ഉപ്പുതറ : നിയന്ത്രണംനഷ്‌ടമായ സ്‌കൂട്ടർ സംരക്ഷണവേലിയിൽ ഇടിച്ച് വയോധികന് പരിക്കേറ്റു. പഴയ അയ്യപ്പൻകോവിൽ പുത്തൻവീട്ടിൽ പി.എ. തോമസിനാണ്(70) സാരമായി പരിക്കേറ്റത്.

To advertise here,

കുട്ടിക്കാനം-പുളിയൻമല മലയോര ഹൈവേയിൽ ചപ്പാത്ത് കള്ളുഷാപ്പിന് മുൻവശത്ത് വെള്ളിയാഴ്ച 12.15-നാണ് അപകടം. അംഗവൈകല്യമുള്ള തോമസ് മൂന്ന് ചക്രമുള്ള സ്കൂട്ടിയിൽ പീരുമേടിന് പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം.

ആദ്യം ചപ്പാത്ത് ആറാംമൈലിൽ സ്കൂട്ടർ റോഡരികിൽ മറിഞ്ഞ് തോമസിന് നിസ്സാരമായി പരിക്കേറ്റിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഇദ്ദേഹത്തെ ചപ്പാത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സനൽകി. പിന്നീട് യാത്ര തുടർന്ന തോമസ് ഒരു കിലോമീറ്ററിനുള്ളിൽ നിയന്ത്രണംനഷ്‌ടമായ സ്‌കൂട്ടർ സംരക്ഷണവേലിയിൽ ഇടിക്കുകയായിരുന്നു.

തലയ്ക്ക് സാരമായി പരിക്കേറ്റ തോമസിനെ നാട്ടുകാരും പോലീസും ചേർന്ന് ഉപ്പതറ സാമൂഹികാരോഗ്യകേന്ദ്രത്തിലത്തിച്ച് പ്രാഥമിക ചികിത്സനൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംരക്ഷണവേലിയിൽ ഇടിച്ചുനിന്നില്ലായിരുന്നുവെങ്കിൽ വാഹനം പെരിയാറ്റിലെ കയത്തിൽവീഴുമായിരന്നു. വാഹനത്തിന്റെ മുൻവശം തകർന്നിട്ടുണ്ട്.