂമിയെ ദീർഘകാലം നിരീക്ഷിക്കും. മനുഷ്യവാസയോഗ്യമായ ഗ്രഹങ്ങൾ പ്രപഞ്ചത്തിലുണ്ടോ എന്ന് തിരയുകയാണ് ഷെയ്പിന്റെ ജോലി. സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ കൂടുതൽ തിരിച്ചറിയാനും ഷെയ്പ്പ് സഹായിക്കും. ഇത് ഉൾപ്പെടെ ആകെ ഏഴ് പേലോഡുകളാണ് ചന്ദ്രയാൻ 3 ദൗത്യത്തിലുള്ളത്.
ചന്ദ്രയാൻ 3 ലാൻഡറിന് ചന്ദ്രയാൻ 2-ലെ ലാൻഡറിനെക്കാൾ 300 കിലോ ഭാരം കൂടുതലാണ്. ലാൻഡറിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാനായി പ്രൊപ്പൽഷൻ മൊഡ്യൂളിലെ ഭാരം ഇതിനനുസരിച്ച് 300 കിലോ കുറച്ചു. പ്രൊപ്പൽഷൻ മൊഡ്യൂളിന്റെ ഭാരം 2148 കിലോയാണ്. ലാൻഡർ മൊഡ്യൂളിന് 1752 കിലോഗ്രാം ഭാരമുണ്ട്. റോവറിന്റെ 26 കിലോഗ്രാം ഭാരം ഉൾപ്പെടെയാണിത്. ഇവയെല്ലാം ചേർന്ന് ആകെ 3900 കിലോ ഗ്രാം ഭാരമാണ് പേടകത്തിനുള്ളത്.

ബോളിവുഡ് സിനിമ ബജറ്റിനെക്കാൾ കുറഞ്ഞ ചെലവ്
ചന്ദ്രയാൻ 3 ദൗത്യത്തിന്റെ പദ്ധതി ചെലവ് ഒരു ബിഗ് ബജറ്റ് ബോളിവുഡ് സിനിമയുടെ നിർമാണ ചെലവിനെക്കാൾ കുറവാണ്. ഏകദേശം 615 കോടി രൂപയോളമാണ് ചന്ദ്രയാൻ 3 ദൗത്യത്തിനായി ഇന്ത്യ ചെലവഴിച്ചത്. നാസ, യൂറോപ്യൻ സ്‌പേസ് ഏജൻസി ഉൾപ്പെടെ ബഹിരാകാശ രംഗത്തെ പല വമ്പൻമാർക്കും ഇതുവരെ സാധ്യമാകാത്ത നേട്ടം കൂടിയാണിത്. ഇതിനെക്കാൾ പതിൻമടങ്ങ് ഉയർന്ന തുകയാണ് അവരെല്ലാം ബഹിരാകാശ ദൗത്യങ്ങൾക്ക് ചെലവഴിക്കുന്നത്. ചെലവ് വളരെ കുറച്ച് ബഹിരാകാശ ദൗത്യം സാധ്യമാക്കിയത് ഭാവിയിൽ വാണിജ്യ വിക്ഷേപണ രംഗത്തും ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകും. കുറഞ്ഞ ചെലവിൽ തങ്ങളുടെ പേടകങ്ങൾ ബഹിരാകാശത്തേക്ക് അയക്കാൻ കൂടുതൽ രാജ്യങ്ങൾ ഇന്ത്യയെ സമീപിക്കാനും ഇതു കാരണമാകും. ഇതുവഴി ബഹിരാകാശ രംഗത്തെ വൻശക്തിയായി മാറാനും ഇന്ത്യയ്ക്ക് സാധിക്കും
Content Highlights: chandrayaan 3 mission, a guide to Indias third mission to the moon
Published: 14 Jul 2023, 03:50 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented