
ആറു വയസ്സുള്ള കൊച്ചു സന്ധ്യ വേനലവധി ആഘോഷിക്കാനായി അച്ഛനമ്മമാര്‍ക്കൊപ്പം ബോട്ടില്‍ കയറി ആലപ്പുഴയില്‍ നിന്നും കോട്ടയത്തും അവിടെനിന്ന് ബസ്സില്‍ പാലായ്ക്കും എത്തി. പാലായില്‍ അമ്മായിയുടെ (അച്ഛന്റെ അനുജത്തി) വീട്ടില്‍ എന്റെ പ്രിയപ്പെട്ട ജേഷ്ഠന്മാര്‍ (കസിന്‍സ്) എല്ലാവരും അത്യാഹ്ളാദത്തോടെ ഞങ്ങളെ സ്വീകരിച്ചു. പാലാവീട്-ഓടിട്ട, കര്‍ട്ടന്‍ പ്ലാന്റ് തൂങ്ങുന്ന വരാന്തയും അരപ്രൈസും തട്ടിന്‍പുറവുമുള്ള വീട്. പൂച്ചവാലന്‍ ചെടിയും ഗന്ധരാജനും മുല്ലയും ചെമ്പകവും ചെമ്പരത്തിയും അതിരുനില്‍ക്കുന്ന ചരല്‍ വിരിച്ച മുറ്റം. മുതിര്‍ന്നവര്‍ കുശലപ്രശ്‌നങ്ങള്‍ക്ക് ശേഷം അവരുടെ സംസാരം തുടര്‍ന്നു. കുട്ടികള്‍ തങ്ങളുടെ സ്വന്തം ലോകത്തേക്ക് പ്രവേശിച്ചു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ കോളേജ് കുമാരന്‍ ആകാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന സുരേഷ് ചേട്ടന്‍ ഒരു കരിമ്പിന്‍പൂവ് (അടുത്ത കരിമ്പിന്‍ തോട്ടത്തില്‍ നിന്നും കണ്ടിച്ചു കൊണ്ടുവന്നത്) പ്രത്യേകം 'മോള്‍ക്കു' സമ്മാനിച്ചു. എന്തൊരത്ഭുതം! ഇത്രയും വലിയ പൂവോ! പക്ഷേ മണമില്ല. എന്തൊരു തിളക്കം അതെന്റെ ദേഹത്ത് പതിയെ തൊടുവിച്ച് അടുത്ത വീട്ടിലെ മണിക്കുട്ടി ഇക്കിളികൂട്ടി. എല്ലാവരും കൊച്ചു സന്ധ്യയുടെ അനുവാദം വാങ്ങി കരിമ്പിന്‍ പൂവു മാറിമാറി കയ്യില്‍ പിടിച്ചു നോക്കി. പിന്നെ ഒരു മൊന്തയിലെ വെള്ളത്തില്‍ പൂവ് വച്ച് (ഒരു താല്‍ക്കാലിക ഫ്‌ളവര്‍ വേസ്) ഡ്രസ്സിംഗ് ടേബിളിന്റെ പുറത്ത് എല്ലാവര്‍ക്കും കാണാനായി വച്ചു. പുതുതായി വാങ്ങിയ പാമ്പും കോവണിയും ഒന്ന് കളിച്ചു നോക്കാനായിരുന്നു സുനിച്ചേട്ടന് ഉത്സാഹം. (ഈ രണ്ടു ചേട്ടന്മാരും ഇന്നില്ല) അതുകൊണ്ടുതന്നെ ഇതെഴുതുന്നത് വിങ്ങുന്ന വേദനയോടെയാണ്. തായം കളിക്കാനായി പുതുതായി തയ്യാറാക്കിവച്ചിരിക്കുന്ന ഇന്തങ്ങാത്തോട് സുനിച്ചേട്ടന്‍ കാണിച്ചു തന്നു.
അപ്പോഴേക്കും ഗീതച്ചേച്ചി (പത്താം ക്ലാസ് തോറ്റ് ട്യൂട്ടോറിയല്‍ കോളേജില്‍ പഠിയ്ക്കാനായി വന്നിരിക്കുന്ന അമ്മാവന്റെ ചേച്ചിയുടെ മകള്‍) വന്നു പറഞ്ഞു. 'സുനിയും സന്ധ്യയും മുറിയിലേയ്ക്ക് വാ, ബാക്കിയെല്ലാവരും കളിച്ചോ' മുതിര്‍ന്നവര്‍ പറഞ്ഞാല്‍ അപ്പീലില്ലല്ലോ. ഞങ്ങള്‍ നടുമുറിയിലേയ്‌ക്കോടി. ഗീതച്ചേച്ചി എനിക്കായി അമ്മായിയുടെ സാരി വെട്ടി തയ്പ്പിച്ചു വച്ചിരിക്കുന്ന ഒരു പാവാടയും ബ്ലൗസും സുനിച്ചേട്ടനെ ഇടുവിച്ചു. പിന്നെ പൊട്ടും കണ്‍മഷിയും പൗഡറും എടുത്ത് സുനിച്ചേട്ടനെ 'സുന്ദരിയാക്കി'. പിന്നെ എന്റെ ഒരു ചുവന്ന റിബണെടുത്ത് 'റ' ആകൃതിയില്‍ തലയില്‍ കെട്ടി. കവിളില്‍ കണ്‍മഷി കൊണ്ട് ഒരു 'ബ്യൂട്ടി സ്‌പോട്ടും' ഇട്ടു. ഗീതച്ചേച്ചി പറഞ്ഞു 'കണ്ടോ സുനിമോന്‍ ഇപ്പം സുനിമോളായി' കണ്ണാടിയില്‍ നോക്കി സുനിച്ചേട്ടന്‍ സ്വയം ആസ്വദിച്ചു ചിരിച്ചു. പല പോസില്‍ കണ്ണാടിയില്‍ നോക്കിക്കൊണ്ട്. സുനിച്ചേട്ടനിരിക്കുമ്പോഴേക്കും കൊച്ചു സന്ധ്യയെ ഗീതച്ചേച്ചി സുനിച്ചേട്ടന്റെ ഒരു ഷര്‍ട്ടും നിക്കറും ഇടുവിച്ചു. മുഖം വൃത്തിയായി കഴുകി കണ്‍മഷിയും ചാന്തുപൊട്ടും മായ്ച്ചു. എന്നിട്ട് ക്രോപ്പ് ചെയ്ത് കുറച്ച് മുടി നെറ്റിയിലേയ്ക്കിട്ടിരുന്നത് സൈഡിലേക്കു വകഞ്ഞുവെച്ച് സ്ലൈഡ് കുത്തി നെറ്റി കാണത്തക്ക വിധമാക്കി. എന്നിട്ട് ഗീതച്ചേച്ചി പറഞ്ഞു 'ദേ ഇപ്പം മോളു മോനായി ഹ ഹ ഹ'. ഞാന്‍ കണ്ണാടിയില്‍ നോക്കി ആഹാ ഞാനിപ്പോള്‍ മോന്‍ തന്നെ. സുനിച്ചേട്ടനും പറഞ്ഞു, ദേ മോളിപ്പം ഞാനായി. ഞാന്‍ കണ്ടോ ഇപ്പം സുനിമോളാ! പിന്നെ ഒരു വലിയ ഡ്രാമ കാണിക്കാനായി ഗീതച്ചേച്ചി വരാന്തയിലേയ്ക്കിറങ്ങി. 'പിള്ളേരെ, എല്ലാ വരും നോക്കിക്കോ, ഒരത്ഭുതം കാണാം' എന്നിട്ട് ഞങ്ങളെ പുറത്തു നിറുത്തി. എല്ലാവരും ആര്‍ത്തുവിളിച്ചു. സന്ധ്യ അസ്സലു മോനാണിപ്പം. തിരിച്ചറിയുന്നില്ല, ഭയങ്കര ഫാന്‍സി ഡ്രസ്സ് എന്നൊക്കെ കമന്റ്. സുനിമോളേ എന്ന് വിളിച്ച് എല്ലാ വരും സുനിച്ചേട്ടനെ എടുത്തു പൊക്കി. മുതിര്‍ന്നവരും 'ഡ്രാമ' കാണാനെത്തി. അവിടെ കൂട്ടച്ചിരിയായി. പിന്നെ ആ വേഷത്തില്‍ തന്നെ ഉച്ചയൂണ്. പിന്നെ പാമ്പും കോണീം കളി. വൈകുന്നേരം വരെ ഞങ്ങള്‍ രണ്ടാളും 'ഫാന്‍സി ഡ്രസ്സില്‍' തുടര്‍ന്നു.

വൈകിട്ട് ഒളിച്ചുകളിയാണ് രണ്ടും മൂന്നും പറമ്പുകള്‍ക്കപ്പുറമുള്ള വീടുകളിലേയ്ക്കു വരെ ചില കുട്ടികള്‍ ഒളിച്ചിരിക്കാന്‍ പോയപ്പോള്‍ ക്ലാസ് മോണിട്ടറെ പോലെ ഗീതച്ചേച്ചി വന്നു വിലക്കി. സന്ധ്യ മോള്‍ക്ക് ആ വീടുകളൊന്നും പരിചയമില്ല. അതുകൊണ്ട് എല്ലാവരും ഈ പറമ്പിനകത്ത് മാത്രമേ ഒളിയ്ക്കാവൂ. എന്നെ ഒളിച്ചിരുത്താനായി അജിച്ചേട്ടന്‍ തട്ടുമ്പുറത്തേക്ക് കയറ്റി. അതൊരത്ഭുതലോകമായിരുന്നു. പഴയ ഒരു 'ചെമ്പി'നകത്ത് ഒരു പൂച്ച പ്രസവിച്ചു കിടക്കുന്നു. പൂച്ചയെയും കുഞ്ഞുങ്ങളെയും കണ്ട സന്ധ്യയ്ക്ക് ഭയങ്കര ഉത്സാഹമായി പൂച്ചക്കുഞ്ഞിനെ ലാളിക്കാനായി കയ്യിലെടുത്തതും തള്ളപ്പൂച്ച കയ്യില്‍ മാന്തിക്കൊണ്ട് ചീറ്റിയതും ഒരുമിച്ച്. പാവം വാവിട്ടു നിലവിളിച്ചു. ഒളിച്ചിരുന്നതു പെട്ടെന്നു കണ്ടുപിടിക്കപ്പെട്ടു. പിന്നെ ഉറക്കെക്കരയുന്ന സന്ധ്യമോളെ മുതിര്‍ന്നവര്‍ എടുത്തുകൊണ്ടുവന്നു ഡെറ്റോളൊഴിച്ചു പൂച്ച മാന്തിയ ഭാഗമൊക്കെ കഴുകി 'ടിങ്ചര്‍ അയഡിന്‍' പുരട്ടിയ പഞ്ഞി ഒട്ടിച്ചു. നീറ്റല്‍ സഹിക്കാതെ പാവം നിലവിളിച്ചു. മോളെ തട്ടുമ്പുറത്തു ഒളിപ്പിച്ച അജിച്ചേട്ടന് ശകാരവും അടിയും. ഇതൊക്കെയാണെങ്കിലും നീറ്റലും അടിയുമൊക്കെ ഒരുവശത്ത്, അല്പസമയം കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ വീണ്ടും 'ആകാശവും ഭൂമിയും' എന്ന ഓടിപ്പിടിത്തം കളി തുടങ്ങി. റബ്ബര്‍ച്ചെടി നടാന്‍ എടുത്തിരിക്കുന്ന കുഴി ഭൂമിയും ബാക്കി ഭാഗങ്ങള്‍ ആകാശവും. ആകാശം തിരഞ്ഞെടുത്തവരെ ഭൂമിയില്‍ നില്‍ക്കുമ്പോള്‍ മാത്രമേ പിടിക്കാവൂ എന്ന മട്ടില്‍. കരിയിലകള്‍ക്കിടയിലിഴയുന്ന എന്തോ കണ്ട് സന്ധ്യ കൂവി, ദേ പാമ്പ്. അജിച്ചേട്ടന്‍ തിരുത്തി. 'അയ്യേ അതു ചേരയാ പേടിക്കേണ്ട'. സന്ധ്യയ്ക്കു വിളക്കു വയ്ക്കുന്നതു വരെ ഞങ്ങളുടെ കളി തുടര്‍ന്നു. പിന്നെ ദേഹത്തെ 'വെടക്കൊ'ക്കെ ഇറക്കി മേലു കഴുകി തിണ്ണയിലെത്തണം.
രാത്രിയില്‍ കഞ്ഞിയും ഒപ്പം കപ്പയും പയറും ചേര്‍ത്ത് പുഴുങ്ങിയ പുഴുക്കും അത്താഴം. അതു കഴിഞ്ഞാല്‍ പിന്നെ കഥപറച്ചിലാണ്. സുനിച്ചേട്ടന് രാത്രിയായാല്‍ മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങാന്‍ പോലും പേടിയാണ്. അതുകൊണ്ട് അവനെ കേൾക്കെ പേടിക്കുന്ന കഥയൊന്നും പറയരുതെന്നാണ് അമ്മായിയുടെ നിര്‍ദ്ദേശം. പക്ഷേ അത്തരം കഥ കേള്‍ക്കാന്‍ ഏറ്റവും ഉത്സാഹം സുനിച്ചേട്ടനാണ് താനും. പ്രേതത്തിന്റെ പുതിയ കഥ പറയുവോ ഗീതച്ചേച്ചീ... സുനിച്ചേട്ടന്‍ കെഞ്ചും. കുട്ടികളുടെ കഥ പറച്ചില്‍ ഏറെ വൈകിയും തുടരും. പിന്നെ ലൈറ്റ് ഓഫ് ചെയ്തു കിടക്കാന്‍ മുതിര്‍ന്നവര്‍ ഉത്തരവ് നല്‍കും. കുട്ടികളെല്ലാവരും ചേര്‍ന്ന് നടുമുറിയിലെ നിലത്തു വിരിച്ച പായകളില്‍ കിടന്ന് അരണ്ട സീറോ വോള്‍ട്ട് ബള്‍ബിന്റെ വെളിച്ചത്തില്‍ കഥ പറച്ചില്‍ തുടരും. ടാഗോറിന്റെ കാബൂളിവാലയും കേശവദേവിന്റെ പപ്പുവുമൊക്കെ കണ്ണു നനയിക്കും. എങ്കിലും കഥകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. എപ്പോഴോ അച്ഛന്‍ കൊച്ചുസന്ധ്യയെ എടുത്തു കൊണ്ടുപോയി അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന വടക്കേ മുറിയിലെ കട്ടിലില്‍ കിടത്തുന്നത് അവള്‍ അറിയാറുപോലുമില്ല. പിറ്റേന്നു രാവിലെ മീനച്ചിലാറ്റിലേയ്ക്ക് ആഘോഷമായി കുളിക്കാന്‍ പോകുന്ന കാര്യമാലോചിച്ച് വിരിഞ്ഞ ഒരു ചെറുപുഞ്ചിരി അപ്പോഴും സന്ധ്യയുടെ ചൂണ്ടിന്റെ കോണില്‍ തങ്ങിനിന്നു.

ആറു വയസ്സ് എത്ര നല്ല പ്രായമാണ്, തിരിഞ്ഞു നോക്കുമ്പോള്‍! ലോകത്തെക്കുറിച്ച് തീരെ അറിയായ്കയില്ല. എന്നാല്‍ അറിഞ്ഞു, 'ചിന്തിച്ച്' ജീവിതത്തെ നാനാവിധമാക്കാനുള്ള പ്രായമൊട്ടായിട്ടുമില്ല. എല്ലാം കളിയാണ്. എങ്കിലും കാര്യമറിയാം. 'Life Span-Why We Age and Why We Don't Have To' (David A. Sinclair & Mathew D. La Plante) എന്ന പുസ്തകത്തില്‍ പറയുന്നതു പോലെ...
'But now I am six,
I'm as clever as clever
So I think I will be six now
For ever and ever.'
അലന്‍ അലക്‌സാണ്ടര്‍ മില്‍നെയുടെ 'Now We are Six' എന്ന കവിത ഈ പുസ്തകത്തില്‍ എടുത്തെഴുതിക്കൊണ്ടു പറയുന്നു - ആറു വയസ്സാണ് ഏറ്റവും നല്ല പ്രായം. ആ പ്രായത്തിലെ ഊര്‍ജവും സന്തോഷവും എത്രയാണ്! ആ പ്രായത്തില്‍ ചെടികളും പൂക്കളും വളര്‍ത്തു മൃഗങ്ങളും വന്യമൃഗങ്ങളും തോടും ആറും മേടും കാടുമൊക്കെ നമ്മെ എത്ര ഉത്സാഹഭരിതരാക്കുന്നു! ആ ഉത്സാഹം അതേ അളവില്‍ നിലനിർത്താന്‍ എത്ര ശ്രമമാണു നാം പിന്നീടുള്ള പ്രായത്തില്‍ നടത്തുന്നത്?.
'തീരാതെ വിളയാട്ട് പിള്ളൈ' എന്ന കൃഷ്ണനെക്കുറിച്ചുള്ള പാട്ടില്‍ ഉള്ളതുപോലെ ഊര്‍ജം ഉള്ളില്‍ നിറഞ്ഞു കവിഞ്ഞു പുറത്തേയ്‌ക്കൊഴുകുന്ന ഒരു കുസൃതിക്കുരുന്ന്. ആ കുസൃതിയില്‍ മുതിര്‍ന്നവര്‍ക്കു വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ടെങ്കിലും അവരത് നന്നായി ആസ്വദിക്കുന്നുണ്ട്. യശോദയോടുപോയി പരാതിപ്പെടുമ്പോഴും ഗോപസ്ത്രീകള്‍ കണ്ണന്റെ കുസൃതിയില്‍ കോള്‍മയിര്‍ കൊള്ളുകയാണ്. ഉരലില്‍ കെട്ടിയിടുമ്പോഴും അമ്മ അവനെ തല്ലുന്നത് പീലി കൊണ്ടാണ്! വൃന്ദാവനം ആരെയാണ് മോഹിപ്പിക്കാത്തത്! അടുത്തിടെ വൃന്ദാവനത്തില്‍ ഞാന്‍ പോയിരുന്നു. തെരുവുകളില്‍ ഒരു ഹാര്‍മോണിയവുമായി കൃഷ്ണ കീര്‍ത്തനങ്ങള്‍ പാടുന്ന ഒരു സായിപ്പ്, പാടി പ്പാടിക്കരയുകയാണ്, തന്റെ തൊട്ടുമുന്നില്‍ കണ്ണന്‍ നൃത്തമാടുന്നതു കാണുന്നതുപോലെയാണ് അയാളുടെ ഭാവം! ഞാന്‍ വെറുതെ അയാളോടു ചോദിച്ചു, 'കണ്ണനെവിടെ?' 'ദാ ഇവിടെ എന്റെ മുന്നില്‍' വരൂ ഗോപികേ നീയും കാണുന്നില്ലേ? ഞാനും ഒരു ഗോപികയാണു തോഴീ, നോക്കൂ കണ്ണന്‍ ദാ 'ഇവിടെ, ദേ കുസൃതി ഓടിമറഞ്ഞു!' ഞാന്‍ നടന്നു നീങ്ങവേ മുഷിഞ്ഞ വസ്ത്രവുമായി ഒരു വൃദ്ധന്‍ ആ പൊടി മണ്ണില്‍ സാഷ്ടാംഗം നമസ്‌കരിക്കുന്നു. അയാള്‍ ഹിന്ദിയില്‍ വിളിച്ചു പറയുന്നുണ്ട്, 'ഞാനിതാ വ്രജവാസിയായി... കണ്ണാ... കണ്ണാ... ' അയാള്‍ക്കു പൊടിയോ വെയിലോ ഒന്നും അറിയാനാവുന്നില്ല, അയാള്‍ ആനന്ദനൃത്തത്തിലാണ്. എനിക്കു തോന്നി ഇവിടെ സ്വയം മതിമറക്കുന്ന ഇവര്‍ രണ്ടു പേരും ആറു വയസ്സുള്ള ദ്വാപരയുഗത്തിലെ കണ്ണന്റെ കൂട്ടുകാരാണ്. അവര്‍ക്കു മുന്‍പില്‍ കാലം വിറങ്ങലിച്ചു പോയി. യുഗങ്ങളൊന്നായി അവര്‍ കൃഷ്ണന്റെ ഗോപികമാരാണ്. അവര്‍ മുതിര്‍ന്ന പുരുഷന്മാരാണെന്നവര്‍ മറന്നിരിക്കുന്നു ജീവിതത്തിന്റെ രാസനൃത്തമാടുകയാണവര്‍. അവര്‍ക്ക് ജീവിതം ആനന്ദമാണ്.

ഞാനവരെ വിട്ടു മുന്‍പോട്ടു നടന്നു. തെരുവില്‍ ഇന്നും തൈരും മോരും (ലസ്സി) കച്ചവടം പൊടിപൊടിയ്ക്കുന്നു. പാലും തൈരും ഇന്നും വൃന്ദാവനത്തില്‍ സമൃദ്ധമോ! ഞാനൊരു മണ്‍പാത്രത്തില്‍ തൈരു വാങ്ങി. ആഹാ കൃഷ്ണന്റെ വ്രജത്തില്‍ ഇന്നും കട്ടത്തൈരിനെന്തു രുചി. 'ബന്‍കേ ബിഹാരി' എന്ന ക്ഷേത്രത്തിലേയ്ക്കായി പിന്നെ എന്റെ യാത്ര. വലിയ തിരക്കും ക്യുവുമുണ്ടെങ്കിലും ആളുകളില്‍ അക്ഷമ കാണുന്നില്ല. കൃഷ്ണന്റെ മൂര്‍ത്തരൂപം നമുക്ക് ഗര്‍ഭഗൃഹത്തില്‍ കാണാം. രാധ സങ്കല്‍പ രൂപത്തിലാണ്. തിരക്കിനിടയിലും ഉള്ളില്‍ കയറി രൂപം ദര്‍ശിച്ചു വെളിയിലെത്തി. കൃഷ്ണന്റെയും ബലരാമന്റെയും ക്ഷേത്രമാണ് അടുത്തതായി കണ്ടത്. 'ഇസ്‌കോണ്‍' നടത്തുന്ന ഈ ക്ഷേത്രത്തില്‍ ഭജന സംഘങ്ങള്‍ നൃത്തം ചെയ്യുന്നതു കണ്ടു. പിന്നീട് 'പ്രേം മന്ദിര്‍' സന്ദര്‍ശിച്ചു. അപ്പോഴേയ്ക്കും അസ്തമയസൂര്യന്‍ വിശാലമായ മാര്‍ബിള്‍ ഫലകങ്ങളില്‍ ചെഞ്ചായം പൂശിയിരുന്നു. ദുബായിലെ മിറാക്കിള്‍ ഗാര്‍ഡനെ വെല്ലുന്ന ഉദ്യാനം! പഴയ വൃന്ദാവന ദൃശ്യങ്ങള്‍ പലതും പുനരാവിഷ്‌കരിച്ചിരിക്കുന്നു. ധാരാളം ജനങ്ങള്‍ സന്ദര്‍ശിക്കുന്നുമുണ്ട്. ജലധാരകളും വൈദ്യുത ദീപാലങ്കാരങ്ങളുമായി ഒരു മാസ്മരികലോകം തന്നെയാണ് പ്രേംമന്ദിര്‍. കൃപാലു മഹാരാജ് എന്ന ഒട്ടേറെ വിവാദങ്ങളില്‍ നായകനായിരുന്ന സന്യാസിയുടെ പേരിലുള്ള ട്രസ്റ്റാണ് 'പ്രേംമന്ദിര്‍' നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും ഭംഗിയായും വൃത്തിയായും സൂക്ഷിച്ചിരിക്കുന്ന ഈ സ്ഥലം ഇന്ന് വൃന്ദാവനത്തിലെ ഏറ്റവും ജനപ്രീതിയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ്.
നിധിവന്‍ എന്ന പേരിലുള്ള ഒരു ചെറിയ കാട് മാത്രമാണ് വനമെന്നു പറയാന്‍ ഇന്ന് വൃന്ദാവനത്തില്‍ അവശേഷിച്ചിട്ടുള്ളത്. യമുന-കൃഷ്ണന്‍ നൃത്തമാടിയ കാളിന്ദി-കേശ്ഘട്ട് എന്ന പേരിലാണ് വൃന്ദാവനത്തിലുള്ളത്. വ്രജവാ സിയായ കൃഷ്ണനെ, ജീവന്‍ തുള്ളിത്തുളുമ്പുന്ന കണ്ണനെക്കാണാനായി എത്തുന്നവരുടെ തിരക്കിനിടയിലൂടെ തിരിഞ്ഞു നടക്കുമ്പോഴും എന്റെ മനസ്സ് ദ്വാപര യുഗത്തിലെ കണ്ണന്റെ പ്രിയപ്പെട്ട ലീലകളിലൂടെ സഞ്ചരിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്താവുന്ന വിധത്തില്‍ ഇന്ന് ഇവിടേയ്ക്ക് റോഡ് കണക്ടിവിറ്റി ഉണ്ട്. ജി.20 യ്ക്കായി വൃന്ദാവനവും നന്നായി ഒരുങ്ങി. റോഡുകള്‍ കണ്ടാല്‍ ഇത് നമ്മുടെ ഇന്ത്യയാണോ എന്ന് സംശയം, എന്റെ ഡ്രൈവര്‍ പറഞ്ഞു അതെ ആറുവരിപ്പാതകള്‍ യാത്ര സുഗമമാക്കിയിരിക്കുന്നു. വൃന്ദാവനത്തില്‍ നിന്നു മടങ്ങുമ്പോള്‍ എനിക്ക് ആറു വയസ്സാണിപ്പോള്‍ പ്രായം എന്നു തോന്നി. എന്തൊരുത്സാഹം!
Content Highlights: Childhood Memories, Sandhyaragam column, B.Sandhya
Published: 06 Jan 2024, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented