
2022 ന്റെ തുടക്കത്തില്‍ മലയാളത്തില്‍ തിയേറ്ററിലും ഒ ടി ടി പ്ലേറ്റ്‌ഫോമിലുമായി റിലീസ് ചെയ്ത മലയാള സിനിമകള്‍ ഒരു പിടി നല്ല പുരുഷ കഥാപാത്രങ്ങളെ മുന്നോട്ട് വെക്കുന്നുണ്ട്. പുരുഷനായത് കൊണ്ട് മാത്രം കൈവശം വെച്ച് പോന്ന പല ആണധികാര ഭാവങ്ങളേയും തുറന്നുകാണിക്കുന്ന ആണ്‍ കഥാപാത്രങ്ങള്‍ കൂടുതലായി വന്നു തുടങ്ങുന്നത് പൊതു ലിംഗബോധത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചേക്കും. സ്ത്രീപക്ഷമെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി തിരുകി കയറ്റുന്ന മുദ്രാവാക്യ സമാനമായ ഡയലോഗുകളെക്കാളും പുരുഷധിപത്യ വ്യവസ്ഥയുടെ ഓരോ അടരുകളും ആണ്‍ കഥാപാത്രങ്ങളിലൂടെ തന്നെ രസകരവും സ്വാഭാവികവുമായി തുറന്നു കാണിക്കപെടുന്നത് നല്ല പ്രതീക്ഷയാണ് നല്‍കുന്നത്. സൂപ്പര്‍ ശരണ്യയിലെ പ്രൊഫസര്‍ അരുണും, ഭീമന്റെ വഴിയിലെ ഭീമനും കൊസ്‌തേപ്പും, സുരേഷും സുമേഷും എന്ന ചിത്രത്തിലെ ഏതാണ്ട് എല്ലാ ആണുങ്ങളും ഈ തരത്തില്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്.
ഗിരീഷ് എ.ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് 'സൂപ്പര്‍ ശരണ്യ'.തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന മുന്‍ ചിത്രത്തിലെ പോലെ തന്നെ യൗവനാരംഭത്തില്‍ ഉള്ള ഒരു കൂട്ടം ആളുകളുടെ കഥയാണ് സൂപ്പര്‍ ശരണ്യ പറയുന്നത്. ശരണ്യ എന്ന പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തുന്ന മൂന്ന് പുരുഷ കഥാപാത്രങ്ങള്‍ സിനിമയില്‍ കടന്നുവരുന്നുണ്ട്.അവരില്‍ ഒരാളെ ശരണ്യ സ്വീകരിക്കുന്നു.
സീനിയര്‍ സ്റ്റുഡന്റ് ആയ അജിത് മേനോന്‍ (വിനീത് വാസുദേവന്‍ )ശരണ്യയുടെ പ്രൊഫസറായ അരുണ്‍ (വിനീത് വിശ്വം)എന്നീ കഥാപാത്രങ്ങള്‍ കാലങ്ങളായി മലയാള സിനിമയില്‍ ചിത്രീകരിക്കപെട്ടിട്ടുള്ള പൂവാല വേഷങ്ങളെ കൃത്യമായി പൊളിച്ചിടുന്നവയാണ്. പൂവാലന്‍ ആവുക എന്നത് ആണിന്റെ അവകാശമൊ മറ്റോ ആണെന്ന പോലെയുള്ള രംഗങ്ങള്‍ കണ്ട് ശീലിച്ച മലയാളി പ്രേക്ഷകര്‍ക്ക് പൂവാലന്‍മാര്‍ ശരണ്യ എന്ന പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും അവളതിനെ പ്രതിരോധിക്കുന്ന രീതിയും ഒക്കേ പുതിയ കാഴ്ചകളാണ്.പൂവാലന്മാരായ ആണുങ്ങളെ വെച്ച് കേവലം തമാശ ചമക്കുകയല്ല, അതെന്ത് മാത്രം പ്രയാസകരമായ ഒരനുഭവമാണ് പെണ്‍കുട്ടികള്‍ക്ക് എന്ന് കാണിക്കുകയാണ് സിനിമയില്‍.
വീടിനടുത്തുള്ള കളിക്കളത്തില്‍ ശരണ്യയെ കാണുമ്പോള്‍ ആര്‍ത്തു വിളിക്കുന്ന ആണ്‍കൂട്ടമാണ് ഇത്തരത്തില്‍ ഉള്ള ആദ്യത്തെ കാഴ്ച. ആണ്‍കൂട്ടത്തിന്റെ ആക്രമണ സ്വാഭാവമുള്ള തമാശകള്‍ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന ആഘാതത്തിന്റെ കാഴ്ചകള്‍ ഇവിടെ തുടങ്ങുന്നു. ആത്മവിശ്വാസകുറവും അപകര്‍ഷതാ ബോധവും ഉള്ള ശരണ്യ തന്നെ പിന്തുടരുന്ന സീനിയര്‍ വിദ്യാര്‍ത്ഥിയായ അജിത് മേനോനെ പേടിച്ചു ക്ലാസ്സ് കട്ട് ചെയ്ത് വീട്ടില്‍ പോവുന്നുണ്ട്. താന്‍ കഴിച്ച മീനിന്റെ ബാക്കി കഴിക്കാന്‍ അജിത് മേനോന്‍ ശരണ്യയെ നിര്‍ബന്ധിക്കുന്നത് പോലെയുള്ള രംഗങ്ങള്‍ ഒന്നും ആണാധികാര ആഘോഷരംഗമായല്ല, പുരുഷന്‍ അവന്റെ ഇഷ്ടം സ്ഥാപിച്ചെടുക്കാന്‍ കാണിക്കുന്ന അല്‍പ്പത്തരമായാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രണയിക്കുന്ന പെണ്ണിന്റെ ജാതി അറിയാന്‍ അജിത് മേനോന്‍ നടത്തുന്ന ശ്രമങ്ങളെയും രസകരമായി തന്നെ കാണിക്കുന്നു. സിനിമയുടെ അവസാന ഭാഗത്ത് അജിത് മേനോനോട് തന്റെ പ്രതിക്ഷേധവും അമര്‍ഷവുമെല്ലാം ഒറ്റശ്വാസത്തില്‍ ശരണ്യ പറഞ്ഞു തീര്‍ക്കുന്നതോടെ പൂവാലന്‍ ആണുങ്ങളെ തേച്ചോട്ടിക്കുന്ന പുത്തന്‍ കാഴ്ചകൂടി ആവുന്നു സൂപ്പര്‍ ശരണ്യ.
ശരണ്യയോട് പ്രേമം മൂത്ത് നടക്കുന്ന അരുണ്‍ എന്ന പ്രൊഫസറാണ് മറ്റൊരു ശ്രദ്ധേയ കഥാപാത്രം. അരുണ്‍ എന്ന പ്രൊഫസര്‍ ശരണ്യക്ക് നല്‍കുന്ന മാനസിക പീഡനങ്ങള്‍ മലയാള സിനിമയില്‍ അത്ര കണ്ട് പരിചയമുള്ള കാര്യങ്ങളല്ല -അതേ സമയം ഇത്തരം പ്രൊഫസര്‍മാര്‍ എക്കാലത്തെയും ക്യാമ്പസ് പ്രശ്‌നമാണ് താനും. ശരണ്യക്ക് മറ്റൊരു പ്രണയമുണ്ടെന്നു മനസിലാവുന്നതോടെ അതുവരെ സൗമ്യമായ രീതിയില്‍ പ്രണയം പ്രകടിപ്പിച്ചു കൊണ്ടിരുന്ന അരുണ്‍ തന്റെ വൈരാഗ്യബുദ്ധി പുറത്തെടുക്കുന്നു. ശരണ്യയുടെ പഠനത്തെ വരെ ഇത് സരമായി ബാധിക്കുന്നു. അകാരണമായി assignment ഒപ്പിട്ട് നല്‍കാതെ ഇരികുക, മനപ്പൂര്‍വം ഇന്റെണല്‍ മാര്‍ക്ക് കുറച്ചിട്ട് തോല്‍പ്പിക്കുക, അനാവശ്യമായി ചീത്ത പറയുക തുടങ്ങി പഠനകാര്യങ്ങളില്‍ അരുണ്‍ എന്ന പ്രൊഫസര്‍ ശരണ്യക്ക് നല്‍കുന്ന ടോക്‌സിക് ആയ അനുഭവങ്ങള്‍ അതിന്റെ ഗൗരവത്തോടെ തന്നെ സിനിമയില്‍ ചിത്രീകരിക്കപെട്ടിട്ടുണ്ട്. പ്രണയമെന്നത് കായികമായോ മാനസികമായോ അധികാരം സ്ഥാപിച്ചു കൊണ്ട് സാധിച്ചെടുക്കേണ്ട ഒന്നാണെന്ന പുരുഷ ബോധത്തെ തുറന്നു കാട്ടുന്ന രണ്ട് കഥാപാത്രങ്ങളാണ് അജിത് മേനോനും അരുണും.
അഷറഫ് ഹംസയാണ് ഭീമന്റെ വഴി എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ സംവിധായകന്‍. ചെറുതെന്ന് തോന്നുന്നൊരു കഥാതന്തുവിനെ മനോഹരമായി ഡവലപ്പ് ചെയ്ത് രണ്ട് മണിക്കൂറോളം ആസ്വാദ്യകരമാക്കി നിലനിര്‍ത്താന്‍ ചെമ്പന്‍ വിനോദ് എന്ന തിരക്കഥാകൃത്തിന് സാധിച്ചിട്ടുണ്ട്. മുന്‍ മാതൃകകള്‍ ഇല്ല എന്നതിനാല്‍ ശ്രദ്ധനേടുന്ന രണ്ട് പുരുഷ കഥാപാത്രങ്ങള്‍ ഭീമന്റെ വഴിയില്‍ ഉണ്ട് - കഥയുടെ കേന്ദ്രമായ ഭീമനും( കുഞ്ചാക്കോ ബോബന്‍ ), ഭീമന്റെ അയല്‍വാസിയായ ഊത്തംപള്ളി കൊസ്‌തേപ്പും( ജീനു ജോസഫ് )
ഒറ്റ മുണ്ടും നീളന്‍ സ്വര്‍ണ്ണമാലയും മാത്രമുള്ള അയാളുടെ വസ്ത്രധാരണ രീതിതന്നെ വെറുപ്പുളവാക്കുന്ന ആണ്‍ ശരീരഭാഷയുടെ തനത് ആവിഷ്‌കാരമാണ്. അരസികനും, വഴക്കാളിയും ആയ കൊസ്‌തേപ്പ് സ്ത്രീകളോട് ഇടപഴകുന്ന രീതി വളരെ സൂക്ഷ്മമായിതന്നെ സിനിമയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.പ്രത്യക്ഷത്തില്‍ അശ്ലീലമെന്ന് തോന്നാത്ത തരത്തില്‍ ഉള്ള അലോസരമുണ്ടാകുന്ന അന്വേഷണങ്ങള്‍ ആണ് അയാള്‍ സ്ത്രീകളോട് നടത്തുന്നത്.അവസാന രംഗത്തില്‍ വേറെ വഴി ഇല്ലാതെ വരുമ്പോള്‍ സ്വന്തം വാശി ജയിക്കാനായി കൊസ്‌തേപ് തന്റെ ഭാര്യയെ ബലമായി വലിച്ചിഴച്ചു കൊണ്ട് വന്നു കുഴിയില്‍ തള്ളുന്നതും കാണാം. ഒടുവിലെ രംഗങ്ങളില്‍ കൊസ്‌തേപ്പിനെ കായികമായി നേരിടുന്നത് ആ നാട്ടിലെ രണ്ട് സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്.
'ഭീമന്റെ വഴി'യിലെ ഭീമന്‍ അടുത്ത കാലത്ത് മലയാളസിനിമ കണ്ട ഏറ്റവും ശ്രദ്ധേയമായ പുരുഷ കഥാപാത്രമാണ്. ലൈംഗിക ബന്ധത്തിനു വേണ്ടി മാത്രം അയല്പക്കത്തെ പെണ്‍കുട്ടിയുമായി ബന്ധം സൂക്ഷിക്കുന്ന ഭീമന്‍ അവളുടെ വിവാഹം കഴിയുന്നതോടെ കുറച്ചൊന്നു സങ്കടപെടുന്നുണ്ട്. തൊട്ട് പിറകെ ലൈംഗിക ബന്ധം എന്ന ഒറ്റ ഉദേശത്തോടെ കര്‍ണാടകകാരിയായ റയില്‍വെ എഞ്ചിനീയറെ വശീകരിക്കാന്‍ ഭീമന്‍ ശ്രമിക്കുന്നതും കാണാം. മലയാള സിനിമയില്‍ 'നല്ല പയ്യന്‍ 'ഇമേജ് റോളുകള്‍ മാത്രം കൈകാര്യം ചെയ്ത് പോന്ന കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഈ കഥാപാത്രത്തെ അവതരപ്പിക്കുന്നത് എന്നതും എടുത്ത് പറയണം. പ്രണയവും ലൈംഗികതയും വേര്‍തിരിച്ചു കാണാനും അതിനൊത്തു ജനാധിപത്യ മര്യാദയോടെ ജീവിതത്തെ സമീപിക്കുവാനുമുള്ള പുതു തലമുറയുടെ ചിന്തയുടെ തുറന്നു കാട്ടല്‍ കൂടിയാണ് ഭീമന്റെ വഴി. ആ അര്‍ത്ഥത്തില്‍ ആരും ആരുടെയും വഴി മുടക്കുന്നില്ല എന്ന് പറയാം. ഭീമനെ പോലെ ഒരു സ്ത്രീക്കു പിറകെ വേറൊരു സ്ത്രീ എന്ന് ശരീരം മാത്രം തേടിപ്പോവുന്ന തരം പുരുഷന്‍ മലയാള സിനിമയില്‍ പുത്തന്‍ കാഴ്ചയാണ്. ഇത്തരത്തിലുള്ള പുരുഷന്മാരെ സിനിമയില്‍ കാണിച്ചിട്ടുണ്ടങ്കില്‍ തന്നെ അതവന്റെ നായക പദവിക്ക് മാറ്റു കൂട്ടുന്ന മിടുക്ക് ആയാണ് ചിത്രീകരിക്കപെടാറുള്ളത്. അതി സാധാരണമായ രീതിയില്‍, മറുഭാഗത്തു നില്‍ക്കുന്ന സ്ത്രീയുടെ അഭിപ്രായം കൂടി മാനിച്ചു കൊണ്ട് പ്രണയത്തിലും ലൈഗികതയിലും സ്വന്തം നിലപാട് വ്യക്തമാക്കി പോവുന്ന തരത്തില്‍ അവതരിപ്പിക്കപെടുന്ന ആദ്യ കഥാപാത്രമാണ് ഭീമന്‍. അവസാന രംഗത്തില്‍ കാണിക്കുന്ന ഭീമന്റെ വിവാഹം, വില്ലനെ അടിച്ചിടുന്ന നായകനോട് പ്രണയം തോന്നുന്ന നായിക എന്ന പതിവ് സങ്കല്‍പ്പത്തെ തികച്ചും സ്വാഭാവികമായി കീഴ്‌മേല്‍ മറിക്കുന്ന ഒന്നാണ്.
സനൂപ് തയ്കൂടം സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസിയും ബാലു വര്‍ഗ്ഗീസും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'സുമേഷ് ആന്‍ഡ് രമേഷ്' ഒരു ടെന്‍ഷന്‍ ഫ്രീ ഫാമിലി എന്റര്‍ടെയ്‌നറാണ്. അത്ര ശക്തമായ തിരക്കഥ അല്ലെങ്കില്‍ പോലും സിറ്റുവേഷനല്‍ കോമഡികളിലൂടെ ഒരു പരിധിവരെ ഈ സിനിമ പ്രേക്ഷകരെ പിടിച്ചു ഇരുത്തുന്നു.
സഹോദരങ്ങളായ സുമേഷിന്റെയും രമേഷിന്റെയും വേഷത്തിലാണ് യഥാക്രമം ശ്രീനാഥ് ഭാസിയും ബാലു വര്‍ഗ്ഗീസും എത്തുന്നത്. സുമേഷിന്റെയും രമേശഷിന്റെയും അച്ഛന്‍ ഇന്ദു കലാധാരനായി വേഷമിട്ടിരിക്കുന്നത് സലിം കുമാറാണ്. അയല്‍വാസികളായ വേറെയും കുറേ പുരുഷന്‍മാര്‍ ഈ സിനിമയില്‍ കടന്നു വരുന്നുണ്ട്. പ്രായഭേദമന്യേ എല്ലാവരുടെയും പ്രധാന പരിപാടി കള്ള് കുടിയാണ്. മിക്കവര്‍ക്കും പറയത്തക്ക ജോലികള്‍ ഒന്നും ഇല്ല. കുടുംബത്തിലെ മുഴുവന്‍ ചിലവും നടത്തി കൊണ്ട് പോവുന്ന സ്ത്രീകളോട് ഇരന്നു കാശു വാങ്ങി കുടിച്ചു കൂത്താടുന്ന ആണ്‍കൂട്ടത്തെ ഒട്ടൊക്കെ വിമര്‍ശനാത്മകവും ആക്ഷേപ ഹാസ്യപരവുമായാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്.
സുരേഷിനും സുമേഷിനും ഇന്ദു കലാധരനും കുടിക്കാനുള്ള പണമടക്കം നല്‍കുന്നത് ഗൃഹനാഥയായ ഉഷയാണ്. മലയാളത്തില്‍ ഒരു കാലത്തു തിളങ്ങി നിന്ന പ്രവീണയാണ് ഉഷയുടെ വേഷത്തില്‍ എത്തുന്നത്. ഭാര്യയുടെ അധ്വാനത്തില്‍ കുടിച്ചു ജീവിക്കുന്ന, കുടുംബത്തോട് നിരുത്തരവാദികളായ പുരുഷന്മാര്‍ മലയാളസിനിമയില്‍ സുലഭമാണെങ്കിലും, അയല്‍വാസികള്‍ക്ക് മുമ്പില്‍ വെച്ച് 'കുടുംബത്തില്‍ ചെലവ് നടത്തുന്നത് ഇവളാണെങ്കിലും ഇവിടത്തെ ഗൃഹനാഥന്‍ ഞാനാണ്' ( ഇന്ദു കലാധരന്‍ )എന്ന സെല്‍ഫ് ട്രോള് അടിക്കുന്ന തരത്തില്‍ അവര്‍ സ്വയം വെളിപ്പെടുന്നത് അപൂര്‍വമാണ്. കുടിക്കാനുള്ള വകക്ക് പോലും ഭാര്യയുടെ മുമ്പില്‍ കൈ നീട്ടിയിട്ട് അതേ ഭാര്യയുടെ മേല്‍ അധികാരം വെച്ച് പുലര്‍ത്തുന്ന ആണുങ്ങളെ ആവശ്യത്തിന് കളിയാക്കുന്ന രംഗങ്ങള്‍ സിനിമയില്‍ വേറെയുമുണ്ട്. ഭാര്യയുടെ പണമെടുത്തു കൂട്ടുകാര്‍ക്കൊപ്പം കള്ള് കുടിച്ചിട്ട് ഒടുവില്‍ കൂട്ടുകാരന്റെ ഭാര്യയില്‍ നിന്നും ആ പണം തിരിച്ചു വാങ്ങി ഭാര്യയുടെ പിണക്കം മാറ്റി കൂള്‍ ആയി നടന്നു പോവുന്ന അയല്‍വാസിയൊക്കെ തികച്ചും ഹാസ്യാത്മകമായി ആണ്‍ചെയ്തികളെ തൊലി പൊളിച്ചു കാട്ടുന്നുണ്ട്.
അധികാര ഘടനയില്‍ തനിക്ക് കീഴെ വരുന്നവരോട് അധികാര പൂര്‍വ്വം പ്രണയം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന ആണിനെ മുതല്‍ പ്രണയമില്ലാതെ സെക്‌സ് മാത്രം കിട്ടുമോ എന്ന് സൂത്രത്തില്‍ അന്വേഷിച്ചു നടക്കുന്ന യുവാവടക്കം വെളിപ്പെട്ടു വരുന്ന മലയാള സിനിമയില്‍ സ്ത്രീപക്ഷ സിനിമാ പ്രേമികള്‍ക്ക് പ്രതീക്ഷവെക്കാനുള്ള വകയുണ്ട്. മുന്‍കാല മലയാള സിനിമ ഉണ്ടാക്കി വെച്ച തടിമിടുക്കുള്ള ആണിന്റെ വീരസ്യം പറച്ചിലുകള്‍ പുരുഷന്മാരായ സംവിധായകരും തിരക്കഥകൃത്തുക്കളും കൂടിതന്നെ ഇത്തരത്തില്‍ പൊളിച്ചടുക്കുന്നത് കാലഘട്ടം ആവശ്യപ്പെടുന്ന കാവ്യ നീതിയാണ്.
Content Highlights: Male charecters in Malayalam movies K K Raseena Column Empower
Published: 19 Jan 2022, 12:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented