കടുത്തുരുത്തി : എഴുമാന്തുരുത്ത് മേഖലയിൽ കുടിവെള്ളം കിട്ടാതായിട്ട് 14-ദിവസം. പുലിത്തുരുത്ത്, എഴുമാന്തുരുത്ത്, മാത്താംകരി, തുരുത്ത് എന്നീ പ്രദേശങ്ങളിലാണ് കുടിവെള്ളം രണ്ടാഴ്ചയായി മുടങ്ങിക്കിടക്കുന്നത്. കിണറുകൾ കുറവുള്ളതും ഉള്ള വീടുകളിലെ വെള്ളം ഉപയോഗശൂന്യവുമായ മേഖലയാണ് എഴുമാന്തുരുത്ത്. ജല അതോറിറ്റി ഓഫീസിൽ പറയുമ്പോൾ ലൈനിലെ തകരാറാണ്.... ഇപ്പം ശരിയാക്കാം എന്ന മറുപടി..
പ്രശ്‌നത്തിന് പരിഹാരംതേടി കടുത്തുരുത്തി ജല അതോറിറ്റി ഓഫീസിൽ കടുത്തുരുത്തി പഞ്ചായത്തംഗം പി.ഡി. ബാബു വെള്ളിയാഴ്ച രാവിലെ 9.30-ന് എത്തി.അപ്പോഴും ഉദ്യോഗസ്ഥരുടെ മറുപടി ഇതുതന്നെ.... ഇടിമുഴക്കംപോലെ ബാബുവിന്റെ മറുപടിയും വന്നു... എന്റെ നാട്ടിലേക്ക് എന്ന് വെള്ളം കിട്ടുന്നോ അതുവരെ ഞാൻ ഈ ഓഫീസിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം നടത്തുവാ...അവിടെയുണ്ടായിരുന്ന കസേര വലിച്ചിട്ട് ബാബു ജലഅതോറിറ്റി അസി. എക്‌സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസിന് മുന്നിലിരുന്നു. ഇതോടെ വാർഡിലെ വികസന സമിതിയംഗങ്ങളും ഇവിടേക്കെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കുത്തിയിരിപ്പ് സമരം തുടങ്ങി.
സംഭവമറിഞ്ഞ് കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയി ജോർജ്, വൈസ് പ്രസിഡന്റ് ദീപ ഇന്ദുചൂഡൻ, പഞ്ചായത്തംഗം നോബി മുണ്ടയ്ക്കൻ എന്നിവർ എ.എക്‌സ്.ഇ. സി.എസ്. അനൂപുമായും ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.
ഉച്ചയ്ക്ക് 12-ഒാടെ പുലിത്തുരുത്ത് പ്രദേശത്തെ പൈപ്പുകളിൽ കുടിവെള്ളമെത്തി. ബാക്കി സ്ഥലങ്ങളിൽ വൈകീട്ടോടെയും ശനിയാഴ്ച രാവിലെയുമായി വെള്ളം എത്തിക്കാമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകി. തുടർന്ന് പി.ഡി.ബാബുവും വികസനസമിതിയംഗങ്ങളും സമരം അവസാനിപ്പിച്ചു.
Published: 12 Sept 2026, 03:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented