എങ്ങുമെത്താതെ വാഗമൺ മൊട്ടക്കുന്നിലെ 'ടേക്ക് എ ബ്രേക്ക്' പദ്ധതി
വാഗമൺ : സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വാഗമൺ മൊട്ടക്കുന്നിൽ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച 'ടേക്ക് എ ബ്രേക്ക്' പദ്ധതിയുടെ നിർമാണം അനന്തമായി നീളുന്നു.
പ്രഖ്യാപനം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടിട്ടും പദ്ധതിയുടെ പകുതി പണിപോലും പൂർത്തീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. മൊട്ടക്കുന്നിലെത്തുന്ന സഞ്ചാരികളുടെ ദീർഘകാലമായുള്ള പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കുക ലക്ഷ്യമിട്ടാണ് മുൻ ഭരണസമിതി പദ്ധതിക്ക് തുടക്കമിട്ടത്. 80 ലക്ഷം രൂപ അനുവദിച്ച് 2024 സെപ്റ്റംബർ ആറിനാണ് പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നത്. കെട്ടിടത്തിന്റെ അടിനിലയിൽ ആധുനിക ശൗചാലയവും വിശ്രമമുറിയും മുകൾനിലയിൽ കോഫി ഷോപ്പും ഉൾക്കൊള്ളുന്നതാണ് പദ്ധതി. എന്നാൽ, കരാറുകാരുടെ അലംഭാവവും പുതിയ ഭരണസമിതിയുടെ ഭാഗത്തുനിന്നുള്ള ജാഗ്രതക്കുറവും കാരണം നിർമാണം പാതിവഴിയിൽ സ്തംഭിച്ചിരിക്കുകയാണ്. ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികളാണ് വാഗമൺ മൊട്ടക്കുന്നിലേക്ക് എത്തിച്ചേരുന്നത്.
എന്നാൽ, ഇവിടെ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്തത് സഞ്ചാരികൾക്ക് കടുത്ത ദുരിതമാണ് സൃഷ്ടിക്കുന്നത്. പ്രതിദിനം ഒട്ടേറെ കുടുംബങ്ങളും കുട്ടികളുമടക്കം എത്തുന്ന ഈ പ്രധാന ടൂറിസം കേന്ദ്രത്തിൽ ശൗചാലയ സൗകര്യം പോലും ഇല്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.പണി വൈകിപ്പിക്കുന്ന കരാറുകാർക്കെതിരേ കർശനനടപടിയെടുക്കാനും നിർമാണം വേഗത്തിലാക്കാനും ബന്ധപ്പെട്ട അധികൃതർ ഇനിയും തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. വിനോദസഞ്ചാരമേഖലയുടെ സൽപ്പേരിന് കളങ്കം വരുത്തുന്ന ഈ ഉദാസീനത അവസാനിപ്പിച്ച്, അടിയന്തരമായി ഇടപെട്ട് പദ്ധതി പൂർത്തീകരിക്കണമെന്നാണ് പ്രദേശവാസികളുടെയും സഞ്ചാരികളുടെയും ശക്തമായ ആവശ്യം.
Published: 13 Nov 2026, 03:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented