സ്പ്രിങ്‌വാലി റോഡ് തരിപ്പണം, യാത്രാദുരിതം

To advertise here,

കുമളി : അറുപത്തിയാറാംമൈൽ വില്ലേജ് പടിക്കൽനിന്ന് സ്പ്രിങ് വാലിയിലേക്കുള്ള റോഡ് തകർന്നുതരിപ്പണമായിട്ട് വർഷങ്ങൾ.

യാത്രാദുരിതം രൂക്ഷമായിട്ടും റോഡ് നന്നാക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ശക്തം. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് നാട്ടുകാർ.

കുഴിയോട് കുഴി

വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് ഇപ്പോൾ കാൽനടയാത്രയ്ക്കുപോലും പറ്റാത്ത അവസ്ഥയായി. റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നതിനാൽ ചെറിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയില്ല.

കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത്‌ പെയ്ത ചെറിയ മഴയിൽപോലും വലിയ വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടിരിക്കുന്നത്.

സ്കൂൾ കുട്ടികൾ അടക്കമുള്ളവർ വലിയ ബുദ്ധിമുട്ടിയാണ് സ്കൂളിലേക്ക് പോകുന്നതും തിരിച്ചെത്തുന്നതും. രണ്ട് സ്കൂൾ ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ടെങ്കിലും റോഡ് തകർന്നുകിടക്കുന്നതിനാൽ കുട്ടികളുമായിട്ടുള്ള യാത്ര ഏറെ ദുഷ്കരമായിട്ടുണ്ടെന്ന് സ്കൂൾ അധികൃതരും വ്യക്തമാക്കുന്നു.

വെട്ടവുമില്ല

ഇതിനുപുറമേ രാത്രികാലങ്ങളിൽ വഴിവിളക്കുകളിൽ പലതും കത്താത്തതും യാത്രാക്ലേശം ഇരട്ടിയാക്കുന്നുണ്ട്.

ഈ വഴി പരിചയമില്ലാത്തവർ ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്താൽ അപകടത്തിൽപ്പെടുമെന്നുറപ്പാണ്. നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പലതവണ പഞ്ചായത്തിനെ സമീപിച്ചെങ്കിലും നിരാശ മാത്രമാണ് ബാക്കിയായത്.

വെള്ളവും വില്ലൻ

കൂടാതെ വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പുകൾ ഈ റോഡിൽ ആറിടങ്ങളിലായി പൊട്ടി ഒഴുകുന്നുണ്ട്. ഇക്കാരണത്താൽ മിക്കപ്പോഴും റോഡിൽ വലിയ വെള്ളക്കെട്ടുകൾ ഉണ്ടാകുന്നത് പതിവ് കാഴ്ചയാണ്.

റോഡിൽ കെുരുപ്പുകട്ടയിടുകയോ കോൺക്രീറ്റുചെയ്യുകയോ ചെയ്ത് നിർമാണപ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അത് അധികൃതർ ചെവിക്കൊള്ളുമോ..ഇനിയെങ്കിലും ഈ ദുരിതം കാണണം.