പൈനാവ് : വെള്ള വസ്ത്രം, തലയിലൊരു ഗാന്ധിത്തൊപ്പി, കൈകളിൽ ചുവന്ന റോസാപ്പൂക്കൾ. കുരുന്നുകളുടെ വരവോടെ ഇടുക്കി ജില്ലാ കളക്ടറേറ്റ് ഒരുനിമിഷം ശിശുദിനത്തിന്റെ നിറവിലായി. പതിവ് ആഘോഷങ്ങൾക്കപ്പുറം, നാടിന്റെ ഭരണചക്രം തിരിയുന്നയിടം നേരിൽകാണാനും ജില്ലാ കളക്ടറോട് വിശേഷങ്ങൾ ചോദിച്ചറിയാനുമായിരുന്നു കുരുന്നുകളുടെ വരവ്.

To advertise here,

കൊടുവേലി സാൻജോ സി.എം.ഐ. പബ്ലിക് സ്കൂളിലെ കിന്റർഗാർട്ടൻ വിദ്യാർഥികളാണ് ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി കളക്ടറേറ്റിലെത്തിയത്. 20 കുരുന്നുകൾ അധ്യാപകർക്കൊപ്പമാണ് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിനെ നേരിൽകണ്ടത്. കൗതുകം നിറഞ്ഞ കണ്ണുകളുമായെത്തിയ കുട്ടികൾക്ക് കളക്ടറുമായുള്ള കൂടിക്കാഴ്ച പുതിയൊരു അനുഭവമായി. ജില്ലയുടെ ഭരണപരമായ കാര്യങ്ങൾക്ക്‌ നേതൃത്വം നൽകുന്ന കളക്ടറുടെ ചുമതലകൾ എന്തൊക്കെയാണ്? ജില്ലാ ഭരണകൂടം എങ്ങനെയാണ് പ്രവർത്തിക്കുന്നത്? കുട്ടികളുടെ മനസ്സിൽ ഉയർന്ന ചോദ്യങ്ങൾക്ക് കളക്ടർ ലളിതമായി മറുപടി നൽകി. ഔദ്യോഗിക ചുമതലകളെക്കുറിച്ചും ഭരണനിർവഹണത്തെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാകുന്ന ഭാഷയിൽ അദ്ദേഹം വിശദീകരിച്ചു. കേട്ടറിഞ്ഞ കാര്യങ്ങളിൽ ഒതുങ്ങാതെ, തങ്ങളുടെ സംശയങ്ങളും കൗതുകങ്ങളും ചോദ്യങ്ങളായി ഉന്നയിച്ച് കുരുന്നുകളും സംവാദത്തിൽ സജീവമായി പങ്കുചേർന്നു. നിഷ്കളങ്കമായ ചോദ്യങ്ങളും ചിരിയും നിറഞ്ഞ ആ കൂടിക്കാഴ്ച കളക്ടറേറ്റിലെ ജീവനക്കാർക്കും വേറിട്ട അനുഭവമായി. പാഠപുസ്തകങ്ങൾക്കപ്പുറമുള്ള അറിവുകളിലേക്ക് കുട്ടികൾക്കുള്ളൊരു വാതിൽ തുറക്കുന്നതായി സന്ദർശനം. ഭരണസംവിധാനത്തെക്കുറിച്ച് നേരിട്ടറിയാനും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ജില്ലാ ഭരണകൂടത്തിനുള്ള പങ്ക് മനസ്സിലാക്കാനും ഈ അനുഭവം കുട്ടികൾക്ക് അവസരമായി. ഇത്തരം സന്ദർശനങ്ങൾ കുട്ടികൾക്ക് മികച്ച അനുഭവവും പുതിയ അറിവുകളും പകരുന്നതാണെന്ന് കിന്റർഗാർട്ടൻ കോഡിനേറ്റർ റാണി തോമസ് പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ബിനോജ് ജോസ് സി.എം.ഐ., അധ്യാപകരായ ജ്യോതി, ലിന്റു, ബിന്ദു, ഗോപി എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.