രാഹുൽഗാന്ധി, പ്രിയങ്കാ ഗാന്ധി|ANI
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര 135 ദിവസത്തെ യാത്രയ്ക്കു ശേഷം സമാപിച്ചിരിക്കുന്നു. 14 സംസ്ഥാനങ്ങളിലെ 75 ജില്ലകള്‍. രണ്ടു കേന്ദ്രഭരണ പ്രദേശങ്ങള്‍. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങി ഞായറാഴ്ച കാല്‍നട യാത്ര പരിസമാപ്തിയിലെത്തിയപ്പോള്‍ രാഹുലും കൂട്ടരും പിന്നിട്ടത്. 4080 കിലോമീറ്റര്‍. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ശ്രീനഗറിലെ പി.സി.സി. ഓഫീസില്‍ രാഹുല്‍ ദേശീയ പതാക ഉയര്‍ത്തും. പിന്നാലെ ശേര്‍ എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സമാപന റാലിയും പൊതുസമ്മേളനവും. പ്രതിസന്ധികള്‍ അതിജീവിച്ചുള്ള, അഞ്ചു മാസത്തോളം നീണ്ട, സ്വതന്ത്രേന്ത്യ കണ്ട ഏറ്റവും വലിയ പദയാത്ര പൂര്‍ത്തിയാക്കി രാഹുല്‍ ഗാന്ധി ചരിത്രം തീര്‍ക്കുമ്പോള്‍, അത് കോണ്‍ഗ്രസ്സിന് നല്‍കുന്ന ആത്മവിശ്വാസവും പ്രതീക്ഷയും ചില്ലറയല്ല.
ഒപ്പം രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയിലുണ്ടാക്കിയതും വലിയ മാറ്റങ്ങള്‍. യാത്രയിലുടനീളം താടി വളര്‍ത്തി, കൊടും തണുപ്പിലും ടീ ഷര്‍ട്ടുമാത്രമിട്ട് രാഹുല്‍ നടത്തിയ യാത്ര അദ്ദേഹത്തിന്റെ കായിക ശേഷിയെയും സഹനശേഷിയെയും കൂടി ബോധ്യപ്പെടുത്തി. പത്രസമ്മേളനങ്ങളിലും അളന്നു കുറിച്ചുള്ള മറുപടി. ഏതു ചോദ്യത്തിനും കൃത്യമായ രാഷ്ട്രീയ ബോധ്യത്തോടെയുള്ള ഉത്തരം. നടത്തം രാഷ്ട്രീയമാണെന്നും ജനങ്ങളുമായുള്ള ഇടപഴകല്‍ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും ഇതെല്ലാം രാഷ്ട്രീയ വീക്ഷണത്തില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച രൂപപ്പെടുത്തുമെന്നും വ്യക്തമാക്കുന്നുണ്ട്, ഭാരത് ജോഡോ യാത്രയുടെ കഴിഞ്ഞുപോയ ഓരോ ദിനങ്ങളും. ഈ യാത്രയില്‍ രാഹുലിനൊപ്പം സ്ഥിരം അണിചേര്‍ന്ന കുറച്ചു പേര്‍ കൂടിയുണ്ട്. അവര്‍ക്കും യാത്ര നല്‍കിയത് അവിസ്മരണീയ അനുഭവങ്ങളും പുതിയ പ്രതീക്ഷകളും. അവരില്‍ ചിലരുടെ വാക്കുകളിലൂടെ
നഗ്നപാദനായി നടന്ന് ചാണ്ടി ഉമ്മന്‍
( ചെയര്‍മാന്‍, ഔട്ട് റീച്ച് സെല്‍, യൂത്ത് കോണ്‍ഗ്രസ്)
കൊടും തണുപ്പില്‍ രാഹുല്‍ ഗാന്ധി ടീഷര്‍ട്ടു മാത്രമിട്ട് നടക്കുമ്പോള്‍ ചെരിപ്പില്ലാതെ നടന്നയാളാണ് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. തൃശ്ശൂരിലെത്തിയപ്പോഴാണ് ചാണ്ടി ഉമ്മന്‍ ചെരിപ്പുപേക്ഷിച്ചത്. ശ്രീനഗറിലെ കൊടും തണുപ്പിലും അതു മാറ്റിയില്ല. പരീക്ഷണമെന്ന നിലയില്‍ തുടങ്ങി സ്ഥിരമാക്കുകയായിരുന്നു നഗ്‌നപാദനായുള്ള നടത്തം. ഒരു തീരുമാനം നിശ്ചയദാര്‍ഢ്യത്തോടെ എടുത്താല്‍ അതു വിജയിപ്പിക്കാനാവുമെന്ന വലിയ പാഠം ഇതിലൂടെ പഠിച്ചതായി ചാണ്ടി ഉമ്മന്‍ സാക്ഷ്യപ്പെടുത്തുന്നു. 'ചെരിപ്പില്ലാതെ നടക്കുമ്പോള്‍ മിക്ക സംസ്ഥാനങ്ങളിലും പലരും വാഹനത്തില്‍ കുറച്ചു ദൂരം എത്തിക്കാമെന്നു പറയും. നമ്മളെന്തു മതമായാലും ജാതിയായാലും ഏതു ഭാഷ സംസാരിച്ചാലും ഭാരതീയരില്‍ പൊതുവായുള്ള മനുഷ്യത്വമാണിതു കാണിക്കുന്നത്. മനുഷ്യത്വവും സ്നേഹവും തന്നെയാവണം മനുഷ്യന്റെ മതം എന്നാണ് ഈ യാത്രയിലൂടെ രാഹുല്‍ ഗാന്ധിയും പഠിപ്പിക്കുന്നത്. വളരെ ബുദ്ധിമുട്ടേറിയ സമയത്തായിരുന്നു യാത്രയില്‍ പങ്കെടുത്തത്. പിതാവിനെ ജര്‍മനിയില്‍ ഇടയ്ക്ക് ചികിത്സയ്ക്കായി കൊണ്ടു പോകേണ്ടി വന്നു. രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയപ്പോള്‍ അദ്ദേഹം അതിനുള്ള എല്ലാ സഹായങ്ങളും നല്‍കി. അച്ഛനെ ഞാന്‍ കൊല്ലാന്‍ ശ്രമിക്കുന്നു എന്ന ആരോപണം പോലും ചില കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നു. മാനസികമായി തളര്‍ന്നു പോയി. ആ സമയം ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ രാഹുല്‍ജി കൂടെ നിന്നു. അത്തരം ആരോപണങ്ങളെല്ലാം സത്യത്തിനു മുന്നില്‍ തകരുമെന്ന് അദ്ദേഹം ധൈര്യം തന്നു. ചരിത്രത്തിന്റെ ഭാഗമാവാന്‍ അവസരം ലഭിച്ച സന്തോഷമാണെനിക്ക്.
വിവിധ ഭാഷകളും സംസ്‌കാരങ്ങളും വേഷങ്ങളുമുള്ള ജനങ്ങളോട് ഇടപഴകാന്‍ കിട്ടിയ അപൂര്‍വ ഭാഗ്യം. ഏറ്റവും വിഷമം തോന്നിയത് മധ്യപ്രദേശിലാണ്. നൂറ്റമ്പത് രൂപയാണ് അവിടെ പലയിടത്തും ദിവസക്കൂലി. റോഡുകളെല്ലാം മോശമായി കിടക്കുന്നു. വികസനം ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങളിലൊന്ന്. കശ്മീരിലെത്തിയപ്പോള്‍ ഭക്ഷണരീതിയും പെരുമാറ്റ രീതിയും തന്നെ മാറി. ചിലയിടത്ത് നമ്മള്‍ തുര്‍ക്കിയിലോ ഇറാനിലോ എത്തിയ പ്രതീതിയാണ്. ഒരു സുഹൃത്തിന്റെ വീട്ടില്‍ ക്ഷണം സ്വീകരിച്ച് ചെന്നപ്പോള്‍ തുര്‍ക്കി കാര്‍പ്പറ്റ് വിരിച്ച് നിലത്തിരുത്തിയാണ് ഭക്ഷണം നല്‍കിയത്. വളരെ പുരോഗമനപരമായി മുന്നേറുന്ന സമൂഹമായും കശ്മീരിനെ കാണണം. ഒരിടത്ത് ഒരു കൊച്ചുപെണ്‍കുട്ടി ഇന്ത്യന്‍ സൈന്യത്തിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നത് കണ്ടു. പ്രത്യേക പദവി പിന്‍വലിച്ചതില്‍ ശക്തമായ പ്രതിഷേധം ഇവിടെ ഉണ്ടെങ്കിലും ഇന്ത്യന്‍ സൈന്യം രണ്ടു ദശകത്തോളമായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ പ്രതിഫലനമാണിത്. അതുപോലെ കര്‍ണാടകത്തില്‍ ഒരയ്യപ്പ ഭക്തനെ കണ്ടു. 15 വര്‍ഷത്തോളമായി ശബരിമലയില്‍ വരുന്നയാളാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ അയ്യപ്പന്റെ ഫോട്ടോ കണ്ടില്ല. ചോദിച്ചപ്പോള്‍ പറഞ്ഞു. ആ മുറിയില്‍ ഞാന്‍ മാത്രമേ കയറാറൂള്ളൂ എന്ന്. അത്ര വൈവിധ്യമേറിയ വിശ്വാസങ്ങളാണ് നമ്മുടെ നാട്ടില്‍. അതെല്ലാം ഒരുപോലെ കാണാനും ഐക്യത്തോടെ വര്‍ത്തിക്കാനും ജനതയെ പ്രചോദിപ്പിക്കുന്ന യാത്രയാണിത്.
ക്ഷമയും സഹന ശക്തിയും പഠിച്ച് നന്ദിത ഹൂഢ
(ഛണ്ഡീഗഢ് പി.സി.സി. ഉപാധ്യക്ഷ)
ഭാരത് ജോഡോ യാത്ര പരിസമാപ്തിയിലെത്തുമ്പോള്‍ രാഷ്ട്രീയ പ്രതീക്ഷ ഉയര്‍ന്നതിനൊപ്പം വ്യക്തിപരമായ നേട്ടങ്ങളും ഏറെയുണ്ടായി. പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു യാത്ര സമ്മാനിച്ചത്. ഇത്രയും കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ നിന്നു പോലും അതു കിട്ടിയിട്ടില്ല. അഞ്ചു മാസത്തോളം കണ്ടെയ്നറില്‍, വ്യത്യസ്ത ഭാഷ സംസാരിക്കുന്ന, വസ്ത്രം ധരിക്കുന്ന, ഭക്ഷണ ശീലമുള്ള, സംസ്‌കാരമുള്ള വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ക്കൊപ്പം താമസിക്കുക. പലതരം അഭിരുചികളുമായെത്തുന്ന നമ്മള്‍ ആദ്യമൊന്ന് അസ്വസ്ഥമാവും. എന്നാല്‍ യാത്ര ക്രമേണ പുരോഗമിക്കവേ, ഇവര്‍ക്കെല്ലാമൊപ്പമുള്ള കൂട്ടായ്മയില്‍ നമ്മളറിയാതെ വല്ലാതെ ആകൃഷ്ടരായി. ക്ഷമവും സഹനശക്തിയും പതിന്മടങ്ങ് കൂടി. ഇനി മുന്നോട്ടുള്ള വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും ഇതുപകരിക്കുമെന്നുറപ്പാണ്. രാജ്യത്തിന്റെ വൈവിധ്യമാണ് അതിന്റെ ശക്തിയെന്നു ബോധ്യപ്പെടുത്തുന്ന യാത്രയാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്.
വ്യത്യസ്ത നിറമുള്ള കൊടി ഉയര്‍ത്തി ഇത് എല്ലാവരുടെയും കൊടിയാണെന്നു പറയുമ്പോഴുണ്ടാവുന്ന ആവേശവും വികാരവും യാത്രയിലെ അനുഭവങ്ങളിലൂടെ മനസ്സിലാക്കാനായി. ജനങ്ങളുടെ മനസ്സില്‍ ഭയം എത്രയുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു, അവരില്‍ എത്രത്തോളം വിദ്വേഷം കുത്തിനിറക്കാന്‍ സംഘപരിവാര്‍ രാഷ്ട്രീയം ശ്രമിക്കുന്നുണ്ട് എന്നു ബോധ്യപ്പെടുത്തുന്നതായിരുന്നു യാത്രയിലെ ജനകീയസംവാദങ്ങള്‍. ഒറ്റയ്ക്കൊറ്റയ്ക്ക് പറയാന്‍ ഭയപ്പെടുന്നത് രാഹുല്‍ ഗാന്ധിക്കു മുന്നില്‍ കൂട്ടായെത്തിയപ്പോള്‍ എല്ലാവരും വെളിപ്പെടുത്തി. ഈ യാത്ര ജനങ്ങളുടെ ഹൃദയം കീഴടക്കി. അതിന്റെ ഫലം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ലഭിക്കും എന്നാണ് വിശ്വാസം.
മകളെ ഓര്‍ത്ത് കരഞ്ഞപ്പോള്‍ ധൈര്യം തന്നത് ഭര്‍ത്താവെന്ന് ഫാത്തിമ ഇബ്രാഹിം
(പാലക്കാട് ജില്ലാ മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്)
ഡ്രൈവറായ ഭര്‍ത്താവ് ഇബ്രാഹിമിനെയും ഡിഗ്രി വിദ്യാര്‍ഥിനിയായ ഇളയ മകള്‍ ഫായിസ ഇര്‍ഫാനയെയും വീട്ടിലാക്കിയാണ് 46-കാരിയായ ഫാത്തിമ ഇബ്രാഹിം യാത്രയ്ക്കിറങ്ങിപ്പുറപ്പെട്ടത്. ആദ്യ രണ്ടാഴ്ച കൊണ്ടു തന്നെ മുന്നോട്ടിനി പോകാനാവുമോ എന്ന ആശങ്കയായി. മൊത്തം ശരീര വേദന, കാല് നിലത്തു കുത്താനാവാത്ത തരിപ്പ്. അപ്പോള്‍ ഭര്‍ത്താവ് പറയും, തുടക്കമായതിനാലാണ്. കുറച്ചു കഴിഞ്ഞാല്‍ ശരിയാവുമെന്ന്. ഒടുവില്‍ വേദന കുറഞ്ഞു കുറഞ്ഞു വന്നു. വേദനയുണ്ടെങ്കിലും അല്‍പം നടക്കുമ്പോള്‍ ആവേശം കയറും. അറുപത്തെട്ടര കിലോ ഉണ്ടായിരുന്നത് 62 ആയി കുറഞ്ഞു. ഇത്രയും നാള്‍ യാത്ര പിന്നിട്ടപ്പോള്‍ അനുഭവ സമ്പത്തു മാത്രമല്ല ഉള്ളത്, ആരോഗ്യം കൂടി മെച്ചപ്പെട്ടതു പോലെ തോന്നുന്നു. വീട്ടില്‍ പാചകത്തിന്റെ ചുമതല മകള്‍ക്കായപ്പോള്‍ ചൂടുവെള്ളം വീണ് അവളുടെ കാല്‍ പൊള്ളി. അല്പം കൂടുതലായിരുന്നു. ആ സമയങ്ങളില്‍ യാത്ര നിര്‍ത്തി പോയാലോ എന്നു തോന്നി. ദിവസവും രാത്രി കിടക്കുമ്പോള്‍ കരച്ചില്‍ വരും. അപ്പോഴും ഭര്‍ത്താവാണ് ധൈര്യം തന്നത്. അല്ലായിരുന്നെങ്കില്‍ തളര്‍ന്നു പോയേനേ. 23 വര്‍ഷമായി രാഷ്ട്രീയ രംഗത്തുണ്ട്. എന്നാല്‍ മുമ്പെങ്ങുമില്ലാത്ത വിധം വിദ്വേഷ രാഷ്ട്രീയം രാജ്യത്ത് പ്രചരിക്കുകയാണ്. ഇതിനെതിരേയുള്ള യാത്രയില്‍, രാജ്യത്തിന്റെ ഐക്യത്തിനായുള്ള യാത്രയില്‍ പങ്കെടുക്കുന്നത് ഭാവിതലമുറയ്ക്കു വേണ്ടിയുള്ള ഉത്തരവാദിത്വമായാണ് കാണുന്നത്.
രാഹുല്‍ ഗാന്ധിയുടെ സഹന ശക്തിയാണ് അത്ഭുതപ്പെടുത്തുന്നത്. യാത്ര തുടങ്ങുമ്പോള്‍ അദ്ദേഹത്തിലുണ്ടായിരുന്നതിന്റെ പതിന്മടങ്ങാണിപ്പോള്‍ ആ വ്യക്തിത്വത്തിലുള്ള വിശ്വാസം. ഈ രാജ്യത്തെ യഥാര്‍ഥ ദിശയിലേക്ക് നയിക്കാന്‍ രാഹുലിനു മാത്രമേ സാധിക്കൂ എന്നുറപ്പായി. ജനങ്ങളെ എത്ര ശാന്ത മനോഭാവത്തോടെയാണ് അദ്ദേഹം കേള്‍ക്കുന്നത് എന്നത് അത്ഭുതപ്പെടുത്തുന്നു. രാഹുല്‍ ഗാന്ധിയെ കാണാന്‍ കോണ്‍ഗ്രസ്സുകാര്‍ മാത്രമല്ല, സ്ത്രീകളും കുട്ടികളും അടങ്ങുന്ന ലക്ഷോപലക്ഷം നിഷ്പക്ഷ നിലപാടുകാരും എല്ലാ സംസ്ഥാനങ്ങളിലും തടിച്ചു കൂടി. കേരളം കഴിഞ്ഞാല്‍ ആളു കുറയും എന്നാണ് പലരും ഞങ്ങളോട് പറഞ്ഞത്. എന്നാല്‍ ഓരോ സംസ്ഥാനത്തും ആള്‍ക്കാര്‍ കൂടുന്ന കാഴ്ചയാണ് കണ്ടത്. ഏറ്റവും വലിയ തെളിവ് കശ്മീര്‍ തന്നെ. ഇവിടെ ഇന്നലെയും ഇന്നുമായി കണ്ട ജനക്കൂട്ടം അമ്പരപ്പിക്കുന്നതാണ്. കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ ആത്മാവിനെ വീണ്ടെടുത്തതായാണ് തോന്നുന്നത്. ആകെയൊരു സങ്കടം എല്ലാവരെയും വിട്ട് പോകുന്നതാണിപ്പോള്‍.
രാഹുലിനൊപ്പം താടി വളര്‍ത്തി ബിജേഷ് നെച്ചിക്കോടന്‍
(വയനാട് പോരൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്)
ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി താടി വളര്‍ത്താന്‍ തുടങ്ങിയപ്പോള്‍ കൂടെ താടി വെക്കാന്‍ തുടങ്ങിയ മറ്റൊരാളുണ്ട്. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് രാഹുലിനെ കൂടാതെയുള്ള ഏക പദയാത്രികന്‍ ബിജേഷ് നെച്ചിക്കോടന്‍. 29 വയസ്സു മാത്രമേ ഉള്ളൂ എന്നതിനാല്‍ രാഹുലിന്റെ താടിയിലെ നര പോലെ നര കാണാനില്ലെന്നു മാത്രം. രാഹുലിന്റെ ചിത്രവും ബിജേഷ് കൈയ്യില്‍ പച്ചകുത്തിയിട്ടുണ്ട്. ബി.ജെ.പി. താഴെത്തട്ടിലുള്ള ജനങ്ങളോട് വിവേചനം കാണിക്കുന്നു എന്ന് എപ്പോഴും തോന്നിയിട്ടുണ്ടെന്ന് പട്ടികവിഭാഗത്തില്‍ നിന്നുള്ള ഈ യുവാവ് പറയുന്നു. യാത്രയിലൂടെ അതു നേരിട്ട് ബോധ്യമായി. കേരളത്തിലും പുറത്തും ഭാരത് ജോഡോ യാത്രയെ വരവേറ്റ പതിനായിരങ്ങളില്‍ സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരായിരുന്നു ഏറ്റവും കൂടുതല്‍. കൂലിത്തൊഴിലാളികള്‍, കര്‍ഷകര്‍, ആദിവാസി ഗോത്രസമുഹങ്ങള്‍, ദളിത് സംഘടനാ പ്രതിനിധികള്‍, എഴുത്തുകാര്‍, സാമുഹ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, തൊഴിലില്ലാത്ത യുവാക്കള്‍ എന്നിവരെയെല്ലാം രാഹുല്‍ ഗാന്ധി ക്ഷമയോടെ കേട്ട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വയനാട് കര്‍ഷക മേഖലയാണ്.
തണുപ്പുള്ള പ്രദേശം. എന്നാല്‍ അതിനെക്കാളും കൊടും തണുപ്പില്‍ അതിരാവിലെ വയലിലിറങ്ങി പണിയെടുക്കുന്ന പതിനായിരക്കണക്കിന് കര്‍ഷകരെ ഉത്തരേന്ത്യയില്‍ കണ്ടു. ഇവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് നമ്മള്‍ കഴിക്കുന്ന ഭക്ഷണം. കൊടും തണുപ്പും, പൊരിവെയിലും സഹിച്ച് ഇവര്‍ മണ്ണില്‍ പൊന്ന് വിളയിക്കുന്നു. അവരെയാണ് കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഷത്തോളം പെരുവഴിയില്‍ അവഗണിച്ചിരുത്തിയത്. ഇങ്ങനെ അവഗണനയേല്‍ക്കുന്ന താഴെത്തട്ടിലുള്ള വിഭാഗങ്ങളെല്ലാം രാഹുല്‍ ഗാന്ധിയുടെ യാത്ര കാണാനും ആശിര്‍വദിക്കാനുമെത്തി. രാഹുല്‍ ഗാന്ധിയെ കാണാനും അഭിവാദ്യം ചയ്യാനും വേണ്ടി റോഡരികില്‍ സ്ത്രീകളും കുട്ടികളും വയോജനങ്ങളും തടിച്ചു കൂടി. വീട്ടിലേക്ക് കയറി വരുന്ന ആരോടും സ്നേഹത്തോടെ ചായയും പഴങ്ങളും നല്‍കി സ്വീകരിക്കുന്ന ഗ്രാമീണര്‍. തങ്ങളെ കൊള്ളയടിക്കുകയാണ് ഇപ്പോഴത്തെ സര്‍ക്കാരെന്ന് രാഷ്ട്രീയവര്‍ത്തമാനത്തില്‍ വെട്ടിത്തുറന്നു പറയുന്നതിന് അവര്‍ മടികാട്ടുന്നില്ല.
Content Highlights: Bharat Jodo Yatra rahul gandhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..