ചന്ദാ കൊച്ചാർ | Photo:AFP
1961-ല്‍ രാജസ്ഥാനിലെ ജോധ്പുറില്‍ ജനനം. ജയ്പൂരിലും മുംബൈയിലുമായി പഠനം. ബിരുദവും ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കിയതിന് ശേഷം 23-ാം വയസ്സില്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച അവരെ തേടിയെത്തിയ അധികാരങ്ങളും ബഹുമതികളും എണ്ണമറ്റതായിരുന്നു. ചന്ദാ കോച്ചാര്‍- ഫോര്‍ബ്‌സ് മുതല്‍ ടൈംസ് വരെയുള്ള പട്ടികയില്‍ അംഗം. 2011-ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. പക്ഷെ പിന്നീടങ്ങോട്ട് വിവാദകലുഷിതമായ അവരുടെ ജീവിതത്തില്‍ നേരിടേണ്ടി വന്ന തിരിച്ചടികളും വലുതായിരുന്നു.
2023 ജനുവരി 9-ാം തീയ്യതി ചന്ദാ കോച്ചാറിന്റെ അറസ്റ്റ് നിയമപരമല്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവോടെ തത്ക്കാലത്തേക്കെങ്കിലും തിരശ്ശീല വീഴുന്നത് വര്‍ഷങ്ങള്‍ നീണ്ട് നില്‍ക്കുന്ന നിയമപോരാട്ടത്തിനാണ്.
ട്രെയിനിയായി പ്രവേശം, അമ്പരപ്പിക്കുന്ന വളർച്ച
1984-ൽ ഒരു മാനേജ്മന്റ് ട്രെയിനിയായി ചന്ദാ കോച്ചാർ ഐ.സി.ഐ.സി.ഐയിൽ പ്രവേശിക്കുമ്പോൾ അന്ന് ആ ഓഫീസിലുണ്ടായിരുന്ന ഒരാൾ പോലും ചിന്തിച്ചു കാണില്ല തങ്ങളുടെ ഭാവി എം.ഡിയാണ് മുന്നിൽ നിൽക്കുന്ന 23-കാരിയെന്ന്. 1990-കളിൽ ഐ.സി.ഐ.സി.ഐ. ഗ്രൂപ്പ് ബാങ്കിങ് മേഖലയിലേക്ക് ചുവടു വയ്ക്കുമ്പോൾ കമ്പനിയുടെ ഉത്തരവാദിത്തപ്പെട്ട അംഗങ്ങളിൽ ഒരാളായി മാറിയിരുന്നു ചന്ദാ. കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു പിന്നീടുള്ള ചന്ദയുടെ വളർച്ച.
1994-ലും 96-ലും സ്ഥാനക്കയറ്റം ലഭിച്ച അവർ 1998-ഓടെ ബാങ്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇരുന്നൂറോളം ഇടപാടുകാരെ കൈകാര്യം ചെയ്യുന്ന ജനറൽ മാനേജറായി വളർന്നിരുന്നു. പിന്നീട് ചന്ദയുടെ കീഴിൽ ബാങ്ക് വ്യത്യസ്തമായ മേഖലകളിലേക്ക് ചുവട് വയ്ക്കുന്നതിനാണ് ലോകം സാക്ഷിയായത്. 2000-ത്തോടെ സാങ്കേതിക വിദ്യയിലൂന്നിയുള്ള വ്യത്യസ്തമായ പുത്തൻ വിപണികളിലേക്ക് ബാങ്ക് തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. 2006-ഓടെ ചന്ദ കോച്ചാറിന് ഐ.സി.ഐ.സി.ഐയുടെ എം.ഡിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. പിന്നീടങ്ങോട്ടുള്ള രാജ്യാന്തര കോർപ്പറേറ്റ് ബിസ്സിനസ്സുകളെല്ലാം കൈകാര്യം ചെയ്തിരുന്നത് ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കൂടിയായിരുന്ന ചന്ദയായിരുന്നു.

അതികായനായ കെ.വി. കാമത്തിന്റെ പിൻഗാമി
2009-നു ശേഷം സ്വപ്‌നതുല്യമായ വളർച്ചയും അംഗീകാരങ്ങളുമായിരുന്നു ചന്ദയ്ക്ക് ലഭിച്ചത്. 2009 ഏപ്രിൽ 30, ബാങ്കിങ് മേഖലകളിൽ അതികായനായ കെ.വി. കാമത്ത് ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ സി.ഇ.ഒ. കസേര ചന്ദയ്ക്കായി ഒഴിഞ്ഞുകൊടുത്തത് അന്നായിരുന്നു. തന്നേക്കാൾ മുതിർന്ന പലരേയും മറികടന്നായിരുന്നു ചന്ദയുടെ സ്ഥാനാരോഹണം.
കെ.വി. കാമത്തിന്റെ അധികാരകാലയളവിൽ ഒരുപാട് ബാങ്ക് റണ്ണുകൾ( ഒരു ബാങ്കിന്റെ ഉപഭോക്താക്കൾ ആശങ്കകൾ കാരണം അവരുടെ നിക്ഷേപങ്ങൾ ഒരേ സമയം പിൻവലിക്കുന്നത്) ഐ.സി.ഐ.സി.ഐ. നേരിട്ടുണ്ടെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ തന്റെ കൃത്യമായ ഇടപെടലുകളിലൂടെയും നിയന്ത്രണങ്ങളിലൂടെയും ഇത്തരം പ്രവണതകൾക്ക് കടിഞ്ഞാണിടാൻ ചന്ദയ്ക്കായിരുന്നു. അവരുടെ കാലയളവിൽ ഒരു ബാങ്ക് റൺ മാത്രമാണ് ബാങ്ക് നേരിട്ടത്.
ഇന്ത്യ-റഷ്യ ബിസിനസ്സ് ഫോറം, യു.എസ്സ്. സി.ഇ.ഒ. ബിസിനസ്സ് ഫോറം എന്നിവയിൽ അംഗമായിരുന്നു ഇക്കാലയളവിൽ ചന്ദാ. പിന്നീടങ്ങോട്ട് അന്താരാഷ്ട്ര മോണിറ്ററി സമ്മേളനത്തിന്റെ അധ്യക്ഷസ്ഥാനം മുതൽ പ്രധാനമന്ത്രി നിയമിക്കുന്ന വ്യാപാര വ്യവസായി കൗൺസിൽ അംഗത്വം വരെ ഇവരെ തേടിയെത്തി. 2011-ലാണ് രാജ്യം അവരെ പത്മഭൂഷൺ നൽകി ആദരിക്കുന്നത്.
2009-ൽ ഫോർബ്‌സ് മാസികയുടെ ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പം സ്ഥാനം ഉറപ്പിച്ചിരുന്നു അവർ. പട്ടികയിൽ സോണിയ പതിമൂന്നാം സ്ഥാനവും ചന്ദാ ഇരുപതാം സ്ഥാനവും കരസ്ഥമാക്കി. പിന്നീടുള്ള ആറ് വർഷങ്ങളിലും പട്ടികയിൽ ഇടം നേടാൻ അവർക്ക് സാധിച്ചു. ഇതിന് പുറമെ ഫോർച്ച്യൂൺ മാസികയുടെ ലോകത്ത് ബിസിനസ്സ് രംഗത്തെ ശക്തരായ സ്ത്രീകളുടെ പട്ടികയിൽ 2005 മുതൽ സ്ഥിരം സാന്നിധ്യവുമായിരുന്നു ചന്ദാ കൊച്ചാർ. 2015-ൽ ടൈം ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളുടെ പട്ടികയിൽ ഇടം നേടാനും അവർക്കായി.

വീഡിയോകോണും നുപവറും എസ്സാറും- കോടികളുടെ ആരോപണം
ജനുവരി നാലിനായിരുന്നു തന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കണമെന്ന് സൂചിപ്പിച്ച് ഇടക്കാലത്തേക്ക് തങ്ങളെ വിട്ടയയ്ക്കണമെന്ന് ചന്ദാ-ദീപക് കോച്ചാർ ദമ്പതിമാർ കോടതിയിൽ ആവശ്യപ്പെടുന്നത്. എന്നാൽ മാസങ്ങളുടെ തയ്യാറെടുപ്പുകളോടെ ജയ്‌സാൽമീറിൽ വച്ച് നടത്താനിരുന്നു അത്യാഡംബര വിവാഹം ദിവസങ്ങൾക്ക് മുൻപേ മുടങ്ങിയിരുന്നു. 2022 ഡിസംബർ 22-നാണ് ചന്ദാ കോച്ചാറിനെയും ഭർത്താവ് ദീപക് കോച്ചാറിനെയും വായ്പാ തട്ടിപ്പ് കേസിൽ സി.ബി.ഐ. അറസ്റ്റ് ചെയ്യുന്നത്. 2009-11 കാലഘട്ടങ്ങളിൽ നടന്ന ഇടപാടുകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചായിരുന്നു ഇരുവരെയും സി ബി ഐ അറസ്റ്റ് ചെയ്യുന്നത്.
ചന്ദാ കോച്ചാറിനെ ഐ.സി.ഐ.സി.ഐ. കൈകാര്യം ചെയ്ത വിധം രാജ്യത്തെ കോർപ്പറേറ്റ് ലോകത്തിന്റെ പരാജയമാണെന്നാണ് പ്രശസ്ത എഴുത്തുകാരൻ ചേതൻ ഭഗത്ത് ടൈംസ് ഓഫ് ഇന്ത്യക്ക് വേണ്ടി എഴുതിയ ലേഖനത്തിൽ ആരോപിച്ചത്. 2009-11 കാലഘട്ടങ്ങളിലാണ് ബാങ്ക് സി.ഇ.ഒ. ആയിരുന്ന ചന്ദാ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ട് സാമ്പത്തിക ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്നത്. കോച്ചാർ ദമ്പതികൾക്ക് പുറമെ വീഡിയോകോൺ ഉടമ വേണുഗോപാർ ദൂതും തട്ടിപ്പിൽ പങ്കാളിയായിരുന്നു.

2008-ലാണ് വേണുഗോപാൽ ദൂതും ദീപക് കോച്ചാറും ചേർന്ന് തുല്യ പങ്കാളിത്തത്തോടെ നുപവർ റിന്യുവബിൾസ് എന്ന പേരിൽ ഒരു കമ്പനി ആരംഭിക്കുന്നത്. എന്നാൽ പലപ്പോഴായി കമ്പനിയുടെ ഉടമസ്ഥാവകാശം കൈമാറിയിരുന്നു. ഇവിടം മുതലാണ് സാമ്പത്തിക ക്രമക്കേടുകൾ ആരംഭിക്കുന്നത്. 2012-ൽ ചന്ദാ കോച്ചാർ ഭാഗമായിരുന്ന ബോർഡാണ് വിഡിയോകോണിന് 3,250 കോടി രൂപയുടെ വായ്പ അനുവദിക്കുന്നത്. എന്നാൽ ഈ അവസരത്തിൽ നുപവർ എന്ന കമ്പനിയെക്കുറിച്ച് ചന്ദാ മൗനം പാലിച്ചു.
പിന്നീട് നിയമനടപടികളെല്ലാം അട്ടിമറിച്ചുകൊണ്ട് വീഡിയോകോണിന് വായ്പ ലഭിക്കുന്നതോടെ ദൂത് തന്റെ ഓഹതികൾ നിസ്സാര തുകയ്ക്ക് ദീപക് കോച്ചാറിന് കൈമാറിക്കൊണ്ട് കമ്പനി വിടുകയായിരുന്നു. ഇതിന് പുറമെ ദൂതിന്റെ ഉടമസ്ഥതയിലുള്ള സുപ്രീം എനർജിയിൽ നിന്നും നുപവറിന് 64 കോടിയുടെ വായ്പ കൂടെ ലഭിക്കുന്നതോടെ തട്ടിപ്പിന്റെ ചിത്രം കൂടുതൽ വ്യക്തമാകുകയായിരുന്നു. ഈ തുക ഐ.സി.ഐ.സി.ഐയിൽനിന്നും അനധികൃതമായി ലഭിച്ച വായ്പയിൽനിന്നും നൽകിയതാണെന്നാണ് സി.ബി.ഐ. ആരോപിക്കുന്നത്.
ഇതിന് പിന്നാലെയാണ് നുപവറും എസ്സാർ ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കൂടെ പുറത്തു വരുന്നത്. മട്രിക്‌സ് ഗ്രൂപ്പ്, മൗറീഷ്യസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫസ്റ്റ്‌ലാൻഡ് ഹോൾഡിങ്‌സ് എന്നീ സ്ഥാപനം വഴി എസ്സാർ ഗ്രൂപ്പിൽനിന്നും 453 കോടി രൂപയുടെ നിക്ഷേപം നുപവറിന് ലഭിച്ചു എന്നതായിരുന്നു ഉയർന്ന ആരോപണം. എസ്സാർ ഗ്രൂപ്പ് വൈസ് ചെയർമാൻ രവി റൂയിയയുടെ മകൾ സ്മിത റുയിയുടെ ഭർത്താവ് നിഷാന്ത് കനോഡ്യയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനങ്ങൾ. എന്നാൽ തങ്ങൾക്ക് മേൽപ്പറഞ്ഞ സ്ഥാപനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു എസ്സാർ ഗ്രൂപ്പിന്റെ വാദം
ക്രമക്കേടുകളുടെ വ്യാപ്തി വർധിച്ചു വന്നതോടെ ക്രമക്കേടുകളിൽ ഐ.സി.ഐ.സി.ഐ. അന്വേഷണം പ്രഖ്യാപിച്ചു. ഇതിനായി സുപ്രീം കോടതി ജഡ്ജി ബി.എൻ. ശ്രീകൃഷ്ണയെയും നിയമിച്ചു. സി.ബി.ഐക്ക് പുറമെ ഇ.ഡിയും കേസിൽ അന്വേഷണം നടത്തുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസാണ് ഇ.ഡി. അന്വേഷിക്കുന്നത്.
കാലിടറി തുടങ്ങിയത് 2016-ൽ അവഗണിച്ച ആ കത്ത് മുതൽ
15 മാർച്ച് 2016 എന്ന തീയ്യതിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, റിസർവ് ബാങ്ക് ഗവർണർ ഓഫ് ഇന്ത്യ എന്നിവർക്ക് അരവിന്ദ് ഗുപ്ത എന്ന പേരിൽ നിന്നും ഒരു കത്ത് ലഭിച്ചു. ഇവിടം മുതൽ ആരംഭിക്കുന്നുണ്ട് കോച്ചാർ ദമ്പതികളുടെ പതനം. ഐ.സി.ഐ.സി.ഐ. ബാങ്കുമായി ബന്ധപ്പെട്ട വെട്ടിപ്പുകൾ വ്യക്തമാക്കിയിരുന്ന ആ കത്ത് അന്ന് അവഗണിക്കപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ 2018-ൽ ഒരു കത്ത് കൂടെ അയയ്ക്കുന്നുണ്ട് അരവിന്ദ് ഗുപ്ത. എസ്സാർ ഗ്രൂപ്പിൽനിന്നും നുപവറിന് 453 കോടി രൂപയുടെ ലോൺ അനുവദിക്കപ്പെട്ടതായിരുന്നു കത്തിന്റെ ഉള്ളടക്കം. ഇത് അനധികൃതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2016-ൽ അരവിന്ദ് ഗുപ്ത ആരംഭിച്ച പോരാട്ടത്തിന് വർഷങ്ങൾക്കിപ്പുറമായിരുന്നു ഫലം കണ്ടത്. എന്നാൽ ഇപ്പോഴും പുറത്ത് വന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരറ്റം മാക്രമാണെന്നാണ് അരവിന്ദ് ഗുപ്ത വ്യക്തമാക്കുന്നത്.

ചന്ദാ കോച്ചാറിന്റെ കീഴില്‍ ബാങ്കിന്റെ കിട്ടാക്കടം അതിഭീകരമായി വളര്‍ന്നു എന്നാണ് ആര്‍.ബി.ഐ ഡാറ്റകള്‍ വ്യക്തമാക്കുന്നത്. 2009-ല്‍ 9000 കോടിയോളമുണ്ടായിരുന്ന കിട്ടാക്കടം 12 വര്‍ഷത്തെ ചന്ദയുടെ നേതൃത്വത്തില്‍ കൂപ്പുകുത്തിയത് 34000 കോടി രൂപയിലേക്കായിരുന്നു. വീഡിയോകോൺ ഇടപാടിലും ബാങ്കിന് 1730 കോടി രൂപയുടെ നഷ്ടമുണ്ടായി. വിവാദത്തിനു പിന്നാലെ ബാങ്കിന്റെ ഓഹരി വിലയിലും വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
2016-ൽ ഇത്തരത്തിൽ ഒരു കത്ത് പുറത്ത് വന്നതോടെ സംഭവം ഒളിപ്പിച്ചു വയ്ക്കാനാണ് ഐ.സി.ഐ.സി.ഐ. ശ്രമിച്ചത്. തങ്ങൾ ആഭ്യന്തരമായി നടത്തിയ പരിശോധനയിൽ ക്രമക്കേടുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചില്ലെന്നായിരുന്നു അവരുടെ വാദം. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ആരോപണങ്ങളുടെ വ്യാപ്തിയും പട്ടികയും വലുതായതോടെ ബോർഡിൽ നിന്നുമുള്ള പിന്തുണയും കുറഞ്ഞു തുടങ്ങി.
തുടർന്ന് 2018-ൽ ഐ.സി.ഐ.സി.ഐയിൽ നിന്നും ചന്ദ കോച്ചാർ പടിയിറങ്ങി. 1984-ൽ ട്രെയിനിയായി ആരംഭിച്ച ഔദ്യോഗികജീവിതത്തിന് ഇങ്ങനെയൊരു പടിയിറക്കം ചന്ദാ സ്വപ്‌നത്തിൽ പോലും കണ്ടു കാണില്ല. തന്നെ വളർത്തിയ, താൻ വളർത്തിയ സ്ഥാപനത്തിൽ നിന്നും ക്രമക്കേടിന്റെയും അഴിമതിയുടെയും ആരോപണങ്ങളോടെ നിറംമങ്ങിയ ഒരു പടിയിറക്കം.
Content Highlights: Chanda Kochhar, Deepak Kochhar, Videocon, Essar, ICICI, CBI
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..