മൂന്നാർ : ആയിരക്കണക്കിന് വിനോദസഞ്ചാരികൾ ഓരോദിവസവും എത്തുന്ന മാട്ടുപ്പെട്ടി ഡാം പരിസരത്ത് വൻതോതിൽ മാലിന്യം തള്ളുന്നു. പ്രദേശത്ത് രൂക്ഷഗന്ധവും പാരിസ്ഥിതിക പ്രശ്നങ്ങളും ഉയർന്നിട്ടും തദ്ദേശ ഭരണകൂടം ഒരുനടപടിയും സ്വീകരിക്കുന്നില്ല. പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്ന മാട്ടുപ്പെട്ടി ഡാമിനോടുചേർന്ന സ്ഥലത്താണ് ഏറ്റവും കൂടുതൽ മാലിന്യം തള്ളുന്നത്.
ഭക്ഷണമാലിന്യം ഉൾപ്പെടെയുള്ളത് ചീഞ്ഞ് പ്രദേശത്ത് രൂക്ഷഗന്ധവും ഉയരുന്നുണ്ട്. പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള ഭക്ഷണശാലകളിൽ നിന്നും കടകളിൽനിന്നുമാണ് വ്യാപകമായ മാലിന്യം ഉപേക്ഷിക്കുന്നത്.
എന്നിട്ടും അധികാരികളുടെ ഭാഗത്തുനിന്നും താക്കീതുനൽകാനോ നടപടി സ്വീകരിക്കാനോ മുതിർന്നിട്ടില്ല. ഇതിനുപുറമേ വിനോദസഞ്ചാരികൾ ഉപേക്ഷിക്കുന്ന മാലിന്യങ്ങളും വൻതോതിൽ കെട്ടിക്കിടക്കുകയാണ്. മഴ പെയ്യുമ്പോൾ ഈ മാലിന്യങ്ങളെല്ലാം ഡാമിലേക്ക് എത്തുവാനുള്ള സാധ്യതയുണ്ട്. വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ഇത് ഇടയാക്കും. മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നതും ഡാമിലെ വെള്ളമാണ്. മാട്ടുപ്പെട്ടി ഡാമിനോടു തൊട്ടുചേർന്ന് നൂറുകണക്കിന് വഴിയോരകടകൾ പ്രവർത്തിക്കുന്നുണ്ട്.
ഡാമിനോടുചേർന്ന് കൂടിക്കിടക്കുന്ന മാലിന്യം മൂന്നാറിലെ ഏറ്റവും പ്രമുഖ ടൂറിസം കേന്ദ്രമായ മാട്ടുപ്പെട്ടിയുടെ ദൃശ്യഭംഗിക്കും വലിയ തിരിച്ചടിയാകുന്നുണ്ട്.
മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ പഞ്ചായത്ത് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നുള്ള ആക്ഷേപവും ശക്തമാണ്. മുമ്പ് പുറത്തുനിന്നും ലോറിയിൽ ഇവിടെ എത്തിച്ച് മാട്ടുപ്പെട്ടി പഞ്ചായത്ത് പരിധിയിലുള്ള വനമേഖലയിൽ മാലിന്യം ഉപേക്ഷിക്കാൻ ശ്രമിച്ചവരെ നാട്ടുകാർ പിടികൂടി പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിരുന്നു. എന്നാൽ, കർശന നടപടി സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർ വൈമനസ്യം കാണിച്ചത് വിമർശനവിധേയമായിരുന്നു.
Published: 14 Oct 2026, 02:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented