
"എന്തിനാണ് ഇപ്പോഴുമവളെ ജീവനോടെ വെച്ചിരിക്കുന്നത്...? അവളെ ബലാത്സംഗം ചെയ്യൂ, ശരീരം വെട്ടിമുറിച്ച് ജീവനോടെ കത്തിക്കൂ- കലാപം പടരുന്ന മണിപ്പുരില്‍ 19 വയസ്സുകാരിയായ കുക്കി യുവതിയെ പിച്ചിച്ചീന്താന്‍ ഉത്തരവ് നല്‍കിയ മെയ്തേയി ഗ്രൂപ്പിലെ വനിതാ നേതാവിനെ കുറിച്ച് അക്രമത്തെ അതിജീവിച്ച പെണ്‍കുട്ടി പിന്നീട് പോലീസില്‍ നല്‍കിയ മൊഴിയായിരുന്നു ഇത്. കലാപത്തിന് നേതൃത്വം നല്‍കിയ സ്ത്രീയുടെ ഉത്തരവ് കിട്ടിയതോടെ നടന്നത് കൊടിയ മര്‍ദനം. എന്റെ പല്ലുകള്‍ അടര്‍ന്നുപോയി. കരയാന്‍ പോലും ശബ്ദമില്ലാതായി പോയി."
"അടിയേറ്റ് നിലത്ത് വീണ് എന്റെ ഷര്‍ട്ട് മുതല്‍ ചെരുപ്പ് വരെ ചോരയില്‍ മുങ്ങിയിട്ടും അവരുടെ രക്തദാഹം തീര്‍ന്നിരുന്നില്ല. തന്റെ കൂടെയുള്ള പുരുഷന്‍മാരായ ആക്രമികളോട് ബലാത്സംഗം ചെയ്യാന്‍ ആജ്ഞാപിക്കുകയായിരുന്നു അവര്‍. ആ സ്ത്രീയുടെ മുഖം ഇപ്പോഴുമോര്‍ക്കുന്നുണ്ട്. അവരുടെ വൃത്തികെട്ട വാക്കുകള്‍ എന്റെ ചെവിയില്‍ തുളച്ചു കയറുന്നു." ഇംഫാലിലെ പൊറോംപറ്റ് നഴ്സിംഗ് കോളേജിന്റെ ഹോസ്റ്റലില്‍നിന്ന് കുക്കി വംശജയായത് കൊണ്ടുമാത്രം വലിച്ചിറക്കി ക്രൂരമര്‍ദനത്തിനും ലൈംഗീക അതിക്രമത്തിനും ഇരയാക്കി റോഡില്‍ ഉപേക്ഷിക്കപ്പെട്ട 19 വയസ്സുകാരിയുടെ വാക്കുകള്‍ മണിപ്പുര്‍ വംശഹത്യയുടെ പുറത്ത് വന്നുകൊണ്ടിരിക്കുന്ന ദുരിതത്തില്‍ ചിലത് മാത്രം. ഇതിന് നേതൃത്വം നല്‍കുന്നത് മണിപ്പുരിലെ അമ്മമാര്‍ എന്നറിയപ്പെടുന്ന മെയ്തേയ് വനിതകളാണ് എന്നതാണ് പ്രത്യേകത.

ഒരു കാലത്ത് മണിപ്പുരില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍, ജന്മനാടിന്റെ നിലനില്‍പ്പിന് ഭീഷണിയായപ്പോള്‍ രാവും പകലും നോക്കാതെ തെരുവിലിറങ്ങിയിരുന്നു മീര പൈബിസ് (ടോര്‍ച്ചേന്തിയ വനിതകള്‍) എന്നറിയപ്പെട്ട മെയ്തേയ് സ്തീകള്‍. ബ്രിട്ടീഷ് കാലത്ത് 1904-ല്‍ നടന്ന നൂപിലാന്‍ പ്രക്ഷോഭം പോലുള്ളവ ഉദാഹരണം മാത്രം. തങ്ജം മനോരമയെന്ന യുവതിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നീതി തേടി നഗ്‌നരായി തെരുവിലിറങ്ങിയ സമരചരിത്രം പോലും മണിപ്പുരിലെ സ്ത്രീകള്‍ക്ക് പറയാനുണ്ടായിരുന്നു.
സ്ത്രീകളുടെ പ്രതിഷേധത്തിന് മുന്‍പില്‍ വീണ നിരവധി വന്‍മരങ്ങളുടെ കഥയും മണിപ്പുരിന് ചൂണ്ടിക്കാട്ടാനുണ്ട്. അവരങ്ങനെ മണിപ്പുരിലെ അമ്മമാര്‍ എന്നറയപ്പെട്ടു. എന്നാല്‍, ഇന്ന് ലോകത്തിന് മുന്നില്‍ നാണം കെട്ട് ആള്‍ക്കൂട്ടം മണിപ്പുരിലെ സ്ത്രീകളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തിക്കുന്നത് കാണുമ്പോള്‍ സമരചരിത്രം പറയുന്ന സത്രീ കൂട്ടായ്മകള്‍ മിണ്ടാതായിപ്പോയിരിക്കുന്നു. പകരം ആക്രമണത്തിന് നേതൃത്വം നല്‍കി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ അവര്‍ ആണ്‍കൂട്ടങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു.
മണിപ്പുരിലെ റോഡുകളിലെങ്ങും ഇന്ന് സ്ത്രീകളുടെ ചെറുതും വലുതമായ സംഘങ്ങളെ കാണാം. പലരുടേയും കയ്യില്‍ വടിയുണ്ട്. ഇവര്‍ വാഹനം തടയുകയും യാത്രികരെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. മീര പൈബിസ് എന്നും ടോര്‍ച്ചേന്തിയ വനിതകളെന്നും അറിയപ്പെടുന്ന മെയ്തി സ്ത്രീകളുടെ കൂട്ടായ്മയ്ക്കാണ് ഇന്ന് കലാപകലുഷിതമായ മണിപ്പുരി തെരുവോരങ്ങളുടെ പൂര്‍ണ നിയന്ത്രണം.
ഒരു കാലത്ത് സമൂഹത്തിന്റെ കാവല്‍ക്കാര്‍ എന്നറിയപ്പെട്ട, മദ്യപാനത്തിനെതിരേയും മയക്കുമരുന്നിനെതിരേയും പോരാടിയവരാണ് ഇന്ന് കലാപ നിയന്ത്രണ ശ്രമത്തിന് പോലും തടസ്സമായി നില്‍ക്കുന്നവര്‍ എന്നാരോപിക്കുന്നു പ്രതിപക്ഷ പാര്‍ട്ടികളും സൈന്യവും. ദുരിതമനുഭവിക്കുന്ന കുക്കികളുടെ ഇടങ്ങളിലേക്ക് അടിയന്തര വസ്തുകള്‍ എത്തിക്കുന്നതിന് പോലും തടയിടുന്ന ഇവര്‍ പോലീസ് വാഹനങ്ങള്‍ക്ക് തീവെക്കുന്നു, ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു. നിസ്സഹായരായി നോക്കി നില്‍ക്കാന്‍ മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പോലും സാധിക്കുന്നുള്ളൂ.

- സ്റ്റാറ്റസ് ആയുധമാക്കുന്ന മീര പൈബിസ്
മണിപ്പുരിലെ സ്ത്രീപോരാട്ടങ്ങളുടെ പിന്തുടച്ചക്കാര്‍ എന്നത്കൊണ്ടു തന്നെ മീര പൈബിസിന് സമൂഹവും സര്‍ക്കാരും നല്‍കുന്ന ഉയര്‍ന്ന സ്റ്റാറ്റസിനെ അവര്‍ കലാപാഹ്വാനത്തിന്റെ കവചമാക്കി ഉപയോഗിക്കുന്നുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും ചൂണ്ടിക്കാട്ടുന്നത്. സുരക്ഷാ സേനയുടെ സായുധ ക്യാമ്പ് ആക്രമിച്ച് ആയുധങ്ങള്‍ മോഷ്ടിക്കാനുള്ള ശ്രമം നടന്നു. ആക്രമത്തിന് നേതൃത്വം നല്‍കുന്നവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുന്നതിനിടെ സ്ത്രീകളെത്തി മോചിപ്പിക്കുക വരെ ചെയ്തു. എന്നാല്‍, ഞങ്ങളുടെ ഭൂമിയേയും ജനങ്ങളേയും കാത്ത് സൂക്ഷിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നതെന്നാണ് മീര പൈബിസിന്റെ വാദം. ഇവര്‍ക്കെതിരേ പരിധിവിട്ടുള്ള നടപടിയുണ്ടായാല്‍ വലിയ തിരിച്ചടിയുണ്ടാവുമെന്നത് കൊണ്ടു തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഒന്നും ചെയ്യാനാവുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ കുക്കികളെ സഹായിക്കുന്നവരാണെന്നും ഗ്രാമങ്ങളും വീടുകളും കത്തിച്ച കുക്കികളെ സഹായിക്കുന്നവരെ ഒരു തരിപോലും വിശ്വസിക്കില്ലെന്നുമാണ് മീര പൈബിസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പക്ഷെ, അതിനിടയില്‍ ഇരയാക്കപ്പെടുന്നത് ഒന്നുമറിയാത്ത സ്ത്രീകളും പെണ്‍കുട്ടികളുമാണ്.
മണിപ്പുര്‍ പ്രതിസന്ധിയിലായപ്പോഴൊക്കെ ഞങ്ങള്‍ തെരുവിലിറങ്ങിയിട്ടുണ്ടെന്നും സമാനസാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മണിപ്പുരിന് ഞങ്ങളെയിപ്പോള്‍ ആവശ്യമുണ്ടെന്നും മീര പൈബിസ് ചൂണ്ടിക്കാട്ടുന്നു. ഇതോടെ ഓരോ വീട്ടില്‍നിന്നും പ്രതിരോധത്തിനായി സ്ത്രീകള്‍ തെരുവിലേക്കെത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ജൂലായ് ഒമ്പതിനായിരുന്നു അസം റൈഫിള്‍സ് കുക്കി ഏരിയയിലേക്ക് നല്‍കിയ ഭക്ഷണ സാധനങ്ങളുടെ പാക്കറ്റുകളുമായി പോവുകയായിരുന്ന ട്രക്ക് സ്ത്രീകളുടെ സംഘം തട്ടിയെടുത്തത്. വഴിയോരത്ത് തടഞ്ഞിട്ട ട്രക്കില്‍നിന്ന് ഡ്രൈവറെ കൊണ്ടു തന്നെ സാധനങ്ങള്‍ നിര്‍ബന്ധിച്ച് തെരുവിലിറക്കിക്കുകയും ചെയ്തു. ഇതില്‍ പലതും മെയ്തി ക്യാമ്പുകളിലേക്ക് വിതരണം ചെയ്യുകയും പ്രതിഷേധക്കാര്‍ സ്വന്തമാക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനോ ആരെയെങ്കിലും അറസ്റ്റ് ചെയ്യാനോ അധികൃതര്‍ തയ്യാറായിട്ടില്ല. ഇത് മീര പൈബിസിന്റെ സമൂഹത്തിലെ പിടിപാട് കൊണ്ടാണ്. ഇതിനിടെ മണിപ്പൂര്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കാനൊരുങ്ങിയ ബിരേന്‍ സിങ്ങിനെ കൊണ്ട് നിര്‍ബന്ധിച്ച് രാജി തീരുമാനം പിന്‍വലിപ്പിക്കാന്‍ വരെ മീര പൈബിസിന് കഴിഞ്ഞു. മണിപ്പുരിലെ വനിതാ ആക്ടിവിസ്റ്റുകള്‍ ബോധപൂര്‍വം വഴികള്‍ തടയുകയും സുരക്ഷാ സേനയുടെ പ്രവൃത്തികളില്‍ ഇടപെടുകയും ചെയ്യുന്നുവെന്നാണ് സൈന്യം ആരോപിക്കുന്നത്. എന്നാല്‍, കലാപത്തിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടുന്ന സൈനിക നടപടിയെയാണ് ചെറുക്കുന്നതെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

- ബലാത്സംഗം ചെയ്യാന്‍ അനുവദിച്ചാല്‍ വെറുതെ വിടാം
മണിപ്പുരില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെ ഇതില്‍ മീര പൈബിസിന് എത്രത്തോളം പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇംഫാലിലെ 19 വയസ്സുകാരിയായ ഇരയുടെ വെളിപ്പെടുത്തല്‍. കലാപം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. നിര്‍ഭാഗ്യവശാല്‍ അന്ന് അവര്‍ക്കൊപ്പം പോവാനായില്ല. ദിവസങ്ങളോളം ഇംഫാലിലെ ഒരു നഴ്സിങ് ഹോസ്റ്റലിലായിരുന്നു താമസം. സ്ഥിതി ശാന്തമാകുന്ന മുറയ്ക്ക് വീട്ടുകാര്‍ക്കൊപ്പം ചേരാമെന്നായിരുന്നു കരുതിയിരുന്നത്.
ദിവസങ്ങള്‍ കഴിഞ്ഞു രക്ഷിതാക്കള്‍ക്കൊപ്പം പോവാനായി അവര്‍ അയച്ച പണം മെയ് 15-ന് എ.ടി.എമ്മില്‍നിന്ന് പിന്‍വലിക്കാന്‍ സുഹൃത്തിനൊപ്പം പുറത്തുപോയതായിരുന്നു അവള്‍. പുറത്തിറങ്ങിയ ഉടനെ, എ.ടി.എം. എത്തുന്നതിന് മുന്നെ തന്നെ രണ്ട് വണ്ടികളിലായി ഒരു കൂട്ടം പുരുഷന്‍മാര്‍ അവളെ വളഞ്ഞു. ആദ്യം ചോദിച്ചത് ആധാര്‍ കാര്‍ഡായിരുന്നു, കുക്കി വംശജയല്ലാത്തതിനാല്‍ സുഹൃത്തിനെ ഭീഷണിപ്പെടുത്തി തിരിച്ചരയച്ചു. 19-കാരിയെ കാറിലേക്ക് വലിച്ചഴിച്ചു. കുക്കി വംശജയാണെന്ന് അറിഞ്ഞതോടെ മര്‍ദനം തുടങ്ങി. ആദ്യം അടിച്ചത് കാറിനുള്ളില്‍നിന്ന് ഇറങ്ങി വന്ന മെയ്തി സ്ത്രീയായിരുന്നു. അവര്‍ പരമ്പരാഗത മെയ്തി വസ്ത്രം ധരിച്ചവരായിരുന്നുവെന്ന് പിന്നീട് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.
മര്‍ദനത്തിന് ശേഷം കയ്യില്‍ കരുതിയ കത്രിക കൊണ്ട് മുടിവെട്ടിയെടുത്തു. പിന്നീട് ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്തു. എന്തിനാണ് എന്നെ മര്‍ദിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ നിങ്ങളുടെ കുക്കി ആണ്‍കുട്ടികള്‍ ഞങ്ങളുടെ കൂട്ടരെ കൊലപ്പെടുത്തിയെന്നും അതിന്റെ പ്രതികാരമായിരുന്നു മര്‍ദനമെന്നുമായിരുന്നു മറുപടി- ദുരിതാശ്വാസ ക്യാമ്പിലിരുന്ന് കൊണ്ട് ആ പെണ്‍കുട്ടി പറയുന്നു. ആവര്‍ ആരെയൊക്കെയോ വിളിച്ച് വരുത്തി എന്നെ പലയിടത്തായി കാറില്‍ കൊണ്ടുപോയി, ഒരു മലമുകളിലെത്തിച്ചു. അപമാനിച്ചു. വാവിട്ട് കരഞ്ഞിട്ടും വിട്ടില്ല. മരിക്കാന്‍ പോവുകയാണെന്ന തോന്നലുണ്ടായി. വെറുതെ വിടണമെങ്കില്‍ അവര്‍ക്ക് വഴങ്ങണമെന്നായിരുന്നു ആവശ്യം. അവര്‍ക്കെന്നെ ബലാത്സംഗം ചെയ്യണമായിരുന്നു. ഞാന്‍ അങ്ങനെയുള്ളൊരു പെണ്‍കുട്ടിയല്ലെന്ന് പറഞ്ഞ് പ്രതിരോധിച്ചതോടെ പിന്നീട് കൊടിയ മര്‍ദനമായിരുന്നു ഫലം. അപ്പോഴേക്കും സമയം രാത്രിയായിരുന്നു.

മര്‍ദനത്തിനിടെ എപ്പോഴോ ബോധം നഷ്ടപ്പെട്ടു. അവരെന്നെ ഇല്ലാതാക്കി. ബോധം വരുമ്പോഴേക്കും അസഹനീയമായ വേദനയായിരുന്നു. പിറ്റെ ദിവസം പുലര്‍ച്ചെയായതോടെ അക്രമികളുടെ ശ്രദ്ധ മാറിയപ്പോള്‍ മലമുകളില്‍നിന്നു താഴേക്ക് ഓടി റോഡിലെത്തിയാണ് രക്ഷപ്പെട്ടത്. പിന്നീടിങ്ങോട്ട് ക്യാമ്പിലായിരുന്നു. ഇതിനെല്ലാം നേതൃത്വം നല്‍കിയതും ആഹ്വാനം ചെയ്തവരും ഒരു സ്ത്രീയാണെന്ന് ഓര്‍ക്കുമ്പോഴാണ് കൂടുതല്‍ സങ്കടം- പെണ്‍കുട്ടി ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ നിരവധിയായ അക്രമ പരമ്പരകള്‍ക്കാണ് ഇന്ന് മണിപ്പുരില്‍ മെയ്തി സ്ത്രീകള്‍ നേതൃത്വം നല്‍കുന്നത്. മണിപ്പൂരിന്റെ മാനം കാക്കേണ്ട അമ്മമാര്‍ തന്നെ പീഡനത്തിന് ആഹ്വാനം ചെയ്യുമ്പോള്‍ എവിടേക്കെന്നില്ലാതെ ഓടിപ്പോവാന്‍ പോലും കഴിയാതെ നിസ്സഹായരായി പോയി പെണ്‍കുട്ടികള്‍.
ഇംഫാല്‍ ഈസ്റ്റിലെ പതിനെട്ടുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിലും മീര പൈബിസിന്റെ പങ്കുണ്ടെന്ന വെളിപ്പെടുത്തല്‍വന്നിട്ടത്. സംഭവം നടന്നത് മെയ് 15-നായിരുന്നെങ്കിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ജൂലായ് 21-ന് മാത്രമാണ്. എഫ്.ഐ.ആറില്‍ പോലീസ് പറയുന്നത് ഇങ്ങനെ: പതിനെട്ടുകാരിയുടെ ഇംഫാലിലെ താമസസ്ഥലത്തേക്ക് അന്ന് ഇരച്ചുകയറിയെത്തിയത് ഒരു കൂട്ടം സ്ത്രീകളായിരുന്നു. അവര്‍ മീര പൈബിസ് വിഭാഗത്തില്‍ പെടുന്ന മെയ്തീസ് ആളുകളാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. പെണ്‍കുട്ടിയെ പിടിക്കുകയും കുക്കി വംശജയാണെന്ന് തിരിച്ചറിയുകയും ചെയ്തതോടെ മുഖത്ത് കറുത്ത മാസ്‌കിട്ട സായുധധാരികളായ പുരുഷന്‍മാര്‍ക്ക് പെണ്‍കുട്ടിയെ കൈമാറി. പിന്നീടവര്‍ അവളെ കൂട്ടബലാത്സംഗം ചെയ്തു.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി അതിര്‍ത്തി സംസ്ഥാനമായ നാഗാലാന്‍ഡിലെ ആശുപത്രിയിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാങ്പോക്പി പോലീസ് സ്റ്റേഷനില്‍ എത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. ആളെ തിരിച്ചറിയാതെ വിവിധ വകുപ്പുകള്‍ ചുമത്തി സീറോ എഫ്.ഐ.ആര്‍. കേസിലിടുകയും ചെയ്തു. എന്തിന് ഇംഫാലില്‍ തുടരുന്നുവെന്നായിരുന്നു അവരുടെ ചോദ്യം. ഇവിടേക്ക് തിരിച്ച് വരില്ലെന്നും നാടു വിടാമെന്നും പറഞ്ഞെങ്കിലും ക്രൂരമര്‍ദനത്തിനും പീഡനത്തിനും ഇരയാക്കി. തുടര്‍ന്ന് കൊന്നുകളയാനായിരുന്നു പദ്ധതിയെങ്കിലും രക്ഷപ്പെട്ടോടിയെന്നും പെണ്‍കുട്ടി പോലീസില്‍ നല്‍കിയ മൊഴിയില്‍ ചൂണ്ടിക്കാട്ടുന്നു.

- അന്ന് തങ്ജം മനോരമ
ഇന്ത്യന്‍ പട്ടാളക്കാരേ, ഞങ്ങളേയും ബലാത്സംഗം ചെയ്ത് കൊല്ലൂ എന്നെഴുതിയ ബാനര്‍ ഉയര്‍ത്തി നഗ്‌നരായി ഒരു കൂട്ടം സ്ത്രീകള്‍ മണിപ്പുരിന്റെ തെരുവിലിറങ്ങിയത് അത്ര പെട്ടെന്ന് മറന്നിട്ടുണ്ടാവില്ല. ആസം റൈഫിള്‍സിനെതിരേ അന്ന് നടന്ന സമരം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. മീര പൈബിസ് പോരാട്ടത്തിലെ എന്നും ഓര്‍മിക്കപ്പെടുന്ന സംഭവമായിരുന്നു 2004-ജൂലായ് 10-ാം തീയതി നടന്ന തങ്ജം മനോരമയുടെ കൊലപതാകത്തിനെതിരേ നടന്ന സമരം. നിരോധിത സംഘടനയായ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ പ്രവര്‍ത്തകയാണെന്ന് ആരോപിച്ചായിരുന്നു മനോരമയെ ആസം റൈഫിള്‍സ് സേനാംഗങ്ങള്‍ വീട്ടിലെത്തി പിടിച്ചുകൊണ്ടുപോയത്.
ജൂലായ് 11-ാം തീയതി ദേഹമാസകലം വെടിയേറ്റ നിലയിലും ബലാത്സംഗം ചെയപ്പെട്ട നിലയിലും നാല് കിലോമീറ്റര്‍ അപ്പുറമുള്ള വയലില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയു ചെയ്തു. സംസ്ഥാനത്താകെ വലിയ പ്രക്ഷോഭമുണ്ടായെങ്കിലും മുപ്പതോളം സ്ത്രീകള്‍ നഗ്നരായി ഞങ്ങളെ ബലാത്സംഗം ചെയ്യൂ എന്നെഴുതിയ എഴുതിയ ബാനര്‍ ഉയര്‍ത്തി തെരുവിലൂടെ മാര്‍ച്ച് നടത്തിയത് വലിയ ചര്‍ച്ചയായി.
പ്രതിഷേധം ശക്തമായതോടെ ആസം റൈഫിള്‍സ് അവരുടെ മുഖ്യകേന്ദ്രമായി ഉപയോഗിച്ച് പോന്നിരുന്ന കംഗ്ല കൊട്ടാരം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. മണിപ്പുര്‍ താഴ്വരയില്‍നിന്ന് അഫ്‌സാപ എന്ന കരിനിയമം എടുത്തുകളയുന്നതിന് പോലും കേന്ദ്രത്തെ പ്രേരിപ്പിച്ചത് സ്ത്രീകളുടെ ഈ വലിയ സമരമായിരുന്നു. മണിപ്പുരിന്റെ ഉരുക്കുവനിത എന്നറിയപ്പെട്ടിരുന്ന ഇറോം ശര്‍മിളയടക്കമുള്ളവര്‍ സംസ്ഥാനത്ത് സ്ത്രീ മൂന്നേറ്റത്തില്‍ നടത്തിയ സംഭാവനയും ചെറുതല്ല. അഫ്‌സാപ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 16 വര്‍ഷത്തോളമാണ് ഇവര്‍ നിരാഹാരമിരുന്നത്.
പോലീസ് അറസ്റ്റ്, ആത്മഹത്യാ ശ്രമത്തിന് കേസ് തുടങ്ങി ഇറോം ശര്‍മിളയുടെ സമരം പൊളിക്കാന്‍ പറ്റാവുന്ന ശ്രമങ്ങളെല്ലാം സര്‍ക്കാര്‍ നടത്തിയിരുന്നെങ്കിലും ഇതിനെയെല്ലാം ചെറുത്തുനിന്നായിരുന്നു ശര്‍മിളയുടെ പോരാട്ടം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി 2016-ല്‍ നിരാഹാരം അവസാനിപ്പിച്ച് മത്സരത്തിനിറങ്ങിയെങ്കിലും പരാജയമായിരുന്നു ഫലം. ഇതോടെ നാട് വിട്ട് വിവാഹിതയായി പിന്നീട് ബെംഗളൂരുവില്‍ അഭയം പ്രാപിച്ചത് ചരിത്രം.

- ഷിഫ്റ്റ് അടിസ്ഥാനമാക്കി പരിശോധന
മണിപ്പുരില്‍ തെരുവോരങ്ങളുടെ നിയന്ത്രണമേറ്റെടുത്തതോടെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് മീര പൈബിസിന്റെ പരിശോധന. അതിന് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ല. എല്ലാവര്‍ക്കും കൃത്യമായ ഡ്യൂട്ടി റോസ്റ്ററുകളുണ്ട്. വീടുകളിലെ ഭക്ഷണം തയ്യാറാക്കലും കുട്ടികളുടെ പരിപാലനവുമെല്ലാം കഴിഞ്ഞ ശേഷം ഉച്ചയ്ക്ക് 12 മണിയോടെയാണ് ആദ്യ ബാച്ച് തെരുവിലെത്തുക. അത് ആറേഴ് മണിക്കൂറോളം നീളും. കയ്യിലുള്ള ടോര്‍ച്ചുമായി അങ്ങോളമിങ്ങോളം പരിശോധന നടത്തും. വാഹനങ്ങള്‍ തടയുക, ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുക, വാഹനരേഖകള്‍ പരിശോധിക്കുക എന്നിവയെല്ലാം ഇവരുടെ ജോലിയാണ്. കുക്കി ക്യാമ്പുകളിലേക്ക് ഭക്ഷണ സാധനങ്ങളോ അവര്‍ക്കാവശ്യമായ ആയുധങ്ങളോ മറ്റോ ഇല്ലെന്ന് ഉറപ്പിക്കും. അതിന് ശേഷം മാത്രമാണ് യാത്ര തുടരാന്‍ അനുവദിക്കുക. മെയ്തി വിഭാഗത്തിന് പുറമെ കലാപത്തില്‍ ഉള്‍പെട്ടിട്ടില്ലാത്ത ചുരുക്കം ചിലര്‍ മാത്രമാണ് വാഹനം ഓടിക്കാനുള്ളത്.
പോലീസ് ഉദ്യോഗസ്ഥര്‍, മറ്റ് ഗ്രൂപ്പുകള്‍ എന്നിവരെല്ലാമായി ശക്തമായ ബന്ധം കാത്ത് സൂക്ഷിച്ചുപോരുന്ന ഇവര്‍ ഒരു വിവരം ലഭിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് ഒന്നിക്കുന്നതും പ്രതിരോധം തീര്‍ക്കുന്നതും. അതുകൊണ്ടു തന്നെ ഇവരുടെ കണ്ണുവെട്ടിച്ചുള്ള യാത്ര അസാധ്യമാണ്. ഞങ്ങള്‍ മണിപ്പുരിന്റെ അമ്മമാരാണെന്നും മണിപ്പുരിനെ സംരക്ഷിക്കുക ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നുമാണ് ഇവര്‍ ചൂണ്ടിക്കട്ടുന്നത്.
പോലീസ് ഉദ്യോഗസ്ഥരും മറ്റാരും ഇവരെ തൊടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടുതന്നെ ഓരോ മെയ്തി വീട്ടിൽനിന്നുള്ള സ്ത്രീകളും മീര പൈബിസിന്റെ കീഴില്‍ ഒത്തുകൂടുന്നു. പലപ്പോഴും പരാതികളുടേയും മറ്റും അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നുണ്ടെങ്കിലും അജ്ഞാതരായ ആളുകള്‍ എന്ന പേരില്‍ മാത്രമാണ് കേസുള്ളത്. അതുകൊണ്ടു തന്നെ ഇവര്‍ക്ക് സൈനിക നടപടികളേയും മറ്റും ചെറുക്കാന്‍ ആത്മവിശ്വാസം കൂടുകയും ചെയ്യുന്നു. കുക്കി മേഖലയിലേക്ക് ഭക്ഷണസാധനങ്ങള്‍ എത്തുന്നതില്‍ വലിയ കുറവുണ്ടായതോടെ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് ഈ മേഖല നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

- നൂപി ലാന്‍ മുതല്‍ മീര പൈബിസ് വരെ
മണിപ്പുരിന്റെ ചരിത്രത്തിന് സ്ത്രീ വിമോചന പോരാട്ടത്തിന്റെ വലിയ കഥ പറയാനുണ്ട്. ബ്രിട്ടീഷ് കാലം മുതല്‍ മീര പൈബിസ് വരെ അതിന്റെ വേരുകള്‍ നീണ്ടുനില്‍ക്കുന്നു. ബ്രിട്ടീഷ് കാലത്ത് മണിപ്പുര്‍ താഴ്വരയിലെ പുരുഷന്‍മാര്‍ കൂലിയില്ലാതെ നിര്‍ബന്ധിത ജോലി ചെയ്യണമെന്ന ഒരു ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ ആദ്യസമരം നടന്നത്. പുരുഷന്‍മാര്‍ നിര്‍ബന്ധിത ജോലിക്കിറങ്ങിയതോടെ പല വീടുകളും പട്ടിണിയിലായി. ഇതോടെ കുടുംബം നോക്കാന്‍ സ്ത്രീകള്‍ കച്ചവടത്തിനിറങ്ങി, ഒപ്പം അതിശക്തമായ പ്രതിരോധവും തീര്‍ത്തു. ഒടുവില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് സ്ത്രീകളുടെ പ്രതിഷേധത്തിന് മുന്നില്‍ തലകുനിക്കേണ്ടി വന്നു. അടിമ ജോലി ചെയ്യിച്ചതിന് കൂലി കൊടുക്കേണ്ടി വന്നു. മണിപ്പുരിന്റെ ചരിത്രത്തിലെ 1904-ലെ ഈ സംഭവമാണ് ആദ്യ നൂപി ലാന്‍ (സ്ത്രീകളുടെ പോരാട്ടം) എന്നറിയപ്പെടുന്നത്.
1939-ല്‍ അന്നത്തെ കൊളോണിയല്‍ സര്‍ക്കാരിന്റെ അനുമതിയോടെ മണിപ്പുരിലുണ്ടായ അനധികൃത അരിക്കടത്തിനെതിരേയുണ്ടായ സമരമായിരുന്നു രണ്ടാം നൂപി ലാന്‍ സമരം. കുറഞ്ഞ വിലയ്ക്ക് കര്‍ഷകരില്‍നിന്നും അരി മൊത്തമായി വാങ്ങി, ബ്രിട്ടീഷുകാര്‍ അന്യദേശത്തേക്ക് കടത്തി. ഇത് സംസ്ഥാനത്തെ വലിയ ഭക്ഷ്യക്ഷാമത്തിലേക്ക് നയിച്ചു. മാത്രമല്ല, സ്ത്രീകള്‍ കാലങ്ങളായി നടത്തിക്കൊണ്ടിരുന്ന ഇമ കെയ്തല്‍ എന്ന മാര്‍ക്കറ്റ് പിടിച്ചെടുക്കാനും ശ്രമം നടന്നു. ഇതോടെ സ്ത്രീകള്‍ സംഘടിക്കുകയും ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഓഫീസിന് മുന്നിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. ഉത്തരവ് പിന്‍വലിക്കാതെ സമരത്തില്‍നിന്ന് പിന്‍മാറില്ലെന്ന് സ്ത്രീകള്‍ അറിയിച്ചതോടെ തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തു. ഇങ്ങനെ വിവിധ ഘട്ടങ്ങളില്‍ സമരവുമായി മുന്‍പന്തിയിലുണ്ടായിരുന്ന നാപി ലാന്‍ സമരനേതാക്കളുടെ പിന്‍മുറക്കാരായിട്ടാണ് ഇന്നത്തെ മീരപൈബിസും പിന്നീട് അറിയപ്പെട്ടു പോന്നത്.
1970-കളില്‍ അനധികൃത മദ്യം, ലഹരിമരുന്ന് ഉപയോഗം എന്നിവയ്‌ക്കെതിരേ നിശ ബന്ധിസ് എന്ന പേരില്‍ മീര പൈബിസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിരോധവും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ടോര്‍ച്ചുകളും പന്തങ്ങളുമേന്തി തെരുവോരങ്ങളില്‍ നടത്തിയ മാര്‍ച്ചുകളിലൂടെയാണ് ഇവര്‍ക്ക് ടോര്‍ച്ചേന്തിയ വനിതകള്‍ എന്ന പേരും ലഭിച്ചത്. അനധികൃത മദ്യശാലകള്‍ കണ്ടെത്തുകയും അത് തകര്‍ക്കുകയും ചെയ്ത് വലിയ പ്രതിഷേധത്തിന് തന്നെ അന്ന് സ്ത്രീകള്‍ നേതൃത്വം നല്‍കി.
മദ്യശാലകള്‍ക്ക് തീവെച്ചു, സാധനസാമഗ്രികള്‍ നശിപ്പിച്ചു. ഇതോടെ മദ്യ നിരോധന നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയും ചെയ്തു. മണിപ്പുരില്‍ നിലനിന്ന് പോന്നിരുന്ന അഫ്‌സാപ(ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേര്‍സ്, അസം ആന്‍ഡ് മണിപ്പൂര്‍) നിയമങ്ങള്‍ക്കെതിരേ അതിശക്തമായ സമരം നടത്തിയതും മീര പൈബിസിന്റെ നേതൃത്വത്തിലായിരുന്നു. ഇങ്ങനെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാമൂഹിക വികസന ചരിത്രത്തില്‍ ബ്രിട്ടീഷ് കാലം മുതല്‍ നിര്‍ണായക പങ്കുവഹിച്ചവര്‍ എന്നത് കൊണ്ടു തന്നെ സ്ത്രീകള്‍ക്ക് വലിയ ബഹുമാനവും ഇവിടെ ലഭിക്കുന്നുണ്ട്. മീര പൈബിസ് മൂവ്‌മെന്റിനെ മൂന്നാം നൂപി ലാന്‍ പ്രക്ഷോഭം എന്നും അറിയപ്പെടുന്നുണ്ട്- എന്നാല്‍, ഈയൊരു സമരചരിത്രം മറന്നുകൊണ്ടാണ് മണിപ്പുരിന്റെ സംരക്ഷകര്‍ എന്നറിയപ്പെടുന്ന അമ്മമാര്‍ തന്നെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാനും കൊലപ്പെടുത്താനും നിര്‍ദേശം നല്‍കുന്നത്.
Content Highlights: manipur clash and role of meira paibis
Published: 26 Jul 2023, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented