2009ല്‍ കേന്ദ്രത്തില്‍ അധികാരത്തുടര്‍ച്ചയ്ക്ക്‌ കോണ്‍ഗ്രസിനെ ഏറ്റവുമധികം തുണച്ച സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. ഐക്യ ആന്ധ്രയിലെ ആകെയുണ്ടായിരുന്ന 42 സീറ്റുകളില്‍ 33 സീറ്റുകളും കോണ്‍ഗ്രസ് നേടി. 14 വര്‍ഷങ്ങള്‍ക്കിപ്പുറം കോണ്‍ഗ്രസിന് ആന്ധ്രയില്‍ ലോക്സഭയിലോ നിയമസഭയിലോ ഒരു പ്രതിനിധി പോലുമില്ല. മുറിഞ്ഞ് പോയ തെലങ്കാനയിലും മോശം സ്ഥിതിയാണ്. വിരലിലെണ്ണാവുന്ന ജനപ്രതിനിധികള്‍. തെലങ്കാനയില്‍ പരാജയവും സീമാന്ധ്രയില്‍ ദുരന്തവുമായതോടെ ആന്ധ്ര വിഭജനം തങ്ങളുടെ ഏറ്റവും വലിയ അബദ്ധമാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു. ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ അകാലത്തിലുള്ള മരണമാണ് ആദ്യ പ്രഹരമായി വന്നത്. പാര്‍ട്ടിയിലെ എതിര്‍പ്പുകളെ മറികടന്ന് പിന്നാലെ സംസ്ഥാനത്തെ വിഭജിക്കാന്‍ തീരുമാനമെടുത്തതോടുകൂടി കോണ്‍ഗ്രസ് സ്വന്തം ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചു.

To advertise here,

ഒരുവശത്ത് ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ തെലങ്കാന സംസ്ഥാനത്തിനായി തുടരുന്ന പ്രക്ഷോഭവും തെലങ്കാന മേഖലയില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദവുമാണ് പുതിയ സംസ്ഥാന രൂപവത്കരണത്തിലേക്ക് കോണ്‍ഗ്രസിനെ നയിച്ചത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് തീരുമാനത്തെ ചന്ദ്രശേഖര്‍ റാവു ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അതേസമയം, ഐക്യ ആന്ധ്രയ്ക്കായി നിലകൊണ്ടിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി തെലങ്കാന രൂപീകരണത്തെ ശക്തിയുക്തം എതിര്‍ത്തിരുന്നു. ഒരുപക്ഷേ, അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ ആന്ധ്ര വിഭജനം എന്ന രാഷ്ട്രീയമായ മണ്ടത്തരം ഒരിക്കലും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് ചിന്തിക്കുന്നവരും കുറവല്ല. വൈ.എസ്.ആറിന്റെ മരണത്തോടെ ആന്ധ്രയിലെ കാര്യങ്ങളെല്ലാം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കൈപ്പിടിയിലായി. ഇതോടെയാണ് ആന്ധ്ര വിഭജനത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തത്. 

2009 ഡിസംബറില്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരമാണ് തെലങ്കാന രൂപവത്കരണവുമായി ബന്ധപ്പെട്ട് ആദ്യത്തെ പ്രഖ്യാപനം നടത്തിയത്. ആന്ധ്രയെ വിഭജിച്ച് പുതിയ തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇതോടെ ആന്ധ്രയിലും റായല്‍സീമയിലും വ്യാപക പ്രതിഷേധമുയര്‍ന്നു. കേന്ദ്രമന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അടക്കം രാജി സമര്‍പ്പിച്ചു. ഇതോടെ തെലങ്കാന രൂപവത്കരണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാരും പിന്നോട്ടുപോയി. എല്ലാപാര്‍ട്ടികളും സംഘടനകളും സമവായത്തില്‍ എത്തുന്നത് വരെ തെലങ്കാന രൂപവത്കരണം ഉണ്ടാകില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍, ഇതോടെ തെലങ്കാന സംസ്ഥാനത്തെ അനുകൂലിക്കുന്നവരുടെ പ്രതിഷേധം അണപൊട്ടുകയായിരുന്നു. ടി.ആര്‍.എസ്. നേതാവായ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തില്‍ തെലങ്കാനയ്ക്കായി വന്‍ പ്രക്ഷോഭങ്ങളും അരങ്ങേറി. 

2013 ജൂലായ് 30-ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വസതിയില്‍ ചേര്‍ന്ന യു.പി.എ. യോഗത്തിലാണ് ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന രൂപവത്കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. തെലങ്കാന രൂപീകരണത്തിനുള്ള പ്രമേയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഐക്യകണ്‌ഠ്യേന പാസായി. ആന്ധ്രയെ വിഭജിച്ച് പുതിയ തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനും പത്തുവര്‍ഷത്തേക്ക് ഹൈദരാബാദിനെ ഇരുസംസ്ഥാനങ്ങളുടെയും തലസ്ഥാനമായി നിലനിര്‍ത്താനുമായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം. ആന്ധ്രയിലെ 23 ജില്ലകളില്‍ 10 ജില്ലകളാണ് തെലങ്കാനയില്‍ ഉള്‍പ്പെടുത്തിയത്. 119 നിയമസഭ സീറ്റുകളും 17 ലോക്സഭ സീറ്റുകളും തെലങ്കാനയില്‍നിന്നുണ്ടാകുമെന്നും നിര്‍ദേശംവന്നു. പുതിയ സംസ്ഥാനമെന്ന നിര്‍ദേശം  കേന്ദ്രമന്ത്രിസഭയും അംഗീകരിച്ചു. 2014 ഫെബ്രുവരിയില്‍ തെലങ്കാന ബില്‍ പാര്‍ലമെന്റില്‍ പാസായി. 2014 മാര്‍ച്ച് ഒന്നാംതീയതി രാഷ്ട്രപതിയും ബില്‍ പാസാക്കി. ഒടുവില്‍ 2014 ജൂണ്‍ രണ്ടാംതീയതി തെലങ്കാന സംസ്ഥാനം ഔദ്യോഗികമായി നിലവില്‍വന്നു. ആന്ധ്ര കൈവിട്ടാലും തെലങ്കാന ഒപ്പം നില്‍ക്കുമെന്ന കോണ്‍ഗ്രസ് കണക്കുകൂട്ടലാണ് ചന്ദ്രശേഖര്‍ റാവു പാലം വലിച്ചപ്പോള്‍ തകര്‍ന്നത്

തെലങ്കാന രൂപവത്കരണത്തിന്റെ വിജ്ഞാപനം വന്നാലുടന്‍ കോണ്‍ഗ്രസില്‍ ലയിക്കുമെന്ന പ്രഖ്യാപിച്ചിരുന്ന ബി.ആര്‍.എസ് (അന്നത്തെ ടി.ആര്‍.എസ്‌) അധ്യക്ഷന്‍ കെ.ചന്ദ്രശേഖര റാവുവിനാണ് വിഭജനത്തിന്റെ മുഴുവന്‍ ഗുണവും ലഭിച്ചത്. ചന്ദ്രശേഖര റാവു സ്വന്തം പാര്‍ട്ടി രൂപവത്കരിച്ച്‌ തെലങ്കാന സ്വന്തമാക്കി, കോണ്‍ഗ്രസിനെ മുഖ്യ ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്തു. അബദ്ധം പിണഞ്ഞ് കൈവിട്ട് പോയ തെലുഗ് മണ്ണ് തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ കോണ്‍ഗ്രസ്.

പുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗത്തിന് ഇന്ന് തെലങ്കാനയില്‍ തുടക്കം കുറിക്കുമ്പോള്‍ അത് വെറുമൊരു യോഗമല്ല ഒരു മാറ്റത്തിന്റെ തുടക്കമാണെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

തെലുഗ് മണ്ണില്‍ പാര്‍ട്ടിക്ക് ഇപ്പോഴും കുറച്ചെങ്കിലും അടിത്തറ നിലനില്‍ക്കുന്ന സംസ്ഥാനത്ത് തിരിച്ചുവരവിന് അവസരമുണ്ടെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു. ചന്ദ്രശേഖര റാവു തട്ടിയെടുത്ത തെലങ്കാന രൂപവത്കരണത്തിന്റെ ആനുകൂല്യം പിടിച്ചെടുക്കുക എന്നത് തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം. കോണ്‍ഗ്രസും സോണിയ ഗാന്ധിയും തെലങ്കാന രൂപവത്കരണത്തില്‍ വഹിച്ച പങ്കും അതിന് കടം വീട്ടേണ്ടതുണ്ടെന്നും ജനങ്ങളെ ഓര്‍മിപ്പെടുത്തേണ്ടതുണ്ടെന്ന തീരുമാനമാണ് പ്രവര്‍ത്തക സമിതി യോഗത്തിന്‌ മുന്നോടിയായി ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ഘടകം എടുത്തത്.

ശനിയാഴ്ച നടക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ഹൈദരാബാദിലെത്തുന്ന 'സോണിയ അമ്മ'യെ ആദരിക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. കോണ്‍ഗ്രസിന്റെ പ്രചാരണ വീഡിയോകളില്‍ ഈ ആശയത്തിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നതും. പ്രചാരണ വീഡിയോകളില്‍ തെലങ്കാന രൂപവത്കരണത്തില്‍ താന്‍ വഹിച്ച പങ്ക് സോണിയ പറയുന്നതും കാണാം. നമുക്ക് അമ്മയുടെ കടം തീര്‍ക്കാം എന്ന അടിക്കുറിപ്പോട് കൂടിയാണ് ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്.

തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എ രേവന്ത് റെഡ്ഡിയും മറ്റു നേതാക്കളും സമീപകാല പ്രസംഗങ്ങളിലെല്ലാം സംസ്ഥാന രൂപവത്കരണത്തില്‍ കോണ്‍ഗ്രസിന്റെ പങ്ക് പ്രധാന വിഷയമാക്കിയിട്ടുണ്ട്.

പ്രവര്‍ത്തക സമിതി യോഗത്തിന് സമാപനം കുറിക്കുന്ന സെപ്തംബര്‍ 17 മറ്റൊരു പ്രധാന ദിവസംകൂടിയാണ്. പഴയ ഹൈദരാബാദ് സംസ്ഥാനം ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കപ്പെട്ടതിന്റെ ദിനാചരണം കൂടിയാണ് ഞായറാഴ്ച. ആന്ധ്രാവിഭജനത്തിനൊപ്പം ഹൈദരാബാദ് പിടിച്ചെടുക്കലില്‍ പാര്‍ട്ടിക്കുള്ള പങ്ക് കൂടി ഉയര്‍ത്തി കാണിക്കുന്നതിനാണ് ഈ ദിവസം തന്നെ കോണ്‍ഗ്രസ് തിരഞ്ഞെടുത്തിരിക്കുന്നത്. ബിആര്‍എസും ബിജെപിയും സമാനമായ റാലികള്‍ സംഘടിപ്പിക്കുന്നുണ്ട്‌.

കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍

119 അംഗ തെലങ്കാന നിയമസഭയിലേക്ക് 2018-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 88 സീറ്റുകള്‍ നേടിയാണ് ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ് അധികാരം നിലനിര്‍ത്തിയത്. 19 സീറ്റുകളേ കോണ്‍ഗ്രസിന് നേടാനായിരുന്നുള്ളൂ. 28.4 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസിന് നേടാനായപ്പോള്‍ ബിആര്‍എസിന് 46.9 ശതമാനം വോട്ടുകള്‍ ലഭിച്ചു. 2019 ലെ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് നേരിയ ഫലം കണ്ടിരുന്നു. സംസ്ഥാനത്തെ 17 ലോക്‌സഭാ സീറ്റുകളില്‍ ബിആര്‍എസ് ഒമ്പത് ഇടങ്ങളില്‍ വിജയിച്ചപ്പോള്‍ ബിജെപിക്ക്‌ നാലും കോണ്‍ഗ്രസിന് മൂന്നും സീറ്റുകളാണ് നേടാനായത്. ഒരു സീറ്റ് മുന്നിലാണെങ്കിലും ബിജെപിയേക്കാള്‍ വോട്ട് ശതമാനത്തില്‍ കോണ്‍ഗ്രസിനാണ്‌ മേല്‍ക്കൈ നേടാനായത്. 29.79 ശതമാനം വോട്ടാണ് കോണ്‍ഗ്രസ് നേടിയത്. 2018-ലെ നിയമസഭയില്‍ ലഭിച്ചതിനേക്കാള്‍ വോട്ട് ശതമാനം കൂടിയത് പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെട്ടതിന്റെ ഫലമാണെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്.

placeholder
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രേവന്ദ് റെഡ്ഡിയും രാഹുല്‍ ഗാന്ധിയും

അടുത്തിടെ ബിആര്‍എസില്‍ നിന്ന് 35 ഓളം ബിആര്‍എസ് നേതാക്കള്‍ കൂട്ടമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത് സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റത്തിന്റെ സൂചന നല്‍കുന്നുണ്ടെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. മുന്‍ എംപി ശ്രീനിവാസ റെഡ്ഡി, മുന്‍ മന്ത്രി കൃഷ്ണ റാവു തുടങ്ങിയ ചില ജനകീയരായിട്ടുള്ള നേതാക്കളും ഇതിലുള്‍പ്പെട്ടിട്ടുണ്ടായിരുന്നു.  കഴിഞ്ഞ കുറച്ചുനാളുകളായി ബിആര്‍എസില്‍ ഉടലെടുത്ത ചേരിപ്പോരിന്റെ ഭാഗമായിരുന്നു നേതാക്കളുടെ കൂട്ടത്തോടെയുള്ള കൂടുമാറ്റം. പത്ത് വര്‍ഷത്തെ ഭരണത്തിനിടയില്‍ അധികാര പദവികളെ ചൊല്ലിയുള്ള തര്‍ക്കവും ചന്ദ്രശേഖര റാവുവിലും മകന്‍ കെ.ടി രാമ റാവുവിലും കേന്ദ്രീകരിച്ചുള്ള പാര്‍ട്ടി ഭരണവുമാണ് അസ്വസ്ഥതകള്‍ക്കിടയാക്കിയിട്ടുള്ളത്.

ബിആര്‍എസിലെ റെഡ്ഡി സമുദായ നേതാക്കള്‍ക്കിടയില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു മാറ്റത്തിനുള്ള ആഗ്രഹം പ്രകടമായിട്ടുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ വിജയം തെലങ്കാനയില്‍ കോണ്‍ഗ്രസിനോടുള്ള ജനങ്ങളുടെ ആഭിമുഖ്യത്തിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന്‌ സംസ്ഥാനത്തെ പൊളിറ്റിക്കല്‍ അനലിസ്റ്റായ കെ.ശ്രീനിവാസലു വ്യക്തമാക്കി.

ഖമ്മം ജില്ലയും വൈഎസ് ശര്‍മിളയും

തെലങ്കാനയില്‍ രാഷ്ട്രീയമായി ഏറെ നിര്‍ണായകമായ ജില്ലയാണ് ഖമ്മം. തിരഞ്ഞെടുപ്പ് വേളകളില്‍ ഖമ്മത്ത് നിന്നാണ് ഭൂരിപക്ഷം പാര്‍ട്ടികളും പ്രചാരണത്തിന് തുടക്കമിടുന്നത്. ആന്ധ്രപ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ അതിര്‍ത്തിക്കപ്പുറത്തുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഖമ്മത്ത് സ്വാധീനമുണ്ട്. അടുത്തിടെ കോണ്‍ഗ്രസിലേക്ക് കൂട്ടത്തോടെ ചേക്കേറിയ ബിആര്‍എസ് നേതാക്കളില്‍ ഭൂരിഭാഗവും നേതാക്കളും ഖമ്മം ജില്ലയില്‍ നിന്നുള്ളവരായിരുന്നു. 

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയും മുന്‍ മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ മകളുമായ വൈ.എസ്.ശര്‍മിള തന്റെ പുതിയ പാര്‍ട്ടി തുടങ്ങിയതും ഖമ്മത്ത് നിന്നാണ്. വൈ.എസ്.രാജശേഖര റെഡ്ഡി സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ അധിപനായിരുന്ന 1990-2000 കാലഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയായിരുന്ന ജില്ലയാണ് ഖമ്മം. 

ശര്‍മിളയെ കോണ്‍ഗ്രസിലേക്കെത്തിക്കാനുള്ള നീക്കം അണിയറയില്‍ നടന്നുവരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ശര്‍മിളയെ കോണ്‍ഗ്രസ് ആയുധമാക്കാനൊരുങ്ങുന്നത് തെലങ്കാനയിലല്ല. മറിച്ച് സഹോദരന്‍ അധികാരത്തിലിരിക്കുന്ന ആന്ധ്രയെ ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസ് ശര്‍മിളയെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കം നടത്തുന്നത്. തെലങ്കാനയില്‍ ശര്‍മിളയെ നേതൃനിരയിലേക്ക് കൊണ്ടുവന്നാല്‍ പാര്‍ട്ടിയില്‍ നിലവിലുള്ള കെട്ടുറപ്പിനെ ബാധിക്കുമെന്ന മുന്നറിയിപ്പും കോണ്‍ഗ്രസിന് മുന്നിലുണ്ട്.

placeholder
വൈ.എസ്.ശര്‍മിള

തെലങ്കാനയാണ് തന്റെ പ്രവര്‍ത്തന മണ്ഡലമെന്ന് ശര്‍മിള വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ദീര്‍ഘകാല ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നീക്കങ്ങള്‍ നടത്തുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഈ നീക്കം നടത്തിയത്. 2029 ആകുമ്പോഴേക്കും ശര്‍മിളയെ ഉപയോഗിച്ച് ആന്ധ്രയില്‍ പാര്‍ട്ടിക്ക് പഴയ പ്രതാപം തിരിച്ചുപിടിക്കാനാണ് ഒരുക്കം. ശര്‍മിളയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതിനായി ഹൈക്കമാന്‍ഡിന്റെ ഇടനിലക്കാരനായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറാണ് പ്രവര്‍ത്തിച്ചത്. അടുത്തിടെ ശര്‍മിള ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയെ കണ്ടതും ചര്‍ച്ചകള്‍ ഫലം കാണുന്നതിന്റെ സൂചനയാണ്.

നിലവില്‍ ആന്ധ്രയിലെ സാഹചര്യങ്ങളില്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്കൊരു എതിരാളി എന്ന നിലയില്‍ മുന്നില്‍ വെക്കാവുന്നത്‌ ശര്‍മിളയാണെന്നാണ്‌ കോണ്‍ഗ്രസ് വിലയിരുത്തല്‍. സംസ്ഥാനത്ത് പാര്‍ട്ടി വലിയ നേതൃ പ്രതിസന്ധിയും നേരിടുന്നുണ്ട്. ജഗന്‍ മോഹന്‍ റെഡ്ഡി ജയിലിലായിരുന്നപ്പോള്‍ പാര്‍ട്ടിയെ നയിച്ച പരിചയവും അനുഭവസമ്പത്തും ശര്‍മിളയ്ക്കുണ്ട്. 

കര്‍ണാടക മാതൃക

കര്‍ണാടക വിജയത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് തെലങ്കാന പിടിക്കാനുള്ള പദ്ധതി കൂടുതല്‍ വിശാലമാക്കിയത്. കര്‍ണാടകത്തില്‍ ചരിത്ര വിജയം നേടിയ 'ഗ്യാരണ്ടി ഫോര്‍മുല' തെലങ്കാനയിലും പ്രയോഗിക്കാനാണ് തീരുമാനം.

ഞായറാഴ്ച വൈകീട്ട് നടക്കുന്ന വിജയഭേരി റാലിയില്‍ തെലങ്കാന തിരഞ്ഞെടുപ്പിനുള്ള ആറുവാഗ്ദാനങ്ങളടങ്ങിയ അഭയഹസ്തം പദ്ധതി സോണിയാഗാന്ധി പ്രഖ്യാപിക്കുമെന്നും അധികാരത്തിലെത്തിയാല്‍ ഒരു മാസത്തിനുള്ളില്‍ അതുനടപ്പാക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. കര്‍ണാടകയിലേതിന് സമാനമായ വാഗ്ദാനങ്ങളാകും പ്രഖ്യാപിക്കുകയെങ്കിലും പ്രാദേശികമായ ചില മാറ്റങ്ങളുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വീട് നിര്‍മാണത്തിന് അഞ്ചു ലക്ഷം, ബിപിഎല്‍ കാര്‍ഡുടമകളായ വനിതകള്‍ക്ക് പ്രതിമാസം 3000 രൂപ, 500 രൂപയ്ക്ക് പാചകവാതകം തുടങ്ങിയ വാഗ്ദാനങ്ങള്‍ ഇതിലുള്‍പ്പെട്ടേക്കും.