ഇനിയും പാറ അടർന്നുവീഴുമോ എന്ന് ആശങ്ക

To advertise here,

മൂലമറ്റം : തുമ്പച്ചിയിൽ കൂറ്റൻപാറ അടർന്നുവീണു. അപകടം ഒഴിവായെങ്കിലും ഇനിയും പാറകൾ നിലംപൊത്തുമോയെന്ന സംശയം താഴെ ഭാഗത്ത് താമസിക്കുന്ന ഏതാനും കുടുംബങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നു. പ്രദേശവാസികളറിയിച്ചതനുസരിച്ച് അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഗോപിനാഥ്, വൈസ് പ്രസിഡന്റ് ഇമ്മാനുവേൽ സൈമൺ, പഞ്ചായത്തംഗം എൻ.കെ. അനിൽകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. സ്ഥിതിഗതികൾ ദുരന്തനിവാരണ സമിതിയെ അറിയിക്കുമെന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും പറഞ്ഞു.

കഴിഞ്ഞദിവസമാണ് തുമ്പച്ചി ആനിക്കാട്ട് തോമസിന്റെ വീടിന് സമീപം വൻശബ്ദത്തോടെ കൂറ്റൻപാറ വിണ്ടുകീറി പൊട്ടിവീണത്. പാറക്കല്ല് പലകഷണങ്ങളായി ചിതറിത്തെറിച്ചു.

വൻപാറക്കെട്ടുകളും നിറഞ്ഞ പ്രദേശമാണിവിടം.

അതിനാൽ ഇനിയും പാറകൾ താഴേയ്ക്ക് പതിക്കാനിടയുണ്ടെന്ന ഭീതി ഉയർന്നിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ ഏക്കർ കണക്കിന് കൃഷിയിടങ്ങളും നിരവധിവീടുകളും നശിക്കും.

ദുരന്തനിവാരണ സമിതിയും റവന്യൂ, വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ച് സുരക്ഷാപരിശോധന നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.