മൂന്നാർ : പ്രകൃതിഭംഗികൊണ്ട് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന മൂന്നാറിൽ ടൂറിസംവികസനത്തിന് പുതിയ പദ്ധതികൾ അനിവാര്യമാകുന്നു.

To advertise here,

സഞ്ചാരികളുടെ തിരക്കേറുമ്പോഴും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും പുതിയ വിനോദസഞ്ചാര പദ്ധതികളുടെ കുറവും തിരിച്ചടിയാകുകയാണ്.

ഗതാഗതക്കുരുക്ക്, ബസ്‌സ്റ്റാൻഡിലെ അസൗകര്യങ്ങൾ, രാത്രികാല ശൗചാലയങ്ങളുടെ അഭാവം, സാഹസിക-വിനോദ പദ്ധതികളുടെ കുറവ്, സീ പ്ലെയിൻ പദ്ധതി അനിശ്ചിതത്വം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് മൂന്നാർ നേരിടുന്നത്.

സാഹസിക ടൂറിസത്തിന് സാധ്യതകളേറെ

കുട്ടികളെയും യുവാക്കളെയും ആകർഷിക്കുന്ന സിപ് ലൈൻ, പാരാഗ്ലൈഡിങ്, ഹോട്ട് എയർ ബലൂൺ തുടങ്ങിയ സാഹസികവിനോദങ്ങളും അഡ്വഞ്ചർ പാർക്കുകളും മൂന്നാറിൽ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. ഹൈഡൽ പാർക്ക്, ബൊട്ടാണിക്കൽ ഗാർഡൻ തുടങ്ങിയ കേന്ദ്രങ്ങളിൽ പുതിയ വിനോദോപാധികൾ ഒരുക്കാനുള്ള സാധ്യതകൾ പരിശോധിക്കണം.

അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി സർക്കാർ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ ഏകോപനത്തോടെ പദ്ധതികൾ നടപ്പാക്കേണ്ടതുണ്ട്.

ബസ്‌സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങളില്ല

പോസ്റ്റോഫീസ് ജങ്ഷന്‌ സമീപത്തെ പാർക്കിങ്‌ ഗ്രൗണ്ടിലേക്ക് മാറ്റിയ സ്വകാര്യ ബസ്‌സ്റ്റാൻഡിൽ കാത്തിരിപ്പുകേന്ദ്രവും ശൗചാലയവും ഇല്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.

മഴയും വെയിലും ഏൽക്കാതെ നിൽക്കാൻ സൗകര്യമില്ലാത്തതിനാൽ സമീപത്തെ ദേവികുളം ബസ്‌സ്റ്റോപ്പിനെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്. ബസ് സ്റ്റാൻഡിൽ ആവശ്യമായ സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്നാണ് ആവശ്യം.

രാത്രിയായാൽ ശൗചാലയമില്ല

മൂന്നാർ ടാക്സിസ്റ്റാൻഡിന് സമീപം, നല്ലതണ്ണി ജങ്‌ഷൻ, മാർക്കറ്റ് പ്രവേശനഭാഗം എന്നിവ ിടങ്ങളിലെ മൂന്ന് പൊതുശൗചാലയങ്ങളും വൈകീട്ട് ഏഴോടെ അടയ്ക്കുകയാണ്. ഇതോടെ രാത്രിയിലെത്തുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള സഞ്ചാരികൾ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ടുന്നു. പൊതുശൗചാലയങ്ങൾ രാത്രിയിലും പ്രവർത്തിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.

വട്ടവട റോഡ് വീതികൂട്ടണം

മൂന്നാർ-വട്ടവട റോഡിലെ ഗതാഗതക്കുരുക്ക് സഞ്ചാരികളുടെ യാത്രാദുരിതം വർധിപ്പിക്കുന്നു.

അവധിദിവസങ്ങളിലും സീസണുകളിലും മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങുന്ന സ്ഥിതിയാണ്. പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കി റോഡ് വീതികൂട്ടുന്നതിനൊപ്പം ശാസ്ത്രീയ ഗതാഗതനിയന്ത്രണവും പാർക്കിങ്‌ സൗകര്യങ്ങളും ഒരുക്കണം.

സീ-പ്ലെയിൻ പദ്ധതിഅനിശ്ചിതത്വത്തിൽ

മാട്ടുപ്പെട്ടി അണക്കെട്ടിൽ 2024 നവംബർ 11-ന് നടത്തിയ പരീക്ഷണപ്പറക്കലിനുശേഷം സീ പ്ലെയിൻ പദ്ധതിയുടെ തുടർനടപടികൾ മുന്നോട്ടുപോയിട്ടില്ല. മൂന്നാറിന്റെ ടൂറിസം മേഖലയ്ക്ക് വലിയ സാധ്യതകൾ തുറക്കുമെന്ന് പ്രതീക്ഷിച്ച പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. പദ്ധതി യാഥാർഥ്യമാക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവും ഉയരുന്നു.

സമഗ്ര വികസന പദ്ധതി വേണം

പ്രകൃതിഭംഗി മാത്രം ആശ്രയിച്ചുള്ള ടൂറിസം വികസനത്തിന് പകരം അടിസ്ഥാന സൗകര്യങ്ങളും ആധുനിക വിനോദ പദ്ധതികളും ഉൾപ്പെടുത്തിയ സമഗ്ര മാസ്റ്റർപ്ലാൻ മൂന്നാറിന് ആവശ്യമാണ്.

പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കണമെന്നാണ് ഉയരുന്ന ആവശ്യം.